Slider

ഈ പ്രണയം ഇവിടെ അവസാനിക്കുന്നു........

0
ഈ പ്രണയം ഇവിടെ അവസാനിക്കുന്നു.........
നഷ്ടപ്പെട്ടതിനെ ഓർത്തു കരയാൻ ഇനി തനിക്കാവില്ല. നിങ്ങൾക്കെന്റെ തീരുമാനത്തെ തേപ്പ് എന്നൊക്കെ വ്യാഖാനിക്കാം. പക്ഷേ ഉചിതമാണെന്ന് എനിക്ക് തോന്നിയൊരു തീരുമാനം ഞാൻ സ്വീകരിക്കുന്നു.
ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധിയിൽ നിന്നും തന്നെ കൈപിടിച്ച് കയറ്റിയവൻ, സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കുന്നവൻ ഇങ്ങനൊരാൾ പ്രണയാഭ്യർത്ഥന നടത്തിയാൽ ഏത് പെണ്ണാണ് അത് സ്വീകരിക്കാത്തത്. അത് തന്നെയാണ് താനും ചെയ്തത്.
തന്റെ ഭൂതകാലം അറിഞ്ഞു, തന്റെ ഓരോ ഇഷ്ട്ടങ്ങൾ മനസ്സിലാക്കിയും സ്നേഹിക്കുന്ന ഒരുവൻ, ജീവിതം സന്തോഷകരമാവാൻ ഇതിൽപരം എന്തുവേണം.
പ്രതീക്ഷിച്ചപോലെ തന്നെ സന്തോഷകരമായിരുന്നു പ്രണയത്തിന്റെ ആദ്യനാളുകൾ. പരസ്പരം മനസുകൾ കൈമാറിയും, വിശേഷങ്ങൾ പങ്കുവെച്ചും കടന്നു പോയ നാളുകൾ......
രാത്രി മുതൽ പുലരുവോളം നീളുന്ന ഫോൺ കോളുകൾ, ലോകം തന്നെ കീഴടക്കിയ സന്തോഷമായിരുന്നു ആ ദിവസങ്ങളിൽ.
തന്നെ കേൾക്കാൻ ഒരാൾ ഉള്ളതിൽപരം എന്ത് സന്തോഷമാണ് ഒരു പെണ്ണിന് വേണ്ടത്.
അതുകൊണ്ട് തന്നെ സൗഹൃദങ്ങൾ അവനിലേക്ക് മാത്രമായ് ചുരുങ്ങി. എന്തും തുറന്ന് പറയാമായിരുന്ന സൗഹൃദപരമായ നിലപാടായിരുന്നു അവന്റേത് അതുകൊണ്ട് അവനിൽ നിന്നും തനിക്കൊന്നും മറച്ചുവയ്ക്കാനില്ലായിരുന്നു.
പിന്നീടെപ്പോളായിരുന്നു തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങിയത്? ഒരുപക്ഷേ തന്റെ തുറന്നുപറച്ചിലുകൾ തന്നെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കവും. തന്റെ സംസാരത്തിൽ കടന്നു വരുന്ന ആൺ സുഹൃത്തുക്കളുടെ വിശേഷങ്ങൾ ആയിരുന്നു ആദ്യമായ് അവനെ ചൊടിപ്പിച്ചത്
" നീയെന്തിനാ ഈ ബോയ്‌സിന്റെ കാര്യത്തിൽ ഇടപെടുന്നത് " എന്നവൻ ഒരിക്കൽ ചോദിച്ചപ്പോൾ 'ഇങ്ങനൊരു കുശുമ്പൻ എന്ന് പറഞ്ഞു ഞാനത് ചിരിച്ചുതള്ളി. അവന് തന്നെ അത്രയും ഇഷ്ടമുള്ളതുകൊണ്ടാണല്ലോ അങ്ങനെ ചോദിച്ചത് എന്നോർത്തു അന്ന് ഞാൻ ഒരുപാട് സന്തോഷിച്ചു. പക്ഷേ അത് ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങളുടെ തുടക്കം മാത്രമായിരുന്നു.
ക്ലാസ് കഴിഞ്ഞു വൈകിയെത്തുന്ന ദിവസങ്ങളിൽ " നി നിന്റെ മറ്റവന്റെ കൂടെ പോയതായിരുന്നോടി " എന്നുള്ള ചോദ്യം അവൻ പതിവാക്കി.
'ചുമ്മാ അനാവശ്യം പറഞ്ഞാലുണ്ടല്ലോ 'എന്ന് ഞാൻ ഒരിക്കൽ പറഞ്ഞപ്പോൾ
"ഓ നി ചെയ്യുന്നതല്ല ഞാൻ പറയുന്നതാണല്ലേ അനാവശ്യം "എന്നവന്റെ മറുപടി എന്നെയും ചൊടിപ്പിച്ചു. ചിലപ്പോൾ ഞാൻ വൈകി വന്നത് കൊണ്ടുള്ള ടെൻഷനിൽ പറഞ്ഞതാവുമെന്നോർത്തു ഞാൻ ക്ഷമിച്ചു. അല്ലെങ്കിലും നേരമിരുട്ടി വെളുക്കുന്നത് വരെയുള്ള പിണക്കങ്ങൾ മാത്രമേ അന്ന് ഞങ്ങൾക്കിടയിൽലുണ്ടായിരുന്നുള്ളു. പക്ഷേ പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അത് ദിവസങ്ങളും ആഴ്ചകളും നീണ്ടു.
സംസാരങ്ങൾക്കിടയിൽ തർക്കങ്ങൾ പതിവായി തന്റെ ഫേസ്ബുക്ക് പാസ്‌വേർഡ് അവൻ കയ്യടക്കി, വാട്സാപ്പിലെ സൗഹൃദങ്ങളെ വെട്ടിക്കുറച്ചു, മറ്റുള്ള ഫോൺ കോളുകൾക്ക് പരിധികൾ കല്പിച്ചു., പക്ഷേ ഇതൊക്കെയും താൻ അനുസരിച്ചിരുന്നു.അവനെ നഷ്ടപ്പടുത്താൻ തനിക്കവുമായിരുന്നില്ല അത്രമേൽ ഇഷ്ട്ടമായിരുന്നു തനിക്കവനെ......
വിലക്കുകൾ തുടർന്നുകൊണ്ടേയിരുന്നു കോളേജും, വീടും അവനും മാത്രമായ് തന്റെ ലോകം ചുരുങ്ങി. പ്രണയത്തിനു ഒരു മനുഷ്യനെ ഇത്രത്തോളം അടിമപ്പെടുത്താൻ പറ്റുമെന്ന് താൻ മനസിലാക്കിയ ദിവസങ്ങളായിരുന്നു അന്നൊക്കെ.
രണ്ട് കൈയും കൂട്ടിയിടിച്ചാലേ ശബ്ദമുണ്ടാവു എന്ന ബോധ്യമുണ്ടായത് കൊണ്ട് പലപ്പോളും താൻ മൗനം പാലിച്ചു. പക്ഷേ എന്നിട്ടുകൂടി പ്രശ്നങ്ങൾ തന്നെ ഈ ദിവസം വരെ എത്തിച്ചു.
അതെ ഇന്നാണ് അത് സംഭവിച്ചത് തന്റെ മാതാപിതാക്കളോടുള്ള സംസാരത്തിനു പോലും പരിധി നിശ്ചയിച്ച തന്റെ കാമുകനോട് ഞാൻ ഗുഡ് ബൈ പറഞ്ഞ ദിവസം. ഒരുപക്ഷേ ഇത് തുടർന്നു പോയിരുന്നെങ്കിൽ ഒരു കുടുംബകോടതിയിൽ അവസാനിച്ചേക്കാമായിരുന്ന ബന്ധം. എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് തോന്നുന്നില്ല അല്പം വൈകി പോയി എന്നെ ഉള്ളു. ഒരു പ്രണയത്തിൽ അവസാനിക്കുന്നതല്ലലോ ജീവിതം ഇനിയും ജീവിച്ചു തീർക്കണം. പഠിക്കണം, ജോലി വാങ്ങണം അങ്ങനെ മാതാപിതാക്കളോടുള്ള കടമ നിറവേറ്റണം. ഇന്ന് ഈ തീരുമാനം ഞാൻ എടുത്തില്ലെങ്കിൽ എനിക്കിതിനൊക്കെ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ ഈ പ്രണയം ഇവിടെ അവസാനിക്കുന്നു........ !
അപർണ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo