Slider

എന്‍റെ ഭാര്യ..!

1
എന്‍റെ ഭാര്യ..!
______________________
നാലഞ്ചു ദിവസായി കലശലായ പനിയാണ്..
ഉമ്മച്ചി ഇടക്കിടക്ക് റൂമില്‍ വന്ന് അടുത്തിരിക്കും.. അടുക്കളപ്പണി ചെയത് തഴമ്പിച്ച കൈകൊണ്ട് മൂര്‍ദ്ധാവിലൊന്ന് തലോടുംമ്പം തന്നെ ഉള്ളില് കോറിയിട്ട പനിയുടെ കുളിരിനൊരാക്കം കിട്ടും..!
പിന്നെ ചൂടുള്ള ചുക്കു കാപ്പി ജനാല്‍ക്കല്‍ നിന്നെടുത്ത് എന്‍റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു..
"ഇതൊന്ന് വലിച്ച് കുടിക്ക് ഷാഹീ... ഉള്ളിലുള്ള പനിക്ക് നല്ല സുഖം കിട്ടും.."
"വേണ്ട ഉമ്മച്ചീ.. ഉള്ളവിടെക്കിടന്ന് പുകഞ്ഞോട്ടെ... ഉള്ളറിയുന്ന ഒരാളുണ്ടായിരുന്നല്ലോ ഇങ്ങടെ മരുമോളായ്ട്ട്.. നാലഞ്ച് ദിവസായിട്ട് തിരിഞ്ഞ് നോക്കിയോ..?
അങ്ങനെ പുകഞ്ഞിട്ടെങ്കിലും ഇന്‍റെ മനസ്സിനൊരിത്തിരി സമാധാനം കിട്ടാണെങ്കി കിട്ടിക്കോട്ടെ.."
"സ്വന്തം ശരീരം ഇല്ലാതാക്കീട്ടാണോ സമാധാനം ഇണ്ടാക്കാന്‍ നടക്ക്ണേ..? ഇയ്യ് സുഖല്ലാതെ കെടക്കാന്ന കാര്യം ഓളറിഞ്ഞിട്ടുണ്ടാവൂല.. ഷാഹ്യേ.. എങ്ങനെ അറിയാനാ..? ഇനി ഇയ്യിന്‍റെ മുഖത്തോട്ട് പോലും നോക്കരുതേ എന്ന് പറഞ്ഞിട്ടല്ലേ അന്ന് ഇയ്യോളെ പറഞ്ഞയച്ചത്..? ആ ദണ്ണം ആ പാവം കുട്ടിക്ക് ഇപ്പഴും ണ്ടാവും..!"
"ഉമ്മാ.. ഞാന്‍.. ദേഷ്യം പിടിച്ചപ്പൊ അന്ന് ഞാന്‍ എന്തൊക്കെയോ പറഞ്ഞ് പോയി..!
ഞാന്‍ എന്തൊക്കെ പറഞ്ഞാലും ഓളിവിടെന്ന് ഇറങ്ങിപ്പോവണായിരുന്നോ..
ഇങ്ങള്‍ക്കറിയുന്നതല്ലേ.. ന്‍റെ ദേഷ്യം അപ്പോക്കിന് മാറുന്നതാന്ന്."
"എല്ലാം ഈ ഉമ്മാക്കറിയാം ഷാഹ്യേ. പക്ഷേ.. അന്‍റെ ഈ മുന്‍ശുണ്ഢീ കൊണ്ടെത്തിക്കുന്നത് നാശത്തിലേക്കായിരിക്കും.. അതോണ്ട് ആദ്യം ഇയ്യൊന്ന് ക്ഷമിക്കാന്‍ പഠിക്ക്..
അന്‍റെ ഫോണിങ്ങ് തന്നാ... ഞാനോളെ വിളിക്കാന്‍ പോവാ.. എത്ര ദിവസംന്ന് വെച്ചാ ഇങ്ങനെ തെറ്റീം പിരിഞ്ഞും ഇരിക്കാ..?"
കട്ടിലിനരികെയുള്ള ഫോണ്‍ വാങ്ങി ഉമ്മ ഷാനിക്ക് വിളിക്കാന്‍ തുടങ്ങിയപ്പൊഴേക്ക് ഞാനത് പിടിച്ച് വാങ്ങി..
"വേണ്ട ഉമ്മാ.. വിളിക്കണ്ട..."
"ഞാനിത്രയൊക്കെ പറഞ്ഞിട്ടും അന്‍റെ വാശി വിടാന്‍ ഇയ്യ് കൂട്ടാക്ക്ണില്ലാ ലേ..? എന്തൊക്കെ ആയാലും അന്‍റെ പെണ്ണാണോള്.. കല്യാണം കഴിഞ്ഞാ അന്‍റെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്വം ഷാനിക്കാ.. ഈ ഉമ്മാക്ക് ന്‍റെ കുട്ടീനെ നോക്കാന്‍ കയ്യാത്തോണ്ടല്ല ഞാന്‍ പറയുന്നേ...
ഒരു ഭാര്യ അവളുടെ ഭര്‍ത്ഥാവിനെ പരിചരിക്കുന്ന പോലെയാവില്ല ഉമ്മ.. പരിമിതികളുണ്ട്.. അത് മനസ്സിലാക്ക് ഷാഹീ.. ഇന്‍ക്ക് അന്‍റെ ഉമ്മയാവാനേ കഴിയൂ.. എന്നാല്‍ ഇയ്യ് നിക്കാഹ് ചെയ്ത് കൊണ്ടോന്ന ആ പെണ്ണിന് അന്‍റെ ഭാര്യ എന്നതിലുപരി ഒരുമ്മാന്‍റെ പരിചരണവും നല്‍കാനാവും..!"
ശരിയാണ് ഉമ്മ പറഞ്ഞത്.. ഒരര്‍ത്ഥത്തില്‍ അവളങ്ങിനെത്തന്നെയായിരുന്നു...
ഒരു കളിക്കൂട്ടുകാരിയായ് എന്നെയവള്‍ സന്തോഷിപ്പിക്കുമ്പോള്‍ ഒരു പ്രണയിനിയായ് സംതൃപ്തിപ്പെടുത്താനും മറന്നില്ല...!
വാല്‍സല്യ നിധിയായ ഉമ്മാന്‍റെ സ്ഥാനം നല്‍കി സ്നേഹവും അവളുടെ കണ്ണുകളിലൂടെ എനിക്ക് കാണാനായിരുന്നു..
തിരിച്ച് വാത്സല്യവും സ്നേഹവും അവളുമവകാശപ്പെടുന്നതല്ലേ..?
"എന്താ ഷാഹീ.. ഞാന്‍ പറഞ്ഞണ് അനക്ക് മനസ്സിലായില്ലാ എന്നുണ്ടോ..?"
"അതോണ്ടല്ല ഉമ്മാ.. ഓളെ ഇങ്ങട്ട് വിളിച്ച് വരുത്തണംന്ന് തന്യാണ് ഞാനും ആഗ്രഹിക്കുന്നേ..! പക്ഷേ.. ഈ ഒരവസ്ഥയില്‍.. ഞാന്‍ പനിച്ച് കിടക്ക്ണ നേരം തന്നെ ഓളെ ഇങ്ങോട്ട് വിളിച്ച് വരുത്തിയാല്‍ സ്വന്തം കാര്യം ശെരിയാവാന്‍ എന്തും ചെയ്യും എന്നല്ലേ അവളതീന്ന് മനസ്സിലാക്കാ..?"
"അതാണ് ഷാഹീ നിനക്ക് പറ്റിയ തെറ്റ്..!
ഒരു പെണ്ണ്.. അവളുടെ എല്ലാ വേഷത്തിലും ആത്മാര്‍ത്ഥത പുലര്‍ത്തുന്നളാണ്.. അങ്ങനെ ആവണം.. അല്ലെങ്കില്‍ അവളെ പെണ്ണെന്ന് വിളിക്കാന്‍ പാടില്ലല്ലോ..?
ഒരുമ്മാക്ക് മകനോളുള്ള ആത്മാര്‍ത്ഥത ഒരു പക്ഷേ.. മകന് ഉമ്മയോടുണ്ടായിക്കോളണം എന്നില്ല..!
അതുപോലെയാണ് ഒരു ഭാര്യക്ക് ഭര്‍ത്ഥാവിനോടുള്ള ആത്മാര്‍ത്ഥതയും.. പടച്ചോന്‍ അതങ്ങിനെയാണ് ക്രോഡീകരിച്ചിരിക്കുന്നത്..!
ഞാനും ഒരു ഭാര്യയാണ്.. നിന്‍റുപ്പാന്‍റെ..
ഉപ്പാനോടുള്ള കടമയും കടപ്പാടും എത്രകണ്ടുണ്ടെന്ന് ഒരു പെണ്ണായിപ്പിറന്ന നിന്‍റെ ഉമ്മയായ ഇന്‍ക്ക് മനസ്സിലായിട്ടുണ്ടെങ്കില്‍ നിന്‍റെ ആപല്‍ഘട്ടങ്ങളില്‍ നിനക്ക് തണലേകാന്‍ നീ മഹറ് ചാര്‍ത്തിയ പെണ്ണ് ഒരിത്തിരി പോലും മടി കാണിക്കില്ല..!"
ഉമ്മ നീട്ടി തന്ന ചുക്കുകാപ്പി കുടിച്ച് എരിവ് വലിച്ച് വാത്സല്യം തുളുമ്പുന്ന ആ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു..
ആ കണ്ണുകളിലൂടെ എനിക്ക് ഷാനിയുടെ കറയില്ലാത്ത സ്നേഹം തുറന്ന് കാണിച്ചത് എന്‍റുമ്മ തന്നെയാണല്ലോ..!
ചെറിയൊരു കാര്യത്തിനു പോലും പെട്ടെന്ന് ദേഷ്യം വരുന്ന എന്‍റെ നശിച്ച പ്രകൃതമാണ് എന്‍റെ ഷാനിയെ ഇന്നെന്നില്‍ നിന്നും അകറ്റിയത്..!!
ഓഫീസുമായി ബന്ധപ്പെട്ട എന്തോ തലവേദനക്കിടയില്‍ വീട്ടിലെക്ക് വിളിച്ചപ്പോള്‍ എന്തോ അവള്‍ ഫോണെടുത്തില്ല...
എനിക്കന്ന് തിരിച്ച് വീട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നു..
മുന്‍പും പിന്‍പും നോക്കാതെ ദേഷ്യപ്പെട്ടു..
ഒരുപാട് വഴക്ക് പറഞ്ഞു.. കാണുന്നതേ കലിയാണെന്ന് പറഞ്ഞു...!
ഞാന്‍ തന്നെയാണവളോട് വീട്ടിലോട്ട് പോവാന്‍ പറഞ്ഞത്.. അവളാണ് ശരി.. അവളെന്നെ അനുസരിച്ചു.. അത്രമാത്രം..!!
എന്‍റെ തെറ്റ്..!
പശ്ചാതാപം ഖല്‍ബില്‍ അണപൊട്ടി ഒഴുകി ഉമ്മാന്‍റെ തോളില്‍ തല ചായ്ച്ചിരിക്കുമ്പൊഴായിരുന്നു തല താഴ്ത്തി.. വിറച്ച് വിറച്ചുകൊണ്ട് ഷാനി മുറിയുടെ വാതില്‍പടിക്കല്‍ നില്‍ക്കുന്നത് കണ്ടത്..!
കയ്യില്‍ കൊണ്ടുപോയ വസ്ത്രക്കവര്‍ അതുപോലെത്തന്നെ തിരികെക്കൊണ്ടുവന്നിരിക്കുന്നു..!
"ആകാംക്ഷയും സന്തോഷവും കലര്‍ന്ന സ്വരത്തോടെ ഉമ്മ അവളുടെ അരിക് ചേര്‍ന്ന് ആ കൈകളില്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.."
"അല്‍ഹംദുലില്ലാഹ്.. എന്നാലും ന്‍റെ കുട്ടോ ഇങ്ങ് വന്നല്ലോ.. അതുമതി ഈ ഉമ്മാക്ക്.."
ഉമ്മ വിളിച്ച് വരുത്തിയതാണവളെ എന്ന് വിചാരിച്ച് ഞാനന്നേരം തന്നെ മുഖം തിരിച്ച് തിരിഞ്ഞ് കിടന്നു..!
പക്ഷെ..!
"ഷാനീ.. ഞാന്‍ അന്നെ വിളിച്ച് വരുത്താന്‍ ഒരുപാട് കഷ്ടപ്പെട്ടതാ.. ഇന്‍ക്കാണെങ്കി ഒറ്റക്ക് വിളിക്കാനൊന്നും കയ്യാത്തോണ്ട്..! ഓനാണെങ്കി വിളിക്കാന്‍ സമ്മയ്ക്ക്ണൂല്ല.."
"ഞാനെല്ലാം അറിയ്ണ്ടായിര്ന്നു ഉമ്മാ.. ശരീരം ആടെ ആണേലും മനസ്സും ഖല്‍ബും ഈടെയല്ലേ..! പെരുത്ത് പേടീണ്ടായിനു ഇങ്ങട്ട് വരാന്‍.. പക്ഷെ.. വരാണ്ടിരിക്കാന്‍ കഴിഞ്ഞില്ല.."
അവള്‍ കരയുന്നുണ്ടായിരുന്നു..
"എങ്ങനെ.. എങ്ങനെ അറിഞ്ഞൂന്നാ.? ഓന്‍ വിളിച്ചീനോ..?"
"ഇല്ല.. അവിടെ വീട്ടിലിരുന്നിട്ടും ന്‍ക്കൊരു സമാധാനം കിട്ട്ണില്ല.. പിന്നെ താഴേ വീട്ടിലെ നിഷി ഇത്താത്ത ഇന്നാ പറഞ്ഞേ.. ഇക്ക പനിച്ച് കെടക്കാണെന്ന്.. അതും കൂടെ കേട്ടപ്പൊ പിടിച്ച് നിക്കാന്‍ കഴിഞ്ഞില്ല..! പേടിച്ചോണ്ടാ ഇങ്ങട്ട് വന്നേ..!"
"കണ്ട് പഠിക്ക് ഷാഹ്യേ..! പക്വത ഇല്ലാത്ത കാലത്ത് പെണ്ണ് കെട്ടിയാ ഇതാവും സ്ഥിതി.."
ഉമ്മ എന്‍റെ നേരെ നോക്കിയത് പറയുമ്പം പശ്ചാതപിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ഹൃദയവുമായി ഞാനവളുടെ കണ്ണുകളിലോട്ട് നോക്കി.. ഭാവം കൊണ്ട് മാപ്പ് ചൊല്ലീ..
"ഇനി ഇയ്യ് വേണം ഷാനീ ഓനെ പക്വത പഠിപ്പിക്കാന്‍.."
എന്ന് ഷാനിയോട് പറഞ്ഞ് ഒരാശ്വാസച്ചിരിയോടെ ഉമ്മ മുറിക്ക് പുറത്തേക്ക് പോയി..!
കണ്ണു രണ്ടും നിറഞ്ഞ് തല താഴ്ത്തി വിറച്ചു നില്‍ക്കുകയാണ് ഷാനി എന്‍റെ മുമ്പില്‍..!
ഇടറിയ സ്വരത്തോടെ അവളെന്നെ വിളിച്ചു..
"ഇക്കാ...!"
എല്ലാം മറന്ന് ഇടറിക്കരയാനേ എനിക്കപ്പോ ആയുള്ളൂ..!
ഒരു കൊച്ചു കുട്ടിയെപ്പോലെ എന്‍റെ ഭാര്യമുടെ മുന്‍പില്‍ മുഖംപൊത്തിക്കരയുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അവളും എന്നിലേക്കടുത്തു..
"ന്‍റെ അല്ലാഹ്.. ഇക്കാ.. ഇങ്ങളെന്താ ഇത്.. കരയാ..? ഇന്നേം കൂടി സങ്കടാക്കല്ലേ...!"
"ഷാനീ.. ഞാ.. ഞാന്‍.. അന്ന്.. ന്‍ക്ക് തെറ്റ് പറ്റിപ്പോയി.."
"സാരോല്യ ഇക്കാ.. ഇക്കാന്‍റടുത്തൊരു തെറ്റും ഇല്യ.. ഞാനന്ന് ഇറങ്ങിപ്പോവുന്നത് തെറ്റാണോ ശെരിയാണോ എനിക്കറിഞ്ഞൂടായിരുന്നു.. അന്ന് ഇക്കാനെ അനുസരിക്കാതെ നിന്നീര്‍ന്നേല്‍ കൂടുതല്‍ വഴക്കാവുംന്ന് വിചാരിച്ചിട്ടായിരുന്നു..."
"ഷാനീ.. എന്നോട് ക്ഷമിക്ക്.."
"ഉം.. സാരല്യ.. അത് വിടീം.. പനി മാറീക്കില്ലേ..? നേരത്തിനും കാലത്തിനും മരുന്ന് കഴിച്ചീനോ.. അതോ... കുറുമ്പ് കാട്ടി നിന്നോ..?"
"മരുന്നൊക്കെ കഴിച്ചീനു.. മനസ്സിനുള്ളിലെ പൊകച്ചില്‍ ഇയ്യന്ന് വീടുവിട്ട് ഇറങ്ങിപ്പോയപ്പം തുടങ്ങീതാ..."
"സാരല്യ.. എന്തായാലും ഞാനിങ്ങ് വന്നീലേ.. ഇനി ഒക്കീനും മാറിക്കോളും ട്ടോ.."
"ഇല്ല.. മാറൂല..!"
"മാറൂലാന്നോ.. അതെന്തേ.?"
"ഇക്കാനെ ഒന്ന് തൊട്ട് നോക്കിയേ.. നല്ല പൊള്ള്ണ ചൂടാ..!"
അവളെന്‍റെ അടുത്തിരിന്ന് കവിളിലും നെറ്റിയിലും കൈ വെച്ചപ്പോക്ക് ഞാനവളെ വലിച്ചെന്നോട് ചേര്‍ത്ത് എന്‍റെ കരവലയത്തിന്നകത്താക്കിയിരുന്നു..!
ഇടറുന്ന നിശ്വാസത്തോടെ എന്‍റെ കണ്ണുകളിലേക്ക് കണ്ണെടുക്കാതെ നോക്കിക്കൊണ്ടവള്‍ പറഞ്ഞു..
"ഇക്കാന്‍റെ മാറാത്ത ചൂട് ഈ കള്ളബഡ്ക്കൂസിന്‍റെ കണ്ണില്‍ കണ്ടപ്പം തന്നെ ഇനിക്ക് മനസ്സിലിയീനു.. കുരുത്തക്കേട് കാണിക്കാനാണെന്ന്.."
ഒരു കള്ളച്ചിരിയോടെ ഒന്നൂടെ ഞാനവളെ എന്നിലേക്കടുപ്പിച്ചു.. സീലീംഗ് ഫാനിന്‍റെ കാറ്റില്‍ അവളുടെ മുടിഇഴകഴെന്നെ ഇക്കിളിപ്പിടുത്തിക്കൊണ്ടിരുന്നു..
കോരിത്തരിക്കുന്ന പനിയുടെ വിറയലില്‍ ചൂട് പാറുന്ന ഉമ്മച്ചിയുടെ ചുക്ക്ക്കാപ്പിയോടൊപ്പം ഒരൊറ്റ പുതപ്പിന് കീഴില്‍ മഹറ് ചാര്‍ത്തിയ പെണ്ണിന്‍റെ നെഞ്ചിലെ ചൂട് കട്ടെടുത്തങ്ങ് കടന്നാല്‍ ഏത് പനിയും പമ്പ കടക്കും..!
സ്നേഹപൂര്‍വം ഷാഹില്‍ കൊടശ്ശേരി
______________________
പിണക്കങ്ങളേറെയുണ്ടെങ്കിലും ബന്ധങ്ങള്‍ക്ക് പവിത്രത നല്‍കി കറയില്ലാതെ സ്നേഹിക്കാന്‍ ആത്മാര്‍ത്ഥതയുള്ളവരാണ് ഓരോ പെണ്ണും...
അവളാണ് ഭാര്യയും ഭാര്യയിലൂടെ ഉമ്മയുമാവുന്നത്..!
സ്നേഹമെന്നും വിജയിക്കട്ടെ.. പ്രിയ സഹോദരന്‍മാരുടെയും സഹോദരിമാരുടെയും ദാമ്പത്യം സന്തോഷപൂര്‍ണ്ണമാവാന്‍ നമുക്കാത്മാര്‍ത്ഥമായ് പ്രാഥത്ഥിക്കാം..!

Shahil
1
( Hide )
  1. സ്നേഹമുള്ള ഭാര്യയുണ്ടെങ്കിൽ
    ക്ഷമയുള്ള ഭർത്താവാണെങ്കിൽ
    സ്വർഗ്ഗമായ് തീർന്നിടും വീട് തീർച്ച

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo