Slider

അഖികണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ ഭാഗം 7

0
അഖികണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ
ഭാഗം 7
പള്ളിയുടെ സൈഡിൽ കൂടിയുള്ള കോൺക്രീറ്റ് റോഡിൽ കൂടി വണ്ടി ഗേറ്റിനെ ലക്ഷ്യമാക്കി നീങ്ങി. തുറന്നിട്ട ജാലകത്തിലൂടെ ചുവന്ന പരവതാനി കണ്ണിൽ പെട്ടു. അങ്ങോട്ട് പോയതും പള്ളിയെ കടന്നായിരുന്നല്ലൊ. എന്തേ ഒന്ന് കയറി മുട്ടുകുത്താൻ തോന്നാ
ഞ്ഞതെന്ന് ഓർത്ത് അഖില വിഷമിച്ചു.
പള്ളിയുടെ ജനൽ അഴികളിൽ തൂങ്ങി നിന്ന് അകത്തെന്താ നടക്കുന്നതെന്നറിയാനുള്ള തത്രപ്പാട് മനസ്സിൽ തെളിഞ്ഞു. ഒരിക്കൽ അങ്ങനെ ഏന്തി വലിഞ്ഞു തൂങ്ങി നിൽക്കുന്നതി
നിടയിൽ, തലയിൽ സ്കാർഫിട്ട് കുനിഞ്ഞ ശിരസുമായി നിൽക്കുന്നവരുടെ വരിയിൽ ലൂസിയെ കണ്ട് അത്ഭുതപ്പെട്ടു. വരിയിൽ നിന്നവർക്കെല്ലാം അച്ഛൻ എന്തൊ വായിൽ വച്ചു കൊടുക്കുന്നത് എന്താണറിയാനായിരുന്നു അടുത്ത ആകാംഷ. അത് വീഞ്ഞിൽ മുക്കിയ അപ്പമാണന്നറിവ് അത്ര കണ്ട്പിടി കിട്ടിയില്ലങ്കിലും, അതൊന്ന് രുചിച്ചു നോക്കാനുള്ള കൊതി അടക്കാനായില്ല. തലയിൽസ്കർഫിട്ട് ലൂസിയോടൊപ്പം കയറി നിൽക്കുന്നതിനെ പറ്റി കാര്യമായി ആലോചിച്ചു. സിസ്റ്റഴ്സിന്റെ കണ്ണിൽ പെട്ടാൽ കുഴപ്പമാകും, മാത്രമല്ല നരകത്തിൽ പോയാലോന്ന് ലൂസി ചോദിച്ചപ്പോഴാണ് താനും ആ കാര്യത്തെപറ്റി ഗൗരവമായി ആലോചിച്ചതു തന്നെ. യേശുവിനെ കുരിശിൽ കയറ്റിയ ദുഷ്ടൻമാരോടൊപ്പം തിളച്ചെണ്ണയിൽ മൊരിയുന്ന കാര്യം ആലോചിക്കാനെ വയ്യായിരുന്നു. അങ്ങനെ ആ ആഗ്രഹം ഉപേക്ഷിച്ചു. ഓർമ്മകൾ അഖിലയുടെ മുഖത്തൊരു ചിരിയുടെ മിന്നലാട്ടം ഉണ്ടാക്കി.
"നീ സംസാരിക്കാനെ മറന്നോ അഖി" അമലസിസ്റ്റർ തന്റെ വിരലുകളിൽ പിടിച്ചപ്പോഴാണ് വണ്ടി ഗേറ്റ് കടന്ന് കുറേ ദൂരം കടന്നതറിഞ്ഞത്. തന്റെ വിശേഷം പറച്ചിൽ കാരണം പഠിക്കാനെ കഴിയുന്നില്ലന്ന പരാതി പറഞ്ഞിരുന്ന ചേച്ചിയും ചോദിക്കുന്നു നിനക്കെന്തങ്കിലുമൊക്കെ സംസാരിച്ചോണ്ടിരുന്നൂടെ അഖീന്ന്. എന്തു പറയാൻ, പറയുന്നതും, കേൾക്കുന്നതുമൊന്നും ഇമ്പമുള്ള വിശേഷങ്ങളായി മനസ്സിൽ പതിയുന്നില്ല, താനെന്തു ചെയ്യും. ആമി നിരത്തുന്ന വിശേഷങ്ങൾ പോലും പലപ്പോഴും മനസ്സിൽ തട്ടുന്നില്ല, അവളതിനു പലപ്പോഴും മുഖം വീർപ്പിക്കാറുമുണ്ട്. വർത്തമാനകാലത്ത് മനസ്സിനെ പിടിച്ചു നിർത്താൻ ഇപ്പൊ തീരെ പറ്റാണ്ടായിരിക്കുന്നു. അതുതന്നെ ചിലപ്പോഴെങ്കിലും ഭയപ്പെടുത്തുന്നുമുണ്ട്, മനസ്സ് ദിശമാറിചലിക്കാനുള്ള മുന്നോടിയാണോന്ന ഭയം.
അമല സിസ്റ്റർ കൂടുതൽ സമയവും ഫോണിലായിരുന്നു, ഒരു പാട് ഉത്തരവാദിത്വങ്ങൾക്കു നടുവിൽ നിന്നാണ് തനിക്കു വേണ്ടി സമയം കണ്ടത്തിയതെന്നു അഖിലക്കു മനസ്സിലായി. അഖില തന്റെ ഓർമ്മ കൂമ്പാരങ്ങളിലേയ്ക്കു തന്നെ വീണ്ടും ഒട്ടകപക്ഷിയെ പോലെ മുഖം പൂഴ്ത്തി. അരാണ് ഇപ്പൊ തന്റെ ശത്രു. സത്യത്തിൽ താനെന്തിൽ നിന്നാണ് രക്ഷപെടാൻ ശ്രമിക്കുന്നത്, വർത്തമാനകാലത്തിൽ നിന്നോ, അതൊ ഭാവിയിൽ നിന്നോ. നാളയെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലായ്മ ആണ് തന്റെ പ്രശ്നമെന്ന് തോന്നുന്നു. പല പ്രാവിശ്യം ചൂടുവെള്ളത്തിൽ വീണപൂച്ചക്കുള്ള പേടി എങ്ങനെ മാറും. ഒക്കെ ശരിയാവുന്നെന്ന് ആശ്വസിക്കുമ്പോഴേയ്ക്കും, അടുത്ത പ്രഹരത്തിനുള്ള ചാട്ടവാറ് വിധി ഒരുക്കി തുടങ്ങിയിരിക്കും.
വണ്ടിയുടെ മുന്നിൽ ഒരു കുരിശും,ചിറകു വച്ച കുതിരപ്പുറത്ത് വരുന്ന ഒരുപുണ്യാളന്റെ ചെറിയൊരു ഫോട്ടൊയും വച്ചിരുന്നു. മേഘങ്ങൾക്കിടയിൽ നിന്നും കുതിച്ചു വരുന്ന ചിറകു വച്ച കുതിര കൗമാരപ്രായത്തിൽ മിക്ക പെൺകുട്ടികളും താലോലിക്കുന്ന സ്വപ്നമാണന്നു തോന്നുന്നു. കുതിര പുറത്തിരിക്കുന്ന രാജകുമാരന്റെ മുഖം മാത്രം മാറുന്നു. താനും കണ്ടിരൂന്നു അതുപോലൊരു സ്വപ്നം. ആകാശത്തു നിന്നും തന്നെ കൊണ്ടുപോകാനും വന്നു ഒരു രാജകുമാരൻ, പക്ഷെ മോഷ്ടിച്ച കുതിരയും, കടം കൊണ്ടവേഷവുമായിരുന്നതറിയാതെ താനും കൂടെ കയറി. അരുതെന്ന് വിലക്കാനാളുണ്ടായിട്ടും. രാജകുമാരന്റെ വേഷം സ്വയം അഴിച്ച് ചെന്നായുടെ സ്വരൂപംകാട്ടാൻ കാലതാമസം വേണ്ടി വന്നില്ല. വേഷം കെട്ടി അരങ്ങത്തു തന്നെ കഴിച്ചുകൂട്ടുന്നതിന് പരിധി ഉണ്ടല്ലൊ. എന്തെന്ന് അറിയാത്തൊരു പകപ്പായിരുന്നു ആദ്യമൊക്കെ, അതുൾകൊള്ളാൻ കാലം മനസ്സിനെ പാകപെടുത്തി. വിധിയിൽ നിന്ന് ഒളിച്ചോടാനുള്ള ധൈര്യവുമില്ലായിരുന്നു. വിലക്കിയവരുടെ കണ്ണുനിറയാതിരിക്കാൻ, പറ്റിയ ചതി മറയ്ക്കാനുള്ള തത്രപാടായി പിന്നെ. അതുകൊണ്ട് കേട്ടപോലെ അത്ര കുഴപ്പകാരനല്ലന്ന ആശ്വാസത്തോടെ അച്ചാമ പോയി. അമ്മ മാത്രം മനസ്സിലാക്കി
തന്റെ കണ്ണിലെ തിരകൾക്ക് ശാന്തത പുറമേയ്ക്കു മാത്രമാണന്ന്. നിന്റെ കെട്ടിയോന്റെ വേഷം കെട്ട് പുറത്തുള്ളവരോട് മതിയെന്നു അമ്മ പറയുന്നതുവരെ ഉണ്ടായിരുന്നോളൂ
തന്റെ വേഷം കെട്ടും. സംതൃപ്തയായ ഭാര്യയുടെ വേഷം അങ്ങനെ അഴിഞ്ഞു വീണു.
ഒരുമൂട്പടത്തിനും പെറ്റമ്മയുടെ കണ്ണും മനസ്സും മറയ്ക്കാനൊക്കില്ലന്ന സത്യം തിരിച്ചറിയാൻ വൈകി. തരംപോലെ വേഷം കെട്ടി അരങ്ങത്തു കെട്ടിയാടി പ്രേക്ഷകരെ പിടിച്ചിരുത്താൻ മിടുക്കനായതുകൊണ്ട് തന്റെ വേഷം വിമർശിക്കപ്പെട്ടു കൊണ്ടേയിരുന്നു. നായകൻ വേഷത്തിൽ മാത്രമല്ല അഭിനയത്തിലും ഡയലോഗിലും മികച്ച പ്രകടനം കാഴ്ചവച്ച് പ്രേക്ഷകരുടെ കൈയ്യടി വാങ്ങിച്ചു കൊണ്ടേയിരുന്നു. നാടകത്തിന് തിരശ്ശീലയിടാൻ അമ്മ മുൻകൈയെടുത്തപ്പോൾ സത്യത്തിൽ അത്ഭുതം തോന്നിയിരുന്നു. കെട്ടത് ചുമന്നാൽ അടുത്ത തലമുറയും അത് ചുമക്കേണ്ടി വരുമെന്ന് അമ്മ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. അറിയാഞ്ഞിട്ടല്ലായിരുന്നു, ധൈര്യമില്ലായ്മയായിരുന്നു തന്റെ പ്രശ്നം. പിന്നെ അനുഭവങ്ങൾ ഉണ്ടാക്കിയ ഭയവും. അനുഭവങ്ങൾ പലരിലും പല രീതിയിൽ മനസ്സിൽ തഴമ്പുണ്ടാക്കുമെന്ന് തോന്നുന്നു, ആമയുടെ തോടു പോലെ, പിന്നെ വരുന്ന വേദനകളൊക്കെ അതിൽതട്ടി ചിതറി കാഠിന്യം കുറഞ്ഞോളും. തനിക്കത് സഹനത്തിന്റേ മാത്രമായിരുന്നു.
അതു കൊണ്ട് തന്നെ ഒരിക്കൽ പോലും താനാ തോടിൽ നിന്നു കഴുത്തു നിട്ടാൻ ധൈര്യപ്പെട്ടില്ല. പക്ഷെ അമ്മയ്ക്കത് ധൈര്യത്തിന്റെതും കൂടിയായിരുന്നു. അമ്മയുടെ തല കൂടുതൽ സമയവും തോടിനുപുറത്തായിരുന്നു. അമ്മയ്ക്കുണ്ടായിരുന്ന ആ തഴമ്പിന്റെ ബലത്തിൽ താനും പിടിച്ചു നിന്നു, പലപ്പോഴും പിടി വിട്ട്പോകുമെന്ന് ഭയന്നങ്കിലും.
സന്ധ്യയാകുമ്പോൾ ചിറകിട്ടടിച്ച് കലപില ശബ്ദത്തോടെ ഇരതേടാൻ പോകുന്ന വവ്വാലുകൾ ഉണ്ടാക്കുന്ന കോലാഹലം എന്നും കാവിൽ നിന്ന് കേൾക്കുമ്പോഴെ താൻ ചെവിപൊത്തുമായിരുന്നു. എന്തുകൊണ്ടൊ വവ്വാലുകൾ എപ്പോഴും പ്രേത പിശാചുക്കളെ ഓർമ്മിപ്പിച്ചു. അതുകൊണ്ട് തന്നെ ആൽമരത്തിൽ ഞാന്നു കിടക്കുന്ന കറുത്ത തുണി കീറുകളുടെ കാഴ്ചയിൽ നിന്നും താനെപ്പോഴും മുഖം തിരിച്ചിരുന്നു. കോടതി വളപ്പിൽകണ്ട കറുത്ത കുപ്പായങ്ങളല്ലാം ആൽമരത്തിൽ ഞാന്നു കിടക്കുന്ന പ്രേതങ്ങളെ ഓർമ്മിപ്പിച്ചു. അവ രാത്രിയുടെ ഭീകരതയിൽ നിന്നും ഓർക്കാ പുറത്ത് മുന്നിൽ ചാടുമെന്ന് ഭയന്ന് മിക്ക രാത്രി കളിലുംഞെട്ടി ഉണർന്നു. പക്ഷെ ഞെട്ടി എഴുന്നേൽക്കുന്ന തനിക്കു നേരെ അമ്മയുടെ
കൈ എപ്പോഴും നീണ്ടുവന്നു. കുരുക്കുകളഴിക്കാൻ ഒരു പാട് സമയം എടുത്തു. തിന്നത്തുമില്ല തീറ്റിക്കത്തുമില്ലാത്ത ചെന്നായുടെ വേഷങ്ങളോരോന്നായി കൃഷ്ണൻ തന്നെ തന്റെ
മായാവിലാസത്താൽ കവർന്നെടുത്തു.
എല്ലാം സ്വസ് ഥമായി, പക്ഷെ തിരിച്ചു വന്നപ്പോഴേയ്ക്കും ആമിക്ക് കാട്ടികൊടുക്കാൻ താൻ കണ്ട കാഴ്ചകളൊന്നും ഉണ്ടായിരുന്നില്ല. പഴയ കാഴ്ചകളധികവും മാഞ്ഞു പോയിരുന്നു. ബാക്കിയായവനരച്ചു തുടങ്ങിയിരുന്നു. പുതിയ അവകാശികൾ പുതിയ
ചായം തേച്ച് പുതിയ കാഴ്ചകളും ആക്കിയിരുന്നു. നഷ്ടങ്ങൾ അയവിറക്കി മേക്കർ പതം പറഞ്ഞുപ്പോഴെല്ലാം കുറ്റബോധത്തിന്റെ മുള്ളുകൾ തന്റെ ഉള്ളിലിരുന്ന്കുത്തിനോവിച്ചു.
എന്തുകൊണ്ടൊ എല്ലാം വിധിയാണന്ന് ആശ്വസിക്കാനും തോന്നിയില്ല. പക്ഷെ ആമി അമ്മയുടെ നെഞ്ചിൽ ചാഞ്ഞിരുന്ന് കഥകൾ കേട്ട് മനസ്സുതുറന്ന് ചിരിക്കുന്ന കാഴ്ചയിൽ
നഷ്ട കാഴ്ചകളുടെ വേദന അലിഞ്ഞു പോയി.
എല്ലാം ഒന്നുശരിയായി വരുന്നുവെന്ന് ആശ്വസിക്കുമ്പോഴേയ്ക്കും ചാരുകസേരയ്ക്കും കൈതപൂ മണക്കുന്ന പെട്ടിക്കും കൂട്ടായി, വെള്ള കൊതുകുവലയിട്ട അമ്മയുടെ പ്രിയപ്പെട്ട വീട്ടി കട്ടിലും. ആമിയുടെ വേദന തനിക്കു മാത്രം മനസ്സിലായി, ചാരുകസേര ഒഴിഞ്ഞപ്പോൾ തനിക്കുണ്ടായ അതേ വേദന. വീണ്ടും ചിറകൊടിഞ്ഞ പക്ഷിയായി ചേട്ടനും ചേച്ചിയും എപ്പോഴത്തേയും പോലെ ഒടിഞ്ഞ ചിറകിൽ മരുന്ന് പുരട്ടാനുണ്ടായിരുന്നതുകൊണ്ട്
പതുക്കെ പറക്കാക്കാമെന്നായി. എത്ര നിർബന്ധിച്ചിട്ടും മലകയറാൻ കൂട്ടാക്കാതെ, അടുത്ത തലമുറയ്ക്കും കാവല് നിൽക്കുമെന്ന് ശഠിച്ച് വിധേയനെ പോലെ കൂടെനിന്നു മേക്കർ
ഷാജി. പഴനിമല ഇറങ്ങുമ്പോൾ മുരുകൻകൂടെ അയച്ചതാണവനെ എന്ന് അച്ചാച്ചൻ എപ്പോഴും പറയുമായിരുന്നു. ആവശ്യം വന്നപ്പോഴൊക്കെ മനസ്സുപോലെ നിറയെകൊടുത്ത് മല കയറ്റി വിട്ടതിന്റെ വിധേയത്വം അയാൾ എപ്പോഴും കാണിച്ചിരുന്നു. ആമിയെ ചുറ്റിപ്പറ്റിയുള്ള സ്വപ്നങ്ങൾക്കു നിറം വച്ചു തുടങ്ങിയപ്പോഴേയ്ക്കും, ഉള്ളിൽ ഒളിച്ചിരുന്നൊരു
ചെന്നായ ആക്രമിക്കാൻ തുടങ്ങിയിരുന്നു. നീന്തലറിയാതെ ആഴകടലിൽ പെട്ടുപോയ പകപ്പായിരുന്നു. രക്ഷപെടാൻ ചെറിയൊരു പൊങ്ങുതടിമാത്രം. തീരത്തെത്താറായപ്പോഴേക്കും
ഉണ്ടായിരുന്നചെറിയകാഴ്ചവട്ടവും നഷ്ടപെടുത്തേണ്ടി വന്നു. ഉള്ള പോലെകൊടുത്ത് മേക്കറെ നിർബന്ധിച്ചു മലകയറ്റി വിട്ടു, ചേച്ചിയോടൊപ്പം കൂടുകയെ നിവർത്തി ഉണ്ടായിരുന്നോളൂ, ആമി അനാഥയാവില്ലന്നുറപ്പിൽ.
‘'ഹോണടിച്ച് ബഹളം വയ്ക്കാതെ നീ ഇറങ്ങി തുറക്ക്വാവച്ചാ” ശബ്ദം കേട്ട് തല ഉയർത്തിയപ്പോ കണ്ട കാഴ്ച അഖിലയ്ക്കു കണ്ണിലൊതുങ്ങില്ലന്നു തോന്നി. വാവച്ചന് ഇറങ്ങേണ്ടി വന്നില്ല, അതിനു മുൻമ്പേ വലിയ ഗേറ്റ് മലർക്കെ തുറന്നു. അകത്തോട്ട് വണ്ടി നീങ്ങും തോറും വിസ്മയ കാഴ്ചകളായിരുന്നു. വിശാലമായ മുറ്റവും കടന്ന് വണ്ടി കാർപോർച്ചിന്റെ സൈഡിലേയ്ക്ക് വാവച്ചൻ നിർത്തി. എവിടെയാണത്തിയതെന്നറിയാത്ത മനസ്സിലെ
പിടപ്പ് അഖിലയുടെ മുഖത്തും പ്രകടമായി. സ്വീകരിച്ചിരുത്തിയയാൾ തന്നെ ഒരു വീൽചെയറും ഉന്തി കൊണ്ട് വരുന്നതുവരയെ അതുണ്ടായിരുന്നോളൂ. വീൽ ചെയറിലിരുന്നയാളെ മനസ്സിലാക്കിയപ്പോൾ അഖില എഴുനേൽക്കാൻ കൂടി മറന്ന് സ്തംഭിച്ചിരുന്നുപോയി. അമല സിസ്റ്റർ കൊടുത്ത സർപ്രൈസ് അഖിലയെ വല്ലാതെ ഉലച്ചു കളഞ്ഞു.
ചുരിദാറിന്റെ ഷാളിൽ മുഖം പൂഴ്ത്തിയിരുന്നു ഏങ്ങലടിച്ച അഖിലയെ ആശ്വസിപ്പിക്കാനാകാതെ അമലസിസ്റ്ററും പകച്ചുപോയി. അഖില പൂർവ്വസ്ഥിതിയിലെത്താൻ ഇത്തിരി സമയമെടുത്തു. പരിസരബോധം വന്നപ്പോൾ അവൾക്കു ജാള്യത തോന്നി. വീൽ ചെയറ് ഉന്തി കൊണ്ടുവന്ന മധ്യവയസ്കന്റയും കണ്ണുനനഞ്ഞന്നവൾക്കു മനസ്സാലായി. അപ്പോഴും ലൂസി
യുടെ കൈകൾ തന്റെ കൈകളെ അമർത്തുന്നതവളറിഞ്ഞു. പണ്ടത്തെപോലെ അവളുടെ കൈകൾക്കു സുഖമുള്ള ചൂടായിരുന്നു. പെട്ടന്ന് ലൂസി അഖിലയുടെ കൈകളെടുത്ത്
സ്വന്തം കവിളത്തു ചേർത്തുവച്ചു വിളിച്ചു ‘ ശീതരക്ത ജീവി' അതു കേട്ട് ചിരിക്കുമ്പോഴും രണ്ടാളുടേയും കണ്ണ് തോർന്നിട്ടില്ലായിരുന്നു. 27വർഷം പിന്നിൽ കേട്ട ശബ്ദം പരുക്കനായങ്കിലും, ആ സ്നേഹം അന്നത്തേക്കാളും മൃദുലമായിരുന്നു.
രണ്ടാൾക്കും ഒരു പാട്പറയാനുണ്ടായിരുന്നങ്കിലും, അഖിലയ്ക്കു കേട്ടിരിക്കാനെ കഴിഞ്ഞോളൂ. "നീ കൊണ്ടുവരുന്ന അവലേസുണ്ടയുടേയും, അച്ചപ്പത്തിന്റെയും രുചി ഇപ്പഴും
നാവിലുണ്ട്. അതൊക്കെ മുമ്പിലെത്തുമ്പോഴെല്ലാം അമ്മച്ചി നിന്റെ കാര്യം പറയുമായിരുന്നു" ലൂസി പറഞ്ഞതു കേട്ട് അഖിലയുടെ മനസ്സ് പിടഞ്ഞു.
‘' ഇപ്പൊ ഞാനും ചേച്ചിയും മാത്രമേ ഉള്ളൂ'’ കാര്യം മനസ്സിലായതുകൊണ്ടാവും അപ്പോഴും വിടാതെ പിടിച്ചിരുന്ന കൈയ്കളിൽ ലൂസിയൊന്നമർത്തി, അശ്വസിപ്പിക്കാനായി.
"നീ പിന്നെ എങ്ങോട്ട് പോയി. അമല സിസ്റ്ററോട് ഞാനെപ്പോഴും അന്വേഷിക്കുമായിരുന്നു " ലൂസിയുടെ മറുപടി കേട്ട് അന്തരീക്ഷമാകെ അയഞ്ഞു.
"ഓ... ഒന്നും പറയണ്ട, ഏഴാം ക്ലാസ് തോറ്റന്നറിഞ്ഞപ്പോഴെ അപ്പനും അമ്മച്ചിക്കും സമാധാനമായി. അമ്മച്ചിക്കും പഴയപോലെ വയ്യായിരുന്നു. പുസ്തകം അടച്ച് അമ്മച്ചീടെ കൂടെ കൂടി ചില്ലറയുണ്ടാക്കിക്കോളാൻ അപ്പനോഡറിട്ടു. മീൻ വിൽക്കാൻ 7 ക്ലാസ് തന്നെ അധികം. ഞാനിപ്പോഴും ഏഴാം ക്ലാസ് ജയിച്ചില്ലടി. എന്നാലെന്നാ..... പത്താം ക്ലാസ് മൂന്ന് വർഷം പഠിച്ച കെട്ടിയോനെ കിട്ടിയി് ല്ലെ. " അത് പറഞ്ഞ് ലൂസി സ്നേഹത്തോടെ ജോസിനെ നോക്കി. ജോസിന്റെ മുഖത്ത് ചമ്മിയ ചിരി കണ്ട് എല്ലാവരും ചിരിച്ചു. ആപത്തിൽ താങ്ങാൻ കൈകളും, സ്ഥിതിയും ഉള്ളതുകൊണ്ടാവും ലൂസിക്കിപ്പോഴും മറ്റുള്ളവരെ
ചിരിപ്പിക്കാൻ കഴിയുന്നതെന്ന് അഖില ഓർത്തു. അപ്പോഴേയ്ക്കും ലൂസി അടുത്ത വെടി പൊട്ടിച്ചു.
‘‘അപ്പച്ചന്റെ അസിസ്റ്റ് ന്റായിരുന്നടി പുള്ളിക്കാരൻ. പച്ച പിടിച്ചപ്പൊ കൊണ്ടുവരുന്നമീൻ വിൽക്കാൻ ആളെ ആവശ്യമുണ്ടന്ന് ഇട്ടപരസ്യം കണ്ട് ഞാൻ നേരിട്ടപേക്ഷ കൊടുത്തു.
ശമ്പളം തരാൻ പാങ്ങില്ലന്നു പറഞ്ഞ് സൂത്രത്തിൽ അതിയാൻ എന്നെയങ്ങ് കെട്ടി. "താൻ ചിരിക്കാൻ മറന്നു പോയിട്ടല്ലന്ന തിരിച്ചറിവ് അഖിലക്കുണ്ടായി. മക്കളെക്കുറിച്ച് അന്വേഷി
ച്ചപ്പോഴും ലൂസി പറഞ്ഞ സരസമായ മറുപടി അഖിലയെ ചിരിപ്പിച്ചില്ല.
'’ മക്കളെ തരാൻ ദൈവം മറന്നു പോയടി. മക്കടെ കോളത്തിൽ പുള്ളി ഒരു വരയിട്ടങ്ങ് വിട്ടു. പിന്നെ വല്ലരക്ഷയും ഉണ്ടാ. കാശു കൊണ്ട് മായിക്കാൻ പറ്റുന്ന വരയല്ലല്ലൊ അതിയാൻ ഇടുന്നത്. പക്ഷെ നിന്റെ മോളെ അടിച്ചുമാറ്റിക്കോളാൻ പുള്ളിക്കാരനെനിക്ക് മെസേജ് അയച്ചിട്ടുണ്ട്. നിന്നെ സൂത്രത്തിൽ വരുത്തിയതെന്തിനാണന്നാ വിചാരിച്ചത്." തനിക്കു വിഷമമായത് മനസ്സിലായതു കൊണ്ടാവും അവൾ തന്റെ കൈയിലമർത്തി.
"തിരിഞ്ഞു നോക്കുമ്പോൾ കിട്ടിയതെല്ലാം മഹാഭാഗ്യമെന്നെ കരുതിയിട്ടുള്ളൂ. രണ്ടാളുടേയും സഹോദരങ്ങളും, ബന്ധുക്കളുമെല്ലാം കര പറ്റി. അപ്പനമ്മമാർ സമാധാനത്തോടെ
കണ്ണടച്ചു. കൈ നീട്ടിയവരെയൊന്നും നിരാശപ്പെടുത്തേണ്ടി വന്നില്ല. അപ്പനമ്മമാരുടെ സ്ഥാനത്തു നിന്ന് പല കല്യാണങ്ങളും നടത്തി. പിന്നെ ഈ ആക്സിഡൻഡുമാത്രം ഒന്നു നോവിച്ചു. ശരിക്കൊന്നു ഭയപ്പെടുത്തിയെന്നു പറയുന്നതാ സത്യം. പിന്നെ ഇതിയാൻ ഇങ്ങനെ മലപോലെ നിൽക്കുമ്പോൾ എന്നെ ആർക്കെങ്കിലും അടിച്ചോണ്ട് പോകാൻ പറ്റുമൊ.'
ലൂസിയത് പറഞ്ഞ് നിറയെ സ്നേഹത്തോടെ ജോസിനെ നോക്കുന്നത്കണ്ടപ്പോൾ അഖിയുടെ മനസ്സും കണ്ണും നിറഞ്ഞതു കൊണ്ടാവും പെട്ടന്നു അമല സിസ്റ്റർ ഇടക്കു കയറി.
"സഭയുടെ കീഴിലുള്ള പല ചാരിറ്റിക്കും ചുക്കാൻ പിടിക്കുന്നത് ജോസായിരുന്നു. അങ്ങനാഞങ്ങൾ പരിചയപെടുന്നത്. ഈയിടെ ഇവനെ കാണാൻ ഇവിടെ എത്തിയപ്പോഴല്ലെ നമ്മുടെ ചീവിടാ കെട്ടിയോളന്നറിഞ്ഞത്. "ക്ലാസിലെസംസാരം കാരണം ലൂസിക്കു ചീവിടെന്നും കരിയിലകിളിയെന്നുമൊക്കെ പേരുണ്ടായിരുന്നു. അതു കൊണ്ട് തന്നെ തനിക്കും മിക്കപ്പോഴും അവളുടെ ശിക്ഷ പകുത്ത് കിട്ടിയിരുന്നു.
‘'എന്നെ മനസ്സിലായില്ലടി, നമ്മള് ചീർത്ത മീൻ പോലെയായില്ലെ ഇതിപ്പോഴും മെലിഞ്ഞ് വാളപോലെ ഇരിക്കുന്ന കണ്ടില്ലെ. എനിക്കു തോന്നുന്നത് ഒരു ഇരുപത് കൊല്ലം കൂടി പോക്കറ്റിലൊളിപ്പിച്ച ചൂരലും വലിച്ചോണ്ട് പിള്ളേരെ ഓടിക്കുമെന്നാ. നിനക്കോർമ്മയുണ്ടോ എന്നെ ഓടിച്ചിട്ടടിക്കുന്നത്.'’
"ഇവടെ നാക്കിനിപ്പോഴും ഒരു ലൈസൻസും ഇല്ല സിസ്റ്ററെ " എന്ന് ജോസ് അൽപ്പം ജാള്യതയോടെ പറഞ്ഞപ്പോൾ അഖിലയും സത്യമെന്നോർത്തു.
"അവൾ പറയട്ടെ ജോസെ, അവൾക്കിപ്പോഴും കർത്താവു തമ്പുരാൻ അതിന് കഴിവു കൊടുത്തല്ലൊ, ചിരിക്കാൻ മറന്നു പോയ അഖിയെ വരെ അവൾ ചിരിപ്പിച്ചില്ലെ.” അവിടെ ചിലവഴിച്ച സമയമത്രയും അഖിലയും ലൂസിയും തങ്ങളുടെവല്ലായ്മകളെ കുറിച്ച് ഓർത്തതേയില്ല. മനസ്സില്ലാ മനസ്സോടെയായിരുന്നു ലൂസി അഖിലയെ യാത്രയയച്ചത്.
"ആമി കോഴ്സ് കഴിഞ്ഞെത്തിയാലുടൻ രണ്ടാളും ഇവിടെത്തിയിരിക്കണം” വണ്ടിയിൽ കയറാൻ നേരവും ലൂസി ഓർമ്മിപ്പിച്ചപ്പോഴും അഖില മറുപടിയൊന്നും പറയാതെ ലൂസിയുടെ കൈകളിലൊന്ന് അമർത്തി. അതിന് അവർക്കു മാത്രം മനസ്സിലാകുന്ന കാക്കതൊള്ളായിരം അർത്ഥങ്ങളുണ്ടായിരുന്നു.
ഗേറ്റു കടന്നപ്പോൾ അഖില തിരിഞ്ഞു നോക്കി, ലൂസിയുടെ ചോരാത്തവീട് കൺകുളിർക്കെ കണ്ടപ്പോൾ അഖിലയുടെ മനസ്സ് നിറഞ്ഞു. കണ്ണനോടും കർത്താവിനോടും ലൂസിക്ക് ചോരാത്ത വീട് ഉണ്ടാക്കി കൊടുക്കണേന്ന്താനെത്ര പ്രാർത്ഥിച്ചതാണന്ന്അഖില ഓർത്തു.
"ആമീടെ കാര്യമോർത്ത് നീ ഇനി എരിയണ്ട. അവൾക്കിഷ്ടമുള്ളത്രയും പഠിക്കട്ടെ. ബാക്കി കാര്യങ്ങളും വഴിപോലെ നടന്നോളും. പക്ഷെ അപ്പാന്നും അമ്മേന്നും അവൾ ഞങ്ങടെ കണ്ണടയുന്നതു വരെ വിളിക്കണം" ലൂസി് പറഞ്ഞതോർത്ത് അഖില നിറഞ്ഞ മനസോടെ സീറ്റിലേക്കു ചാഞ്ഞിരുന്നു. ഇനി വരുമ്പോൾ ലൂസിക്കിഷ്ടപ്പെട്ട അവലോസുണ്ടയും, അച്ചപ്പവുമെല്ലാം ചേച്ചിയെ കൊണ്ട് ഉണ്ടാക്കിച്ചു കൊണ്ടു കൊടുക്കണമെന്ന് അഖില വിചാരിച്ചു. അമ്മയെ പോലെ ചേച്ചിയും മനസ്സുകൊണ്ട് ഉണ്ടാക്കി സ്നേഹത്തോടെയാ എല്ലാവർക്കും വിളമ്പുന്നത്. പഴയതെല്ലാം തിരിച്ചുവരുന്നെന്ന തോന്നൽ അഖിലയെ ഒരു പാട്
സന്തോഷിപ്പിച്ചു. ലൂസിക്കായി കൊണ്ടുപോയിരുന്ന പൊതിയുടെ പങ്കു പറ്റിയവർ ഉണ്ടായിരുന്നു. പലർക്കു വേണ്ടിയും ഇല്ലായ്മകൾ അറിയിക്കാതെ അമ്മ ഒരു പാട് പൊതികൾ പൊതിഞ്ഞിരുന്നു. പലരും ആ രുചി മറന്നു. വേണ്ട ഇനി ഒന്നും ഓർക്കണ്ട. പഴം കാഴ്ചകളുടെ മുഷിഞ്ഞ ഏടുകളെല്ലാം കീറി കളയേണ്ട സമയമായി.
ആമീടെ കുഞ്ഞിന്റെ നെറ്റിയിൽ ചുണ്ടമർത്താൻ താനില്ലങ്കിലും സാരമില്ല, ലൂസിയുണ്ടാകുമെന്ന ഉറപ്പ് മനസ്സിനെ തണുപ്പിച്ചു. അതു കൊണ്ട് തന്നെ ഒരു പാട് സ്നേഹത്തോടെ എന്തിനെന്നറിയാതെ അഖില അമല സിസ്റ്ററെനോക്കി ചിരിച്ചു. അച്ചാച്ചനു അമല സിസ്റ്റർ കൊടുത്ത ഗുരുദക്ഷിണക്കു പകരമായി, തനിക്കൊന്നും ഇല്ലല്ലൊ തിരിച്ചു കൊടുക്കാൻ എന്നചിന്ത അഖിലക്കുണ്ടായി.കാലം എന്തേലും ഒരുക്കി വച്ചിട്ടുണ്ടാകും. വിതച്ചാൽ വിളവിന്റെ ഒരു പങ്ക് ദൈവം നമുക്കായി കരുതും. സമയമാകുമ്പോൾ നമുക്കല്ലങ്കിൽ വരും തലമുറയ്ക്കെലും അത് വിളമ്പുകയും ചെയ്യുമെന്ന് അമ്മ പറയുമായിരുന്നു.
"ഈ ചിരി നീ മായാതെ നോക്കണം. അതിന് നീയും കൂടി വിചാരിക്കണം." അമല സിസ്റ്റർ കവിളിൽ തലോടികൊണ്ട് പറഞ്ഞപ്പോൾ അച്ചാച്ചന്റെ ' കൈവിരലുകളുടെ ഇളംതണുപ്പ്
അഖിലക്കനുഭവപ്പെട്ടു. അതെ ,നഷ്ട കാഴ്ചകളെല്ലാം മടങ്ങി വരുന്നു എന്ന് അഖിലക്കു ഉറപ്പായി. പത്തു വയസ്സുകാരിയുടെ മനസ്സുമായി അഖില പുറം കാഴ്ചകളിലേയ്ക്കു കണ്ണും മനസ്സും തുറന്നു വച്ചു. കാക്കതൊള്ളായിരം കാഴ്ചകൾ താനിനിയും കാണുമെന്നവൾ ഉറപ്പിച്ചു.
അവസാനിച്ചു.
അഖിയോടൊപ്പം അവളുടെ നൊമ്പരം ഏറ്റുവാങ്ങി യാത്ര ചെയ്ത
എന്റെ കൂട്ടുകാർക്ക് ഒരുപാട് സ്നേഹം. നല്ലെഴുത്ത് കുടുംബത്തിൽ
അംഗമാകാൻ ക്ഷണിച്ച ഉണ്ണി മാഷിനോട് എനിക്ക് ഒരു പാട് നന്ദിയുണ്ട് എപ്പോഴും നമ്മളെ പോലുള്ളവരുടെ കൂട്ടുകെട്ടാണ് നിലനിൽക്കുന്നത്. നല്ലെഴുത്ത് കുടുംബത്തിന് നന്ദി...
Raju Sahaja
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo