Slider

പ്രണയമൊഴുകും മായാനദി

0



കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും.
ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്റവും മികച്ചതാകുന്നു.
ഒരേ സമയം പ്രണയ ചിത്രമായും ത്രില്ലര്‍ ചിത്രമായും ഇത് പ്രേക്ഷകന് അനുഭവപ്പെടും. രണ്ടിലേക്കും വേണ്ട കൃത്യമായ ചേരുവകള്‍ ചിത്രത്തില്‍ ചേര്‍ത്തു വെച്ചിട്ടുണ്ട്. പക്ഷേ ഇവ രണ്ടും ചേര്‍ക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കല്ലുകടികളൊന്നും പ്രേക്ഷകന് അനുഭവപ്പെടുന്നില്ല. പ്രണയത്തെ ഇത്ര നന്നായി ഉപയോഗപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്ത ചിത്രം ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല. കൃത്രിമത്വം ഇല്ലാത്തതും സത്യസന്ധവുമായിരുന്നു പ്രണയത്തിന്റെ അവതരണം. വ്യക്തി ജീവിതത്തില്‍ വ്യക്തമായ കാഴ്ചപ്പാടുകളും രാഷ്ട്രീയവും ഉള്ള വ്യക്തിയാണ് ആഷിക് അബു. അവയെല്ലാം വ്യക്തമായി ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ചുംബന രംഗങ്ങളുടെ മറയില്ലാത്ത ആവിഷ്കാരം കപട സദാചാരത്തിന്റെ പൊളിച്ചെഴുത്താണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ക്ക് ആ ചുംബനത്തില്‍ അശ്ലീലം എന്നൊന്ന് കാണാന്‍ കഴിയില്ല. അത് മജീദിന്റെയും സുഹ്റയുടെയും ചുംബനം പോലെ നിര്‍മ്മലമാണ്. മുസ്ലീങ്ങള്‍ക്കിടയിലെ കപട സദാചാര ബോധത്തെയും, ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലങ്ങു തടിയാകുന്ന സാമൂഹിക വ്യവസ്ഥിതിയെയും ചിത്രം പരിഹസിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ "sex is not a promise" എന്നു നടിയെക്കൊണ്ട് പറയിക്കുക വഴി സംവിധായകനും എഴുത്തുകാരും നമ്മുടെ സമൂഹത്തിലെ പലരുടെയും 'ദഹന വ്യവസ്ഥക്ക്' കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. പ്രീതി ഷിനോയ്‌ എന്ന എഴുത്തുകാരിയുടെ ഏറ്റവും പുതിയ പുസ്തകമായ 'A hundred little flames' എന്ന നോവലിലും നായിക സമാനമായ ഒരു സംഭാഷണം പറയുന്നത് കാണാം. കലാകാരന്മാർ തങ്ങളുടെ സൃഷ്ടികളിൽ ഇത്തരം ചിന്തകൾ പങ്ക് വെക്കുന്നത് സമൂഹത്തിൽ പുതിയ ചർച്ചകൾക്ക് വഴി വെക്കുന്നതാണ്. യാഥാസ്ഥിതികമായ ശീലങ്ങളും കാഴ്ചപ്പാടുകളും മാറ്റരുതെന്ന് ശാഠ്യം പിടിക്കുന്ന ഒരു കൂട്ടര്‍ സമൂഹത്തില്‍ വളര്‍ന്നു വരുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് എല്ലാം തന്നെ കൃത്യമായ വ്യക്തിത്വം ഉണ്ട്. ടോവിനോ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ മാത്തന്‍ ആയാലും ഐശ്വര്യ അവതരിപ്പിച്ച നായികാ കഥാപാത്രമായ അപര്‍ണ ആയാലും വെറും രണ്ടോ മൂന്നോ സീനില്‍ വന്നു പോകുന്ന സൌബിന്റെ കഥാപാത്രമായാല്‍ പോലും എല്ലാവര്‍ക്കും വ്യക്തമായ വ്യക്തിത്വം എഴുത്തുകാര്‍ നല്കിയിട്ടുണ്ട്. അതിനെ ജീവന്‍ ചോര്‍ന്ന് പോകാതെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ എല്ലാ അഭിനേതാക്കള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ടോവിനോ ഓരോ സിനിമ കഴിയുമ്പോഴും പക്വതയാര്‍ന്ന നടനിലേക്ക് നടന്നടുക്കുകയാണ്. മാത്തന്‍ എന്ന കഥാപാത്രം ടോവിനോയുടെ കയ്യില്‍ ഭദ്രമായിരുന്നു. ശരീരം കൊണ്ടും അഭിനയം കൊണ്ടും ആ കഥാപാത്രത്തിന് പൂര്‍ണ്ണത നല്കാന്‍ ടോവിനോക്ക് കഴിഞ്ഞിട്ടുണ്ട്. ക്ലൈമാക്സിലെ പ്രകടനം
ഹൃദ്യമായിരുന്നു. ആ നോട്ടം പ്രേക്ഷകന്റെ ഹൃദയത്തിലേക്കാണു തറഞ്ഞു കയറുന്നത്. ചിത്രം കഴിഞ്ഞും പ്രേക്ഷകനെ കുറച്ച് സമയം കൂടെ തിയ്യേറ്ററില്‍ അത് പിടിച്ചിരുത്തുന്നു.
അത്ഭുതപ്പെടുത്തിയത് ഐശ്വര്യ ആണ്. ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രം കണ്ടവരാരും ഐശ്വര്യയില്‍ നിന്നുമിങ്ങനെ ഒരു പ്രകടനം പ്രതീക്ഷിച്ചു കാണില്ല.ഐശ്വര്യ പൂര്‍ണമായും അപര്‍ണ്ണ എന്ന കഥാപാത്രമായി മാറി. അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീ കഥാപത്രമാണ് അപര്‍ണ്ണ. ഒരിടത്ത് പോലും അപര്‍ണ്ണ ആയുള്ള ഐശ്വര്യയുടെ പ്രകടനം മോശമായി തോന്നിയില്ല. ടോവിനോ-ഐശ്വര്യ എന്നിവര്‍ക്കിടയിലെ കെമിസ്ട്രിയും മനോഹരമായിരുന്നു. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ സന്ദര്ഭത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നതും ചിലതൊക്കെ ആക്ഷേപ ഹാസ്യ നിലവാരത്തിലുള്ളതും ആയിരുന്നു.
ക്യാമറയും സംഗീതവുമാണ് ചിത്രത്തിന് ജീവന്‍ നല്‍കുന്ന മറ്റ് രണ്ടു ഘടകങ്ങള്‍. ജയേഷ് മോഹന്റെ ക്യാമറ ചിത്രത്തിലെ ഓരോ ഫ്രെയ്മിനും ഒരു പുതുമ നല്കുന്നുണ്ട്. കൊച്ചിയുടെയും തമിഴ് നാടിന്റെയും ഭംഗി ഒപ്പിയെടുക്കാന്‍ ക്യാമറക്ക് കഴിഞ്ഞിട്ടുണ്ട്. പ്രണയം ചിത്രത്തില്‍ ആദ്യാവസാനം ഒരു നദി പോലെ ഒഴുകുകയായിരൂണെങ്കില്‍ അതിനെ പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ഒഴുക്കി വിടുകയാണ് റെക്സ് വിജയന്റെ സംഗീതം. ഷഹബാസ് അമന്റെ ആലാപനം കൂടെ ചേരുമ്പോള്‍ അത് പ്രേക്ഷകനെ പൂര്‍ണമായും പ്രണയത്തില്‍ ലയിപ്പിക്കുന്നു. പശ്ചാത്തല സംഗീതവും മികച്ചതായിരുന്നു. പ്രണയം എന്നത് എത്രയോ കാലമായി ചലച്ചിത്രങ്ങള്‍ക്ക് വിഷയമാകുന്നുണ്ട്. പക്ഷേ 
ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രണയത്തിന് ഇതുവരെ അവതരിപ്പിച്ചതല്ലാത്ത വേറെയും തലങ്ങള്‍ ബാക്കിയുണ്ടായിരുന്നെന്ന് തോന്നിപ്പോകും. ഒരു മലവെള്ളപ്പാച്ചില്‍ പോലെ ചടുലമല്ല ഇവിടെ പ്രണയം, അത് മന്ദം മന്ദം ഇരു കരകളെയും തഴുകിയുണര്‍ത്തി ഒരു നദിയായി ഒഴുകുകയാണ്.പ്രണയം ഇവിടെ പ്രതീക്ഷകളുടെയും കാത്തിരിപ്പിന്റെതുമാകുന്നു.
അവതരണത്തിലെ വേഗതയില്ലായ്മ തന്നെയാകും പലരെയും ചിത്രത്തില്‍ നിന്നും അകറ്റാന്‍ പോകുന്ന ഒരു ഘടകം. പക്ഷേ ആ വേഗത ചിത്രത്തിന് ഏറ്റവും യോജിച്ചത് തന്നെയാണെന്നാണ് തോന്നുന്നത്. വേറൊരു ഘടകം ആഷിക് അബു എന്ന വ്യക്തിയാണ്. വ്യക്തി ജീവിതം അദ്ദേഹത്തിന് സമ്മാനിച്ച ശത്രുക്കള്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും തങ്ങളാല്‍ കഴിയും വിധം പടത്തിനെ പരാജയത്തിലേക്ക് തള്ളി വിടാന്‍ ശ്രമിക്കുന്നുണ്ട്. ഇങ്ങനെ ഒന്ന് ഉണ്ടാകും എന്നറിഞ്ഞിട്ടും ഈ ചിത്രത്തിലും തന്റെ കാഴ്ചപ്പാടുകള്‍ക്ക് യാതൊരു വിട്ടു വീഴ്ചയും ചെയ്യാതെ തെറ്റുകളോടും തെറ്റുകാരോടും കലഹിക്കാന്‍ തന്നെയുള്ള ആഷികിന്റെ തീരുമാനത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.മായാനദി എന്നത് വെറുമൊരു പ്രണയ ചിത്രം മാത്രമല്ല, വര്‍ത്തമാന കാല സമൂഹത്തിന് വ്യക്തമായ ഒരു രാഷ്ട്രീയവും കാഴ്ചപ്പാടും അത് മുന്നോട്ട് വെക്കുന്നുണ്ട്. അതിനാല്‍ തന്നെ ചിത്രം കണ്ട് അതിന്റെ ഭാഗമായി മാറുക എന്നത് ഇന്നിന്റെ ഒരു ആവശ്യം തന്നെയാണ്.
തെളിനീരുള്ള നദിയിൽ ചെറുതണുപ്പുള്ളൊരു പുലർകാലത്ത് മുങ്ങിനിവർന്ന അനുഭൂതിയാണ് മായാനദി.മായാനദി 'കാണാനായി' ടിക്കറ്റ് എടുക്കാതിരിക്കുക, അത് 'അനുഭവിക്കാനായി' ടിക്കറ്റ് എടുക്കുക!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo