Showing posts with label KrishnakumarCherattu. Show all posts
Showing posts with label KrishnakumarCherattu. Show all posts

ശൂന്യതയുടെ രൂപം !!


പ്രവാസത്തിലെ വിരസമായ ആ ഒഴിവുദിനത്തില്‍, അയാള്‍ തന്‍റെ മൊബൈലില്‍ പാട്ടും കേട്ടങ്ങനെ കിടക്കുകയായിരുന്നു...

അപ്പോഴാണ്‌ സഹമുറിയന്‍ ബാലു വന്നയാളെ തോണ്ടിവിളിച്ചത്. "എന്താ??" എന്ന അര്‍ത്ഥത്തില്‍ നോക്കിയ അയാളോട് ബാലു ഇയര്‍ഫോണ്‍ ഊരാനാംഗ്യം കാണിച്ചു. അതൂരിമാറ്റിയ അയാളോടും, ഒപ്പം മറ്റു രണ്ടു റൂംമേറ്റ്സിനോടുമായിട്ട് ബാലു പറഞ്ഞു, "ദേ ഇന്ന് എന്‍റെ വക ഗംഭീര ചെലവാ ട്ടോ..."

കൂട്ടത്തില്‍ അയാളാണ് ചോദിച്ചത്, എന്താ കാര്യമെന്ന്...

ബാലു പറഞ്ഞു, "എടാ, എന്‍റെ മോന് എന്ട്രന്‍സിന് റാങ്ക് ഉണ്ടെടാ.... "

എല്ലാ മുഖങ്ങളും പ്രകാശപൂരിതമായി. അനന്തരം എല്ലാരും മക്കളെപ്പറ്റിയുള്ള തങ്ങളുടെ പ്രതീക്ഷകളേയും, അവരുടെ ഭാവി ശോഭനമാക്കുന്നതില്‍ തങ്ങള്‍ പാലിയ്ക്കേണ്ട നിഷ്ക്കര്‍ഷകളേയും പറ്റി വാചാലരായപ്പോള്‍, അയാള്‍ പതിയെ കുളിയ്ക്കാനുള്ള തന്‍റെ ഒരുക്കങ്ങളിലേയ്ക്ക് കടന്നു.

അപ്പോള്‍ ബാലു അയാള്‍ക്ക് നേരെ തിരിഞ്ഞു... "നിന്‍റെ മോന്‍റെ പ്ലാന്‍സ് എന്തൊക്കെയാടാ....??"

ഒരു നനുത്ത ചിരിയോടെ അയാള്‍ പറഞ്ഞു, "ബാലൂ, ന്‍റെ മോനൊന്ന് വീഴാതെ നടന്നുകാണാനും, മറ്റുള്ളവരെ ആശ്രയിയ്ക്കാതെ സ്വന്തം കാര്യങ്ങള്‍ ചെയ്തുകാണാനും, വാതോരാതെ സ്ഫുടമായെന്നോടു ഒന്നു സംസാരിച്ചുകാണാനും മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ, എന്നും... അതില്‍ക്കവിഞ്ഞൊരു മോഹവും പ്രതീക്ഷയും എനിക്കില്ലെടാ...."

അയാള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ആ സദസ്സാകെ മൂകമായി. കാരണം, അയാളുടെ മോന്‍റെ ശാരീരിക പരാധീനതകള്‍ നേരിട്ടറിയാവുന്നവര്‍ തന്നെയായിരുന്നല്ലോ അവര്‍ എന്നത് തന്നെ. തങ്ങളുടെ കാര്യങ്ങള്‍ സംസാരിയ്ക്കുന്നതിനിടയില്‍ ഒരു നിമിഷം അവരക്കാര്യം ഓര്‍ത്തില്ലായെന്നു മാത്രം. ഒരു പേരിട്ടുവിളിയ്ക്കാന്‍ പറ്റാത്ത തരത്തിലുള്ള ആ വികാരത്തില്‍ അവര്‍ക്കപ്പോള്‍ വന്നു ചേര്‍ന്ന ആ നിശബ്ദതയില്‍, അവര്‍ക്കാവശ്യമായത് തന്‍റെയൊരു സമാശ്വാസിപ്പിയ്ക്കലാണെന്ന് ബോദ്ധ്യമായതിനാല്‍ അയാള്‍ത്തന്നെ തുടര്‍ന്നു...

"അത് വിടെടാ, ഞാന്‍ വേഗം കുളിച്ചിട്ടുവരാം, നിന്നെക്കൊണ്ട് ഇന്ന് കൊറേ ചെലവ് ചെയ്യിപ്പിയ്ക്കാനുള്ളതാ...."

ഒരു പൊട്ടിച്ചിരിയോടെ ഇതും പറഞ്ഞ് അവരെ കടന്നയാള്‍ പോയപ്പോള്‍, അയാള്‍ വരുത്തിയ ആ ശൂന്യതയ്ക്ക് പോലും, ആ മുറിയില്‍ വ്യക്തമായൊരു രൂപമുണ്ടായിരുന്നു.

#krishnacheratt

ജല്ലിക്കെട്ട്


"പോത്ത്" ഒരു പ്രതീകമാണ്, വിവേകശൂന്യത കാണിയ്ക്കുന്ന മനുഷ്യനെ, പോത്ത് എന്ന് കളിയായും കാര്യമായും വിളിയ്ക്കാൻ തുടങ്ങിയിട്ട് നാളേറെയായിരിയ്ക്കുന്നു. "വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല" എന്നൊരു ചൊല്ലും ഉണ്ട്, നമുക്ക് സ്വന്തമായിട്ട്.
അറക്കാൻ നോക്കുന്നതിനിടയിൽ പ്രാണരക്ഷാർത്ഥം ഇറങ്ങിയോടുന്ന ഒരു പോത്തും, അതിനു പിന്നാലെ ഓടുന്നൊരു നാടും... ഇതാണീ ചിത്രത്തിന്റെ ഇതിവൃത്തം.
ഇറച്ചി വെട്ടുകാരൻ കാലൻ വർക്കി നാടിനു വേണ്ടപ്പെട്ടവനായിരുന്നു, പക്ഷെ ഒരു സുപ്രഭാതത്തിൽ അയാൾ, കുതറിയോടുന്ന ഒരു പോത്ത് വരുത്തിക്കൂട്ടുന്ന വിക്രിയകൾക്ക് സമാധാനം പറയേണ്ടവനാവുന്നു. ഓടി രക്ഷപ്പെട്ടില്ലായിരുന്നുവെങ്കിൽ, അന്നും പതിവുപോലെ നാട്ടിലെ തീൻമേശകളിലെ കൊതിയൂറും വിഭവമാകുമായിരുന്ന ആ പോത്ത്, സിറ്റുവേഷനൊന്നു മാറിയപ്പോൾ, വിളിയ്ക്കപ്പെടുന്നു, "നാശം"...
ഞായറാഴ്ച്ച പള്ളി കുർബാനയ്ക്ക് കേറുന്നവർ കിറ്റിലാക്കി മരക്കൊമ്പിൽ തൂക്കിയിടുന്നതും, തുളസിത്തറയിലൊന്നു തൊട്ടതിന് ഉച്ചത്തിൽ അശ്രീകരമായും പിന്നെ അടക്കിയ സ്വരത്തിൽ തേങ്ങാപ്പാൽ ചേർത്ത് തയ്യാറാക്കേണ്ടുന്ന വിഭവമായും മാറുന്നതും, എല്ലാം നേരത്തേ പറഞ്ഞ ഈ "നാശ"മാണ് കേട്ടോ...
പോത്തും ഈ ഭൂമിയുടെ അവകാശിയാണെന്നും അതൊരു പാവമല്ലേയെന്നുമൊക്കെ വേദാന്തം പറയുന്ന പോളേട്ടൻ തന്റെ താറുമാറായ തോട്ടം കണ്ട് നിമിഷ നേരത്തിനുള്ളിൽ അഭിപ്രായം മാറ്റുന്നതും, പള്ളിമേടയിൽ വച്ച് ഇറച്ചി വാങ്ങുന്ന സന്തോഷം, പള്ളിപ്പറമ്പ് അലങ്കോലപ്പെടുത്തിയ "പോത്തി"നോട് അച്ചന് തോന്നാത്തതും, നഷ്ടങ്ങൾ സംഭവിച്ച പാൽക്കാരനും ചായക്കടക്കാരനും രാഷ്ട്രീയപ്പാർട്ടിക്കാരനും എന്നു വേണ്ട നാട്ടുകാർക്ക് ഒട്ടുമുക്കാലും വർക്കിച്ചനൊരു ശത്രുവാകുന്നതും അയാളുടെ പിതൃക്കൾ വരെ സ്മരിയ്ക്കപ്പെടുന്നതുമായ; സാധാരണ ഒരു നാട്ടിൽ തികച്ചും സംഭവ്യമായ കാര്യങ്ങൾ എത്ര കൃത്യമായിട്ടാണ് സംവിധായകൻ ഒരു മുത്തുമാലയിലെന്ന പോലെ കൊരുത്തെടുത്തിരിയ്ക്കുന്നത്.
മകളുടെ ഒത്തു കല്ല്യാണ സദ്യ, പോത്തിറച്ചിയില്ലാതെ കേമമാകില്ലെന്ന ആശങ്കയാൽ കുര്യച്ചൻ രാത്രിയിൽ ഒരു ഓൾട്ടർനേറ്റീവ് ഓപ്ഷൻ മുന്നിൽക്കണ്ട് ഇറങ്ങിത്തിരിയ്ക്കുന്നത്, സദാചാരവാദികൾ ആഘോഷമാക്കുന്നതും, മകൾ ഒളിച്ചോടാൻ ശ്രമിച്ചു പരാജയപ്പെടുന്നതും, എല്ലാം നമുക്കു വളരെ പരിചിതമായ രീതിയിൽ, യാഥാർത്ഥ്യത്തിലൂന്നിയുള്ള ഫ്രെയിമുകളാക്കപ്പെട്ടിരിയ്ക്കുന്നു.
സോഫിയുടെ ശ്രദ്ധയാകർഷിയ്ക്കാൻ വേണ്ടി ആന്റണി ചെയ്തു തുടങ്ങുന്ന കുതന്ത്രങ്ങൾ, സ്വാർത്ഥ നേട്ടങ്ങൾക്ക് മനുഷ്യൻ ചെയ്തു പോയേക്കാവുന്ന കൃത്യങ്ങളുടെയെല്ലാം എക്സ്ട്രീം ആണെന്നു തന്നെ പറയേണ്ടി വരും. കുട്ടച്ചനെ ഒറ്റിയത്, പോത്തിനെ താൻ വീഴ്ത്തിയെന്ന അവകാശവാദം, നാടിനു ശല്ല്യമായിട്ടു പോലും പോത്തിനെ വെടിവെച്ചിടാൻ സമ്മതിയ്ക്കാത്തത്, സോഫിയെ വിശ്വസിപ്പിയ്ക്കൽ, അനാവശ്യമായി വാശി കാണിയ്ക്കൽ, ഇവയെല്ലാം ചേർത്തു വയ്ക്കുമ്പോൾ ആ പോത്ത് ഓടിയതുപോലും ഇയാളുടെ ഒരു ചെയ്തിയാണെന്ന് തോന്നിപ്പോവുന്നു.
"മനുഷ്യൻ രണ്ടു കാലിൽ ഓടുന്ന മൃഗമാണ്", എന്ന് സിനിമയ്ക്കകത്തു തന്നെ പരാമർശിയ്ക്കുന്നുണ്ട്. വിറളി പിടിച്ചോടുന്ന പോത്തിനേക്കാൾ വകതിരിവ് കുറഞ്ഞാണ് പലപ്പോഴും നമുക്ക് നമ്മുടെ പ്രതിനിധികളെ സിനിമയിൽ കാണാനായത്. "ജല്ലിക്കെട്ട്" മാതൃകയിൽ അതിനെ കീഴ്പ്പെടുത്തി, മറ്റുള്ളവരാൽ വാഴ്ത്തപ്പെടാൻ വേണ്ടി പായുന്ന ഒരു കൂട്ടം പ്രാകൃതരായ മനുഷ്യരെ സ്ക്രീനിൽ വളരെ സ്പഷ്ടമായി കാണാമായിരുന്നു. ഞാൻ അഥവാ ഞങ്ങൾ പിടിയ്ക്കും, ഞങ്ങൾക്കേ സാധിയ്ക്കൂ എന്ന് ഒറ്റയ്ക്കും തറ്റയ്ക്കും നിന്ന് പരസ്പരം ആക്രോശിയ്ക്കുകയും പോരടിയ്ക്കുകയും ചെയ്യുന്ന ജനക്കൂട്ടത്തെ കണ്ടപ്പോൾ, ശരിയ്ക്കുമൊരു ഭീതി കീഴ്പ്പെടുത്തുന്നതു പോലെ; ഇത്തരം സിറ്റുവേഷനുകളിൽ നമ്മളും ഇതുപോലാകുമോ പെരുമാറുക ???
"മനുഷ്യൻ ഒരു മൃഗമാവാൻ, വെറുമൊരു പോത്ത് വിചാരിച്ചാൽ മതി", എന്ന സന്ദേശം നല്കും വിധം, ശരീരമാസകലം മുറിവുകളുമായി ഇനിയോടാൻ വയ്യാത്ത വിധം ക്ഷീണിതനായി ഒരു ചതുപ്പിലിറങ്ങി നിന്നിരുന്ന ആ പോത്തിന്റെ ശരീരത്തിൽ ആഞ്ഞാഞ്ഞ് കുത്തിക്കൊണ്ട്, താനാണ് കുത്തിയത്, താനാണ് കുത്തിയത് എന്ന് പരസ്പരം ആക്രോശിച്ചും മല്ലടിച്ചും ഒരു മനുഷ്യ മലയായ് രൂപപ്പെടുന്ന ജനതയെ കാണിച്ചു കൊണ്ടൊരു Excellent Climax - ഉം സംവിധായകൻ നമുക്ക് തന്നിരിയ്ക്കുന്നു.
നമുക്ക് അങ്ങനെ ആകാതിരിയ്ക്കാൻ ശ്രമിയ്ക്കാം ല്ലേ ???
ചിത്രത്തിൽ കഥ വളരെ വിരളം, എന്നാൽ അത് പറഞ്ഞിരിക്കുന്ന രീതി, ഇന്നുവരെ ഒരു മലയാള സിനിമയിലും കാണാത്ത വിധം ക്യാമറ ചലിപ്പിച്ച്, ദൃശ്യ-ശ്രാവ്യ വിന്യാസങ്ങളുടെ കറയറ്റ ഒരു മേളനമായി, ഒരാസുരതാളത്തിൽ അവതരിപ്പിച്ചിരിയ്ക്കുന്നു.
ഗിരീഷ് ഗംഗാധരന്റെ ക്യാമറ പോകുന്ന വഴിയേ കണ്ണും മനസ്സും ഇറങ്ങിയങ്ങ് ഓടുകയായിരുന്നു, എത്ര മനോഹരമായിട്ടാണ് ഓരോ രംഗവും ചിത്രീകരിച്ചിരിയ്ക്കുന്നത്. സിനിമയുടെ കപ്പിത്താൻ, ലിജോ, എന്തു വർക്കാണെന്റിഷ്ടാ !!!!! അനുയോജ്യമായ കാസ്റ്റിങ് ആ ഏകോപനത്തിന്റെ ബ്രില്യൻസ് എടുത്തു കാട്ടുന്നു... ഇതൊരു റഫറൻസ് വർക്ക്പീസ് തന്നെയാണ്, മലയാള സിനിമയ്ക്ക്...
ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (Comment Box ൽ കൊടുത്തിട്ടുണ്ട്) ഒരുക്കിയ ഡിസൈനർ R. Mahesh പടത്തിന്റെ റിലീസിനു ഒരു മാസം മുന്നേ, ഹാർട്ട് അറ്റാക്കു മൂലം മരിച്ചിരുന്നു. വളരെ റിയലിസ്റ്റിക്കായി മാനുവൽ ഡിസൈനിങ് ചെയ്യുന്ന ഒരു രീതിയായിരുന്നുവത്രേ അങ്ങേരുടേത്. ഈ പോസ്റ്റർ മണ്ണുവച്ചു തന്നെ ബ്രഷ് ചെയ്യുകയായിരുന്നു എന്ന് മുന്നേ ഒരിക്കൽ വായിച്ചിട്ടുണ്ട്. മഹാനായ ആ കലാകാരനു മുന്നിൽ ശിരസ്സു നമിയ്ക്കുന്നു...
Hats off to, Lijo Jose Pellissery and the entire crews...

By Krishna Cherat

കുമ്പളങ്ങിനൈറ്റ്സ്

Image result for kumbalangi nights
കുമ്പളങ്ങിയിലെ സജിയുടെ കുടുംബത്തിന്റെ രാത്രികളെല്ലാം പകലുകളായി... ആശങ്കകൾ വിട്ടൊഴിഞ്ഞ മാനത്തിപ്പോൾ പരന്നൊഴുകുന്ന നിലാവ്, അവിടത്തെ കായൽപരപ്പിലേയ്ക്കും ഇനി തേരിറങ്ങിയേക്കാം.
അച്ഛൻ നല്ല പണിക്കാരനായിരുന്നുവെന്ന് അഭിപ്രായപ്പെടുന്ന സജിയേയും ബോബിയേയും കഥാകാരൻ നമുക്ക് കാട്ടിത്തരുമ്പോൾ, തനിക്കാഗ്രഹമുണ്ടായിട്ടും മറ്റുള്ളവരേപ്പോൽ പ്രാപ്തിയുള്ളവനാകാൻ പറ്റുന്നില്ലല്ലോയെന്ന കുറ്റബോധം ജീവിതത്തിലൊരിക്കലെങ്കിലും പേറിയിട്ടുള്ള, നമ്മിലെ നമ്മെ അറിയാതെ ഓർത്തു പോകും.
ചിരപരിചിതമായ അനിശ്ചിതത്വത്തിന്റെ ഇലയില്ലാമരത്തണലിൽ ആണു താനെന്ന ബോദ്ധ്യത്തിൽ, "നമ്മള് ചേരൂല്ല, താൻ രക്ഷപ്പെട്ട് പോയ്ക്കോ" എന്നു പറയേണ്ടി വരുന്ന ബോബിയുടെ നിസ്സഹായവസ്ഥയെ, ആത്മവിശ്വാസം പകർന്ന് മറികടത്തുന്ന ബേബിമാർ ഇന്നത്തെ സമൂഹത്തിൽ തുലോം കുറവാണ്.
ബേബി പകർന്ന കൈത്തിരി വെട്ടത്താൽ ബോബിയും, ഒന്നു കരയാൻ പോലുമാകാത്ത വിധം തന്റെ മനസ്സിന്റെ പണി പാളിയിരിയ്ക്ക്യാണ്, എന്നേറ്റു പറഞ്ഞ് ഡോക്ടറെ കെട്ടിപ്പിടിച്ച് കരഞ്ഞ് സജിയും, അവരുടെ കൈവിട്ട ജീവിതം ഒന്നിച്ച് കരയ്ക്കടുപ്പിയ്ക്കുന്ന രംഗങ്ങളെല്ലാം എത്ര അനായാസമാണ് കഥാകൃത്ത് നമ്മിലേയ്ക്ക് സന്നിവേശിപ്പിയ്ക്കുന്നത്.
അടുക്കും ചിട്ടയുമുള്ള, കൃത്യമായി ജോലിയ്ക്കു പോകുന്ന, തനിക്കു മാന്യമായ ഒരു പണിയുണ്ടെന്ന് ചിറ്റപ്പനെ ബോദ്ധ്യപ്പെടുത്തുന്ന, മര്യാദയോടെ സംസാരിയ്ക്കുകയും തന്നെക്കണ്ടു പഠിയ്ക്കൂ എന്ന് പറയാതെ പറയുകയും ചെയ്യുന്ന, അനാശാസ്യം നമ്മൾ വച്ചുപൊറുപ്പിയ്ക്കാൻ പാടില്ലയെന്ന് അമ്മയെ ഓർമ്മപ്പെടുത്തുന്ന, പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം നൽകുന്ന മോഡേൺ ഫാമിലി തന്നെയാണ് തന്റേതെന്ന് പറയുന്ന, താനൊരു complete man ആണെന്ന് സ്വയവും മറ്റുള്ളവരെ അതു സദാ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്ന, അതിനാൽത്തന്നെ മറ്റുള്ളവരെ അംഗീകരിയ്ക്കാൻ വൈമനസ്യം കാട്ടുന്ന, ഷമ്മിയാണ് നമ്മെ ശരിയ്ക്കും ഞെട്ടിയ്ക്കുന്നത്.
എന്ത് മനുഷ്യനാണിയാൾ എന്നു പറഞ്ഞ് നാം മൂക്കത്ത് വിരൽ വയ്ക്കുമ്പോൾ, നമുക്കുള്ളിലെ ഷമ്മിയെന്ന രോഗി ഒളിച്ചിരിയ്ക്കുകയാണ്‌, ഒരു സന്ദർഭത്തിനായി. ജീവിതത്തിലൊരിക്കൽ പോലും ഷമ്മിയുടെ മാനറിസം പേറാത്ത ഒരു പുരുഷൻ ഈ സമൂഹത്തിലുണ്ടാകുമെന്ന് എനിക്കഭിപ്രായമില്ല. ശ്യാം പുഷ്ക്കരന് നമ്മൾ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തുപോകും, ഇത്ര കൃത്യമായി നമ്മിലെ ഷമ്മിയെ, നമുക്കു പോലും നാണമാകും വിധം കാട്ടിത്തന്നതിന്...
Thanks to the entire team for this classic film...

Image may contain: 1 person, smiling

ഒറ്റയ്ക്ക് !!

Image may contain: 1 person, beard and closeup
"ജീവിതത്തിൽ ഒറ്റയ്ക്കാവണമെങ്കിൽ, നമ്മൾ ഒറ്റയാവണമെന്നില്ലാ സജീ, ഒരാൾക്കൂട്ടത്തിനു നടുവിൽ നിന്നാലും നമുക്കത് അനുഭവപ്പെടും..."
-- ചേച്ചീ, ഞാൻ ആത്മാർത്ഥമായിപ്പറയാ, എന്റൂടെ പോന്നൂടെ, ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം.
"അറിയാടാ എനിക്ക് നന്നായിട്ട്... എന്നെപ്പോലെ ഒരുവൾക്ക് അതൊന്നും വിധിച്ചിട്ടില്ലടാ, വിധിയ്ക്ക് പോലും വേണ്ടാത്ത ജന്മം ന്നൊക്കെ പറയില്ലേ, അതാ എന്റേത്... എന്റടുക്കലേക്കുള്ള ഈ വരവൊക്കെ നിർത്തി എന്റെ മോൻ ഒരു സുന്ദരിക്കുട്ടിയെ കല്യാണമൊക്കെ കഴിച്ച് സുഖമായിട്ട് ജീവിയ്ക്കണം. നിങ്ങളുടെ ജീവിതം ദൂരെ നിന്ന് നോക്കിക്കാണണം, അതേയുള്ളൂ എനിക്കാകെക്കൂടിയുള്ള ഒരു മോഹം."
തൻ്റെ മടിയിൽ കിടന്നിരുന്ന അവന്റെ ഇടതൂർന്ന മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് ആർദ്രതയോടവൾ പറഞ്ഞു,
-- നീയാണ്, ഞാനെന്റെ ജീവിതത്തിൽ കണ്ട ആദ്യത്തെ "ആണ് !!" എല്ലാർക്കും വേണ്ടതെന്റെ ദേഹം മാത്രമായിരുന്നു. കൂടെയുണ്ടാകുമെന്നു വിശ്വസിച്ചു കൂടെയിറങ്ങിച്ചെന്ന പെണ്ണിനെ, മോഹം തീർന്നപ്പോൾ ഉപേക്ഷിച്ചു പോയ എൻ്റെ ആദ്യപുരുഷൻ മുതൽക്കിങ്ങോട്ട്, നിമിഷസുഖം തേടി വന്ന ഏറ്റവുമൊടുവിലത്തോനടക്കം, ഒരുത്തനിലും ഞാൻ കണ്ടിട്ടില്ല, ഇന്നോളം ഒരാണിനെ. മണിക്കൂറുകൾ നീളുന്ന ഭോഗസുഖം തരുന്നവനാണ്, "ആണ്" എന്ന അവൻ്റെ വികലമായ കാഴ്ചപ്പാടിനൊരു മാറ്റവുമില്ല.
ഒരു പെണ്ണ് അവൻ്റെ പുരുഷനിൽ തേടുന്നത് ഒരാശ്രയമാണ്, ഒരു കൂട്ടാണ്. പുരുഷന്റെ സ്‌നേഹപ്രകടനം സ്ത്രീ പ്രതീക്ഷിയ്ക്കുന്നു. സ്‌നേഹത്തോടെയുള്ള ഒരു ചിരി, തലോടൽ, സാന്ത്വനം ഇതൊക്കെയാണവൾ ആഗ്രഹിയ്ക്കുന്നത്. തനിക്കു സ്‌നേഹവും സുരക്ഷിതത്വവും ആവോളം പകർന്നു തരുവാൻ‍ സാധിയ്ക്കുന്ന ഒരു പുരുഷനേ അവളുടെ മനസ്സിലിടമുണ്ടാവുകയുള്ളൂ. താൻ‍ സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലും ആ കരവലയത്തിനുള്ളിൽ താൻ സുരക്ഷിതയാണെന്ന വിശ്വാസവും, അവളിലെ ആത്മവിശ്വാസത്തിനു കരുത്തേകും.
അല്ല, എന്നെയൊക്കെ സ്നേഹിച്ചിട്ടെന്തിനാ ല്ലേ, സ്വന്തം ഭാര്യമാരെ "റേപ്" ചെയ്തു മടുക്കുമ്പോളാണല്ലോ, വെറൈറ്റിയ്ക്ക് വേണ്ടി എന്നെപ്പോലുള്ളോരെ തേടി വരുന്നതു തന്നെ; അവരെന്തിനാ ഇപ്പൊ എന്നെ സ്നേഹിയ്ക്കണേ...
ജീവിതത്തിലിന്നോളം കിട്ടാത്തൊരു വികാരം, അതാണെനിക്ക് "സ്നേഹം"...
എന്നാലും, ഞാനുമൊരു മനുഷ്യജീവിയല്ലേടാ, എനിക്കുമില്ലേ മോഹങ്ങൾ...
ആ കണ്ണുനീരാൽ മുറിവേറ്റ സജി എഴുന്നേറ്റിരുന്ന് അവളെ തൻ്റെ തോളോട് ചേർത്തു...
"എന്തിനാ, വെഷമിയ്ക്കണേ ചേച്ചീ... ചേച്ചിയ്ക്ക് ഞാനില്ലേ..."
-- വിതുമ്പിക്കൊണ്ടവൾ പറഞ്ഞു, എൻ്റെ ജീവിതത്തിൽ എൻ്റെ മടിക്കുത്തഴിയ്ക്കാത്തത് നീ മാത്രമാണെടാ, എന്നെക്കാൾ ഞാനിന്ന് വിശ്വസിയ്ക്കുന്നതും നിന്നെയാണ്. എനിക്കറിയാം, ഈ ലോകത്തൊരു പുരുഷനും നിന്നോളമെന്നെ സ്നേഹിയ്ക്കാൻ പറ്റില്ലെന്ന്. എന്നിട്ടും, ഞാൻ പറയുന്നു, എന്നെപ്പോലെ ഒരു ചീത്ത സ്ത്രീ നിനക്ക് പാടില്ല, നീയൊരുപാട് അർഹിയ്ക്കുന്നുണ്ട്....
"മതി, ഇനിയൊന്നും പറയണ്ട.." എന്നും പറഞ്ഞവൻ അവളുടെ ചുണ്ടിൽ അവൻ്റെ വിരൽ ചേർത്തു...
"ഒന്നും ഇങ്ങോട്ടു പറയണ്ട, പറയുന്നതങ്ങോട്ട് കേട്ടാൽ മതി.." സ്നേഹം നിറഞ്ഞ ഒരു കർശനമവനുതിർത്തു...
"നാളേക്കഴിഞ്ഞു ഞാൻ വരും, ഒരുങ്ങിയിരുന്നോണം... പുലർച്ചയ്ക്കുള്ള ബസിൽ നമുക്കീ നശിച്ച നാട്ടീന്നു പോണം... നമ്മെയറിയാത്ത, നമുക്കറിയാത്ത, ഒരു നാട്ടിൽ പോയി ഒന്നിച്ചു ജീവിയ്ക്കണം..."
എല്ലാം തീരുമാനിച്ചുറച്ച മട്ടിൽ ഒരു നറുചിരിയോടെയവൻ നോക്കിയപ്പോൾ, കണ്ണുകൾ തുടച്ചവൾ ശരിയെന്നു തലയാട്ടി.
ഇരുട്ടിലേയ്ക്ക് നടന്നു മറയുന്ന അവനിൽ നിന്നും, തൻ്റെ നോട്ടം പിൻവലിച്ച അവളുടെ മുഖത്തൊരു ദൃഢനിശ്ചയത്തിൻ്റെ അലയടികളപ്പോൾ കാണാമായിരുന്നു...
പിറ്റേന്നതേ മുറിയിൽ അതേ കിടക്കയിൽ ഒരു വശം വച്ച് നീണ്ടൊരു നിദ്രയിലാണ്ടു കിടക്കുമ്പോൾ, വിവരമറിഞ്ഞു പാഞ്ഞെത്തിയ അവനോട്, അവളുടെയാ ശാന്തമായ മുഖം പറയുന്നുണ്ടായിരുന്നു,
"ജീവിതത്തിൽ ഒറ്റയ്ക്കാവണമെങ്കിൽ, നമ്മൾ ഒറ്റയാവണമെന്നില്ലാ സജീ, ഒരാൾക്കൂട്ടത്തിനു നടുവിൽ നിന്നാലും നമുക്കത് അനുഭവപ്പെടും..."

തുടർക്കഥകൾ !!

Image may contain: 1 person, smiling, beard, selfie and closeup
മതിയെടീ, വാ വന്നു കെടക്ക്... രാവിലെ തൊടങ്ങീതല്ലേ...
സ്നേഹം നിറഞ്ഞ ആ ശാസന തനിക്കു തീരെ പരിചയമില്ലാത്തതിനാൽ, ട്രീസ ആകെയൊന്ന് അന്ധാളിച്ചു. നമുക്ക് തീരെ വിശ്വാസം വരാത്ത കാര്യങ്ങൾ നടന്നുകാണുമ്പോൾ സ്വയം ഉറക്കമുണർത്തുന്നതു പോലെ, തലയൊന്നു ശക്തിയിൽ കുടഞ്ഞ് അവളയാളെ നോക്കി; ചമ്മലു നിറഞ്ഞതെങ്കിലും ഒരു ചെറുപുഞ്ചിരിയായിരുന്നു അയാളുടെ മറുപടി.
അവൾ കഴുകിക്കൊണ്ടിരുന്ന പാത്രം ലേശം ബലം പിടിച്ചുതന്നെ അയാൾ വാങ്ങിച്ചെടുത്തു. അതിനെ സിങ്കിലേക്കു വച്ച്, അവൾക്കു പുറകിലായി നിന്നുകൊണ്ട് ഇരുവശത്തുകൂടെയും അവളുടെ കൈകളെ കവർന്നെടുത്ത്, ആ ടാപ്പിനടിയിൽ പിടിച്ച് സ്നേഹപൂർവ്വം കഴുകിയെടുത്തു. അവളയാളെത്തന്നെ ഉറ്റു നോക്കുകയായിരുന്നു. കൈകൾ തുടച്ചതവൾ സ്വയമായിരുന്നു.
പണികളൊഴിഞ്ഞ് കിടക്കുന്നേന് മുന്നേ ഒരു കുളി പതിവുള്ളതിനാൽ, അന്നും അവളതു തെറ്റിച്ചില്ല. അന്നേരവും അവൾ ചിന്തിച്ചതു മുഴുവൻ അയാളിലെ ഈ മാറ്റത്തെപ്പറ്റിയായിരുന്നു. കുളി കഴിഞ്ഞ് വാതിൽപ്പടി കടക്കുമ്പോൾത്തന്നെയുള്ള ആ ശ്വാസം മുട്ടിക്കുന്ന, മടുപ്പിക്കുന്ന ഇറുക്കിപ്പിടുത്തം ഇല്ലല്ലോയെന്നാശ്വസിച്ചു നോക്കുമ്പോളതാ, അയാളു പിന്നേം പുഞ്ചിരിച്ചോണ്ടിരിക്കുന്നു... ശ്ശെടാ, ഇയാൾക്കിതെന്നാ പറ്റി എന്നാലോചിച്ചപ്പോൾ തികട്ടി വന്ന പരിഹാസത്തോടെത്തന്നെ ചോദിച്ചു, "എന്താണ് ഒരു പ്രത്യേകസ്നേഹമൊക്കെ, സാധാരണ ഇങ്ങനൊന്നുമല്ലല്ലോ... ഇന്നലെ നിങ്ങളു ഒറ്റയ്ക്കുപോയി കണ്ട ഫിലിമിൽ ചോദിച്ച മാതിരി, ഇനിയെന്റെ കിഡ്നിയെങ്ങാനും ആവശ്യമുണ്ടോ ??"
അയാളൊന്നു ചിരിയ്ക്കാൻ ശ്രമിച്ചു...
ഡ്രെസിംഗ് ടേബിളിൽ മുടി കോതിക്കൊണ്ടു നിന്നപ്പോൾ, അയാൾ പിറകിലൂടെ വന്ന് കഴുത്തിലൂടെ ചുറ്റിപ്പിടിച്ച്, കണ്ണാടിയിൽ അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ടു പറഞ്ഞു, "ഈ കുറഞ്ഞ കാലം കൊണ്ട് ഞാൻ നിന്നെ ഒരുപാടു വെഷമിപ്പിച്ചിട്ടുണ്ട്, അറിയാം... ചെയ്തതിനൊക്കെയും മാപ്പർഹിയ്ക്കുന്നില്ലാന്നും അറിയാം... എന്നാലും ചോദിയ്ക്കാണ്, ഈയൊരു തവണത്തേയ്ക്കു കൂടി നിനക്കെന്നോട് ക്ഷമിച്ചു കൂടെ ??"
-- പാലിയ്ക്കപ്പെടുമെന്നുറപ്പില്ലാത്ത വിഷയങ്ങളിൽ തുടരെത്തുടരെയുള്ള ഈ ക്ഷമ ചോദിയ്ക്കലും, ക്ഷമിയ്ക്കലും ഒക്കെയൊരു പ്രഹസനമല്ലേ ജോർജ്ജേ...
"ട്രീസാ, ഇന്നുമുതൽ ഞാനൊരു പുതിയ മനുഷ്യനാണ്. നീയാഗ്രഹിയ്ക്കുന്ന ഒരു ജീവിതമായിരിയ്ക്കും ഇനി നമ്മുടേത്... ഐ ഡൂ റെസ്‌പെക്ട് മൈ ഗ്രെയ്റ്റ് ലേഡി, ട്രസ്റ്റ് മി..."
-- നിങ്ങൾ പുരുഷന്മാർ ഞങ്ങളെ ബഹുമാനിയ്‌ക്കേണ്ട കാര്യമൊന്നുമില്ല ജോർജ്ജേ... വേണ്ടത് പരിഗണനയാണ്, ഒരു സഹജീവിയോടുള്ള പരിഗണന, കുടുംബകാര്യങ്ങളിൽ ഞങ്ങളുടെ കൂടി അഭിപ്രായമാരായൽ, നിയന്ത്രണങ്ങളാൽ വരിഞ്ഞു മുറുക്കാതെ ഞങ്ങളുടേതായ സ്പേസ് തരിക, കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ നൽകാവുന്ന ചെറിയ ചെറിയ അഭിനന്ദനങ്ങൾ, പറ്റിയ വീഴ്ചകളിൽ കുറ്റപ്പെടുത്താതെയുള്ള ചേർത്തുപിടിയ്ക്കലുകൾ, വീണുപോയേക്കാവുന്ന സന്ദർഭങ്ങളിൽ കൈപിടിച്ചുള്ള തിരുത്തലുകൾ, അങ്ങനെയങ്ങനെ നൂറു കുഞ്ഞു കുഞ്ഞു കാര്യങ്ങളിലാടോ ഞങ്ങടെ സന്തോഷമിരിയ്ക്കുന്നേ. താൻ പ്രണയിക്കുന്ന,
വിശ്വസിക്കുന്ന, തന്നെ ജീവനായ ഒരുവൻ എന്നും കൂടെയുണ്ടാവും എന്ന തോന്നൽ തരുന്ന ഒരു വിശ്വാസമുണ്ട് ജോർജ്ജേ, അതിനോളം സുരക്ഷയൊന്നും ഈ ലോകത്തൊരു മിലിട്ടറി ഫോഴ്‌സിനും തരാൻ പറ്റില്ല. അല്ലാതെ താൻ എനിക്ക് വേണ്ടി, നമ്മുടെ കുടുംബത്തിനു വേണ്ടി മാത്രമാണ് ഈ കിടന്നു കഷ്ടപ്പെടുന്നത്, എന്തെല്ലാം വാങ്ങിത്തന്നാലും എവിടെയൊക്കെ കൊണ്ടോയാലും മുഖം തെളിയൂല്ലാ എന്നൊക്കെയുള്ള പല്ലവികളോ താൻ എനിക്കായി ചെയ്തുതരുന്നുവെന്നു കരുതുന്ന സുഖലോലുപതകളോ ഒന്നും, ഒന്നുംതന്നെ എന്നെ ഞാനായിരിക്കാൻ പ്രേരിപ്പിയ്ക്കില്ലെടോ. എൻ്റെ "ദി ബെസ്ററ്" ആയ ഒരു പെരുമാറ്റവും തനിക്കൊട്ടു കിട്ടുകയുമില്ല.
അയാളെ മറികടന്ന് ബെഡിനരികിലേയ്ക്ക് നടക്കുമ്പോഴും, പഴകി ദ്രവിച്ച ആ വാചകങ്ങൾ അവളുടെ കാതിൽ വന്നലയ്ക്കുന്നുണ്ടായിരുന്നു, "യു ട്രസ്റ്റ് മി ട്രീസാ, ഐ വിൽ നെവർ ലെറ്റ് യു ഡൗൺ..."

BY: Krishna Cherat

യു ടൂ ബ്രൂട്ടസ് !!

Image may contain: 1 person
വൈകീട്ടാണു മൂത്ത മോളുടെ പിറന്നാൾ ഫങ്ഷൻ വച്ചിരിയ്ക്കുന്നത്. പുറത്തുനിന്ന് ആരെയും വിളിച്ചിട്ടില്ല, കുടുംബക്കാർ മാത്രം. എന്നാൽത്തന്നെയും കുറച്ചധികം പേരുണ്ടാവും ഫങ്ഷന്. മോൾക്കാണെങ്കിൽ ശകലം ഹൈപ്പർ ആക്ടിവിറ്റി ഉള്ളതോണ്ട് വൈകീട്ട് അവൾ ഫ്രഷ് ആയിരിക്കാൻ നിർബന്ധമായി പിടിച്ചുകിടത്തി ഉറക്കുകയാണ്. ഉറക്കത്തിന് അലോസരം ഒന്നുമുണ്ടാവാതിരിക്കാൻ അയാൾ മോളെ ഇറുക്കി കെട്ടിപ്പിടിച്ചിരുന്നു. അവൾടെ അനിയത്തിയും അമ്മയും കൂടി മുകളിലെ മുറിയിൽ ഫങ്ഷന് ഇടാനുള്ള ഡ്രെസ്സൊക്കെ എടുത്തുവെക്കാനാ-ന്നും പറഞ്ഞു പോയിട്ടിപ്പോ മണിക്കൂറൊന്നാവുന്നു. അയാൾക്കാണെങ്കിൽ ദേഷ്യം വരുന്നുണ്ട്, സാധാരണ ഈ സമയത്തൊക്കെ അയാൾ സോഷ്യൽമീഡിയയിൽ ഒക്കെ ചുമ്മായിങ്ങനെ വ്യാപരിയ്ക്കാറുള്ളതാണ്, ഇന്നതിനൊന്നും സാധിയ്ക്കാത്തതിലുള്ള ഈർഷ്യ അയാളുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. അപ്പോഴാണ് പിറകിൽ കാൽപ്പെരുമാറ്റം, പാളിനോക്കിയപ്പോൾ കണ്ടു, അമ്മേം മോളും കൂടി ഒരേ നിറത്തിലുള്ള ഡ്രെസ്സൊക്കെ ഇട്ട്, അയ്യേ... ഒരുമാതിരി കോലംകെട്ടു നിൽക്കുന്നു, ഒപ്പം ഒരു ചോദ്യവും; "കലക്കീട്ടില്ലേ ഷമ്മിച്ചേട്ടാ ??"
ഉണ്ടായിരുന്ന കലി മൊത്തം അയാൾ എടുത്തങ്ങിട്ടു, "നിനക്കെന്താണ് സിനീ, നീയെന്താ കൊച്ചു കുട്ടിയാണോ... പിള്ളാരുമായി മാച്ചു മാച്ച് ഡ്രെസ്സൊക്കെയിടാൻ, ഇതൊക്കെ എന്തൊരു ബോറാണെന്നറിയോ...??"
ഒച്ചതാഴ്ത്തി പല്ലിറുമ്മിക്കൊണ്ടാണ് അയാളിതു പറഞ്ഞതെങ്കിലും, പല്ലിറുമ്മലും ഒച്ച താഴ്ത്തലും തമ്മിൽ വിചാരിച്ചത്ര സിങ്കായില്ല, ഫലമോ ഉറക്കത്തിലായിരുന്ന മോളുണർന്നു. പിന്നെപ്പറയണ്ടല്ലോ, സീൻ മൊത്തം കോൺട്രയായി. ഒരുങ്ങിയതല്ല, റിഹേഴ്‌സൽ നോക്കിയതാണെന്നു പറഞ്ഞിട്ടൊന്നും അവളു കൂട്ടാക്കുന്നില്ല, ഭയങ്കര കരച്ചിലായി, അവൾക്കും അതുപോലെ ഒരുങ്ങണമെന്ന വാശിയായി... എല്ലാംകൊണ്ടും അൺകൺട്രോളബിൾ സിറ്റുവേഷൻ. ഒച്ചപ്പാടുകൾ നിറഞ്ഞ ഒരു ശാന്തത, എന്നൊക്കെ വേണമെങ്കിൽ പറയാം…
ഒന്നും രണ്ടും പിന്നെ മൂന്നും നാലുമൊക്കെ പറഞ്ഞ് അയാളും ഭാര്യയും തമ്മിൽ മുട്ടൻ വഴക്കായി. ഇതിനേക്കാൾ നിസ്സാരപ്രശ്നങ്ങൾക്ക് പോലും "ദി വെരി സീരിയസ്" ആവുകയും പൊട്ടിത്തെറിക്കുകയും ചെയ്യുകയെന്നത് അയാൾടെ സ്വഭാവമാണ്. അത്രയ്ക്ക് വരില്ലേലും ഏകദേശം അതേ സ്വഭാവം തന്നെയുള്ള ഭാര്യയും കൂടി ചേരുമ്പോൾ, ആഹ... ആഹഹാ... ഇപ്പൊ കേൾക്കാം അയാൾടെ സ്വന്തം അമ്മേടെ ഡയലോഗ്...
ദേ ഇപ്പൊ അങ്ങ് വിചാരിച്ചതേയുള്ളൂ, അപ്പോഴേക്കും അമ്മ മൊഴിഞ്ഞു, "ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്, ഇവർക്ക് വഴക്കിടാൻ ആരേലും കൈവെഷം കൊടത്തുണ്ടോ ആവോ, ന്റെ മാതാവേ, ഇപ്പൊ പറയും ചെക്കൻ, ഈ നശിച്ച വീട്ടീന്നങ്ങ് ഇറങ്ങിപ്പോയാലോ-ന്ന്..."
പറഞ്ഞുതീർന്നില്ല, ദാ മുഴക്കുന്നു ഇറങ്ങിപ്പോക്ക് ഭീഷണി... "എടാ ചെറുക്കാ, പറയുന്നതൊക്കെ കൊള്ളാം, കഴിഞ്ഞ തവണത്തെപ്പോലെ ഇവിടന്നിറങ്ങീട്ട് എന്റാങ്ങളേടെ അവടെക്ക് പോവാൻ നിക്കണ്ടാ, അവര് വേളാങ്കണ്ണീപ്പോയേക്കാ"
മനസ്സിൽ വെട്ടിയ വെള്ളിടി അയാൾ പുറത്തുകാണിച്ചില്ല. ചവിട്ടിത്തുള്ളി, ഡ്രെസെടുക്കാൻ അലമാര വലിച്ചു തുറന്നു… ഇന്നലെ വരെ നല്ല രീതിയിൽ അടുക്കി വച്ചിരുന്ന തന്റെ സ്വന്തം അലമാര, സഹധർമ്മിണിയുടേയും പിള്ളാരടേം ഡ്രെസുകൾ കൊണ്ടു നിറഞ്ഞു തുളുമ്പിയിരിക്കുന്നു. അയാൾടെയാ പകപ്പു നിറഞ്ഞ സന്ദർഭത്തിന്റെ ആശയം അവളങ്ങു വ്യക്തമാക്കി, “ഞങ്ങടലമാരേടെ വാതിലെളകീത് ശര്യാക്കാത്തപ്പോ ആലോയിക്കണാർന്നു, കണക്കായിപ്പോയി….“
"എടീ പ്രേതമേ..." എന്ന സംബോധനയിൽ, "ദേ മനുഷ്യാ, പ്രേതം നിങ്ങടെ .... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ...." പ്രിയതമേ എന്ന വാക്ക് പല്ലിറുമ്മലിൽ ലോപിച്ച് "പ്രേതമേ..." എന്നായിപ്പോയതാ-ന്ന് ഇവളെയെങ്ങനെപ്പറഞ്ഞു മനസ്സിലാക്കും, എന്നോർത്തപ്പോഴേക്കും അയാളറിയാതങ്ങു കൈ കൂപ്പി പോവുകയായിരുന്നു. ചിരി പൊട്ടിയെങ്കിലും, പുറമെ കാണിക്കാതെ, ശക്തമായി വിരലു ചൂണ്ടി കണ്ണുരുട്ടിക്കൊണ്ടവൾ, "അന്ത ഭയം ഇരുക്കട്ടും, ജാഗ്രതൈ ...." തൻ്റെ തുണികൾ എടുക്കാനായിട്ടു അലമാരേല് കൈ കടക്കുന്നില്ലല്ലോന്നു പരാതിപ്പെട്ടപ്പോ അവളു പറഞ്ഞു, "കൈയെങ്ങാൻ കടന്നിരുന്നേൽ എൻ്റെ രണ്ടു ചുരിദാറു കൂടി ഞാനങ്ങു തിരുകില്ലാരുന്നോ മനുഷ്യാ ??"
അവൾടെ ഒരു ചുരിദാറ് എന്ന മട്ടിൽ, ചുണ്ടു കോട്ടിക്കൊണ്ട് അയാൾ തന്റെ കർത്തവ്യത്തിലേക്ക് കടന്നു. തക്കസമയത്ത് ബാഗൊന്നും കയ്യിൽ കിട്ടാഞ്ഞതു കൊണ്ടും, വേഗമാ മുറിയിൽ നിന്നും നിഷ്ക്രമിക്കണമെന്നുള്ളതു കൊണ്ടും, ഒരു മുണ്ടു വിരിച്ച് അതിൽ കുറച്ചു ഡ്രെസുകൾ ഝടുതിയിൽ വാരിക്കെട്ടിയെടുക്കുകയായിരുന്നു. അതുകണ്ട് അമ്മ, "ഇവനലക്കും തൊടങ്ങ്യോ, ഇപ്പോഴാണേൽ നല്ല അലക്കുകാരെയൊട്ടു കിട്ടാനുമില്ല, ഇതങ്ങൊരു തൊഴിലുമാക്കാം, കയ്യിലു പത്തു കാശുമാവും..." എന്നു വിധിച്ചു.. നിസ്സഹായതയോടെ "അമ്മേ...." (ഏതോ പടത്തിൽ ദിലീപ്.jpg)... എന്നു വിളിച്ച്, വാതിൽ കടക്കാൻ നേരം, "നിന്നെ ഞാൻ കാണിച്ചു തരാടീ"-ന്നും പറഞ്ഞു രൂക്ഷമായവളെ ഒന്നു നോക്കിയതാ, എന്താ സംഭവിച്ചേന്ന് മനസ്സിലാവണേന് മുന്നേ തളത്തിൽ നെഞ്ചും തല്ലി വീഴുകയും പുറകെ മൂന്നും മൂന്നും ആറു ചുരുട്ടിയ കൈകൾ പുറത്തു വന്നു പതിയ്ക്കുകയുമായിരുന്നു.
പിന്നെപ്പിന്നെ ഇടിയുടെ ആക്കം കൊറഞ്ഞു, നനുത്ത അടികളായി, പിന്നത് തലോടലായി, പൊട്ടിച്ചിരികളായി, കളിയാക്കലുകളായി... ശേഷം, നാലുപേരും കൂടി കെട്ടിയമർന്നിരുന്നപ്പോ അയാള് ചോദിച്ചു, "അതെന്താ അമ്മേ, ഞാൻ ദേഷ്യപ്പെട്ടപ്പോ അമ്മ മാത്രം എന്നെ അടിയ്ക്കാഞ്ഞത്, മ്മള് കഴിഞ്ഞ തവണ ധാരണയിലെത്തിയതല്ലേ, ഇത്തരം സാഹചര്യങ്ങളിൽ ഈ നശിച്ച ദേഷ്യം ഒന്നു മാറിക്കിട്ടാൻ വേണ്ടി, എന്നെ എല്ലാരും ചേർന്നങ്ങ് എടുത്തിട്ടടിക്കാമെന്ന്, എന്നോടുള്ള ഇഷ്ടം കൊണ്ടാവും ല്ലേ...??"
"ഓ അതൊന്നുമല്ലെട ചെറുക്കാ, പഴയതുപോലെ കുനിഞ്ഞൊന്നും ചെയ്യാൻ വയ്യെടാ, പ്രായായില്ലേ...."
-- "അമ്മേ...... യു ടൂ ബ്രൂട്ടസ്..."

ധാർമ്മികതയില്ലാതാവുമ്പോൾ !!

Image may contain: 1 person
അവജ്ഞ നിറഞ്ഞ നോട്ടങ്ങൾ കൊത്തിപ്പറിയ്ക്കുമ്പോൾ, ആ അച്ഛനുമമ്മയും തങ്ങളുടെ ഇരുപതുകാരൻ മകനെ വീൽചെയറിൽ നിന്നും കാറിലേക്ക് കയറുവാൻ സഹായിക്കുകയായിരുന്നു. വഷളത്തരം നിറഞ്ഞ കമന്റുകൾ ശരീരവും കടന്ന് മനസ്സിൽ തറയ്ക്കുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഭർത്താവ് അവരെ ചേർത്തുപിടിച്ചു കൊണ്ട് പുഞ്ചിരിയ്ക്കാൻ ശ്രമിച്ചു. അപ്പോഴും കാറിലിരുന്നാ മകൻ, വികൃതസ്വരങ്ങൾ പുറപ്പെടുവിക്കുകയും വികലമായ ആംഗ്യങ്ങളാൽ എന്തൊക്കെയോ ഗോഷ്ടികൾ കാണിച്ചുകൊണ്ട് ഇരിക്കുകയുമായിരുന്നു.
സെറിബ്രൽ പാൽസി എന്ന ഓമനപ്പേരിനു പുറകിലെ ഭീകരമായ മനുഷ്യാവസ്‌ഥയെ വാക്കുകളാൽ വരച്ചിടുക എളുപ്പമല്ല. ഒരു സാധാരണ മനുഷ്യജീവിയുടെ എല്ലാ വികാരവിചാരങ്ങളും, പ്രായത്തിനൊത്ത ശാരീരികവളർച്ചയും, ബുദ്ധിവൈഭവവും എല്ലാമുള്ളവർ; എന്നാൽ സാധാരണ മനുഷ്യരെപ്പോലെ ജീവിയ്ക്കുന്നതിനുള്ള വിദൂരസാദ്ധ്യത പോലുമില്ലാത്തവർ. ഏതൊരു പ്രവൃത്തിക്കും കൃത്യമായ പരിശീലനങ്ങളും വേണ്ടപ്പെട്ടവരുടെ ശരിയായ പരിപാലനങ്ങളും ജീവിതകാലം മുഴുവൻ വേണ്ടവർ.
ഇവിടെയാ മകന്റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നതാ പിതാവായിരുന്നു. അവനൊരു പതിനാലു വയസ്സൊക്കെ ആയപ്പോഴായിരുന്നു അവരതു മനസ്സിലാക്കിയത്, ടിവിയിലും മറ്റുമൊക്കെ കാണുന്ന റൊമാന്റിക് സീനുകൾ അവനിലുണ്ടാക്കുന്ന ആന്തരിക പ്രതികരണങ്ങൾ സ്ഥലകാലഭേദമില്ലാതെ അവൻ പ്രകടിപ്പിയ്ക്കാൻ തുടങ്ങിയെന്നത്. ജീവശാസ്ത്രപരമായ ചോദനകളാണെങ്കിലും, മറകൾ വേണ്ടതായ കാര്യങ്ങൾ മറയില്ലാതെ കാണേണ്ടി വരുന്നതെത്ര വേദനയുള്ള കാര്യമാണെന്ന് അനുഭവത്തിൽ വരുമ്പോഴല്ലേ മനസ്സിലാവുക. അങ്ങനെയാണ് അയാൾ, അവനിൽ പ്രകൃത്യാലുണ്ടാവുന്ന ഇത്തരം ചോദനകളെ താനായിട്ട് ശമിപ്പിച്ചു കൊടുക്കണം എന്ന തീരുമാനത്തിലെത്തുന്നതും. സ്വന്തം ചേട്ടനെപ്പോലെ കരുതിയിട്ടായിരുന്നു അന്നൊരിക്കൽ തൻ്റെ വീട്ടുടമസ്ഥനോടയാൾ ഈ ആത്മസംഘർഷത്തെക്കുറിച്ചു പറയുന്നത്. ഒടുക്കം അയാളിലൂടെ ഇക്കാര്യം ആ നാടു മൊത്തം അറിഞ്ഞതും, "ഈ വക വൃത്തികേടുകൾ" ഈ വീട്ടിലും നാട്ടിലും പറ്റില്ല എന്ന ഏകസ്വരം ഉയർന്നതും. അശ്ലീലച്ചുവയുള്ള പ്രയോഗങ്ങൾ ഭാര്യയ്ക്ക് നേരെ ചെന്നതോടെ അവിടം വിടുക എന്ന തീരുമാനത്തിൽ, അവരെത്തുകയായിരുന്നു.
ഭിന്നശേഷിക്കാരായ ഇത്തരം കുട്ടികളുടെ മാതാപിതാക്കൾ അനുഭവിയ്ക്കുന്ന ആത്മസംഘർഷങ്ങളിൽ ഒരു തണലായില്ലെങ്കിലും, അവരെ ഉപദ്രവിക്കാതിരിക്കുകയെങ്കിലും വേണമെന്നത് നമ്മുടെ സമൂഹം എന്നു മനസ്സിലാക്കുമോ എന്തോ ???

പുണ്യം !!

Image may contain: 1 person, selfie, closeup and outdoor
========
ചിറകു തളർന്നു നീയെന്നരികിൽ വന്നപ്പോൾ
സമയവും കാലവും നോക്കാതഭയമേകി ഞാൻ,
നിന്റെ പൊട്ടിച്ചിരികൾക്കു കാതോർത്തിടവേ
എൻ്റെ സമയവും കാലവുമെല്ലാം നീയായ് മാറി
കൂടണയുവാൻ നിബന്ധനകൾ വയ്ക്കാതെയീ
വിഹായസ്സിൽ, ഉയർന്നു പറക്കുവാനനുവദിച്ചു
ഞാൻ നിന്നിടുമ്പോഴും, ചുറ്റിവരും കാറ്റിനോടു
ചൊല്ലിവിടുമായിരുന്നു നിന്നെ തിരക്കി വരാൻ
നീ തിരികെ വരുവോളം വേപഥു പൂണ്ട മനസ്സു-
മായുരുകിയപ്പോൾ ഞാനന്നറിയുകയായിരുന്നു
നിന്നെക്കാണാതുരിയാടാതെ വയ്യെനിക്കൊരു
നിമിഷവും, എന്ന ജ്വലിയ്ക്കുന്ന യാഥാർത്ഥ്യം
നിന്നിലന്തർലീനമാമെന്നുടെ അരികുകളെ
നിർണ്ണയിപ്പതോ തിരിച്ചെടുപ്പതോ അസാദ്ധ്യ-
മെന്നു ഞാനും, എന്നോളം നിനക്ക് ഞാൻ മാത്ര-
മേയുള്ളൂവെന്നു നീയും, പറയാതെ പറഞ്ഞു
എന്നാത്മശിഖരത്തിൽ നീ കൂടൊരുക്കുമ്പോൾ
ഏറെ ശുഷ്കമായിരുന്നെൻ വേരുകൾക്കിന്നിതാ
നവ ജീവൻ കൈവന്നിരിയ്ക്കുന്നു, ഒപ്പമൊരു
മാമ്പഴക്കാലത്തിനു തുടിയ്ക്കുന്നെന്നുള്ളവും !

BY Krishna Cherat

തനിപകർപ്പ് !!

Image may contain: 2 people, people smiling, selfie and closeup

അയാൾ കണ്ണുകളടച്ചുനിന്ന് ആ മുറിയിൽ ചൂഴ്ന്നുനിന്നിരുന്ന ഗന്ധം നുകരുവാൻ ശ്രമിയ്ക്കുകയായിരുന്നു, അപ്പോഴാണ് പുറകിൽ അമ്മയുടെ കാൽപ്പെരുമാറ്റം, ഒപ്പം ഇടറിയ സ്വരവും; “മോനേ സേതു, നീ വന്നതല്ലേയുള്ളൂ… കുളിച്ചെന്തേലും കഴിയ്ക്കാദ്യം…”
മറുപടിയായി, അയാളൊന്നു മൂളുക മാത്രം ചെയ്തു…
അയാളാ മുറിയൊട്ടാകെ കണ്ണുകൾ കൊണ്ടു പരതുകയായിരുന്നു, താൻ തേടുന്നതവിടെയില്ലെന്ന് ഉറപ്പായിരുന്നിട്ടു കൂടി… അഴയിൽ തൂങ്ങുന്ന കാവിമുണ്ടും ഷർട്ടും, അതിനോടൊട്ടിക്കിടക്കുന്ന കാലൻകുടയും, വിരിച്ചിട്ട കിടക്കയും, കട്ടിലിനു കീഴെയായി ആധാരപ്പെട്ടിയും, വായിച്ചു തീർന്നതും വായിയ്ക്കാനുള്ളതുമായ ഒരുപാടു പുസ്തകങ്ങൾ കൃത്യമായടുക്കിവെച്ച ചുമരലമാരിയും, അതിന്റെയൊരു കോണിലെ അയ്യപ്പസ്വാമിയുടെ ഫോട്ടോയുടെ മുന്നിൽ അഴിച്ചു വച്ച രക്തചന്ദനമാലയും വാച്ചും കണ്ണടയും എല്ലാം നോക്കിയെത്തിയപ്പോഴേയ്ക്കും മിഴിക്കോണിൽ നനവു പടർന്നു തുടങ്ങിയിരുന്നു.
തൊട്ടടുക്കലിരുന്നിരുന്ന മൊമെന്റോ-ഷീൽഡിൽ കണ്ണുകളുടക്കിയത് സ്വാഭാവികം, കർമ്മരംഗത്തെ സമസ്തസംഭാവനയ്ക്ക് ദേശസ്നേഹികളെല്ലാം ഒത്തുകൂടി സമ്മാനിച്ചത്.... ഏറെ ആദരം അർഹിയ്ക്കുകയും അതേറെ ആഗ്രഹിയ്ക്കുകയും ചെയ്തിരുന്ന ആ മനസ്സ്, അന്നതേറ്റുവാങ്ങിയപ്പോൾ എന്തു മാത്രം നിറഞ്ഞുതുളുമ്പിയിരിയ്ക്കുമെന്ന് അയാൾക്ക് ഊഹിയ്ക്കാൻ പറ്റുന്നുണ്ടായിരുന്നു. അന്നത് നേരിൽ കാണുവാൻ ഈ ഭാഗ്യദോഷിയ്ക്ക് സാധിച്ചില്ലല്ലോയെന്നു കൂടിയോർത്തപ്പോൾ, അയാൾക്ക് തൻ്റെ കണ്ണുനീരിനെ തടുക്കാനായില്ല. ഒന്നും മനപ്പൂർവ്വമായിരുന്നില്ല, ജോലിസംബന്ധമായ സ്വാഭാവികത്തിരക്കുകൾ മാത്രം.
കഴിഞ്ഞതവണ ലീവിൽ വന്നപ്പോൾ തന്നോടു പറയുകയുണ്ടായി, ശാരീരികക്ഷീണമുള്ളതിനാൽ പുറത്തോട്ടിറങ്ങി സുഹൃത്തുക്കളോടൊക്കെ ഒന്നിടപഴകാൻ സാധിയ്ക്കാത്തതിനാൽ, വളർന്നുവരുന്ന ഒറ്റപ്പെടലിന്റെ വേരുകളെപ്പറ്റി. അന്നു താനതിനൊരു പോംവഴിയായി നിർദ്ദേശിച്ചപ്പോഴും തീരെ കരുതിയിരുന്നില്ല, ഒരിയ്ക്കൽ നിർത്തിവച്ചിരുന്ന ഭക്തിഗാനങ്ങളെഴുതുന്ന ആ പഴയ പതിവ്, വീണ്ടും തുടങ്ങുമെന്ന്. അങ്ങനെ ആ തിരക്കുകളുമായിട്ടൊക്കെയൊന്ന് ഊർജ്ജസ്വലമായി വന്നതായിരുന്നു....
അറുപതാം വയസ്സെന്ന വാർദ്ധക്യകാലം നാമം ചൊല്ലി ഒതുങ്ങി ജീവിയ്ക്കാനുള്ള ഒന്നല്ല, എന്ന് ഉറപ്പിച്ചമാതിരിയായിരുന്നല്ലോ പതിനഞ്ചു വർഷം മുമ്പ്, താനേ നേടിയെടുത്ത കംപ്യൂട്ടർ വൈദഗ്ധ്യം. എടുക്കുന്ന ഏതു തൊഴിലിലും ഒരു തികഞ്ഞ പെർഫെക്ഷനിസ്റ്റിനെ കാട്ടിത്തരുമായിരുന്ന ആ പ്രകൃതത്തിനോടെന്നും, തനിയ്ക്കാരാധനയായിരുന്നു. പക്ഷെ ആശുപത്രിക്കിടക്കയിൽ വച്ചാ രൂപം, അവസാനമായൊന്നു കാണുവാൻ പോലും സാധിയ്ക്കാതെ വിസാസംബന്ധിയായ കുരുക്കുകളിൽ കിടന്നുഴലുമ്പോൾ, അയാളന്ന് ഉള്ളുരുകി പ്രാർത്ഥിയ്ക്കുകയായിരുന്നു, തന്നെ ശപിയ്ക്കരുതേയെന്ന്….
ആരവമൊഴിഞ്ഞ അരങ്ങുപോലെ, ശൂന്യത തളംകെട്ടി നിന്നിരുന്ന ആ മേശപ്പുറം ഒരു കാലഘട്ടത്തിന്റെ തന്നെ അവസാനമാണെന്നാണോ വിളിച്ചോതുന്നത് ? അറിയില്ല…. മരണമെന്നത് അനിവാര്യതയാണെന്ന് സ്വയമറിയാമെങ്കിലും, ഒരിയ്‌ക്കൽക്കൂടി തിരിച്ചുതന്നിരുന്നെങ്കിൽ എന്നു നാമാശിച്ചുപോവുന്ന സന്ദർഭങ്ങൾ നമുക്കോരോരുത്തർക്കുമുണ്ടാവുമല്ലോ…. അത്തരമൊരു അവസ്ഥയുടെ പ്രതിനിധിയായി അയാളാ കംപ്യൂട്ടർ മോണിറ്ററിനരികെയിരുന്നിരുന്ന പ്രിന്ററിനെയൊന്നു തൊട്ടു തലോടി. ഭാവനകൾക്ക് ചിറകു വിരിയിച്ചു പറക്കാൻ ഒരു നെല്ലിട മതിയാകും എന്ന് തെളിയിച്ചു തന്ന, ആ പഴയ യന്ത്രം.
അതെ, എൻ്റെയച്ഛന്റെ പ്രിന്റർ…. അച്ഛന്റെ വികാരവിചാരങ്ങളെ കഴിഞ്ഞ പതിനഞ്ചുവർഷക്കാലം പകർത്തിയവൻ. അച്ഛന്റെ ശരി തെറ്റുകളെ വേർതിരിയ്ക്കാതെ, ചോദ്യം ചെയ്യാതെ, തന്നെയേൽപ്പിയ്ക്കുന്ന ജോലികൾ പരിഭവമില്ലാതെ എന്നും, ചെയ്തുപോന്നവൻ. തൻ്റെ ഹൃദയരക്തം പകർന്ന് അച്ഛന് സദാ അക്ഷരങ്ങളാൽ അഞ്ജലിയർപ്പിച്ചിരുന്നവൻ. അർഹതപ്പെട്ട അംഗീകാരം തനിക്ക് കിട്ടിയിട്ടില്ല എന്ന അച്ഛന്റെ നിത്യദുഃഖത്തിന്, എന്നും അകമ്പടിയായിരുന്നവൻ....
അച്ചടിയ്ക്കാനുള്ള രചനകൾ പേറിയിരുന്ന കടലാസുകളും, അച്ചടിച്ച ബുക്കുകളിൽ വിരാജിച്ചിരുന്ന കാവ്യശകലങ്ങളും മുന്നിലില്ലാതിരുന്നിട്ടും പഴയ പ്രതാപം വിടാതെയവൻ തനിക്ക് നേരെ പുഞ്ചിരിയ്ക്കുന്നതായി, അയാൾക്കു തോന്നി. പ്രായം തളർത്താത്ത അവൻ്റെ തലയെടുപ്പിനെപ്പറ്റി ചിന്തിച്ചപ്പോൾ, മരിക്കുന്നതിന്റെ വളരെയടുത്ത ദിനങ്ങളിൽ സംഭാഷണവിഷയമായിരുന്ന അവന്റെ പ്രവർത്തന-വിഷമതകൾക്ക് പരിഹാരമായി, നമുക്ക് വേറെ വാങ്ങാമെന്നു പറഞ്ഞതിന്; പറ്റില്ലാ, റിപ്പയർ ചെയ്താ മതീ-ന്ന് അച്ഛൻ ശഠിച്ചതും എല്ലാമയാളപ്പോൾ ഓർത്തു...
തന്റെയച്ഛനെ പകർത്തുന്നതിന് തന്നെക്കാളധികം ഭാഗ്യം സിദ്ധിച്ച അഥവാ അച്ഛന്റെ “തനിപകർപ്പാ”യ ആ യന്ത്രത്തെ അയാളപ്പോൾ, വല്ലാത്തൊരു വികാരവായ്പ്പോടെ തഴുകിക്കൊണ്ടു മന്ത്രിച്ചു, "നീ ഇവിടെത്തന്നെയുണ്ടാവും കേട്ടോ...എന്നും…"
കൃഷ്ണകുമാർ ചെറാട്ട്
#krishnacheratt

ശൂന്യതയുടെ രൂപം !!

Image may contain: 1 person, smiling, selfie, closeup and indoor

പ്രവാസത്തിലെ വിരസമായ ആ ഒഴിവുദിനത്തില്‍, അയാള്‍ തന്‍റെ മൊബൈലില്‍ പാട്ടും കേട്ടങ്ങനെ കിടക്കുകയായിരുന്നു...
അപ്പോഴാണ്‌ സഹമുറിയന്‍ ബാലു വന്നയാളെ തോണ്ടിവിളിച്ചത്. "എന്താ??" എന്ന അര്‍ത്ഥത്തില്‍ നോക്കിയ അയാളോട് ബാലു ഇയര്‍ഫോണ്‍ ഊരാനാംഗ്യം കാണിച്ചു. അതൂരിമാറ്റിയ അയാളോടും, ഒപ്പം മറ്റു രണ്ടു റൂംമേറ്റ്സിനോടുമായിട്ട് ബാലു പറഞ്ഞു, "ദേ ഇന്ന് എന്‍റെ വക ഗംഭീര ചെലവാ ട്ടോ..."
കൂട്ടത്തില്‍ അയാളാണ് ചോദിച്ചത്, എന്താ കാര്യമെന്ന്...
ബാലു പറഞ്ഞു, "എടാ, എന്‍റെ മോന് എന്ട്രന്‍സിന് റാങ്ക് ഉണ്ടെടാ.... "
എല്ലാ മുഖങ്ങളും പ്രകാശപൂരിതമായി. അനന്തരം എല്ലാരും മക്കളെപ്പറ്റിയുള്ള തങ്ങളുടെ പ്രതീക്ഷകളേയും, അവരുടെ ഭാവി ശോഭനമാക്കുന്നതില്‍ തങ്ങള്‍ പാലിയ്ക്കേണ്ട നിഷ്ക്കര്‍ഷകളേയും പറ്റി വാചാലരായപ്പോള്‍, അയാള്‍ പതിയെ കുളിയ്ക്കാനുള്ള തന്‍റെ ഒരുക്കങ്ങളിലേയ്ക്ക് കടന്നു.
അപ്പോള്‍ ബാലു അയാള്‍ക്ക് നേരെ തിരിഞ്ഞു... "നിന്‍റെ മോന്‍റെ പ്ലാന്‍സ് എന്തൊക്കെയാടാ....??"
ഒരു നനുത്ത ചിരിയോടെ അയാള്‍ പറഞ്ഞു, "ബാലൂ, ന്‍റെ മോനൊന്ന് വീഴാതെ നടന്നുകാണാനും, മറ്റുള്ളവരെ ആശ്രയിയ്ക്കാതെ സ്വന്തം കാര്യങ്ങള്‍ ചെയ്തുകാണാനും, വാതോരാതെ സ്ഫുടമായെന്നോടു ഒന്നു സംസാരിച്ചുകാണാനും മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ, എന്നും... അതില്‍ക്കവിഞ്ഞൊരു മോഹവും പ്രതീക്ഷയും എനിക്കില്ലെടാ...."
അയാള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ആ സദസ്സാകെ മൂകമായി. കാരണം, അയാളുടെ മോന്‍റെ ശാരീരിക പരാധീനതകള്‍ നേരിട്ടറിയാവുന്നവര്‍ തന്നെയായിരുന്നല്ലോ അവര്‍ എന്നത് തന്നെ. തങ്ങളുടെ കാര്യങ്ങള്‍ സംസാരിയ്ക്കുന്നതിനിടയില്‍ ഒരു നിമിഷം അവരക്കാര്യം ഓര്‍ത്തില്ലായെന്നു മാത്രം. ഒരു പേരിട്ടുവിളിയ്ക്കാന്‍ പറ്റാത്ത തരത്തിലുള്ള ആ വികാരത്തില്‍ അവര്‍ക്കപ്പോള്‍ വന്നു ചേര്‍ന്ന ആ നിശബ്ദതയില്‍, അവര്‍ക്കാവശ്യമായത് തന്‍റെയൊരു സമാശ്വാസിപ്പിയ്ക്കലാണെന്ന് ബോദ്ധ്യമായതിനാല്‍ അയാള്‍ത്തന്നെ തുടര്‍ന്നു...
"അത് വിടെടാ, ഞാന്‍ വേഗം കുളിച്ചിട്ടുവരാം, നിന്നെക്കൊണ്ട് ഇന്ന് കൊറേ ചെലവ് ചെയ്യിപ്പിയ്ക്കാനുള്ളതാ...."
ഒരു പൊട്ടിച്ചിരിയോടെ ഇതും പറഞ്ഞ് അവരെ കടന്നയാള്‍ പോയപ്പോള്‍, അയാള്‍ വരുത്തിയ ആ ശൂന്യതയ്ക്ക് പോലും, ആ മുറിയില്‍ വ്യക്തമായൊരു രൂപമുണ്ടായിരുന്നു.

കൈക്കുടന്നയിലെ പുണ്യം !! ********* ********* ********* *********

കൈക്കുടന്നയിലെ പുണ്യം !!
********* ********* ********* *********
"സൗദാമിനീ... താനാ കൊടയിങ്ങെടുത്തേ..."
എവിടേയ്ക്കോ പോകാനിറങ്ങിയ അയാള്‍ അകത്തേയ്ക്ക് നീട്ടിവിളിച്ചു..
ദാ വരുണൂ.. എന്ന മറുപടിക്കു പുറകെ, കുടയുമായി അവര്‍ ഉമ്മറത്തെത്തി.
കുട കൈമാറാന്‍ നേരം അവരു പറഞ്ഞു, "വല്ലാണ്ട് വൈക്വാണെങ്കില്‍ ഇങ്ങു പോന്നേക്കണം കേട്ടോ... ന്നിട്ട് നാളെ നമുക്കൊന്നിച്ച്‌ പോവാം..."
കുറുകിയ കണ്ണുകളാല്‍ പുഞ്ചിരിച്ചു കൊണ്ട്, വേണ്ടെടോ, തനിക്കിവിടെ നൂറുകൂട്ടം പണീള്ളതല്ലേ, എന്നു പറയാതെ പറഞ്ഞ് അയാള്‍ മെല്ലെ നടന്നു...
പടിക്കലെത്തിയപ്പോള്‍ മുകളിലെ മുറിയിലെ ജനാലയ്ക്കല്‍ നിന്നുമയാളുടെ മകള്‍ വിളിച്ചു പറഞ്ഞു, "അച്ചൂസ്, തിരിച്ചു വരുമ്പോ അവിടുന്നേ ഒരു ഓട്ടോന് ഇങ്ങു വന്നാ മതീ ട്ടോ, ഇങ്ങനെ ഒരു പിശുക്കന്‍..."
ഒന്നു തിരിഞ്ഞ്, മകള്‍ക്കഭിമുഖമായി ഓച്ഛാനിക്കുന്ന മട്ടില്‍ നിന്ന് "ഉത്തരവ് പ്രഭോ...." ന്നും പറഞ്ഞ്, പുഞ്ചിരിയോടയാള്‍ യാത്രയായി.
ടൌണിലേയ്ക്കുള്ള ബസ് യാത്രയില്‍ അയാളുടെ മനസ്സു മുഴുവന്‍ അടുത്തയാഴ്ചയില്‍ നടക്കാനിരിക്കുന്ന തന്‍റെ മകളുടെ കല്യാണമായിരുന്നു. തന്‍റെ തുച്ഛമായ വരുമാനത്തില്‍ നിന്നും കുരുവി കൂടു കൂട്ടും പോലെ ചേര്‍ത്ത് വച്ചുണ്ടാക്കിയതാണയാളുടെ വീടും പറമ്പും സമ്പാദ്യവുമെല്ലാം, മകളെ നല്ല നിലയില്‍ത്തന്നെ പഠിപ്പിയ്ക്കുകയും ചെയ്തു. അന്യജാതിയില്‍ നിന്നുമൊരു പെണ്ണിനെ ജീവിതത്തില്‍ കൂട്ടിയ ഒരുവന് ആരില്‍ നിന്നും ഒന്നും പ്രതീക്ഷിയ്ക്കയും വയ്യല്ലോ. ഇപ്പൊ കൊള്ളാവുന്ന ഒരു ബന്ധം മകള്‍ക്ക് ഒത്തുവന്നിട്ടുണ്ട്, ഇരു കൂട്ടര്‍ക്കും പൂര്‍ണ്ണസമ്മതം. അവളുടെ വിവാഹത്തിനായി ഇക്കാലമത്രയും സ്വരുക്കൂട്ടിയുണ്ടാക്കിയ മുഴുവന്‍ സ്വര്‍ണ്ണവും ടൌണിലെ ബാങ്ക് ലോക്കറിലാണ് വച്ചിരുന്നത്, അതവിടന്ന് എടുത്തോണ്ടു വരാനാണീ യാത്ര. ജീവിതം വിജയിച്ച ഒരു തിളക്കം ആ കണ്ണുകളില്‍ ഉണ്ടെങ്കിലും അതിനു മീതെയായി പടരുന്ന, അത്ര ചെറുതല്ലാത്ത ഒരു നനവ് വിളിച്ചു പറയുന്നുണ്ടായിരുന്നു, ന്‍റെ ദേവീ, ഒരാഴ്ച കൂടി കഴിഞ്ഞാ ന്‍റെ കുട്ടി പടിയിറങ്ങായി, അവളില്ലാതെ...
അധികം ദീര്‍ഘിപ്പിക്കാത്ത ബാങ്ക് നടപടികള്‍ക്കു ശേഷം, ലോക്കറിലെ സ്വര്‍ണ്ണം മുഴുവനും അയാളുടെ കൈകളില്‍ എത്തി. മുപ്പതുപവനോളം വരുന്ന ആ ശേഖരമടങ്ങുന്ന ബാഗ് നെഞ്ചോടടക്കിപ്പിടിച്ചയാള്‍ തിടുക്കപ്പെട്ടു നടന്നു. ബസിലെ തിരക്കില്‍ ഇക്കണ്ട ദൂരം യാത്ര ചെയ്യുന്നത് ഒരു റിസ്ക്‌ ആണെന്ന ഒരു തോന്നലില്‍, മോള് പറഞ്ഞ പോലെ, വഴിയില്‍ കിട്ടിയ ഒരു ഓട്ടോ വിളിച്ചയാള്‍ വീട്ടിലേക്ക് യാത്രയായി. പോകുന്ന വഴിക്ക് മാര്‍ക്കറ്റിലും കേറി.
പടിയ്ക്കലേക്കോടിയെത്തിയ മോളുടെ കൂടി സഹായത്താല്‍, അയാള്‍ സാധനങ്ങളെല്ലാമെടുത്ത് ഇറങ്ങവേ, ഓട്ടോക്കാരന്‍ വാടക വാങ്ങി തിരിച്ചു പോവുകയും ചെയ്തു. തളത്തിലെ ഫാനിനു കീഴെ ഇരുന്നു വിയര്‍പ്പാറ്റുമ്പോഴാണ് മോള് ചോദിച്ചത്. "ഭാസ്ക്കരമ്മാമന്‍ വിളിച്ചോ അച്ഛാ"-ന്ന്..
"ങാ, അവന്‍ വിളിച്ചിരുന്നു, പൈസ തരേം ചെയ്തു, നാല് ലക്ഷം ഉണ്ട്, സാവകാശം തിരിയെ കൊടുത്താ മതീ ത്രേ. അതിവിടെ എവിടോ ആണല്ലോ വച്ചത്..." എന്നും പറഞ്ഞ് ക്യാരിബാഗ് പരിശോധിച്ച അയാള്‍ പരിഭ്രാന്തനാകുന്നത് കണ്ട ഭാര്യ പറഞ്ഞു, തിടുക്കപ്പെടാതെ നോക്കൂ, അവിടെത്തന്നെ കാണും...
ഈ ബാഗില്‍ സ്വര്‍ണ്ണം മാത്രമേ ഉള്ളൂ, ഇതിലേക്കാണല്ലോ ഞാന്‍ പൈസ ഇട്ടത് എന്നും പിറുപിറുത്ത്, "ചതിച്ചല്ലോ ഭഗവതീ"-ന്ന ആര്‍ത്തനാദത്തോടെ അയാള്‍ കസേരയിലേയ്ക്ക് വീണു.
അവരുടെ ഈ ദുര്യോഗത്തിന്‍റെ വാര്‍ത്ത, വൈകാതെ അയല്‍പ്പക്കത്തേയ്ക്കും തുടര്‍ന്ന് കാര്യഗൗരവസഹിതം പോലീസ് സ്റ്റേഷനിലേക്കും എത്തുകയായിരുന്നു. അപ്പോഴേക്കും അയാളുടെ ഉറ്റ സ്നേഹിതനും പണം കൊടുത്തയാളുമായ ഭാസ്ക്കരന്‍ അവിടെയെത്തി. ജീവിതം കൈവിട്ടുപോവുന്ന പല സാഹചര്യങ്ങളിലും കൈത്താങ്ങായിട്ടുള്ള ഭാസ്ക്കരന്റെ സാന്നിദ്ധ്യം അയാളില്‍ തെല്ലൊരു ആശ്വാസം വരുത്തി. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ ഭാഗമായി; ബാങ്കില്‍ പോയതും, അവിടന്ന് ഓട്ടോയില്‍ക്കയറിയതും, പോകുംവഴി ചന്തയില്‍ കയറിയതും, അവിടന്ന് ഭാസ്ക്കരനെ കാണാന്‍ പോയതുമായ എല്ലാ കാര്യങ്ങളും അയാള്‍ പോലീസിനോടു വിവരിച്ചു. അയാളുടെ മകളുടെ വിവാഹച്ചെലവിനായി നാല് ലക്ഷം രൂപ ഭാസ്ക്കരന്‍ കടം കൊടുത്തതായും, കിട്ടിയപാടെ അത് ഓട്ടോയുടെ സീറ്റിനു പുറകിലെ സ്റ്റോറെജ് സ്പെയ്സില്‍ വച്ചിരുന്ന, സ്വര്‍ണ്ണം ഇരുന്നിരുന്ന ബാഗിലേക്ക് ഇടുകയായിരുന്നു എന്നുമയാള്‍ പറഞ്ഞു; അതിനുശേഷം എവിടെയും വണ്ടി നിര്‍ത്തുകയുണ്ടായില്ലെന്നും.
ഓട്ടോക്കാരനെ മുന്നേ പരിചയം ഉണ്ടോ എന്ന ചോദ്യത്തിന്, "അയാള്‍ എന്നോട് പറഞ്ഞത് രാജന്‍ എന്നാണ് പേര്, ടൌണിലാണ്‌ ഓടുന്നത് എന്നാണ്... കണ്ടിട്ട് കൊഴപ്പക്കാരന്‍ മട്ടൊന്നുമില്ലാര്‍ന്നു. മാത്രവുമല്ല, എന്‍റെ കൈയില്‍ സ്വര്‍ണ്ണമോ, പണമോ ഉള്ളതായി അയാള്‍ക്കൊട്ട് അറിയേമില്ലാ...." എന്നും പറഞ്ഞ് അയാള്‍ നിര്‍ത്തിയപ്പോള്‍, തങ്ങള്‍ അന്വേഷിച്ചു വേണ്ടത് ചെയ്തോളാമെന്നും, എന്തേലും വിവരം കിട്ടുന്ന പക്ഷം അറിയിക്കാമെന്ന് എസ്.ഐ ഉറപ്പും കൊടുത്തു.
മുറിവേറ്റ മനസ്സുമായി അയാള്‍ വീട്ടിലേക്ക് പോവുമ്പോള്‍, അയാള്‍ ബാഗിലേയ്ക്കാണെന്നു കരുതി ഇട്ട പണപ്പൊതി തന്‍റെ ഓട്ടോയില്‍ കിടക്കുന്നതറിയാതെ, രാജന്‍ ടൌണില്‍ നിന്നും ഏറെ അകലെയല്ലാതുള്ള തന്‍റെ വീട്ടിലെത്തി. എത്ര വൈകിയാലും ഉച്ചഭക്ഷണം അയാള്‍ വീട്ടില്‍ വന്നിട്ടേ കഴിയ്ക്കാറുള്ളൂ. രാജന് അമ്മയും ഭാര്യയും ഒരു മകളുമാണുള്ളത്. എത്തിയപാടെ വണ്ടിയിലെ പതിവു പരിശോധനയില്‍ രാജന് ആ പണത്തിന്‍റെ പൊതി കിട്ടുകയും ചെയ്തു. ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല അതിന്‍റെ ഉടമസ്ഥനെ അയാള്‍ക്ക് മനസ്സിലാവാന്‍, ഇന്ന് കിട്ടിയ ഓട്ടവും അത് മാത്രമായിരുന്നല്ലോ. എങ്കിലും, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന തനിക്ക് ദൈവം തന്നത് എന്ന ഉള്‍പ്രേരണയ്ക്ക്, അന്യന്‍റെ മുതല്‍ ആഗ്രഹിയ്ക്കരുത് എന്ന സിദ്ധാന്തത്തേക്കാള്‍ മുന്‍‌തൂക്കം കൂടിയപ്പോള്‍; ചെയ്യുന്നത് തെറ്റാണെന്ന പൂര്‍ണ്ണബോദ്ധ്യത്തിലും, ആ പണം മറച്ചു പിടിയ്ക്കാനയാള്‍ നിര്‍ബന്ധിതനായി.
സ്വതവേ ഊണു കഴിഞ്ഞ ഉടനെ തിരിച്ചു പോവാറുള്ള അയാള്‍, മോളുടെ അടുത്ത് കുറച്ചുനേരം ഇരുന്നിട്ട് പോവാമെന്നു കരുതി, മാത്രവുമല്ല അവള്‍ക്കവധിയുമാണല്ലോ. അവളുടെ സമീപത്തായി കണ്ട, വളരെ വില കൂടിയത് എന്ന് തോന്നിക്കുന്ന ഒരു പേന അയാളില്‍ ആശ്ചര്യമുണര്‍ത്തി. ചോദിച്ചപ്പോള്‍ അതവളുടെ ബെസ്റ്റ് ഫ്രണ്ട്-ന്‍റെ ആണെന്നും എങ്ങനെയോ അറിയാതെ അവള്‍ടെ ബോക്സില്‍ പെട്ടതാണെന്നും, ആ കുട്ടീടെ അച്ഛന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടു കൊടുത്തതാണ്, ഭയങ്കര വിലപിടിച്ചതാണെന്നും മറ്റും. എന്നാപ്പിന്നെ നിനക്ക് ഇതവള്‍ക്ക് തിരിയെ കൊടുത്തൂടെ-ന്ന് ചോദിച്ചപ്പോള്‍ അവള്‍ സ്കൂളില്‍ നിന്നും കഴിഞ്ഞ ആഴ്ച ടി.സി വാങ്ങിപ്പോയി, ഇപ്പൊ കൊറേ അകലെ എവിടെയോ ആണെന്നവള്‍
വിഷമത്തോടെ പറഞ്ഞു...
രാജന്‍ ചോദിച്ചു, "എങ്കില്‍ നീയിത് ഉപയോഗിച്ചോ, നിനക്കാണിത് കിട്ടീത്-ന്ന് അവള്‍ക്കറിയില്ലല്ലോ..."
അവള്‍ പറഞ്ഞു, "ന്‍റെ അച്ഛാ, അവള്‍ക്കിതറിയില്ല, ശരി സമ്മതിച്ചു, പക്ഷെ എനിക്ക് അറിയാമല്ലോ, ഇതവള്‍ടെയാണെന്ന്, അപ്പൊ അറിഞ്ഞുകൊണ്ട് അതെങ്ങനെ എനിക്കെടുക്കാന്‍ പറ്റും, അത് തെറ്റല്ലേ.... എനിക്ക് വേണ്ടത് എല്ലാം തരാന്‍ എനിക്കെന്‍റെ പൊന്നച്ഛന്‍ ഇല്ലേ. ഇത് ഞാന്‍ സൂക്ഷിയ്ക്കും, എന്നെങ്കിലും അവളെ കാണുവാണേല്‍ കൊടുക്കാന്‍..."
രാജന് ശ്വാസം മുട്ടുന്നതുപോലെ തോന്നി, നെഞ്ചില്‍ ആരോ ഒരു വലിയ കല്ല്‌ കയറ്റിവച്ചത് പോലെ. അയാള്‍ തന്‍റെ മോളെ വലിച്ചു തന്‍റെ നെഞ്ചോടു ചേര്‍ത്ത് ആ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു. എന്താ അച്ഛാ എന്നവള്‍ മുഖമുയര്‍ത്തി ചോദിച്ചപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഇടറിയ ശബ്ദത്തില്‍ അയാള്‍ മോളോട് പറഞ്ഞു, "മോളേ, നീയാണ് ശരി...."
കണ്ണുകള്‍ തുടച്ച് അയാള്‍ അവളോട് പറഞ്ഞു, "മോളെ നമുക്കൊരിടം വരെ പോണം, പെട്ടെന്ന് റെഡിയാവ്..."
എവിടേയ്ക്കെന്ന അവള്‍ടെ ചോദ്യത്തിന് അതൊക്കെയുണ്ട് എന്ന ഒരു ഒഴുക്കന്‍ മറുപടിയും കൊടുത്ത് ഓട്ടോയില്‍ കയറി അവരാ വീട്ടില്‍ എത്തുമ്പോള്‍ ഇരുട്ടു വീണു തുടങ്ങിയിരുന്നു. ഗൃഹനാഥനെയാണ് കാണേണ്ടത് എന്ന ആവശ്യമറിയിച്ചപ്പോള്‍ ഉമ്മറത്തുള്ളയാള്‍ അകത്തേയ്ക്ക് പോയി. അതാ വരുന്നു, താന്‍ രാവിലെ കണ്ട മനുഷ്യന്‍, രാജന്‍റെ മനസ്സു മന്ത്രിച്ചു... രാവിലത്തെ പ്രസന്നതയുള്ള മുഖം എങ്ങോ പോയ്മറഞ്ഞിരിയ്ക്കുന്നു, ഇതേതോ പ്രേതം കയറിയ പ്രകൃതം... ഈശ്വരാ, ഞാനെന്തൊരു പാപി...
"ചേട്ടാ, ഞാന്‍.... ആ ഓട്ടോക്കാരനാണ്, രാവിലത്തെ...."
എന്തു പറയണം എന്തു ചോദിക്കണം എന്നറിയാതെ നിന്ന അയാളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ആ കൈകളിലേയ്ക്കാ പൊതിക്കെട്ട് വച്ചു കൊടുത്തപ്പോള്‍, സന്തോഷവും സങ്കടവും ഇഴചേര്‍ന്ന ഒരു തരം ഭ്രാന്തമായ ഭാവങ്ങളാല്‍ അയാള്‍ രാജന് നന്ദി പറഞ്ഞതും, അടുത്തു നിന്നയാള്‍ പൈസ കിട്ടിയതായി സ്റ്റേഷനിലേയ്ക്ക് വിളിച്ചു പറയുന്നതും എല്ലാം കണ്ടു നിന്ന രാജന്‍റെ മോള്‍ക്ക്, പ്രായത്തിന്‍റെ പക്വതക്കുറവില്‍ കാര്യങ്ങളുടെ ഒരു മുഴു-വ്യക്തത കിട്ടിയില്ലെങ്കിലും, അവള്‍ക്കു മനസ്സിലായി തന്‍റെ അച്ഛന്‍ അവരടെയൊക്കെ സന്തോഷത്തിനു കാരണമായിരിയ്ക്കുന്നുവെന്ന്....
ആ വീടിന്‍റെ പൂമുഖത്തു കണ്ട, കുറെ ഈറനണിഞ്ഞ ചിരിയ്ക്കുന്ന മുഖങ്ങള്‍ക്ക് നേരെ കൈ വീശി യാത്രയോതി, അച്ഛനോടൊപ്പം ഓട്ടോയില്‍ കയറുമ്പോള്‍ അവള്‍ ചോദിച്ചു, "എന്താ അച്ഛാ ഇണ്ടായെ"...
-- "അത് അച്ഛന്‍ വിശദമായി പിന്നീട് പറഞ്ഞു തരാം... പക്ഷെ നാളെത്തന്നെ നമുക്ക് ചെയ്യേണ്ട ഒന്നുണ്ട്, സ്കൂളില്‍ പോയി നിന്‍റെ ആ കൂട്ടുകാരീടെ പുതിയ മേല്‍വിലാസം തേടിപ്പിടിച്ച്, അവിടെച്ചെന്ന് അവള്‍ക്കാ പേന കൊടുക്കണം...."
"യ്യോ... ന്‍റെ പുന്നാര അച്ഛന്‍" അവള്‍ അയാളെ ഇറുകെപ്പിടിച്ചു....

പഴഞ്ചൊല്ല് പവിത്രന്‍ !!

പഴഞ്ചൊല്ല് പവിത്രന്‍ !!
ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളിലും, ഏതെങ്കിലും ഒരു പഴഞ്ചൊല്ലിന്‍റെ ചുവടു പിടിച്ച് തന്‍റേതായ ഒരഭിപ്രായം പറയുക എന്നത് പവിത്രന് ഒരു സാധനയാണ്‌. അതുകൊണ്ട് തന്നെയാണ് ഒളിഞ്ഞും തെളിഞ്ഞും "പഴഞ്ചൊല്ല് പവിത്രന്‍" എന്നാളുകള്‍ സൂചിപ്പിക്കുന്നതും.
രാവിലെ കുളിച്ചുതൊഴല്‍ ഒരു ശീലമായുള്ള പവിത്രന്‍
ഇറങ്ങാന്‍ നേരം കാലിയായിക്കിടന്നിരുന്ന കുളക്കടവ്, ഒന്ന് മുങ്ങിനിവര്‍ന്നപ്പോള്‍ പിള്ളേരെക്കൊണ്ട് നിറഞ്ഞിരുന്നു. പിള്ളേര് ചാടിമറിയുമ്പോള്‍ തെറിക്കുന്ന വെള്ളം, കുളിച്ചുകയറിയ തന്‍റെ മേല്‍ വീഴുന്നത് തന്‍റെ "കുളിച്ച-ശുദ്ധം മാറ്റും" എന്ന യാഥാസ്ഥിതികത വച്ചുപുലര്‍ത്തുന്ന ഒരു സാമാന്യനാട്ടിന്‍പുറ അമ്പലവിശ്വാസി. "അശ്രീകരങ്ങള്, മഴ പെയ്ത് വെള്ളം പൊന്ത്യാ, അപ്പൊ വന്നോളും കന്നോള്... കന്നിനെ കയം കാണിക്കാന്‍ പാടില്ല്യാ-ന്നൊരു ചൊല്ലൂണ്ടല്ലോ..." പവിത്രന്‍ പിറുപിറുത്തു. തെല്ല് ഉറക്കെയായിപ്പോയ ആ പിറുപിറുക്കല്‍ കേട്ടുകൊണ്ടാണ് വടുക്കൂട്ടെ രാമന്‍റെ വരവ്. "പിള്ളെരല്ലേ പവിത്രാ, വിട്ടുകള..."
-- "പിന്നേ, പിള്ളേര്... ഒറ്റയെണ്ണത്തിന് വകതിരിവില്ല്യാ, അതെങ്ങിന്യാ; സൂചി പോയ വഴ്യല്ലേ നൂലും പോവുള്ളൂ..." പ്രാകലിനിടയിലും ശിവ ശിവാ-ന്ന് ജപിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രാമന്‍, "ദുഷിപ്പിന്‍റെ കൂട്ടത്തില്‍ കൊറച്ച് നാമം ചെല്ലീട്ട് എന്തു പുണ്യം കിട്ടും-ന്നാ ???"
വഴിപാട് കൌണ്ടറില്‍ ഇരുന്നിരുന്ന ഗോവിന്ദനോട് തനിക്കു
വേണ്ട വഴിപാടിന്‍റെ വിവരം പറയുമ്പോള്‍, പവിത്രന്‍ ചോദിച്ചു, "ഡോ ഗോയിന്നേട്ടാ, എന്തായി തന്‍റെ മോന്‍റെ ചികിത്സ ?? വച്ചുനീട്ടീട്ട് ഒടുക്കം സൂചി കൊണ്ടെടുക്കാവുന്നതിനെ തൂമ്പ കൊണ്ടെടുക്കുന്ന വിധാക്കരുത് ട്രോ..." രണ്ടാമതായി പോയിക്കണ്ട ഡോക്ടര്‍, മോന് അപ്പെന്‍ഡിസ്-ന് ഓപ്പറേഷന്‍ നിശ്ചയിച്ച വിവരം പറഞ്ഞപ്പോള്‍, "ന്നാ ദൈവാധീനം" ന്നും പറഞ്ഞ് പവിത്രന്‍ രസീതുമായി നടക്കലേയ്ക്ക് നടന്നു. തന്നെ മറികടന്ന് വേഗത്തില്‍ നടന്ന വാര്യരോട്, "അയ്‌, ഇതെവിടെയ്ക്കാടോ വാര്രേ, ഈ വെടി കൊണ്ട പന്നി പായണപോലെ ??" എന്ന് പറയാനും പവിത്രന്‍ മറന്നില്ല. അപ്പോഴാണ് വാര്യരുടെ മകന്‍ പായസപാത്രം എടുത്തോണ്ട് വാര്യത്തേയ്ക്ക് പോണത് ശ്രദ്ധയില്‍പ്പെട്ടത്..."വേലി തന്നെ വെളവ് തിന്ന്വാച്ചാല്‍ കൊറച്ച് കഷ്ടാണേ"-ന്ന് ആത്മഗതവും ചെയ്ത് പിന്നേം മുന്നോട്ട്....
നടയില്‍ നിന്നും തൊഴുതു നീങ്ങുമ്പോള്‍ തിരുമേനി ചോദിച്ചു, "ഇയാള്‍ടെ കടേന്ന് പണ്ട് പൊറത്താക്ക്യോന്‍ തൊട്ടപ്പുറെ കടയിട്ട് തോല്‍പ്പിക്ക്യാ-ന്ന് കേട്ടല്ലോ..."
-- "അതെ തിരുമേനീ, എന്ത് പറയാനാ, ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തും-ന്നാണല്ലോ. പിന്നേ ശകലം ബിസിനസ് കൊറഞ്ഞൂന്നൊള്ളതു നേരാ; പക്ഷെ തീരെയങ്ങ് പൊളിഞ്ഞിട്ടൊന്നുമില്ലല്ലോ. ഇനി അങ്ങനാ വിധി-ച്ചാല്‍ അങ്ങനാവട്ടെ, മാനം വീഴണേന് മുട്ട് കൊടുക്കാന്‍ പറ്റില്ലല്ലോ....." എന്ന് മറുപടി കൊടുത്തും; "ചെയ്യണത് ശാന്തി, പറഞ്ഞു പരത്തണതോ അശാന്തി" എന്ന് ആത്മഗതം ചെയ്തും നടന്നുനീങ്ങിയ പവിത്രന്‍ തിരിച്ചുചെന്ന്, തിരുമേനിയോട് അടക്കം ചൊല്ലി,
"അല്ലാ, തിരുമേനീടെ അനിയന്‍റെ മോള്‍ടെ എന്തോ ഒരു ചുറ്റിക്കളി പലരും പറഞ്ഞു കേക്കുണ്ടല്ലോ, ഉള്ളതാണോ ??..."
-- "എന്താ പറയാ പവിത്രാ, സുകൃതക്ഷയം-ന്നല്ലാണ്ട്".... തിരുമേനി വിഷണ്ണനായി കാണപ്പെട്ടതില്‍, തെല്ലുള്‍പ്പുളകം അനുഭവപ്പെട്ടെങ്കിലും അതു പുറമേ കാട്ടാതെ, "വരാനുള്ളത് വഴീത്തങ്ങില്ല ല്ലോ"-ന്ന് മാത്രം പറഞ്ഞു പവിത്രന്‍ പുറത്തേയ്ക്ക് നടന്നു.
പതിവുപോലെ ഗോപുരത്തറയില്‍ കമ്മറ്റിയുടെ വസന്തം വിരിഞ്ഞുനില്‍പ്പുണ്ട്. ചെന്നപാടെ പ്രസിഡന്റ്, ഇക്കൊല്ലം ശിവരാത്രിക്ക് പതിവില്‍ക്കവിഞ്ഞ് 5 ആനയ്ക്ക് എഴുന്നള്ളിപ്പ് നടത്താമെന്നും അതുവഴി നടവരവ് കൂട്ടാമെന്നുമുള്ള ആശയം പറഞ്ഞ് എല്ലാരടേം അഭിപ്രായം ആരാഞ്ഞു. "ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം-ന്നാണല്ലോ, അപ്പൊ ആ ആശയത്തില്‍ തെറ്റില്ല്യാ.... പക്ഷെ ഈ നടവരവ്-ന്ന് പറയുമ്പോ കഴിഞ്ഞ തവണത്തെപ്പോലെ 5 മൈക്ക്-സെറ്റ്, 1000 കതിനാക്കുറ്റി, 50 നിലവിളക്ക്, 10 ചാക്ക് ഉണക്കലരി ഇത്യാദി സാധനങ്ങള്‍ തന്ന്യാവോ, ഒരുമാതിരി; പട്ടിക്ക് പൊതിയ്ക്കാത്ത തേങ്ങ കിട്ടിയ പോലെ.... അതോ അമ്പലത്തിനും കമ്മറ്റിക്കും ഉപകാരം ഉള്ളത് വല്ലോം അക്കൂട്ടത്തില്‍ ഒണ്ടാവോ ??"
ഭൂരിപക്ഷാഭിപ്രായത്തെയേ മാനിക്കൂ എന്ന പ്രസിഡന്റ് വചനം കേട്ട, പവിത്രന്‍ "ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കാട്ടീട്ട് കാര്യമില്ല, ഹേ"-ന്ന് മറുപടിയും കൊടുത്തു.
തുടര്‍ന്ന് വീട്ടിലേയ്ക്കുള്ള വഴിയേ, പവിത്രന് മാലോത്തെ വിജയനെ കൂട്ട് കിട്ടി. വിജയന്‍ പറഞ്ഞാണ് തിരുമേനീടെ അനിയന്‍ വാസൂന്‍റെ മോള്‍-ടെ ചുറ്റിക്കളിയുടെ പൂര്‍ണ്ണവിവരം അയാള്‍ക്ക് ബോദ്ധ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി അന്യമതസ്ഥനായ ഒരു പയ്യനുമായി അടുപ്പമുണ്ടായിരുന്നുവെന്നും, ഇപ്പോളത് ഒഴിവാക്കാന്‍ പോലും പറ്റാത്തവിധമുള്ള ഒരു ബന്ധമായെന്നും, നിവൃത്തിയില്ലാതെ കല്ല്യാണം കഴിച്ചു കൊടുക്കാന്‍ പോവാണെന്നും മറ്റും... "ഇനിയെന്നാണാവോ നമ്മടെയൊക്കെ പെണ്‍കുട്ടികള്‍ ഇതൊക്കെ ഒന്ന് മനസ്സിലാക്കുന്നേ, ഇല വന്നു മുള്ളില്‍ വീണാലും, മുള്ള് വന്നു ഇലയില്‍ വീണാലും കേട് പറ്റണത് ഇലയ്ക്ക് മാത്രമാണെന്ന്..." എന്നും ആകുലപ്പെട്ട്‌ വിജയനോട് യാത്രയും പറഞ്ഞ് വീടിന്‍റെ പടി കേറുമ്പോളാണ്, കോളേജുകാരിയായ മോള് എതിരെ വന്നത്....
"ങാ, അച്ഛന്‍ വന്നോ, അങ്കട് ചെല്ല് ട്ടാ... തെക്കേലെ നാണിയമ്മ ഇപ്പൊ വന്ന് ഭദ്രകാളി തുള്ളിയങ്ങ് പോയേ ഉള്ളൂ; അവരടെ മുമ്പിലൊന്നും പോയി പെടണ്ടാ-ട്ടാ...." ഇതും പറഞ്ഞ് ചിരിച്ചോണ്ട് അവള്‍ തിടുക്കത്തില്‍ ഓടിയകലുകയും ചെയ്തു....
ഒന്നും മനസ്സിലാകാഞ്ഞ പവിത്രന്‍, ഭാര്യയെ വിളിച്ചോണ്ടാണ് ഉമ്മറത്തേയ്ക്ക് കേറിയതും നേരെ അടുക്കള ലക്ഷ്യമാക്കിയതും.... "ഇന്ദിരേ, എന്താ മോള് പറഞ്ഞിട്ടു പോയത്, നാണിയമ്മ കാളിയായെന്നോ മറ്റോ...." അടുക്കളയില്‍ പുട്ട് കുത്തുകയായിരുന്ന ഇന്ദിര ഭര്‍ത്താവിനെ ഒന്ന് ചെറഞ്ഞുനോക്കീട്ട്, സകല ശക്തിയുമെടുത്താ പുട്ട് കുത്തിയിട്ടു... ആ കുത്ത് തനിക്കിട്ടാണ് തന്‍റെ നല്ലപാതി കുത്തിയത്-ന്ന് മനസ്സിലായ പവിത്രന്‍, തിരുവായ്ക്ക് എതിര്‍വായില്ലല്ലോ എന്ന തിരിച്ചറിവില്‍ സൗമ്യത പാലിച്ചുകൊണ്ട് ചോദിച്ചു, എന്താണ് ഉണ്ടായതെന്ന്.... "നിങ്ങള്‍ടെ നാട്യത്തില്‍ ഇല വീണ് മുള്ള് കേടാകില്ലല്ലോ, കൊറച്ച് നേരത്തെ നാണിയമ്മേടെ അതിരിലെ നമ്മടെ തെങ്ങീന്ന് അതിന്‍റെ ചെറിയ ഒരില വീണ് അവരടെ മുള്ളുവേലി പിന്നേം തകര്‍ന്ന് തരിപ്പണമായി. ഇതിപ്പോ മാസത്തില്‍ ഒരിക്കല്‍ എന്ന മട്ടില്‍, വര്‍ഷം കൊറേ ആയില്ലേ ഈ വേലി റിപ്പയര്‍. ഇനിയെങ്കിലും ആ കായ്ക്കാത്ത തെങ്ങ് വെട്ടിക്കളയരുതോ നിങ്ങക്ക്, അതെങ്ങനാ ആ തള്ളേടെ വായിലിരിയ്ക്കണത് മൊത്തം ഞാനല്ലേ കേക്കണത് ????"
തിരിഞ്ഞുകൊത്തിയ പഴഞ്ചൊല്ലിലെ പതിരുമായി ഉമ്മറത്തേയ്ക്ക് വന്ന പവിത്രന്‍ കണ്ടത്, വീട്ടിലേയ്ക്ക് പോയിട്ട് തിരിച്ചു വന്ന മാലോത്തെ വിജയനെയാണ്, സതി ജോലിക്കിറങ്ങുമ്പോള്‍ അവിടത്തെ താക്കോല്‍ ഇവിടെയാണല്ലോ കൊടുക്കാറ്... വിജയന് താക്കോല്‍ കൈമാറുമ്പോള്‍ ഏതോ അദൃശ്യപ്രേരണയാല്‍ പവിത്രന്‍ പുലമ്പുന്നുണ്ടായിരുന്നു....
"അത് വിജയാ, പഴഞ്ചൊല്ലില് ലേശം പതിരുണ്ട്-ട്ടാ, എപ്പോഴും ഇല വീഴുമ്പോ ഇല മാത്രം കേടാകണം-ന്നില്ലാ, ചെലപ്പോ കേട് മുള്ളിനും വരാം...."
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt

പഴഞ്ചൊല്ല് പവിത്രന്‍

Image may contain: 1 person, beard

ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളിലും, ഏതെങ്കിലും ഒരു പഴഞ്ചൊല്ലിന്‍റെ ചുവടു പിടിച്ച് തന്‍റേതായ ഒരഭിപ്രായം പറയുക എന്നത് പവിത്രന് ഒരു സാധനയാണ്‌. അതുകൊണ്ട് തന്നെയാണ് ഒളിഞ്ഞും തെളിഞ്ഞും "പഴഞ്ചൊല്ല് പവിത്രന്‍" എന്നാളുകള്‍ സൂചിപ്പിക്കുന്നതും.
രാവിലെ കുളിച്ചുതൊഴല്‍ ഒരു ശീലമായുള്ള പവിത്രന്‍
ഇറങ്ങാന്‍ നേരം കാലിയായിക്കിടന്നിരുന്ന കുളക്കടവ്, ഒന്ന് മുങ്ങിനിവര്‍ന്നപ്പോള്‍ പിള്ളേരെക്കൊണ്ട് നിറഞ്ഞിരുന്നു. പിള്ളേര് ചാടിമറിയുമ്പോള്‍ തെറിക്കുന്ന വെള്ളം, കുളിച്ചുകയറിയ തന്‍റെ മേല്‍ വീഴുന്നത് തന്‍റെ "കുളിച്ച-ശുദ്ധം മാറ്റും" എന്ന യാഥാസ്ഥിതികത വച്ചുപുലര്‍ത്തുന്ന ഒരു സാമാന്യനാട്ടിന്‍പുറ അമ്പലവിശ്വാസി. "അശ്രീകരങ്ങള്, മഴ പെയ്ത് വെള്ളം പൊന്ത്യാ, അപ്പൊ വന്നോളും കന്നോള്... കന്നിനെ കയം കാണിക്കാന്‍ പാടില്ല്യാ-ന്നൊരു ചൊല്ലൂണ്ടല്ലോ..." പവിത്രന്‍ പിറുപിറുത്തു. തെല്ല് ഉറക്കെയായിപ്പോയ ആ പിറുപിറുക്കല്‍ കേട്ടുകൊണ്ടാണ് വടുക്കൂട്ടെ രാമന്‍റെ വരവ്. "പിള്ളെരല്ലേ പവിത്രാ, വിട്ടുകള..."
-- "പിന്നേ, പിള്ളേര്... ഒറ്റയെണ്ണത്തിന് വകതിരിവില്ല്യാ, അതെങ്ങിന്യാ; സൂചി പോയ വഴ്യല്ലേ നൂലും പോവുള്ളൂ..." പ്രാകലിനിടയിലും ശിവ ശിവാ-ന്ന് ജപിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രാമന്‍, "ദുഷിപ്പിന്‍റെ കൂട്ടത്തില്‍ കൊറച്ച് നാമം ചെല്ലീട്ട് എന്തു പുണ്യം കിട്ടും-ന്നാ ???"
വഴിപാട് കൌണ്ടറില്‍ ഇരുന്നിരുന്ന ഗോവിന്ദനോട് തനിക്കു
വേണ്ട വഴിപാടിന്‍റെ വിവരം പറയുമ്പോള്‍, പവിത്രന്‍ ചോദിച്ചു, "ഡോ ഗോയിന്നേട്ടാ, എന്തായി തന്‍റെ മോന്‍റെ ചികിത്സ ?? വച്ചുനീട്ടീട്ട് ഒടുക്കം സൂചി കൊണ്ടെടുക്കാവുന്നതിനെ തൂമ്പ കൊണ്ടെടുക്കുന്ന വിധാക്കരുത് ട്രോ..." രണ്ടാമതായി പോയിക്കണ്ട ഡോക്ടര്‍, മോന് അപ്പെന്‍ഡിസ്-ന് ഓപ്പറേഷന്‍ നിശ്ചയിച്ച വിവരം പറഞ്ഞപ്പോള്‍, "ന്നാ ദൈവാധീനം" ന്നും പറഞ്ഞ് പവിത്രന്‍ രസീതുമായി നടക്കലേയ്ക്ക് നടന്നു. തന്നെ മറികടന്ന് വേഗത്തില്‍ നടന്ന വാര്യരോട്, "അയ്‌, ഇതെവിടെയ്ക്കാടോ വാര്രേ, ഈ വെടി കൊണ്ട പന്നി പായണപോലെ ??" എന്ന് പറയാനും പവിത്രന്‍ മറന്നില്ല. അപ്പോഴാണ് വാര്യരുടെ മകന്‍ പായസപാത്രം എടുത്തോണ്ട് വാര്യത്തേയ്ക്ക് പോണത് ശ്രദ്ധയില്‍പ്പെട്ടത്..."വേലി തന്നെ വെളവ് തിന്ന്വാച്ചാല്‍ കൊറച്ച് കഷ്ടാണേ"-ന്ന് ആത്മഗതവും ചെയ്ത് പിന്നേം മുന്നോട്ട്....
നടയില്‍ നിന്നും തൊഴുതു നീങ്ങുമ്പോള്‍ തിരുമേനി ചോദിച്ചു, "ഇയാള്‍ടെ കടേന്ന് പണ്ട് പൊറത്താക്ക്യോന്‍ തൊട്ടപ്പുറെ കടയിട്ട് തോല്‍പ്പിക്ക്യാ-ന്ന് കേട്ടല്ലോ..."
-- "അതെ തിരുമേനീ, എന്ത് പറയാനാ, ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തും-ന്നാണല്ലോ. പിന്നേ ശകലം ബിസിനസ് കൊറഞ്ഞൂന്നൊള്ളതു നേരാ; പക്ഷെ തീരെയങ്ങ് പൊളിഞ്ഞിട്ടൊന്നുമില്ലല്ലോ. ഇനി അങ്ങനാ വിധി-ച്ചാല്‍ അങ്ങനാവട്ടെ, മാനം വീഴണേന് മുട്ട് കൊടുക്കാന്‍ പറ്റില്ലല്ലോ....." എന്ന് മറുപടി കൊടുത്തും; "ചെയ്യണത് ശാന്തി, പറഞ്ഞു പരത്തണതോ അശാന്തി" എന്ന് ആത്മഗതം ചെയ്തും നടന്നുനീങ്ങിയ പവിത്രന്‍ തിരിച്ചുചെന്ന്, തിരുമേനിയോട് അടക്കം ചൊല്ലി,
"അല്ലാ, തിരുമേനീടെ അനിയന്‍റെ മോള്‍ടെ എന്തോ ഒരു ചുറ്റിക്കളി പലരും പറഞ്ഞു കേക്കുണ്ടല്ലോ, ഉള്ളതാണോ ??..."
-- "എന്താ പറയാ പവിത്രാ, സുകൃതക്ഷയം-ന്നല്ലാണ്ട്".... തിരുമേനി വിഷണ്ണനായി കാണപ്പെട്ടതില്‍, തെല്ലുള്‍പ്പുളകം അനുഭവപ്പെട്ടെങ്കിലും അതു പുറമേ കാട്ടാതെ, "വരാനുള്ളത് വഴീത്തങ്ങില്ല ല്ലോ"-ന്ന് മാത്രം പറഞ്ഞു പവിത്രന്‍ പുറത്തേയ്ക്ക് നടന്നു.
പതിവുപോലെ ഗോപുരത്തറയില്‍ കമ്മറ്റിയുടെ വസന്തം വിരിഞ്ഞുനില്‍പ്പുണ്ട്. ചെന്നപാടെ പ്രസിഡന്റ്, ഇക്കൊല്ലം ശിവരാത്രിക്ക് പതിവില്‍ക്കവിഞ്ഞ് 5 ആനയ്ക്ക് എഴുന്നള്ളിപ്പ് നടത്താമെന്നും അതുവഴി നടവരവ് കൂട്ടാമെന്നുമുള്ള ആശയം പറഞ്ഞ് എല്ലാരടേം അഭിപ്രായം ആരാഞ്ഞു. "ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം-ന്നാണല്ലോ, അപ്പൊ ആ ആശയത്തില്‍ തെറ്റില്ല്യാ.... പക്ഷെ ഈ നടവരവ്-ന്ന് പറയുമ്പോ കഴിഞ്ഞ തവണത്തെപ്പോലെ 5 മൈക്ക്-സെറ്റ്, 1000 കതിനാക്കുറ്റി, 50 നിലവിളക്ക്, 10 ചാക്ക് ഉണക്കലരി ഇത്യാദി സാധനങ്ങള്‍ തന്ന്യാവോ, ഒരുമാതിരി; പട്ടിക്ക് പൊതിയ്ക്കാത്ത തേങ്ങ കിട്ടിയ പോലെ.... അതോ അമ്പലത്തിനും കമ്മറ്റിക്കും ഉപകാരം ഉള്ളത് വല്ലോം അക്കൂട്ടത്തില്‍ ഒണ്ടാവോ ??"
ഭൂരിപക്ഷാഭിപ്രായത്തെയേ മാനിക്കൂ എന്ന പ്രസിഡന്റ് വചനം കേട്ട, പവിത്രന്‍ "ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കാട്ടീട്ട് കാര്യമില്ല, ഹേ"-ന്ന് മറുപടിയും കൊടുത്തു.
തുടര്‍ന്ന് വീട്ടിലേയ്ക്കുള്ള വഴിയേ, പവിത്രന് മാലോത്തെ വിജയനെ കൂട്ട് കിട്ടി. വിജയന്‍ പറഞ്ഞാണ് തിരുമേനീടെ അനിയന്‍ വാസൂന്‍റെ മോള്‍-ടെ ചുറ്റിക്കളിയുടെ പൂര്‍ണ്ണവിവരം അയാള്‍ക്ക് ബോദ്ധ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി അന്യമതസ്ഥനായ ഒരു പയ്യനുമായി അടുപ്പമുണ്ടായിരുന്നുവെന്നും, ഇപ്പോളത് ഒഴിവാക്കാന്‍ പോലും പറ്റാത്തവിധമുള്ള ഒരു ബന്ധമായെന്നും, നിവൃത്തിയില്ലാതെ കല്ല്യാണം കഴിച്ചു കൊടുക്കാന്‍ പോവാണെന്നും മറ്റും... "ഇനിയെന്നാണാവോ നമ്മടെയൊക്കെ പെണ്‍കുട്ടികള്‍ ഇതൊക്കെ ഒന്ന് മനസ്സിലാക്കുന്നേ, ഇല വന്നു മുള്ളില്‍ വീണാലും, മുള്ള് വന്നു ഇലയില്‍ വീണാലും കേട് പറ്റണത് ഇലയ്ക്ക് മാത്രമാണെന്ന്..." എന്നും ആകുലപ്പെട്ട്‌ വിജയനോട് യാത്രയും പറഞ്ഞ് വീടിന്‍റെ പടി കേറുമ്പോളാണ്, കോളേജുകാരിയായ മോള് എതിരെ വന്നത്....
"ങാ, അച്ഛന്‍ വന്നോ, അങ്കട് ചെല്ല് ട്ടാ... തെക്കേലെ നാണിയമ്മ ഇപ്പൊ വന്ന് ഭദ്രകാളി തുള്ളിയങ്ങ് പോയേ ഉള്ളൂ; അവരടെ മുമ്പിലൊന്നും പോയി പെടണ്ടാ-ട്ടാ...." ഇതും പറഞ്ഞ് ചിരിച്ചോണ്ട് അവള്‍ തിടുക്കത്തില്‍ ഓടിയകലുകയും ചെയ്തു....
ഒന്നും മനസ്സിലാകാഞ്ഞ പവിത്രന്‍, ഭാര്യയെ വിളിച്ചോണ്ടാണ് ഉമ്മറത്തേയ്ക്ക് കേറിയതും നേരെ അടുക്കള ലക്ഷ്യമാക്കിയതും.... "ഇന്ദിരേ, എന്താ മോള് പറഞ്ഞിട്ടു പോയത്, നാണിയമ്മ കാളിയായെന്നോ മറ്റോ...." അടുക്കളയില്‍ പുട്ട് കുത്തുകയായിരുന്ന ഇന്ദിര ഭര്‍ത്താവിനെ ഒന്ന് ചെറഞ്ഞുനോക്കീട്ട്, സകല ശക്തിയുമെടുത്താ പുട്ട് കുത്തിയിട്ടു... ആ കുത്ത് തനിക്കിട്ടാണ് തന്‍റെ നല്ലപാതി കുത്തിയത്-ന്ന് മനസ്സിലായ പവിത്രന്‍, തിരുവായ്ക്ക് എതിര്‍വായില്ലല്ലോ എന്ന തിരിച്ചറിവില്‍ സൗമ്യത പാലിച്ചുകൊണ്ട് ചോദിച്ചു, എന്താണ് ഉണ്ടായതെന്ന്.... "നിങ്ങള്‍ടെ നാട്യത്തില്‍ ഇല വീണ് മുള്ള് കേടാകില്ലല്ലോ, കൊറച്ച് നേരത്തെ നാണിയമ്മേടെ അതിരിലെ നമ്മടെ തെങ്ങീന്ന് അതിന്‍റെ ചെറിയ ഒരില വീണ് അവരടെ മുള്ളുവേലി പിന്നേം തകര്‍ന്ന് തരിപ്പണമായി. ഇതിപ്പോ മാസത്തില്‍ ഒരിക്കല്‍ എന്ന മട്ടില്‍, വര്‍ഷം കൊറേ ആയില്ലേ ഈ വേലി റിപ്പയര്‍. ഇനിയെങ്കിലും ആ കായ്ക്കാത്ത തെങ്ങ് വെട്ടിക്കളയരുതോ നിങ്ങക്ക്, അതെങ്ങനാ ആ തള്ളേടെ വായിലിരിയ്ക്കണത് മൊത്തം ഞാനല്ലേ കേക്കണത് ????"
തിരിഞ്ഞുകൊത്തിയ പഴഞ്ചൊല്ലിലെ പതിരുമായി ഉമ്മറത്തേയ്ക്ക് വന്ന പവിത്രന്‍ കണ്ടത്, വീട്ടിലേയ്ക്ക് പോയിട്ട് തിരിച്ചു വന്ന മാലോത്തെ വിജയനെയാണ്, സതി ജോലിക്കിറങ്ങുമ്പോള്‍ അവിടത്തെ താക്കോല്‍ ഇവിടെയാണല്ലോ കൊടുക്കാറ്... വിജയന് താക്കോല്‍ കൈമാറുമ്പോള്‍ ഏതോ അദൃശ്യപ്രേരണയാല്‍ പവിത്രന്‍ പുലമ്പുന്നുണ്ടായിരുന്നു....
"അത് വിജയാ, പഴഞ്ചൊല്ലില് പതിരുണ്ട്-ട്ടാ, എപ്പോഴും ഇല വീഴുമ്പോ ഇല മാത്രം കേടാകണം-ന്നില്ലാ, ചെലപ്പോ കേട് മുള്ളിനും വരാം....
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt

ഹര്‍ഷ ബാഷ്പം !!

ഹര്‍ഷ ബാഷ്പം !!
മൊബൈല്‍ റിംഗ് ചെയ്യുന്നത് കേട്ട് എടുത്തു നോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പര്‍ കണ്ട് രേവതി ആദ്യമത് കട്ട് ചെയ്തെങ്കിലും, പിന്നെയും റിംഗ് ചെയതപ്പോള്‍ മനസ്സില്ലാമനസ്സോടെ അറ്റന്‍ഡ് ചെയ്തു. മറുതലയ്ക്കല്‍ ഉള്ളയാള്‍ സ്വയം പരിചയപ്പെടുത്തി, പേര് ഡോക്ടര്‍ സക്കറിയ, മിഷന്‍ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ആണത്രേ. അദ്ദേഹം തുടര്‍ന്നു,
“രേവതിയുടെ അച്ഛനുണ്ടോ അവിടെ, ഉണ്ടെങ്കില്‍ അദ്ദേഹത്തിന് ഫോണ്‍ കൊടുക്കാമോ, പ്ലീസ്...”
തികച്ചും ന്യായമായ ആവശ്യം, ഫോണ്‍ അച്ഛനു കൈമാറപ്പെട്ടു.
ഉദ്ദേശം അഞ്ചുമിനിട്ടിന്‍റെ സംഭാഷണത്തിനൊടുവില്‍ അച്ഛന്‍ പറഞ്ഞു, “രേവൂ, നമുക്കൊരിടം വരെ പോണം, മോള് വേഗം റെഡിയാവ്....”
ഫോണിലൂടെ പടര്‍ന്നു കണ്ണില്‍ കയറിക്കൂടിയ പരിഭ്രമം തെല്ലൊളിപ്പിയ്ക്കാന്‍, അവയ്ക്ക് മുകളില്‍ തന്‍റെ തടിച്ച ഫ്രെയിം ഉള്ള കണ്ണട അച്ഛന്‍ ധരിച്ചിരിക്കുന്നു. ഒരുനിമിഷം കാലിലൂടെ ഒരു തണുപ്പ് അരിച്ചുകയറുന്നതായി അവള്‍ക്കനുഭവപ്പെട്ടു, ഈശ്വരാ... മനുവിന് എന്തെങ്കിലും അപകടം ? പക്ഷെ അച്ഛനോട് എന്തേലും ചോദിയ്ക്കാന്‍ അവള്‍ അശക്തയായിരുന്നു.
മനുവിന്‍റെ സ്വൈര്യജീവിതത്തിന് ഒരു തടസ്സമാകുന്നില്ല എന്ന് പറഞ്ഞ് താനാ വീട്ടില്‍നിന്നും ഇറങ്ങിയിട്ടിപ്പോ ആഴ്ച്ച രണ്ടായിരിയ്ക്കുന്നു. താന്‍ പോന്ന ശേഷം ഈ രണ്ടാഴ്ചക്കിടയില്‍ എണ്ണിയാലൊടുങ്ങാത്തത്ര തവണ അവന്‍ ഫോണ്‍ ചെയ്തിരുന്നു, കൊറേത്തവണ ഇവിടെ നേരിലും വന്നിരുന്നു. എല്ലാം തന്‍റെ ഒരാളുടെ പിടിവാശി... ഒരിയ്ക്കല്‍ പോലും അവന്‍റെ കോള്‍ അറ്റന്‍ഡ് ചെയ്യുകയോ അവനു മുഖം കൊടുക്കുകയോ ചെയ്തില്ല, ഒരു തരം അവഗണന...
എന്നോ ഒരിക്കല്‍ ഉറക്കത്തിനിടയില്‍ "ചാരു" എന്നൊരു പേര് അവന്‍ ഉച്ഛരിക്കുന്നതോടെയാണ് സര്‍വ്വതിന്‍റെയും തുടക്കം. പിറ്റേന്ന് തന്നെ താന്‍ ചോദിച്ചു, അതാരാണെന്ന്. "ഷീ വോസ് മൈ ബെസ്റ്റ് ഫ്രെണ്ട് സിന്‍സ് ചൈല്‍ഡ്ഹുഡ്, ബട്ട്‌ ഡോണ്ട് നോ ഹേര്‍ വേര്‍എബൌട്സ് നൌ.... " എന്ന അവന്‍റെ മറുപടി ദഹിയ്ക്കാത്ത വിധം താന്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. "ഓഹോ, ഉറക്കത്തിനിടയില്‍ പോലും കിന്നരിക്കത്തക്കവിധം ഉള്ളോളാണല്ലോ ബെസ്റ്റ് ഫ്രെണ്ട്..." എന്നെല്ലാം ആക്രോശിച്ച്. അവന്‍റെ ഒരു ന്യായീകരണവും ചെവികൊണ്ടില്ലാന്ന് മാത്രമല്ല, അവന്‍റെ വ്യക്തിത്വത്തെപ്പോലും ഹനിക്കും വിധമുള്ള കാര്യങ്ങളായിരുന്നു അവിടുന്നങ്ങോട്ട് താന്‍ ചെയ്തത്. കോമണ്‍ഫ്രെണ്ട്സിനെ ക്രോസ്-വിസ്സ്താരം ചെയ്തതും, അവന്‍റെ ഫേസ്ബുക്ക് ഫ്രെണ്ടായ "ചാരുലത"യോട് തെറ്റിദ്ധാരണയോടെ തട്ടിക്കയറിയതും, അവനറിയാതെ അവനെ ദിവസങ്ങളോളം ഫോളോ ചെയ്തതും, അങ്ങനെയങ്ങനെ ഒരു നൂറു നൂറു കൃത്യങ്ങള്‍. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഇത്രയ്ക്ക് ചീപ്പ് ആയിപ്പോയല്ലോ താന്‍ എന്ന്, സ്വയം തോന്നിപ്പോവുന്നു.
പക്ഷെ അവനാകട്ടെ ഇത്രയൊക്കെ സംഭവിച്ചിട്ടും, തന്‍റെ കുബുദ്ധികള്‍ എല്ലാമറിഞ്ഞു കഴിഞ്ഞിട്ടും, എന്നും സൌമ്യമായിത്തന്നെയെ തന്നോട് പെരുമാറിയിട്ടുള്ളൂ, ഒരിക്കല്‍പ്പോലും തട്ടിക്കയറുകയോ നിയന്ത്രണം വിട്ടു പെരുമാറുകയോ ചെയ്തിട്ടില്ല. തനിക്കാകട്ടെ അവന്‍റെ ആ പെരുമാറ്റം കൂടുതല്‍ക്കൂടുതല്‍ ഈര്‍ഷ്യയാണ് ഉണ്ടാക്കിയത്, താനറിയാത്ത എന്തോ ബന്ധം അവനുണ്ട്, അതോണ്ടാണല്ലോ അവന്‍ ഇങ്ങനെ സൌമ്യനായി അഭിനയിക്കുന്നത്; എന്ന ധാരണയോടെ. ഒടുക്കം വാശിമൂത്ത് ആ പടിയിറങ്ങുമ്പോള്‍ അവന്‍ തളരുന്നത് കണ്ട്, മനസ്സൊന്നു പിടഞ്ഞെങ്കിലും തോറ്റുകൊടുക്കാന്‍ തന്‍റെ ഈഗോ അനുവദിച്ചില്ല. വീട്ടിലെത്തിയ തന്നെ, കാര്യത്തിന്‍റെ ഗൌരവം പറഞ്ഞുമനസ്സിലാക്കാനും തിരിച്ചുചെന്ന് അവനുമായി ജീവിതം തുടരുവാനും നിര്‍ബന്ധിച്ച്, ഒരുപാടു തവണ അച്ഛനുമമ്മയും തന്‍റെ മുന്നില്‍ വന്നു. എന്നാല്‍ "നിങ്ങള്‍ക്ക് ഞാനൊരു ബാദ്ധ്യതയാണേല്‍ പറ, ഞാന്‍ എങ്ങോട്ടേലും പൊക്കോളാം" എന്ന ബ്രഹ്മാസ്ത്രം പ്രയോഗിച്ച് അവരെയും താന്‍ നിശബ്ദരാക്കുകയായിരുന്നു.
ഇപ്പോള്‍ അവനെന്തോ പറ്റിയിട്ടുണ്ട്, അതാണ് അച്ഛനീ മൌനം... കാറില്‍ അച്ഛന്റടുക്കല്‍ ഇരിക്കുമ്പോള്‍ അവള്‍ ചിന്തിക്കുകയായിരുന്നു. അവളുടെ കണ്ണുകള്‍ തുളുമ്പിയപ്പോള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു, "വിഷമിക്കാതിരി... ഒന്നൂണ്ടാവില്ലാ...."
"മനു എവിടെ ?" എന്ന അവളുടെ ചോദ്യത്തിന്; "മിസിസ് രേവതി, കൂള്‍ ഡൌണ്‍, ഞാന്‍ പറയാം..." ഡോക്ടര്‍ സക്കറിയ തന്‍റെ പേഷ്യന്റ് ഹിസ്ടറി അവതരിപ്പിയ്ക്കാന്‍ തുടങ്ങി. മനു അദ്ദേഹത്തെ കാണാന്‍ വന്നതും തങ്ങളുടെ ജീവിതത്തില്‍ നടന്ന എല്ലാക്കാര്യങ്ങളും വിവരിച്ചതും മറ്റുമെല്ലാം. അനാവശ്യസംശയങ്ങള്‍ വച്ചു പുലര്‍ത്തുന്ന തന്‍റെ പെരുമാറ്റവും, അനാഥനായ അവന്‍റെ ഏക ആശ്രയമായിരുന്ന തന്‍റെ പിന്‍-വാങ്ങലും, താന്‍ അവന്‍റെ മനസ്സ് കാണാതെ പോയതും, അങ്ങനെ എല്ലാമെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ് വാവിട്ടുകരഞ്ഞതെല്ലാം ഡോക്ടര്‍ വിവരിച്ചു. ഈ സ്ഥിതിയില്‍ കുറച്ചുനാള്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ അവന്‍ ഉന്മാദാവസ്ഥയില്‍ എത്തുമായിരുന്നു, എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക് സ്വയം നിയന്ത്രിക്കാനായില്ല...
"മിസിസ് രേവതി, ഞാന്‍ കുറ്റപ്പെടുത്തുകയല്ല, ഒരു കടലോളം സ്നേഹം അയാള്‍ക്ക് തന്നോട് ഉണ്ട്, അത് തിരിച്ചറിയാന്‍ ശ്രമിക്കൂ, എല്ലാം മറന്ന് അവനെ തിരിച്ചു സ്നേഹിയ്ക്കൂ... അല്ലാതെ ഉറക്കത്തില്‍ എന്തോ പിച്ചും പേയും പറഞ്ഞതിനെ ചൊല്ലി ജീവിതം കളയുകയല്ല ചെയ്യേണ്ടത്..."
"എന്നിട്ടവനെവിടെ, ഡോക്ടര്‍ ?" അച്ഛന്‍റെ ചോദ്യം കേട്ട് ഡോക്ടര്‍ പുഞ്ചിരിയോടെ പറഞ്ഞു...
"ദാ അപ്പുറത്തെ മുറിയില്‍ കിടന്ന് കൂര്‍ക്കം വലിച്ചൊറങ്ങുണൂ, പഹയന്‍..."
കേട്ടപാതി ഓടുകയായിരുന്നു അവള്‍, ആര്‍ത്തലച്ച് അവന്‍റെ നെഞ്ചിലേക്ക് വീണതും ഞെട്ടിയുണര്‍ന്ന അവന്‍ പകച്ചുകൊണ്ട് എല്ലാരേയും മാറിമാറി നോക്കുമ്പോള്‍ ഡോക്ടര്‍ തുടര്‍ന്നു,
"ഭ്രാന്തിന്‍റെ വക്കില്‍ നിക്കണ ഇവനെ ഞാന്‍ ഹിപ്നോട്ടൈസ് ചെയ്യണമത്രേ, എന്നിട്ടിവന്‍ കോമാ സ്റ്റേജില്‍ പോയിട്ട് എന്നെ പോലീസ് പൊക്കിക്കോട്ടേ ല്ലേ... ഇനീം ഒറക്കത്തില്‍ പെണ്ണുങ്ങടെ പേരു പറഞ്ഞാലോ എന്ന് സംശയം ഒള്ളോണ്ട്, കൊറേ നാളായില്ലേ ശരിക്കൊന്നൊറങ്ങീട്ട്..... മുഖത്തിനു മുന്നില്‍ കൈകാണിച്ച് നിങ്ങള്‍ ഇപ്പോള്‍ ഉറങ്ങുകയാണ്-ന്ന് പറയേണ്ട താമസം, കൂര്‍ക്കം വലിച്ചങ്ങ് ഒറങ്ങിത്തൊടങ്ങീല്ലേ..."
കണ്മുന്നില്‍ കാണുന്നത് സത്യമോ അതോ മിഥ്യയോ എന്ന് ഇനിയും ഉറപ്പുവരാത്ത അവന്‍റെ നെഞ്ചില്‍ മുഖം പൂഴ്ത്തി, അവള്‍ ഹര്‍ഷ ബാഷ്പം തൂവുമ്പോള്‍; അച്ഛനാ തടിച്ച ഫ്രെയിം ഉള്ള കണ്ണടയൂരി, തന്‍റെ ആത്മസംഘര്‍ഷത്തെ ഒഴുക്കിക്കളയുകയായിരുന്നു. ഡോക്ടറാകട്ടെ ഇതൊക്കെ എത്ര കണ്ടിരിക്കുണൂ എന്ന മട്ടിലും...
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt

"പഴശ്ശി"-രാജേട്ടന്‍ !!

"പഴശ്ശി"-രാജേട്ടന്‍ !!
രാവിലെ കുളി കഴിഞ്ഞ് രാജന്‍ റൂമില്‍ വരുമ്പോള്‍ സമയം നാലരയാകുന്നതേയുണ്ടായിരുന്നുള്ളൂ, പതിവുപോലെ ഔതച്ചേട്ടന്‍ എണീറ്റു ലൈറ്റിട്ടിട്ടുണ്ട്. അങ്ങിങ്ങായി കീറലുകള്‍ വീണ തന്‍റെ കളസം, സ്വന്തം കട്ടിലിന്‍റെ തലഭാഗത്തെ തണ്ടില്‍ ഉണങ്ങാനായി വിരിച്ചിടുമ്പോള്‍ ഔതച്ചേട്ടന്‍ ചോദിച്ചു, "രാജാ, നിനക്കിത് മാറ്റാറായില്ലേ... ??"
പുതപ്പിനടിയില്‍ തന്നെ കിടന്നുകൊണ്ട് തികഞ്ഞ രംഗബോധത്തോടെ ഡേവീസിന്‍റെ വക തിരുത്ത്... "പിന്നേ, മാറ്റിവാങ്ങാന്‍ ഇതെന്താ ഫ്രിഡ്ജോ ടിവിയോ മറ്റോ ആണോ.... !!"
ഇതുകേട്ട് ശകലം നീരസത്തോടെത്തന്നെ രാജന്‍ പറഞ്ഞു, "നിങ്ങക്കെന്തിനാ ഇത്ര ദെണ്ണം, ഇടുന്നത് ഞാനല്ലേ.. മാത്രോല്ലാ, കെടക്കുന്നത് ആരും കാണാത്തോടത്തുമല്ലേ..."
ഔതച്ചേട്ടന്‍റെ മറുപടി, "എല്ലാം അവന്‍ കാണുന്നുണ്ട് ട്ടോ...."
ചോദ്യരൂപേണ ഔതച്ചേട്ടനെ നോക്കിയ രാജനോട്‌ താന്‍ കര്‍ത്താവിനെയാണുദ്ദേശിച്ചത് എന്ന്‍ ഫോട്ടോ ചൂണ്ടിയിട്ട്, അങ്ങേര് സ്ഥിരീകരിച്ചു...
ഇതെല്ലാം കണ്ടുംകേട്ടും കിടക്കയില്‍ തന്നെ ഇരിപ്പായിരുന്ന ന്യൂജെന്‍ പയ്യന്‍ ഫ്രാങ്കോ മാത്രം, ഈ സംഭാഷണത്തിലൊന്നും ഇടപെട്ടില്ല... അത് മറ്റൊന്നുംകൊണ്ടല്ല, കിഴിഞ്ഞുപോകുന്ന തരം പാന്‍റ്സിടുന്ന അവന്‍ എങ്ങനെ മറ്റുള്ളോരെ കളിയാക്കാനാണ് ???
വഴിവഴിയായി എല്ലാരും ഒരുങ്ങിയിറങ്ങുന്ന നേരത്താണ് രാജന്‍ ആ ഞെട്ടിയ്ക്കുന്ന വാര്‍ത്ത അവര്‍ മൂവരേയും അറിയിച്ചത്, അതായത് ഇത്തവണത്തെ ശമ്പളം കിട്ടിയാലുടനെ അര ഡസന്‍ പുതു-കളസം താന്‍ വാങ്ങുമെന്ന്..
ബില്‍ഡിംഗില്‍ നിന്നുമിറങ്ങി സ്വല്പദൂരം നടന്ന്‍ അടുത്തുള്ള ബസ്സ്റ്റോപ്പില്‍ നിന്നു വേണം കമ്പനി ബസ് പിടിയ്ക്കാന്‍. ബസ് വന്നു ആളുകള്‍ കേറിത്തുടങ്ങിയപ്പോഴാണ് താന്‍ ഐഡി കാര്‍ഡ് എടുക്കാന്‍ വിട്ടുപോയത് രാജന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇനിയിപ്പോ റൂമില്‍ പോയി വരാനുള്ള സമയം ഇല്ലാത്തതിനാല്‍ ഔതച്ചേട്ടനോട് പറഞ്ഞു, "ചേട്ടാ, മ്മടെ കാര്‍ഡ് ഒന്ന് പഞ്ച് ചെയ്തേക്കണേ, ഞാന്‍ റൂമില്‍ പോയി ഐഡി എടുത്ത് ഒരു ടാക്സി പിടിച്ചങ്ങ് വന്നേക്കാം..." പുള്ളി ഓക്കെ-ന്നും പറഞ്ഞു.
രാജന്‍ ടാക്സിയില്‍ ചെന്നിറങ്ങുമ്പോള്‍ പഞ്ചിംഗ് മെഷീന്‍റെ ചുവട്ടില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു ഔതച്ചേട്ടനും, അഡ്മിന്‍ ഓഫീസര്‍ വര്‍ഗ്ഗീസ് സാറും. ചെന്നപാടെ, ഒരു ഗര്‍ജ്ജനമായിരുന്നു വര്‍ഗ്ഗീസ് സാര്‍, ഔതച്ചേട്ടനാകട്ടെ പേടിച്ചരണ്ട മട്ടിലും. തന്‍റെ പൊസിഷന്‍ വച്ച് നോക്കിയാല്‍, താഴ്ന്ന തസ്തികയില്‍ ആയിരുന്നിട്ടും തന്നേക്കാള്‍ കൂടുതല്‍ സാലറിയുള്ള രാജനോടുള്ള തന്‍റെ അതൃപ്തി ആ വാക്കുകളില്‍ വ്യക്തമായിരുന്നു. തോന്നുമ്പോള്‍ വരാനും പോവാനും ഇത് ചന്തയൊന്നുമല്ലെന്നും, വേലക്കാരെ വച്ചുള്ള കാര്‍ഡ് പഞ്ചിംഗ് ഇവിടെ നടപ്പില്ലെന്നുമൊക്കെ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ദേഷ്യം കൊണ്ട് അടിമുടി വിറച്ച രാജനും വായില്‍ത്തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. അടുത്ത മുറികളില്‍ ഉള്ളോരെല്ലാം ഓടിയെത്തി പരസ്പരം പിടിച്ചുമാറ്റിയതോണ്ട് അടി വീണില്ലാ-ന്ന്‍ മാത്രം...
എല്ലാ ബഹളങ്ങള്‍ക്കുമൊടുവില്‍ രാജന്‍, മമ്മൂട്ടി സ്റ്റൈലില്‍ ചെന്ന്‍ വര്‍ഗ്ഗീസ് സാറിനോട്.... "തനിക്കൊക്കെ ഒരു ധാരണയുണ്ട് ഞങ്ങളൊക്കെ വെറും ഉണ്ണാക്കന്‍മാരാണെന്ന്, പഴശ്ശിയുടെ യുദ്ധങ്ങള്‍ കമ്പനി കാണാന്‍ പോകുന്നതേ ഉള്ളൂ...."
അന്നു വൈകീട്ടായിരുന്നു, രാജന്‍റെ ടിക്കറ്റ്....!!
യാത്രപറയാന്‍ പോയിട്ട്, വാ തുറക്കാന്‍ പോലും ടൈം കിട്ടിയില്ല. എന്തിനു പറയുണൂ, കീറിയ കളസവുമായി രാജന്‍ പിറ്റേന്ന് രാവിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍...!!
അമ്പതുഗ്രാമിന്റെ രണ്ടു ഗോള്‍ഡ്‌-ബിസ്കറ്റ് ഉണ്ടായിരുന്നത് പേഴ്സിനകത്തും, പേഴ്സാകട്ടെ പാന്റ്സിന്റെ പോക്കറ്റിലും. ബോഡി സ്കാനറിലൂടെ കടന്ന്‍ പോയപ്പോള്‍ സാധാരണ കോട്ടുവായിട്ട്‌ ഇരിക്കാറുള്ള സാറിന് അന്നൊരു വെളിപാട് കിട്ടിയ ദിവസമായിരുന്നു. കറക്റ്റ് ആയിട്ട് രാജനുമേല്‍ പിടിവീണു, തുടര്‍ന്ന്‍ കസ്റ്റംസ് ഓഫീസര്‍മാര്‍ക്ക് ഹാന്‍ഡ്‌ഓവര്‍ ചെയ്തു. അവരുടെ സര്‍വ്വസാധാരണമായ, തുണിയഴിച്ചുള്ള ദേഹപരിശോധന പുരോഗമിയ്ക്കുന്നതിനിടെ, ഒരു പരിധിയെത്തിയപ്പോള്‍ ഓഫീസര്‍ പറഞ്ഞു,
--- "എന്തോന്നെടേ ഇത്.... വലയോ ??... മതി അഴിച്ചത്, ഇതിനകത്ത് ഇനി എന്തോ ഒളിപ്പിയ്ക്കാനാ.... !!!"
വികടസരസ്വതി കളിവിളയാടുന്ന സ്വന്തം നാവിനെ, ജയിലഴികള്‍ ഭയന്ന് രാജന്‍ വരുതിയില്‍ നിര്‍ത്തി...
കൈയിലുണ്ടായിരുന്ന ദിര്‍ഹമെല്ലാം ബിസ്ക്കറ്റിന് ഡ്യൂട്ടിയടിച്ച് "ഖാലീ ഹാത്തോം സേ" വീട്ടിലേയ്ക്ക് തിരിക്കുമ്പോള്‍ രാജന്‍ പല്ലിറുമ്മുന്നുണ്ടായിരുന്നു. അപ്രതീക്ഷിത വിരുന്നുകാരനില്‍ ജോലിനഷ്ടത്താല്‍ വിതുമ്പുന്ന ഒരു ഹൃദയമുണ്ടെന്ന്‍ തിരിച്ചറിഞ്ഞ കുടുംബത്തിനു മുന്നില്‍ "ഇനിയെന്ത്...??" എന്ന്‍ പകച്ചു നിന്ന രാജന്‍, ഭാവിപദ്ധതികളെപ്പറ്റി ഒരുവേള ചിന്തിച്ചു.
പോലീസ് ലാത്തിച്ചാര്‍ജില്‍ പലപ്പോഴും ഉടുതുണിയില്ലാതെ ഓടേണ്ടിവരുമെന്നതിനാല്‍, വ്യക്തമായ കളസമില്ലാതെ രാഷ്ട്രീയത്തില്‍ പോലും സാദ്ധ്യതയില്ലെന്നിരിക്കെ, "പഴശ്ശി"-രാജന്‍
പതിയെ തന്‍റെ യുദ്ധതന്ത്രം മാറ്റാനും ഒളിപ്പോര്‍ മാതൃകയില്‍ അടുത്ത ഗള്‍ഫ്‌ ചാന്‍സുകള്‍ക്കായുള്ള ഇന്‍റര്‍വ്യൂകള്‍ അറ്റന്റ് ചെയ്യാനും തുടങ്ങി....
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo