നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൈക്കുടന്നയിലെ പുണ്യം !! ********* ********* ********* *********

കൈക്കുടന്നയിലെ പുണ്യം !!
********* ********* ********* *********
"സൗദാമിനീ... താനാ കൊടയിങ്ങെടുത്തേ..."
എവിടേയ്ക്കോ പോകാനിറങ്ങിയ അയാള്‍ അകത്തേയ്ക്ക് നീട്ടിവിളിച്ചു..
ദാ വരുണൂ.. എന്ന മറുപടിക്കു പുറകെ, കുടയുമായി അവര്‍ ഉമ്മറത്തെത്തി.
കുട കൈമാറാന്‍ നേരം അവരു പറഞ്ഞു, "വല്ലാണ്ട് വൈക്വാണെങ്കില്‍ ഇങ്ങു പോന്നേക്കണം കേട്ടോ... ന്നിട്ട് നാളെ നമുക്കൊന്നിച്ച്‌ പോവാം..."
കുറുകിയ കണ്ണുകളാല്‍ പുഞ്ചിരിച്ചു കൊണ്ട്, വേണ്ടെടോ, തനിക്കിവിടെ നൂറുകൂട്ടം പണീള്ളതല്ലേ, എന്നു പറയാതെ പറഞ്ഞ് അയാള്‍ മെല്ലെ നടന്നു...
പടിക്കലെത്തിയപ്പോള്‍ മുകളിലെ മുറിയിലെ ജനാലയ്ക്കല്‍ നിന്നുമയാളുടെ മകള്‍ വിളിച്ചു പറഞ്ഞു, "അച്ചൂസ്, തിരിച്ചു വരുമ്പോ അവിടുന്നേ ഒരു ഓട്ടോന് ഇങ്ങു വന്നാ മതീ ട്ടോ, ഇങ്ങനെ ഒരു പിശുക്കന്‍..."
ഒന്നു തിരിഞ്ഞ്, മകള്‍ക്കഭിമുഖമായി ഓച്ഛാനിക്കുന്ന മട്ടില്‍ നിന്ന് "ഉത്തരവ് പ്രഭോ...." ന്നും പറഞ്ഞ്, പുഞ്ചിരിയോടയാള്‍ യാത്രയായി.
ടൌണിലേയ്ക്കുള്ള ബസ് യാത്രയില്‍ അയാളുടെ മനസ്സു മുഴുവന്‍ അടുത്തയാഴ്ചയില്‍ നടക്കാനിരിക്കുന്ന തന്‍റെ മകളുടെ കല്യാണമായിരുന്നു. തന്‍റെ തുച്ഛമായ വരുമാനത്തില്‍ നിന്നും കുരുവി കൂടു കൂട്ടും പോലെ ചേര്‍ത്ത് വച്ചുണ്ടാക്കിയതാണയാളുടെ വീടും പറമ്പും സമ്പാദ്യവുമെല്ലാം, മകളെ നല്ല നിലയില്‍ത്തന്നെ പഠിപ്പിയ്ക്കുകയും ചെയ്തു. അന്യജാതിയില്‍ നിന്നുമൊരു പെണ്ണിനെ ജീവിതത്തില്‍ കൂട്ടിയ ഒരുവന് ആരില്‍ നിന്നും ഒന്നും പ്രതീക്ഷിയ്ക്കയും വയ്യല്ലോ. ഇപ്പൊ കൊള്ളാവുന്ന ഒരു ബന്ധം മകള്‍ക്ക് ഒത്തുവന്നിട്ടുണ്ട്, ഇരു കൂട്ടര്‍ക്കും പൂര്‍ണ്ണസമ്മതം. അവളുടെ വിവാഹത്തിനായി ഇക്കാലമത്രയും സ്വരുക്കൂട്ടിയുണ്ടാക്കിയ മുഴുവന്‍ സ്വര്‍ണ്ണവും ടൌണിലെ ബാങ്ക് ലോക്കറിലാണ് വച്ചിരുന്നത്, അതവിടന്ന് എടുത്തോണ്ടു വരാനാണീ യാത്ര. ജീവിതം വിജയിച്ച ഒരു തിളക്കം ആ കണ്ണുകളില്‍ ഉണ്ടെങ്കിലും അതിനു മീതെയായി പടരുന്ന, അത്ര ചെറുതല്ലാത്ത ഒരു നനവ് വിളിച്ചു പറയുന്നുണ്ടായിരുന്നു, ന്‍റെ ദേവീ, ഒരാഴ്ച കൂടി കഴിഞ്ഞാ ന്‍റെ കുട്ടി പടിയിറങ്ങായി, അവളില്ലാതെ...
അധികം ദീര്‍ഘിപ്പിക്കാത്ത ബാങ്ക് നടപടികള്‍ക്കു ശേഷം, ലോക്കറിലെ സ്വര്‍ണ്ണം മുഴുവനും അയാളുടെ കൈകളില്‍ എത്തി. മുപ്പതുപവനോളം വരുന്ന ആ ശേഖരമടങ്ങുന്ന ബാഗ് നെഞ്ചോടടക്കിപ്പിടിച്ചയാള്‍ തിടുക്കപ്പെട്ടു നടന്നു. ബസിലെ തിരക്കില്‍ ഇക്കണ്ട ദൂരം യാത്ര ചെയ്യുന്നത് ഒരു റിസ്ക്‌ ആണെന്ന ഒരു തോന്നലില്‍, മോള് പറഞ്ഞ പോലെ, വഴിയില്‍ കിട്ടിയ ഒരു ഓട്ടോ വിളിച്ചയാള്‍ വീട്ടിലേക്ക് യാത്രയായി. പോകുന്ന വഴിക്ക് മാര്‍ക്കറ്റിലും കേറി.
പടിയ്ക്കലേക്കോടിയെത്തിയ മോളുടെ കൂടി സഹായത്താല്‍, അയാള്‍ സാധനങ്ങളെല്ലാമെടുത്ത് ഇറങ്ങവേ, ഓട്ടോക്കാരന്‍ വാടക വാങ്ങി തിരിച്ചു പോവുകയും ചെയ്തു. തളത്തിലെ ഫാനിനു കീഴെ ഇരുന്നു വിയര്‍പ്പാറ്റുമ്പോഴാണ് മോള് ചോദിച്ചത്. "ഭാസ്ക്കരമ്മാമന്‍ വിളിച്ചോ അച്ഛാ"-ന്ന്..
"ങാ, അവന്‍ വിളിച്ചിരുന്നു, പൈസ തരേം ചെയ്തു, നാല് ലക്ഷം ഉണ്ട്, സാവകാശം തിരിയെ കൊടുത്താ മതീ ത്രേ. അതിവിടെ എവിടോ ആണല്ലോ വച്ചത്..." എന്നും പറഞ്ഞ് ക്യാരിബാഗ് പരിശോധിച്ച അയാള്‍ പരിഭ്രാന്തനാകുന്നത് കണ്ട ഭാര്യ പറഞ്ഞു, തിടുക്കപ്പെടാതെ നോക്കൂ, അവിടെത്തന്നെ കാണും...
ഈ ബാഗില്‍ സ്വര്‍ണ്ണം മാത്രമേ ഉള്ളൂ, ഇതിലേക്കാണല്ലോ ഞാന്‍ പൈസ ഇട്ടത് എന്നും പിറുപിറുത്ത്, "ചതിച്ചല്ലോ ഭഗവതീ"-ന്ന ആര്‍ത്തനാദത്തോടെ അയാള്‍ കസേരയിലേയ്ക്ക് വീണു.
അവരുടെ ഈ ദുര്യോഗത്തിന്‍റെ വാര്‍ത്ത, വൈകാതെ അയല്‍പ്പക്കത്തേയ്ക്കും തുടര്‍ന്ന് കാര്യഗൗരവസഹിതം പോലീസ് സ്റ്റേഷനിലേക്കും എത്തുകയായിരുന്നു. അപ്പോഴേക്കും അയാളുടെ ഉറ്റ സ്നേഹിതനും പണം കൊടുത്തയാളുമായ ഭാസ്ക്കരന്‍ അവിടെയെത്തി. ജീവിതം കൈവിട്ടുപോവുന്ന പല സാഹചര്യങ്ങളിലും കൈത്താങ്ങായിട്ടുള്ള ഭാസ്ക്കരന്റെ സാന്നിദ്ധ്യം അയാളില്‍ തെല്ലൊരു ആശ്വാസം വരുത്തി. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ ഭാഗമായി; ബാങ്കില്‍ പോയതും, അവിടന്ന് ഓട്ടോയില്‍ക്കയറിയതും, പോകുംവഴി ചന്തയില്‍ കയറിയതും, അവിടന്ന് ഭാസ്ക്കരനെ കാണാന്‍ പോയതുമായ എല്ലാ കാര്യങ്ങളും അയാള്‍ പോലീസിനോടു വിവരിച്ചു. അയാളുടെ മകളുടെ വിവാഹച്ചെലവിനായി നാല് ലക്ഷം രൂപ ഭാസ്ക്കരന്‍ കടം കൊടുത്തതായും, കിട്ടിയപാടെ അത് ഓട്ടോയുടെ സീറ്റിനു പുറകിലെ സ്റ്റോറെജ് സ്പെയ്സില്‍ വച്ചിരുന്ന, സ്വര്‍ണ്ണം ഇരുന്നിരുന്ന ബാഗിലേക്ക് ഇടുകയായിരുന്നു എന്നുമയാള്‍ പറഞ്ഞു; അതിനുശേഷം എവിടെയും വണ്ടി നിര്‍ത്തുകയുണ്ടായില്ലെന്നും.
ഓട്ടോക്കാരനെ മുന്നേ പരിചയം ഉണ്ടോ എന്ന ചോദ്യത്തിന്, "അയാള്‍ എന്നോട് പറഞ്ഞത് രാജന്‍ എന്നാണ് പേര്, ടൌണിലാണ്‌ ഓടുന്നത് എന്നാണ്... കണ്ടിട്ട് കൊഴപ്പക്കാരന്‍ മട്ടൊന്നുമില്ലാര്‍ന്നു. മാത്രവുമല്ല, എന്‍റെ കൈയില്‍ സ്വര്‍ണ്ണമോ, പണമോ ഉള്ളതായി അയാള്‍ക്കൊട്ട് അറിയേമില്ലാ...." എന്നും പറഞ്ഞ് അയാള്‍ നിര്‍ത്തിയപ്പോള്‍, തങ്ങള്‍ അന്വേഷിച്ചു വേണ്ടത് ചെയ്തോളാമെന്നും, എന്തേലും വിവരം കിട്ടുന്ന പക്ഷം അറിയിക്കാമെന്ന് എസ്.ഐ ഉറപ്പും കൊടുത്തു.
മുറിവേറ്റ മനസ്സുമായി അയാള്‍ വീട്ടിലേക്ക് പോവുമ്പോള്‍, അയാള്‍ ബാഗിലേയ്ക്കാണെന്നു കരുതി ഇട്ട പണപ്പൊതി തന്‍റെ ഓട്ടോയില്‍ കിടക്കുന്നതറിയാതെ, രാജന്‍ ടൌണില്‍ നിന്നും ഏറെ അകലെയല്ലാതുള്ള തന്‍റെ വീട്ടിലെത്തി. എത്ര വൈകിയാലും ഉച്ചഭക്ഷണം അയാള്‍ വീട്ടില്‍ വന്നിട്ടേ കഴിയ്ക്കാറുള്ളൂ. രാജന് അമ്മയും ഭാര്യയും ഒരു മകളുമാണുള്ളത്. എത്തിയപാടെ വണ്ടിയിലെ പതിവു പരിശോധനയില്‍ രാജന് ആ പണത്തിന്‍റെ പൊതി കിട്ടുകയും ചെയ്തു. ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല അതിന്‍റെ ഉടമസ്ഥനെ അയാള്‍ക്ക് മനസ്സിലാവാന്‍, ഇന്ന് കിട്ടിയ ഓട്ടവും അത് മാത്രമായിരുന്നല്ലോ. എങ്കിലും, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന തനിക്ക് ദൈവം തന്നത് എന്ന ഉള്‍പ്രേരണയ്ക്ക്, അന്യന്‍റെ മുതല്‍ ആഗ്രഹിയ്ക്കരുത് എന്ന സിദ്ധാന്തത്തേക്കാള്‍ മുന്‍‌തൂക്കം കൂടിയപ്പോള്‍; ചെയ്യുന്നത് തെറ്റാണെന്ന പൂര്‍ണ്ണബോദ്ധ്യത്തിലും, ആ പണം മറച്ചു പിടിയ്ക്കാനയാള്‍ നിര്‍ബന്ധിതനായി.
സ്വതവേ ഊണു കഴിഞ്ഞ ഉടനെ തിരിച്ചു പോവാറുള്ള അയാള്‍, മോളുടെ അടുത്ത് കുറച്ചുനേരം ഇരുന്നിട്ട് പോവാമെന്നു കരുതി, മാത്രവുമല്ല അവള്‍ക്കവധിയുമാണല്ലോ. അവളുടെ സമീപത്തായി കണ്ട, വളരെ വില കൂടിയത് എന്ന് തോന്നിക്കുന്ന ഒരു പേന അയാളില്‍ ആശ്ചര്യമുണര്‍ത്തി. ചോദിച്ചപ്പോള്‍ അതവളുടെ ബെസ്റ്റ് ഫ്രണ്ട്-ന്‍റെ ആണെന്നും എങ്ങനെയോ അറിയാതെ അവള്‍ടെ ബോക്സില്‍ പെട്ടതാണെന്നും, ആ കുട്ടീടെ അച്ഛന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടു കൊടുത്തതാണ്, ഭയങ്കര വിലപിടിച്ചതാണെന്നും മറ്റും. എന്നാപ്പിന്നെ നിനക്ക് ഇതവള്‍ക്ക് തിരിയെ കൊടുത്തൂടെ-ന്ന് ചോദിച്ചപ്പോള്‍ അവള്‍ സ്കൂളില്‍ നിന്നും കഴിഞ്ഞ ആഴ്ച ടി.സി വാങ്ങിപ്പോയി, ഇപ്പൊ കൊറേ അകലെ എവിടെയോ ആണെന്നവള്‍
വിഷമത്തോടെ പറഞ്ഞു...
രാജന്‍ ചോദിച്ചു, "എങ്കില്‍ നീയിത് ഉപയോഗിച്ചോ, നിനക്കാണിത് കിട്ടീത്-ന്ന് അവള്‍ക്കറിയില്ലല്ലോ..."
അവള്‍ പറഞ്ഞു, "ന്‍റെ അച്ഛാ, അവള്‍ക്കിതറിയില്ല, ശരി സമ്മതിച്ചു, പക്ഷെ എനിക്ക് അറിയാമല്ലോ, ഇതവള്‍ടെയാണെന്ന്, അപ്പൊ അറിഞ്ഞുകൊണ്ട് അതെങ്ങനെ എനിക്കെടുക്കാന്‍ പറ്റും, അത് തെറ്റല്ലേ.... എനിക്ക് വേണ്ടത് എല്ലാം തരാന്‍ എനിക്കെന്‍റെ പൊന്നച്ഛന്‍ ഇല്ലേ. ഇത് ഞാന്‍ സൂക്ഷിയ്ക്കും, എന്നെങ്കിലും അവളെ കാണുവാണേല്‍ കൊടുക്കാന്‍..."
രാജന് ശ്വാസം മുട്ടുന്നതുപോലെ തോന്നി, നെഞ്ചില്‍ ആരോ ഒരു വലിയ കല്ല്‌ കയറ്റിവച്ചത് പോലെ. അയാള്‍ തന്‍റെ മോളെ വലിച്ചു തന്‍റെ നെഞ്ചോടു ചേര്‍ത്ത് ആ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു. എന്താ അച്ഛാ എന്നവള്‍ മുഖമുയര്‍ത്തി ചോദിച്ചപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഇടറിയ ശബ്ദത്തില്‍ അയാള്‍ മോളോട് പറഞ്ഞു, "മോളേ, നീയാണ് ശരി...."
കണ്ണുകള്‍ തുടച്ച് അയാള്‍ അവളോട് പറഞ്ഞു, "മോളെ നമുക്കൊരിടം വരെ പോണം, പെട്ടെന്ന് റെഡിയാവ്..."
എവിടേയ്ക്കെന്ന അവള്‍ടെ ചോദ്യത്തിന് അതൊക്കെയുണ്ട് എന്ന ഒരു ഒഴുക്കന്‍ മറുപടിയും കൊടുത്ത് ഓട്ടോയില്‍ കയറി അവരാ വീട്ടില്‍ എത്തുമ്പോള്‍ ഇരുട്ടു വീണു തുടങ്ങിയിരുന്നു. ഗൃഹനാഥനെയാണ് കാണേണ്ടത് എന്ന ആവശ്യമറിയിച്ചപ്പോള്‍ ഉമ്മറത്തുള്ളയാള്‍ അകത്തേയ്ക്ക് പോയി. അതാ വരുന്നു, താന്‍ രാവിലെ കണ്ട മനുഷ്യന്‍, രാജന്‍റെ മനസ്സു മന്ത്രിച്ചു... രാവിലത്തെ പ്രസന്നതയുള്ള മുഖം എങ്ങോ പോയ്മറഞ്ഞിരിയ്ക്കുന്നു, ഇതേതോ പ്രേതം കയറിയ പ്രകൃതം... ഈശ്വരാ, ഞാനെന്തൊരു പാപി...
"ചേട്ടാ, ഞാന്‍.... ആ ഓട്ടോക്കാരനാണ്, രാവിലത്തെ...."
എന്തു പറയണം എന്തു ചോദിക്കണം എന്നറിയാതെ നിന്ന അയാളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ആ കൈകളിലേയ്ക്കാ പൊതിക്കെട്ട് വച്ചു കൊടുത്തപ്പോള്‍, സന്തോഷവും സങ്കടവും ഇഴചേര്‍ന്ന ഒരു തരം ഭ്രാന്തമായ ഭാവങ്ങളാല്‍ അയാള്‍ രാജന് നന്ദി പറഞ്ഞതും, അടുത്തു നിന്നയാള്‍ പൈസ കിട്ടിയതായി സ്റ്റേഷനിലേയ്ക്ക് വിളിച്ചു പറയുന്നതും എല്ലാം കണ്ടു നിന്ന രാജന്‍റെ മോള്‍ക്ക്, പ്രായത്തിന്‍റെ പക്വതക്കുറവില്‍ കാര്യങ്ങളുടെ ഒരു മുഴു-വ്യക്തത കിട്ടിയില്ലെങ്കിലും, അവള്‍ക്കു മനസ്സിലായി തന്‍റെ അച്ഛന്‍ അവരടെയൊക്കെ സന്തോഷത്തിനു കാരണമായിരിയ്ക്കുന്നുവെന്ന്....
ആ വീടിന്‍റെ പൂമുഖത്തു കണ്ട, കുറെ ഈറനണിഞ്ഞ ചിരിയ്ക്കുന്ന മുഖങ്ങള്‍ക്ക് നേരെ കൈ വീശി യാത്രയോതി, അച്ഛനോടൊപ്പം ഓട്ടോയില്‍ കയറുമ്പോള്‍ അവള്‍ ചോദിച്ചു, "എന്താ അച്ഛാ ഇണ്ടായെ"...
-- "അത് അച്ഛന്‍ വിശദമായി പിന്നീട് പറഞ്ഞു തരാം... പക്ഷെ നാളെത്തന്നെ നമുക്ക് ചെയ്യേണ്ട ഒന്നുണ്ട്, സ്കൂളില്‍ പോയി നിന്‍റെ ആ കൂട്ടുകാരീടെ പുതിയ മേല്‍വിലാസം തേടിപ്പിടിച്ച്, അവിടെച്ചെന്ന് അവള്‍ക്കാ പേന കൊടുക്കണം...."
"യ്യോ... ന്‍റെ പുന്നാര അച്ഛന്‍" അവള്‍ അയാളെ ഇറുകെപ്പിടിച്ചു....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot