നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇര തേടുന്ന പാമ്പുകൾ


ഇര തേടുന്ന പാമ്പുകൾ
-----------------------------------
പതിവുള്ള വീട്ടുജോലിയെല്ലാം കഴിഞ്ഞു ശാരിക മൊബൈലിനു മുമ്പിൽ നടു നിവർത്തിയപ്പോഴാണ് അത് കണ്ടത്. ഫേസ്ബുക്കിൽ ഒരു പുതിയ റിക്വസ്റ്റ് വന്നു കിടക്കുന്നു. നോക്കിയപ്പോൾ ജോമി... ക്ലാസ്മേറ്റായിരുന്നു. സന്തോഷത്തോട് കൂടി തന്നെ ശാരിക അത് ആക്സ്പറ്റ് ചെയ്തു. പഴയ സഹപാഠികളെ വീണ്ടും കണ്ടുമുട്ടാൻ ഫേസ്ബുക്ക് ഒരുപാട് സഹായകരമാണെന്നു ഓർത്തിരിക്കുമ്പോൾ തന്നെ ജോമിയുടെ മെസ്സേജ് വന്നു.
" ഹായ് ശാരിക ഓർക്കുന്നോ "
" അതെന്താ ജോമി അങ്ങിനെ ചോദിച്ചത്. ഞാൻ മറന്നിട്ടൊന്നുമില്ല " അപ്പോൾ തന്നെ മറുപടിയും കൊടുത്തു.
പിന്നീട് ആ സുഹൃത്തുക്കൾ തമ്മിൽ വിശേഷങ്ങൾ പങ്ക് വെച്ചു. ജോമി ഇന്ന് ബിസിനസ്സ്കാരനാണ്. ഭാര്യ, രണ്ടു കുട്ടികൾ. ശാരികയുടെ ജോലി വീട്ടിൽ മാത്രമാണ് .. ഒരു മോളുണ്ട്. ഭർത്താവ് ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. പഴയ സഹപാഠികളെ കുറിച്ച് സംസാരിച്ചും അന്നത്തെ കാലത്തെ രസകരമായ സംഭവങ്ങളും അമളികളും പരസ്പരം പങ്കു വെച്ചു ചിരിച്ചും അന്നത്തെ ചാറ്റിംഗ് സമാപിച്ചു. പിന്നീട് ജോമി എന്നും വരും കുറച്ചു നേരം സംസാരിക്കും. ഒരു അലുമിനി ഗ്രൂപ്പ് തുടങ്ങുന്നതിന് പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും അതിന് ശാരികയുടെ സഹായം വേണമെന്നുമൊക്കെ സംസാരിച്ചു. ശാരികയുടെ ഫ്രണ്ട്സ്‌ലിസ്റ്റിൽ ഉള്ള സഹപാഠികളെ ജോമിയും ശാരിക തിരിച്ചു അതുപോലെയും ആഡ് ചെയ്തു. പഴയ സുഹൃത്തിന്റെ പുനർസമാഗമത്തിൽ ശാരിക അത്യധികം സന്തോഷവതിയായിരുന്നു. അങ്ങിനെ കുറച്ചു ദിവസങ്ങൾക്ക് ശേഷം പതിവ് പോലെ സംസാരിച്ചു കൊണ്ടിരുന്നതിന്റെ ഇടയിലാണ് ജോമി പതിവില്ലാതെ മുഖവുരയിട്ടത്.
" ശാരു.. ഞാനൊരു കാര്യം പറയട്ടെ.."
" അതിനെന്തിനാ ജോമി ഒരു മുഖവുര... ജോമിക്ക് പറയാമല്ലോ "
" അല്ല ഞാനത് പറഞ്ഞാൽ ശാരു എങ്ങിനെയെടുക്കുമെന്നറിയില്ല.. അതാ ഒരു.. പക്ഷേ പറയാതിരിക്കാനും ആവുന്നില്ല."
" ജോമി ധൈര്യമായി പറഞ്ഞോളൂ... താനെന്റെ നല്ല ഫ്രണ്ടല്ലേ.."
എന്നിട്ടും ജോമി മടിച്ചു നിന്നപ്പോഴാണ് ശാരികയ്ക്ക് ആകാംക്ഷ കൂടിയത്. ഒടുവിൽ ജോമി പറയാനാരംഭിച്ചു.
" എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായിരുന്നെടോ " പെട്ടെന്നുള്ള ഈ തുറന്നു പറച്ചിലിൽ ശാരിക തെല്ല് അമ്പരക്കാതിരുന്നില്ല. ജോമി തുടർന്നു.
" അന്ന് നമ്മൾ പിരിഞ്ഞതിന് ശേഷം എല്ലാം കഴിഞ്ഞു എന്ന് ഞാൻ കരുതിയതാണ്. പിന്നീട് ഈ ഫേസ്ബുക്ക് വന്നപ്പോൾ ഞാൻ ആദ്യം തിരഞ്ഞത് തന്നെയാണ്. തന്റെ ഹസ്ബൻഡിന്റെ പേര് അറിയില്ലായിരുന്നു അതാണ് കണ്ടുപിടിക്കാൻ ഇത്രയും വൈകിയത്. പിന്നെ നിങ്ങൾ പെണ്ണുങ്ങളുടെ പ്രൊഫൈൽ ഫോട്ടോ നോക്കി ആളെ തിരിച്ചറിയാനും പറ്റില്ലല്ലോ...ഇനിയും ആ ഇഷ്ടം ഉള്ളിൽ കൊണ്ടു നടക്കാൻ എനിക്ക് സാധിക്കില്ല. ഇനിയെങ്കിലും ഞാനത് തുറന്നു പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ ഞാൻ ശ്വാസം മുട്ടി മരിച്ചു പോകും... ഓരോ ദിവസം കഴിയുംതോറും ആ ഇഷ്ടം കുറയുകയല്ല കൂടി വരികയാണ്... ഐ ലൗ യൂ ശാരു "
ദാമ്പത്യ ജീവിതത്തിൽ മടുപ്പ് കലർന്നു തുടങ്ങുന്ന യൗവ്വനത്തിൽ ഇത്തരം പുതുമ കലർന്ന ആശയങ്ങൾ പരീക്ഷിക്കാൻ സ്ത്രീയും പുരുഷനും തയ്യാറായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലെ സ്ത്രീയായിരുന്നിട്ടു കൂടിയും ശാരികയ്ക്ക് ഞെട്ടലിൽ നിന്നും മുക്തയാകാൻ അധികം ചിന്തിക്കേണ്ടി വന്നില്ല. അതായിരുന്നു അവളുടെ മറുപടിയും.
" ജോമി എന്ത് ഭ്രാന്താണ് ഈ പറയുന്നത്... കൗമാരത്തിലെ ചില ചാപല്യങ്ങൾ ഇപ്പോഴും കൊണ്ടു നടക്കുക എന്നൊക്കെ പറഞ്ഞാൽ... അക്കാലം കഴിഞ്ഞപ്പോൾ തന്നെ അതെല്ലാം മറക്കണമായിരുന്നു... "
" എനിക്ക് വെറും ചാപല്യമായിരുന്നില്ല ശാരു.. എനിക്ക് നീ ജീവനായിരുന്നു. "
" നോക്ക് ജോമി... എന്റെ ഭർത്താവ് നൂറു ശതമാനം പെർഫെക്ട് ആയ ഒരാളാണെന്നു ഞാൻ പറയില്ല. ഞാൻ നൂറ് ശതമാനം പെർഫെക്ട് ആയ ഒരു ഭാര്യയും. പക്ഷേ ഒന്നുണ്ട് അതിന് അർത്ഥവും വലുതാണ് ഞാനൊരു ഭാര്യയാണ്. ഒരമ്മയും.. എന്റെ ഭർത്താവിന് എന്നോട് സ്നേഹവുമുണ്ട്.. അതാണ് എനിക്ക് പറയാനുള്ള ഒരേയൊരു മറുപടി.. "
" ശാരു പ്ലീസ്... എനിക്ക് നിന്റെ സ്നേഹം വേണം. എനിക്ക് വേറൊന്നും വേണ്ട. നിന്റെ ജീവിതം എനിക്ക് വേണ്ട. പക്ഷേ ആരെയും നോവിക്കാതെ ആരുമറിയാതെ നമുക്ക് പരസ്പരം സ്നേഹിക്കാമല്ലോ..."
" ജോമിക്ക് എന്നോട് ഇത്രയധികം സ്നേഹമുണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് അന്നത് തുറന്നു പറഞ്ഞില്ല. "
" അത്... അന്നത് തുറന്നു പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല ..."
" ശരി... എന്തുകൊണ്ട് ജോമി വേറെ വിവാഹം കഴിച്ചു.."
" ഇനിയൊരിക്കലും നമ്മൾ തമ്മിൽ കണ്ടുമുട്ടില്ല എന്ന് കരുതി.. "
"ജോമിക്ക് വേണമെങ്കിൽ എന്റെ വീട് നിഷ്പ്രയാസം കണ്ടുപിടിക്കാമായിരുന്നല്ലോ എന്ന ചോദ്യം ഞാൻ ചോദിക്കുന്നില്ല. പകരം വേറൊരു ചോദ്യം... ജോമിക്ക് എങ്ങിനെ രണ്ടു കുട്ടികൾ ഉണ്ടായി.."
" ശാരു... ആർ യൂ മാഡ്...?? എന്തൊക്കെയാണ് ഈ ചോദിക്കുന്നത്.. "
" എന്റെ ചോദ്യം അതല്ല... അക്കാര്യങ്ങൾ ചെയ്യുന്ന സമയത്ത് മനസ്സിൽ ഞാനുണ്ടായിരുന്നില്ലല്ലോ ... അന്ന് സ്വന്തം ഭാര്യയെ സ്നേഹിക്കാനും താലോലിക്കാനും നിനക്ക് കഴിഞ്ഞു. "
" അത്... അതല്ല ശാരു.. ഞാനെന്റെ ജീവിതത്തിൽ ആത്മാർഥമായി സ്നേഹിച്ചത് നിന്നെ മാത്രമാണ്. നിന്നെ നഷ്ടപ്പെട്ടപ്പോൾ ഞാൻ എന്തുമാത്രം ദുഃഖിച്ചു എന്നത് നിനക്കറിയില്ല. "
" ഹ ഹ ഹ... ഇതിൽ എവിടെയാണ് ജോമീ നഷ്‌ടപ്പെടലും നേട്ടവും. ഒരുകാര്യം ജോമി മനസ്സിലാക്കണം ഞാനിന്ന് ആ പഴയ കൗമാരക്കാരി അല്ല. മാത്രമല്ല ജോമിക്ക് എന്നോടുള്ളത് സ്നേഹമല്ല. എന്റെ ശരീരത്തോടുള്ള കാമം മാത്രമാണ്. ഒന്നോ രണ്ടോ വട്ടം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ തീർന്നു പോകുന്ന കാമം. ഇന്നൊരുപാട് പേർ സ്നേഹമെന്നു തെറ്റിദ്ധരിക്കുന്നതും അതിനെയാണ്.
" ശാരു... നീയെന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എനിക്ക് നിന്നൊടുള്ളത് ആ വികാരമല്ല. അത്രയ്ക്ക് ചീപ്പല്ല ഞാൻ .."
" മുമ്പ് ഒപ്പം പഠിച്ചിരുന്ന ഒരുവളെ കണ്ടപ്പോൾ ഇന്നലെ വരെ നിന്റെ നെഞ്ചിന്റെ ചൂട് പറ്റി ഉറങ്ങിയവളെ മറന്ന്, അവളെ വഞ്ചിച്ചു മറ്റൊരുവളോട് എനിക്ക് നിന്നോട് സ്നേഹമായിരുന്നു എന്ന് പറയുന്നയാളിന് പിന്നെ എന്താണ്. ? സ്നേഹമെന്നത് എന്താണെന്നാണ് ജോമി കരുതിയിരിക്കുന്നത്. അഥവാ നിനക്കെന്നോട് അത്രയ്ക്ക് ആഴത്തിലുള്ള സ്നേഹമായിരുന്നുവെങ്കിൽ നീ വേറെ വിവാഹം കഴിക്കില്ലായിരുന്നു. അത് ചെയ്തു രണ്ടു കുട്ടികളുമായി വീണ്ടും എന്റെ മുമ്പിൽ വന്നിതു പറയാൻ നിനക്ക് ലജ്ജ തോന്നുന്നില്ലേ... "
" അത്... ഞാൻ... "
"കൂടുതൽ വിശദീകരിച്ചു ബുദ്ധിമുട്ടണം എന്നില്ല... ഒരുപക്ഷേ ജോമി അന്നത് തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ ചിലപ്പോൾ ഞാൻ സ്വീകരിച്ചേനെ. പക്ഷേ ഇന്ന് ഞാൻ വേറൊരാളുടെ ഭാര്യയാണ്. ഒരു പഴയ സുഹൃത്ത് എന്ന കണ്ണിൽ മാത്രം തെളിയുന്ന രൂപമായിരിക്കണം ഞാൻ. എന്തുകൊണ്ട് പുരുഷന്മാർ തങ്ങളുടെ ഭാര്യമാർ പഴയ സഹപാഠികളോട് മിണ്ടുന്നതിൽ ഭയക്കുന്നു എന്നതിന് ഒരുദാഹരണമാകരുത് ജോമീ നീ... "
" ഓക്കേ ഇറ്റ്‌സ് മൈ മിസ്റ്റേക്ക് ശാരു ലീവ് ഇറ്റ് "
" നിന്റെ ഭാര്യയോട് ഇതുപോലെ ഒരാൾ പറഞ്ഞാൽ അല്ലെങ്കിൽ അവൾ ആരോടെങ്കിലും പറഞ്ഞാൽ നിനക്ക് സഹിക്കുമോ "
" അവളുടെ ഇഷ്ടം അതാണെങ്കിൽ അങ്ങിനെ ആയിക്കോട്ടെ "
" അവളുടെ ഇഷ്ടം അതാണെങ്കിൽ...ഗുഡ്... വിശാല ഹൃദയനായ ഭർത്താവ്... ഒരുകാര്യം ചെയ്യാം നിന്റെ പ്രൊഫൈലിൽ അവളുടെ ഐഡി ഉണ്ടല്ലോ ഞാൻ നീ ഈ പറഞ്ഞതിന്റെ സ്ക്രീൻ ഷോട്ട് അവൾക്ക് കൊടുക്കട്ടെ..??"
" നിനക്കെന്താണ് ശാരു... വെറുതെ ആവശ്യമില്ലാത്ത കാര്യത്തിന് നിൽക്കല്ലേ "
" ഹ ഹ ഹ കണ്ടോ വിശാല ഹൃദയന്റെ ദേഷ്യം.... ഒന്ന് പോ ജോമീ... അങ്ങിനെ ഒരു രംഗം മനസ്സിൽ ചിന്തിച്ചു നോക്ക്. അപ്പൊ അറിയാം നിനക്കത് താങ്ങാൻ പറ്റില്ല എന്ന കാര്യം.. ലോകത്ത് ഒരു പുരുഷനും സ്ത്രീയ്ക്കും താങ്ങുവാൻ സാധിക്കാത്ത കാര്യമാണ് തന്റെ പങ്കാളി വേറൊരാളോട് അടുക്കുന്നത്. പക്ഷേ അവർക്ക് സ്വയം എന്തുമാകാം. "
" ശാരു ആക്ച്ചുലി ഐ ആം ലിറ്റിൽ ബിസി... നമുക്ക് പിന്നെ കാണാം.."
" ആഹാ അതു കൊള്ളാമല്ലോ.. ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നുവെങ്കിൽ നീ ഫ്രീ ആയേനെ അല്ലേ.. എന്തായാലും വന്നതല്ലേ മുഴുവൻ സംസാരിച്ചിട്ടു പോയാൽ മതി.. "
"ജോമീ... ഈ ലോകത്ത് പൂർണ്ണമായ സന്തോഷത്തിൽ ഒരിക്കൽ പോലും തമ്മിൽ കലഹിക്കാതെ ഒരുമിച്ചു ജീവിക്കുന്ന ഒരു ഭാര്യയും ഭർത്താവുമില്ല. പുറമെ നിന്ന് ഒരാളുടെ ഇടപെടൽ ഇല്ലെങ്കിൽ അവർ വീണ്ടും ഒന്നു ചേരും. അവരുടെ വഴക്കിന്റെ ഇടയിൽ എപ്പോഴാണോ മൂന്നാമതൊരാൾ വരുന്നത് അപ്പോൾ മാത്രമാണ് അവരുടെ ബന്ധം തകരാൻ തുടങ്ങുന്നത്. ഇപ്പോൾ ജോമിയുടെ ഈ വെളിപ്പെടുത്തലിന് ചിരിച്ചു കൊണ്ട് ഞാൻ മറുപടി തന്നാൽ നാളെ ഞാനെന്റെ ഭർത്താവുമായി പിണങ്ങിയിരിക്കുന്ന സമയത്ത് എനിക്ക് ജോമി പറഞ്ഞ കാര്യം ഓർമ്മ വരും സ്വാഭാവികമായും ഞാൻ നിന്നിലേക്ക് ചായും. നിന്റെ ലക്ഷ്യവും അത് തന്നെ. പക്ഷേ... ഏത് വഞ്ചിയിലൂടെയും വെള്ളത്തിൽ സഞ്ചരിക്കാമെങ്കിലും ആ വഞ്ചി അണയണമെങ്കിൽ ഉറപ്പുള്ള തിട്ടയോട് കൂടിയ ഒരു കര വേണം. ആ കരയാണ് അവരവരുടെ ജീവിത പങ്കാളി. അത് ജോമി മറക്കരുത് ".
ജോമി നിശബ്ദം.
ശാരിക വീണ്ടും ടൈപ്പ് ചെയ്തു
"ഒന്ന് ചിന്തിക്കുക നിന്നെ മാത്രം ഓർത്ത് വൈകിട്ട് നീ ചെല്ലുമ്പോൾ നിനക്ക് ഇഷ്ടമുള്ള ആഹാരമുണ്ടാക്കി കുട്ടികളുടെയും നിന്റെയും കാര്യം നോക്കി ജീവിക്കുന്ന ഒരു സ്ത്രീ നിന്റെ കുടുംബത്തിലുണ്ട്. അവളോട് ഒരു തരിയെങ്കിലും സ്നേഹമുണ്ടായിരുന്നു എങ്കിൽ നീയിപ്പോൾ എന്നോടിത് പറയില്ലായിരുന്നു. നിനക്ക് സ്നേഹമെന്തെന്നു അറിയില്ല ജോമീ. അറിയുമായിരുന്നെങ്കിൽ സ്വന്തം വീട്ടിൽ ആഹാരം വെച്ചിട്ട് ഹോട്ടൽ തേടിയിറങ്ങുമായിരുന്നില്ല. "
ശാരിക വീണ്ടുമെന്തോ ടൈപ്പ് ചെയ്യാൻ തുടങ്ങിയതും you cannot reply to this conversation എന്നാണ് സ്ക്രീനിൽ തെളിഞ്ഞത്. മനസ്സിൽ തെല്ല് വിഷമം തോന്നിയെങ്കിലും ഒരു സ്ത്രീ എന്ന നിലയിൽ താൻ വിജയിച്ചു എന്നു ശാരികയ്ക്ക് തോന്നി. മോളുടെയും ഭർത്താവിന്റെയും ഫോട്ടോയിലേക്ക് നോക്കിയപ്പോൾ അതു മാത്രമാണ് ശാരികയ്ക്ക് തോന്നിയതും.
വാൽക്കഷ്ണം :- ഫേസ്ബുക്കും വാട്സാപ്പും വന്നതോട് കൂടി പണ്ട് ഒപ്പം പഠിച്ചിരുന്നവരോട് പ്രണയമായിരുന്നു എന്ന് വൈകിയ വേളയിൽ തുറന്നു പറയുന്നവരുണ്ട്. കുറച്ചു പേരെങ്കിലും ആ പ്രണയം സ്വീകരിക്കുന്നുമുണ്ട്. ഒന്ന് മാത്രം ഓർക്കുക നിങ്ങൾ നിങ്ങളുടേ കുടുംബം മാത്രമല്ല തകർക്കുന്നത് മറ്റൊരു കുടുംബം കൂടിയാണ്. ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ ഉൾപ്പെടെ ആ പ്രളയത്തിൽ നശിപ്പിക്കപ്പെടുന്നു. വേണോ എന്നത് സ്വയം ചിന്തിക്കുക. കാരണം ജീവിതം നിങ്ങളുടേതാണ്. ചിന്തയും നിങ്ങളുടേത് തന്നെയാകട്ടെ.
ഒന്ന് കൂടി... ആറിയ കഞ്ഞി പഴങ്കഞ്ഞി തന്നെയാണ്. അതിന് ചൂടുണ്ടാകുമെന്നു കരുതുന്നത് വെറും വിഡ്ഢിത്തമാണ്.
നന്മകൾ നേർന്നുകൊണ്ട്
ജയ്സൺ അത്താണിക്കൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot