Slider

വേര്

വേര്
======================
പുറത്ത്, ചെമ്പകവും അത്തിയും പേരയും വെള്ളച്ചാമ്പയും അലറി പായുന്ന കാറ്റിൽ വല്ലാതെ ആടിയുലയുന്നുണ്ട്.കൂവളത്തിന്റെ ഭാരമറിയാത്ത കൊമ്പുകൾ കാറ്റിനോട്ട് മല്ലിട്ട് പലതായി പൊട്ടി കുത്തിയൊലിക്കുന്ന നീർച്ചാലുകളിലേയ്ക്ക് വീണ് കണ്ണീരില്ലാതെ ഒഴുകിയലയുകയാണ്.
പാലക്കൊമ്പിന്റെ ഇരുട്ടിനെ പ്രേതത്തെ പോലെ തോന്നിക്കും വിധം കടന്നാക്രമിക്കുണ്ട് മിന്നൽ.
നേരം പുലരാൻ ഇനിയും സമയമേറെയുണ്ടെന്ന ഉറപ്പിൽ അവൻ കറുത്ത കരിമ്പടത്തിന്റെ ചൂടിലേക്ക് ആഴ്ന്നിറങ്ങി ചുരുണ്ടൊതുങ്ങി.അവനോടൊപ്പം ഉറക്കമില്ലാതെ കിടന്നിരുന്ന മൊബൈൽ സ്‌ക്രീനിൽ
ഫേസ്‌ബുക്ക്‌ന്റെ നീല വെളിച്ചം
മിന്നിക്കൊണ്ടേ ഇരിക്കുന്നുണ്ട്.
നീല വെളിച്ചം കണ്ണിലേക്കാഴ്ന്നിറങ്ങി ഉറക്കം കെടുത്തിയിട്ടും അവൻ പുറത്തേക്കൊന്ന് നോക്കുക പോലുമുണ്ടായില്ല.കർക്കിടക പെയ്ത്തിന്റെ കറുത്ത രാത്രിയിൽ നിന്നും കണ്ണെടുത്ത വാഴക്കൂമ്പിതളിൽ വന്നിരുന്ന് പാടുന്ന മഴക്കിളിയെ അവൻ കണ്ടിരുന്നില്ല.
പെട്ടെന്ന് ഒരു ശബ്ദം കേട്ടാണ് അവൻ കരിമ്പടം മാറ്റി ജനൽചില്ലിലൂടെ പുറത്തേയ്ക്ക് നോക്കിയത് ജനൽചില്ലിൽ ഒരു തുള്ളി ചോര !!മഴത്തുളികളോട് ചേർന്ന് അത്‌ ചില്ലിലൂടെ ഒരു വര പോലെ താഴേയ്ക്ക് ഒഴുകുന്നുണ്ടായിരുന്നു.
കൊക്കിൽ ചോരയൊലിപ്പിച്ച മഴപ്പക്ഷി പെട്ടെന്ന് എങ്ങോട്ടോ പറന്നു പോയി.മേലാകെ കുളിരുന്നത് പോലെ, കാലുകൾ വിറയ്ക്കുന്നുണ്ട്.ആ പക്ഷി തന്നെ വിളിക്കുന്നു എന്ന ബോധം അവനിലേയ്ക്ക് വല്ലാതെ കയറിക്കൂടിയിരുന്നു.
വാതിൽ തുറന്ന് പതിയെ പുറത്തിറങ്ങുമ്പോൾ മഴയുടെ കനം കൂടിയിരുന്നു വല്ലാതെ.
ഓരോ തുള്ളിയും അവന്റെ മേൽ വേദനകളായി പെയ്തിറങ്ങി കൊണ്ടിരുന്നു.ആദ്യമായ് മഴ നനയുന്നത് പോലെ!!
മഴപ്പക്ഷി എങ്ങോട്ടാണ് പാടിപ്പറന്നത് എന്നവന് അറിയില്ലായിരുന്നു.പക്ഷേ തേടിയിറങ്ങാൻ ആരോ പറയുന്നത് പോലെ.
പരന്നൊഴുകുന്ന മഴവെള്ളത്തിൽ കാല് പതിപ്പിച്ച്‌ മുന്നോട്ട് നടക്കുമ്പോൾ മഴ അവന് വളരെ അപരിചിതമായ ഒന്നായി തോന്നി.
വഴിയിലെ മണ്ണും കല്ലും പെറുക്കി ഒടിയകലുന്ന മഴയിലൂടെ കുറച്ച് നടക്കും മുന്നേ പുല്ല് മേഞ്ഞ ഒരു വീടവൻ കണ്ടു.ഓർമ്മയിലെവിടെയോ
കണ്ട് മറന്നത് പോലെ.
മുറ്റത്ത് ചിതറി തെറിയ്ക്കുന്ന മഴത്തുള്ളികളിൽ കടലാസ്തോണികളിറക്കി അക്ഷമരായി രണ്ടിളം പൈതലുകൾ.ഇളയതിന്റെ രണ്ട് വശത്തേയ്ക്കായി മാടിക്കെട്ടിയ മുടിയിലെ ചുവന്ന റിബ്ബണിൽ പിടിച്ച് വലിച്ച് കുറുമ്പ് കാണിക്കുന്നുണ്ട് വലിയവൻ.
ആരെയോ കാത്തിരിക്കുന്നത് പോലെ രണ്ട് പേരും ഇടയ്ക്കിടെ വഴിയിലേക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ട്.തൊടിയിൽ ഒരു അനക്കം കേട്ട് അവൻ അങ്ങോട്ട്‌ നോക്കി.ഒരു കുട്ട നിറയെ മാങ്ങയും പെറുക്കി ഒരമ്മൂമ്മ.
മുറുക്കി ചുവന്ന പല്ലുകൾ കാട്ടി വെളുക്കെ ചിരിച്ച് കൊണ്ട് അമ്മൂമ്മ കൈയ്യിലിരുന്ന മാങ്ങ കുഞ്ഞുങ്ങളെ വീശിക്കാണിച്ച്‌ പതിയെ മുറ്റത്തേക്കിറങ്ങി.
കുട്ടയിൽ നിന്നും മാങ്ങകൾ മഴയിലേക്ക് വീഴുകയും അമ്മൂമ്മ വീണ്ടും അത്‌ പെറുക്കിയെടുക്കുകയും ചെയ്യുന്നുണ്ട്.കൈയ്യിലൊതുങ്ങാത്ത മാമ്പഴത്തെ ജമ്പർ ന്റെ ഉള്ളിൽ തിരുകി നടന്ന് വരുന്ന അമ്മൂമ്മ അവനൊരു കൗതുകമായിരുന്നു.
അമ്മൂമ്മ ഒരു മാങ്ങ അവന് നേരെ നീട്ടി.ഒന്നും മിണ്ടാതെ അവനത് വാങ്ങുകയും അതിന്റെ കറ നാവു കൊണ്ട് നക്കി തുപ്പി കളഞ്ഞ് അതിലേയ്ക്ക് പല്ലാഴ്ത്തുകയും ചെയ്തു.
ആദ്യമായ് മാങ്ങ കഴിക്കുന്നത് പോലെ അവൻ മാങ്ങ കൈ കൊണ്ട് പിഴിഞ്ഞ് ചാറെടുത്ത് വായിലേക്കിറ്റിച്ചു.കൈയ്യിലും മുഖത്തും കഴുത്തിലുമെല്ലാം മാങ്ങയുടെ മഞ്ഞച്ചാൽ.
അത്‌ കണ്ട കുട്ടികൾ കൈ കൊട്ടി ചിരിക്കാൻ തുടങ്ങി.
കയ്യിലെ മാമ്പഴച്ചാർ നക്കിയെടുക്കുമ്പോൾ, ദൂരെ മാവിൻകൊമ്പിൽ അവൻ വീണ്ടുമാ മഴപക്ഷിയെ കണ്ടു.
മാങ്ങാണ്ടി ദൂരെയെറിഞ്ഞ് അവൻ വേഗത്തിൽ ഓടി.
മഴപ്പക്ഷി ചില്ല വിട്ട് ദൂരേയ്ക്ക്‌ പറന്നകന്ന് തുടങ്ങിയിരുന്നു.
ചുണ്ടിൽ മാമ്പഴവും കൊത്തി പറക്കുന്ന ആ മഴക്കിളി അതിവേഗം പാടത്തിന്റെ പച്ചപ്പിലേയ്ക്ക് ആഴ്ന്നിറങ്ങി.
പുറകെ ഓടിയെത്തിയ അവന്റെ കാലിൽ ചേറു പുരണ്ട് വഴു വഴുപ്പായിരുന്നു.അവന് വല്ലാത്ത അറപ്പാണ് തോന്നിയത്.
നെല്ലുകൾക്കിടയിൽ ഈരിഴ തോർത്ത് വിരിച്ചു മാൻകണ്ണികളെ പിടിച്ച് ഹോർലിക്ക്സ് കുപ്പിയിലിട്ട് സൂര്യന് നേരെ പിടിച്ച് നിറങ്ങൾ എണ്ണിത്തീർക്കുന്ന കുറേ ബാല്യങ്ങൾ അവനെ അതിരൂക്ഷമായൊന്ന് നോക്കി പാടവരമ്പേറി നടന്നകന്നു.
ചളി പുരണ്ട കാല് പതിയെ എടുത്ത് അവൻ ദൂരെ കണ്ട കുളത്തിലേക്ക് ലക്ഷ്യം വെച്ചു.
മഴപ്പക്ഷി കുളത്തിന്റെ അരികിലെ കാറ്റിലുലയുന്ന പേര മരത്തിൽ അനങ്ങാതിരിക്കുന്നത് അവൻ കണ്ടിരുന്നു.അവന്റെ കാലുകൾക്ക് വേഗം കൂടി.കുളക്കരയിലെത്തിയപ്പോൾ മുന്നേ കണ്ട ബാല്യങ്ങൾ ചാടി തിമിർക്കുന്നതാണ് അവൻ കണ്ടത്.തുണിയൊന്നുമില്ലാതെ എല്ലാം വെള്ളത്തിൽ നീന്തി തുടിക്കുകയാണ്.ഹോർലിക്‌സ് കുപ്പിയിലെ മാൻകണ്ണികൾ വെള്ളം കണ്ട് ചില്ലിനിട്ടു കുത്തുന്നുണ്ട്.ആ ചെറു ബാല്യങ്ങൾ അല്ലാതെ എത്രയോ സ്ത്രീകൾ ആ കുളക്കടവിൽ അലക്കുകയും കുളിക്കുകയും ചെയ്യുന്നുണ്ട്.ആരെയും അവന് പരിചയം തോന്നിയില്ല.
ആരോടും ഒന്നും ചോദിക്കാതെ അവൻ കാല് വെള്ളത്തിൽ കഴുകി തിരിച്ച് നടക്കുമ്പോൾ അവരെന്തെല്ലാമോ ചോദിക്കുന്നത് പോലെ അവന് തോന്നി.അവരുടെ കണ്ണിൽ വാത്സല്യം തുളുമ്പുന്നത് പോലെ.
മഴപ്പക്ഷി പേര മരം വിട്ട് ദൂരേയ്ക്ക് പറന്നിരുന്നു.
അവൻ പുറകെ ഓടി.
അകലെ കുന്നും കടന്ന് വെൺതേക്കും മരുതും ഇഞ്ച മുള്ളും നിറഞ്ഞ കാവിന്റെ ഉള്ളിലേയ്ക്ക് അവൻ പെട്ടെന്ന് എത്തിയത് പോലെ. അവിടെ വല്ലാതെ തണുത്തിരുന്നു.കോട കയറിയിട്ടുണ്ട്.ഇടുങ്ങിയ വഴികളിൽ മഞ്ചാടി വീണ് കിടപ്പുണ്ട്.അവനത് എടുക്കണം എന്ന് ആഗ്രഹമുണ്ട്,പക്ഷേ ഒരു വല്ലായ്ക.കാവിനുള്ളിൽ നിന്നും ഇടയ്ക്ക കൊട്ടി ആരോ പാടുന്ന പോലെ...
ഉത്സവം!!
ബലൂണും പൊരിയും വളക്കടകളും പെട്ടെന്ന് അവന് കാണായി.എത്ര ജനങ്ങൾ ആണവിടെ.എല്ലാരേയും എവിടെയോ കണ്ടത് പോലെ...
ആരെല്ലാമോ അവനെ വിളിക്കുന്നുണ്ട്.അവൻ പക്ഷേ നിന്നില്ല,ആൾക്കൂട്ടം അവനെ അലോസരപ്പെടുത്തുണ്ടായിരുന്നു.
അവൻ ഇടവഴിയിലൂടെ ഓടി വെള്ളരിപ്പാടത്തേയ്ക്ക് കയറി.
മഴപ്പക്ഷി വെള്ളരിപ്പാടത്തിനപ്പുറം കവുങ്ങിൻ തോട്ടത്തിൽ പാറി നടപ്പുണ്ട്. അവൻ അങ്ങോട്ട്‌ കുതിച്ചു.തോട്ടത്തിന്റെ അരികു ചേർന്ന വീട്ടിൽ തോരണങ്ങൾ തൂക്കിയിട്ടിരിക്കുന്നു.
പെട്രോമാസ് വെളിച്ചത്തിൽ ചെറിയ പാറ്റകൾ വട്ടമിടുന്നുണ്ട്.
ഉടുത്തൊരുങ്ങിയ സ്ത്രീകളും കുട്ടികളും അവിടേയ്ക്ക് ചെല്ലുന്നത് കണ്ട് കൗതുകം സഹിക്കാനാവാതെ അവിടേയ്ക്ക് ചെന്ന അവനെ ആരെല്ലാമോ കൈ പിടിച്ച് സ്വീകരിച്ചു.
ആഭരണവിഭൂഷിതയായ ഒരു പെണ്ണ് അവനെ ആശ്ലേഷിക്കുകയും എന്തെല്ലാമോ വിവരങ്ങൾ ആരായുകയും ചെയ്തു.
എവിടെയോ കണ്ടത് പോലെ...
അവന് പക്ഷേ വ്യക്തമാകുന്നുണ്ടായില്ല.
അവിടെ നിന്ന് പെട്ടെന്നിറങ്ങാൻ തുനിഞ്ഞ അവന്റെ മുന്നിലൂടെ മഴപ്പക്ഷി അടുത്ത വീട്ടിലേക്ക് പറന്നിറങ്ങി.അവിടെ അവന്റെ അമ്മ ഉമ്മറത്തിരുന്ന് അവനെ നോക്കുന്നുണ്ടായിരുന്നു.
അതേ സമയം അവന്റെ ഫോണിൽ നീല വെളിച്ചം തെളിഞ്ഞു.
Congratulations.U've reached 5000 friend limit on Facebook.
""""""""""""""""""""""""""""""""""""""""""""""""
ജിതിൻ മേഘമൽഹാർ
09-03-18
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo