Part 11
ജനുവരി 1
പ്ലെയിനിൽ റോബിയുടെ തോളിൽ തല ചായ്ച്ചുറങ്ങുകയായിരുന്നു നീന. ഒരു കൊച്ചു ചിരിയുണ്ട് മുഖത്ത്.
രണ്ടര മാസം പിന്നിട്ട ദാമ്പത്യം ആഘോഷിക്കാനായി നീനയും റോബിയും തിരഞ്ഞെടുത്തത് മലേഷ്യയിലെ ലങ്കാവി എന്നൊരു മനോഹര ദ്വീപാണ്.
റോബി മുൻപൊരിക്കൽ അവിടെ പോയിട്ടുണ്ടായിരുന്നു. ഇത്രയും ഭംഗിയുള്ള ഒരു സ്ഥലം അവൻ വേറേ കണ്ടിട്ടില്ലത്രെ. നീനക്ക് എതിരഭിപ്രായമൊന്നുമുണ്ടായിരുന്നില്ല. അവൾ ആദ്യമായാണ് ഒരു ട്രിപ്പ് പോകുന്നത്.
പപ്പാ ജീവിച്ചിരുന്നപ്പോഴൊന്നും ഇത്തരം യാതൊരു പരിപാടികൾക്കും സമ്മതിച്ചിരുന്നില്ല. “ആരെങ്കിലും സന്തോഷത്തോടെയിരിക്കുന്നത് എന്റെ പപ്പക്കിഷ്ടമല്ല . അതിപ്പൊ സ്വന്തം മോളായാലും.” അവൾ പറയാറുണ്ടായിരുന്നു.
റോബി സഹാനുഭൂതിയോടെ അവളുടെ നെറ്റിയിൽ വീണു കിടന്ന മുടിയിഴകൾ കോതിയൊതുക്കി.
“എത്തിയോ ?” പാതിയുറക്കത്തിലായിരുന്നു അവളുടെ ചോദ്യം.
“ഇപ്പ എത്തും... ലാൻഡു ചെയ്യാൻ പോക്വാ...” റോബി അവൾക്ക് സീറ്റ് ബെൽട്ട് മുറുക്കിക്കൊടുത്തു.
“ഈ ലങ്കാവീല് റോബി ഇതിനു മുൻപെ ആരുടെ കൂടെയാ വന്നേ ?” അവളുടെ മുഖത്തൊരു കുസൃതിച്ചിരി.
“എന്റെ അമ്മായപ്പന്റെ കൂടെ. നല്ല മനുഷ്യനാരുന്നു. കമ്പനിക്ക് അയാളെ കഴിഞ്ഞിട്ടേ ഉള്ളൂ ആരും !”
“പോ ... റോബി! പപ്പായെ പറയണ്ട. “ അവൾ മുഖം വീർപ്പിച്ചു.
“ഹ ഹ ഹ നിന്റെ പപ്പാന്നു പറഞ്ഞാൽ എന്റെ ഹീറോയല്ലേ മോളൂ. ആളു മൊരടനാരുന്നെങ്കിലും പൂത്ത കാശല്ലാരുന്നോ ? എവിടൊക്കെയാ എന്തൊക്കെയാ വാങ്ങിക്കൂട്ടിയിരിക്കുന്നേന്ന് നിനക്കു വല്ല പിടിയുമുണ്ടോ ?”
“എനിക്കേ, റോബീടെ എല്ലാ സ്വഭാവോം ഇഷ്ടാ. ഈ ആർത്തി ഒഴിച്ച്.” അവളുടെ മുഖം ഗൗരവത്തിലായിരുന്നു. “ എന്തോരം കാശുണ്ട് കയ്യിൽ... എന്നാലും പിന്നേം പിന്നേം ഓടുവാ.”
“പിന്നെ ചുമ്മാ ഒക്കുവോ ?”
“എന്നാലും ഒക്കെത്തിനും ഒരു പരിധിയില്ലേ ? ഇപ്പത്തന്നെ അമ്മക്കു ഭയങ്കര വിഷമമായിട്ടിരിക്കുവാ. എന്തിനാ ആ സ്ഥലം സ്നേഹവീടിനു കൊടുക്കണ്ടാന്നു പറഞ്ഞേ ? ആ പിള്ളേരു കെടക്കുന്ന കണ്ടോ ? ഒരിത്തിരി കൂടി സൗകര്യമുള്ള ഒരു നല്ല കെട്ടിടം പണിത് അവരങ്ങോട്ടു മാറിയാരുന്നെങ്കി എന്തു സന്തോഷായേനേ. റോബീടേം കൂടെ വീടല്ലേ അത് ? റോബിക്കൊരു സർപ്രൈസാകുമെന്നു കരുതി അമ്മ സന്തോഷിച്ചിരിക്ക്വാരുന്നു.”
“നീ അതു പറയരുത് നീന.” റോബിയുടെ സ്വരവും കടുത്തു “ സെന്റിന് 60 ലക്ഷത്തിനു മേലേ വിലയുണ്ട് ആ സ്ഥലത്തിന്. ത്രിശ്ശൂർ ടൗണിൽ. അവർക്കു കൊടുക്കണേൽ വേറേ എന്തോരം സ്ഥലമുണ്ട് പപ്പാക്ക്. ആ സ്ഥലം കണ്ട് ഞാനെന്തൊക്കെ സ്വപ്നം കണ്ടതാന്നറിയ്വോ.”
നീനക്കു സങ്കടമായി.
“റോബി വിഷമിക്കാൻ പറഞ്ഞതല്ല. റോബിയങ്ങനെ പറഞ്ഞപ്പോ അമ്മയാകെ ഷോക്കായിപ്പോയി. ഒരു കാര്യം അറിഞ്ഞാരുന്നോ ? അമ്മ സകല പ്രോപ്പർട്ടീം എന്റെ പേരിലേക്കു മാറ്റാൻ പോകുവാ. എന്നിട്ട് സ്നേഹ വീട്ടിലേക്കു താമസം മാറ്റുവാണത്രേ.“
”വാട്ട്!!“ റോബി ഞെട്ടി ” അമ്മേം കൊള്ളാം മോളും കൊള്ളാം ! ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ഇമോഷണലാകും. എന്താന്നു വെച്ചാ കാണിക്ക്. വേണെങ്കി മൊത്തം ജോസച്ചനെഴുതിക്കൊടുക്ക്. നമുക്കു രണ്ടാൾക്കും ജീവിക്കാനുള്ളതൊക്കെ ഞാനുണ്ടാക്കീട്ടുണ്ട്.“
നീന ഒന്നും മിണ്ടാതെ തിരിഞ്ഞിരുന്നു.
പിന്നെ കുറേ നേരത്തേക്ക് അവർ തമ്മിൽ സംസാരിച്ചില്ല. ഒടുവിൽ...
“കുട്ടാ,ഞാൻ വേറൊരു പ്ലാൻ പറയട്ടെ ? ” റോബി അവളുടെ തോളിലൂടെ കയ്യിട്ട് കവിളിൽ മെല്ലെ തട്ടി. “ഇപ്പൊ ഉള്ള ആ വീടിന്റെ മുകളിൽ ഒരു നില കൂടി പണിതു കൊടുക്കാം. അതാകുമ്പോ പത്തു പതിനെട്ടു ലക്ഷത്തിനു പണി തീരും. അതാണു ബുദ്ധിയെന്നെനിക്കു തോന്നുന്നു. അല്ലാതെ ഒള്ള സ്വത്തു മുഴുവനും ദാനം ചെയ്തു പുണ്യം കിട്ടുമെന്നു പറയുന്നതിലെന്താ അർത്ഥം ?”
“ഒക്കെ റോബീടെ ഇഷ്ടം. സ്നേഹവീടെന്നു വെച്ചാ റോബീടെ സ്വന്തം വീടു പോലാന്നാ ഞാൻ കരുതിയെ. അതുകൊണ്ടാ അങ്ങനൊരു തീരുമാനം തന്നെയെടുത്തെ. റോബിക്കിഷ്ടാവൂല്ലാന്ന് സ്വപ്നത്തീ പോലും ഞങ്ങളു കരുതിയില്ല. ” ദീർഘനിശ്വാസത്തോടെയാണവളതു പറഞ്ഞവസാനിപ്പിച്ചത്.
“അമ്മയെ ഞാൻ എങ്ങോട്ടും പോകാൻ സമ്മതിക്കൂല്ല കേട്ടോ.” റോബി അവളെ ചേർത്തു പിടിച്ചു. “പേരിനെങ്കിലും എനിക്കൊരു അമ്മയുണ്ടായതിപ്പളാ. അപ്പഴ്ത്തേക്കും ഇട്ടിട്ടു പോകാൻ ഞാൻ സമ്മതിക്കൂല്ല.”
നീന പതിയെ അവന്റെ നെഞ്ചിലേക്കു ചാരി.
അങ്ങനെ അവരുടെ കല്യാണത്തിനു ശേഷമുള്ള ആദ്യത്തെ സൗന്ദര്യ പിണക്കവും ഇണക്കവുമൊക്കെയായി വിമാനം ലങ്കാവിയിൽ ലാൻഡ് ചെയ്തു.
രാത്രി 11 മണിയോടു കൂടി അവർ ഹോട്ടലിലെത്തി.
എല്ലാം റോബിയുടെ ഒരു സുഹൃത്തിന്റെ ട്രാവൽ ഏജൻസി മുഖേനയായിരുന്നതുകൊണ്ട് ഒരിടത്തും ഒരു തടസ്സവുമുണ്ടായില്ല.
“വേഗം കെടന്നൊറങ്ങിയാ വേഗം നേരം വെളുക്കും. നാളെ രാവിലെ ഒൻപതു മണിക്ക് ഒരു വാൻ വരും. നമ്മൾ അതിൽ കേറി... അല്ലെങ്കി വേണ്ട ഒന്നും പറയുന്നില്ല. നാളെ അറിഞ്ഞാ മതി.”
അവൾ അവനെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു.
“റോബീസ്... എനിക്കൊരാഗ്രഹമുണ്ട് ട്ടോ.”
“ഈ പാതിരാത്രിക്കോ ?”
“എനിക്ക്...” അവൾക്കു നാണം വന്നു. “എനിക്കേ... ഇവിടുന്നു പോകുമ്പോ ഒരു കുഞ്ഞു വാവയുമായിട്ടു വേണം പോകാൻ.”
ഞെട്ടിപ്പോയി അവൻ
“ഇത്ര പെട്ടെന്നോ ? ദൈവമെ!” റോബി തലയിൽ കൈവെച്ചു. “നടക്കൂല്ലാ മോളേ...മിനിമം 2 കൊല്ലത്തേക്ക് ചിന്തിക്കുകയേ വേണ്ടാ... ജീവിക്കാൻ തൊടങ്ങിയേ ഉള്ളൂ. അപ്പളേക്കും...”
“നോ നോ നോ ... ഈയൊരു കാര്യത്തിൽ ഒരു വിട്ടു വീഴ്ച്ചയുമില്ല. ” അവൾ കട്ടായം പറഞ്ഞു. “ ഈ മനോഹര ദ്വീപിൽ വെച്ചായിരിക്കണം നമ്മുടെ വാവയുടെ ജനനം. ട്രിപ്പ് ബുക്ക് ചെയ്ത അന്നു മുതൽ സ്വപ്നം കാണ്വാ ഞാൻ.” നാണം കൊണ്ടവളുടെ കവിളുകൾ ചുവന്നിരുന്നു.
റോബി താടിക്കു കൈ കൊടുത്തിരുപ്പായി.
“വിചിത്ര ജീവികളാണ് പെണ്ണുങ്ങൾ! ഹൈലി ഇമോഷണൽ! അടുക്കാൻ നിവൃത്തിയില്ല! ”
നീന പൊട്ടിച്ചിരിച്ചു കൊണ്ട് ബാഗുകൾ തുറക്കാൻ തുടങ്ങി. പെട്ടെന്ന്…
“ഇതെന്താ റോബി ? ” അവൾ ഒരു പ്ലാസ്റ്റിക്ക് കവറെടുത്തു കാണിച്ചു. “ഇതാർക്കാ ?”
“നിനക്കു വാവയെ വേണന്നല്ലേ പറഞ്ഞത് ... ശരിയാക്കിത്തരാം. നീ ആദ്യം പോയി കുളിച്ചു ഒരു പൊട്ടൊക്കെ കുത്തി മിടുക്കിയായി ഇതിട്ടോണ്ട് വാ. ഞാനൊന്നു കാണട്ടെ.”
നീന ആ കവർ നിവർത്തി.
ഒരു ദാവണി സെറ്റ് ആയിരുന്നു അത്.
“എനിക്കിതു ചേരുവോ റോബി ?” അവൾ ചിണുങ്ങി. “ഞാൻ ഭയങ്കര മോഡേൺ ഡ്രസ്സു മാത്രം ഇട്ടോണ്ടു നടന്ന് ശീലിച്ചിട്ട്...”
“ആരിട്ടാലും, ഇത്രേം നല്ലൊരു ഡ്രസ്സ് ഈ ലോകത്ത് വേറെയില്ല. നന്നായി ചേരും നിനക്ക്. എനിക്കുറപ്പാ.”
“കള്ളൻ! ഇത് റോബീടെ വെറും ഫാന്റസിയാണോ ? അതോ... ദാവണിയിട്ടു നടന്ന ആരെയെങ്കിലും ഇതിനു മുൻപ് ...” അവൾക്കാ കള്ളച്ചിരി വീണ്ടും.
റോബി എയർ പോർട്ടിൽ നിന്നും വാങ്ങിയ രണ്ടു കുപ്പി ബിയറുകൾ ഫ്രിഡ്ജിൽ വെക്കാനുള്ള തിരക്കിലായിരുന്നു.
അവൾ ആ പട്ടു പാവാടയും ബ്ലൗസുമൊക്കെയായി ഒരു മൂളിപ്പാട്ടും പാടി ബാത്ത് റൂമിലേക്ക് കയറിപ്പോയി.
റോബി ബാല്ക്കണിയിലേക്കിറങ്ങി ഒരു സിഗരറ്റു കത്തിച്ചു.
വർഷത്തിൽ മിക്ക ദിവസവും മഴയുണ്ടവിടെ. എപ്പോഴും നല്ല സുഖകരമായ കാലാവസ്ഥ.
റോബി രണ്ടു പുകയെടുത്തേയുള്ളൂ പെട്ടെന്ന് ബാത്ത് റൂമിൽ നിന്നും നീനയുടെ നിലവിളി മുഴങ്ങി!
അന്ധാളിച്ചു പോയി അവൻ.
റൂമിലേക്കോടിക്കയറിയ അവന്റെ മാറിലേക്ക് വന്നു വീഴുകയായിരുന്നു നീന.
“റോബീ... അവിടെ... ബാത്ത് റൂമിൽ ആരോ ഉണ്ട്!” അവൾക്ക് പറയുമ്പോൾ ശ്വാസം കിട്ടുന്നില്ല.
“വാട്ട്!!” അവൻ അമ്പരന്നു പോയി.
“ഞാൻ കണ്ടതാ റോബീ... കണ്ണാടിയിൽ... എന്റെ പുറകിൽ... ഒരു പെണ്ണ് ! മുടിയൊക്കെ അഴിച്ചിട്ട്!”
“നീയെന്താ നീനാ ഈ പറയുന്നേ ? നിക്ക്. ഞാൻ നോക്കട്ടെ.” റോബി അവളുടെ പിടി വിടുവിച്ച് തിടുക്കത്തിൽ ബാത്ത് റൂമിന്റെ വാതിൽ തുറന്നു.
“ഇവിടെയെങ്ങും ആരുമില്ലല്ലോ നീനാ... നിനക്കെന്താ പറ്റിയേ ?” അത്രയും ചോദിച്ചു കഴിഞ്ഞാണ് അവനാ കാഴ്ച്ച കണ്ടത്.
നീനക്കായി വാങ്ങിയ പട്ടു പാവാടയും ദാവണിയും ആ ബാത്ത് റൂമിന്റെ നിലത്ത് ചിതറിക്കിടക്കുന്നു! ഒരായിരം കഷണങ്ങളായി!
ആ ചുവന്ന പാവാടയുടെ കഷണങ്ങൾ രക്തത്തുള്ളികൾ പോലെ ബാത്ത് റൂമിനുള്ളിൽ ഒഴുകി നടക്കുകയാണ്.
“വാട്ട് ദ ഹെൽ ഡിഡ് യൂ ഡൂ ദാറ്റ് ഫോർ ?” അവൻ നീനയെ നോക്കി ആക്രോശിച്ചു. “ നിനക്കിഷ്ടമില്ലെങ്കിൽ വേണ്ട. ഇങ്ങനെ നശിപ്പിക്കണമായിരുന്നോ ?”
നീനക്കൊന്നും മനസ്സിലായില്ല. അവൾ പേടിയോടെ ബാത്ത് റൂമിലേക്ക് ചുവടുകൾ വെച്ചു..
“ദൈവമേ! എന്താ ഈ കാണുന്നേ!” അവൾ ഇപ്പൊ ഭയന്ന് താഴെ വീഴുമെന്നു തോന്നി. “ഞാനല്ല റോബീ... ഞാനിങ്ങനെ ചെയ്യ്വോ ? ”
ആ കാഴ്ച്ച കണ്ട് അവൾ അന്തംവിട്ടു നില്ക്കുകയാണ്.
ആ കാഴ്ച്ച കണ്ട് അവൾ അന്തംവിട്ടു നില്ക്കുകയാണ്.
“നീയല്ലെങ്കി പിന്നാരാ ? ” അവൻ തീഷ്ണമായി അവളെ നോക്കി . “ചുമ്മാ ഓരോ വട്ടും കാണിച്ചോണ്ട് നടക്കരുത് കേട്ടോ നീനാ. എനിക്കിഷ്ടമല്ല. പോരാത്തതിന് ഇത് നാടും വേറെയാ.”
അവളോട് അങ്ങനെയൊക്കെ പറയുമ്പോഴും പക്ഷേ റോബി സംശയിക്കാതിരുന്നില്ല.
ഇത്ര പെട്ടെന്ന് ആ ഡ്രസ്സ് ഇതു പോലെ കീറി കഷണങ്ങളാക്കാൻ നീനക്കു സാധിക്കുമോ ? സാധ്യത കുറവാണ്.
“റോബി! ” നീന വളരെ ഗൗരവത്തിലായി. “നമുക്കീ മുറി മാറണം. ഇപ്പൊത്തന്നെ. ”
റോബി വീണ്ടും അവളെ ശകാരിക്കാനായി തിരിഞ്ഞതാണ്. പക്ഷേ ആ മുഖം കണ്ടതും അവൻ അടങ്ങി.
“ഞാനല്ല അതു ചെയ്തത്! ആലോചിച്ചു നോക്ക്യാ റോബിക്കും അതു മനസ്സിലാകും.” അവളുടെ വാക്കുകൾക്കിപ്പോൾ വല്ലാത്ത മൂർച്ച.
റോബിയാകെ നിസ്സഹായനായി നില്ക്കുകയാണ് .
“പ്ലീസ് റോബി. ഈ റൂം ശരിയല്ല. ഞാൻ ഒത്തിരി കേട്ടിട്ടുണ്ട്... ചില ഹോട്ടൽ റൂമുകളിൽ ഇങ്ങനത്തെ ശല്യങ്ങൾ ഉണ്ടാകാറുണ്ടെന്ന്. മുൻപ് ഈ റൂമിൽ മരിച്ച ആരെങ്കിലും...”
“മതി നീനാ...” റോബി കയ്യുയർത്തി അവളെ തടഞ്ഞു. “ റൂം വേണെങ്കി നമുക്കു മാറാം. പക്ഷേ ഈ ജാതി പൊട്ടത്തരം പറയരുത്. പ്ലീസ്.”
അവൻ റിസപ്ഷനിലേക്ക് വിളിച്ചു.
നീന ഒരു ടവ്വൽ മാത്രം ഉടുത്താണ് നിന്നിരുന്നത്. അവൻ അവളോട് ഡ്രസ്സിടാൻ ആംഗ്യം കാട്ടി.
നീന ഒരു ടവ്വൽ മാത്രം ഉടുത്താണ് നിന്നിരുന്നത്. അവൻ അവളോട് ഡ്രസ്സിടാൻ ആംഗ്യം കാട്ടി.
പത്തു മിനിറ്റിനുള്ളിൽ ഹോട്ടൽ മാനേജരും ഒരു പറ്റം ജോലിക്കാരും സ്ഥലത്തെത്തി. മുഖം കണ്ടാലറിയാം അവരാകെ അമ്പരന്നിരിക്കുന്നു .
“എന്തു പറ്റി സർ ? ”
“അം...” റോബിക്ക് എങ്ങനെ പറഞ്ഞു തുടങ്ങുമെന്നായിരുന്നു സംശയം “എന്റെ വൈഫ് ആ ബാത്ത് റൂമിൽ... എന്തോ കണ്ടെന്നു പറയുന്നു. ഐ മീൻ... ഒരു രൂപം പോലെ... കണ്ണാടിയിൽ...” ഒരു വിധത്തിൽ അയാൾ പറഞ്ഞൊപ്പിച്ചു.
“ഓ...അതോ...” മാനേജർ പൊട്ടിച്ചിരിച്ചു. “അതൊരു ആഗോള പ്രതിഭാസമല്ലേ സർ. ”
“മനസ്സിലായില്ല.” റോബി ചിരിക്കാനുള്ള മൂഡിലായിരുന്നില്ല.
“അതായത് സർ, ഒത്തിരി ഇംഗ്ലീഷ് പടങ്ങൾ കാണുന്ന കൊണ്ടുള്ള കുഴപ്പമാണ്. ഹോട്ടൽ റൂമുകൾ ഹോണ്ടഡ് ആണെന്നുള്ള ഒരു തോന്നൽ. ‘ഏഷ്യൻ രാജ്യങ്ങളിലെ ഹോട്ടലുകളിലെ പ്രേതങ്ങളെ എങ്ങനെ നേരിടാം’ എന്നൊക്കെ പറഞ്ഞ് പുസ്തകങ്ങൾ തന്നെയുണ്ട് സർ.”
“നോ!” അത്ര നേരം മിണ്ടാതെ നിന്ന നീന മുൻപോട്ടു വന്നു. “ഇതൊരു വെറും തോന്നലല്ല സുഹൃത്തേ. താങ്കൾ ആ ബാത്ത് റൂമിലൊന്നു നോക്കൂ. ആ ഡ്രസ്സ് കിടക്കുന്ന നോക്കൂ. ”
അയാൾ അപ്പൊഴാണ് അത് ശ്രദ്ധിച്ചത്. “ഇതെന്തു പറ്റിയതാ ?”
“ഒരാൾ ഒരു രണ്ടു മണിക്കൂറെങ്കിലും മിനക്കെട്ടെങ്കിലേ ആ ഡ്രസ്സ് അങ്ങനെ കീറി കഷണങ്ങളാക്കാനൊക്കൂ. ഞങ്ങൾ ചെക്ക് ഇൻ ചെയ്തിട്ട് ഇപ്പൊ എത്ര സമയമായെന്നു നിങ്ങൾക്കറിയാമല്ലൊ.”
“സോ... ഈ റൂം ഹോണ്ടഡ് ആണ് എന്നാണോ ഇതിന്റെ അർത്ഥം ?“ അയാൾക്ക് പരിഹാസച്ചിരി മറയ്ക്കാനായില്ല.
”പ്ലീസ്... ഞങ്ങൾക്ക് വേറൊരു റൂം വേണം. അല്ലെങ്കി ഞങ്ങൾ ഇറങ്ങുകയാണിവിടുന്ന്. ഇപ്പൊത്തന്നെ.“ നീനയുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.
”നോ പ്രോബ്ലം. നിങ്ങൾ ഇനി ഈ ഫ്ലോറിലേ താമസിക്കണ്ട. മുകളിൽ ഇതിലും നല്ലൊരു റൂം അറേഞ്ച് ചെയ്തു തരാം.ഡോണ്ട് വറി.“
തുടർന്നയാൾ ജോലിക്കാരോട് മലേഷ്യൻ ഭാഷയിലെന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുത്തു. ഒടുക്കം അവരെല്ലാവരും കൂടി പൊട്ടിച്ചിരിക്കുന്നതു കണ്ടു.
തുടർന്ന് അടുത്ത മുറിയിലേക്ക് നടക്കുമ്പോൾ റോബി ചിന്താധീനനായിരുന്നു.
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ ? ” പുതിയ മുറിയിലെത്തിയതും നീന റോബിയെ നേരിട്ടു. “കഴിഞ്ഞ ദിവസം റോബിക്ക് വീട്ടിൽ ഇതുപോലെ എന്തൊക്കെയോ അനുഭവങ്ങൾ ഉണ്ടായില്ലേ ? ആ ടീവിക്ക് തീ പിടിച്ചെന്നൊക്കെ പറഞ്ഞത്...”
“ഉം... ഞാനും ഇപ്പൊ അതു തന്നെയാ ആലോചിച്ചോണ്ടിരുന്നത്.”
“എനിക്കു തോന്നുന്നതേ റോബീ... ആരോ നമ്മളെ ടാർഗറ്റ് ചെയ്തിട്ടുണ്ട്. ഏതോ ഒരു ഗതി കിട്ടാത്ത ആത്മാവ്.”
റോബി എന്തോ മറുപടി പറയാനാഞ്ഞു... പക്ഷേ ഒരു ദീർഘനിശ്വാസം മാത്രമേ പുറത്തു വന്നുള്ളൂ.
റോബി എന്തോ മറുപടി പറയാനാഞ്ഞു... പക്ഷേ ഒരു ദീർഘനിശ്വാസം മാത്രമേ പുറത്തു വന്നുള്ളൂ.
“നമുക്ക്, നാട്ടിലെത്തിയാൽ ഉടനേ ഒരു ധ്യാനത്തിനു പോണം. പോട്ടയിലോ മറ്റോ. ഒരു 5 ദിവസം... ”
“ചെയ്യാം...തല്ക്കാലം നമുക്ക് കിടന്നുറങ്ങാം.” അവൻ ബെഡിലേക്കു ചാഞ്ഞു. “ബാ, ഞാൻ നിന്നെ ഇറുക്കി കെട്ടിപ്പിടിക്കാം. കണ്ണടച്ചു കിടന്നാ മതി. പേടിയൊക്കെ പതുക്കെ പൊയ്ക്കോളും.”
അവൾ നിന്ന നില്പ്പിൽ രണ്ടു കയ്യും മുഖത്തോട് ചേർത്തു. എത്രയും വേഗം ഒന്നു നാട്ടിലെത്തിയാൽ മതിയെന്നായിരുന്നു അവളുടെ പ്രാർത്ഥന.
രാത്രി വളരെ വൈകും വരെയും അവർ ഓരോന്നു പറഞ്ഞുകൊണ്ടു കിടന്നതല്ലാതെ രണ്ടാൾക്കും ഉറക്കം വന്നില്ല.
ഒടുവിലെപ്പൊഴോ നിദ്ര അവരെ അനുഗ്രഹിച്ചു കാണണം.
പിറ്റേന്നു രാവിലെ
അവരുടെ അന്നത്തെ പരിപാടികളിൽ ആദ്യത്തെ ഇനം ഐലൻഡ് ഹോപ്പിങ്ങ് ആയിരുന്നു.
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത 4 മണിക്കൂറുകൾ നീളുന്ന ഒരു ബോട്ടുയാത്രയാണത്.
ലങ്കാവിയിലെ അനേകം കൊച്ചു ദ്വീപ സമൂഹങ്ങൾക്കിടയിലൂടെയുള്ളൊരു മനോഹര യാത്ര.
ഓരോ മണിക്കൂറും ഇടവിട്ട് ഓരോ ദ്വീപുകളിൽ അവർ സഞ്ചാരികളെ ഇറക്കിവിടും. കൊടും കാടാണ് ഓരോ ദ്വീപും. പക്ഷേ കാടു കയറുന്നതിനേക്കാൾ ഏറെ മനോഹരമാണ് വെറുതേ ബീച്ചിലിരിക്കുന്നത്. വെള്ള മണലാണ് ആ ബീച്ചുകളിൽ. തെളിഞ്ഞ പളുങ്കു പോലുള്ള വെള്ളം. കടൽ വളരേ ശാന്തമാണവിടെ.
നീനക്ക് ഏറ്റവുമിഷ്ടപ്പെട്ടത് കുരങ്ങന്മാരെയാണ്. മനുഷ്യരേക്കാൾ കൂടുതൽ കുരങ്ങുകളുണ്ടായിരുന്നു അവിടെ. ചെറുപ്പം മുതലേ അവൾക്ക് ജീവനാണ് കുരങ്ങന്മാരെ. പക്ഷേ ലങ്കാവിയിലെ കുരങ്ങന്മാർ പ്രത്യേക സ്വഭാവക്കാരാണ്. വളരെ അധികാരത്തോടെ വന്ന് കയ്യിലുള്ള സഞ്ചിയൊക്കെ വാങ്ങിക്കൊണ്ടു പോകും. എതിർത്താൽ ആക്രമിച്ചെന്നും വരും.
തലേന്നു രാത്രിയിലെ സംഭവ വികാസങ്ങളെല്ലാം മറന്ന് നീന ആ സഞ്ചാരം ആസ്വദിക്കാൻ ശ്രമിക്കുകയായിരുന്നു.
തിരിച്ചുള്ള യാത്രയിലാണ് അവളാ കാഴ്ച്ച കണ്ടത്.
വിചിത്രമായൊരു മലനിര.
“പ്രെഗ്നന്റ് ലേഡി ഐലൻഡ് എന്നാണതിന്റെ പേര്.” റോബി അവൾക്ക് പറഞ്ഞു കൊടുത്തു.
ശരിയാണ്. പൂർണ്ണ ഗർഭിണിയായൊരു സ്ത്രീ മലർന്നു കിടക്കുന്ന പോലെയാണാ മലകൾ കണ്ടാൽ തോന്നുക.
നീനയുടെ ഉള്ളിൽ വീണ്ടും അമ്മയാവാനുള്ള മോഹം ഉണർന്നു തുടങ്ങി.
“ഡോണ്ട് ഗെറ്റ് എനി ഐഡിയാസ്...” റോബി കുസൃതി ചിരിയോടെ അവളുടെ ചെവിയിൽ മന്ത്രിച്ചു.
ഉച്ച കഴിഞ്ഞ് സോളോ ബോട്ടിങ്ങ്.
കമിതാക്കൾക്കായി പ്രത്യേകം രൂപകല്പ്പന ചെയ്ത പോലെ ഒരു ബോട്ട്. അതിൽ അവരിങ്ങനെ മുഖത്തോടു മുഖം തിരിഞ്ഞിരിക്കും.
ആഴക്കടലിലേക്ക് തുഴഞ്ഞ് തുഴഞ്ഞങ്ങനെ ചെല്ലുമ്പോൾ ഉള്ളിൽ ഒരു ഭയം പതിയെ അരിച്ചു കയറും. എങ്കിലും രസമാണ്.
കൊച്ചു കൊച്ചു ദ്വീപുകളാണു ചുറ്റും.കടലിൽ നിന്ന് ഉയർന്നു വന്ന കൊച്ചു മലകൾ. നിറഞ്ഞ പച്ചപ്പാണതിലെല്ലാം. അതിനിടയിലൂടെ സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിൽ പതിയെ ഒഴുകി ഒഴുകി നീങ്ങുമ്പോൾ ഒരു ഇളം കാറ്റ് അവളെ ഇക്കിളിയാക്കി കടന്നു പോയി. നീനക്ക് റോബിയോട് എന്തെന്നില്ലാത്ത പ്രണയം തോന്നി.
“പേടിയാവുന്നു റോബി...” അവൾ കൈ നീട്ടി അവന്റെ വിരലുകളിൽ പിടിച്ചു. “കടലല്ലേ ഇത് ? എന്തോരം ആഴം കാണും. ഇപ്പ ഈ ബോട്ടിനെന്തെങ്കിലും പറ്റിയാ...”
“അതിനല്ലേ ഈ ലൈഫ് വെസ്റ്റൊക്കെ ഇടീപ്പിച്ച് വിട്ടിരിക്കുന്നത്. മുങ്ങിപ്പോകൂല്ല. പേടിക്കണ്ട.”
“എന്നാലും...ഒരു ആധി പോലെ വരുന്നു റോബി...” ഭയം കലർന്നൊരു ചിരിയായിരുന്നു അവളുടെ മുഖത്ത്.
പെട്ടെന്നാണവളാ കാഴ്ച്ച കണ്ടത്. “റോബീ! അതൊരു വല്യ ചുഴിയല്ലേ !”
“ഓ... ഓക്കെ...“ അവനപ്പോളാണതു ശ്രദ്ധിച്ചത് ”ആ ഭാഗത്തേക്ക് പോകാതെ നോക്കണം. ദാ ഇങ്ങനെ തുഴയ്...” റോബി അവൾക്കു കാണിച്ചു കൊടുത്തു.
അപ്പോൾ റോബിയുടെ ഫോൺ ബെല്ലടിച്ചു.
“എടുക്കണ്ട റോബീ... ബോട്ടു തിരിക്കാൻ നോക്കൂ...” അവൾ പറഞ്ഞപ്പോഴേക്കും റോബി ഫോണിൽ സസാരം തുടങ്ങിക്കഴിഞ്ഞിരുന്നു. അവരെ തിരിച്ചു കൊണ്ടു പോകാനുള്ള ഡ്രൈവറാണ്.
നീന പരമാവധി ശ്രമിച്ച് ബോട്ട് കരയെ ലക്ഷ്യമാക്കി തിരിച്ചു.
അപ്പോൾ പുറകിലായി വെള്ളം ഇളകുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതാണവൾ.
വിറങ്ങലിച്ചു പോകുന്ന ഒരു കാഴ്ച്ച !
തോന്നലായിരിക്കുമെന്നു കരുതി അവൾ കണ്ണുകൾ ഇറുക്കിയടച്ചു തുറന്നു.
അല്ല...തോന്നലല്ലത്...
വെള്ളത്തിനടിയിൽ നിന്നും ഒരു കൈ ഉയർന്നു വരുന്നു.
അലറി നിലവിളിക്കാൻ ശ്രമിച്ചു നീന. പക്ഷേ ശബ്ദം വെളിയിൽ വരുന്നില്ല.
ആ കൈ അവൾക്കു പുറകിലായി ആ ബോട്ടിന്റെ വക്കിൽ പിടുത്തമിട്ടു.
റോബി അപ്പോഴും ഫോണിൽ ഡ്രൈവറുമായി എന്തോ വാക്കു തർക്കത്തിലാണ്.
നിമിഷങ്ങൾക്കുള്ളിൽ ആ ബോട്ട് വട്ടം തിരിഞ്ഞ് ആ ചുഴിയുടെ നേർക്ക് നീങ്ങാനാരംഭിച്ചു.
“നീനാ ?? വാട്ട് ആർ യൂ ഡൂയിങ്ങ് ? അങ്ങോട്ടു പോകൂ. ” റോബി കരയിലേക്കു വിരൽ ചൂണ്ടി.
നീന സ്തംഭിച്ചിരിക്കുകയാണ്. അവൾക്ക് തുഴയാൻ പോയിട്ട് ഒന്നനങ്ങാൻ കൂടി കഴിയുന്നില്ല.
“കമോൺ നീനാ!” റോബിയുടെ അലർച്ച അവളെ ഉണർത്തി.
ബോട്ട് സമാന്യം വേഗതയിൽ ആ ചുഴിയിലേക്കു തന്നെ നീങ്ങുകയാണ്.
അവൾ തിരിഞ്ഞു നോക്കി.
ഇല്ല. ആ കൈ ഇപ്പോൾ കാണുന്നില്ല.
“ഞാൻ തന്നെ തിരിച്ചു വിളിക്കാം. ബോട്ടു തുഴയണം.” റോബി ഫോൺ കട്ടു ചെയ്തു. “നീയെങ്ങോട്ടാ ഈ നോക്കിയിരിക്കുന്നെ നീനാ ? ചാവാൻ പോവാണോ ?” അയാൾ ഈർഷ്യയോടെ അവളെ തട്ടി വിളിച്ചു.
അവൾ അനങ്ങിയില്ല. പുറകിൽ വെള്ളത്തിലേക്കു തന്നെ സൂക്ഷിച്ച് നോക്കി അങ്ങനെ തന്നെ ഇരിക്കുകയാണ് നീന.
റോബി പിറുപിറുത്തു കൊണ്ട് ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തു.
പെട്ടെന്ന് നീന ചാടിയെഴുന്നേറ്റു!
“റോബീ!! അതാ അവൾ വീണ്ടും!!”
ബോട്ടിനടിയിലൂടെ ഒഴുകി നീങ്ങുന്ന ആ രൂപം റോബിയും കണ്ടു.
ഒരു വെളുത്ത സ്ത്രീ രൂപം.
“വാട്ട് ദ ഹെൽ ഈസ് ദാറ്റ് ?” സ്തംഭിച്ചു പോയിരുന്നു അവൻ.
അടുത്ത നിമിഷം ഭയാനകമായ വേഗതയിൽ ആ ബോട്ട് വട്ടം കറങ്ങാൻ തുടങ്ങി.
ആ ചുഴി അവരെ വിഴുങ്ങാൻ തുടങ്ങിയിരുന്നു.
(തുടരും)
Alex and Biju
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക