അച്ഛാ... എനിക്ക് ഒരു ഏട്ടനെ വേണമച്ഛാ....
നവമി , വൈകിട്ടു ജോലി കഴിഞ്ഞു വന്ന മനോജിനെ, അടുത്തു കണ്ട സോഫായിൽ പിടിച്ചിരുത്തി , അയാളുടെ മടിയിൽ കയറിയിരുന്നു കൊണ്ട് പറഞ്ഞു.
അവൾ തുടർന്നു ..,
അച്ഛാ.... എന്റെ ഫ്രണ്ടില്ലേ... അച്ഛാ...., ഗൗരി , അവൾക്ക് സ്വന്തമായി ഏട്ടനുണ്ട്. ആ ഏട്ടനെ കാണണം അച്ഛാ... എന്തൊരു സ്നേഹമാ....ഗൗരിയോട്.. അവളുടെ കൈപ്പിടിച്ചാണ് ഞങ്ങളുടെ ക്ലാസിൽ കൊണ്ടുവരുന്നതും, തിരിച്ച് വീട്ടിലേക്ക് പോകുന്നതും. അതു കാണുമ്പോൾ എനിക്ക് കരച്ചിൽ വരും. എനിക്കും വേണം ഇതുപോലൊരു ഏട്ടൻ .
എട്ടു വയസ്സുകാരി നവമി നിർബന്ധം പിടിക്കുകയാണ്.
മനോജ് പറഞ്ഞു, മോളേ... അതു നടക്കാത്ത കാര്യമല്ലേ... മാത്രമല്ല...,
എന്താണ് അച്ഛനും ,മോളും കൂടി ഒരു സ്വകാര്യം പറച്ചിൽ..? എന്ന് ചോദിച്ചു കൊണ്ട് രശ്മി അവരുടെ അടുത്തേക്ക് ചെന്നു.
അതേ ... അമ്മേ.. എനിക്ക് ഒരു ഏട്ടനെ വേണമെന്ന് അച്ഛനോട് പറഞ്ഞതാ..?
ആഹാ.. നീ ആളു കൊള്ളാമല്ലോ.. കുറേ നാളായല്ലോ... നീ ഇതേപ്പറ്റി പറയുന്നത്. അതിനുള്ള മറുപടി എത്ര പ്രാവശ്യം തന്നു ഞാൻ. നിനക്ക് മനസ്സിലാവുന്നില്ലേ... അല്ലാ.... നീ ഇപ്പോഴും കൊച്ചു കുട്ടിയാണെന്നാണോ നിന്റെ വിചാരം. ഇപ്പോൾ പോയിരുന്നു പഠിക്ക്. നാളെ നിനക്ക് എക്സാം ഉള്ളതല്ലേ.. രശ്മി കൃത്രിമ ഗൗരവത്തോടെ ചോദിച്ചു.
നവമി മുഖം വീർപ്പിച്ചു കൊണ്ട് അവിടെ നിന്നും പോയി. അപ്പോൾ മനോജ് രശ്മിയോട് പറഞ്ഞു,
നീ അവളോട് ചൂടാകേണ്ട കാര്യമില്ലായിരുന്നു. അവൾ ഒരാഗ്രഹം പറഞ്ഞു എന്നല്ലേയുള്ളൂ..
എന്റെ മനുവേട്ടാ... എത്ര നാളായി അവൾ ഇങ്ങനെ പറയാൻ തുടങ്ങിയിട്ട് എന്നറിയ്യോ... പിന്നെയും പിന്നേയും ഓരോരോ ... പൊട്ട ചോദ്യങ്ങൾ ചോദിച്ചു കൊണ്ടു വന്നാൽ പിന്നെങ്ങെനെ ചൂടാകാതിരിക്കും?
ശരി... ശരി... നീ പോയി കഴിക്കാനുള്ളത് വിളമ്പി വയ്ക്ക്. ഞാനിപ്പോൾ വരാം. മോള് കഴിച്ചതാണല്ലോ.. ലേ ....
ഉവ്വ്. അവൾ കഴിച്ചതാണ്. ഞാൻ ഭക്ഷണം വിളമ്പിയേക്കാം .. എന്നു പറഞ്ഞ് രശ്മി അടുക്കളയിലേക്ക് പോയി.
പിറ്റേന്ന്, രാവിലെ ഗേറ്റിലെ ബോക്സിൽ നിന്നും പത്രം എടുത്ത് വീടിന്റെ ഉമ്മറപ്പടിയിലിരുന്ന് മനോജ് വായിച്ചു കൊണ്ടിരിക്കുമ്പോൾ, ഒരു ചെറിയ വാർത്ത അയാളുടെ കണ്ണിൽപ്പെട്ടു.
ആ വാർത്ത ഇങ്ങനെയായിരുന്നു,
"വേനൽ അവധിക്കാലം ആഘോഷിക്കാൻ ആരോരുമില്ലാ ത്തവരേയും കൂടെക്കൂട്ടാം.. സർക്കാർ പദ്ധതിയായ 'ഫോസ്റ്റർ കെയർ ' പദ്ധതിയിൽ അംഗമാകാൻ അപേക്ഷിക്കാം.. എന്ന് ".
അതു കണ്ടപ്പോൾ, മനോജ് തലേ ദിവസം മകൾ പറഞ്ഞ കാര്യം ഓർമ്മയിൽ വന്നു. അപ്പോൾത്തന്നെ രശ്മിയെ വിളിച്ചു.
രശ്മീ..... നീ ഇങ്ങോട്ട് വന്നേ....
എന്താ മനുവേട്ടാ....
നീ ഇതു കണ്ടോ? .. ഇതൊന്നു വായിച്ചു നോക്ക്...
വാർത്ത ചൂണ്ടിക്കാണിച്ചു കൊണ്ട് മനോജ് രശ്മിയോട് പറഞ്ഞു.
രശ്മി വാർത്ത വായിച്ചിട്ടു, ചോദ്യഭാവത്തിൽ മനോജിനെ നോക്കി.
ഇതെന്താ മനുവേട്ടാ..?
നമ്മുടെ മോൾക്കു വേണ്ടി ഒരു കുട്ടിയെ രണ്ടു മാസത്തേയ്ക്ക് ദത്തെടുത്ത് വളർത്തിയാലോ? എന്താ നിന്റെ അഭിപ്രായം?
ദത്തെടുക്കാനോ?
അതെ. പത്തുപന്ത്രണ്ടു വയസ്സുള്ള ഒരു ആൺകുട്ടിയെ നമുക്ക് ദത്തെടുക്കാം. രണ്ടു മാസത്തേക്കെങ്കിലും ഒരു ഏട്ടനായിട്ട് , നമ്മുടെ മോൾക്ക് വേണ്ടി., മാത്രമല്ല, ആരോരുമില്ലാത്ത ഒരു കുട്ടിക്ക് രണ്ടു മാസത്തേക്കാണെങ്കിൽ, രണ്ടു മാസത്തേയ്ക്ക്, നമ്മളാൽ കഴിയുന്ന വിധത്തിൽ ഒരു പുതിയ ജീവിതം കൊടുക്കാമല്ലോ..
മനുവേട്ടാ ... അതു വേണോ? അതു ശരിയാകുമോ?.. രശ്മി പിന്നെയും സംശയിച്ചു നിന്നു.
നോക്കാം..ന്നേ... അപേക്ഷിച്ചു നോക്കാം. മനോജ് അവളുടെ തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു.
നവമിയെ സ്കൂളിലേയ്ക്ക് പറഞ്ഞു വിട്ടതിനു ശേഷം, മനോജ് ജോലിയ്ക്ക് പോയി.
വീട്ടമ്മയായ രശ്മി , ഭർത്താവും ,മോളും പോയതിനാൽ വീട്ടിലെ ബാക്കി ജോലികൾ കൂടി തീർത്ത്, അന്നത്തെ പത്രം എടുത്ത്, ആ വാർത്ത ഒരിക്കൽ കൂടി വായിച്ചു , പിന്നെ അവൾ ചിന്തയിലാണ്ടു.
ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് മകൾ വീട്ടിൽ വന്നപ്പോൾ , വിശേഷങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം, രശ്മി മകൾക്ക് ഉച്ചയൂണ് കൊടുത്ത്, അവളെ കഴിപ്പിച്ചതിനു ശേഷം, രണ്ടു പേരും അല്പനേരം മയങ്ങാൻ കിടന്നു. രശ്മിയുടെ മനസ്സിൽ, മോളോട് ദത്തെടുക്കലിനെക്കുറിച്ച് പറയാൻ വെമ്പിയെങ്കിലും, എന്തോ ഓർത്തിട്ടവൾ അത് വേണ്ടെന്നു വച്ചു.
വൈകുന്നേരമായപ്പോൾ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ മനോജ്, ഇട്ടിരുന്ന വേഷം മാറ്റി ഉടുത്തതിനു ശേഷം , രശ്മി കൊണ്ടു വച്ച ചായ കുടിക്കുന്നതിനിടയിൽ , തന്റെ അരികത്തിരുന്ന രശ്മിയോട് പറഞ്ഞു,
രശ്മീ.... ഞാൻ ഇന്ന് രാവിലെ സർക്കാരിന്റെ 'ഫോസ്റ്റർ കെയറി 'നെക്കുറിച്ച് പറഞ്ഞില്ലേ..., അതിനായിട്ടുള്ള ഒരു അപേക്ഷ കൊടുത്തിട്ടുണ്ട്.
ഉവ്വോ.... നമുക്ക് പെട്ടെന്നു കിട്ടുമായിരിക്കും അല്ലേ... രശ്മി താല്പര്യപൂർവ്വം ചോദിച്ചു.
'നിന്റെ ഒരു കുഴപ്പം ഇതാണ്. അങ്ങനെ എന്തു കാര്യവും എടുപിടീന്നു ആവുകയുമില്ല. ഓരോന്നിനും , അതാതിന്റെ സമയം ഉണ്ടാകും. ആ സമയത്തേ നടക്കൂ... അതിരിക്കട്ടെ നീ മോളോട് പറഞ്ഞോ ഈ കാര്യത്തെ ക്കുറിച്ച്...
ഇല്ല.... മനുവേട്ടാ...
ങ്ഹാ... നന്നായി. ഇപ്പോളൊന്നും പറയണ്ട , അവൾക്ക് അത് ഒരു സർപ്രൈസ് ആകട്ടെ.
ഒരാഴ്ച കഴിഞ്ഞപ്പോൾ , ശിശുക്ഷേമ സമിതിയിൽ നിന്നും , അവരുടെ അപേക്ഷ സ്വീകരിച്ച കാര്യവും , ഇന്ന ദിവസത്തിൽ അവരോട് ഇന്ന ഓർഫനേജിൽ ചെല്ലുന്ന കാര്യവും വിശദീകരിച്ചു കൊണ്ട് ഒരു കത്ത് വന്നു.
അതിൻ പ്രകാരം , അന്നേ ദിവസം മനോജും, രശ്മിയും മകളേയും കൂട്ടി പോകാൻ തയ്യാറെടുത്തു.
അച്ഛാ... അമ്മേ... നമ്മൾ എവിടേയ്ക്കാ പോകുന്നത്? നവമി ചോദിച്ചു.
നമ്മൾ ഒരാളെ കാണാൻ പോകുകയാണ്. രശ്മി മറുപടി പറഞ്ഞു.
ആരെ....?
'നമ്മൾ ഒരു സ്ഥലത്തേയ്ക്ക് പോകുകയാണ്.. അവിടെച്ചെല്ലുമ്പോൾ അറിയാട്ടോ...' മനോജ് പറഞ്ഞു.
ശിശുക്ഷേമ സമിതി നിർദ്ദേശിച്ചിരിക്കുന്ന ഓർഫനേജിൽ അവർ എത്തി. അവിടത്തെ സൂപ്രണ്ടിനെ , തങ്ങൾക്ക് കിട്ടിയ കത്ത് കാണിച്ചു കൊടുത്തു. സൂപ്രണ്ട് തന്റെ ഫയലെടുത്ത്, അവരുടെ തിരിച്ചറിയൽ രേഖകളും , മററും സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷം, സൂപ്രണ്ട് പറഞ്ഞു,
നിങ്ങൾക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ള ആൺകുട്ടിയെ വേണം എന്നല്ലേ ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങൾ ഇവിടെ നിന്ന് പതിനൊന്നു വയസ്സുള്ള 'അമൽ ' എന്നു പേരുള്ള കുട്ടിയെയാണ് രണ്ടു മാസത്തേയ്ക്ക് നിങ്ങളുടെ കൈയ്യിൽ ഏല്പ്പിക്കുന്നത്. പിന്നെ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നു.... ഒന്നു നിർത്തിയതിനു ശേഷം സൂപ്രണ്ട് തുടർന്നു,..
രണ്ടു മാസം പ്രായമുള്ളപ്പോൾ ഇവിടെ വന്ന കുട്ടിയാണ്. അമ്മത്തൊട്ടിലിൽ നിന്നും കിട്ടിയതാണ്. അമലിനോട് കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ഒന്നും ചോദിക്കരുത്. ഇനിയുള്ള രണ്ടു മാസം അവന് സന്തോഷപ്രദമായ ഒരു ജീവിതം, ഒരു അച്ഛന്റേയും, അമ്മയുടേയും, (നവമിയെ നോക്കിക്കൊണ്ട് ) ഒരു അനുജത്തിയുടേയും സ്നേഹം കൊടുക്കണം. പിന്നെ നിങ്ങളുടെ ഈ പുണ്യ പ്രവർത്തിക്ക് ദൈവം നിങ്ങളെ തുണയ്ക്കട്ടെ.... എന്നു പറഞ്ഞു കൊണ്ട് സൂപ്രണ്ട് തന്റെ മേശപ്പുറത്തുള്ള ബെല്ലിൽ വിരലമർത്തി.
ശബ്ദം കേട്ട് വന്ന ആയയോട്, 'അമലിനെ' കൂട്ടിക്കൊണ്ടു വരുവാൻ നിർദ്ദേശം കൊടുത്തു.
നവമിക്ക് ഒന്നും മനസ്സിലായില്ല .
അല്പനേരം കഴിഞ്ഞപ്പോൾ , മെലിഞ്ഞ്, ഇരു നിറമുള്ള കുട്ടിയെയും കൂട്ടി ആയ വന്നു.
ഇതാണ് 'അമൽ ' എന്ന് അവർക്ക് പരിചയപ്പെടുത്തി കൊടുത്തതിനു ശേഷം, അമലിനു നേരെ നോക്കിയിട്ട്, സൂപ്രണ്ട് തുടർന്നു,
' മോനേ... നിന്നെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ് ഇവർ.' രണ്ടു മാസം അവരുടെ കൂടെ താമസിച്ചോളൂ.. അവരെ സംബന്ധിച്ച് മോൻ അവരുടെ സ്വന്തം മകനെപ്പോലെ ജീവിക്കണം... മോന് ഞാൻ പറഞ്ഞത് മനസ്സിലായോ?
ഉവ്വ്.. എന്നർത്ഥത്തിൽ അവൻ തല കുലുക്കി കാണിച്ചു.
സൂപ്രണ്ട് ആയയോട് പറഞ്ഞു , അവന്റെ വസ്ത്രങ്ങൾ പായ്ക്ക് ചെയ്തോളൂ..
അത് കേട്ട് ആയ പോയിട്ട് , കുറച്ചു സമയം കഴിഞ്ഞ് ,അവന്റെ വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത ബാഗുമായി തിരിച്ചു വന്നു.
തനിക്ക് രണ്ടു മാസത്തേക്കാണെങ്കിലും, ഒരു ഏട്ടനാണ് വരാൻ പോകുന്നതെ ന്നുള്ള കാര്യം നവമിയ്ക്ക് മനസ്സിലായി. അവൾ അച്ചന്റെയും, അമ്മയുടേയും , പിന്നെ അമലിന്റേയും മുഖത്തേയ്ക്ക് മാറി മാറി നോക്കി.
നവമി അമലിന്റെ കൈയ്യിൽ പിടിച്ച് , 'ഏട്ടാ..' എന്നു വിളിച്ചു. അമൽ ഒന്നു മന്ദഹസിച്ചു.
മനോജ് ഒരു കൈയ്യിൽ അമലിന്റെ ബാഗുമെടുത്ത് , മറ്റേ കൈയ്യിൽ അമലിനെ ചേർത്തു പിടിച്ചു കൊണ്ട് , വീട്ടിലേയ്ക്ക് പോകാൻ എല്ലാവരും കൂടി അവരുടെ കാറിൽ കയറി.
പോകുന്ന വഴിക്ക്, വലിയൊരു ടെക്സ്റ്റെൽ ഷോപ്പിൽ കയറി , അമലിന് ആവശ്യമായ വസ്ത്രങ്ങൾ വാങ്ങിച്ചു.
വീട്ടിലെത്തിയപ്പോൾ അമലിന് ആകെ പകപ്പു തോന്നി. അവന് ആരെ എങ്ങനെ വിളിക്കണം എന്നറിയില്ലായിരുന്നു. അതു മനസ്സിലാക്കിയ മനോജ് അവനെ തന്റെ കൂടെയിരുത്തിയിട്ട് പറഞ്ഞു ,
'അമൽ പേടിക്കേണ്ട. മോൻ എന്നെ അച്ഛാ എന്നു വിളിച്ചോളൂ.. രശ്മിയെ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു, അമ്മ... എന്നു തന്നെ വിളിച്ചോളൂ.. '
രശ്മി അമലിന്റെ സമീപത്ത് വന്നിരുന്ന്, അവന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു, മോന് ഇവിടം ഇഷ്ടപ്പെട്ടോ?
അമൽ തല കുലുക്കി. രശ്മി തുടർന്നു പറഞ്ഞു, മോൻ പേടിക്കണ്ട ട്ടോ... ഞങ്ങളൊക്കെ മോന്റെ അച്ഛനമ്മമാരാണെന്ന് കരുതിയാൽ മതി. നവമിക്ക് ഏട്ടനായും. മോന് എന്താവശ്യമുണ്ടെങ്കിലും മടിക്കാതെ പറയണം കേട്ടോ..
പിന്നെയുള്ള ദിവസങ്ങളിലെല്ലാം അമൽ ആ കുടുംബവുമായി പെട്ടെന്നു തന്നെ അടുത്തു .
മനോജും കുടുംബവും അമലിന് ആവോളം സ്നേഹവും, ലാളനയും നല്കി. മനോജിന് അവധി കിട്ടുന്ന ദിവസങ്ങളിലെല്ലാം കുടുംബത്തോടൊപ്പം പുറത്ത് പോകാനും, കപ്പലണ്ടി കൊറിച്ചു കൊണ്ട് , കടൽത്തീരത്തു കൂടി നടന്നും, സിനിമകൾ കാണാനും അവർ സമയം കണ്ടെത്തി.
പുറത്തു പോകുമ്പോഴെല്ലാം അമലിന്റെ കൈപ്പിടിച്ച് കാണുന്നവരോടൊക്കെ, നവമി, ഇത് എന്റെ 'ഏട്ടനാ'ണെന്നു പറഞ്ഞു ഉത്സാഹത്തോടെ പരിചയപ്പെടുത്തിക്കൊടുത്തു.
പോകെപ്പോകെ , നവമിക്കും അമലിനും പരസ്പരം പിരിഞ്ഞിരിക്കാൻ പറ്റാത്ത അവസ്ഥയിലായി.
അമലിനെ സംബന്ധിച്ചിടത്തോളം ഒരച്ഛന്റെയും, അമ്മയുടേയും, സഹോദരിയുടേയും സ്നേഹം ആവോളം ലഭിച്ചുകൊണ്ടിരുന്നു. അവന് സ്വപ്നം കാണാൻ പോലും പറ്റാത്ത ജീവിതമായിരുന്നു അവർ നല്കിയത്.
ഒടുവിൽ അമലിന് തിരിച്ചു പോകാനുള്ള ദിവസം വന്നെത്തി. വളരെയധികം വിഷമത്തോടെയാണവർ അമലിനേയും കൂട്ടി ആ ഓർഫനേജിലേക്ക് വന്നത്.
അല്പനേരം അവിടെ ചിലവഴിച്ചതിനു ശേഷം തിരിച്ചു പോകാൻ നേരത്ത്, അമലും നവമിയും കെട്ടിപ്പിടിച്ചു കരഞ്ഞു.
രശ്മിയുടേയും മനോജിനേറെയും അവസ്ഥയും അതു തന്നെയായിരുന്നു.
രശ്മിയുടേയും മനോജിനേറെയും അവസ്ഥയും അതു തന്നെയായിരുന്നു.
അവർ പരസ്പരം സംസാരിച്ച് ഒരു തീരുമാനമെടുത്തു. ഇറങ്ങാൻ നേരത്ത് അമലിനെ അവർ ചേർത്തു പിടിച്ചു കൊണ്ട്, സൂപ്രണ്ടിനോട് പറഞ്ഞു,
' ഇവനെ ആർക്കും വിട്ടുകൊടുക്കരുത്, അതു പറഞ്ഞിട്ട് മനോജ് ഒരു കടലാസ് സൂപ്രണ്ടിനു നേരെ നീട്ടിക്കൊണ്ട് തുടർന്നു,
ഇത് ഒരു അപേക്ഷയാണ്, എക്കാലവും ഞങ്ങളുടെ പൊന്നുമോനായിട്ട്, ഞങ്ങളുടെ മോൾക്ക് ഒരു ഏട്ടനായിട്ട് ഇവനെ ഞങ്ങൾക്ക് വേണം. അതിനായി അമലിനെ സ്ഥിരമായിട്ട് ദത്തെടുക്കുന്ന തിനുള്ള അപേക്ഷ ആണ് ഇത്.'
'മോനേ... ഞങ്ങൾ ഇനിയും വരും , വെറുതേ കൊണ്ടുപോയി തിരിച്ചു കൊണ്ടുവരാനല്ല . സ്ഥിരമായിട്ട് തന്നെ കൊണ്ടു പോകാൻ...' അവന്റെ നിറുകയിൽ മുത്തം കൊടുത്തിട്ട്, യാത്ര പറഞ്ഞ് അവർ ഇറങ്ങി.
അവരുടെ കാർ ഗേറ്റു കടന്നു പോകുമ്പോൾ , ആ ഓർഫനേജിന്റെ വാതിലിൽ ചാരി നിന്ന , അമലിന്റെ കണ്ണിൽ നിന്നും ഉതിർന്നു വന്ന കണ്ണുനീരിൽ ആ കാഴ്ച മങ്ങി നിന്നു.
സുമി ആൽഫസ്
*****************
*****************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക