Slider

ജോർജ്ജിയ, ഒരു യാത്രാവിവരണം

0
ജോർജ്ജിയ, ഒരു യാത്രാവിവരണം
.............................................................

കഴിഞ്ഞ വ്യാഴാഴ്ച (March 15th) ഞങ്ങൾ കുടുംബാംഗങ്ങളെല്ലാവരും, ഒരു കുടുംബസുഹൃത്തുമടക്കം ജോർജ്ജിയയിലേക്കു യാത്ര തിരിച്ചു.കൈക്കുഞ്ഞുങ്ങളുൾപ്പടെ യാത്രക്കാരായി ഞങ്ങൾ പത്തൊമ്പത് പേരുണ്ടായിരുന്നു.ദുബായ് എയർപോർട്ടിൽ നിന്നും ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കുള്ള
ഫ്ലൈ ദുബായ് ഫ്ലൈറ്റിലായിരുന്നു ഞങ്ങളുടെ യാത്ര.
മൂന്നര മണിക്കൂർ യാത്രയ്ക്കു ശേഷം
ഫ്ലൈറ്റ് ജോർജ്ജിയയുടെ തലസ്ഥാനമായ ട്ബിലിസിയിലെ ഷോട്ട രുസ്താവേലി എയർപോർട്ടിലെത്തി.അത്രയധികം വലുപ്പമില്ലാത്ത എയർപോർട്ടായിരുന്നു അത്.
എമിഗ്രേഷൻ കഴിഞ്ഞ് ലഗേജ്ജുമെടുത്ത് പുറത്തു കടന്ന ഞങ്ങളെ കാത്ത് ഹോട്ടൽ ഡ്രൈവറും ഗൈഡുമുണ്ടായിരുന്നു.
ഒരു മിനി ബസ്സിൽ നഗരക്കാഴ്ചകൾ കണ്ട് ഏകദേശം അരമണിക്കൂറോടെ ഞങ്ങൾ മാരിയട്ട് ഹോട്ടലിലെത്തിച്ചേർന്നു.
സിറ്റിയുടെ ഹൃദയ ഭാഗത്താണ് ഹോട്ടൽ.
റിസപ്ഷനിലുള്ള ക്ലോക്കുകളിൽ വിവിധരാജ്യങ്ങളിലെ സമയം സെറ്റ് ചെയ്ത് വച്ചതിൽ നിന്നും യു.എ.ഇ യിലെ സമയവും അവിടത്തെ സമയവുമായി വ്യത്യാസമില്ല എന്നു മനസ്സിലാക്കി.ചെക്ക് ഇൻ കഴിഞ്ഞ് റൂമിലെത്തി ഒന്നു ഫ്രെഷായി ഇത്തിരി വിശ്രമിച്ച് ഭക്ഷണം കഴിക്കാനായി ഞങ്ങൾ പുറത്തേക്കിറങ്ങി.
കാൽനടയായിരുന്നു റെസ്റ്റോറന്റിലേക്കുള്ള യാത്ര.പുറത്ത് നല്ല തണുപ്പായിരുന്നു.
കമ്പിളി ജാക്കറ്റിനും ,തൊപ്പിക്കും, ഷൂസിനുമൊന്നും തടുക്കാൻ പറ്റാത്തത്ര തണുപ്പ്.ഇൻഡ്യൻ റെസ്റ്റോറന്റ് തേടിയെങ്കിലും കണ്ടെത്താനാകാത്തതിനാൽ സമീപത്ത് കണ്ട ഒരു ജോർജ്ജിയൻ റെസ്റ്റോറന്റിൽ കയറി. പലതരം സ്വീറ്റ്സും ഐസ്ക്രീമുമൊക്കെ വിൽക്കുന്ന ഒരു ബേക്കറിയും കൂടിച്ചേർന്നതായിരുന്നു ആ റെസ്റ്റോറന്റ്.
വെജിറ്റബിൾ പിസയായിരുന്നു ഞങ്ങൾ ഓർഡർ ചെയ്തത്.ജോർജ്ജിയക്കാരുടെ ഭക്ഷണത്തിൽ ചീസും, ഒലീവ് ഓയിലും,ഉപ്പിലിട്ട ഒലീവും ഒഴിച്ചു കൂടാനാവാത്തവയാണെന്നു മനസ്സിലായി.വിശന്നതു കൊണ്ടാണോന്നറിയില്ല ഭക്ഷണം നല്ല രുചിയുള്ളതായിത്തോന്നി.
ഭക്ഷണം കഴിച്ചതിനുശേഷം ഞങ്ങളതിനടുത്തുള്ള വലിയൊരു ഷോപ്പിംഗ് മാളിലേക്കു പോയി.മാളുകൾക്ക് ദുബായിൽ പഞ്ഞമില്ലാത്തതിനാലും കുഞ്ഞുങ്ങളും അമ്മയുമൊക്കെ യാത്രാ ക്ഷീണം കാരണം തളർന്നതിനാലും അധികസമയം അവിടെ ചിലവഴിക്കാൻ ആർക്കും താൽപ്പര്യമുണ്ടായിരുന്നില്ല.
തിരിച്ച് ഹോട്ടലിലെത്തി. പുറത്തെ തണുപ്പിൽ നിന്നാശ്വാസമായി മുറിയിൽ ഹീറ്ററുണ്ടായിരുന്നു.
ക്ഷീണം കാരണം ഉറക്കത്തിലേക്ക് വഴുതി വീണതറിഞ്ഞില്ല.
പിറ്റേന്ന് രാവിലെ ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണവും കഴിച്ച് പത്തു മണിയോടെ ഞങ്ങൾ തയ്യാറായി.പറഞ്ഞ സമയത്ത് തന്നെ ഞങ്ങളുടെ ഗൈഡായ ആനിയും ,ഡ്രൈവറും എത്തിച്ചേർന്നിരുന്നു.ട്ബിലിസിയിൽ നിന്നും കുറച്ചു ദൂരെയുള്ള ഉൾനാടുകളിലേക്കാണ് ഇന്നത്തെ യാത്ര എന്ന് ആനി പറഞ്ഞു.
രണ്ടരമണിക്കൂർ നീണ്ടു നിന്ന ആ യാത്ര ചില ഗ്രാമീണക്കാഴ്ചകൾ കാട്ടിത്തന്നു.ചരിഞ്ഞ മേൽക്കൂരയുള്ള കുഞ്ഞുവീടുകളും കൃഷി സ്ഥലങ്ങളും കാണാൻ കഴിഞ്ഞു.ദൂരെ കുന്നിൻ ചെരുവുകളിൽ കൂട്ടത്തോടെ മേയുന്ന ചെമ്മരിയാടുകളെയും ,പശുക്കളെയും ,കുതിരകളെയുമൊക്കെ കണ്ടു.അവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷിയും കന്നുകാലിവളർത്തലുമാണത്രെ.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ജോർജ്ജിയ ഇത്തിരി പിറകിലാണെന്ന് പറഞ്ഞ ആനിയോട് ദൈവത്തിന്റെ സ്വന്തം നാടായ ഞങ്ങളുടെ കൊച്ചു കേരളം നൂറുശതമാനം സാക്ഷരതയുള്ള ഇന്ത്യൻ സ്റ്റേറ്റാണെന്ന്
ഒരുപാടഭിമാനത്തോടെ പറഞ്ഞു. (ഇരിക്കട്ടെ നമ്മുടെ നാടിനൊരു ക്രെഡിറ്റ് 🙂).
ശിശിരകാലമായതിനാൽ റോഡിനിരുവശവും ഇല പൊഴിഞ്ഞ മരങ്ങളായിരുന്നു കൂടുതലും. ഒഴുകിക്കൊണ്ടിരിക്കുന്ന ചെറിയ നദികളും , കുന്നുകളുമായിരുന്നു കുറെ ദൂരത്തോളം കാണാനുണ്ടായിരുന്നത്. ജോർജ്ജിയയുടെ കുറെ ഭാഗങ്ങളോളം നദികളാലും ,കുന്നുകളാലും ചുറ്റപ്പെട്ടു കിടക്കുന്നവയാണ്.
ഏകദേശം രണ്ടര മണിക്കൂറോടെ ഞങ്ങൾ ബർജോമിയിലെത്തിച്ചേർന്നു.
അവിടെയുള്ള വലിയ കുന്നിൻ മുകളിലേക്ക്
റോപ് വേയിലൂടെ...
പൈൻമരക്കാടുകൾ നിറഞ്ഞ പ്രദേശമായിരുന്നു അത്.
മുകളിലെത്തിയപ്പോ ,താഴെയുള്ള ഗ്രാമപ്രദേശം മുഴുവൻ കാണാൻ കഴിഞ്ഞു.
ആ കുന്നിൽ നിന്ന് പൈൻമരങ്ങൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡുണ്ടായിരുന്നു.
അവിടെ റോഡ്സൈഡിൽ ചില റിക്ഷ പോലുള്ള വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു.
മൂന്നു വണ്ടികളിലായി ഞങ്ങൾ യാത്ര പുറപ്പെട്ടു.
ഓപ്പണായ പിൻസീറ്റിൽ, അപ്പോൾ പെയ്ത ചാറ്റൽ മഴയിൽ നനഞ്ഞ് ഉൾക്കാടുകളിലെ പച്ചപ്പുകളിലേക്കുള്ള ആ യാത്ര ഏറെ ഹൃദ്യമായിത്തോന്നി.
ഏകദേശം രണ്ടരക്കിലോമീറ്ററോളം യാത്ര ചെയ്ത് ഞങ്ങൾ പൈൻമരക്കാടുകൾക്കിടയിലെത്തിച്ചേർന്നു.
തലയ്ക്ക് മുകളിൽ പന്തൽ വിരിച്ചതു പോലെ പൈൻ മരങ്ങൾ.
കുറച്ച് മുന്നോട്ടു നടന്നപ്പൊ അവിടെയൊരു ചെറിയ ക്രിസ്ത്യൻ പള്ളിയും അതിനടുത്തായി 'സെയ്ന്റ് സെറോഫിൻ ' എന്നെഴുതിയ ഒരു ശവകുടീരവും കണ്ടു. കുറച്ചു നേരം അവിടെ ആ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ചിലവഴിച്ച ശേഷം ഞങ്ങൾ തിരിച്ചു വന്നു.തിരികെയുള്ള യാത്രയിലും ആ ചാറ്റൽമഴ ഞങ്ങളെ നനച്ചു കൊണ്ടിരുന്നു.
റോപ് വേയിലൂടെ തിരികെ താഴേയ്ക്ക്.
ബർജോമി താഴ്വരകളിൽ പ്രകൃതിയുടെ വരദാനം പോലെ ഭൂഗർഭ അറകളിൽ നിന്നെവിടെ നിന്നോ വരുന്ന വെള്ളച്ചാട്ടം ഉണ്ടായിരുന്നു.
ടാപ്പുകളിലൂടെ വരുന്ന ആ വെള്ളം ഏറെ ഔഷധമൂല്യമുള്ളതാണെന്ന് ആനി പറഞ്ഞെങ്കിലും ചെറിയ ഒരു ചെളിമണം പോലെ തോന്നിയതിനാൽ ഞങ്ങളാരും അത് കുടിക്കാൻ തയ്യാറായില്ല.
വേറെ കാഴ്ചകളൊന്നും അവിടെ കാണാനില്ലാത്തതിനാൽ സമീപത്ത് കണ്ട ഒരു ജോർജ്ജിയൻ റെസ്റ്റോറന്റിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു.'ഖാജാപൂരി' എന്ന ഒരുപാട് ചീസ് പുരട്ടിയ പിസപോലെയുള്ള ഭക്ഷണപദാർത്ഥമാണത്രെ അവരുടെ പ്രധാന ഭക്ഷണം.
ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ബകുറിയാനി എന്ന സ്ഥലത്തേക്കാണ് പോയത്.ജോർജ്ജിയയിലെ ആദ്യത്തെ
സ്കീ റിസോർട്ട് ബകുറിയാനിയിലെതാണത്രെ.
നല്ല ഭംഗിയുള്ള കാഴ്ചകളായിരുന്നു യാത്രയിൽ..
റോഡിനിരുവശവും മഞ്ഞു വീണ കുന്നുകൾ.കുറച്ച് ദൂരം യാത്ര ചെയ്ത് ഞങ്ങൾ ബകുറിയാനിയിലേക്കെത്തിച്ചേർന്നു.
മഞ്ഞുമലകൾ കാണാൻ നല്ല ഭംഗി,നല്ല തണുപ്പും.
പഞ്ചസാര വിരിച്ചതു പോലുള്ള മഞ്ഞു കണങ്ങളിൽ ചവിട്ടി തെന്നാതെ നടന്ന് ഞങ്ങൾ റോപ് വേയിലൂടെ മുകളിലോട്ട്.മുകളിലേക്ക് പോകുമ്പോഴുള്ള പുറം കാഴ്ചകൾ മനോഹരമായിരുന്നു.
മരക്കൊമ്പുകളിലും വേരുകളിലുമൊക്കെ ഐസ്ക്രീം പോലെ പറ്റിപ്പിടിച്ച മഞ്ഞു കണങ്ങൾ.
സുന്ദരമായ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെ മഞ്ഞുമലകൾക്കിടയിലെ മരങ്ങൾ.
തണുപ്പ് വകവെക്കാതെ കുട്ടികൾ ഏറെ നേരം മഞ്ഞിൽ കളിച്ചു.എത്ര കളിച്ചും മതി വരാതെ തിരിച്ചു വരാൻ മടികാണിച്ച അവരോട് നാളെ ഇതിനേക്കാൾ കൂടുതൽ സമയം, കൂടുതൽ മഞ്ഞുള്ള സ്ഥലത്തേക്ക് കൊണ്ടു പോകാമെന്ന് ആനി ഉറപ്പു കൊടുത്തു.
താഴേക്കിറങ്ങിയ ഞങ്ങൾ തിരികെ ട്ബിലിസിയിലേക്ക് പോകാൻ തയ്യാറായി.
മൂന്നര മണിക്കൂർ യാത്രയിൽ അധികം ഗതാഗതക്കുരുക്കില്ലാത്ത റോഡിലൂടെ രാത്രി എട്ടരയോടെ ഞങ്ങൾ ട്ബിലിസിയിലെത്തിച്ചേർന്നു.
ജോർജ്ജിയയൻ ഭക്ഷണമൊക്കെ എല്ലാവർക്കും മടുക്കാൻ തുടങ്ങിയിരുന്നു.
ആനി പറഞ്ഞു തന്ന ഒരു ഇൻഡ്യൻ റെസ്റ്റോറന്റിലായിരുന്നു അന്നത്തെ രാത്രി ഭക്ഷണം.
പിറ്റേന്ന് രാവിലെയും പതിവു പോലെ പ്രഭാത ഭക്ഷണത്തിനു ശേഷം പത്തുമണിക്ക് ഞങ്ങൾ ഗുദൗറി എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. ജോർജ്ജിയയിലെ ഏറ്റവും വലിയ സ്കീ റിസോർട്ടാണത്രെ അത്.കുട്ടികളൊക്കെ നല്ല ഉത്സാഹത്തിലായിരുന്നു.
കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു തടാകത്തിനരികിലായി വണ്ടി നിർത്തി. കകാസസ് പർവ്വതങ്ങൾക്കിടയിലെ താഴ്വരയിലെ തടാകത്തിന്റെ പേര് ഴിൻവാലി(ജിൻവാലി) ലെയ്ക്ക് എന്നാണ്.
അതിൽ അണക്കെട്ട് നിർമ്മിച്ചത് 1986 ൽ ആണത്രെ. നീലമലകൾക്കിടയിലൂടെ ഒഴുകുന്ന നദിയുടെ ഭംഗി കാണേണ്ടതു തന്നെ.ടൂറിസ്റ്റുകളെല്ലാം അവിടെയിറങ്ങി ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു.അവിടെ കുറെ മലയാളികളെ കണ്ടു.എല്ലാവരും ഫോട്ടോക്കു പോസ് ചെയ്യുന്ന തിരക്കിൽ.
ഞങ്ങളും ഒട്ടും കുറച്ചില്ല. ഒറ്റയ്ക്കും കൂട്ടായുമൊക്കെ നിന്ന് കുറെ ഫോട്ടോ എടുത്തു.
സോവനീറുകളും ,ഗ്ലൗസ്സും ,ക്യാപ്പുമൊക്കെ വിൽക്കുന്ന കുറച്ചു കടകളേ അവിടെ ഉണ്ടായിരുന്നുള്ളൂ.
പിന്നെയും കുറച്ചു മുന്നോട്ടു പോയപ്പൊ വേറൊരു സ്ഥലത്ത് ഞങ്ങളൊന്നൂടെ വണ്ടി നിർത്തി.
ചെങ്കുത്തായ ഒരു ചെറിയ കുന്നിലൂടെ ഇത്തിരി നടന്നപ്പോ ഞങ്ങളൊരു കോട്ടയുടെ മുന്നിലെത്തി.
'അനാ നൂറി കാസിൽ' എന്നാണത്രെ അതിന്റെ പേര്.
അവിടെയും ഒരു ചെറിയ പള്ളി ഉണ്ടായിരുന്നു.അവിടെയൊക്കെ ഇത്തിരി നേരം നടന്നു കണ്ട് ഞങ്ങൾ ഗുദൗരിയിലേക്കുള്ള യാത്ര തുടർന്നു.
പിന്നീടുള്ള യാത്രയിൽ ബകുറിയാനിയേക്കാൾ മനോഹരമായ കാഴ്ചകളാണ് ഞങ്ങളെ കാത്തിരുന്നത്.
വലിയ ചുരത്തിലെ ഹെയർപ്പിൻ വളവുകൾ ക്കിടയിലൂടെയുള്ള റോഡുകൾക്കിരുവശവും
മഞ്ഞണിഞ്ഞ മലനിരകൾ. അവിടെയുള്ള വീടുകളുടെ മേൽക്കൂരയൊക്കെ മഞ്ഞിൽ പുതഞ്ഞ്.വെയിലിൽ മഞ്ഞിന് ഇത്തിരി കൂടി വെണ്മ കൂടിയ പോലെ.
അടുത്തു കണ്ട ഒരു പെട്രോൾ പമ്പിലെ കോഫീ ഷോപ്പിൽ നിന്നും ഖാജാപൂരിയും,
ഡോനട്സുമൊക്കെ കഴിച്ച് പിന്നെയും മല മുകളിലേക്ക് ഞങ്ങളുടെ യാത്ര.
മുകളിലേക്ക് പോകുന്തോറും മഞ്ഞു മലകൾ മാത്രമായി കാഴ്ച.അങ്ങനെ ഞങ്ങൾ ഗുദൗരി സ്കീ റിസോർട്ടിലെത്തി.ബർജോമിയുടെ ഇരട്ടി വലുപ്പമുള്ള പർവ്വത നിരകൾ.
മുകളിലേക്ക് പോകണമെങ്കിൽ റോപ് വേ തന്നെ ശരണം.മറ്റു രണ്ടു സ്ഥലങ്ങളിലെ പോലെ അടഞ്ഞ ലിഫ്റ്റ് പോലുള്ള റോപ് വേ ആയിരുന്നില്ല. ഓപ്പണായവയായിരുന്നു.
അത് കണ്ടപ്പൊഴേ പേടിയാകാൻ തുടങ്ങിയെങ്കിലും മുകളിലത്തെ കാഴ്ചകൾ കാണാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ വല്ലാത്ത ധർമ്മസങ്കടത്തിലായി ഞാൻ.
ഒടുവിൽ മോളും,ഭർത്താവും തന്ന ധൈര്യത്തിലും അവരുടെ നടുവിൽ രണ്ടുപേരും ചേർത്തു പിടിച്ചിരിക്കാമെന്ന് ഉറപ്പ് തന്നതിനാലും അതിൽ കയറി. താഴെ നോക്കുമ്പോ തല കറങ്ങുന്ന പോലെ .സംസാരിച്ചാൽ എന്റെ പേടി അവർക്ക് മനസ്സിലാകുമെന്ന് തോന്നിയതിനാൽ മിണ്ടാതെ കണ്ണുമടച്ചിരുന്നു.
താഴെ നോക്കാതെ മുകളിലേക്ക് നോക്ക്യാ മതി അമ്മേന്ന് മോള് പറഞ്ഞതനുസരിച്ച് കണ്ണു മെല്ലെ തുറന്നു നോക്ക്യപ്പോ ഇത്ര ഭംഗിയുള്ള കാഴ്ചകളാണല്ലോ ഞാൻ കാണാതിരിക്കുന്നതെന്ന് ഓർത്തു പിന്നെ ധൈര്യത്തോടെ മുകളിലേക്ക് മാത്രം ശ്രദ്ധ കൊടുത്തിരുന്നു.
മുകളിലെത്തി അതിൽ നിന്നിറങ്ങ്യപ്പോ അറിയാതെ കൂവിപ്പോയി വൗ എന്ന്...
മഞ്ഞുമലകൾ ചുറ്റിലും..നീലാകാശവും ഞങ്ങളും. സ്വർഗ്ഗം പോലെ സുന്ദരമായ സ്ഥലം. വെയിലായതിനാൽ അധികം തണുപ്പ് തോന്നിയില്ല.കുട്ടികളൊടോപ്പം ഞങ്ങളും കൂടി കളിക്കാൻ.കുട്ടികൾ മഞ്ഞിൽ കളിച്ചു മതിയായപ്പോൾ താഴെയിറങ്ങി.അവിടെയായിരുന്നു സ്കീയിംഗിനും, ബൈക്ക് റേസിംഗിനുമുള്ള സ്ഥലം.
മോന് സ്കീയിംഗ് ചെയ്യാനാഗ്രഹമുള്ളതിനാൽ അവനത് ചെയ്യാൻ പോയി.അത് കഴിഞ്ഞ് ബൈക്ക് റേസും.
ഇടയ്ക്ക് വീണും പിന്നെയും എണീറ്റോടിയും കുട്ടികളാകെ ബഹളായിരുന്നു.
വൈകുന്നേരം അഞ്ചുമണിയാണവരുടെ ക്ലോസിംഗ് സമയം.അതുവരെ എല്ലാവരും ഒരുപാടാസ്വദിച്ചു.
മഞ്ഞുമലകളോട് വിടപറഞ്ഞ് ,തിരിച്ചുള്ള യാത്രയിൽ താഴെയുള്ള റോഡിലൂടെ പോകുമ്പോൾ റോഡ് സൈഡിലൂടെ ഒരുപാടു ദൂരം വരെ തെളിനീരുള്ള കുഞ്ഞരുവിയുടെ കാഴ്ചയും മനോഹരമായിരുന്നു.മൂന്ന് മൂന്നര മണിക്കൂറിനുശേഷം ട്ബിലിസിയിലെത്തിയ ഞങ്ങൾ അന്നും ഇൻഡ്യൻ റെസ്റ്റോറന്റ് തന്നെയാണ് രാത്രി ഭക്ഷണത്തിനായി തിരഞ്ഞെടുത്തത് .
പിറ്റേന്ന് നമുക്ക് തിരിച്ചു പോരേണ്ടിയിരുന്നതിനാൽ രാവിലെ തന്നെ ഭക്ഷണം കഴിച്ച് ഹോട്ടൽ ചെക്ക് ഔട്ട് ചെയ്ത് എട്ടരയോടെ ഞങ്ങളിറങ്ങി.
കഴിയുന്ന സമയത്തിനുള്ളിൽ ട്ബിലിസിയുടെ കുറച്ചു ഭാഗങ്ങൾ കൂടി കാണുകയായിരുന്നു ലക്ഷ്യം.അന്ന് വൈകുന്നേരം നാല് മണിക്കായിരുന്നു നമ്മുടെ ദുബായിലേക്കുള്ള ഫ്ലൈറ്റ്.
ആദ്യം പോയത് ഹോളി ട്രിനിറ്റി കത്തീഡ്രലിലേക്കായിരുന്നു.ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ ക്രിസ്തീയ ദേവാലയമാണത്രെ അത്.അതിനു മുകളിലുള്ള വലിയ കുരിശ് സ്വർണ്ണം പൂശിയതാണത്രെ.
പള്ളിക്കു പുറത്ത് യാചകരും, മെഴുകുതിരി വിൽക്കുന്നവരും നിറഞ്ഞിരുന്നു.കുട്ടികളും വൃദ്ധരുമാണ് യാചകരിലേറെയും.
പള്ളിക്കകത്തേക്ക് പ്രവേശിച്ച ഞങ്ങൾ കണ്ടത് വിശാലമായ അകത്തളങ്ങളായിരുന്നു.
ഉയരമുള്ള മേൽക്കൂരയെ മനോഹരമായ പെയ്ന്റിംഗ് കൊണ്ട് ഭംഗിയാക്കിയിരുന്നു. ഉള്ളിൽ മെഴുകുതിരി കത്തിക്കുന്നരുടെയും പ്രാർത്ഥനക്കാരുടെയും തിരക്കായിരുന്നെങ്കിലും ഏതൊരു ദേവാലയത്തിലുമുള്ളൊരു വിശുദ്ധി അവിടെയും നിറഞ്ഞു നിൽക്കുന്നതായിത്തോന്നി.
ഞായറാഴ്ചയായതിനാൽ അകത്തു നിന്നുള്ള ഫോട്ടോഗ്രാഫി അനുവദനീയമായിരുന്നില്ല.
മനസ്സു കൊണ്ട് യേശുദേവനെ പ്രാർത്ഥിച്ച് പുറത്തേക്കിറങ്ങി.
അവിടെ നിന്നിറങ്ങിയതിനു ശേഷം ഞങ്ങൾ പൊയത് Kartlis Deda (മദർ ഓഫ് ജോർജ്ജിയ)
സ്ഥിതി ചെയ്യുന്ന സോളോലാക്കി കുന്നുകളിലാണ്. അവിടെയും മുകളിലേക്ക്
റോപ് വേയിലൂടെയാണ് പോയത്.
1958 ൽ ട്ബിലിസിയുടെ
1500 th വാർഷികത്തിലാണ് ഈ പ്രതിമ സ്ഥാപിക്കപ്പെട്ടത്.ജോർജ്ജിയയിലെ പ്രമുഖ ശിൽപ്പിയായ Elguja Amashukeli ആണത്രെ ഇത് പണിതത്.20 മീറ്റർ നീളത്തിൽ അലൂമിനിയത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഈ പ്രതിമയുടെ ഇടം കൈയ്യിലുള്ള വൈൻപാത്രം ആ രാജ്യത്ത് സുഹൃത്തുക്കളായി വരുന്നവരോടുള്ള ആതിഥ്യ മര്യാദയും,
വലം കൈയ്യിലെ വാൾ ശത്രുക്കളായി വരുന്നവർക്കുള്ള മുന്നറിയിപ്പുമാണത്രെ പ്രതിനിധാനം ചെയ്യുന്നത്.
സോളോലാക്കിക്കുന്നുകളിൽ നിന്നുംതിരിച്ച് വന്ന ഞങ്ങൾ കാൽനടയായി ജോർജ്ജിയയിലെ പഴയ സിറ്റിയിലൂടെ നടന്നു.ഇപ്പോഴും വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളവിടെയുണ്ടെന്ന് ആനി പറഞ്ഞു.സോവനീറുകൾ വിൽക്കുന്ന കടകൾ പിന്നിട്ട് മുന്നോട്ടു നടന്നപ്പോ അവിടെ ചെറിയൊരു തടിപ്പാലം കണ്ടു . 'ലവ് ലോക്ക് ബ്രിഡ്ജ്' എന്നാണത്രെ അതിന്റെ പേര്.പ്രണയികളുടേതെന്നു കരുതുന്ന പേരുകുത്തപ്പെട്ട പഴയതും പുതിയതുമായ കുറെ ലോക്കുകൾ ആ പാലത്തിന്റെ കൈവരികളിൽ കൊരുത്തിട്ടിരുന്നു.
ചില ലോക്കുകളൊക്കെ കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ചിരുന്നു.അത് കൊരുത്തിട്ടവരുടെ പ്രണയം ഇപ്പോഴും നിലനിൽക്കുന്നുണ്ടാകുമോ എന്നൊക്കെ ചിന്തിച്ച് അതിലെ ഇംഗ്ലീഷ് പേരുകൾ വായിക്കാൻ നോക്കുമ്പോ ,വരുന്നില്ലേ ഇവിടെന്താ ഇത്ര കാണാനെന്ന കണവന്റെ വിളി കേട്ട് വേഗം അങ്ങോട്ടേക്കോടി.
അതിനടുത്തുള്ള ചെറിയൊരു വെള്ളച്ചാട്ടവും കണ്ട് അവിടെ നിന്ന് ഫോട്ടോയും എടുത്ത്, നമ്മുടെ ഇടുക്കിയിലെ ചിന്നക്കനാലൊക്കെ കാണുമ്പോ ഇതൊക്കെയെന്ത് എന്നൊരു ഡയലോഗും പാസാക്കി ആനിയുടെ പിന്നാലെ നടന്നു.(ഇതുവരെ കണ്ട കാഴ്ചകളിൽ ഏറെ പ്രിയമുള്ള ,ഓർമ്മയിൽ തങ്ങി നിൽക്കുന്ന,ഇനിയും പോകാനാഗ്രഹിക്കുന്ന
സ്ഥലമാണ് ചിന്നക്കനാൽ 🙂)
പിന്നെ ഞങ്ങൾ പോയത് അവിടെ നിന്നും കുറച്ചു ദൂരെയുള്ള ഒരു പാർക്കിലേക്കായിരുന്നു.
അവിടെ കണ്ട ആൾക്കാരിൽ കൂടുതലും ടൂറിസ്റ്റുകളാണെന്ന് തോന്നി.അവിടെ ഇത്തിരി വിശ്രമിച്ച് ഏകദേശം ഒരുമണിയോടെ
ട്ബിലിസി നഗരത്തോടു വിടപറഞ്ഞ് ഞങ്ങൾ എയർപോർട്ടിലേക്കു തിരിച്ചു.
ആനിയോടും ,ഡ്രൈവറോടും യാത്ര പറഞ്ഞ്, എയർപോർട്ടിനുള്ളിൽ എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് ,അവിടെ നിന്ന് ഭക്ഷണം കഴിച്ച് ഫ്ലൈറ്റിനായുള്ള കാത്തിരിപ്പ്. പിന്നെ ഫ്ലൈറ്റിലേക്ക്...
ഏതോ യാത്രക്കാരന്റെ എമിഗ്രേഷൻ ക്ലിയറൻസ് വൈകിയ കാരണം നാലു മണിക്ക് പൊങ്ങേണ്ടിയിരുന്ന ഫ്ലൈറ്റ് ഒരുമണിക്കൂർ ലേറ്റായിരുന്നു.
ഏകദേശം അഞ്ചു മണിയോടെ ട്ബിലിസിയിൽ നിന്നും ദുബായ് ലക്ഷ്യമാക്കി ഞങ്ങളുടെ ഫ്ലൈറ്റ് പറന്നുയർന്നു.

Maya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo