നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

--യാത്രാവിവരണം-- ലക്ഷദ്വീപാഴങ്ങളിലെക്ക് ....1

--യാത്രാവിവരണം--
ലക്ഷദ്വീപാഴങ്ങളിലെക്ക് ....
(SOLO TRIP TO LADY ISLAND )
.
ലക്ഷദ്വീപിന്റെ സ്വർഗ്ഗലോകത്തു പോയ്യി വന്നിട്ട് രണ്ടു മാസത്തിൽ കൂടുതൽ ആയെങ്കിലും ഓർമ്മകളുടെ പങ്കുവെക്കൽ വൈകിയത് എങ്ങനെ എഴുതി ആ സ്വപ്നഭൂമിയുടെ സൗന്ദര്യം നിങ്ങളിലെക്ക് എത്തിക്കും എന്നുള്ള സംശയം കൊണ്ടൊന്നു തന്നെയാണ്.
ഓൺലൈൻ എഴുത്തു ലോകം സമ്മാനിച്ച രണ്ടു ആത്മമിത്രങ്ങളുടെ സ്നേഹം കൊണ്ടൊന്നു മാത്രമാണ് ISLAND ന്റെ സ്പെല്ലിങ് പഠിക്കുന്ന കാലത്തു കണ്ടു തുടങ്ങിയ ഈ സ്വപ്ന യാത്രയിലേക്ക് എത്തിയത് .. .
"ദ്വീപ് നമ്മളെ കൂടെ കൊതിക്കണം "
ലക്ഷദ്വീപിനെ ഫോട്ടോയിലോ വീഡിയോലോ ഒരിക്കൽ കണ്ടവരിൽ അവിടെ പോകാൻ മോഹിക്കാത്തവർ വിരളമാകും നമ്മളെത്ര കൊതിച്ചാലും ദ്വീപ് കൂടെ നമ്മളെ ആഗ്രഹിച്ചാൽ മാത്രേ ആ മണ്ണ് തൊടാൻ കഴിയു എന്നെനിക്ക് തോന്നിയിട്ടുണ്ട് . ഏകദേശം ഇരുപതിനായിരം രൂപേടെ കാമറയും വാങ്ങി ,എന്നോ നാട്ടിലേക്ക് വരണ്ട ലീവും നീട്ടി ഈ യാത്രയിൽ എന്നേക്കാൾ കൂടുതൽ ആവേശം ഉണ്ടായിരുന്ന കൂട്ടുകാരൻ ഉണ്ടായിരുന്നു . എണ്ണിച്ചുട്ട അവധിയുടെ ദിവസങ്ങൾ അതിർവരമ്പ് സൃഷ്ടിച്ചപ്പോ അവന് കൂടെ വരാൻ കഴിഞ്ഞില്ല .
വാങ്ങിയ കാമറയും കണ്ട സ്വപ്നങ്ങളും എന്നെ ഏൽപ്പിച്ചു അവൻ തിരിച്ചു പോയി ,. രണ്ടു പേർക്കും ഒരുമിച്ചായിരുന്നു പെർമിറ്റിന് അപേക്ഷിച്ചിരുന്നത് പല കാരണങ്ങളാൽ ഒന്നര മാസത്തോളം വേണ്ടി വന്നു ലഭിക്കാൻ .
"എന്റെ കൂടെ "
അഫ്സലിന് കൂടെ വരാൻ കഴിയാത്തത് കൊണ്ട് തന്നെ വേറൊരാളെ കൂടെ കൂട്ടണം എന്ന് തോന്നിയില്ല . പോകുന്ന വിവരം അറിഞ്ഞവരെല്ലാം പറഞ്ഞതും പരിഹസിച്ചതും ഒറ്റക്ക് പോവണ്ട ബോറിങ് ആവും എന്നൊക്കെ തന്നെയാണ് .വീട്ടിൽ ഉമ്മാക്കായിരുന്നു കൂടുതൽ ഭയം .ആദ്യമായാണ് ഇത്രയും ദൈർഘ്യമുള്ള യാത്ര പിന്നെ കപ്പലിലും . യാത്ര ഗ്രൂപ്പുകളിൽ വായിച്ചറിഞ്ഞ കപ്പൽ യാത്രയിലെ അസ്വസ്ഥതകൾ (വോമിറ്റിംഗ്,തലവേദന ) എന്നിവ മാത്രമേ എന്നെ ഇത്തിരിയെങ്കിലും ഭയപ്പെടുത്തിയുള്ളു .
ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത , വെറും ചുരുങ്ങിയ മെസേജുകൾ കൊണ്ടും , ഫോൺ കോളുകൾ കൊണ്ടും ,എന്റെ എഴുത്തുകൾ വഴിയും പരിചിതനായ ആ ദ്വീപ് സുഹൃത്തു റിസ്ക് എടുത്തു അവന്റെ നാട്ടിലേക്ക് എന്നെ കൊണ്ട് പോവാൻ കാണിച്ച ആ ധൈര്യത്തിന് മുൻപിൽ വിശ്വാസത്തിനു മുൻപിൽ എന്റെ മറ്റെല്ലാ ആകുലതകളും ഇല്ലാതായി .
അങ്ങനെ ഒറ്റക്ക് തന്നെ ദ്വീപിലേക്ക് യാത്ര ഉറപ്പിച്ചു . പെർമിഷൻ കിട്ടിയപ്പോ അടുത്ത തലവേദന ടിക്കറ്റ് ആയിരുന്നു . കിട്ടാൻ കുറച്ചൂസം കാത്തിരുന്നു . ലോക്കൽ അല്ലേൽ സെക്കൻഡ് ക്ലാസ് ടിക്കറ്റ് ആയിരുന്നു പ്ലാൻ . കിട്ടാതായപ്പോ Fist class ടിക്കറ്റ് തന്നെ എടുക്കേണ്ടി വന്നു . റിട്ടൺ ടിക്കറ്റ് എടുക്കാതെയാണ് പോയത് .
കൂടെ ഒരു ക്യാമറയും , കുറച്ചു ഡ്രെസ്സും , പുളിയച്ചാറും മാങ്ങാത്തോല് ഉപ്പിലിട്ടതും ,നേന്ത്രപ്പഴവും എടുത്തു നവംബർ 4 ന് ഉച്ചക്ക് കൊച്ചിയിൽ നിന്നുള്ള കവരത്തി എന്നുള്ള കപ്പലിൽ ദ്വീപിലേക്ക് .
"മറവി മറന്ന ചില ഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളുണ്ട് നെഞ്ച് നിറയെ. എല്ലാമൊന്ന് ഒഴുക്കിക്കളയണം. "
.....................................................................
"യാത്രയുടെ ആദ്യദിനം "
--------------------------------
കയ്യിൽ ടിക്കറ്റോ പെർമിഷനോ ഒന്നും കിട്ടിയിട്ടില്ലായിരുന്നു . എന്നെ അങ്ങോട്ട് കൊണ്ട് പോകുന്ന സുഹൃത്തിന്റെ ബ്രദർ എറണാംകുളത്തു വെച്ച് ടിക്കറ്റും പെര്മിഷനും ഏൽപ്പിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത് .
എല്ലാം ഒരു വിശ്വാസത്തിന്റെ കളിയാണ് . ഇവരെ ആരെയും ഞാൻകണ്ടിട്ടില്ല .ഇവർ ആരും എന്നെയും കണ്ടിട്ടില്ല , തലേ ദിവസം തന്നെ വിളിച് എവിടെയാണ് വരേണ്ടത് എന്നെല്ലാം ചോദിച്ചു വെച്ചിരുന്നു .
രാവിലെ നേരത്തെ തന്നെ എറണാംകുളത്തേക്ക് ബസ് കയറി . മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ അടുത്ത് ഒരു മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നെങ്കിലും ടിക്കറ്റും പെർമിഷനും കൊണ്ട് അവന്റെ ബ്രദർ വന്നു .
ഞാൻ പോകുന്ന കപ്പലിൽ മുൻപ് ജോലി ചെയ്തിരുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു കൂടെ
അവൻ തന്നെ ബൈക്കിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഓഫീസിലേക്ക് കൊണ്ട് വിടാമെന്നും എമിഗ്രെഷൻ കഴിയുന്ന വരെ കൂടെ നിൽക്കാമെന്നും പറഞ്ഞത് വലിയൊരു ആശ്വാസമായി .
കേട്ടറിഞ്ഞ ദ്വീപുകാരുടെ സ്നേഹത്തിന്റെ കഥകൾ ഞാൻ അനുഭവിച്ചു തുടങ്ങുകയായിരുന്നു .
എയർപോർട്ട് സിസ്റ്റം പോലെ തന്നെ ലഗ്ഗേജ് ചെക്കിങ്ങും എമിഗ്രെഷൻ പ്രോസസും . ഡൽഹി ബോംബെ എന്നിവിടങ്ങളിൽ നിന്നായി 120 പേരടങ്ങുന്ന ഒരു ഗ്രൂപ്പ് ടൂറിസ്റ്റ് പാക്കേജിൽ അതെ കപ്പലിൽ ദ്വീപിലേക്ക് ഉണ്ടായിരുന്നു .അവരുടെ പ്രോസസിംഗ് കഴിയുന്ന വരെ ഞാൻ അവിടെ ഇരുന്നു .
ഏതായാലും ഇരിക്കല്ലേ അപ്പൊ കാഴ്ചകൾക്ക് പിന്നേൽ ചില കാര്യങ്ങൾ പങ്കുവെക്കാം .
ഞാൻ പോകുന്നത്
ലേഡി ഐലന്റ് എന്നറിയപ്പെടുന്ന "മിനിക്കോയ് ദ്വീപിലേക്കാണ് " . മിനിക്കോയ് അല്ലാതെ മറ്റൊരു ദ്വീപിലേക് പോകണമെങ്കിൽ മറ്റൊരു വേറെ വേറെ പെർമിഷൻ എടുക്കണമായിരുന്നു . കേരളത്തിലെ സാഹചര്യങ്ങളിൽ നിന്നെല്ലാം ഏറ്റവും കൂടുതൽ വ്യത്യസ്തപ്പെട്ടു കിടക്കുന്ന ദ്വീപാണ് മിനിക്കോയ് . ലക്ഷദ്വീപ് ടൂറിസത്തിന്റ ആണിക്കല്ല് എന്ന് തന്നെ വിശേഷിപ്പിക്കാം മിനിക്കോയിയെ .ഏറ്റവും ഭംഗിയുള്ള ദ്വീപ് , മലയാളമല്ല ഭാഷ . മലയാളം. മഹൽ എന്ന ഭാഷയാണ് .
മലയാളം പറയുന്നവർ കുറെ ഉണ്ടെങ്കിലും അതിൽ ഭൂരിഭാഗവും ജോലിക്കായി മറ്റു ദ്വീപുകളിൽ നിന്നും മിനിക്കോയിലേക്ക് വന്നവരാണ് .
സ്ത്രീകൾക്ക് പ്രാധാന്യമുള്ള ദ്വീപാണ് മിനിക്കോയ് അതുകൊണ്ടു തന്നെയാണ് ലേഡി ഐലന്റ്റ് എന്ന പേരിൽ അറിയപ്പെടുന്നത് .പുരുഷന്മാർ കൂടുതലും കപ്പലിലെ ജോലിക്കാരാണ് . .
(ബാക്കി വഴിയേ പറയാം )
ചുറ്റും ഒരുപാട് മിനിക്കോയ് നിവാസികൾ ഉണ്ട് . സ്ത്രീകളുടെ വേഷം രസകരമാണ് .മറ്റു ദ്വീപുകളിൽ നിന്നും വേഷത്തിൽ നല്ല മാറ്റമുണ്ട് .(ഫോട്ടോയിൽ ചേർക്കാം ). ചെറിയ കുഞ്ഞുങ്ങളുമായും പ്രായമാവരുമായും കുറെ പേരുണ്ട് . ലക്ഷദ്വീപിലേക്കുള്ള ഏറ്റവും വലിയ കപ്പലാണ് "കവരത്തി " എമിഗ്രഷൻ പ്രോസസ് കഴിഞ്ഞു അതുവരെ സഹായിച്ച ആ ദ്വീപുകാരനോട് യാത്ര പറഞ്ഞു ഞാൻ അകത്തേക്ക് കയറി . ഫോൺ മാത്രം കയ്യിൽ വെച്ച് ബാക്കിയെല്ലാം അവിടെ ഏൽപ്പിച്ചു ബസിൽ കയറാൻ പറഞ്ഞു . കാമറ ബാഗിലായത് കൊണ്ട് ഇത്തിരി പേടിച്ചെങ്കിലും അതാരും കൊണ്ട് പോകില്ല എന്ന് പോലീസുകാരൻ ഉറപ്പ് തന്നു . ബസിൽ നേരത്തെ പറഞ്ഞ ടൂർ പാക്കേജ് വഴി വന്ന ഹിന്ദിക്കാർ ആയിരുന്നു .എല്ലാവരും നല്ല ജോളി മൂഡിലായിരുന്നു . ഞാൻ മാത്രമാണ് ഒറ്റക്ക് . അവരുടെ സന്തോഷങ്ങളുടെ കൂടെ മനസ്സ് ചേർത്ത് അവരിൽ ഒരാളെ പോലെ ഞാനിരുന്നു . കുറച്ചു ദൂരത്തെ യാത്രക്ക് ശേഷം കപ്പലിനടുത്തു ബസ് നിർത്തി .ലഗേജുകൾ അവിടെ ആദ്യമേ എത്തിയിരുന്നു . ഒറ്റ ഫ്രേമിൽ കപ്പൽ ഒതുക്കാൻ കുറെ നടന്നു ഫോട്ടോ എടുക്കേണ്ടി വരും .അത്രയും വലിയൊരു കപ്പൽ അടുത്തതു ആദ്യമായി കാണുന്ന ആകാംക്ഷയിൽ കപ്പലിന്റെ കൂടെ വെള്ളത്തിന്റെ ഓളങ്ങളിൽ ആടുന്ന കോണി കയറി ഞാൻ കപ്പിലേക്ക് നടന്നു .
ഒരു ടൂർ ഓപ്പറേറ്റർ ഹിന്ദിക്കാർക്ക് എന്തൊക്കെയോ ക്ലാസ് എടുത്തു കൊടുക്കുന്നുണ്ട് , ഞാൻ എന്റെ റൂം അന്വേഷിച്ചു ആദ്യം കണ്ട വാതിൽ വഴി അകത്തേക്ക് . ഒന്നും മനസ്സിലാവുന്നില്ല . ഇടുങ്ങിയ ഇടനാഴികൾ എല്ലാം ഒരേ പോലെ .. എല്ലാ വാതിലുകളും ഒരേ പോലെ . ആദ്യം കണ്ടൊരാളോട് ഫസ്റ്റ് ക്ലാസ് കാബിനിലേക്ക് വഴി അന്വേഷിച്ചു ആ വഴി നടന്നു ,വീണ്ടും പലരോടും ചോദിച്ചാണ് റൂമിനു മുൻപിൽ എത്തിയത് .
നല്ല വൃത്തിയുള്ള ഒരു റൂം . ഫസ്റ്റ് ക്ലാസ് റൂമുകളിൽ രണ്ടു ബെഡും സെക്കൻഡ് ക്ലാസ്സിൽ നാല് ബെഡും പിന്നെയുള്ളത് ബങ്ക് ക്ലാസ്സാണ് (ഒരുപാട് പേർക്ക് ഒരുമിച്ചു യാത്ര ചെയ്യാനുള്ള സ്ഥലം .ടിക്കറ്റ് ചാർജ് വളരെ കുറവാണ് .ഒരു ബങ്കിൽ ഏകദേശം അറുപതോളം ബെഡുകൾ ഉണ്ടാകും )
അറ്റാച്ച്ഡ് ബാത്രൂം , ഫാനും എ സി യും എല്ലാമുള്ള നല്ലൊരു റൂം . മൂവായിരം രൂപയാണ് ടിക്കറ്റ് ചാർജ് . സെക്കൻഡ് ക്ലാസ് ഏകദേശം 1300 ഉം ബങ്കിനു നാനൂറു രൂപയുമൊക്കെയാണ് ചാർജുകൾ .
ബാഗും കാമറയും റൂമിൽ വെച്ച് ഫോൺ മാത്രം കയ്യിലെടുത്തു പുറത്തേക്ക് ഇറങ്ങി .
റൂം നമുക്ക് പുറത്തു നിന്നും പൂട്ടാൻ കഴിയില്ല ചാവി അന്വേഷിച്ചപ്പോ പേടിക്കാനൊന്നുമില്ല ഒന്നും നഷ്ടപ്പെടില്ല എന്ന് ക്യാബിൻ ക്രൂവിൽ പെട്ടൊരു ദ്വീപുകാരൻ പറഞ്ഞു . ചുമ്മാ പുറത്തേക്ക് ഇറങ്ങി ഫോണിൽ കുറച്ചു ഫോടോസ് എടുത്തു . ഫേസ്‌ബുക്കിൽ ഒരു ലൈവ് വിഡിയോ പോയി
യാത്രയുടെ വിശേഷങ്ങൾ എല്ലാവരോടും പങ്കുവെച്ചു .
സമയം ഏകദേശം ഒരുമണി ആയിരിക്കുന്നു . കയ്യിലുള്ള പഴം കഴിച്ചു യാത്ര തുടങ്ങുന്നതും നോക്കി ഞാൻ ഇരുന്നു . ഏകദേശം മൂന്നു മണിയോട് കൂടി വിസിൽ അടിച്ചു അനോൻസ്മെന്റ് വന്നു യാത്ര [പുറപ്പെട്ടു . എന്റെ ആഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും ഇതാ ദ്വീപെന്ന സുന്ദര ലോകത്തിന്റെ പൂർത്തീകരണവും അടുത്തിരിക്കുന്നു .
ഫസ്റ്റ് ക്ലാസ് കാബിൻ മുഴുവൻ ആ ടൂർ പാക്കേജിൽ വന്നവരാണ് .,മലയാളികളെ ആരെയും കണ്ടില്ല യാത്രക്കാരായി . എന്റെ റൂമിലെ മറ്റേ ബെഡിനു വേറെ അവകാശി ആരും ഉണ്ടായിരുന്നില്ല ..
സായാഹ്നത്തോട് കൂടി കടലിന്റെ ഭംഗി കൂടിയിരിക്കുന്നു , ചുറ്റും നീല നിറങ്ങൾ കണ്ണിനെ കുളിരണിയിക്കുന്നു .
എവിടയെങ്കിലും കുറച്ചു നേരം ഒറ്റക്ക് ഇരിക്കാമെന്നു കരുതി ഞാൻ ബാൽക്കണിയിലേക്ക് നടന്നു .
കസേരകളിൽ എല്ലാം ആളുകൾ ഇരുന്നിരുന്നു . കുറച്ചപ്പുറത്തു സ്റ്റെപ്പിൽ ഒറ്റക്കിരിക്കുന്ന ഒരു പ്രായമായ സ്ത്രീയുടെ അടുത്ത് അവരുടെ സമ്മതത്തോടെ ഞാൻ ഇരുന്നു . കടലാഴങ്ങളിലേക്ക് നോക്കിയിരുന്ന എന്നോട് അവർ പേര് ചോദിച്ചു . ഒറ്റക്ക് ആണെന്നും ആദ്യമായാണ് ദ്വീപിൽ പോണതെന്നും പറഞ്ഞപ്പോ അവർക്കും എന്തോ കൗതുകം . ഞാനൊരിക്കലും ഒരു അടിച്ചു പൊളി ട്രിപ്പിനല്ല ദ്വീപിൽ പോകുന്നത് .
പ്രവാസവും മറ്റു ചില പ്രശ്നങ്ങളും സമ്മാനിച്ച മടുപ്പിക്കുന്ന ചുറ്റുപാടുകളിൽ നിന്നൊന്നും മാറി നിൽക്കണം . ബഹളങ്ങളിലാത്ത സമാധാനമായ ഒരു അന്തരീക്ഷത്തിൽ കുറച്ചു സമയം ചെലവഴിക്കണം .അതോകെക് ആയിരുന്നു മനസ്സിൽ .
ആ അമ്മയൊരു ടീച്ചറാണ് ഡൽഹി സ്വദേശി . വാർദ്ധക്യം ആസ്വദിക്കാൻ ഭർത്താവ്ന്റെ കൂടെ ദ്വീപിലേക്കുള്ള യാത്രയിലാണ് .ടൂർ പാക്കേജിന്റെ വിവരങ്ങൾ അവരാണ് എനിക്ക് പറഞ്ഞു തന്നത് ,
ദ്വീപിലേക്കുള്ള പോവാനുള്ള വഴികളിൽ ഒന്നാണ് പ്രൈവറ്റ് ടൂർ പാക്കേജുകൾ
25000 രൂപയാണ് ഒരാൾക്ക് ചാർജ് . മിനിക്കോയ് , കവരത്തി , ആന്ദ്രോത്തു, കൽപേനി തുടങ്ങിയ ദ്വീപുകൾ സന്ദർശിക്കും . പകൽ മുഴുവൻ ഓരോ ദ്വീപിൽ ചിലവഴിച്ചു രാത്രി ഉറങ്ങുന്ന സമയത്തു കപ്പൽ മറ്റൊരു ദ്വീപിലേക്ക് യാത്ര ചെയ്യും രാവിലേക്ക് അവിടെയെത്തും അന്നത്തെ പകൽ അവിടെ ചിലവഴിച്ചു വൈകുന്നേരം വീണ്ടും അടുത്ത ദ്വീപിലേക്ക് .ഇതാണ് പാക്കേജ് . ഭക്ഷണവും താമസവും എല്ലാം കപ്പലിൽ .
രണ്ടാമത്തെ മാർഗ്ഗം - ഞാനിപ്പോ പോകുന്ന പോലെ നമ്മളെ ഒരാൾ ദ്വീപിലേക്ക് ക്ഷണിച്ചു യാത്ര പെർമിഷൻ എടുത്തു തരിക എന്നുള്ളതാണ് . ചിലവ് കുറവാണു അങ്ങനെ പോകുവാൻ .എങ്കിലും ക്ഷണിക്കുന്ന വ്യക്തിക്ക് റിസ്കാണ് .നമ്മുടെ പൂർണ്ണ ഉത്തരവാദിത്വം അയാൾക്ക് ആയിരിക്കും .
പിന്നെയുള്ളത് ഗവണ്മെന്റ് പാക്കേജുകളാണ് .കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ചേർക്കുന്നു
പുറത്തു ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു . കടലിന്റെ നിറം ഇപ്പൊ ചുവന്നിരിക്കുന്നു . ക്ഷീണം കൊണ്ട് സൂര്യൻ കടലിനടിയിലേക്ക് ഉറങ്ങാൻ പോയിരിക്കുന്നു . നല്ല തണുത്ത കാറ്റ് . ചൂട് ചായ ഒരെണ്ണം വാങ്ങി ഞാൻ ഓരോ ഇടവഴികളും നടന്നു നോക്കി . ഒരു ലക്ഷറി ഹോട്ടൽ പോലുള്ള കപ്പലിന്റെ അനുവദനീയമായ എല്ലാ ഭാഗങ്ങളിലും ഈ മൂക്കുതലക്കാരന്റെ കാൽപ്പാദങ്ങൾ എത്തി , തിയറ്റർ അനുഭവം തരുന്ന ടിവി റൂമിൽ പോയി അന്നുണ്ടായിരുന്ന ഇന്ത്യയുടെ കളി കുറച്ചു നേരം കണ്ടു . ചിലർ ലുഡോ കളിക്കുന്നു ചില കാരംസ് കളിക്കുന്നു ചിലർ ഏറ്റവും മുകൾ ഭാഗത്തു നക്ഷത്രങ്ങളെ നോക്കി കിടക്കുന്നുണ്ട് അത് കണ്ടപ്പോ ഞാനും അവിടെ പോയി ഇത്തിരി നേരം കിടന്നു . നമ്മുടെ കൂടെ അവരും വരുന്നുണ്ട് ദ്വീപിലേക്ക് എന്ന് തോന്നി .
ഭക്ഷണത്തിനുള്ള അനോൻസ്മെന്റ് കേട്ടപ്പോ കാന്റീനിൽ പോയി കഴിച്ചു .നല്ല വൃത്തിയുള്ള അന്തരീക്ഷം . ക്ലാസ്സിന് അനുസരിച്ചു വെവ്വേറെ കാന്റീനുകൾ ഉണ്ട് . ചപ്പാത്തിയും ചോറും കോഴിക്കറിയും ലഭിക്കും .70 രൂപയാണ് ചാർജ് .നല്ല ഭക്ഷണമായിരുന്നു ..
അടുത്ത പുലർകാലം ദ്വീപിന്റെ മണ്ണിലാണ് . കണ്ണ് തുറന്നാൽ കാണുന്ന കാഴ്ച്ചകൾ മനസ്സിൽ വല്ലാതെ കൗതുകം നിറക്കുന്നുണ്ട് .മറ്റൊരു രസകരമായ കാര്യം വീട്ടിൽ നിന്നും അവസാനം വന്ന call ആയിരുന്നു . നാളെ അവർ എനിക്ക് വേണ്ടി ഒരു പെണ്ണുകാണാൻ പോകുന്നുണ്ട് .
നാളെ ഞാൻ കാണുന്ന മൊഞ്ചത്തിയും എനിക്ക് വേണ്ടി വീട്ടുകാർ കാണുന്ന മൊഞ്ചത്തിയേം മനസ്സിൽ ഓർത്തു ഞാൻ കിടന്നു ...
വിസ്‌മയങ്ങളുടെ മയക്കാഴ്ചകളിലേക്ക്
തുടരും .
( അടുത്ത പാർട്ടിൽ - ദ്വീപിലെ ആദ്യ ദിവസം .സ്‌കൂബാ ഡൈവിങ്ങും Light house കാഴ്ച്ചകളും )
.
അൻവർ മൂക്കുതല
ഈ പാർട്ടിന്റെ കുറച്ചു ഫോട്ടോസ് കമന്റ് ബോക്സിൽ ഉണ്ട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot