Showing posts with label Seemantharekha. Show all posts
Showing posts with label Seemantharekha. Show all posts

സീമന്ത രേഖ ഭാഗം - 6 ( Final Part)



അതിരാവിലെ തന്നെ എങ്ങോട്ടോ പോകുന്നതിനായി ജയൻ തയ്യാറാകുന്നത് കണ്ട് അച്ഛനും അമ്മയും അത്ഭുതപ്പെട്ടു. പതിവിന് വിപരീതമായി അവന്റെ മുഖത്ത് സന്തോഷം കളിയാടിയിരുന്നു. ചാരുലത വീട്ടിൽ നിന്നും ഇറങ്ങിപ്പോയി എന്ന വാർത്ത കേട്ടത് മുതൽ ജയനെ നിരാശയും ദുഃഖവും നിറഞ്ഞ മുഖത്തോടെയല്ലാതെ കാണാൻ കഴിഞ്ഞിട്ടില്ല. വിവാഹമോചനത്തിനുള്ള നോട്ടീസ് കൈപറ്റിയപ്പോൾ അവൻ പൊട്ടിക്കരയുന്നതാണ് കണ്ടത്. ആ കരച്ചിൽ ഒരു തിരിച്ചറിവിന്റേതായിരുന്നു എന്ന അച്ഛൻ ഓർത്തു. നാളുകൾക്ക് ശേഷം ജയൻ വീണ്ടും ഉന്മേഷവാനായിരിക്കുന്നു. എന്താണിതിനു കാരണം ? ആ ചിന്തയിൽ ഇരിക്കുമ്പോഴാണ് പോകാൻ തയ്യാറായി അവൻ ഇറങ്ങി വന്നത്.
"എങ്ങോട്ടാ നീ ഇത്ര രാവിലെ..?"
ജയൻ തിരിഞ്ഞ് നിന്നു. പിന്നെ അച്ഛന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇന്നാണ് അച്ഛാ കൗൺസിലിംഗ്. ഡിവോഴ്സിന്റെ..."
അച്ഛൻ അത്ഭുതത്തിൽ മകനെ നോക്കി. പിന്നെ വർദ്ധിച്ചു വന്ന കോപത്തോടെ മകന് നേരെ ആക്രോശിച്ചു.
"അപ്പോൾ നീ എല്ലാം തീരുമാനിച്ചു, അല്ലെ..? ഇത്രയും ദിവസത്തെ നിന്റെ അവസ്ഥയും ദുഃഖവും കണ്ടപ്പോൾ ഞാൻ കരുതിയത് നിനക്ക് അവളോട് ഇഷ്ടമുണ്ടായിരുന്നു എന്നാണ്. എല്ലാം നിന്റെ അഭിനയമായിരുന്നോ? കഷ്ടം.. എങ്ങനെ തോന്നുന്നു നിനക്ക് ഇങ്ങനെ ഒക്കെ പെരുമാറാൻ..?"
"അച്ഛാ.. പ്ലീസ്.. ഞാൻ എന്ത് ചെയ്തെന്നാ? അച്ഛനെന്തിനാ എന്നോട് വഴക്കിന് വരുന്നത്?"
"നിന്റെ ജീവിതം നശിക്കാതിരിക്കാൻ ഞാനടക്കം എല്ലാവരും കാലു പിടിച്ചിട്ടാ അവളീ കല്യാണത്തിന് സമ്മതിച്ചത്.എന്നിട്ട് നീ അവളെ ദ്രോഹിച്ചു. വേദനിപ്പിച്ചു. സ്വന്തം വീട്ടിൽ പോലും സ്വസ്ഥത കൊടുക്കാതെ നിന്റെ അനിയത്തിയും അവളെ വേദനിപ്പിച്ചു. ഇപ്പോൾ നീ അവളെ ഉപേക്ഷിക്കുവാൻ പോകുന്നു അല്ലേടാ..."
"അച്ഛാ.. ഞാനാണോ അവളെ.. അവളല്ലേ അച്ഛാ ഡിവോഴ്സിന് തയ്യാറായത്. അവളെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നു പോലുമില്ല."
"പിന്നെ നീ എവിടെക്കാ ഇത്ര സന്തോഷത്തിൽ..?"
"ഇന്നാണ് ഡിവോഴ്സിന്റെ ആദ്യത്തെ കൗൺസിലിംഗ്. രണ്ടുപേരും ഒരുമിച്ചുള്ള കൗൺസിലിംഗ് ആണെന്നാ വക്കീൽ പറഞ്ഞത്. ചാരു വരും. എനിക്കവളെ കാണണം. അതിനാണ് ഞാൻ പോകുന്നത്. അല്ലാതെ അച്ഛൻ കരുതുന്നത് പോലെ അവളെ ഉപേക്ഷിക്കാനല്ല."
അച്ഛന് സന്തോഷവും സമാധാനവും ഒരുപോലെ അനുഭവപ്പെട്ടു. ജയൻ പ്രതീക്ഷയോടെ കോടതിയിലേക്ക് യാത്രയായി. അവന്റെ മനസ്സ് മുഴുവൻ ചാരുവായിരുന്നു. ഒന്ന് നേരിൽ കണ്ടാൽ, ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് പറഞ്ഞാൽ, അവൾ ക്ഷമിക്കും. അവൾക്ക് തന്നോട് അത്രമാത്രം സ്നേഹമുണ്ടെന്ന് ജയൻ ഓർത്തു.
******
കുടുംബ കോടതിയുടെ വരാന്തയിൽ അവളെ കാത്ത് നിൽക്കുമ്പോൾ അവന്റെ മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. മാസങ്ങൾ കഴിഞ്ഞിരിക്കുന്നു ചാരുവിനെ ഒന്ന് നേരിൽ കണ്ടിട്ട്. അവസാനമായി അവളെ കണ്ടത് താൻ അവളെ വീട്ടിൽ നിന്നും പുറത്താക്കിയ ദിവസമാണ്. പിന്നീട് അവൾ തന്നെ കാണാൻ കൂട്ടാക്കിയില്ല.
ഇപ്പോൾ അവളെ തന്റെ കൺവെട്ടത്ത് നിന്ന് മറ്റെവിടെയോ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. എവിടെയാണെന്ന് മാനസിയോട് പോലും പറഞ്ഞിട്ടില്ല. അവൾ അറിഞ്ഞാൽ താനും അറിയും എന്നുള്ളത്കൊണ്ടാകാം. പക്ഷെ ഇന്നെന്തായാലും അവൾ വരും. ഇനിയും തന്നിൽ നിന്നവളെ മറച്ച് പിടിക്കാൻ ആർക്കും കഴിയില്ല.
ഈ വിവാഹമോചനത്തിന് തയ്യാറെടുത്തത് തന്നെ ചാരുവിനെ നേരിൽ കാണുക എന്ന ഉദ്ദേശ്യത്തോടെ ആണ്. അവൾ മനസ്സോടെ ആയിരിക്കില്ല ഇതിന് സമ്മതിച്ചിരിക്കുക. എല്ലാവരും ചേർന്ന് വിവാഹത്തിന് സമ്മതിപ്പിച്ച പോലെ ഇതിനു വേണ്ടിയും നിർബന്ധിച്ചിരിക്കും. ബന്ധങ്ങൾക്ക് വിലകല്പിക്കുന്ന ചാരുവിന് ആരെയും എതിർക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.
താനുമായുള്ള ബന്ധം തുടരുവാൻ അവൾക്ക് ഭയം തോന്നിയിട്ടുണ്ടാകും. ഓർക്കാൻ നല്ല ഓർമ്മകളൊന്നും സമ്മാനിക്കാൻ തനിക്കും കഴിഞ്ഞിട്ടില്ല. പക്ഷെ അതൊന്നും അവളോട് സ്നേഹമില്ലാഞ്ഞിട്ടായിരുന്നില്ല. തന്റെ സ്നേഹവും ദേഷ്യരൂപത്തിൽ ആയിരുന്നു പ്രകടിപ്പിച്ചിരുന്നത് എന്ന് മാത്രം. ചാരുവിന് ഒരിക്കലും തന്നെ വെറുക്കുവാൻ സാധിക്കില്ല. ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ ഈ പ്രശ്നങ്ങൾ എല്ലാം തീരും. തന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ അവൾക്കാവില്ല. പാവം ആണവൾ.
ചാരുവിനെ പ്രതീക്ഷിച്ച് അവളെപ്പറ്റിയുള്ള ചിന്തകളിൽ മുഴുകി ജയൻ ഇരുന്നു. കാണുന്ന കാഴ്ചകളൊന്നും അവന്റെ മനസ്സിനെ സ്പര്ശിക്കുന്നുണ്ടായിരുന്നില്ല. അലസമായ ആ നോട്ടത്തിനിടക്കാണ് പരിചിതമായ മുഖങ്ങൾ അവന്റെ ശ്രദ്ധയിൽ പെട്ടത്. ചാരുവിന്റെ പപ്പയും ഹരിയും. അവരെ അഭിമുഖീകരിക്കാൻ ജയന് അല്പം മടി തോന്നി. പക്ഷെ അടുത്ത നിമിഷം അവന്റെ കണ്ണുകൾ ചാരുവിനെ തിരഞ്ഞു.
അവൻ ചുറ്റിലും നോക്കി. ഇല്ല.. ചാരുവിനെ കാണുന്നില്ല. അവൾ വരില്ലേ..? ജയൻ ആധി പൂണ്ടു. ഒരുത്തരത്തിനായി അവൻ അവരെ രണ്ടു പേരെയും മാറി മാറി നോക്കി. പക്ഷെ അവർ അവനെ ശ്രദ്ധിക്കാതെ മാറി നിന്നു.
അവരും ചാരുവിനെ പ്രതീക്ഷിച്ച് നിൽക്കുകയാണെന്ന് തോന്നിയപ്പോൾ ജയന് അല്പം ആശ്വാസം തോന്നി. പിന്നെയും പ്രതീക്ഷയോടെ അവൻ അവളെ കാത്തിരുന്നു.
നിമിഷങ്ങൾ കടന്നു പോയി. ജയന് ടെൻഷൻ ഏറി വന്നു. ചാരു വരാതിരിക്കുമോ എന്നവൻ ഭയന്നു. പക്ഷെ ആ ഭയത്തിന് അധികം ആയുസ്സുണ്ടായില്ല. കാത്തിരിപ്പിന് വിരാമമിട്ട് ഒരു കാർ പാർക്കിങ് ഗ്രൗണ്ടിൽ എത്തിച്ചേർന്നു.
ഹരിയും പപ്പയും എഴുന്നേറ്റ് ആ കാറിനടുത്തേക്ക് ചെന്നു. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ ആൾ ജയന് സുപരിചിതനായിരുന്നു. കിരൺ. ആശ്ചര്യത്തിൽ ജയൻ നോക്കി നിൽക്കെ പിൻസീറ്റിൽ നിന്നും ചാരു പുറത്തിറങ്ങി.
ജയന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു. മാസങ്ങൾക്ക് ശേഷം ചാരുവിനെ കണ്ട ജയന് സന്തോഷത്തേക്കാൾ ആശ്ചര്യവും ഞെട്ടലുമാണുണ്ടായത്. ഹരിയുടെ കൈയും പിടിച്ച് അവൾ നടന്നടുക്കുമ്പോൾ അവന്റെ ഉള്ളിൽ ഒരു പെരുമ്പറ തന്നെ മുഴങ്ങുന്നുണ്ടായിരുന്നു.
ജയനെ കണ്ട ഭാവം പോലും നടിക്കാതെ അവൾ നടന്നു പോയി. ഒരു കൈയിൽ വീർത്ത വയറും താങ്ങി ആയാസപ്പെട്ട് അവൾ ആ വരാന്തയിലെ കസേരയിലേക്ക് ഇരുന്നു. ജയൻ അവളെ തന്നെ നോക്കിക്കൊണ്ടിരുന്നു.
അപ്രതീക്ഷിതമായി ഒരു കൈ തോളിൽ പതിഞ്ഞപ്പോഴാണ് അവന്റെ ശ്രദ്ധ തിരിഞ്ഞത്. തൊട്ടു പുറകിൽ കിരൺ നിൽക്കുന്നുണ്ടായിരുന്നു. അയാൾ പുഞ്ചിരിച്ചു. പക്ഷെ ജയന് ചിരിക്കാനായില്ല. അവന്റെ ഉള്ളിൽ ഒരു കനൽ എരിയുന്നുണ്ടായിരുന്നു.
"എന്നെ മനസ്സിലായോ..?"
ഉവ്വെന്ന മട്ടിൽ ജയൻ തലയാട്ടി. അയാൾ വീണ്ടും പുഞ്ചിരിച്ചു.
"എനിക്ക് അല്പം സംസാരിക്കാനുണ്ടായിരുന്നു. നമുക്ക് അങ്ങോട്ട് മാറി നിൽക്കാം."
ജയന് അയാളെ അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ചാരുവിനെ ഒന്നുകൂടി നോക്കിയിട്ട് അവൻ കിരണിന്റെ പുറകെ നടന്നു. ചാരു ഇതൊന്നും ശ്രദ്ധിക്കാതെ നിർവികാരമായ ഇരുന്നു.
"ഞാൻ മുഖവുരയില്ലാതെ കാര്യങ്ങളിലേക്ക് വരാം. ചാരു ഇത്രയും ദിവസം എന്റെ കൂടെ ആയിരുന്നു."
ജയൻ ഞെട്ടലോടെ കിരണിനെ നോക്കി. നെഞ്ചിൽ വെടിയുണ്ട തറച്ചപോലെ അവനു നൊന്തു.
"ഞെട്ടണ്ട. എന്റെ കൂടെ എന്ന് പറഞ്ഞാൽ... ഞാൻ അറിയുന്ന ഒരു സ്ഥലത്ത് എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ."
ജയന് ശ്വാസം നേരെ വീണു. പക്ഷെ എന്തൊക്കെയോ സംശയങ്ങൾ അപ്പോഴും ബാക്കി കിടന്നു.
"നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട് എന്നെനിക്കറിയാം. പക്ഷെ അത് പോലെ ഒന്നുമല്ല സത്യങ്ങൾ. എനിക്കും ചാരുലതക്കും ഇടയിൽ അരുതാത്ത എന്തോ ബന്ധമുണ്ടെന്ന് ജയേട്ടൻ വിശ്വസിക്കുന്നുണ്ടാകും. അവളെ ഈ അവസ്ഥയിൽ കാണുമ്പോൾ പ്രേത്യേകിച്ചും..
ചാരു എന്റെ നല്ല സുഹൃത്താണ്. അതിലും അപ്പുറം എനിക്കവളെ ഇഷ്ടവുമായിരുന്നു. പക്ഷെ അവൾക്ക് ഞാനൊരു സുഹൃത്ത് മാത്രമാണ്. നിങ്ങളെ അവൾ ഒരുപാട് സ്നേഹിച്ചിരുന്നു. അതുകൊണ്ടാണ് ഞാൻ അവൾക്ക് ഒരു ജോലി ഓഫർ ചെയ്തത് പോലും അവൾ വേണ്ടെന്ന് വച്ചത്. നിങ്ങൾക്ക് താല്പര്യമില്ല എന്നതുകൊണ്ട്.
എന്റെ കമ്പനിയിൽ ഒരു ഒഴിവ് വന്നപ്പോൾ ഞാൻ ആദ്യം ഓർത്തത് അവളെയാണ്. അത് പറയാനാണ് അന്ന് ഫോണിൽ വിളിച്ചത്. അതിനെച്ചൊല്ലി നിങ്ങളുമായി വഴക്കുണ്ടായപ്പോൾ അവൾ ആ ആഗ്രഹം വേണ്ടന്ന് വച്ചു. അത് എന്നെ നേരിൽ കണ്ട് പറയാനാണ് അവൾ വന്നത്. പക്ഷെ അപ്പോഴേക്കും..
എന്നെ വിളിച്ച് അവൾ ഉണ്ടായതെല്ലാം പറഞ്ഞു. വീട്ടിലും നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് പറഞ്ഞപ്പോൾ ഞാൻ അവളെ നിർബന്ധിച്ചു. അങ്ങനെയാണ് അവൾ എന്റെ അടുത്തേക്ക് വന്നത്. ഞാൻ അവൾക്ക് ജോലിയും താമസസ്ഥലവും ശരിയാക്കിക്കൊടുത്തു.
അതിന് ശേഷമാണ് അവൾ പ്രെഗ്നന്റ് ആണെന്ന് അറിയുന്നത്. തിരിച്ച് വരണമെന്നും നിങ്ങളെ കാണണം എന്നും അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പിന്നീട് അവൾ തന്നെ ആ തീരുമാനം മാറ്റി. നിങ്ങൾ അവളെ വിശ്വസിച്ചില്ലെങ്കിലോ എന്നവൾക്ക് ഭയം ഉണ്ടായിരുന്നു.
ഒരിക്കലും ജയേട്ടൻ അവളെ സ്നേഹിച്ചിട്ടില്ല എന്നവൾ ഇടക്കിടക്ക് പറയുമായിരുന്നു. അതുകൊണ്ടാണ് അവൾ ഡിവോഴ്സിനുള്ള തീരുമാനം എടുത്തത്. ഞാൻ ജയേട്ടനെ കണ്ട് സംസാരിക്കാം എന്ന് പറഞ്ഞതാണ്. പക്ഷെ അവൾ സമ്മതിച്ചില്ല.
പക്ഷെ എനിക്ക് തോന്നി, ഉണ്ടായതെല്ലാം പറയണമെന്ന്. നിങ്ങൾ ചിലപ്പോ വിശ്വസിക്കില്ലായിരിക്കാം. പക്ഷെ അതാണ് സത്യം. വിശ്വസിച്ചില്ലെങ്കിലും ഒരു കാര്യം കൂടി ഞാൻ പറയാം. അവൾക്ക് ജയേട്ടനെ വലിയ ഇഷ്ടമായിരുന്നു..."
ജയന്റെ കണ്ണുകൾ നിറഞ്ഞ് വന്നു. ഉള്ളിന്റെ ഉള്ളിൽ അവൻ പൊട്ടിക്കരയുകയായിരുന്നു. ആ കണ്ണുനീർ ആത്മാർത്ഥമാണെന്ന് കിരണിന് തോന്നി. കുറ്റബോധം കൊണ്ട് നീറുന്ന ജയനോട് കിരണിന് സഹതാപം തോന്നി.
ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്ന ജയൻ നേരെ പോയത് ചാരുവിനടുത്തേക്കാണ്. അവൾ അപ്പോഴും അവനെ ശ്രദ്ധിച്ചില്ല. മുഖമുയർത്തി ഒന്ന് നോക്കുവാൻ പോലും അവൾ തയ്യാറായില്ല. അപ്പോഴേക്കും ഹരി അവർക്കിടയിലേക്ക് വന്നു.
"ചാരു..."
ജയൻ വിളിച്ചു. പക്ഷെ അവൾ പ്രതികരിച്ചില്ല. ഹരിക്ക് ഇഷ്ടക്കേട് തോന്നി. അവൻ ജയനോട് എതിർക്കാൻ തയ്യാറെടുത്തു.
"ജയാ... നീ ചെല്ല്..."
"പ്ലീസ് ഹരി... എനിക്ക് ചാരുവിനോട് സംസാരിക്കണം."
"വേണ്ട... നീ സംസാരിച്ചിടത്തോളം മതി."
"ഹരി പ്ലീസ്... ഞാൻ പറയുന്നതൊന്ന് കേട്ടിട്ട് ചാരു എന്ത് വേണമെങ്കിലും തീരുമാനിച്ചോട്ടെ. ഞാൻ എതിർക്കില്ല."
"വേണ്ടെന്ന് പറഞ്ഞില്ലേ... കൂടുതൽ സംസാരിച്ച് അവളെ വിഷമിപ്പിക്കണ്ട. അതും ഈ സമയത്ത്."
"ഏട്ടാ..."
ചാരു ആ സംസാരത്തിനിടയിൽ കയറി. രണ്ടുപേരും ഒരേസമയം ചാരുവിനെ നോക്കി. പ്രേത്യേകിച്ച് ഭാവ വ്യത്യാസങ്ങൾ ഇല്ലാതെ തന്നെ അവൾ തുടർന്നു.
"സംസാരിച്ചോട്ടെ ഏട്ടാ... എല്ലാം അവസാനിക്കാൻ പോകുവല്ലേ... ഇനി ഒരവസരം കൊടുത്തില്ലെന്ന് വേണ്ട."
ആ വാക്കുകൾ ജയനെ വല്ലാതെ വേദനിപ്പിച്ചു. ഈർഷ്യയോടെ ഹരി അവിടെ നിന്നും മാറി നിന്നു. ചാരു പിന്നെയും മുഖം കുനിച്ചിരുന്നു.
" ചാരു... നിനക്കെന്നോട് ദേഷ്യമാണെന്ന് എനിക്കറിയാം. ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അല്ല... വേദന മാത്രേ ഞാൻ നിനക്ക് തന്നിട്ടുള്ളൂ. പക്ഷെ ഞാൻ നിന്നെ സ്നേഹിച്ചിട്ടുമുണ്ട് ചാരു..."
ജയന്റെ കുറ്റസമ്മതം ചാരുവിൽ യാതൊരു പ്രതികരണവും ഉണ്ടാക്കിയില്ല. അവൾ മുഖമുയർത്താതെ അതെ ഇരിപ്പ് തുടർന്നു.
"നിന്നെ നഷ്ടപ്പെട്ടപ്പോൾ മുതലാണ് എനിക്ക് നിന്നോടുണ്ടായിരുന്ന സ്നേഹം ഞാൻ പോലും തിരിച്ചറിയുന്നത്. നിന്നോട് വഴക്കിട്ടപ്പോഴും ദേഷ്യപ്പെട്ടപ്പോഴും നീ എനിക്കെത്ര വിലപ്പെട്ടതാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.
എല്ലാം എന്റെ തെറ്റാ... ന്യായീകരിക്കാൻ കാരണങ്ങൾ ഒന്നുമില്ല. മാപ്പ്... എല്ലാത്തിനും... നിന്നോട് ചെയ്ത ഓരോ തെറ്റിനും മാപ്പ്. നീ... നീ എന്റെ കൂടെ വരണം ചാരു. പ്ലീസ്..."
ചാരു മുഖമുയർത്തി ജയനെ നോക്കി. ഒരു പരിഹാസം അവളുടെ മുഖത്ത് നിറഞ്ഞ് നിന്നു. അൽപനേരം അവൾ ജയനെ ഉറ്റുനോക്കിയിട്ട് വീണ്ടും മുഖം താഴ്ത്തി.
ആ സമയത്ത് അകത്ത് നിന്നൊരാൾ വന്ന് രണ്ടുപേരെയും അകത്തേക്ക് വിളിപ്പിച്ചു. ചാരു പ്രയാസപ്പെട്ട് കസേരയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. ജയൻ പെട്ടെന്ന് തന്നെ അവളെ താങ്ങി. അവൾ രൂക്ഷമായി ജയനെ നോക്കി.
പക്ഷെ ജയൻ അവളെ പോകാൻ അനുവദിക്കാതെ ഒന്നുകൂടി ബലത്തിൽ പിടിച്ച് നിർത്തി.
"ചാരു പ്ലീസ്... പോകണ്ട. ഞാൻ നിന്നെ ഒന്ന് കാണാനാണ് ഇവിടെ വരെ വന്നത്. അല്ലാതെ നിന്നെ പിരിയാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. അങ്ങനെ ഒരുദ്ദേശ്യവും എനിക്കില്ല.
എല്ലാവരും നിന്നെ എന്നിൽ നിന്ന് മറച്ചു പിടിച്ചപ്പോൾ ഞാൻ കണ്ടെത്തിയ മാർഗ്ഗം മാത്രമാണിത്. നീ എന്റെ കൂടെ വരണം ചാരു... എല്ലാത്തിനും ഞാൻ മാപ്പ് ചോദിക്കുന്നു. നിന്നെ വേദനിപ്പിച്ചതിനും, നിന്നോട് ദേഷ്യപ്പെട്ടത്തിനും, സംശയിച്ചതിനും പിന്നെ.... അനുവാദമില്ലാതെ നിന്റെ ദേഹത്ത് തൊട്ടതിനും ഒക്കെ.."
ചാരു ജയനെ നോക്കി. ആ കണ്ണുകളിൽ കഴിഞ്ഞ്പോയ ജീവിതത്തിലെ വേദന നിറഞ്ഞ ഓർമ്മകൾ എരിയുന്നുണ്ടായിരുന്നു.
"ചെയ്തത്രയും തെറ്റാണ്. കുടിച്ച് ബോധമില്ലാതെയാണ് അന്നങ്ങനെ ഒക്കെ സംഭവിച്ചത്. നീ എന്റെ ഇഷ്ടത്തിന് വേണ്ടി എല്ലാം സഹിച്ചു. പക്ഷെ പിന്നീട് എനിക്ക് നിന്റെ മുഖത്ത് നോക്കാൻ ധൈര്യം കിട്ടിയില്ല. ചെയ്യാൻ പാടില്ലാത്തതായിരുന്നു എന്ന ബോധം പിന്നീടാണുണ്ടായത്. അതിനെ മറികടക്കുവാനും ഞാൻ നിന്നോട് ദേഷ്യപ്പെടുകയായിരുന്നു. എല്ലാം എന്റെ മാത്രം തെറ്റാണ്. നീ ക്ഷമിക്ക്. നമ്മുടെ... നമ്മുടെ കുഞ്ഞിന് വേണ്ടിയെങ്കിലും..."
ചാരുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കരച്ചിലടക്കാൻ അവൾ ഏറെ പാടുപെട്ടു. ഓർമ്മകൾ ഓരോന്നും അവളെ വേദനിപ്പിച്ചു. ഒടുവിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി.
ആ കരച്ചിൽ ജയനെ അതിയായി വേദനിപ്പിച്ചു. അവൻ അവളെ ചേർത്ത് പിടിച്ചു. ആ നെഞ്ചോട് ചേർന്ന് നിന്ന് അവൾ വിങ്ങിക്കരഞ്ഞു.
പപ്പയും ഹരിയും അവിടെ എന്താണ് സംഭവിച്ചത് എന്നറിയാതെ മുഖത്തോട് മുഖം നോക്കി. ഹരി അവരുടെ അടുത്തേക്ക് ചെല്ലാൻ തുനിഞ്ഞതും പപ്പ അവനെ തടഞ്ഞു.
"എല്ലാം ഇതുകൊണ്ട് തീരുന്നെങ്കിൽ തീരട്ടെടാ..."
പപ്പ പറഞ്ഞു. കാര്യങ്ങൾ ഗ്രഹിച്ച മട്ടിൽ ഹരിയും പിൻവാങ്ങി. എല്ലാം കണ്ട് സന്തോഷത്തോടെ കിരണും നിൽക്കുന്നുണ്ടായിരുന്നു.
******
കോടതിയിൽ നിന്നും മടങ്ങി വരുന്ന ജയനെ കാത്ത് അച്ഛൻ വീടിന്റെ ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ട ഉടൻ വിവരങ്ങൾ അറിയാൻ അദ്ദേഹത്തിന് തിടുക്കമായി.
ഒരു പുഞ്ചിരിയോടെ കാറിൽ നിന്നും ചാരു ഇറങ്ങി വന്നു. നിറവയറുമായി ചിരിച്ച് കൊണ്ട് കയറി വരുന്ന ചാരുവിനെ കണ്ടപ്പോൾ അദ്ദേഹത്തിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അമ്മയും വളരെ സ്നേഹത്തോടെ അവരെ വരവേറ്റു.
ചാരുലത ജയന്റെ കൈകൾ പിടിച്ച് നിറഞ്ഞ മനസ്സോടെ ആ വീടിന്റെ പടികൾ കയറി. പുതിയ ജീവിതത്തിലേക്ക്....
(അവസാനിച്ചു)
-ശാമിനി ഗിരീഷ്-

സീമന്ത രേഖ ഭാഗം - 5



ഫോൺ കട്ട് ചെയ്ത ശേഷം മുറിയിൽ നിന്നും ഇറങ്ങി വന്ന ചാരുവിന്റെ മുഖത്ത് പതിവിൽ കവിഞ്ഞ ഒരു പ്രകാശം മിന്നി. ജയൻ അത് ശ്രദ്ധിച്ചു. ജയനെ കണ്ടതും ചാരുവിന്റെ മുഖം പഴയതു പോലെ വിഷാദം നിറഞ്ഞു. ഒന്നും മിണ്ടാതെ അവൾ നടന്നു പോയി. പക്ഷെ എന്തൊക്കെയോ ചിന്തകൾ ജയന്റെ മനസ്സിലൂടെ പാഞ്ഞ് പോയി.
കിരണിനെ അന്ന് പരിചയപ്പെട്ടത് ജയന് ഓർമ്മ വന്നു. അന്ന് അവനെ പരിചയപ്പെടുത്തുമ്പോൾ തന്നെ തന്റെ അനിഷ്ടം പ്രകടമാക്കിയതാണ്. ഇന്ന് അവൻ ഫോൺ ചെയ്തിരിക്കുന്നു. ഇതിനും മുൻപും ചെയ്തിട്ടുമുണ്ടാവും താൻ അറിഞ്ഞിട്ടില്ലെന്ന് മാത്രം. ആ ചിന്തകൾ അവന് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി.
തന്റെ ഭാര്യക്ക് ഒരു പുരുഷ സുഹൃത്ത് ഉണ്ടാവുന്നതിൽ ജയന് ഒട്ടും താല്പര്യം തോന്നിയില്ല. അവൻ ഒരു സ്വാർത്ഥമതിയെ പോലെ ചിന്തിച്ചു. അന്ന് മുഴുവൻ അവന്റെ ചിന്തകൾ ആ കാര്യങ്ങളെ ചുറ്റി പറ്റി ആയിരുന്നു. ചാരു ഇതൊന്നുമറിയാതെ തന്റെ പതിവ് കർത്തവ്യങ്ങളിൽ മുഴുകി.
രാത്രി വരെയും അവനെ ആ ചിന്തകൾ മഥിച്ചുകൊണ്ടിരുന്നു. ചാരു ജോലികൾ തീർത്ത് വളരെ ക്ഷീണിതയായാണ് അന്ന് കിടക്കാനെത്തിയത്. പതിവ് പോലെ അവർക്കിടയിൽ ഒരു സംസാരത്തിനും ഇടയില്ലാതെ അവൾ കട്ടിലിലേക്കമർന്നു. അൽപനേരം മൗനമായി കിടന്ന ജയൻ മെല്ലെ തലതിരിച്ച് നോക്കി. ചാരു ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കിയ അവൻ അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു.
"ആരാണവൻ...?"
ചാരു മെല്ലെ തലതിരിച്ച് ജയനെ നോക്കി. ജയൻ അവളെ നോക്കി. നേരിയ വെളിച്ചം മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ട് ചാരുവിന് ജയന്റെ മുഖത്തെ ഭാവം എന്താണെന്ന് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. പക്ഷെ ആ ശബ്ദത്തിലെ ഗൗരവത്തിൽ നിന്നും മുഖഭാവം അവൾ ഊഹിച്ചു. അവൾ മറുപടിയൊന്നും പറഞ്ഞില്ല.
"ചോദിച്ചത് കേട്ടില്ലേ...? ആരാണെന്ന്..?"
"ആര്..?"
ജയൻ എഴുന്നേറ്റിരുന്നു.
"ഇന്ന് ഫോൺ ചെയ്തില്ലേ.. അവൻ..?"
"ഓഹ്... അതോ.. അത് കിരൺ. എന്റെ ക്ലാസ്സ്മേറ്റ് ഞാൻ പറഞ്ഞിരുന്നില്ലേ.. നമ്മൾ അന്ന് ഷോപ്പിങ്ങിന് പോയപ്പോ കണ്ടിരുന്നു."
ചാരുവിന്റെ ശബ്ദത്തിൽ ഒരു സന്തോഷം ഒളിഞ്ഞുകിടക്കുന്നുവെന്ന് ജയന് തോന്നി. കിരണിനോട് അവൾക്ക് മറ്റെന്തെങ്കിലും അടുപ്പമുണ്ടോ എന്ന് അവന് സംശയമായി. ചാരുവിന് പക്ഷെ ഭയമാണ് തോന്നിയത്. ജയന്റെ ചോദ്യം ചെയ്യലിൽ എന്തോ ഒരു അപാകത ഒളിഞ്ഞിരിപ്പുണ്ടെന്ന് അവൾക്ക് തോന്നി.
കിരണിനോട് അന്നേ ഒരു അതൃപ്തി ജയേട്ടനുണ്ട്. അവന്റെ ഫോൺ വന്നപ്പോഴും അതങ്ങനെ തന്നെ ഉണ്ടായിരുന്നു. ഇപ്പൊ ഈ ചോദ്യം ചെയ്യലിൽ നിന്നും അവൻ ഫോൺ ചെയ്തത് ഇഷ്ടപെട്ടിട്ടില്ല എന്ന് വ്യക്തം. ഇനി അവൻ വിളിച്ചതെന്തിനാണെന്ന് കൂടി പറഞ്ഞാൽ ജയേട്ടൻ കൂടുതൽ എതിർക്കാനേ സാധ്യതയുള്ളൂ.
"അവനെന്തിനാ നിന്നെ വിളിക്കുന്നെ..?"
ചാരുവിന് ആ ചോദ്യത്തിൽ ഒരു വല്ലായ്മ തോന്നി. പക്ഷെ അത് പ്രകടമാക്കാതെ അവൾ സൗമ്യമായി ചോദിച്ചു.
"എന്താ.. ജയേട്ടാ..? അവനെന്റെ ബെസ്ററ് ഫ്രണ്ട് ആണ്."
"നിനക്കെങ്ങനെ ആണുങ്ങൾ സുഹൃത്തുക്കൾ ആയി ഉണ്ടാവുന്നത് എനിക്കിഷ്ടമല്ല.."
ചാരുവിന് എന്തൊക്കെയോ പറയണമെന്ന് തോന്നി. പക്ഷെ ജയനോട് തർക്കിച്ച് ജയിക്കാൻ കഴിയില്ലെന്ന് തോന്നിയതുകൊണ്ട് അവൾ മൗനമായി ഇരുന്നതേ ഉള്ളു.
"മേലിൽ അവനുമായി നീ കോൺടാക്ട് ചെയ്യാൻ പാടില്ല...എനിക്കതിഷ്ടമല്ല.."
"ജയേട്ടാ... ഞാൻ.."
ചാരു മുഴുമിപ്പിക്കുമ്പോഴേക്കും അന്ത്യശാസനം പോലെ ജയൻ കൈയുയർത്തി.
"കൂടുതലൊന്നും പറയണ്ട. ഞാൻ പറയുന്നത് അനുസരിക്കാം എന്നുണ്ടെങ്കിൽ മാത്രം ഇവിടെ ജീവിച്ചാൽ മതി. ഇല്ലെങ്കിൽ..."
അത്രയും പറഞ്ഞ് ജയൻ തിരിഞ്ഞു കിടന്നു. അതൊരു അവസാന വാക്കായിരുന്നു. ചാരുവിന് എന്തെന്നില്ലാത്ത സങ്കടം തോന്നി. താൻ പറയാൻ വന്നത് കേൾക്കാൻ പോലും താല്പര്യം കാണിച്ചില്ല. കിരൺ പറഞ്ഞ കാര്യങ്ങളിൽ ഒരു അവസാന പ്രതീക്ഷ ജനിച്ചിരുന്നു. അതിനെയാണ് ഇപ്പോൾ ജയേട്ടൻ മുളയിലേ നുള്ളിയത്. ഇനിയൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
ഇതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കില്ല. ഒന്നുകിൽ ഈ ജീവിതം ഇങ്ങനെ തന്നെ ജീവിച്ചു തീർക്കണം. അതല്ലെങ്കിൽ എല്ലാം ഉപേക്ഷിക്കണം. അതോടെ ഈ നരക ജീവിതത്തിൽ നിന്നും തനിക്കൊരു രക്ഷ ഉണ്ടായേക്കും. പക്ഷെ അതോടെ പല പ്രശ്നങ്ങളുടെയും ആരംഭവും ഉണ്ടാകും. സ്വാർത്ഥമായി ചിന്തിക്കാൻ അവൾ തയ്യാറായില്ല. എല്ലാം സഹിക്കാൻ തന്നെ അവൾ തീരുമാനമെടുത്തു. കിരണിനോടെങ്കിലും എല്ലാം തുറന്ന് പറയണം. ഇനിയൊരിക്കൽ കൂടി അവനെ ചൊല്ലി ഒരു സംസാരത്തിന് ഇടയാകരുത്. ചാരു സ്വയം ചിന്തിച്ചു.
******
ദിവസങ്ങൾ പിന്നെയും നീങ്ങി. കിരണിനെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കണം എന്ന് ചാരു നിശ്ചയിച്ചു. ഒരു നല്ല സുഹൃത്തെന്ന നിലയിൽ അവന് തന്റെ അവസ്ഥ മനസ്സിലാകും. ഒന്നും പറയാതെ തന്നെ അത് മനസ്സിലായതുകൊണ്ടാണല്ലോ അവൻ ഒരു സഹായവുമായി മുന്നോട്ട് വന്നത്.
കിരൺ താൻ ജോലി ചെയ്യുന്ന കമ്പനിയിൽ ചാരുവിന് ഒരു ജോലി ഓഫർ ചെയ്തു. അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ അവൾക്കത് വല്ലാത്തൊരു ആശ്വാസമായിരുന്നു. റിസൾട്ട് വന്നപ്പോൾ തന്നെ ഉണ്ടായ പ്രശ്നങ്ങൾ കൊണ്ട് ഒരു ജോലിക്ക് പോകുന്നതിനെക്കുറിച്ച് അവൾ ചിന്തിച്ച് നോക്കിയിരുന്നില്ല. അതിനായി പരിശ്രമിച്ചതുമില്ല.
പക്ഷെ ഇപ്പോൾ നല്ലൊരു ജോലി തന്നെ തേടി വന്നിരിക്കുന്നു. എങ്ങനെയെങ്കിലും ജോലിക്ക് പോകാനുള്ള അനുവാദം വാങ്ങാൻ കഴിഞ്ഞാൽ അത് തനിക്കൊരു ആശ്വാസമായിരിക്കും എന്ന് അവൾ വെറുതെ പ്രത്യാശിച്ചിരുന്നു. പക്ഷെ ജയേട്ടൻ ഒരിക്കലും അതിനനുവദിക്കില്ല.
എന്തിനേറെ തന്റെ വാക്കുകൾ കേൾക്കാൻ പോലും അദ്ദേഹം നിന്ന് തരില്ല. അവൾക്ക് വല്ലാത്ത നിരാശ തോന്നി. എല്ലാം ഇവിടെ ഉപേക്ഷിച്ച് ഇറങ്ങി പോയാലോ എന്ന് വരെ അവൾ ചിന്തിച്ച് നോക്കി. പക്ഷെ അങ്ങിനെ ചെയ്താലുണ്ടാകുന്ന ഭവിഷ്യത്ത് ആലോചിച്ചപ്പോൾ തന്നെ അവൾ അതിൽ നിന്നും പിന്മാറി. എന്തായാലും കിരണിനെ നേരിൽകണ്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ തന്നെ അവൾ തീരുമാനിച്ചു.
കിരണിനെ കാണാൻ പോകുന്ന കാര്യം ജയനോട് പറയാൻ ചാരുവിന് ധൈര്യം കിട്ടിയില്ല. അതുകൊണ്ട് തന്നെ അവൻ ജോലിക്ക് പോയി തിരികെ വരുന്ന നേരം കൊണ്ട് കിരണിനെ പോയി കണ്ട് തിരികെ വരാം എന്നവൾ കരുതി.
ഒരു സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് മാത്രം അമ്മയോട് പറഞ്ഞ് അവൾ വീട്ടിൽ നിന്നും ഇറങ്ങി. അമ്മ കൂടുതലൊന്നും ചോദിച്ചില്ല. അല്ലെങ്കിലും അങ്ങനെയാണ് അമ്മയ്ക്കും ചാരുവിനും ഇടയിൽ സംസാരം വളരെ കുറവാണ്. ആദ്യമൊന്നും അങ്ങനെ ആയിരുന്നില്ല എന്നതവൾ വേദനയോടെ ഓർത്തു. അച്ഛനോട് സത്യം തുറന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക്. പക്ഷെ പറഞ്ഞതിൽ കൂടുതലൊന്നും അദ്ദേഹത്തിനോടും പറയാൻ അവൾക്കായില്ല. എത്രയും പെട്ടെന്ന് തിരിച്ചെത്തണം എന്ന ചിന്തയിൽ അവൾ ആ വീട്ടിൽ നിന്നും ഇറങ്ങി
******
കിരണിനെ കണ്ട് കാര്യങ്ങൾ എല്ലാം വിശദമായി തന്നെ ധരിപ്പിച്ചു. തന്റെ ആത്മമിത്രത്തിന്റെ അവസ്ഥയിൽ അവന് അതീവ വേദന തോന്നി. പക്ഷെ അവളെ രക്ഷിക്കാൻ ഒരു മാർഗവും അവനപ്പോൾ തോന്നിയില്ല. നിരാശ തോന്നി അയാൾക്ക്.
പക്ഷെ എല്ലാം ഒരാളോടെങ്കിലും തുറന്ന് പറഞ്ഞപ്പോൾ വലിയൊരു ഭാരം മനസ്സിൽ നിന്നും ഒഴിഞ്ഞു പോയത് പോലെയാണ് അവൾക്ക് തോന്നിയത്. പ്രതീക്ഷകൾ ഒന്നും മുന്നിലില്ലെങ്കിലും എന്തോ ഒരു ആശ്വാസം അവൾക്ക് അനുഭവപ്പെട്ടു. അധികനേരം അവനോടൊപ്പം സമയം ചിലവഴിക്കാതെ അവൾ തിരികെ വീട്ടിലേക്ക് പുറപ്പെട്ടു.
ജയൻ തിരികെ എത്തുന്ന സമയത്തിന് മുൻപ് തന്നെ തിരിച്ചെത്താൻ അവൾക്ക് സാധിച്ചു. പക്ഷെ ഗേറ്റ് കടന്ന ചാരു ഒന്ന് ഞെട്ടി. പോർച്ചിൽ ജയന്റെ ബൈക്ക് ഇരിക്കുന്നു. ജയൻ തിരിച്ചെത്തി എന്നവൾക്ക് ഉറപ്പായി. എവിടെ പോയിരുന്നു എന്ന് ഉറപ്പായും ജയേട്ടൻ ചോദിക്കും. എന്ത് പറയണം എന്ന് ചാരു ചിന്തിച്ച് നോക്കി. സത്യം പറയുന്നതാണ് എന്ത്കൊണ്ടും നല്ലതെന്നവൾക്ക് തോന്നി. ജയേട്ടൻ ഒന്നും ചോദിക്കാതിരുന്നെങ്കിൽ എന്നവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
വിറയ്ക്കുന്ന കാലുകളോടെയാണ് ചാരു മുറിക്കകത്തേക്ക് കയറിയത്. ജയനോട് എന്ത് പറയണമെന്ന് അപ്പോഴും അവൾക്കൊരു രൂപവും ഉണ്ടായില്ല. ജയൻ കട്ടിലിൽ അക്ഷമനായി ഇരിക്കുന്നുണ്ടായിരുന്നു. ചാരുവിനെ കണ്ടപ്പോൾ അവനൊന്ന് ദീർഘമായി നിശ്വസിച്ചു. അടുത്ത നിമിഷം കോപം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു.
ചാരു ആ മുഖത്തേക്ക് നോക്കാൻ തന്നെ ഭയന്നു. അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും ഒഴിഞ്ഞു മാറുവാൻ ശ്രമിച്ചു. പക്ഷെ ജയന്റെ ശബ്ദം അവളുടെ കാലുകൾക്ക് ഒന്ന് ചലിക്കുവാൻ പോലും പറ്റാത്ത വിധത്തിൽ ഗൗരവത്തിലായിരുന്നു.
"നീ എവിടെ പോയതാ..?"
ചാരു ഒന്നും മിണ്ടാതെ പുറം തിരിഞ്ഞ് നിന്നു. എന്തെങ്കിലും പറയാൻ അവൾക്ക് വല്ലാത്ത പേടി തോന്നി.
"ചോദിച്ചത് കേട്ടില്ലേ നീ..?"
"ഞാൻ... "
നിന്നു വിക്കിയതല്ലാതെ ഒന്നും പറയാൻ അവൾക്കായില്ല.
"ചാരു..."
അവൾ മെല്ലെ തിരിഞ്ഞ് നിന്നു. മുഖമുയർത്തി ജയന്റെ മുഖത്തേക്ക് ഒന്ന് നോക്കി. വല്ലാത്ത കോപത്തിൽ നിൽക്കുന്ന ജയന്റെ മുഖം അവളെ കൂടുതൽ ഭയപ്പെടുത്തി. കള്ളം പിടിക്കപ്പെട്ടുവെന്ന് അവൾക്ക് തോന്നി. ഇനി ഒന്നും ഒളിച്ചു വക്കാതിരിക്കുന്നതാണ് നല്ലത്. എല്ലാം തുറന്നു പറയാമെന്ന് അവൾ കരുതി.
"ഞാൻ.. കിരണിനെ കാണാൻ..."
പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപ് ജയന്റെ കൈകൾ ഉയർന്നു താണു. വേച്ചു പോയ അവൾ ചുമരിൽ ചാരി വീഴാതെ നിന്നു. കുറച്ച് നേരത്തേക്ക് അവൾക്ക് സ്ഥലകാലബോധം ഉണ്ടായില്ല. ജയേട്ടൻ തന്നെ തല്ലിയതാണെന്ന് തിരിച്ചറിയാൻ അവൾക്ക് പിന്നെയും നിമിഷങ്ങളെടുത്തു. അപ്പോഴേക്കും ജയൻ അവന്റെ ദേഷ്യത്തിന്റെ മൂർദ്ധന്യത്തിൽ എത്തിയിരുന്നു.
അടിയുടെ ഷോക്കിൽ നിന്നും വിട്ടു പോരുമ്പോഴേക്കും ജയൻ എന്തൊക്കെയോ പറയാൻ തുടങ്ങിയിരുന്നു. പതിവ് പോലെ എല്ലാം പ്രതികരണമില്ലാത്ത കല്പനകളെ പോലെ ആയി. പക്ഷെ അൽപനേരം കഴിഞ്ഞപ്പോൾ അവൾക്ക് കേട്ടതോരോന്നും ചിന്തിച്ചു നോക്കി.
തന്നെയും കിരണിനെയും ചേർത്ത് ഇല്ലാത്ത കാര്യങ്ങൾ ആണ് പറഞ്ഞു കൂട്ടുന്നതെന്ന ചിന്ത അവളെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു. അവൾ എന്തൊക്കെയോ പറയാൻ തുനിഞ്ഞു. പക്ഷെ ജയൻ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ചാരു കൂടുതൽ ശക്തിയായി പ്രതികരിച്ചു. അതിന്റെ ഫലമായി ജയൻ അവളെ കൂടുതൽ ഉപദ്രവിച്ചു. ഒരു ഏകാധിപത്യം അവളുടെ മേൽ സ്ഥാപിക്കുകയായിരുന്നു അവിടെ.
കൂടുതൽ പറയുന്നത് ജയന്റെ കോപം ഇരട്ടിപ്പിക്കുന്നതല്ലാതെ ഒരു പ്രയോജനവുമില്ല എന്ന് മനസ്സിലാക്കിയപ്പോൾ ചാരു മൗനിയായി. പിന്നെ കണ്ണീർ പ്രവാഹം മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾക്ക് വേണ്ടി സംസാരിക്കാൻ ആ വീട്ടിൽ ആരും ഉണ്ടായില്ല എന്ന ചിന്ത അവളെ കൂടുതൽ വിഷമിപ്പിച്ചു.
ജയന് പക്ഷെ ചാരുവിനെ മനസ്സിലാക്കാൻ ഒട്ടും സാധിച്ചില്ല. അവൻ ആ ദേഷ്യത്തിൽ തന്നെ അവളെ വീട്ടിൽ നിന്നും പുറത്താക്കുവാനാണ് ആഗ്രഹിച്ചത്. ചാരുവിനെ കിരണിന്റെ കൂടെ കണ്ടപ്പോൾ മുതൽ അവന്റെ മനസ്സ് തീ പിടിച്ചു തുടങ്ങിയതാണ്. തന്നോട് പറയാതെ അവൾ അവനെ കാണുന്നതും സംസാരിക്കുന്നതും ജയൻ എന്ന ഭർത്താവിന് സഹിക്കാനായില്ല.
അതിന്റെ ഫലമാണ് ഈ കാട്ടിക്കൂട്ടുന്നതൊക്കെ. ചാരുവിനോട് ജയന് ഉള്ള വികാരം എന്തെന്ന് പോലും തിരിച്ചറിയാൻ കഴിയാതെ അവൻ ദേഷ്യമായി തന്നെ അത് പ്രകടിപ്പിച്ചു. അതിന്റെ ആധിക്യത്തിൽ അവൻ ചാരുവിനെ വീട്ടിൽ നിന്നും പുറത്താക്കുവാൻ പോലും മുതിർന്നു.
തന്റെ വാക്കുകൾക്കും മറുപടികൾക്കും ചെവികൊടുക്കാതെ ഉള്ള ജയന്റെ പ്രവർത്തിയിൽ ചാരുവിന് അതിയായ ദുഃഖം തോന്നി. തന്നെ സംശയിക്കുകയും അതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കുകയും കൂടി ചെയ്തപ്പോൾ അവളുടെ അഭിമാനത്തിന് മുറിവേറ്റത് പോലെ വേദനിച്ചു. ഇനിയും ഈ അവസ്ഥ തുടരുന്നതിൽ അർത്ഥമില്ലെന്നത് തോന്നിയതുകൊണ്ട് അവൾ ആ വീടിന്റെ പടിയിറങ്ങി.
******
ദേഷ്യത്തിന്റെ കനലുകൾ ഒന്ന് കെട്ടടങ്ങിയപ്പോൾ ജയന് വീണ്ടു വിചാരം ഉണ്ടായി. ചാരുവിനെ ഇറക്കി വിടേണ്ടിയിരുന്നില്ല എന്നവന്റെ മനസ്സ് മന്ത്രിച്ചു. അവളെ ഉപദ്രവിച്ചതും തെറ്റാണെന്ന തോന്നൽ അവന്റെ ഉള്ളിൽ പുകഞ്ഞു. അതിന് ആക്കം കൂട്ടാനെന്ന പോലെ ആയിരുന്നു അച്ഛന്റെ പ്രതികരണം.
ചാരുവിനെ ഇറക്കിവിട്ടത് വരെയുള്ള കാര്യങ്ങൾ കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം മകനെതിരെ തിരിഞ്ഞു. വിവാഹത്തിന് നിർബന്ധിച്ചപ്പോൾ മുതൽ ഉള്ള ചാരുവിന്റെ അവസ്ഥയും അവൾ അനുഭവിച്ച വേദനയും അച്ഛൻ അക്കമിട്ട് നിർത്തിയപ്പോൾ ജയന് അല്പം കുറ്റബോധം തോന്നി.
ചാരു വീട്ടിലേക്ക് തന്നെയാവും പോയിട്ടുണ്ടാകുക എന്ന ആശ്വാസത്തിൽ ആയിരുന്നു അവൻ. പക്ഷെ പിന്നീട് ജയന് വല്ലാത്തൊരു ഭീതി തോന്നി. വിഷമം സഹിക്കാനാവാതെ അവൾ വല്ല കടുംകൈയും ചെയ്തു പോകുമോ എന്നവന് ഭയം തോന്നി. ഉടൻ തന്നെ ജയൻ ഫോൺ എടുത്ത് മാനസിയെ വിളിച്ചുനോക്കി. ചാരു അവിടെ എത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയപ്പോൾ അവന് ആശ്വാസം തോന്നി. ആ ആശ്വാസം അവളോടുള്ള സ്നേഹമാണെന്ന് ആ നിമിഷം മുതൽ അവൻ തിരിച്ചറിയുകയായിരുന്നു.
ചാരുവിനെ അന്വേഷിച്ച് അവളുടെ വീട്ടിലേക്ക് ചെന്ന ജയന് അവിടെ കിട്ടിയ സ്വീകരണം വളരെ മോശമായിരുന്നു. വിവാഹം മുടങ്ങി ആളുകളുടെ മുൻപിൽ നാണംകെടേണ്ട അവസ്ഥയിൽ നിന്ന അവനെ സ്വന്തം ജീവിതം നൽകി രക്ഷിച്ച അവളോട് ജയൻ ചെയ്ത ക്രൂരതകൾക്ക് അങ്ങനെ ഒരു സ്വീകരണം കിട്ടിയില്ലെങ്കിൽ അല്ലെ അത്ഭുതമുള്ളൂ.
ചാരു ജയനെ ഒന്ന് കാണുവാൻ പോലും കൂട്ടാക്കിയില്ല. അവൾ അത്രമാത്രം വേദന അനുഭവിച്ചു കഴിഞ്ഞിരുന്നു. ഇനിയും ക്ഷമിക്കുന്നതിൽ അർത്ഥമില്ല എന്നവൾക്ക് തോന്നി. അവൾ ഉണ്ടായതെല്ലാം പപ്പയോട് പറഞ്ഞിരുന്നു. അതിന്റെ പ്രതികരണമാണ് ജയന് ആ വീട്ടിൽ കിട്ടിയത്.
ചെയ്ത് പോയ തെറ്റിന്റെ ആഴം മനസ്സിലാക്കിയ ജയന് അവിടെ നിന്നും തോറ്റ് മടങ്ങേണ്ടി വന്നു. രണ്ടു ദിവസം കഴിയുമ്പോൾ എല്ലാം ശരിയാകും എന്ന സമാധാനത്തിലാണ് അവൻ മടങ്ങിയത്. പക്ഷെ ചാരു പോയതോടെ ജയന് വല്ലാത്തൊരു ശൂന്യത അനുഭവപ്പെടുവാൻ തുടങ്ങി. വിലപ്പെട്ടത് എന്തോ നഷ്ടപ്പെട്ട പോലെ അവന്റെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. എത്രയും പെട്ടെന്ന് അവളെ തിരികെ കൊണ്ടു വരാൻ തന്നെ അവൻ നിശ്ചയിച്ചു.
******
ദിവസങ്ങൾ അടർന്നു വീണുകൊണ്ടിരുന്നു. ചാരു തിരികെ വന്നില്ല. ഒന്ന് ഫോണിൽ പോലും ജയനുമായി ബന്ധപ്പെടാൻ അവൾ കൂട്ടാക്കിയില്ല. ജയൻ മാനസി വഴി പലതവണ അതിന് വേണ്ടി ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല.
ഒടുവിൽ അവൾ ഒരു ബാധ്യത ആകുമോ എന്ന് മാനസിക്കും ഭയം തോന്നാൻ തുടങ്ങി. തന്റെ സഹോദരന്റെ ഭാഗത്ത് തെറ്റുണ്ടെന്ന ആരോപണം അവളെ ചാരുവിനെ തിരികെ പറഞ്ഞയക്കാൻ നിർബന്ധിതയാക്കി. പക്ഷെ ചാരു സമ്മതിക്കാത്തത് അവിടെ ഒരു പ്രശ്നത്തിന് വഴിയൊരുക്കി.
ചാരുവിനെ തിരികെ അയക്കുന്നില്ലെന്ന് ഹരി ഉറപ്പിച്ച് പറഞ്ഞു. അതിന്റെ പേരിൽ ഹരിയും മാനസിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ തുടങ്ങി. ഒടുവിൽ സഹോദരിക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിക്കാൻ പോലും ഹരി തയ്യാറാകുന്ന അവസ്ഥ എത്തി.
കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് മനസ്സിലാക്കിയ ചാരു ആകെ വിഷമത്തിലായി. സഹോദരന്റെ ജീവിതം നശിക്കാതിരിക്കാൻ വേണ്ടിയാണ് ഇത്രയും കാലം എല്ലാം സഹിച്ചത്. എന്നിട്ടും താൻമൂലം ഒരു പ്രശ്നം ഉണ്ടാകുന്നു. സ്വന്തം വീട് പോലും തനിക്ക് അന്യമാവുന്നു എന്നവൾ തിരിച്ചറിഞ്ഞു. ഇനിയും അവിടെ നിന്നാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന തിരിച്ചറിവ് അവളെ അവിടെ പടിയിറങ്ങുവാൻ നിർബന്ധിതയാക്കി. എവിടേക്ക് പോകും എന്നൊരു നിശ്ചയവും അവൾക്കുണ്ടായില്ല. ഒടുവിൽ ചാരൂ ഒരു കടുത്ത തീരുമാനമെടുത്തു. ആ ഉറച്ച തീരുമാനത്തിൽ അവൾ അവിടെ നിന്നും ഇറങ്ങി.
(തുടരും)
-ശാമിനി ഗിരീഷ്-

സീമന്ത രേഖ ഭാഗം - 4

Apologies to all readers for an unexpected technical error for not posting Part 3. Hence Posting Part 3 and posting Part 4 consecutively again in web, page and App

പിന്നീടുള്ള ദിവസങ്ങളിൽ ചാരു മൂകയായിരുന്നു. ആരോടും ഒരു രീതിയിലും പ്രതികരിക്കാൻ അവൾ മിനക്കെട്ടില്ല. ജീവിതം നിരാശയുടെ അഗാധഗർത്തത്തിൽ വീണു പോയി എന്നവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പക്ഷെ ഒന്നും അവൾ ആരെയും അറിയിച്ചില്ല. എല്ലാവരുടെയും ഇഷ്ടത്തിന് നിന്നുകൊടുത്തത്കൊണ്ട് തനിക്ക് വലിയ ശിക്ഷയാണ് കിട്ടിയിരിക്കുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു. ആരോടും ഒരു പരാതിയും അവൾ പറഞ്ഞില്ല.
പക്ഷെ അവളെ വീക്ഷിക്കുന്നൊരാൾ ആ വീട്ടിലുണ്ടായിരുന്നു. അച്ഛൻ. അദ്ദേഹം അവളുടെ മുഖത്തെ മ്ലാനത ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിവാഹത്തിന് മുൻപ് കണ്ടിരുന്ന ചാരുവിനെയല്ല ഇപ്പോൾ കാണുന്നതെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് മാത്രമേ കഴിഞ്ഞുള്ളു. മറ്റുള്ളവരുടെ പെരുമാറ്റവും അദ്ദേഹം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
തളർന്ന മട്ടിൽ എന്തൊക്കെയോ ആലോചനയിൽ മുഴുകിയിരിക്കുന്ന അവളുടെ അടുത്തേക്ക് അദ്ദേഹം വന്നു.
"മോളെ.."
ഏതോ സ്വപ്നത്തിൽ നിന്നുണർന്ന പോലെ ചാരു തിരിഞ്ഞു നോക്കി. അവളുടെ നിറഞ്ഞ കണ്ണുകൾ ആ മാനസികാവസ്ഥ വിളിച്ചോതി.
"എന്ത് പറ്റി മോളെ.. എന്തിനാ കരയുന്നെ..?"
"ഹേയ്... ഒന്നൂല്യ അച്ഛാ.. ചെറിയൊരു ജലദോഷം."
ചാരു വിദഗ്ധമായി തന്റെ മനസ്സിനെ മറച്ചു പിടിക്കാൻ ശ്രമിച്ചു.
"മോള് കരയുകയായിരുന്നു എന്ന് അച്ഛനറിയാം.. എന്താ മോളെ പ്രശ്നം..? അച്ഛനോട് പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞൂടെ.."
ആ വാക്കുകളിലെ വാത്സല്യം അവൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. ചാരുവിന് സങ്കടം സഹിക്കാനായില്ല.
"ഒന്നൂല്യ അച്ഛാ.. വീട്ടിൽ പോകാൻ തോന്നുന്നു. പപ്പയെ കാണാഞ്ഞ് കുറെ ദിവസായില്ലേ.."
"അതിനാണോ കരയുന്നെ.. ജയനോട് പറഞ്ഞാൽ പോരെ.. അവൻ കൊണ്ട് പോകുമല്ലോ...ഇനി അവന് തിരക്കാണേൽ അച്ഛൻ കൊണ്ട് പോകാം.."
ജയനോട് അതിനെപ്പറ്റി ചോദിക്കാൻ പോലും കഴിയില്ലെന്ന് ചാരു ഓർത്തു. അച്ഛനോട് എന്ത് പറഞ്ഞ് ഒഴിഞ്ഞു മാറും എന്നായി അവളുടെ ചിന്ത. അച്ഛൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
"അതൊന്നുമല്ല കാര്യം എന്ന് അച്ഛനറിയാം. ഇവിടെ എല്ലാരും മോളെ വിഷമിപ്പിക്കുന്നുണ്ട് അല്ലെ..?"
"ഹേയ്.. അങ്ങനൊന്നുമില്ല..."
അവൾ പെട്ടെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും ആ മുഖം അവളുടെ മനസ്സ് വിളിച്ചു പറയുന്നുണ്ടായിരുന്നു.
"അച്ഛൻ കാണുന്നുണ്ട് പലതും. ഞാൻ ഇടപെട്ട് പ്രശ്നങ്ങൾ വലുതാക്കേണ്ട എന്ന് കരുതിയ പലപ്പോഴും പ്രതികരിക്കാതിരുന്നത്. പക്ഷെ ഈയിടെയായി മോളുടെ മുഖത്ത് തീരെ തെളിച്ചം കാണുന്നില്ല. എന്തോ കാര്യമായി ഉണ്ടായിട്ടുണ്ട് അല്ലെ..?"
ചാരുവിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവൾ പൊട്ടിക്കരഞ്ഞു പോയി.
"എന്താ മോളെ..? കരയാതെ അച്ഛനോട് പറയ്.."
കരച്ചിലടക്കാൻ അവൾ ഏറെ പാടുപെട്ടു. ആരോടെങ്കിലും ഒന്ന് മനസ്സ് തുറക്കാൻ അവൾ ഏറെ കൊതിച്ചിരുന്നു. അച്ഛന്റെ ചോദ്യത്തിന് മുൻപിൽ അവൾ തോറ്റ് പോയി. ഉണ്ടായതെല്ലാം അവൾ അച്ഛനോട് പറഞ്ഞു. എല്ലാം കേട്ടുകൊണ്ടിരുന്ന അദ്ദേഹം വിളറിവെളുത്തു.
തൻറെ മകന്റെ മനസ്സിൽ ഈവിധം ആയിരുന്നു ചിന്തകൾ എന്നത് അദ്ദേഹത്തെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ മുൻപിൽ വിവാഹ സമയത്ത് ഒരു തീരുമാനം എടുക്കാൻ കഴിയാതെ നിന്ന് പ്രയാസപ്പെടുന്ന ചാരുവിന്റെ മുഖം ഓടിയെത്തി. അതിനേക്കാൾ എത്രയോ ഇരട്ടി മനപ്രയാസം ഇപ്പോൾ അവൾ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം വേദനയോടെ ഓർത്തു.
ചാരുവിനോട് എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് ഒരു രൂപവും കിട്ടിയില്ല. ജയനോട് എന്തായാലും ഇതിനെ പറ്റി സംസാരിക്കണം എന്ന് അദ്ദേഹം നിശ്ചയിച്ചു. തത്കാലം ഈ വിഷയങ്ങൾ ചാരുവിന്റെ കുടുംബത്തെ അറിയിക്കരുതെന്ന് മാത്രം നിർദേശിച്ചു.
ജയനോട് അദ്ദേഹം കാര്യമായി തന്നെ ഈ വിഷയം സംസാരിച്ചു. പക്ഷെ അവന് അവന്റെ തീരുമാനങ്ങളിലും ചിന്താഗതികളിലും മാറ്റം വരുത്താൻ ഒരുദ്ദേശവുമുണ്ടായിരുന്നില്ല. സ്വന്തം സഹോദരിക്ക് വേണ്ടി ഭാര്യ എന്ന ഭാരം ചുമക്കുന്നു എന്നതിനപ്പുറം അയാൾ ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല.
******
ഇതിനിടയിൽ മാസങ്ങൾ കടന്നു പോയി. ഹരി നാട്ടിൽ വരുന്ന ദിവസം വീട്ടിൽ പോകണമെന്ന് ചാരു ഏറെ ആഗ്രഹിച്ചു. പക്ഷെ പിന്നീട് അവൾ തന്നെ ആ തീരുമാനം മാറ്റി. പോയാൽ തന്റെ അവസ്ഥ എന്താണെന്ന് തന്റെ മുഖത്ത് നിന്നുതന്നെ വായിച്ചെടുക്കാൻ അവർക്ക് ഏറെ നേരം വേണ്ടി വരില്ല. ഈ വീട്ടിലെ സ്ഥിതിഗതികൾ അറിഞ്ഞാൽ ഒരുപക്ഷെ ഹരിയും മാനസിയുമായുള്ള വിവാഹത്തിന് തന്നെ അത് വിപരീതമായി ബാധിച്ചേക്കും.
ഗതികേടുകൊണ്ട് തന്റെ ജീവിതം ഈ വിധം ആയതിന്റെ പേരിൽ ആരുടേയും സ്വപ്നങ്ങളെ തകർക്കാൻ ചാരുവിന് മനസ്സ് വന്നില്ല. എല്ലാം ശരിയാകുമെന്നും ജയേട്ടൻ തന്നെ തിരിച്ചറിയുമെന്നും ഒരു നേരിയ പ്രതീക്ഷ അവളുടെ മനസ്സിൽ ശേഷിച്ചിരുന്നു
അധികം വൈകാതെ ഹരി നാട്ടിലെത്തി. വന്ന ദിവസം തന്നെ അവൻ ചാരുവിനെ കാണാൻ എത്തി. ആ വരവ് ചാരുവിന് സന്തോഷവും ഞെട്ടലും ഒരുപോലെ ഉണ്ടാക്കി. എന്ത് വന്നാലും അവരുടെ മുൻപിൽ സന്തോഷത്തോടെ നിൽക്കണം എന്ന ചിന്തയോടെ അവൾ അവരുടെ അടുത്തേക്ക് ചെന്നു.
"മോളെ..."
ആ വിളിയിൽ തന്നെ നിയന്ത്രണങ്ങൾ നഷ്ടപ്പെട്ട് പോകുമോ എന്നവൾ ഭയന്നു. ഒരു ചെറു പുഞ്ചിരി മുഖത്ത് വരുത്താൻ അവൾ ശ്രമിച്ചു. ഹരി അവളെ ചേർത്ത് നിർത്തി സ്നേഹത്തോടെ ചോദിച്ചു.
"എന്ത് പറ്റിയെടാ... ആകെ വല്ലാതിരിക്കുന്നല്ലോ...?"
ചാരുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു വാക്ക് പോലും മിണ്ടാതെ അവൾ വിങ്ങിവിങ്ങി കരഞ്ഞു. അത് കണ്ടു നിന്ന എല്ലാവർക്കും വല്ലായ്മയായി. അവളെ ആശ്വസിപ്പിക്കാൻ ഹരി ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ മറ്റുള്ളവർ കള്ളം പിടിക്കപ്പെട്ട കുറ്റവാളികളെ പോലെ വിളറി.
പക്ഷെ ചാരു തന്റെ അവസ്ഥ ഹരിയോട് തുറന്ന് പറയാൻ കൂട്ടാക്കിയില്ല. ഏറെ നാൾ കൂടി കണ്ടതിന്റെ സന്തോഷത്തിൽ കരഞ്ഞു പോയതാണെന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കാൻ അവൾക്ക് കഴിഞ്ഞു. ഹരി ആ വീട്ടിലുണ്ടായിരുന്ന അത്ര നേരം നോർമലായി പെരുമാറാൻ അവൾ ഏറെ പാടുപെട്ടു. പക്ഷെ ഈ അഭിനയത്തിന് അധികം ആയുസ്സുണ്ടാവില്ല എന്ന സത്യം അവൾ തിരിച്ചറിഞ്ഞു.
******
ദിവസങ്ങൾ അതിവേഗം കടന്നു പോയി. ഹരിയുടെയും മാനസിയുടെയും വിവാഹം മംഗളമായി നടന്നു. സ്വന്തം സഹോദരന്റെ വിവാഹമായിരുന്നിട്ട് കൂടി വീട്ടിലേക്ക് പോകാതെ അവൾ ഭർതൃ വീട്ടിലെ മരുമകളുടെ കടമ ഭംഗിയായി നിറവേറ്റി.
എല്ലാ ചടങ്ങുകളും ഭംഗിയായി കഴിയുന്നത് വരെ മാനസിയും അമ്മയും അവളോട് സ്നേഹത്തിൽ പെരുമാറി. അവരുടെ അഭിനയശേഷിയിൽ അവൾ അത്ഭുതം കൂറി. പക്ഷെ അപ്പോഴും യാതൊരു മാറ്റത്തിനും തയ്യാറില്ലാതെ ജയൻ അവന്റെ പ്രതിഷേധം തുടർന്നു.
മാനസി പോയാൽ ചിലപ്പോൾ അമ്മയുടെയെങ്കിലും സമീപനത്തിന് മാറ്റം ഉണ്ടായേക്കുമെന്ന് പ്രതീക്ഷിച്ച ചാരുവിന് അവിടെയും തെറ്റി. ആ വീട്ടിലെ അവളുടെ അവസ്ഥയിൽ കാര്യമായ ഒരു മാറ്റവും ഉണ്ടായില്ല.
അങ്ങനെ സങ്കടങ്ങളും വേദനകളും നിറഞ്ഞ ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് അവൾ അപ്രതീക്ഷിതമായി ഒരാളെ കാണുന്നത്. കിരൺ. നാളുകൾക്ക് ശേഷം അവനെ കണ്ടപ്പോൾ ചാരുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
പക്ഷെ കിരണിന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ വല്ലായ്മയാണ് തോന്നിയത്. പഴയ ചാരുവല്ല മുൻപിൽ നിൽക്കുന്നതെന്ന് അവനു പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു.
അവന്റെ ഉള്ളിൽ പ്രസരിപ്പോടെ നടന്നിരുന്ന ചാരുവിന്റെ ചിരിച്ച മുഖം തെളിഞ്ഞു. തന്റെ പ്രിയ കൂട്ടുകാരിയുടെ അവസ്ഥ അവനെ ഏറെ വേദനിപ്പിച്ചു. വിവാഹം പോലും അറിയിക്കാത്തതിൽ അവളോട് അവന് പരിഭവം തോന്നിയിരുന്നു. പക്ഷെ അവളെ നേരിൽ കണ്ടപ്പോൾ ആ പരിഭവം സഹതാപത്തിന് വഴിമാറി.
ചാരുവിന് കിരണിനോട് എന്തൊക്കെയോ പറയാണമെന്നുണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ടോ അവളുടെ നാവു പൊങ്ങിയില്ല. എല്ലാം ഉള്ളിൽ തന്നെ വച്ചുകൊണ്ട് ചിരിച്ചു നിൽക്കാൻ അവൾ ഏറെ പാടുപെട്ടു. എല്ലാവരുടെയും മുന്നിൽ അഭിനയിച്ചു നിൽക്കേണ്ടി വന്നതിൽ അവൾക്ക് വല്ലാത്ത ഖേദം തോന്നി.
അപ്രതീക്ഷിതമായ ആ കണ്ടുമുട്ടൽ അവളെ ഒരുപാട് സന്തോഷിപ്പിച്ചെങ്കിലും അത് പ്രകടിപ്പിക്കാൻ അവൾക്കായില്ല. ജയന്റെ മുഖത്തെ നീരസം അവൾ ശ്രദ്ധിച്ചു. അത് കിരൺ തിരിച്ചറിയും മുൻപ് അവൾ ബുദ്ധി പൂർവ്വം അവനെ ഒഴിവാക്കാൻ ശ്രമിച്ചു.
കിരൺ പരാതിയൊന്നും കൂടാതെ അവരെവിട്ട് യാത്രയായി. പക്ഷെ ചാരുവിന്റെ ജീവിതം ഒട്ടും സന്തോഷത്തിലല്ല പോകുന്നതെന്നത് അവനെ വേദനിപ്പിച്ചു. എപ്പോഴെങ്കിലും അവളോടൊന്ന് സംസാരിക്കാൻ ഒരവസരം കിട്ടിയിരുന്നെങ്കിലെന്ന് അവൻ ആഗ്രഹിച്ചു.
ചാരുവിനും അവനെ കണ്ടത് വല്ലാത്തൊരു ആശ്വാസമായിരുന്നു. അല്പം നേരം അവനോട് സംസാരിക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. പക്ഷെ ജയന് അതിഷ്ടപ്പെടില്ലെന്ന് അറിയാവുന്നതുകൊണ്ട് അവൾ അതിന് മിനക്കെട്ടില്ല. ഇനിയോരവസരത്തിൽ ആകാമെന്ന് അവൾ നിശ്ചയിച്ചു.
******
ദിവസങ്ങൾ പിന്നെയും നീങ്ങി. ഹരി വിവാഹശേഷം ഗൾഫിലേക്ക് തിരിച്ച് പോയി. മാനസി പലപ്പോഴും വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. പക്ഷെ ഒരിക്കൽ പോലും ചാരു സ്വന്തം വീട്ടിലേക്ക് പോകാൻ ആഗ്രഹിച്ചില്ല.
പപ്പ ഇടക്കിടെ മകളെ തേടി വന്നുകൊണ്ടിരുന്നു. ചാരു ഭംഗിയായി അവർക്ക് മുന്നിൽ അഭിനയിച്ചു. തന്റെ മകൾ അതീവ സന്തുഷ്ടയാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം സന്തോഷിച്ചു.
******
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ചാരു മുറിയിലേക്ക് ചെന്നത്. റിങ് ചെയ്യുന്ന ഫോൺ കൈയിൽ പിടിച്ച് നിൽക്കുകയായിരുന്നു ജയൻ അവിടെ. അവളെ കണ്ടപ്പോൾ അവൻ രൂക്ഷമായി ഒന്ന് നോക്കി. പിന്നെ ആ ഫോൺ അവളുടെ കൈകളിലേക്ക് വച്ച് കൊടുത്ത് മുറിയിൽ നിന്നും പുറത്തിറങ്ങി. അവൾ മൊബൈലിന്റെ സ്ക്രീനിലേക്ക് നോക്കി.
"കിരൺ കോളിങ്"
(തുടരും)
-ശാമിനി ഗിരീഷ്-

സീമന്ത രേഖ ഭാഗം - 3

Apologies to all readers for an unexpected technical error for not posting Part 3. Hence Posting Part 3 and posting Part 4 consecutively on Web, Page,  App and Twitter


അച്ഛൻ ചാരുവിന്റെ മുഖത്തേക്ക് നോക്കി. ആ നോട്ടം താങ്ങാനാവാതെ അവൾ മുഖം താഴ്ത്തി.
"മോളെ.."
അവൾ മുഖമുയർത്തി നോക്കി. പക്ഷെ അവൾക്ക് വേദന നിറഞ്ഞ ആ മുഖം കാണാനുള്ള ത്രാണിയില്ലാത്തതിനാൽ വീണ്ടും മുഖം താഴ്ത്തി.
"അച്ഛൻ മോളെ നിർബന്ധിക്കാൻ വന്നതല്ല. നിർബന്ധിച്ച് സമ്മതിപ്പിക്കേണ്ട കാര്യമല്ല ഇത്. അത് അച്ഛന് നന്നായി അറിയാം. എന്റെ മോളാണ് ഈ സ്ഥാനത്തെങ്കിൽ പറ്റില്ല എന്ന് തന്നെയാവും പറയുക. പക്ഷെ അച്ഛന്റെ അവസ്ഥ മോളോടൊന്ന് പറയണമെന്ന് തോന്നി. അതാ...
മാനസിയുടെ കല്യാണം കഴിഞ്ഞിട്ട് അവനൊരു ആലോചന നോക്കാം എന്നായിരുന്നു എന്റെ മനസ്സിൽ. ജാതകം നോക്കിച്ചപ്പോഴാണ് അറിഞ്ഞത് ഇപ്പോൾ വിവാഹം നടന്നില്ലെങ്കിൽ പിന്നെ നാല്പത് വയസ്സിലെ നടക്കു എന്ന്. അതുകൊണ്ടാ ഞാൻ ധൃതി പിടിച്ച് ഈ വിവാഹത്തിന് അവനെക്കൊണ്ട് സമ്മതിപ്പിച്ചത്.
ഇതിങ്ങനെ ആകും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഈ സമയത്ത് പറഞ്ഞാൽ ഒരു പെൺകുട്ടിയും വിവാഹത്തിന് തയ്യാറാവില്ല എന്ന് അച്ഛനറിയാം. പക്ഷെ ഇപ്പൊ അച്ഛന് വേറെ നിവൃത്തിയില്ല.
മോൾക്ക് ജയനെ ഇഷ്ടപ്പെടാഞ്ഞിട്ടാണ് എങ്കിൽ ഈ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയെ വേണ്ട. മറിച്ച് അവനോട് ഇഷ്ടക്കുറവില്ലെങ്കിൽ മോള് ഒന്ന് കൂടി ആലോചിക്കണം.
ഒരു കല്യാണം മുടങ്ങിയാൽ പിന്നെ മറ്റൊന്ന് ശരിയാവാൻ ബുദ്ധിമുട്ടാ.. അതിപ്പോ നമ്മുടെ തെറ്റുകൊണ്ടല്ലെങ്കിലും... നമ്മൾ രണ്ടു കുടുംബങ്ങളും ഒന്നിക്കേണ്ടതാണെന്ന് ദൈവം നേരത്തെ നിശ്ചയിട്ടുള്ളതാണ്. ഇതിപ്പോ അതിനൊന്നുകൂടി ബലം കൊടുക്കുന്നത് പോലെയാണ്.
മോളെ അച്ഛൻ ഒരിക്കലും നിർബന്ധിക്കില്ല. പക്ഷെ മോള് മോൾടെ അച്ഛന്റെ സ്ഥാനത്ത് കണ്ടുകൊണ്ട് ഒന്ന് ആലോചിച്ച് നോക്ക്. സ്വന്തം മക്കളുടെ വിവാഹം മുടങ്ങി പോകുമ്പോൾ മാതാപിതാക്കൾ എത്ര വേദനിക്കും എന്ന് അപ്പോൾ മനസ്സിലാകും. അങ്ങനെ ചിന്തിച്ച് നോക്കിയിട്ടും മോൾക്ക് ഇത് വേണ്ട എന്നാണ് തോന്നുന്നതെങ്കിൽ അച്ഛൻ ഒരു പരാതിയും ഇല്ലാതെ പൊയ്ക്കോളാം.."
അത്രയും പറയുമ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ചാരുവിന് വല്ലാത്ത സങ്കടം തോന്നി. അവൾ ആ സ്ഥാനത്ത് തന്റെ പപ്പയെ സങ്കല്പിച്ചു നോക്കി. അവൾ പോലുമറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്ത് കൊണ്ടോ.. പപ്പയുടെ മനസ്സ് വേദനിക്കുന്നത് ഒരിക്കലും അവൾക്ക് താങ്ങാൻ കഴിയില്ലായിരുന്നു.
ഒരു മറുപടി പറയാൻ കഴിയാതെ ചാരു ആകെ അസ്വസ്ഥയായി. അത്ര നേരം ഉണ്ടായിരുന്ന ദൃഢനിശ്ചയം ചോർന്നു പോയ പോലെ.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടേ ഇരുന്നു. അപ്പോഴേക്കും അവിടേക്ക് ചാരുവിന്റെ പപ്പ വന്നു. കൈയിലിരുന്ന ഫോൺ ചാരുവിന് നേരെ നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
"ഹരിയാ... നീ സംസാരിക്ക്..."
അവൾ ഫോൺ വാങ്ങി ചെവിയോട് ചേർത്തു.
"മോളെ.."
ചാരുവിന് പിടിച്ച് നിൽക്കുവാനായില്ല. ഒരു പൊട്ടിക്കരച്ചിലായിരുന്നു പിന്നീട്. കണ്ട് നിന്നവർ പോലും അസ്വസ്ഥരായി. അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
"മോളെ... നീ കരയണ്ട. ഏട്ടൻ നിന്നെ നിർബന്ധിച്ചില്ലല്ലോ... നിനക്ക് ഇഷ്ടമില്ലാത്ത കല്യാണം നടത്തില്ല. അതീ ഏട്ടനാ പറയണേ... "
"ഏട്ടാ..."
ചാരുവിന് കരച്ചിൽ അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
"നീ കരയണ്ട. ഞാൻ പപ്പയോട് പറഞ്ഞിട്ടുണ്ട് നിന്നെ നിർബന്ധിക്കണ്ട എന്ന്. ഇതിന്റെ പേരിൽ എന്റെ കല്യാണം മുടങ്ങിയാൽ പോലും ഏട്ടന് സങ്കടമില്ല. എന്റെ മോള് വിഷമിക്കാതിരുന്നാ മതി."
ചാരുവിന് ഒന്നും മിണ്ടാനായില്ല. അങ്ങനെ ഒരു സാധ്യതയെക്കുറിച്ച് അവൾ ചിന്തിച്ചിട്ടുകൂടി ഉണ്ടായിരുന്നില്ല. ഈ വിവാഹം വേണ്ട എന്ന് വച്ചാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകളെപ്പറ്റി ചാരു അപ്പോഴാണ് ചിന്തിച്ചത്. ഇത്ര നേരം സ്വാർത്ഥമായി മാത്രമേ ചിന്തിച്ചുള്ളൂ എന്നത് അവൾക്കപ്പോൾ വേദനയായി തോന്നി.
ഫോൺ കട്ട് ചെയ്തിട്ടും അവൾ കരഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ പപ്പ അടുത്തേക്ക് വന്ന് അവളെ ചേർത്ത് നിർത്തി. ആ നെഞ്ചോട് ചേർന്ന് നിന്ന് അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു. ഇതൊക്കെ കണ്ട് നിന്ന അച്ഛൻ അപ്പോഴാണ് സംസാരിച്ചത്.
"മോളെ നിർബന്ധിക്കണ്ട. ഇത് ഇവിടെ അവസാനിച്ചോട്ടെ. ഒക്കെ അവന്റെ യോഗം പോലെ വരട്ടെ."
ആ വാക്കുകൾ നിരാശയുടെ പടുകുഴിയിൽ വീണു പോയ ഒരു ഹൃദയത്തിൽ നിന്നു വന്നതാണെന്ന് അവൾക്ക് തോന്നി. ആരെയും വേദനിപ്പിക്കാൻ മനസ്സില്ലാത്ത ചാരു മനസ്സില്ലാ മനസ്സോടെ ആ വിവാഹത്തിന് സമ്മതം മൂളി.
പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. അത്ര നേരവും ശോകമൂകമായി നിന്നിരുന്ന അന്തരീക്ഷം വീണ്ടും തെളിമയുള്ളതായി. ഓരോ മുഖങ്ങളിലും സന്തോഷം വിരിയുന്നത് അവൾക്ക് കാണാമായിരുന്നു. തന്റെ തീരുമാനത്തിൽ എല്ലാവരും സന്തോഷിക്കുന്നു എന്നത് അവളെയും അല്പം സന്തോഷിപ്പിച്ചു. ആ കൂട്ടത്തിൽ അവൾ ജയേട്ടന്റെ മുഖം തിരഞ്ഞു നോക്കി. പക്ഷെ അവിടെ എവിടെയും അദ്ദേഹത്തെ അവൾക്ക് കാണാനായില്ല.
******
ആർക്കും മുഖം കൊടുക്കാതെ കാറിനുള്ളിൽ ഒളിച്ചിരിക്കുമ്പോലെ ഇരിക്കുകയായിരുന്നു ജയദേവൻ. അയാൾക്ക് ഈ വിവാഹത്തിൽ അത്ര താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അത് മുടങ്ങിയതിൽ അത്ര വേദനയും തോന്നിയില്ല. പക്ഷെ പലരുടെയും മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ തനിക്ക് നേരെ വരാൻ പോകുന്ന സഹതാപവർഷത്തെ ഭയന്ന് ഒളിച്ചിരിക്കുകയായിരുന്നു.
പോയവൾക്ക് പകരം മറ്റൊരുവളെ കണ്ട് പിടിക്കുന്ന കാര്യം പറയുമ്പോൾ അവന്റെ മനസ്സ് അങ്ങനെ ഒന്നും നടക്കാൻ പോകുന്നില്ല എന്ന ദൃഢ നിശ്ചയത്തിൽ ആയിരുന്നു. ഇത്രയും ചുരുങ്ങിയ സമയത്തിൽ ഒരു വിവാഹം, അത് അസാധ്യം എന്ന് തന്നെ അയാൾക്കുറപ്പായിരുന്നു.
പക്ഷെ അപ്രതീക്ഷിതമായിട്ടാണ് ചാരുവിന്റെ ആലോചനയുമായി അച്ഛൻ വരുന്നത്. ആദ്യം അതിനെ എതിർത്തെങ്കിലും മാനസിയുടെ കാര്യം പറഞ്ഞ് അവർ അവനെ വരുതിയിലാക്കാൻ ശ്രമിച്ചു. ചാരുവിനെ വേണ്ടെന്ന് പറഞ്ഞാൽ മാനസിക്ക് നാളെ ആ വീട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെപ്പറ്റി പറഞ്ഞ് വിദഗ്ധമായി അവർ അവനെ സമ്മതിപ്പിച്ചെടുത്തു.
പക്ഷെ ആ സമ്മതത്തിലും അയാൾക്ക് ഒരു വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. അവൾ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ല എന്ന പ്രതീക്ഷ. ഇന്നലെ സംസാരിക്കുമ്പോഴും അവൾ അത് വ്യക്തമാക്കിയതാണ്. ഉടനെ ഒരു വിവാഹം എന്തായാലും ഉദ്ദേശിക്കുന്നില്ല എന്ന് തീർത്തു പറഞ്ഞിരുന്നു.
അവളെപ്പോലെ ദൃഢനിശ്ചയമുള്ളവരുടെ മുൻപിൽ എല്ലാവരുടെയും വാക്കുകൾ തോറ്റു പോകും എന്ന് അവന് ഉറപ്പായിരുന്നു. എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ടാണ് ആ തീരുമാനം വന്നത്. അവൾ ഈ വിവാഹത്തിന് സമ്മതിച്ചു എന്ന് അത്യധികം സന്തോഷത്തോടു കൂടി അറിയിച്ചത് അച്ഛൻ തന്നെയാണ്.
പക്ഷെ ആ വാർത്ത ഞെട്ടലോടെയാണ് അവൻ എതിരേറ്റത്. എന്തെങ്കിലും ഒന്ന് പറഞ്ഞ് എതിർക്കാനുള്ള അവസാനത്തെ അവസരവും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനിയെന്തെങ്കിലും പറയുക അസാധ്യമായ കാര്യമാണെന്ന് ജയന് ബോധ്യപ്പെട്ടു.
അവന്റെ മനസ്സിൽ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുടെയും ചാരുവിന്റെയും മുഖം തെളിഞ്ഞു വന്നു. രണ്ടു പേരും വാക്ക് തെറ്റിച്ചിരിക്കുന്നു. വഞ്ചകികൾ. അവൻ മനസ്സാൽ രണ്ടു പേരെയും ഒരേപോലെ വെറുത്തു.
വീട്ടുകാരുടെ സന്തോഷത്തേക്കാൾ, സ്വന്തം ജീവിതത്തേക്കാൾ, ഒരാണിന്റെ വാക്ക് തെറ്റിക്കാതിരിക്കാൻ വേണ്ടി, അതിനു വേണ്ടി മാത്രം അയാൾ ആ വിവാഹത്തിന് മനസ്സ് പാകപ്പെടുത്തി.
******
ചാരു മനസ്സിനെ പലതും പറഞ്ഞ് പാകപ്പെടുത്തിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു വല്ലാത്ത ഭീതി അവൾക്കുള്ളിൽ ഉണ്ടായിരുന്നു. ആരോ പിന്തിരിപ്പിക്കും പോലെ, ഒരു അപായ സൂചന നൽകും പോലെ ഒക്കെ അവൾക്ക് തോന്നി. അതെന്തിനാണെന്ന് മാത്രം അവൾക്ക് മനസ്സിലായില്ല.
താൻ വിവാഹിതയാകാൻ പോകുന്നു എന്ന് വിശ്വസിക്കാൻ അവളുടെ മനസ്സ് കൂട്ടാക്കിയില്ല. ഇത്രയും നാൾ പിടിച്ചു നിന്നതൊക്കെ വെറുതെ ആയതു പോലെ. എല്ലാം ഇതിനു വേണ്ടിയായിരുന്നോ..? പപ്പ പറഞ്ഞതുപോലെ ഇതാണോ തന്റെ നിയോഗം..? ജയേട്ടനാണോ തനിക്ക് വേണ്ടി ദൈവം നിശ്ചയിച്ചിരിക്കുന്ന ആൾ..? ചാരുവിന്റെ മനസ്സ് പലവിധ ചിന്തകൾ കൊണ്ട് അസ്വസ്ഥമായി.
താലികെട്ടിന് സമയമായി എന്നാരോ പറഞ്ഞത് കേട്ടപ്പോൾ അവൾ വല്ലാതെ ഞെട്ടി. ജീവിതം പുതിയ ഒരു വഴിത്തിരിവിലാണ് നിൽക്കുന്നത്. അടുത്ത കുറച്ച് നിമിഷങ്ങളിൽ നിശ്ചയിക്കപ്പെടുന്നത് തന്റെ ഭാവിയാണ്. ഇനിയങ്ങോട്ടുള്ള ജീവിതം ജയേട്ടന്റെ കൂടെയാണ്. ചാരുവിന്റെ ഹൃദയമിടിപ്പ് അതിവേഗത്തിലായി.
കതിർമണ്ഡപത്തിൽ നിൽക്കുമ്പോൾ ചാരുവിന് മുഖമുയർത്തി നോക്കാൻ പോലും ഭയം തോന്നി. ജയേട്ടൻ തൊട്ടടുത്തുണ്ട്. അടുത്ത നിമിഷം അദ്ദേഹത്തിന്റെ താലി കഴുത്തിൽ വീഴും. ചാരുവിന് ടെൻഷൻ ഏറി, തളർച്ച അനുഭവപ്പെടാൻ തുടങ്ങി. വീണുപോകുമോ എന്നവൾ ഭയന്നു.
പക്ഷെ അനിഷ്ടങ്ങളൊന്നും സംഭവിക്കാതെ തന്നെ താലികെട്ട് കഴിഞ്ഞു. കുഴപ്പങ്ങൾ ഒന്നും ഉണ്ടാകരുതേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു. ജയന്റെ കഴുത്തിൽ പൂ മാലയിടാൻ മുഖമുയർത്തിയപ്പോൾ അവൾ ആ കണ്ണുകളിലേക്ക് നോക്കി.
ആ കണ്ണുകളിലെ ഭാവം എന്താണെന്ന് അപ്പോഴവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. തന്റേത് പോലെ ഒരു നിസ്സഹായാവസ്ഥ ആകും എന്നവൾ പ്രതീക്ഷിച്ചു. പക്ഷെ ആ മുഖത്ത് തികഞ്ഞ ഗൗരവമാണ് കാണാൻ കഴിഞ്ഞത്. കഴിഞ്ഞു പോയ സംഭവങ്ങളുടെ ഷോക്ക് ആയിരിക്കും എന്നവൾ ആശ്വസിച്ചു
******
അന്തരീക്ഷം ആകെ ഇരുട്ട് പടർന്നിരിക്കുന്നു. പക്ഷെ ചാരുവിന്റെയും ജയന്റേയും മനസ്സിൽ അതിലേറെ അന്ധകാരം ആണ് നിഴലിക്കുന്നത്. ഇനിയങ്ങോട്ടുള്ള ജീവിതത്തെക്കുറിച്ചോർത്ത് ചാരു ഭയപ്പെടുമ്പോൾ ജയന്റെ മനസ്സിൽ വഞ്ചിച്ചിട്ടു പോയ പെണ്ണിനോടും വാക്കു തെറ്റിച്ച ചാരുവിനോടും ഉള്ള വെറുപ്പായിരുന്നു നുര പൊന്തിയത്.
കഴിഞ്ഞു പോയ സംഭവങ്ങളെ ഉൾക്കൊള്ളുവാൻ രണ്ടു മനസ്സുകളും വിസമ്മതിച്ചു. മറ്റുള്ളവരുടെ ഇഷ്ടത്തിന് ചലിക്കുന്ന കളിപ്പാവകളെ പോലെ ആയി ജീവിതം എന്ന തോന്നൽ രണ്ടു മനസ്സിനെയും കീഴടക്കി.
മധുര സുരഭിലമായി കഴിഞ്ഞു പോകേണ്ട ആദ്യരാത്രിയിലേക്ക് ഭയത്തോടെയും വിറയലോടെയുമാണ് ചാരു കടന്നു വന്നത്. തന്റെ മുന്നിലേക്ക് ആരും കടന്നുവരാതിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെ നിൽക്കുകയായിരുന്നു ജയൻ അവിടെ.
വിറയ്ക്കുന്ന കൈകളോടെ അവൾ പാൽ ഗ്ലാസ് അവനു നേരെ നീട്ടി. ചാരുവിന്റെ മുഖത്തേക്ക് പോലും നോക്കാൻ കൂട്ടാക്കാതെ അവൻ കട്ടിലിൽ ചെന്നിരുന്നു. ചാരുവിന് പ്രേത്യേകിച്ചൊന്നും തോന്നിയില്ല. ആദ്യരാത്രിയുടെ മധുരം ആസ്വദിക്കാൻ പറ്റിയ മാനസികാവസ്ഥ അപ്പോൾ അവൾക്കും ഉണ്ടായിരുന്നില്ല.
ഏറെ വൈകാതെ അവൻ കട്ടിലിന്റെ ഒരു വശത്ത് കിടന്നു. മറുവശത്ത് ചാരുവും. പക്ഷെ രണ്ടു പേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു. രാവേറിയപ്പോൾ എപ്പോഴോ അവർ ഉറങ്ങി പോയി.
വാതിലിൽ ശക്തിയായി മുട്ടുന്ന ശബ്ദം കേട്ടിട്ടാണ് രണ്ടു പേരും ഉണർന്നത്. ഉറക്കത്തിന്റെ ആലസ്യത്തിലായിരുന്ന ചാരു ജയനെ മുറിയിൽ കണ്ടപ്പോൾ ഒന്ന് ഞെട്ടി. ഇന്നലെ നടന്ന സംഭവങ്ങൾ ഒരു നിമിഷത്തേക്ക് അവൾ മറന്നു പോയിരുന്നു. അടുത്ത നിമിഷം സ്ഥലകാലബോധത്തിലേക്ക് വന്ന അവൾ മെല്ലെ എഴുന്നേറ്റ് വാതിൽ തുറന്നു.
മമ്മിയാണ് മുൻപിൽ. പുഞ്ചിരിയോടെ ചായക്കപ്പ് നീട്ടി.
"എണീക്കാൻ വൈകിയോ..?"
"ആഹ്.. ഇന്നലെ ഉറങ്ങാൻ വൈകി.."
ചായക്കപ്പ് വാങ്ങിക്കൊണ്ട് ചാരു പറഞ്ഞു. അത് കേട്ടപ്പോൾ മമ്മിയുടെ മുഖത്ത് ഒരു ചിരി മിന്നി. ആ ചിരിയുടെ അർത്ഥമെന്താണെന്ന് പെട്ടെന്ന് തന്നെ അവൾക്ക് മനസ്സിലായി. പറഞ്ഞു പോയ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ദ്വയാർത്ഥം അപ്പോഴാണവൾ ഓർത്തത്. ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് കടന്നു. അപ്പോഴേക്കും ജയൻ ബാത്റൂമിലേക്ക് കടന്നിരുന്നു. ചാരുവിന്റെ മനസ്സിൽ പിന്നെയും ചിന്തകൾ കൂടുകൂട്ടി.
******
ദിവസങ്ങൾ പലത് കഴിഞ്ഞിരിക്കുന്നു. ഇന്ന് ജയന്റെ വീട്ടിലേക്ക് നവദമ്പതികളെ കൂട്ടിക്കൊണ്ട് പോകുന്ന ദിവസമാണ്. ചാരുവിന് ആശങ്കകൾ അധികരിച്ചു. ഇത്രയും ദിവസം ജയേട്ടൻ തന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. താനും അങ്ങോട്ടൊരു അടുപ്പത്തിന് ശ്രമിച്ചില്ല. സാഹചര്യങ്ങൾ അതായിരുന്നല്ലോ..
പക്ഷെ ഇനി മുതൽ ആ വീട്ടിലാണ് ജീവിതം. അപരിചിതമായ അന്തരീക്ഷം. അത്ര അടുപ്പമില്ലാത്ത ആളുകൾ. അതിനിടയിൽ ഒരു ആശ്രയവും ആശ്വാസവും ആകേണ്ട ആളാണ് ജയേട്ടൻ. പക്ഷെ തന്റെ മുഖത്ത് പോലും നോക്കാൻ താല്പര്യമില്ലാത്ത മട്ടിലാണദ്ദേഹം. അസ്വസ്ഥമായ മനസ്സുമായി ചാരു നിന്നു. മാനസി ആ വീട്ടിൽ ഉണ്ടെന്നുള്ളത് മാത്രമാണ് അവൾക്കല്പം ആശ്വാസമുണ്ടാക്കിയത്.
വളരെ സന്തോഷത്തോടെ അമ്മയും അച്ഛനും മറ്റു ബന്ധുക്കളും കൂടി വന്ന് അവരെ കൂട്ടിക്കൊണ്ട് പോയി. എല്ലാവരും വലിയ സന്തോഷത്തിലാണ്. രണ്ടു കുടുംബങ്ങളും തമ്മിലുള്ള അടുപ്പത്തിന് ശക്തി വർദ്ധിച്ചു. ഒരേ കുടുംബത്തിലെ അംഗങ്ങൾ എന്ന പോലെ അച്ഛനും പപ്പയും പെരുമാറി. ചാരുവിനോടും അവർ ആ സ്നേഹം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ജയൻ മാത്രം അവളോട് യാതൊരു അടുപ്പവും കാണിച്ചില്ല.
ജയന്റെ വീട്ടിലേക്ക് ചെന്ന് കയറിയ ഉടൻ ചാരു ആദ്യം തിരഞ്ഞത് മാനസിയുടെ മുഖം ആയിരുന്നു. അവരെ സ്വീകരിക്കാൻ അവൾ വാതിലിനടുത്ത് തന്നെ ഉണ്ടായിരുന്നു. അവളെ കണ്ട മാത്രയിൽ ചാരു മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു.
പക്ഷെ മാനസി വളരെ നേർത്ത ഒരു പുഞ്ചിരി മാത്രമാണ് തിരിച്ച് നൽകിയത്. വളരെ ഔപചാരികമായി അവൾ ചാരുവിനോട് പെരുമാറി. ഭർത്താവാകാൻ പോകുന്ന ആളിന്റെ സഹോദരിയോട് മുൻപ് കാണിച്ചിരുന്ന അടുപ്പം പോലും അവൾ പ്രകടിപ്പിച്ചില്ല. എന്താണതിനു കാരണമെന്ന് ചാരു ചിന്തിച്ച് നോക്കിയെങ്കിലും ഒരുത്തരം കിട്ടിയില്ല. എല്ലാം കഴിഞ്ഞു പോയ സംഭവങ്ങളുടെ പരിണിതഫലം ആകുമെന്നും, ഒക്കെ പതിയെ ശരിയായിക്കോളുമെന്നും അവൾ ആശ്വസിക്കാൻ ശ്രമിച്ചു.
ദിവസങ്ങൾ പലത് കടന്നു പോയി. ചാരുവിന്റെ മനസ്സിലെ പ്രതീക്ഷ ഓരോ ദിവസവും കുറഞ്ഞു വന്നു. ജയൻ അവളുമായി പൊരുത്തപ്പെട്ടു പോകാൻ ഒരിക്കലും ശ്രമിച്ചില്ല. അവന് ദിനം പ്രതി അവളോടുള്ള വെറുപ്പ് കൂടി വന്നു. സ്വന്തം മുറിയിൽ പലപ്പോഴും അവനത് പ്രകടിപ്പിക്കുകയും ചെയ്തു.
ഒരു കട്ടിലിന്റെ രണ്ടു വശത്ത് കിടന്നുറങ്ങുന്ന ഭാര്യാ ഭർത്താക്കന്മാർ. അവർ രണ്ടു പേരും തികച്ചും അപരിചിതരായി തന്നെ തുടർന്നു. ആദ്യമൊക്കെ ചാരുവിനതൊരു ആശ്വാസമായി തോന്നി. പക്ഷെ പിന്നീട് അവൾ ഒരു സാധാരണ പെൺകുട്ടിയിൽ നിന്നും ഭാര്യയിലേക്ക് സ്ഥാനക്കയറ്റം നടത്തിയിരുന്നു.
ഒരു താലി കഴുത്തിൽ വീണത് മുതൽ അവൾ പോലുമറിയാതെ ആ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയിരുന്നു. ഒരു ഭർത്താവിന്റെ സ്നേഹവും കരുതലും അവൾ മനസ്സ് കൊണ്ട് ആഗ്രഹിച്ചു. പക്ഷെ അത് പ്രകടിപ്പിക്കാൻ എന്തുകൊണ്ടോ അവളുടെ മനസാക്ഷി സമ്മതിച്ചതുമില്ല.
പക്ഷെ ജയനിൽ അത്തരത്തിലുള്ള ഒരു മാറ്റങ്ങളും സംഭവിച്ചില്ല. അവന്റെ മനസ്സിൽ സ്ത്രീകൾ എല്ലാം വഞ്ചനയുടെ ആൾരൂപങ്ങളാണ് എന്ന ചിന്ത ബലപ്പെട്ടു വന്നു. ആ കനൽ കെട്ട് പോകാത്ത വിധത്തിൽ അവൻ അതിനെ ഊതി മിനുക്കി കൊണ്ടിരുന്നു. ക്രമേണ അവളോടുള്ള വെറുപ്പ് കൂടി കൂടി വന്നു.
ഓരോ ദിവസം കഴിയും തോറും ചാരു ആ വീട്ടിൽ ഒറ്റപ്പെട്ടു തുടങ്ങി. മാനസിക്ക് തോന്നിയ അനിഷ്ടം അവൾ മെല്ലെ പ്രകടിപ്പിക്കുവാൻ തുടങ്ങിയിരുന്നു. അവൾക്ക് ആദ്യമേ ചാരുവിനോട് ഒരു അതൃപ്തി ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും ചാരു മാനസിയെക്കാൾ മുൻപിൽ ആണെന്നതിൽ അവൾക്ക് ചാരുവിനോട് അസൂയ ഉണ്ടാക്കി.
ചാരു പ്രായത്തിൽ മുതിർന്നതായതുകൊണ്ട് ചേച്ചി എന്ന് വിളിക്കണം എന്ന് ഹരി പറഞ്ഞത് മുതൽ പ്രശ്നങ്ങൾ ആരംഭിച്ചു. ഒരു ചേട്ടത്തിയമ്മയുടെ സ്ഥാനം അലങ്കരിക്കാൻ കൊതിച്ചിരുന്ന മാനസിക്ക് അതൊരു കല്ലുകടിയായി.
ആ കുടുംബത്തിൽ ഹരി ഉൾപ്പെടെ എല്ലാവരും ചാരുവിനെ അളവറ്റ് സ്നേഹിക്കുന്നത് മാനസിക്ക് മറ്റൊരു അസ്വസ്ഥത ഉണ്ടാക്കി.
വിവാഹം കഴിയാതെ അവൾ ആ വീട്ടിൽ ഉണ്ടായാൽ തനിക്കുണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ പലരും പറഞ്ഞ് കേട്ടതനുസരിച്ച് മാനസിക്ക് ആശങ്കകൾ ഉണ്ടാക്കി. എത്രയും പെട്ടെന്ന് അവളെ വിവാഹം കഴിച്ചയക്കണമെന്ന ഉപദേശം ശിരസ്സാവഹിച്ച് കണക്കുകൂട്ടലുകൾ നടത്തി ഇരിക്കുകയായിരുന്നു അവൾ. അതോടെ തന്റെ പ്രശ്നങ്ങൾ തീരും എന്ന ആശ്വാസവും അവൾക്കുണ്ടായി.
പക്ഷെ സ്വന്തം സഹോദരന്റെ ഭാര്യയായി ചാരു വരുന്നതിനോട് മാനസിക്ക് ഒട്ടും യോജിക്കാനായില്ല. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിൽ തനിക്കൊരു ഭീഷണിയാകുമോ എന്ന് ഭയന്നയാൾ സ്വന്തം വീട്ടിൽ അധികാരത്തോടെ കയറി വരുന്നത് അവൾക്കൊട്ടും താങ്ങാനായില്ല. പക്ഷെ അന്നത്തെ സാഹചര്യം അവളെ അത് പ്രകടിപ്പിക്കുവാനും ആ തീരുമാനത്തെ എതിർക്കുവാനും കഴിയുന്നതായിരുന്നില്ല.
മാനസി ആ ഇഷ്ടക്കേട് മനസ്സിലിട്ട് വളർത്തി. അത് പലപ്പോഴും തക്കം പാർത്തിരുന്ന് പ്രകടിപ്പിക്കുവാനും അവൾ മറന്നില്ല. ചാരു പക്ഷെ ഈ വിധ ചിന്തകളൊന്നും മനസ്സിൽ കൊണ്ട് നടന്നില്ല. മാനസിയെ അവൾ സ്വന്തം സഹോദരിയെപ്പോലെ കണ്ടു പെരുമാറി. അവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പലരും ശ്രമിച്ചെങ്കിലും ചാരു അതിനൊന്നും ചെവി കൊടുക്കാതെ തന്റെ വ്യക്തിത്വത്തിൽ അടിയുറച്ച് നിന്നു.
പക്ഷെ മാനസി കാറ്റത്താടുന്ന മരം പോലെ ഓരോരുത്തരുടെയും വാക്കുകളിൽ ചഞ്ചലപ്പെട്ടു കൊണ്ടിരുന്നു. ചാരുവിന്റെ ആ വീട്ടിലെ ജീവിതം ദുസ്സഹമാക്കാൻ ആ അവസ്ഥ ധാരാളമായിരുന്നു. ജയന്റെ അവഗണയും മാനസിയുടെ ഇഷ്ടക്കേടും പതിയെ അമ്മയിലേക്കും പടരാൻ തുടങ്ങി. ചെയ്യുന്ന കാര്യങ്ങളിൽ പലതും തൃപ്തിക്കുറവും കുറ്റങ്ങളും ഉണ്ടാവാൻ തുടങ്ങി. ചാരുവിന് എല്ലാം സഹിക്കാൻ മാത്രമേ നിവൃത്തിയുണ്ടായുള്ളു.
ആ ഇടക്കാണ് അവളുടെ പരീക്ഷാഫലം വന്നത്. പ്രതീക്ഷിച്ചിരുന്ന പോലെ അവൾ ഉന്നത വിജയം തന്നെ കരസ്ഥമാക്കിയിരുന്നു. വളരെ സന്തോഷത്തോടെ അവൾ ആ വിവരം ജയനെ അറിയിച്ചു. പക്ഷെ അത് കേൾക്കാൻ അയാൾ ഒട്ടും താല്പര്യം കാണിച്ചില്ല. അത് ചാരുവിനെ ഏറെ വേദനിപ്പിച്ചു. രാത്രി കിടക്കാൻ നേരം അത് അവനോട് സൂചിപ്പിക്കാൻ തന്നെ അവൾ തീരുമാനിച്ചു.
"ജയേട്ടാ..."
ഒരു മൂളലായി പോലും പ്രതികരിക്കാൻ അവൻ തയ്യാറായില്ല. ഉറക്കം നടിച്ച് കിടന്നു. പക്ഷെ ജയൻ ഉറങ്ങിയിട്ടില്ലെന്നുറപ്പുള്ളതുകൊണ്ട് ചാരു പിന്നെയും വിളിച്ചു.
"ജയേട്ടാ.."
ഇത്തവണയും മറുപടിയില്ല. ചാരുവിന് സങ്കടം വരാൻ തുടങ്ങിയിരുന്നു.
"ഉറങ്ങിയിട്ടില്ലെന്ന് എനിക്ക് നന്നായറിയാം. പിന്നെ എന്തിനാണിങ്ങനെ ഒരു അഭിനയം?"
ജയൻ തലതിരിച്ച് ചാരുവിനെ ഒന്ന് നോക്കി. രൂക്ഷമായ ആ നോട്ടത്തിൽ തന്നെ അതിനുള്ള മറുപടി ഉണ്ടായിരുന്നു. അവൻ പിന്നെയും കണ്ണടച്ച് കിടന്നു.
"ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ ഇങ്ങനെ..? എന്നോടെന്തിനാ ജയേട്ടനിത്ര ദേഷ്യം..?"
കരയും പോലെയാണ് ചാരു അത് ചോദിച്ചെങ്കിലും കണ്ണ് തുറന്നു നോക്കിയതല്ലാതെ അയാൾ മറുപടി പറഞ്ഞില്ല.
"ജയേട്ടാ... പ്ലീസ്... എന്തെങ്കിലുമൊന്ന് സംസാരിച്ചൂടെ എന്നോട്..?"
"നിനക്കിപ്പോ എന്ത് വേണം..? ഒന്നുറങ്ങാൻ പോലും നീ സ്വസ്ഥത തരില്ലേ..?"
ആ ചോദ്യം ചാരുവിനെ ശരിക്കും ഞെട്ടിച്ചു. ഇത്രയും ദിവസം ഒന്നിനും വേണ്ടി അയാളെ ശല്യപെടുത്താത്ത അവളോട് ആ ചോദ്യം ചോദിക്കുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല ചാരു.
"ഞാൻ എന്ത് അസ്വസ്ഥതയാ ജയേട്ടാ ഉണ്ടാക്കിയത്..? ഒരു ശല്യവുമില്ലാതെ ഞാൻ ഈ വീട്ടിൽ കഴിഞ്ഞു കൂടുന്നല്ലേ ഉള്ളു..?"
അവൻ മിണ്ടിയില്ല.
"ഇന്നെനിക്ക് ഒരുപാട് സന്തോഷമുള്ള ദിവസമായിരുന്നു. എക്സാം റിസൾട്ട് വന്നദിവസം. ഞാൻ ഒരുപാട് സന്തോഷത്തോടെയാ അത് വന്നു പറഞ്ഞത്. പക്ഷെ എന്നോടൊരു നല്ല വാക്ക് പോലും പറഞ്ഞില്ലല്ലോ ജയേട്ടൻ..?"
"നല്ല വാക്ക്... നീ പഠിച്ചു പാസായാൽ എനിക്കെന്താ..?"
"അതെന്താ അങ്ങനെ പറയുന്നത്...? എന്റെ വിജയത്തിൽ ജയേട്ടനൊരു സന്തോഷവും തോന്നുന്നില്ലേ..?"
"ഇല്ല.."
കരളു പിളർക്കും പോലെ ആ വാക്കുകൾ ചാരുവിനെ വേദനിപ്പിച്ചു.
"എന്താ ഇങ്ങനൊക്കെ..? ഞാൻ ജയേട്ടന്റെ ഭാര്യയല്ലേ..?"
ജയൻ കോപത്തോടെ ചാരുവിനെ നോക്കി. അവൾ ദയനീയമായി തിരിച്ചും.
"ഞാൻ നിന്റെ കഴുത്തിൽ ഒരു താലി കെട്ടി എന്നല്ലാതെ എനിക്കും നിനക്കുമിടയിൽ എന്തെങ്കിലും ബന്ധമുണ്ടോ..? ഇല്ല.."
ചാരുവിന് എന്ത് മറുപടി പറയണമെന്ന് അറിയുന്നുണ്ടായിരുന്നില്ല.
"എന്റെ മനസ്സ് എന്തായിരുന്നുവെന്ന് ഞാൻ നിന്നോട് എന്റെ വിവാഹത്തിന് മുൻപേ പറഞ്ഞതാണ്. അന്ന് നീയും എന്റെ അഭിപ്രായത്തോട് യോജിച്ചു. അപ്പൊ എനിക്ക് നിന്നോട് ബഹുമാനമാ തോന്നിയത്.
പക്ഷെ നീ വാക്ക് തെറ്റിച്ചു. കെട്ടാനിരുന്ന പെണ്ണ് ഒളിച്ചോടി എന്ന് കേട്ടപ്പോ എനിക്ക് സങ്കടം ഒന്നും തോന്നിയില്ല. കാരണം ഞാൻ അവളെ സ്നേഹിച്ചിട്ടില്ലായിരുന്നു. ഒരു വിവാഹത്തിന് ഞാൻ മനസ്സ്കൊണ്ട് തയ്യാറുമായിരുന്നില്ല. പിന്നെ അച്ഛനോട് എതിര് പറയാൻ വയ്യാത്തതുകൊണ്ട് എല്ലാരുടേം നിർബന്ധത്തിനു ഞാൻ വഴങ്ങി.
നിന്റെ കാര്യം അച്ഛൻ വന്നു പറഞ്ഞപ്പോ ഞാൻ സമ്മതിച്ചത് നീ ഉറപ്പായിട്ടും സമ്മതിക്കില്ല എന്ന വിശ്വാസം ഉണ്ടായിരുന്നത്കൊണ്ടാ... ഹരി പറഞ്ഞറിഞ്ഞതിൽ നിന്നും നീ ഒരു തീരുമാനം എടുത്താൽ മാറാത്തവളാണെന്ന് തോന്നി. പക്ഷെ നീയും ഒരു സാധാരണ പെണ്ണാണെന്ന് തെളിയിച്ചു.
എനിക്ക് നിന്നോടുണ്ടായിരുന്ന ബഹുമാനം ആ നിമിഷം തകർന്നു പോയി. ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ള എന്നെ നീ വിവാഹം കഴിക്കാൻ തയ്യാറായപ്പോ എനിക്ക് നിന്നോട് പുച്ഛം തോന്നി. ഇഷ്ടപെട്ടവനെ മറക്കാൻ കഴിയാതെ അവന്റെ കൂടെ ഇറങ്ങിപ്പോയ സൗമ്യയോടുള്ള ബഹുമാനം പോലും എനിക്കിപ്പോ നിന്നോടില്ല.
നിന്നെ ഞാൻ ഒരിക്കലും ഒരു ഭാര്യയായി അംഗീകരിച്ചിട്ടില്ല. ഇനി അംഗീകരിക്കാൻ ഉദ്ദേശിക്കുന്നുമില്ല. നീ എനിക്കൊരു ശല്യം ആണിപ്പോൾ. ഒരു താല്പര്യവും എനിക്ക് നിന്നോട് തോന്നുന്നില്ല. എനിക്കെല്ലാ പെണ്ണുങ്ങളോടും വെറുപ്പാണ്. എല്ലാവരും ചതിക്കാൻ തക്കം പാർത്തിരിക്കുന്നവരാണ്. നീയും. വാക്കിനു വ്യവസ്ഥ ഇല്ലാത്തവൾ.
എനിക്ക് നിന്നെ വേണ്ട. പക്ഷെ ഞാൻ നിന്നെ സഹിക്കുന്നത് മാനസിയെ ഓർത്തിട്ടാ.. നിന്നെ വേണ്ടെന്ന് വച്ചാൽ ഹരി ചിലപ്പോ അവളുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറും. അവളെ അത് വേദനിപ്പിക്കും. അതുകൊണ്ട് മാത്രാ ഞാൻ നിന്നെ സഹിക്കുന്നത്. എന്നിൽ നിന്ന് ഇതിൽ കൂടുതൽ സഹകരണമൊന്നും നീ പ്രതീക്ഷിക്കണ്ട. കേട്ടല്ലോ..."
ജയന്റെ ഓരോ വാക്കുകളും ചാരുവിന്റെ മനസ്സിൽ വെടിയുണ്ടകൾ പോലെ തുളച്ചു കയറി. കേൾക്കുന്നതൊന്നും വിശ്വസിക്കാനാവാതെ അവൾ ഇരുന്നു. എന്തെങ്കിലും മറുപടി പറയണമെന്ന് അവൾ ആലോചിക്കുമ്പോഴേക്കും അവൻ വീണ്ടും കിടന്നു കഴിഞ്ഞിരുന്നു.
ഇനി താൻ എന്ത് പറഞ്ഞാലും അയാൾ കേൾക്കില്ലെന്ന് അവൾക്ക് തോന്നി. തന്റെ ഇത്ര ദിവസത്തെ മനോവേദനക്ക് ഒരുത്തരം കിട്ടിയിരിക്കുന്നു. അടക്കാൻ കഴിയാത്ത സങ്കടത്തോടെ ചാരു വിങ്ങിക്കരഞ്ഞു.
(തുടരും)
-ശാമിനി ഗിരീഷ്-

സീമന്ത രേഖ ഭാഗം - 2



ദിവസങ്ങൾ ചാരുവിന് പാമ്പ് ഇഴയും പോലെ സാവധാനത്തിലായി തോന്നി. മടുപ്പ് അവളെ മെല്ലെ ബാധിക്കാൻ തുടങ്ങിയിരുന്നു. അങ്ങനെ അലസമായി ഇരിക്കുന്ന ഒരു ദിവസത്തിലാണ് പപ്പാ അവളെ തേടിയെത്തിയത്.
"എന്താ ഇങ്ങനെ ഇരിക്കണേ... പോകാൻ റെഡി ആവുന്നില്ലേ..?"
"എങ്ങോട്ട് പോകാൻ...?"
"ഇന്ന് കല്യാണ തലേന്നല്ലേ...?"
"ആരുടേയാ പപ്പാ..?"
"ഹാ... മോള് മറന്നോ... മാനസിയുടെ ചേട്ടന്റെ കല്യാണം അല്ലെ നാളെ..."
ചാരുവിന് അപ്പോഴാണ് ആ കാര്യം ഓർമ്മ വന്നത്. മാനസി ഹരിക്ക് വിവാഹം നിശ്ചയിച്ചിരിക്കുന്ന പെൺകുട്ടിയാണ്. അവളുടെ സഹോദരന്റെ വിവാഹമാണ് നാളെ. അടുത്ത ബന്ധുക്കൾ ആകാൻ പോകുന്നതാണ്. ഇന്ന് പോകേണ്ടത് അത്യാവശ്യമാണ്. അവൾ അധികം വൈകാതെ തയ്യാറായി വന്നു.
ആ വീട്ടിൽ അവൾ മുൻപൊരിക്കൽ പോയിട്ടുണ്ടെങ്കിലും ചാരുവിന് അവിടെ വല്ലാത്തൊരു അപരിചിതത്വം തോന്നി. നിറയെ ആളുകൾ. തിരക്കും ബഹളവും. ബന്ധുക്കൾ ആകാൻ പോകുന്നതുകൊണ്ട് ഒഴിഞ്ഞു മാറാനും വയ്യ. കൂട്ടത്തിൽ അവളുടെ വിവാഹത്തിന്റെ ചർച്ചയും. അതാണ് അവൾക്ക് ഏറെ അലോസരമായി തോന്നിയത്.
മാനസിക്ക് ചാരുവിനേക്കാൾ പ്രായം കുറവാണ്. അവളുടെ വിവാഹം നിശ്ചയിച്ചിട്ടും ചാരുവിന് ആലോചനകൾ ഒന്നും ശരിയാവാത്തതിൽ എല്ലാവർക്കും ഒരു കപട സഹതാപം ഉണ്ടായിരുന്നു. ആ വിഷയം ചർച്ചക്ക് വരുമ്പോഴൊക്കെ അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
മാനസി വിവാഹം കഴിഞ്ഞ് ചെല്ലുമ്പോൾ ചാരു അവിടെ ഉണ്ടായാൽ പ്രശ്നങ്ങൾ ഉണ്ടായേക്കുമോ എന്ന ഭയം ഉള്ളതുപോലെ പലരുടെയും സംസാരത്തിൽ അവൾക്ക് തോന്നി. വല്ലാത്തൊരു അസ്വസ്ഥത അവിടെ അവൾക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അവൾ ഒഴിഞ്ഞു മാറി ഒരു മൂലയിൽ പോയി നിന്നു.
വരേണ്ടിയിരുന്നില്ല എന്ന് തോന്നി ചാരുവിന്. ഈ ചോദ്യങ്ങൾ തന്റെ നേർക്ക് നീളുമ്പോഴൊക്കെ താൻ ഇത്രകണ്ട് അസ്വസ്ഥയാകുന്നത് എന്തിനാണെന്നും അവൾ ഓർത്തു. ഒരു മറുപടി കിട്ടിയില്ലെങ്കിലും ഒരു കാര്യം അവൾക്കുറപ്പായി കഴിഞ്ഞിരുന്നു. ഹരിയേട്ടന്റെ വിവാഹത്തോടെ തന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന്.
"എന്താ ഇവിടെ നിൽക്കുന്നെ..?"
ചാരു തിരിഞ്ഞ് നോക്കി. കല്യാണ ചെറുക്കനാണ്. മാനസിയുടെ ഏട്ടൻ, ജയദേവൻ. പുഞ്ചിരിച്ചുകൊണ്ട് അയാൾ നടന്നടുത്തു.
"ഒന്നൂല്യ വെറുതെ..."
"മാനസി പറഞ്ഞു വന്നിട്ടുണ്ടെന്ന്... "
ചാരു ഒന്ന് പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.
"എന്ത് പറ്റി..? അളിയൻ പറഞ്ഞല്ലോ ഭയങ്കര വായാടിയാണെന്ന്... ഇവിടെ ഒന്നും മിണ്ടാതെ മാറിനിൽക്കുവാണല്ലോ...?"
"ഒന്നൂല്യ ഒരു കമ്പനി കിട്ടിയില്ല.. എല്ലാരും ബിസി."
"അത്രേയുള്ളു. കുറച്ച് നേരം ഞാൻ കമ്പനി തരാം. പോരെ..?"
ചാരു ചിരിച്ചു. അവർ എന്തൊക്കെയോ സംസാരിച്ച് നിന്നു. പതിയെ ചരുവിന്റെ ബോറടി മാറാൻ തുടങ്ങി. പക്ഷെ ആ സംസാരം വീണ്ടും വിവാഹചർച്ചയിൽ എത്തി.
"എന്താ കല്യാണം കഴിക്കാത്തെ... സമ്മതിക്കുന്നില്ലെന്ന് പറയുന്ന കേട്ടല്ലോ..?"
"ഹേയ്... അങ്ങനൊന്നുമില്ല. പതിയെ മതിയല്ലോ. ഞാൻ പഠിപ്പ് കഴിഞ്ഞ് വന്നല്ലേ ഉള്ളു."
"അത് നേരാ.. പെട്ടെന്ന് കല്യാണം കഴിച്ചാൽ ഉള്ള സ്വാതന്ത്ര്യം പോകും.."
ചാരു ചിരിച്ചു.
"എന്താ ചിരിക്കൂന്നേ...? ശരിയല്ലേ...?"
"അതെ. പക്ഷെ അതീ കല്യാണത്തലേന്ന് തന്നെ പറയണം.."
പുഞ്ചിരിച്ചുകൊണ്ട് ജയൻ മറുപടി പറഞ്ഞു.
"എനിക്കിപ്പോ കല്യാണം കഴിക്കാൻ തീരെ താത്പര്യമുണ്ടായിരുന്നില്ല. അച്ഛന്റെ നിർബന്ധമാ... ജാതകത്തിൽ എന്തോ... പിന്നെ മാനസി പോകുമ്പോ വീട്ടിൽ ആളില്ലാതാവും. അതോണ്ട് ഉടനെ കെട്ടണം എന്ന അന്ത്യശാസനം. ഞാൻ അനുസരിക്കുന്നു എന്ന് മാത്രം."
ചാരു വീണ്ടും ചിരിച്ചു. പക്ഷെ അവളുടെ മനസ്സിൽ ആയിരം ചിന്തകൾ കടന്നു പോയി. താല്പര്യമില്ലാതെ ഒരു കല്യാണം. അത് തന്നെയാണ് തന്റെ ജീവിതത്തിലും സംഭവിക്കാൻ പോകുന്നത്. തനിക്കൊരു വിവാഹത്തിന് സമ്മതം ആകും വരെ ആരും കാത്തിരിക്കാൻ തയ്യാറാവില്ല. തന്റെ സ്വാതന്ത്യ്രത്തിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് എന്തുകൊണ്ടോ അവൾക്ക് തോന്നി.
വൈകീട്ട് തിരിച്ച് വീട്ടിലേക്ക് പോകുന്ന വരെയും അവൾ ആ ചിന്തകളെ മനസ്സിലിട്ട് തിരിച്ചും മറിച്ചും ആലോചിച്ചു നോക്കി. ആശങ്കകൾ കൂടിയതല്ലാതെ ഒട്ടും ആശ്വാസം ഉണ്ടായില്ല. നാളെ കല്യാണത്തിന് ഇതിൽ കൂടുതൽ ആളുകളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരുമല്ലോ എന്ന് ആലോചിച്ച് അവൾ കൂടുതൽ അസ്വസ്ഥയായി.
പിറ്റേന്ന് കല്യാണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ തന്നെ മമ്മിയുടെ അശരീരി വന്നു. 'സാരി ഉടുത്താ മതി.' അതെന്തിനാണെന്ന് വളരെ വ്യക്തമായി അറിയാം. ചാരുവിന് പക്ഷെ അല്പം പോലും ഇഷ്ടമുണ്ടായിരുന്നില്ല. രാവിലെ തന്നെ ഒരു വഴക്ക് വേണ്ട എന്ന് കരുതി അവൾ ഒരു സാരി എടുത്തുടുത്തു.
കണ്ണാടിയിൽ നോക്കിയപ്പോൾ കല്യാണ പ്രായം ആയി എന്നവൾക്ക് തന്നെ തോന്നി. അതോടെ അവൾ ആ നോട്ടം തന്നെ അവസാനിപ്പിച്ച് പെട്ടെന്ന് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. പപ്പയും മമ്മിയും തയ്യാറായി കഴിഞ്ഞിരുന്നു. സമയം പാഴാക്കാതെ ഞങ്ങൾ പുറപ്പെട്ടു.
അവർ നേരെ ക്ഷേത്രത്തിലേക്കാണ് പോയത്. അവിടെ എത്തിയപാടെ അവൾ തൊഴാൻ ക്ഷേത്രത്തിനകത്തേക്ക് കയറി. ഇപ്പോഴുള്ള മനഃപ്രയാസത്തിന് ഒരു പരിഹാരം കാണണേ.. എന്ന് ദേവിയോട് കേണപേക്ഷിച്ചു. തിരിച്ചിറങ്ങി വരുമ്പോഴാണ് അവൾ ഓരോ മുഖങ്ങളിലും ശ്രദ്ധിച്ചത്. വല്ലാത്തൊരു ഗൗരവം എല്ലാ മുഖങ്ങളിലും ഉണ്ടായിരുന്നു. അവൾ ഓരോരുത്തരെയും മാറി മാറി നോക്കി. എല്ലാവരിലും ഒരു മ്ലാനത. ചാരുവിന് ഒന്നും മനസ്സിലായില്ല.
അവൾ നേരെ നടന്ന് പപ്പയുടെ അടുത്തേക്ക് ചെന്നു. അവിടെ മുതിർന്നവർ എന്തോ കാര്യമായ ചർച്ചയിലാണ്. മമ്മിയുടെ കൂടെ നിൽക്കാം. ഇപ്പോൾ അങ്ങോട്ട് പോകുന്നത് ഉചിതമല്ല. അവൾ ഓർത്തു. മമ്മിയുടെ അടുത്ത് ചെന്നപ്പോഴും ഒരു വല്ലായ്മ തോന്നി.
"എന്താ മമ്മി...? എന്തോ പ്രശ്നം ഉണ്ടല്ലോ..?"
രഹസ്യമായി ചോദിച്ചെങ്കിലും മിണ്ടരുതെന്ന് മമ്മി കണ്ണുരുട്ടി കാണിച്ചു. വിഷയം വളരെ ഗൗരവമുള്ളതാണെന്ന് മനസ്സിലായപ്പോൾ ചാരു അവിടെ നിന്നും പതുക്കെ മാറി നിന്നു. അവൾക്ക് ആകപ്പാടെ അസ്വസ്ഥത തോന്നി.
ഒഴിഞ്ഞ് മാറി നിന്നെങ്കിലും കാര്യം എന്താണെന്ന് അറിയണമെന്ന് അവൾക്ക് ആഗ്രഹം തോന്നി. പപ്പയുടെ അടുത്ത് ചെന്നാൽ വിവരം അറിയാം. പക്ഷെ ഇപ്പോൾ അങ്ങോട്ട് പോകുന്നത് അത്ര പന്തിയല്ലെന്ന് അവളുടെ മനസ്സ് പറഞ്ഞു. അവൾ പപ്പയെ നോക്കി. അദ്ദേഹം തന്നെ നോക്കുന്നുണ്ട്.
'എന്തെ?' എന്നവൾ ആംഗ്യം കാണിച്ചു. ഒന്നുമില്ലെന്ന് പപ്പയും മറുപടി കാണിച്ചു. അതോടെ ആ കൂട്ടത്തിൽ ഉണ്ടായിരുന്ന എല്ലാവരുടെയും നോട്ടം അവളുടെ നേർക്ക് നീണ്ടു. അവൾ അത് ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു.
ആ നിൽപ്പിൽ അവൾക്ക് അല്പം പന്തികേട് തോന്നി. അവൾ മെല്ലെ നടന്ന് മാനസിയുടെ അടുത്തേക്ക് ചെന്നു. അവൾ കരച്ചിലിന്റെ വക്കിലാണ്. എന്താ കാര്യമെന്ന് അറിയില്ലെങ്കിലും എല്ലാം അറിഞ്ഞ ഭാവത്തിൽ അവളെ ആശ്വസിപ്പിക്കും പോലെ ചാരു കൂടെ നിന്നു.
എന്താണ് കാര്യം എന്നറിയാനുള്ള ആഗ്രഹം ഉണ്ടായെങ്കിലും ഒന്നും അവൾ ചോദിച്ചില്ല. എന്തായാലും വിഷയം ദുഃഖകരമാണെന്ന് അവൾക്ക് ഊഹിക്കാൻ കഴിഞ്ഞു. അത് കുത്തികുത്തി ചോദിച്ച് ആരെയും വേദനിപ്പിക്കേണ്ട എന്നവൾ നിശ്ചയിച്ചു.
അല്പം നേരം കഴിഞ്ഞപ്പോൾ പപ്പയും മമ്മിയും അവളുടെ അടുത്തേക്ക് വന്നു. ചാരുവിനെ അവർ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് മാറ്റി നിർത്തി. എന്തോ ഗൗരവമുള്ള വിഷയം തന്നെ അറിയിക്കാനാണ് അവരുടെ വരവെന്ന് ചാരു പെട്ടെന്ന് മനസ്സിലാക്കി.
"എന്താ പപ്പാ...?"
"അത്... മോളെ... ഒരു വിഷയം ഉണ്ട്..."
ചാരു സംശയത്തിൽ പപ്പയെ ഉറ്റുനോക്കി.
"കല്യാണപെണ്ണ്... കല്യാണപെണ്ണ് ഇന്ന് രാവിലെ വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടി.."
ചാരുവിന് കേട്ടത് വിശ്വസിക്കാനായില്ല. അന്ധാളിപ്പിൽ അവളങ്ങനെ നിന്നു പോയി. ഇന്നലെ കണ്ട ജയേട്ടന്റെ മുഖം അവളുടെ മനസ്സിലേക്ക് ഓടി വന്നു. അയാളുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവൾക്ക് വല്ലാത്ത വിഷമം തോന്നി.
"മോളെ... എല്ലാരും പപ്പയോട് ഒരു കാര്യം ചോദിക്കുന്നു. അത് മോളോട് ചോദിക്കാനാ പപ്പ വന്നത്.."
അവൾ പപ്പയെ നോക്കി.
"അത് മോളെ... അവന്റെ ജാതകത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. ഇപ്പൊ കല്യാണം നടന്നില്ലേൽ പിന്നെ കുറെ വൈകും. അതോണ്ട്..."
"അതോണ്ട്..?"
"അതോണ്ട്.. മോളെ കല്യാണം കഴിച്ചു കൊടുക്കുമോ എന്ന് ചോദിക്കുന്നു..."
തലകറങ്ങുന്ന പോലെ തോന്നി ചാരുവിന്. പപ്പ ഒരു തമാശ പറയുകയാണോ എന്നവൾക്ക് സംശയം തോന്നി. അടുത്ത നിമിഷം അവൾ സമനില വീണ്ടെടുത്തു.
"പറ്റില്ലെന്ന് പറയാമായിരുന്നില്ലേ പപ്പക്ക്..."
പറഞ്ഞതല്പം കടുത്ത ഭാഷയിൽ ആയിപ്പോയോ എന്ന് ചാരുവിന് പിന്നീട് തോന്നി. പക്ഷെ തന്റെ തീരുമാനം അതാണ്. അതേതുവിധേനയും പറഞ്ഞെ പറ്റൂ.
"അതങ്ങനെ ഒറ്റയടിക്ക് പറയാൻ പറ്റുമോ മോളെ..?"
"എന്തുകൊണ്ട് പറ്റില്ല.."
"മോളെ...നമ്മുടെ അടുത്ത ബന്ധുക്കൾ ആണിവര്. ഇവർക്കൊരു പ്രശ്നം വരുമ്പോ നമ്മൾ കൂടെ നിൽക്കണം. അതിനിടയിൽ കടുപ്പിച്ചൊരു 'നോ' പറയാൻ പറ്റില്ല. ആലോചിച്ച് വേണം സംസാരിക്കാൻ."
പപ്പ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നി ചാരുവിന്. പക്ഷെ ഇത് പറയാതെ മറ്റു നിവൃത്തിയും മുന്നിലില്ല. ഒരു വിവാഹത്തിന് മനസ്സ് കൊണ്ട് താൻ തയ്യാറല്ല. അത് ആരെയും വേദനിപ്പിക്കാതെ പറഞ്ഞു തീർക്കണം. ചാരു അതിനുള്ള വഴികൾ ആലോചിച്ചു.
"നീ ഒരു മറുപടി പറഞ്ഞില്ല..."
ചാരു അത്ഭുത ഭാവത്തിൽ അദ്ദേഹത്തെ നോക്കി.
"എനിക്കിപ്പോ ഒരു വിവാഹത്തിന് സമ്മതമല്ല. ഞാൻ പറഞ്ഞതല്ലേ എനിക്ക് കുറച്ച് സമയം വേണമെന്ന്.."
"ഉവ്വ്... പക്ഷെ സാഹചര്യം ഇതായിപ്പോയില്ലേ.."
"അതുകൊണ്ട്...? എനിക്ക് പറ്റില്ല പപ്പാ.."
കരയും പോലെ ആയി ചാരുവിന്റെ ശബ്ദം.
"നോക്ക് മോളെ.. പപ്പ ചില കാര്യങ്ങൾ പറയാം.. നിന്നെ ആരും നിർബന്ധിക്കില്ല. പക്ഷെ വേറെ ചില കാര്യങ്ങൾ ഉണ്ട്."
ചാരു അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർത്തു.
"നമ്മൾ ഇവരുമായി ഒരു ബന്ധം സ്ഥാപിക്കാൻ പോകുന്നവരാണ്. ഹരിയുടെ കല്യാണം കഴിഞ്ഞാൽ ഏറ്റവും അടുത്ത ബന്ധുക്കൾ നമ്മളാണ്. ഇങ്ങനെ ഒരവസ്ഥ വരുമ്പോൾ കൂടെ നിൽക്കേണ്ടതും നമ്മളാണ്. പിന്നെ നീ കല്യാണപ്രായമായ കുട്ടിയാണ്. അവരുടെ മകളേക്കാൾ മുതിർന്നവൾ. സ്വാഭാവികമായും നിന്റെ നേരെ വിരൽ ചൂണ്ടും.
മുൻപേ തന്നെ ഒരു ബന്ധം പറഞ്ഞുറപ്പിച്ച് വച്ചിട്ടുള്ളതുകൊണ്ട് ആ ചോദ്യത്തിന് ശക്തി കൂടുകയും ചെയ്യും. ഞാൻ വേണ്ട എന്ന് പറഞ്ഞാൽ ഈ പ്രശ്നം ഇവിടെ തീരും. നമുക്ക് തിരിച്ച് പോകുകയും ചെയ്യാം. പക്ഷെ നാളെ ഹരിയുമായുള്ള ബന്ധത്തിന് അതൊരു വിള്ളൽ ആകും. ആവശ്യം നേരത്ത് കൈയൊഴിഞ്ഞവരായി നമ്മളെ കാണും.
പക്ഷെ ഇതിനൊന്നിനും വേണ്ടി എന്റെ മോള് ഇഷ്ടമില്ലാത്ത ഒരു ബന്ധത്തിന് സമ്മതിക്കണം എന്ന് പപ്പ പറയില്ല. നന്നായി ആലോചിച്ച് നോക്കിട്ട് മതി."
ചാരു പപ്പയുടെ മുഖത്തേക്ക് നോക്കി. വല്ലാത്തൊരു ഗൗരവം ആ മുഖത്തുണ്ടായിരുന്നു. ആ ഗൗരവത്തോടെ തന്നെ അദ്ദേഹം തുടർന്നു.
"പിന്നെ.. എന്റെ മനസ്സിൽ നേരത്തെ ഒരാഗ്രഹം ഉണ്ടായിരുന്നു. ജയനെപ്പോലെ ഒരു പയ്യനെ വേണം എന്റെ മോൾക്ക് വേണ്ടി കണ്ടു പിടിക്കാൻ എന്ന്. ഇതിപ്പോ ഇങ്ങനെ ഒക്കെ വന്നപ്പോ. പപ്പക്കൊരു തോന്നൽ, എല്ലാം ഒരു നിയോഗമാണെന്ന്..."
ചാരുവിന് ആ നിയോഗത്തിൽ ഒട്ടും വിശ്വാസം തോന്നിയില്ല. അവൾക്ക് അവിടെ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗമായിരുന്നു അപ്പോൾ വേണ്ടിയിരുന്നത്. അവൾ അതിനായി ചുറ്റും നിൽക്കുന്നവരെ നോക്കി. പക്ഷെ പരാജയം ആയിരുന്നു ഫലം.
അവളുടെ തീരുമാനം അറിയാനായി എല്ലാവരും അവളെ ഉറ്റുനോക്കി. മനസ്സിലുള്ള ഉത്തരം വിളിച്ചു പറയുവാൻ അവൾക്ക് ഭയം തോന്നി. പ്രതീക്ഷയോടെ അവളെ നോക്കുന്ന ഓരോ മുഖങ്ങളും താങ്ങാനാവാതെ അവൾ മുഖം താഴ്ത്തി. തീരുമാനം വൈകുന്നു എന്ന് തോന്നിയതുകൊണ്ട് മറ്റു ചിലരും അവരുടെ അടുത്തേക്ക് വന്നു.
പിന്നെ ഉപദേശങ്ങൾ മാത്രമായിരുന്നു കേട്ടുകൊണ്ടിരുന്നത്. പലതും പറഞ്ഞ് അവർ അവളെ സമ്മതിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അവളുടെ തീരുമാനത്തിന് മാറ്റം ഉണ്ടായില്ല. ഒടുവിൽ ഇത് നടക്കില്ല എന്ന് തന്നെ പപ്പ അവരെ അറിയിച്ചു.
പക്ഷെ എല്ലാം കേട്ട് മാറി നിന്നിരുന്ന ജയേട്ടന്റെ അച്ഛൻ എന്തോ ഓർത്തിട്ടെന്നപോലെ അവളെ തേടി വന്നു. കുറച്ച് നേരം ഒന്നും മിണ്ടാതെ അദ്ദേഹം തലകുനിച്ച് നിന്നു. പിന്നെ മെല്ലെ മുഖമുയർത്തി. ചുവന്നു കലങ്ങിയ ആ കണ്ണുകളിൽ കണ്ണുനീരിന്റെ നനവ് കണ്ടപ്പോൾ അവൾക്ക് വല്ലാത്ത പിടച്ചിൽ തോന്നി. അദ്ദേഹം എന്തൊക്കെയോ പറയാൻ തുടങ്ങുകയാണെന്ന് അവൾക്ക് മനസ്സിലായി. പക്ഷെ എന്ത് പറഞ്ഞാലും തന്റെ തീരുമാനം മാറില്ല എന്ന് അവൾ ഉറപ്പിച്ചുകൊണ്ട് ആ വാക്കുകൾക്ക് കാതോർത്തു.
(തുടരും)
-ശാമിനി ഗിരീഷ്-

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo