Slider

സീമന്ത രേഖ ഭാഗം - 6 ( Final Part)

0


അതിരാവിലെ തന്നെ എങ്ങോട്ടോ പോകുന്നതിനായി ജയൻ തയ്യാറാകുന്നത് കണ്ട് അച്ഛനും അമ്മയും അത്ഭുതപ്പെട്ടു. പതിവിന് വിപരീതമായി അവന്റെ മുഖത്ത് സന്തോഷം കളിയാടിയിരുന്നു. ചാരുലത വീട്ടിൽ നിന്നും ഇറങ്ങിപ്പോയി എന്ന വാർത്ത കേട്ടത് മുതൽ ജയനെ നിരാശയും ദുഃഖവും നിറഞ്ഞ മുഖത്തോടെയല്ലാതെ കാണാൻ കഴിഞ്ഞിട്ടില്ല. വിവാഹമോചനത്തിനുള്ള നോട്ടീസ് കൈപറ്റിയപ്പോൾ അവൻ പൊട്ടിക്കരയുന്നതാണ് കണ്ടത്. ആ കരച്ചിൽ ഒരു തിരിച്ചറിവിന്റേതായിരുന്നു എന്ന അച്ഛൻ ഓർത്തു. നാളുകൾക്ക് ശേഷം ജയൻ വീണ്ടും ഉന്മേഷവാനായിരിക്കുന്നു. എന്താണിതിനു കാരണം ? ആ ചിന്തയിൽ ഇരിക്കുമ്പോഴാണ് പോകാൻ തയ്യാറായി അവൻ ഇറങ്ങി വന്നത്.
"എങ്ങോട്ടാ നീ ഇത്ര രാവിലെ..?"
ജയൻ തിരിഞ്ഞ് നിന്നു. പിന്നെ അച്ഛന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇന്നാണ് അച്ഛാ കൗൺസിലിംഗ്. ഡിവോഴ്സിന്റെ..."
അച്ഛൻ അത്ഭുതത്തിൽ മകനെ നോക്കി. പിന്നെ വർദ്ധിച്ചു വന്ന കോപത്തോടെ മകന് നേരെ ആക്രോശിച്ചു.
"അപ്പോൾ നീ എല്ലാം തീരുമാനിച്ചു, അല്ലെ..? ഇത്രയും ദിവസത്തെ നിന്റെ അവസ്ഥയും ദുഃഖവും കണ്ടപ്പോൾ ഞാൻ കരുതിയത് നിനക്ക് അവളോട് ഇഷ്ടമുണ്ടായിരുന്നു എന്നാണ്. എല്ലാം നിന്റെ അഭിനയമായിരുന്നോ? കഷ്ടം.. എങ്ങനെ തോന്നുന്നു നിനക്ക് ഇങ്ങനെ ഒക്കെ പെരുമാറാൻ..?"
"അച്ഛാ.. പ്ലീസ്.. ഞാൻ എന്ത് ചെയ്തെന്നാ? അച്ഛനെന്തിനാ എന്നോട് വഴക്കിന് വരുന്നത്?"
"നിന്റെ ജീവിതം നശിക്കാതിരിക്കാൻ ഞാനടക്കം എല്ലാവരും കാലു പിടിച്ചിട്ടാ അവളീ കല്യാണത്തിന് സമ്മതിച്ചത്.എന്നിട്ട് നീ അവളെ ദ്രോഹിച്ചു. വേദനിപ്പിച്ചു. സ്വന്തം വീട്ടിൽ പോലും സ്വസ്ഥത കൊടുക്കാതെ നിന്റെ അനിയത്തിയും അവളെ വേദനിപ്പിച്ചു. ഇപ്പോൾ നീ അവളെ ഉപേക്ഷിക്കുവാൻ പോകുന്നു അല്ലേടാ..."
"അച്ഛാ.. ഞാനാണോ അവളെ.. അവളല്ലേ അച്ഛാ ഡിവോഴ്സിന് തയ്യാറായത്. അവളെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നു പോലുമില്ല."
"പിന്നെ നീ എവിടെക്കാ ഇത്ര സന്തോഷത്തിൽ..?"
"ഇന്നാണ് ഡിവോഴ്സിന്റെ ആദ്യത്തെ കൗൺസിലിംഗ്. രണ്ടുപേരും ഒരുമിച്ചുള്ള കൗൺസിലിംഗ് ആണെന്നാ വക്കീൽ പറഞ്ഞത്. ചാരു വരും. എനിക്കവളെ കാണണം. അതിനാണ് ഞാൻ പോകുന്നത്. അല്ലാതെ അച്ഛൻ കരുതുന്നത് പോലെ അവളെ ഉപേക്ഷിക്കാനല്ല."
അച്ഛന് സന്തോഷവും സമാധാനവും ഒരുപോലെ അനുഭവപ്പെട്ടു. ജയൻ പ്രതീക്ഷയോടെ കോടതിയിലേക്ക് യാത്രയായി. അവന്റെ മനസ്സ് മുഴുവൻ ചാരുവായിരുന്നു. ഒന്ന് നേരിൽ കണ്ടാൽ, ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് പറഞ്ഞാൽ, അവൾ ക്ഷമിക്കും. അവൾക്ക് തന്നോട് അത്രമാത്രം സ്നേഹമുണ്ടെന്ന് ജയൻ ഓർത്തു.
******
കുടുംബ കോടതിയുടെ വരാന്തയിൽ അവളെ കാത്ത് നിൽക്കുമ്പോൾ അവന്റെ മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. മാസങ്ങൾ കഴിഞ്ഞിരിക്കുന്നു ചാരുവിനെ ഒന്ന് നേരിൽ കണ്ടിട്ട്. അവസാനമായി അവളെ കണ്ടത് താൻ അവളെ വീട്ടിൽ നിന്നും പുറത്താക്കിയ ദിവസമാണ്. പിന്നീട് അവൾ തന്നെ കാണാൻ കൂട്ടാക്കിയില്ല.
ഇപ്പോൾ അവളെ തന്റെ കൺവെട്ടത്ത് നിന്ന് മറ്റെവിടെയോ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. എവിടെയാണെന്ന് മാനസിയോട് പോലും പറഞ്ഞിട്ടില്ല. അവൾ അറിഞ്ഞാൽ താനും അറിയും എന്നുള്ളത്കൊണ്ടാകാം. പക്ഷെ ഇന്നെന്തായാലും അവൾ വരും. ഇനിയും തന്നിൽ നിന്നവളെ മറച്ച് പിടിക്കാൻ ആർക്കും കഴിയില്ല.
ഈ വിവാഹമോചനത്തിന് തയ്യാറെടുത്തത് തന്നെ ചാരുവിനെ നേരിൽ കാണുക എന്ന ഉദ്ദേശ്യത്തോടെ ആണ്. അവൾ മനസ്സോടെ ആയിരിക്കില്ല ഇതിന് സമ്മതിച്ചിരിക്കുക. എല്ലാവരും ചേർന്ന് വിവാഹത്തിന് സമ്മതിപ്പിച്ച പോലെ ഇതിനു വേണ്ടിയും നിർബന്ധിച്ചിരിക്കും. ബന്ധങ്ങൾക്ക് വിലകല്പിക്കുന്ന ചാരുവിന് ആരെയും എതിർക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.
താനുമായുള്ള ബന്ധം തുടരുവാൻ അവൾക്ക് ഭയം തോന്നിയിട്ടുണ്ടാകും. ഓർക്കാൻ നല്ല ഓർമ്മകളൊന്നും സമ്മാനിക്കാൻ തനിക്കും കഴിഞ്ഞിട്ടില്ല. പക്ഷെ അതൊന്നും അവളോട് സ്നേഹമില്ലാഞ്ഞിട്ടായിരുന്നില്ല. തന്റെ സ്നേഹവും ദേഷ്യരൂപത്തിൽ ആയിരുന്നു പ്രകടിപ്പിച്ചിരുന്നത് എന്ന് മാത്രം. ചാരുവിന് ഒരിക്കലും തന്നെ വെറുക്കുവാൻ സാധിക്കില്ല. ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ ഈ പ്രശ്നങ്ങൾ എല്ലാം തീരും. തന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ അവൾക്കാവില്ല. പാവം ആണവൾ.
ചാരുവിനെ പ്രതീക്ഷിച്ച് അവളെപ്പറ്റിയുള്ള ചിന്തകളിൽ മുഴുകി ജയൻ ഇരുന്നു. കാണുന്ന കാഴ്ചകളൊന്നും അവന്റെ മനസ്സിനെ സ്പര്ശിക്കുന്നുണ്ടായിരുന്നില്ല. അലസമായ ആ നോട്ടത്തിനിടക്കാണ് പരിചിതമായ മുഖങ്ങൾ അവന്റെ ശ്രദ്ധയിൽ പെട്ടത്. ചാരുവിന്റെ പപ്പയും ഹരിയും. അവരെ അഭിമുഖീകരിക്കാൻ ജയന് അല്പം മടി തോന്നി. പക്ഷെ അടുത്ത നിമിഷം അവന്റെ കണ്ണുകൾ ചാരുവിനെ തിരഞ്ഞു.
അവൻ ചുറ്റിലും നോക്കി. ഇല്ല.. ചാരുവിനെ കാണുന്നില്ല. അവൾ വരില്ലേ..? ജയൻ ആധി പൂണ്ടു. ഒരുത്തരത്തിനായി അവൻ അവരെ രണ്ടു പേരെയും മാറി മാറി നോക്കി. പക്ഷെ അവർ അവനെ ശ്രദ്ധിക്കാതെ മാറി നിന്നു.
അവരും ചാരുവിനെ പ്രതീക്ഷിച്ച് നിൽക്കുകയാണെന്ന് തോന്നിയപ്പോൾ ജയന് അല്പം ആശ്വാസം തോന്നി. പിന്നെയും പ്രതീക്ഷയോടെ അവൻ അവളെ കാത്തിരുന്നു.
നിമിഷങ്ങൾ കടന്നു പോയി. ജയന് ടെൻഷൻ ഏറി വന്നു. ചാരു വരാതിരിക്കുമോ എന്നവൻ ഭയന്നു. പക്ഷെ ആ ഭയത്തിന് അധികം ആയുസ്സുണ്ടായില്ല. കാത്തിരിപ്പിന് വിരാമമിട്ട് ഒരു കാർ പാർക്കിങ് ഗ്രൗണ്ടിൽ എത്തിച്ചേർന്നു.
ഹരിയും പപ്പയും എഴുന്നേറ്റ് ആ കാറിനടുത്തേക്ക് ചെന്നു. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ ആൾ ജയന് സുപരിചിതനായിരുന്നു. കിരൺ. ആശ്ചര്യത്തിൽ ജയൻ നോക്കി നിൽക്കെ പിൻസീറ്റിൽ നിന്നും ചാരു പുറത്തിറങ്ങി.
ജയന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു. മാസങ്ങൾക്ക് ശേഷം ചാരുവിനെ കണ്ട ജയന് സന്തോഷത്തേക്കാൾ ആശ്ചര്യവും ഞെട്ടലുമാണുണ്ടായത്. ഹരിയുടെ കൈയും പിടിച്ച് അവൾ നടന്നടുക്കുമ്പോൾ അവന്റെ ഉള്ളിൽ ഒരു പെരുമ്പറ തന്നെ മുഴങ്ങുന്നുണ്ടായിരുന്നു.
ജയനെ കണ്ട ഭാവം പോലും നടിക്കാതെ അവൾ നടന്നു പോയി. ഒരു കൈയിൽ വീർത്ത വയറും താങ്ങി ആയാസപ്പെട്ട് അവൾ ആ വരാന്തയിലെ കസേരയിലേക്ക് ഇരുന്നു. ജയൻ അവളെ തന്നെ നോക്കിക്കൊണ്ടിരുന്നു.
അപ്രതീക്ഷിതമായി ഒരു കൈ തോളിൽ പതിഞ്ഞപ്പോഴാണ് അവന്റെ ശ്രദ്ധ തിരിഞ്ഞത്. തൊട്ടു പുറകിൽ കിരൺ നിൽക്കുന്നുണ്ടായിരുന്നു. അയാൾ പുഞ്ചിരിച്ചു. പക്ഷെ ജയന് ചിരിക്കാനായില്ല. അവന്റെ ഉള്ളിൽ ഒരു കനൽ എരിയുന്നുണ്ടായിരുന്നു.
"എന്നെ മനസ്സിലായോ..?"
ഉവ്വെന്ന മട്ടിൽ ജയൻ തലയാട്ടി. അയാൾ വീണ്ടും പുഞ്ചിരിച്ചു.
"എനിക്ക് അല്പം സംസാരിക്കാനുണ്ടായിരുന്നു. നമുക്ക് അങ്ങോട്ട് മാറി നിൽക്കാം."
ജയന് അയാളെ അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ചാരുവിനെ ഒന്നുകൂടി നോക്കിയിട്ട് അവൻ കിരണിന്റെ പുറകെ നടന്നു. ചാരു ഇതൊന്നും ശ്രദ്ധിക്കാതെ നിർവികാരമായ ഇരുന്നു.
"ഞാൻ മുഖവുരയില്ലാതെ കാര്യങ്ങളിലേക്ക് വരാം. ചാരു ഇത്രയും ദിവസം എന്റെ കൂടെ ആയിരുന്നു."
ജയൻ ഞെട്ടലോടെ കിരണിനെ നോക്കി. നെഞ്ചിൽ വെടിയുണ്ട തറച്ചപോലെ അവനു നൊന്തു.
"ഞെട്ടണ്ട. എന്റെ കൂടെ എന്ന് പറഞ്ഞാൽ... ഞാൻ അറിയുന്ന ഒരു സ്ഥലത്ത് എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ."
ജയന് ശ്വാസം നേരെ വീണു. പക്ഷെ എന്തൊക്കെയോ സംശയങ്ങൾ അപ്പോഴും ബാക്കി കിടന്നു.
"നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട് എന്നെനിക്കറിയാം. പക്ഷെ അത് പോലെ ഒന്നുമല്ല സത്യങ്ങൾ. എനിക്കും ചാരുലതക്കും ഇടയിൽ അരുതാത്ത എന്തോ ബന്ധമുണ്ടെന്ന് ജയേട്ടൻ വിശ്വസിക്കുന്നുണ്ടാകും. അവളെ ഈ അവസ്ഥയിൽ കാണുമ്പോൾ പ്രേത്യേകിച്ചും..
ചാരു എന്റെ നല്ല സുഹൃത്താണ്. അതിലും അപ്പുറം എനിക്കവളെ ഇഷ്ടവുമായിരുന്നു. പക്ഷെ അവൾക്ക് ഞാനൊരു സുഹൃത്ത് മാത്രമാണ്. നിങ്ങളെ അവൾ ഒരുപാട് സ്നേഹിച്ചിരുന്നു. അതുകൊണ്ടാണ് ഞാൻ അവൾക്ക് ഒരു ജോലി ഓഫർ ചെയ്തത് പോലും അവൾ വേണ്ടെന്ന് വച്ചത്. നിങ്ങൾക്ക് താല്പര്യമില്ല എന്നതുകൊണ്ട്.
എന്റെ കമ്പനിയിൽ ഒരു ഒഴിവ് വന്നപ്പോൾ ഞാൻ ആദ്യം ഓർത്തത് അവളെയാണ്. അത് പറയാനാണ് അന്ന് ഫോണിൽ വിളിച്ചത്. അതിനെച്ചൊല്ലി നിങ്ങളുമായി വഴക്കുണ്ടായപ്പോൾ അവൾ ആ ആഗ്രഹം വേണ്ടന്ന് വച്ചു. അത് എന്നെ നേരിൽ കണ്ട് പറയാനാണ് അവൾ വന്നത്. പക്ഷെ അപ്പോഴേക്കും..
എന്നെ വിളിച്ച് അവൾ ഉണ്ടായതെല്ലാം പറഞ്ഞു. വീട്ടിലും നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് പറഞ്ഞപ്പോൾ ഞാൻ അവളെ നിർബന്ധിച്ചു. അങ്ങനെയാണ് അവൾ എന്റെ അടുത്തേക്ക് വന്നത്. ഞാൻ അവൾക്ക് ജോലിയും താമസസ്ഥലവും ശരിയാക്കിക്കൊടുത്തു.
അതിന് ശേഷമാണ് അവൾ പ്രെഗ്നന്റ് ആണെന്ന് അറിയുന്നത്. തിരിച്ച് വരണമെന്നും നിങ്ങളെ കാണണം എന്നും അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പിന്നീട് അവൾ തന്നെ ആ തീരുമാനം മാറ്റി. നിങ്ങൾ അവളെ വിശ്വസിച്ചില്ലെങ്കിലോ എന്നവൾക്ക് ഭയം ഉണ്ടായിരുന്നു.
ഒരിക്കലും ജയേട്ടൻ അവളെ സ്നേഹിച്ചിട്ടില്ല എന്നവൾ ഇടക്കിടക്ക് പറയുമായിരുന്നു. അതുകൊണ്ടാണ് അവൾ ഡിവോഴ്സിനുള്ള തീരുമാനം എടുത്തത്. ഞാൻ ജയേട്ടനെ കണ്ട് സംസാരിക്കാം എന്ന് പറഞ്ഞതാണ്. പക്ഷെ അവൾ സമ്മതിച്ചില്ല.
പക്ഷെ എനിക്ക് തോന്നി, ഉണ്ടായതെല്ലാം പറയണമെന്ന്. നിങ്ങൾ ചിലപ്പോ വിശ്വസിക്കില്ലായിരിക്കാം. പക്ഷെ അതാണ് സത്യം. വിശ്വസിച്ചില്ലെങ്കിലും ഒരു കാര്യം കൂടി ഞാൻ പറയാം. അവൾക്ക് ജയേട്ടനെ വലിയ ഇഷ്ടമായിരുന്നു..."
ജയന്റെ കണ്ണുകൾ നിറഞ്ഞ് വന്നു. ഉള്ളിന്റെ ഉള്ളിൽ അവൻ പൊട്ടിക്കരയുകയായിരുന്നു. ആ കണ്ണുനീർ ആത്മാർത്ഥമാണെന്ന് കിരണിന് തോന്നി. കുറ്റബോധം കൊണ്ട് നീറുന്ന ജയനോട് കിരണിന് സഹതാപം തോന്നി.
ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്ന ജയൻ നേരെ പോയത് ചാരുവിനടുത്തേക്കാണ്. അവൾ അപ്പോഴും അവനെ ശ്രദ്ധിച്ചില്ല. മുഖമുയർത്തി ഒന്ന് നോക്കുവാൻ പോലും അവൾ തയ്യാറായില്ല. അപ്പോഴേക്കും ഹരി അവർക്കിടയിലേക്ക് വന്നു.
"ചാരു..."
ജയൻ വിളിച്ചു. പക്ഷെ അവൾ പ്രതികരിച്ചില്ല. ഹരിക്ക് ഇഷ്ടക്കേട് തോന്നി. അവൻ ജയനോട് എതിർക്കാൻ തയ്യാറെടുത്തു.
"ജയാ... നീ ചെല്ല്..."
"പ്ലീസ് ഹരി... എനിക്ക് ചാരുവിനോട് സംസാരിക്കണം."
"വേണ്ട... നീ സംസാരിച്ചിടത്തോളം മതി."
"ഹരി പ്ലീസ്... ഞാൻ പറയുന്നതൊന്ന് കേട്ടിട്ട് ചാരു എന്ത് വേണമെങ്കിലും തീരുമാനിച്ചോട്ടെ. ഞാൻ എതിർക്കില്ല."
"വേണ്ടെന്ന് പറഞ്ഞില്ലേ... കൂടുതൽ സംസാരിച്ച് അവളെ വിഷമിപ്പിക്കണ്ട. അതും ഈ സമയത്ത്."
"ഏട്ടാ..."
ചാരു ആ സംസാരത്തിനിടയിൽ കയറി. രണ്ടുപേരും ഒരേസമയം ചാരുവിനെ നോക്കി. പ്രേത്യേകിച്ച് ഭാവ വ്യത്യാസങ്ങൾ ഇല്ലാതെ തന്നെ അവൾ തുടർന്നു.
"സംസാരിച്ചോട്ടെ ഏട്ടാ... എല്ലാം അവസാനിക്കാൻ പോകുവല്ലേ... ഇനി ഒരവസരം കൊടുത്തില്ലെന്ന് വേണ്ട."
ആ വാക്കുകൾ ജയനെ വല്ലാതെ വേദനിപ്പിച്ചു. ഈർഷ്യയോടെ ഹരി അവിടെ നിന്നും മാറി നിന്നു. ചാരു പിന്നെയും മുഖം കുനിച്ചിരുന്നു.
" ചാരു... നിനക്കെന്നോട് ദേഷ്യമാണെന്ന് എനിക്കറിയാം. ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അല്ല... വേദന മാത്രേ ഞാൻ നിനക്ക് തന്നിട്ടുള്ളൂ. പക്ഷെ ഞാൻ നിന്നെ സ്നേഹിച്ചിട്ടുമുണ്ട് ചാരു..."
ജയന്റെ കുറ്റസമ്മതം ചാരുവിൽ യാതൊരു പ്രതികരണവും ഉണ്ടാക്കിയില്ല. അവൾ മുഖമുയർത്താതെ അതെ ഇരിപ്പ് തുടർന്നു.
"നിന്നെ നഷ്ടപ്പെട്ടപ്പോൾ മുതലാണ് എനിക്ക് നിന്നോടുണ്ടായിരുന്ന സ്നേഹം ഞാൻ പോലും തിരിച്ചറിയുന്നത്. നിന്നോട് വഴക്കിട്ടപ്പോഴും ദേഷ്യപ്പെട്ടപ്പോഴും നീ എനിക്കെത്ര വിലപ്പെട്ടതാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.
എല്ലാം എന്റെ തെറ്റാ... ന്യായീകരിക്കാൻ കാരണങ്ങൾ ഒന്നുമില്ല. മാപ്പ്... എല്ലാത്തിനും... നിന്നോട് ചെയ്ത ഓരോ തെറ്റിനും മാപ്പ്. നീ... നീ എന്റെ കൂടെ വരണം ചാരു. പ്ലീസ്..."
ചാരു മുഖമുയർത്തി ജയനെ നോക്കി. ഒരു പരിഹാസം അവളുടെ മുഖത്ത് നിറഞ്ഞ് നിന്നു. അൽപനേരം അവൾ ജയനെ ഉറ്റുനോക്കിയിട്ട് വീണ്ടും മുഖം താഴ്ത്തി.
ആ സമയത്ത് അകത്ത് നിന്നൊരാൾ വന്ന് രണ്ടുപേരെയും അകത്തേക്ക് വിളിപ്പിച്ചു. ചാരു പ്രയാസപ്പെട്ട് കസേരയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. ജയൻ പെട്ടെന്ന് തന്നെ അവളെ താങ്ങി. അവൾ രൂക്ഷമായി ജയനെ നോക്കി.
പക്ഷെ ജയൻ അവളെ പോകാൻ അനുവദിക്കാതെ ഒന്നുകൂടി ബലത്തിൽ പിടിച്ച് നിർത്തി.
"ചാരു പ്ലീസ്... പോകണ്ട. ഞാൻ നിന്നെ ഒന്ന് കാണാനാണ് ഇവിടെ വരെ വന്നത്. അല്ലാതെ നിന്നെ പിരിയാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. അങ്ങനെ ഒരുദ്ദേശ്യവും എനിക്കില്ല.
എല്ലാവരും നിന്നെ എന്നിൽ നിന്ന് മറച്ചു പിടിച്ചപ്പോൾ ഞാൻ കണ്ടെത്തിയ മാർഗ്ഗം മാത്രമാണിത്. നീ എന്റെ കൂടെ വരണം ചാരു... എല്ലാത്തിനും ഞാൻ മാപ്പ് ചോദിക്കുന്നു. നിന്നെ വേദനിപ്പിച്ചതിനും, നിന്നോട് ദേഷ്യപ്പെട്ടത്തിനും, സംശയിച്ചതിനും പിന്നെ.... അനുവാദമില്ലാതെ നിന്റെ ദേഹത്ത് തൊട്ടതിനും ഒക്കെ.."
ചാരു ജയനെ നോക്കി. ആ കണ്ണുകളിൽ കഴിഞ്ഞ്പോയ ജീവിതത്തിലെ വേദന നിറഞ്ഞ ഓർമ്മകൾ എരിയുന്നുണ്ടായിരുന്നു.
"ചെയ്തത്രയും തെറ്റാണ്. കുടിച്ച് ബോധമില്ലാതെയാണ് അന്നങ്ങനെ ഒക്കെ സംഭവിച്ചത്. നീ എന്റെ ഇഷ്ടത്തിന് വേണ്ടി എല്ലാം സഹിച്ചു. പക്ഷെ പിന്നീട് എനിക്ക് നിന്റെ മുഖത്ത് നോക്കാൻ ധൈര്യം കിട്ടിയില്ല. ചെയ്യാൻ പാടില്ലാത്തതായിരുന്നു എന്ന ബോധം പിന്നീടാണുണ്ടായത്. അതിനെ മറികടക്കുവാനും ഞാൻ നിന്നോട് ദേഷ്യപ്പെടുകയായിരുന്നു. എല്ലാം എന്റെ മാത്രം തെറ്റാണ്. നീ ക്ഷമിക്ക്. നമ്മുടെ... നമ്മുടെ കുഞ്ഞിന് വേണ്ടിയെങ്കിലും..."
ചാരുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കരച്ചിലടക്കാൻ അവൾ ഏറെ പാടുപെട്ടു. ഓർമ്മകൾ ഓരോന്നും അവളെ വേദനിപ്പിച്ചു. ഒടുവിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി.
ആ കരച്ചിൽ ജയനെ അതിയായി വേദനിപ്പിച്ചു. അവൻ അവളെ ചേർത്ത് പിടിച്ചു. ആ നെഞ്ചോട് ചേർന്ന് നിന്ന് അവൾ വിങ്ങിക്കരഞ്ഞു.
പപ്പയും ഹരിയും അവിടെ എന്താണ് സംഭവിച്ചത് എന്നറിയാതെ മുഖത്തോട് മുഖം നോക്കി. ഹരി അവരുടെ അടുത്തേക്ക് ചെല്ലാൻ തുനിഞ്ഞതും പപ്പ അവനെ തടഞ്ഞു.
"എല്ലാം ഇതുകൊണ്ട് തീരുന്നെങ്കിൽ തീരട്ടെടാ..."
പപ്പ പറഞ്ഞു. കാര്യങ്ങൾ ഗ്രഹിച്ച മട്ടിൽ ഹരിയും പിൻവാങ്ങി. എല്ലാം കണ്ട് സന്തോഷത്തോടെ കിരണും നിൽക്കുന്നുണ്ടായിരുന്നു.
******
കോടതിയിൽ നിന്നും മടങ്ങി വരുന്ന ജയനെ കാത്ത് അച്ഛൻ വീടിന്റെ ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ട ഉടൻ വിവരങ്ങൾ അറിയാൻ അദ്ദേഹത്തിന് തിടുക്കമായി.
ഒരു പുഞ്ചിരിയോടെ കാറിൽ നിന്നും ചാരു ഇറങ്ങി വന്നു. നിറവയറുമായി ചിരിച്ച് കൊണ്ട് കയറി വരുന്ന ചാരുവിനെ കണ്ടപ്പോൾ അദ്ദേഹത്തിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അമ്മയും വളരെ സ്നേഹത്തോടെ അവരെ വരവേറ്റു.
ചാരുലത ജയന്റെ കൈകൾ പിടിച്ച് നിറഞ്ഞ മനസ്സോടെ ആ വീടിന്റെ പടികൾ കയറി. പുതിയ ജീവിതത്തിലേക്ക്....
(അവസാനിച്ചു)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo