നമുക്ക് രമയുടെ വീട്ടിലേക്ക് പോകാം....
നീരജും അമ്മയും വളരെ സന്തോഷത്തോടെ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി.
കഴിഞ്ഞതെല്ലാം സ്വപ്നമോ യാഥാർത്ഥ്യമോ...
രമ ഉമ്മറക്കോലായിലുള്ള വലിയ തൂണിൽ ചാരി അല്പനേരം മൗനമായി നിന്നു...
ഈ സമയത്ത് ചിരിക്കേണമോ അതോ കരയേണമോ...
ഈശ്വരാ... ഞാൻ ഇതിനെങ്ങനെ നന്ദി പറഞ്ഞു തീർക്കും....
ഈ ജീവിതം മുഴുവൻ ഞാൻ എന്നെ നിന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു...
ഒരു നിമിഷം എന്തോ ഓർത്തിട്ടെന്നപോലെ അവൾ നേരെ അകത്തേക്ക് ഓടി അവിടെ ഉണ്ടായിരുന്ന ആ അർദ്ധനാരീശ്വര വിഗ്രഹത്തിനു മുന്നിൽ മുട്ടുകുത്തി നമസ്കരിച്ചു.
അപ്പോൾ ആ നർത്തകിയുടെ മിഴികളിൽ നിന്നും അടർന്നു വീണ നീർമണികൾ സന്തോഷം കൊണ്ടോ സന്താപം കൊണ്ടോ.... അറിയില്ല....
ഒരു നിമിഷം അവൾ മറ്റേതോ ലോകത്തേക്ക് ഒഴുകി നീങ്ങി....
ഏതോ ഒരു കവിതയുടെ ചില ശീലുകൾ അവളുടെ മനസ്സിൽ ഓടിയെത്തി....
'അമ്മേ... എന്റെ അമ്മേ......'
അവൾ ആ പീഠത്തിനരികിൽ കൈകൾ നിലത്തൂന്നി മിഴികളടച്ചു...
ആ ശീലുകൾ അവളുടെ അമ്മയുടെ ശബ്ദത്തിൽ അവളുടെ ശ്രവണേന്ദ്രിയത്തിലേക്ക് ഒരു തേങ്ങലായ്... ഒരു സ്വാന്തനമായ്......
"ഇന്നുനിൻ മിഴിയിൽനിന്നിറ്റു വീഴുന്നൊരീ
കണ്ണീർ കണങ്ങൾ തടുക്കുവാൻ വയ്യ
ചാരെയിരുന്നു നിൻ നോവിൻ നിലവിളി
കാണുവാൻ വയ്യെന്റെ പൊന്നുമോളേ....
നിന്നെയൻ മാറിലായ് ചേർത്തണച്ചീടുവാൻ
വയ്യ നിൻ മിഴിനീർ തുടച്ചിടാനും
എങ്കിലും കാവലായ് കൂടെയിരിക്കുവാൻ
എന്നുമീയമ്മ നിന്നരികിലെത്താം...."
കണ്ണീർ കണങ്ങൾ തടുക്കുവാൻ വയ്യ
ചാരെയിരുന്നു നിൻ നോവിൻ നിലവിളി
കാണുവാൻ വയ്യെന്റെ പൊന്നുമോളേ....
നിന്നെയൻ മാറിലായ് ചേർത്തണച്ചീടുവാൻ
വയ്യ നിൻ മിഴിനീർ തുടച്ചിടാനും
എങ്കിലും കാവലായ് കൂടെയിരിക്കുവാൻ
എന്നുമീയമ്മ നിന്നരികിലെത്താം...."
'അമ്മേ....'
അവളുടെ തേങ്ങൽ കണ്ടു സഹിക്കുവാനാവാതെ വല്ല്യമ്മ അവളുടെ അരികിലേക്ക് വന്നു.
'മോളേ... കരയാതെ...'
രമ വല്ല്യമ്മയെ മുറുകെ പുണർന്ന് ആ തോളിൽ ചാഞ്ഞു കിടന്നു കരഞ്ഞു...
'നിനക്കെന്താ പറ്റീത് കുട്ടീ....? ഇപ്പോൾ കരയാണോ വേണ്ടത്... സന്തോഷിക്കല്ലേ വേണ്ടത്..... മോള് കരയാതെ....'
'എന്നാലും ഈ സമയത്ത് എന്റെ അമ്മയും അച്ഛനും ഇല്ലാതെ പോയില്ലേ...'
'സാരോല്ല്യ മോളേ.... അവർക്ക് അത് വിധിച്ചിട്ടില്ലായിരിക്കും. . എന്നാലും അവര് എവിടെയെങ്കിലും ഇരുന്ന് എല്ലാം കണ്ട് സന്തോഷിക്കണുണ്ടാവും..... മോള് കരയാതെ വേഗം പോയി ആ ഡ്രസ്സൊക്കെ മാറി അവിടെ വല്ല്യമ്മ മുറുക്കി വെച്ചിരിക്കുന്ന എണ്ണയെടുത്ത് തലമുടിയിലൊക്കെ നല്ലപോലെ പുരട്ടി നമ്മുടെ കുളത്തിൽ പോയി നന്നായി ഒന്നു മുങ്ങി കുളിക്ക്... എല്ലാ സങ്കടങ്ങളും അതിൽ കഴുകി കളയ്... വല്ല്യമ്മ അപ്പോഴേക്കും ഊണ് കാലാക്കാം... ചെല്ലു കുട്ടീ....'
'ഉം.....'
രമ മിഴികൾ തുടച്ച് അകത്തേക്ക് പോയി...
അവൾ പോകുന്നത് നോക്കി വല്ല്യമ്മ ഒരു നെടുവീർപ്പോടെ ഭഗവാനെ വണങ്ങി പ്രാർത്ഥിച്ചു. ..
ശ്രീപരമേശ്വരാ.... ഗുരുവായൂരപ്പാ.. ഇനിയും നീ എന്റെ കുട്ടിയെ പരീക്ഷിക്കരുതേ... എന്നും അവൾക്ക് തുണയായി കൂടെ ഉണ്ടാവണേ...'
നിറമിഴികളോടെ ആ പാവം പറഞ്ഞത് ദൈവങ്ങൾ കേട്ടുകാണുമോ....?
* * * * *
* * * * *
രമ തനിക്ക് കുളി കഴിഞ്ഞ് മാറുവാനുള്ള വസ്ത്രങ്ങളും ചുട്ടിത്തോർത്തും ഒരു ചെറിയ പാത്രത്തിൽ കാച്ചിയ എണ്ണയുമായി കുളക്കടവിലേക്ക് പോയി...
കുളപ്പടവുകൾ കല്ലുകൊണ്ട് കെട്ടി കുളത്തിലെ വെള്ളത്തിൽ എവിടെയോ അവസാനിക്കുന്നു..
പചവുകൾക്കിപ്പുറം ഒരു പടിപ്പുര ഓടുമേഞ്ഞതായി കാണാം...
പുറമേ നിന്ന് മറ്റാർക്കും കണാനാവാത്ത വിധം ചുറ്റും മറച്ചിരുന്നു....
കുളപ്പടവുകളിലൊന്നിൽ അവൾ ആ വസ്ത്രങ്ങൾ വെച്ചു.... എണ്ണയും... സോപ്പ് അവിടെ മറ്റൊരു വശത്തായി ഇരിപ്പുണ്ടായിരുന്നു.
ഇപ്പോൾ അവളുടെ കണ്ണുകളിൽ കാണപ്പെടുന്ന വികാരം ശോകമല്ല... മറ്റെന്തോ ഒരനുഭൂതിയിൽ ലയിച്ച മട്ടിലാണ്. ...
മേൽ വസ്ത്രങ്ങൾ മാറ്റി മുലക്കച്ചകെട്ടി തോർത്തുമുണ്ട് അതിനു മേലെയായി അരയിൽ ചുറ്റി...
ഒരു കൈകൊണ്ട് തന്റെ മെടഞ്ഞിട്ട മുടി മുൻഭാഗത്തേക്കാക്കി. വീണ്ടും ഏതോ ഒരു പ്രേമഗീതം ചുണ്ടുകളിലൂടെ മൂളിപ്പാട്ടായി വന്ന നേരം ഇരുകൈകളാൽ മുടിയിഴകൾ വേർതിരിച്ചു.
രമ അല്പം കാച്ചിയ എണ്ണ ഇടതുകൈയിലായി എടുത്ത് ഏതോ ഒരു ലോകത്തെന്നപോലെ അത് അല്പാല്പമായി തന്റെ നീണ്ടു ചുരുണ്ട് നിതംബം മുട്ടുമാറുള്ള മുടിയിൽ പുരട്ടി...
പെട്ടെന്ന് ആരോ പുറകിൽ വന്നതുപോലെ. ..
'എന്താ ഞാൻ പുരട്ടി തരണോ.. .?'
നീരജ്........
'പോയില്ലെ ഇതുവരെ......?'
അവൾ ആശ്ചര്യത്തോടെ ചോദിച്ചു കൊണ്ടു തിരിഞ്ഞു. ......
'അങ്ങനെ അങ്ങ് പോകാൻ കഴിയുമോ... ഈ സുന്ദരിക്കുട്ടിയെ കണ്ടു ഒറ്റയ്ക്ക് ഒന്നു യാത്ര പറയാതെ എങ്ങനെ പോകും....'
'ദേ.... വേണ്ടാട്ടോ. ..... ഇത് പെണ്ണുങ്ങളുടെ കുളക്കടവാ...'
'അതിനെന്താ... അതല്ലേ ഞാൻ ഇങ്ങോട്ട് വന്നത്..'
അവൾ നാണത്താൽ മാറിടം മറക്കാൻ കൈകൾ പൊത്തി..
'ഇതെന്താ..... കാച്ചിയ എണ്ണയാണോ.... ആഹാ. ..... എന്താ ഒരു മണം...'
'ആ മണം എന്താന്നറിയോ....'
'ആ... എനിക്ക് എങ്ങനെ അറിയാനാ....?'
'എങ്കിൽ ഞാൻ പറയാം...'
'ആ..... പറയൂ..... കേൾക്കട്ടെ...'
'ഇത് നേരത്തെ പറഞ്ഞ സുന്ദരിക്കുട്ടിയ്ക്ക് ഇടതൂർന്ന കറുത്ത മുടി ഉണ്ടാവാനായി ആ പാവം വല്ല്യമ്മ കാച്ചി തരുന്നതാ... കറ്റ്യാർവാഴയും ചെമ്പരത്തിയുടെ വിടരാറായ പൂവും പിന്നെ കറിവേപ്പിലയും ചേർത്ത്.... മനസ്സിലായോ....'
'അതുകൊണ്ട് മാത്രം ആയില്ല... എന്നേപ്പോലൊരാൾ അത് പുരട്ടി കൊടുക്കണമെന്നാ വല്ല്യമ്മ പറഞ്ഞത്.... ഞാൻ പുരട്ടി തരട്ടെ. ....?'
'ദേ.... വേണ്ടാട്ടോ. .... മേല് തൊട്ടുള്ള കളിയൊന്നും ഇപ്പോൾ വേണ്ടാട്ടോ. .....'
അവൾ രണ്ടു പടികൾ കൂടി താഴേക്ക് ഇറങ്ങി...
'ആഹാ.... എങ്കിൽ ഞാനും ഇറങ്ങും. ....'
'ഇങ്ങോട്ട് വരേണ്ട ട്ടോ.... ഞാൻ വെള്ളം തെറിപ്പിക്കൂട്ടൊ....'
അവൾ വീണ്ടും ഇറങ്ങി കുളത്തിലേക്ക്. ...
ഒരു കുട്ടിയേപ്പോലെ കൈയിൽ ജലമെടുത്ത് നീരജിനു നേരെ വീശി....
നീരജ് അതൊന്നും വകവെക്കാതെ കുളത്തിലേക്ക് ഇറങ്ങി അവളുടെ അരികിലെത്തി ആ മൃദുമേനിയിൽ മെല്ലെ ഒന്നുമ്മവെച്ചു....
'വേണ്ടാട്ടോ..... വിടൂന്നേ..... വിടൂ. ....... എന്നു പറഞ്ഞുകൊണ്ട് അവൾ കുളത്തിൽ വട്ടം കറങ്ങി കൈകളിൽ വെള്ളമെടുത്ത് നീരജിനു നേരെ എറിഞ്ഞു. .....
'നീ..... എന്തെടുക്കാ മോളേ... ഇതുവരെ കുളി കഴിഞ്ഞില്ലേ...?'
എന്ന് ചോദിച്ചുകൊണ്ട് ആ സമയത്ത് വല്ല്യമ്മ കുളക്കടവിൽ എത്തി...
അപ്പോഴാണ് രമ പടവുകളിലേക്ക് വെള്ളം കോരിയെറിഞ്ഞ് എന്തോ പറയുന്നത് കേട്ടത്....
വല്ല്യമ്മയുടെ ശബ്ദം രമയെ ആ മായക്കാഴ്ചയിൽ നിന്നും ഉണർത്തി. ...
അവൾ നാണത്താൽ കൈകളാൽ മുഖം പൊത്തി....
'ഇപ്പോഴേ സ്വപ്നം കാണാൻ തുടങ്ങിയോ.......?'
ചിരിച്ചുകൊണ്ട് വല്ല്യമ്മ ചോദിച്ചു. .........
'അത്........ വല്ല്യമ്മേ......... ഞാൻ. ............'
'ഉം....... മനസ്സിലായി. ...... ഇനി ഉരുളേണ്ടാ ട്ടോ...
.......വാ........ വേഗം കുളിച്ചു കയറി വാ... നിന്നെ കാണാൻ വൈകിയപ്പോ വന്നതാ ഞാൻ. ......'
'ഇപ്പൊ വരാം. .... വല്ല്യമ്മ പോയ്ക്കൊ. ........
ഒന്നുകൂടി രമയെ നോക്കി ചിരിച്ചുകൊണ്ട് വല്ല്യമ്മ തിരിച്ചു പോയി.....
ഇതെല്ലാം തോന്നലായിരുന്നോ........
രമ വീണ്ടും കൈകളിൽ നിറയെ വെള്ളമെടുത്ത് മേലേക്കെറിഞ്ഞ് അത് തിരിച്ചു വന്നു തന്റെ മേനിയെ തഴുകന്നറിഞ്ഞ് ഇക്കിളികൂട്ടി.......
(തുടരും )
***മണികണ്ഠൻ അണക്കത്തിൽ***

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക