Slider

കണക്ക് ടീച്ചറും എന്റെ ഒളിച്ചോട്ടവും

0
കണക്ക് ടീച്ചറും എന്റെ ഒളിച്ചോട്ടവും
************************************
ആരും തെറ്റിദ്ധരിക്കേണ്ട. സംഭവം നടക്കുന്നത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. അതായത് വർഷം 1990 ൽ.
ഞാൻ പഠിച്ചത് മാഹിയിൽ ഗേൾസ് സ്കൂളിൽ ആയിരുന്നു. നാലാം ക്ലാസ് വരെ എൽ.പി.സ്കൂൾ അത് കഴിഞ്ഞാൽ വലിയ ചേച്ചിമാർ പഠിക്കുന്ന ഗേൾസ് സ്കൂളിലേക്ക് മാറും. ഞങ്ങളുടെ സ്കൂളിനു നേരെ മുന്നിൽ ഫ്രഞ്ച് സ്കൂളും, ജെ.എൻ.ജി.എച്.എസ്. എന്ന ബോയ്സ് സ്കൂളുമാണ്. ലോകത്തിലെ എല്ലാ കുരുത്തം കെട്ട ചെക്കന്മാരും അവിടെ ആണ് പഠിക്കുന്നത് എന്നതായിരുന്നു എന്റെ ധാരണ. അത്രയ്ക്ക് വില്ലന്മാർ. സ്കൂൾ വിട്ടാൽ മുളക് നാരങ്ങയും, ചെത്തയിസ്സും, ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും വാങ്ങിക്കാൻ ഉന്തുവണ്ടിയുടെ മുന്നിൽ കുട്ടികളുടെ ബഹളമാണ്. ഈ വില്ലന്മാരുമായി യുദ്ധം ചെയ്തു വേണം ഇതൊക്കെ വാങ്ങി തിന്നാൻ. അങ്ങനെ സ്വാഭാവികമായും ഞങ്ങൾ പെണ്കുട്ടികളുടെ ശത്രുക്കൾ ആയി മാറി ഈ വില്ലന്മാർ.
അങ്ങനെ അത്യാവശ്യം വില്ലാത്തരവുമായി നാലാം ക്ലാസ്സിൽ കയറി. അപ്പോഴാണ് അറിയുന്നത് കണക്ക് ടീച്ചർ കുട്ടികളുടെ പേടി സ്വപ്നം ആയ സൂസൻ ടീച്ചർ ആണെന്ന്. കണ്ടാൽ ഒരു വെളുത്ത ആന വരും പോലെ എന്നു കൂടെ ഉള്ള ജാസ്മിൻ പിറുപിറുക്കും. അസാധ്യ വണ്ണം ആയിരുന്നു ആ ടീച്ചർക്ക്. പോരാത്തതിന് കണ്ണിൽ ചോരയില്ലാത്ത ശിക്ഷകളും. തുടയിൽ നുള്ളൽ, മരസ്കെയിൽ കൊണ്ട് കിട്ടുന്ന ഭാഗത്ത് അടി. എന്താന്നറിയില്ല അടികിട്ടുമ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന എനിക്ക് പിന്നാമ്പുറത്തെ എപ്പോഴും അടി കിട്ടാറുള്ളൂ. കിട്ടിയാലോ നമ്മുടെ സ്ഥിരം തുറുപ്പു ചീട്ടായ വലിയ വായിലെ നിലവിളി തുടങ്ങും. അതോടെ സഹിക്കെട്ടു ടീച്ചർ പോവും.
അന്നും പതിവ് പോലെ 8.20 നു ക്ലാസ് തുടങ്ങി.രാവിലെ രജിത ടീച്ചറുടെ മലയാളം പിരീഡ്. അതു കഴിഞ്ഞു കണക്ക്. മലയാളം പീരിയഡ് കഴിഞ്ഞ പാടെ ഹോം വർക്ക് ഒക്കെ എടുത്തു വെക്കാൻ നോക്കിയപ്പോൾ ശരിക്കും ഇടി തട്ടിയ പോലെ ആയി. നോട്ട് എടുത്തില്ല. പിന്നാമ്പുറത്തെ അടിയും തുടയിലും ചെവിക്കും കിട്ടുന്ന നുള്ളും ഒക്കെ
ഓർത്തപ്പോൾ വയറ്റിലും വിഭ്രാന്തി ഉണ്ടാകാൻ തുടങ്ങി.
അടുത്തിരിക്കുന്ന ജാസ്മിന് സംഭവം മനസിലായി. കൂടെ ഇരിക്കുന്ന ബാക്കി മൂന്ന് പേരോടും അവൾ സംഭവം പറഞ്ഞു. മുന്നിലെ ബെഞ്ചിലും കാര്യം പറഞ്ഞു. എല്ലാരും ബുക് ഒക്കെ എടുത്തു വെച്ചത് കണ്ടപ്പോൾ എന്റെ അവസ്ഥ ഏറെ അപകടത്തിലാണ് എന്നു മനസിലായി.
സമയം അധികം ഇല്ല. ഒറ്റ വഴിയേ ഉള്ളൂ മുങ്ങുക, പക്ഷെ എങ്ങോട്ട്. ജാസ്മിൻ മെല്ലെ ടീച്ചേഴ്സ് റൂമിന്റെ മുന്നിലൂടെ ബാത്റൂമിലേക്ക് എന്ന മട്ടിൽ പോയി നോക്കി. സൂസൻ ടീച്ചർ പുറപ്പെടുന്നു എന്ന വാർത്തയും കൊണ്ട് ഓടി വന്നു. അവൾ വന്നു ബെഞ്ചിൽ ഇരുന്നതും എല്ലാരും കൂടെ എന്നെ ഡെസ്ക്കിന്റെ താഴേക്ക് ഒളിപ്പിച്ചു. അല്ല ഞാൻ ഒളിച്ചു. ശ്വാസം അടക്കി പിടിച്ചു പതുങ്ങി ഞാൻ ഇരിപ്പാണ്. ഡെസ്ക്കിന്റെ നടു ഭാഗത്തായത് കൊണ്ട് പെട്ടെന്ന് ആരുടെയും കണ്ണിൽ പെട്ടില്ല, ആരും ശ്രദ്ധിച്ചില്ല എന്നു പറയുന്നതാവും ശരി. ഇമ്മാതിരി പണി ചെയ്യുമെന്ന് ആരും ചിന്തിക്കില്ലല്ലോ.
ടീച്ചർ ക്ലാസ്സിൽ എത്തി. ശ്വാസം അടക്കിപിടിച്ചു ഉള്ള ഇരുപ്പ്. ഇതിലും ഭേദം അടിയായിരുന്നു. പെട്ട് പോയി.ഇനി ക്ലാസ് കഴിയാതെ പുറത്ത് വരാൻ ആവുകയുമില്ല. എന്നെ കാണാഞ്ഞിട്ടു അവൾ എവിടെ എന്ന ടീച്ചറുടെ ചോദ്യത്തിന് മലയാളം പീരിയഡ് ക്ലാസ്സിൽ ഉണ്ടായിരുന്നു എന്നു പഠിപ്പിസ്റ് ഷാനി ഒറ്റു കൊടുത്തു. പിന്നെ എവിടെ പോയി അവൾ എന്നു ടീച്ചർ ചോദിക്കുന്നത് കേട്ടു. ഡെസ്കിന് അടിയിലൂടെ ടീച്ചറുടെ കാലുകൾ അകന്ന് പോവുന്നത് ഞാൻ കണ്ടു. പണി പാളി. എന്റെ കാര്യം കട്ട പൊക. പെട്ടു എന്നുറപ്പായി. എന്നെ കാണ്മാനില്ല എന്ന കാര്യം എല്ലാ ടീച്ചർമാരും അറിഞ്ഞു.
സ്കൂളിനു മുന്നിൽ മെയിൻ റോഡ് ആണ്. എന്റെ കയ്യിലിരിപ്പ് വെച്ചു ഞാൻ ഇറങ്ങിപോയെന്ന് കരുതിയിട്ടുണ്ടാകും. ടീച്ചർമാർ ഗ്രൗണ്ടിലും മാവിന്റെ ചോട്ടിലും, അതാണ് എന്റെ ഇഷ്ടസ്ഥലം അവിടെയൊക്കെ തിരഞ്ഞു കാണാഞ്ഞിട്ട് ടീച്ചേഴ്സ് റൂമിൽ തിരിച്ചെത്തി. ഇവിടെ ഞാൻ എരിപിരി കൊള്ളുകയായിരുന്നു. ടീച്ചർ പോയപ്പോൾ ക്ലാസ്സിൽ എല്ലാരും ബഹളം തുടങ്ങി ആ തക്കത്തിനു ഞാൻ ഒന്നും അറിയാത്ത പോലെ ഡോറിന് അടുത്തു പോയി നിന്നു. എന്നെ കണ്ടതും വരാന്തയിൽ കൂടി നിന്ന ടീച്ചർമാർ ഓടി വന്നു. മനുഷ്യനെ തീ തീറ്റിക്കാൻ, കുരുത്തം കെട്ടവൾ, എവിടെ ആയിരുന്നെടി നീ ശ്രീമതി ടീച്ചർ അരിശത്തോടെ ചോദിച്ചു. ബാത്റൂമിൽ പോയതാ എന്നു കള്ളം പറഞ്ഞു. ആ കള്ളം പറയുമ്പോൾ ഇനി കൊന്നാലും കള്ളം പറയൂല്ല എന്ന് കാവിലെ ദേവിയോട് മനസ്സാ ഞാൻ പറയുന്നുണ്ടായിരുന്നു.
കണക്ക് പിരീഡ് കുട്ടിച്ചോറാക്കിയതിനു എന്നെ അടിക്കാൻ സൂസൻ ടീച്ചർ ഓങ്ങി വന്നു. മലയാളം ടീച്ചർ തടഞ്ഞത് കൊണ്ട് ഞാനും എന്റെ പിന്നാമ്പുറവും രക്ഷപെട്ടു.
അതിനു ശേഷം വേറെ ഏത് ബുക് മറന്നാലും കണക്ക് നോട്ടും ടെക്സ്റ്റും മറന്നിട്ടില്ല.
മറ്റൊന്ന് കൂടി അന്ന് പഠിച്ചു. ഒരു കള്ളം ചെയ്താൽ അതിനെ മറക്കാൻ നൂറ് കള്ളങ്ങൾ പറയേണ്ടി വരുമെന്ന്. അതോടെ ആ സ്വഭാവം നിർത്തി.
പക്ഷേ എന്നിട്ടും വില്ലത്തരം ഒട്ടും കുറഞ്ഞില്ല.
വില്ലത്തരത്തിന്റെ ബാക്കി കഥയുമായി പിന്നെ വരാം.
സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo