Slider

മരിയ - Part 1

0
മരിയ
സംഭവം നടന്നത് വര്ഷങ്ങള്ക്കു മുൻപാണ് . ഞാൻ അമേരിക്കയിൽ, ‘അമേരിക്കൻ ജങ്ഷനിൽ’ പച്ചകാർഡുമായി പണിയൊന്നുമില്ലാതെ തേരാ പാരാ നടക്കുന്ന സമയത്ത് എന്റെ കൊച്ചപ്പൻ എനിക്ക് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ മെയിൽ മാൻ ആയി ജോലി വാങ്ങി തന്നു .
മെയിൽ മാൻ എന്ന് വെച്ചാൽ, 3 ഫ്ലോറുകളിലായി പരന്നു കിടക്കുന്ന ആ കമ്പനിയിലെ വിവിധ ഉദ്യോഗസ്ഥർക്ക് വരുന്ന മെയിലുകളും പാക്കേജുകളും, എത്തിച്ച് കൊടുക്കുന്ന പണി . നാട്ടിൽ ഇതിന് പ്യൂൺ എന്ന് പറയും . അത് മാത്രമല്ല, വന്നതിന്റെയും പോയതിന്റെയും എല്ലാം ലോഗ് ഉണ്ടാക്കുകയും വേണം . വല്യ പാടൊന്നുമില്ലാത്ത പണി. കുറേ നടക്കണമെന്ന് മാത്രമേയുള്ളു .
ഒരാഴ്ച കൊണ്ട് തന്നെ എനിക്കെല്ലാവരെയും പരിചയമായി . എല്ലാർക്കും എന്നെ വല്യ കാര്യമായിരുന്നു . ഇന്ത്യൻ ആയി ഞാൻ മാത്രമേ അവിടെ കണ്ടുള്ളൂ . മുറി ഇഗ്ളീഷ് ആണെങ്കിലും, സാമാന്യം നന്നായി ഞാൻ എല്ലാവരുമായും ഇടപെട്ടു . അടുത്ത് തന്നെ ബോസിന്റെ സെക്രട്ടറിയോ മറ്റോ ആയി എനിക്ക് പ്രമോഷൻ കിട്ടുമെന്ന് വരെ പറഞ്ഞു കേട്ടു.
വല്യ അല്ലലില്ലാതെ കഴിഞ്ഞു പോകവേ ഒരു ദിവസം, ഒരു ചായ ഉണ്ടാക്കി കുടിക്കാനായി പാൻട്രിയിലേക്കു ചെന്നതാണ് ഞാൻ . അവിടെ വെച്ചാണ് ഞാൻ ആദ്യമായി അവളെ കാണുന്നത് . കണ്ണ് തള്ളിപ്പോകുന്ന സൗന്ദര്യം ! ആ മുടി മാത്രം കണ്ടാൽ മതി . സ്വർണ്ണ മുടി …, ആദ്യമായിട്ടാണ് യഥാർത്ഥ സ്വർണ്ണ മുടി കാണുന്നത് . ശരിക്കും, മുറിച്ച് കൊണ്ട് പോയി വിറ്റാൽ പവന് വില കിട്ടും . ഭംഗിയുള്ള നല്ലൊരു കൊച്ചു ചിരിയുമായി അവളങ്ങനെ ഒരു കോഫിയും മൊത്തിക്കുടിച്ച് നില്ക്കുകയാണ്. അടുത്താരുമില്ല, എന്നാലും ചിരി ഉണ്ട് . ഞാൻ സ്വയമറിയാതെയെന്നോണം ഒരു "ഹായ്" പറഞ്ഞു . അടുത്ത നിമിഷം, അവൾ എന്റടുത്തേക്കു പറന്നു വന്നു .
"യൂ ആർ ഇന്ത്യൻ റൈറ്റ് ?" ഭയങ്കര ഉത്സാഹത്തിലാണ് ചോദ്യം.
പെട്ടെന്നുള്ള ആ വരവ് ഞാൻ പ്രതീക്ഷിച്ചില്ല. അതുകൊണ്ടു തന്നെ സ്വഭാവികമായി എനിക്കല്പ്പം നാണം വന്നു "യാ ... യാ… ഇന്ത്യൻ ..." ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു .
"അയാം, ഫാസിനേറ്റഡ് ബൈ ഇന്ത്യൻ കൾച്ചർ " അവൾ കിതക്കുന്നുണ്ടോന്നൊരു സംശയം . "ഡൂ യൂ നോ എനി മീഡിയംസ് ഓർ സൈക്കിക്ക്സ് ?? ഗുഡ് വൺസ് ? റിയൽ സൈക്കിക് പീപ്പിൾ ഫ്രം ഇന്ത്യ ? "
ഞാൻ ആകെ ഞെട്ടി നിൽക്കുകയാണെന്ന് കണ്ടപ്പോൾ, അവൾ ഒന്നടങ്ങി .
(സംസാരം ഒക്കെ മലയാളത്തിൽ എഴുതാം . അല്ലെങ്കി എന്റെ പാണ്ഡിത്യം നിങ്ങള്ക്ക് മനസ്സിലായാലോ )
അവൾ വീണ്ടും പതിയെ സംസാരിച്ചു തുടങ്ങി
"ഹായ് .. ആദ്യം മുതൽ തുടങ്ങാം. ഞാൻ മരിയ. കാനഡയിൽ നിന്നാണ് . ഇവിടെ മിസ്റ്റർ കോക്സിന്റെ സെക്രട്ടറിയുടെ അസിസ്റ്റന്റ് ആണ്. കുറെ നാളായി ലീവിലായിരുന്നു. ഇന്ന് വീണ്ടും ജോയിൻ ചെയ്തതാണ് . ഇനി നീ .. "
അപ്പോളേക്കും ഞാൻ സമാധാനത്തിലായി. ഒരു ചെറിയ ചിരി ഞാനും ഫിറ്റ് ചെയ്തു .
"ഞാൻ അലക്സ്... ഇൻഡ്യായിൽ നിന്നാണ് . ഇന്ത്യയിൽ, കേരളം എന്നൊരു മനോഹരമായ - "
"ഞാൻ ചോദിച്ചതിന് മറുപടി പറയൂ ... “അവൾ എന്നെ തുടരാൻ അനുവദിച്ചില്ല. “ഹോറോസ്കോപ്പ് ഒക്കെ നോക്കാൻ അറിയാവുന്ന ആരെയെങ്കിലും, അറിയാമോ ഇവിടെ ? ഞാൻ പോയിട്ടുള്ളയിടത്തെല്ലാം, തട്ടിപ്പുകാരാണ്. മണിക്കൂറിന് 200$ ഒക്കെ വെച്ച് വാങ്ങി എന്നെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് . കൊറേ കാലമായി .”
"എനിക്കിതിലൊന്നും...”
"വിശ്വാസമില്ലല്ലേ ... അതാ പ്രശ്നം . നിങ്ങള്ക്ക് നിങ്ങടെ തന്നെ കൽച്ചറിനോട് ഒരു ബഹുമാനമില്ല . കൊഴപ്പമില്ല . ചോദിച്ചെന്നേയുള്ളൂ . പിന്നെ കാണാം . ബൈ..."
"അല്ല, ഞാൻ ഒന്ന് നോക്കിയിട്ട് നാളെ പറയാം ... ചെലപ്പോ എന്റെ കസിൻസ് ..."
"ഒക്കെ . പോട്ടെ . പിന്നെ കാണാം . ഒത്തിരി പണിയുണ്ട് .”
ഇതെന്താ ഈ കൊച്ചിങ്ങനെ ? പറയാനുള്ളത് കേട്ടിട്ടു പൊയ്ക്കൂടേ ?
എനിക്കൊരല്പം ദേഷ്യം തോന്നിയെങ്കിലും, ആ സ്വർണ്ണ മുടിയും, ചാടിത്തുള്ളിയുള്ള ആ പോക്കും ഒക്കെ കണ്ടപ്പോൾ ... മനസ്സിൽ മഞ്ഞു വീണടിഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ.
ഉടൻ തന്നെ ഞാൻ അബി യെ വിളിച്ചു . കൊച്ചപ്പനെ മകനാണ് . വകയിൽ അനിയനായിട്ടു വരും . അവൻ ജനിച്ചതും വളർന്നതും ഒക്കെ ഇവിടെയാണ് . പൗരനാണ് . അവനറിയാത്ത ഇടപാടുകൾ ഇവിടെ കുറവാണെന്നു തന്നെ പറയാം .
ഞാൻ എല്ലാം വളരെ വിശദമായിട്ടു പറഞ്ഞു .
അവൻ എല്ലാം വിശദമായിട്ടു കേട്ടോ എന്നാണു സംശയം . അവൻ ഡോക്ടർ ആകാനുള്ള കഠിന പരിശ്രമത്തിലാണ് . ഈ വക ചീള് കേസുകെട്ടുകൾ എടുക്കുമോ.
"ചേട്ടായി ഒരു കാര്യം ചെയ്യ് . അവളുടെ ബർത്ത്ഡേ - ബർത്ത് ടൈം . ബർത്ത് പ്ലേസ്. ഒക്കെ ചോദിച്ചു വാങ്ങി വാ . നമുക്ക് ഒക്കെ ശരിയാക്കാം . എന്തിനാണെന്ന് ചോദിച്ചാൽ പറ, ചേട്ടായി ഇതൊക്കെ പഠിച്ചിട്ടുള്ള ആളാണ് .ഒക്കെ മറന്നതാ. ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ ന്നൊക്കെ . "
"കൊളമാകുമോടെ ? "
"ആയാലെന്താ ? എന്തായാലും, അവളെ കെട്ടാനൊന്നുമല്ലല്ലോ . ചുമ്മാ ഒരു രസത്തിനല്ലേ ? മദാമ്മയെ കെട്ടണമെന്നും പറഞ്ഞ് വീട്ടിലോട്ട് ചെന്നാൽ അടിപൊളിയായിരിക്കും . "
സത്യമാണ്.അങ്ങനെ വല്ല ഐഡിയായുമായി ചെന്നാൽ, അവന്റെ അപ്പൻ - എന്റെ കൊച്ചപ്പൻ എന്നെ തല്ലിക്കൊന്ന് അമേരിക്കയിൽ ദഹിപ്പിച്ച്, നാട്ടിലേക്ക് ചാരം മാത്രം കയറ്റി വിടും .
രസത്തിനെങ്കിൽ രസത്തിന് ... എനിക്കവളെ മറക്കാനൊക്കുന്നില്ല . മഞ്ഞു വീഴ്ച്ച കൂടി കൂടി വരികയാണ് .
ഞാൻ മിസ്റ്റർ കോക്സിന്റെ മുറി ലക്ഷ്യമാക്കി പുറപ്പെട്ടു . ഭാഗ്യത്തിന് അയാൾക്ക് കൊടുക്കാൻ കൊറേ പാഴ്സലുകൾ ഉണ്ടായിരുന്നു എന്റെ വണ്ടിയിൽ .
ആ യാത്രയിൽ വേറൊരു കാര്യം കൂടി ഞാൻ ചിന്തിച്ചു . എനിക്ക് പ്രമോഷൻ ഉണ്ടായാൽ മിസ്റ്റർ കോക്സിന്റെ സെക്രട്ടറി ആയിട്ടാണെന്നാണ് പറഞ്ഞു കേൾക്കുന്നത് . സെക്രട്ടറിക്ക് അസിസ്റ്റന്റ് ഉണ്ടെന്നറിഞ്ഞത് ഇപ്പോളാണ് . അപ്പൊ, എനിക്ക് പറഞ്ഞിരിക്കുന്ന ജോലി എന്തായിരിക്കും ? മരിയയുടെ ബോസ് ആയി വരുമോ ഞാൻ ഭാവിയിൽ ?? അതോ അവളെ പറഞ്ഞു വിട്ടിട്ട് ആ ജോലി ആയിരിക്കുമോ എനിക്ക് ? എങ്കിൽ ഞാൻ ഉറപ്പായിട്ടും രാജി വെച്ച് .... കോപ്പ് ... ആലോചിച്ച് ആലോചിച്ച് കാട് കേറി പോകുകയാണ് . രണ്ടു മിനിറ്റ മുൻപ് കണ്ട ഒരു പെണ്ണ് കാരണം.
പിന്നെ ഞാൻ അവളെ കാണുമ്പോൾ അവൾ കമ്പ്യൂട്ടറിനു മുൻപിൽ ഓരോ അക്ഷരങ്ങളായി പെറുക്കി പെറുക്കി ടൈപ്പ് ചെയ്യുകയാണ് . ഒരു മണിക്കൂറിൽ പത്ത് വാക്ക് ടൈപ്പ് ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്. ഏകാഗ്രതയോടെ അവൾ ജോലിയിൽ മുഴുകിയിരിക്കുന്നു. ഞാൻ വിഷണ്ണനായി അൽപ്പ സമയം അവളുടെ പുറകിൽ നിന്നു. ശോഭയോട് തമാശ പറയാൻ പോയ തളത്തിൽ ദിനേശനെയാണ് ഓർമ്മ വന്നത് . പെട്ടെന്ന് അവൾ തിരിഞ്ഞു എന്നെ നോക്കി . ഞെട്ടിപ്പോയി പാവം .
"ഓ മാൻ !! ഞാൻ പേടിച്ച് പോയല്ലോ ! എന്താ ?"
"അതായത് ... ബർത്ത്ഡേ കിട്ടിയിരുന്നെങ്കിൽ... ഞാൻ പഠിച്ചിട്ടുണ്ട് പണ്ട് ... വേണെങ്കിൽ ട്രൈ ചെയ്യട്ടെ ? " തുടങ്ങി ഇന്ഗ്ലീഷ് വാക്കുകൾ കൊണ്ട് ഞാൻ അമ്മാനമാടാൻ തുടങ്ങി .
"വാട്ട് ?? എന്താ പ്രശ്നം ? ആരുടെ ബർത്ത്ഡേ ? എന്തിന് ? കാം ടൗൺ മാൻ . പതുക്കെ പറയൂ. എന്താ വേണ്ടേ ?"
“അതായത്...” ഞാൻ തുപ്പലം വിഴുങ്ങി. “കുട്ടി നേരത്തെ പറഞ്ഞില്ലേ ? ഹോറോസ്കോപ്പ് ? എനിക്കറിയാം നോക്കാൻ. ഞാൻ ചെറുപ്പത്തിൽ പഠിച്ചിട്ടുണ്ട്. പക്ഷേ കുറേ കാലമായിട്ട് വേണ്ടെന്നു വെച്ചിരിക്കുവായിരുന്നു.. .പക്ഷേ കുറച്ചു വിവരങ്ങൾ വേണം.” ഞാൻ പതിയെ വിഷയമവതരിപ്പിച്ചു.
"ഫന്റാസ്റ്റിക്ക് ! " അവൾ സന്തുഷ്ടയായി .
പിന്നെ പെട്ടെന്ന് തന്നെ ഒരു കഷ്ണം പേപ്പറിൽ അവൾ എല്ലാ ഡീറ്റൈൽസും എഴുതി "റിസൾട്ട് നല്ലതായാലും ചീത്തയായാലും സത്യം മാത്രമേ പറയാവൂ . ഞാൻ എന്തും കേൾക്കാൻ തയ്യാറാണ് .എന്നെ സുഖിപ്പിക്കാൻ വേണ്ടി കള്ളം പറയരുത് . " ന്നൊക്കെ പറഞ്ഞ് എന്നെ ഏൽപ്പിച്ചു .
ഞാനും സന്തുഷ്ടനായി ..
അങ്ങനെ ആ ദിവസം കഴിഞ്ഞു വീട്ടിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു ഞാൻ .
രാത്രി, ആ കടലാസ്സു കഷ്ണം നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ടാണ് ഞാൻ അബിയുടെ മുറിയിലേക്ക് ചെന്നത് .
എന്റെ നിൽപ്പ് കണ്ടപ്പോൾ പൊട്ടൻ, ചിരിയോടു ചിരി ! എനിക്ക് കലി വന്നു.
അവൻ കമ്പ്യൂട്ടർ ഓണാക്കി, ഏതോ വെബ് സൈറ്റിലൊക്കെ പോയി, അവളുടെ ഡീറ്റെയിൽസ് ഒക്കെ ഇട്ടു കൊടുത്തപ്പോൾ, അവളുടെ ജന്മ നക്ഷത്രം കിട്ടി . "ജ്യേഷ്ഠ " എന്നൊരു നക്ഷത്രം . ആദ്യമായിട്ട് കേൾക്കുകയാണ് ഞാൻ . പിന്നെ, തുടർന്നുള്ള ഗവേഷണത്തിൽ അത് "തൃക്കേട്ട" ആണെന്ന് മനസ്സിലായി .
പിന്നെ, തൃക്കേട്ട നക്ഷത്രത്തിന്റെ ഓൺലൈൻ ജാതകം തപ്പിയെടുത്തു. പ്രിന്റെടുത്ത് എനിക്ക് തന്നിട്ട് അവൻ പറഞ്ഞു,
ചേട്ടായി, ഇത് മുഴുവൻ വായിച്ച് , ഇതിനെ ബേസ് ചെയ്ത് ഒരു കഥ ഉണ്ടാക്കി അവളെ പറഞ്ഞു കേൾപ്പിച്ചാൽ മതി. എല്ലാം അടിപൊളിയായിക്കോളും . ഉദാ: - അഞ്ചു വയസ്സിനും ആറു വയസ്സിനും ഇടക്ക് ഈ ജാതക പ്രകാരം അവൾക്ക് ഒരു വലിയ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പറയൂ . അവൾ അത് സമ്മതിക്കും . "
"അതെങ്ങനെ ? "
"അഞ്ചു വയസ്സിനും ആറു വയസ്സിനും ഇടക്ക് പിള്ളേർക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചിരിക്കുമെന്നുറപ്പല്ലേ ? വല്ല പാവ നഷ്ടപ്പെട്ടതോ, പട്ടിയോ പൂച്ചയോ ചത്തു പോയതോ, അങ്ങനെയെന്തെങ്കിലും. ട്രസ്റ് മി ബ്രോ .പിന്നെ, 22 നും 26 നും ഇടക്ക് അവളുടെ ജീവിതത്തിൽ ഒരു വലിയ ചെയ്ഞ്ച് സംഭവിച്ചിട്ടുണ്ടെന്ന് പറയുക . അതും അവൾ സമ്മതിക്കും. കാരണം, ആ പ്രായത്തിലാണ് ജീവിതത്തിൽ സാധാരണ വലിയ തീരുമാനങ്ങളൊക്കെ എടുക്കുന്നതും മറ്റും . ഇങ്ങനെ രണ്ടു മൂന്നു ഹിറ്റ് കിട്ടിക്കഴിയുമ്പോ, പിന്നെ നമ്മൾ പറയുന്നതെല്ലാം, ശരിയാണെന്നു വരുത്തി തീർക്കാൻ അവളുടെ ഉപബോധ മനസ്സ് ശ്രമിക്കും . ഇല്ലാത്ത കാര്യങ്ങളാണെങ്കിൽ കൂടി എന്തെങ്കിലുമൊക്കെ ഉണ്ടാക്കിയെടുത്ത് അവൾ നിന്നെ വിഷമിപ്പിക്കാതിരിക്കാൻ ശ്രമിക്കും . അനുഭവമാണ് ബ്രോ. അനുഭവം ..." അബി പറഞ്ഞു നിർത്തി.
എനിക്ക് സത്യത്തിൽ ഇതൊന്നും ദഹിച്ചില്ല . അല്ലെങ്കിലേ അവളെ എല്ലാരും പറ്റിക്കുകയാണെന്നു പറഞ്ഞു നടക്കുകയാണവൾ, ഞാനും കൂടി അത് തന്നെ ചെയ്താൽ ...
പിറ്റേന്ന് ഞാൻ ഓഫീസിലെത്തിയപ്പോൾ, എന്റെ മേശപ്പുറത്ത് ഒരു എഴുത്ത് .
"11 :30 നു പാൻട്രിയിൽ വരിക .ഞാൻ കാത്തിരിക്കും. എം. "
ഈ കുട്ടി ഒരു വിചിത്ര ജീവി തന്നെ . എന്നെ വര്ഷങ്ങളായിട്ടു പരിചയമുള്ളതു പോലെയാണ് പെരുമാറ്റം . എന്നാലും, ആ എഴുത്ത് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു . മഞ്ഞു പിന്നെയും വീഴാൻ തുടങ്ങി . ഇതിനെ ഒരു ലവ് ലെറ്റർ എന്ന് പറയാൻ പറ്റുമോ ? എന്തെങ്കിലുമാകട്ടെ . ഞാൻ 11.30 ആകാൻ നോക്കിയിരുന്നു .
ഓടി നടന്ന് ഞാൻ എന്റെ പണിയൊക്കെ വേഗം തീർത്തു . ലോഗ് ഒക്കെ വൈകിട്ട് എഴുതാമെന്ന് തീരുമാനിച്ചു . പറഞ്ഞ സമയത്ത് പാൻട്രിയിലെത്തിയപ്പോൾ, ഞാനും അവളും മാത്രം !
"ഞാൻ അര മണിക്കൂർ ബ്രെയ്ക്കിന് റിക്വസ്റ് ചെയ്തിട്ടുണ്ട് . അര മണിക്കൂറിനുള്ളിൽ എല്ലാം പറഞ്ഞു തീർക്കണം." അവൾ ഒറ്റച്ചാട്ടത്തിന് ഒരു സ്റ്റൂളിൽ കയറി ഇരിപ്പായി .
"മരിയ , ഞാൻ ശ്രമിക്കാം . ശരിയാകണമെന്നില്ല ... " പോക്കറ്റിൽ കിടക്കുന്ന ജാതകം എടുത്ത് വായിച്ചാലോ എന്ന് ഞാൻ ആലോചിച്ചതാണ് . പക്ഷെ, പെട്ടെന്നു തന്നെ എന്തോ ഒരു ധൈര്യം എന്നെ ആവേശിച്ചു .
"കുട്ടിയുടെ ചെറുപ്പം മുതലുള്ള കാര്യങ്ങൾ പറയാം കേട്ടോ . ശ്രദ്ധിച്ചു കേൾക്കണം.” അബിയെ മനസ്സിൽ ധ്യാനിച്ച് ഞാൻ തുടങ്ങി “ഏതാണ്ട്, അഞ്ച് ആറ് വയസ്സ് പ്രായത്തിൽ എന്തെങ്കിലും വലിയ ഡിപ്രസ്സിങ്ങ് സംഭവം ഉണ്ടായിട്ടുണ്ടോ ? "
"വാട്ട് !! " അവൾ ഞെട്ടിയത് പോലെ തോന്നി . "എന്റെ ഫാദർ മരിച്ചത് എനിക്ക് ആറര വയസ്സുള്ളപ്പോളാണ് !"
"അതെ.. ചെറിയ വ്യത്യാസങ്ങളൊക്കെ വരാം . ജനന സ്ഥലവും സമയവുമൊക്കെ ഇതിനെ സ്വാധീനിക്കും. " ഞാൻ പരുങ്ങി.
"സ്കൂളിൽ മിടുക്കിയായിരുന്നു അല്ലെ ?"
"യെസ് ! സ്കൂളിൽ ഫസ്റ്റായിരുന്നു ഞാൻ... തനി ഗീക്ക് ! അലക്സ്, യു ആർ റിയലി ഗുഡ് അറ്റ് ദിസ് !"
അടുത്ത ചോദ്യം
" മരിയക്ക് 22 വയസ്സിനും 26 വയസ്സിനുമിടക്ക് ... ജീവിതം തന്നെ മാറി മറിഞ്ഞ ഒരു സംഭവം ഉണ്ടായിട്ടുണ്ടല്ലേ ? "
ആ ചോദ്യം ശരിക്കും ഏറ്റു എന്നെനിക്കു മനസ്സിലായി. അവൾ വായ് തുറന്ന പടി പിടിച്ച് ഇരിക്കയാണ്.
" അലെക്സ്! വാട്ട് ദ ഹെക്ക് മാൻ ?? 24 വയസ്സിലാണ് ഞാൻ ഡൈവോഴ്സ് ആയത് !! അതെങ്ങനെ തനിക്ക് മനസ്സിലായി ? ഇതുവരെ ആരോടും പറഞ്ഞിട്ടില്ല ഞാനിത്! ഇത്രയും സിദ്ധിയുള്ള താനെന്താ ഇതിലൊന്നും വിശ്വാസമില്ലെന്നു പറഞ്ഞത് ? ഞാൻ ഇത്രകാലം പോയിടത്തൊന്നും ഒരു സൈക്കിക്കും ഇന്നുവരെ എന്റെ പാസ്റ്റ് പറഞ്ഞിട്ടില്ല. താൻ എത്ര കൃത്യമായിട്ടാണ്...അല്ഭുതം തന്നെ. തന്നെ ഞാൻ നേരത്തെ പരിചയപ്പെടേണ്ടതായിരുന്നു അലെക്സ്.“
എനിക്ക് സംശയമായി . ഇനി ഞാൻ ശരിക്കും ?
പെട്ടെന്ന് മിസ്റ്റർ കോക്സ് അങ്ങോട്ട് കയറി വന്നു .
"എന്താ ഇവിടെ ?"
മുതലാളിയെ കണ്ട് ഞാൻ ഞെട്ടി നിൽക്കുമ്പോൾ, ആ പെങ്കൊച്ച് പറയുകയാണ് .
"സാർ ! ഈ അലക്സുണ്ടല്ലോ , ഒരു അതി ഭീകര സൈക്കിക്കാണ്. ഇന്ന് വരെ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മിടുക്കൻ ! എന്റെ ചെറുപ്പത്തിൽ നടന്ന ഓരോ കാര്യങ്ങളും വ്യക്തമായി പുള്ളി ഗണിച്ച് കണ്ടു പിടിച്ചു! ഓരോ പ്രായത്തിലും സംഭവിച്ച കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞു! "
"ശരിക്കും ? " മിസ്റ്റർ കോക്ക്സ് എന്നെ ഒന്ന് അടിമുടി നോക്കി . "അല്ലെങ്കിലും ഇന്ത്യക്കാർക്ക് ഇങ്ങനൊരു സിദ്ധി ഉണ്ടെന്നു ഞാൻ കേട്ടിട്ടുണ്ട് . എത്രയാ അലക്സിന്റെ ചാർജ് ? ഒരു ഹോറോസ്കോപ്പ് എനിക്കും കൂടി ചെയ്യണം ? ഞാൻ 1200 $ കൊടുത്തതാണ് ഒരെണ്ണം മുൻപ് ചെയ്യിച്ചത് . വെറും ബുൾഷിറ്റ്. അലക്സ് എന്റെ കൂടെ ഒന്നു നോക്കൂ... ഞാൻ ഒരു ചെക്ക് എഴുതി മരിയയെ ഏൽപ്പിക്കാം . എന്റെ ഡീറ്റെയിൽസ് ഒക്കെ മരിയ തരും . കേട്ടോ മരിയ...“ അയാൾ ഒരു വലിയ കപ്പിലേക്ക് കോഫീ പകർന്ന് പുറത്തേക്കു പോയി.
“ബെസ്റ്റ്! ” ഞാൻ പെട്ടു.
(തുടരും)

Alex

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo