തുരപ്പനും ,നടുക്കഷണവും പിന്നെ ഫെമിനിസവും
നേരം പര പരാന്ന് വെളുത്ത് ,ഓടിന്റെ വിടവിലൂടെ അരിച്ചിറങ്ങിയ കിരണങ്ങൾ ,കണ്ണ് പുളിപ്പിച്ചപ്പോൾ ,ചാടി എഴുന്നേറ്റ 'തുരപ്പൻ' ചിന്താധീനനായി.
തനിക്കുള്ള പതിവ് 'ബെഡ് കപ്പ' യുമായി (കപ്പ വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയെടുക്കുന്ന കഷണം ഓവ് ചാലീന്ന് കിട്ടുന്നത്. ) എലിപ്പെണ്ണ് ഇതുവരെ എത്തിയിട്ടില്ല. ഇവൾക്കിതെന്ത് പറ്റി, ഇത് പതിവില്ലാത്തതാണല്ലോ എന്ന് വിചാരിച്ച് കണ്ണ് തിരുമ്മി നോക്കിയപ്പോൾ, ദാ തൊട്ടരുകിൽ " മുറുക്കാൻ പൊതി "പോലെ കിടന്ന് അവൾ കൂർക്കം വലിച്ചുറങ്ങുന്നു .
..................................
..................................
ദേശപോഷിണി ഗ്രന്ഥാലയത്തിന് അനുബന്ധമായി പണി കഴിപ്പിച്ചിട്ടുള്ള, സാംസ്കാരിക നിലയത്തിന്റെ ,മച്ചിൻ മുകളിലെ ഭിത്തിക്കടിവശമുള്ള സിംഗിൾ റൂം അപ്പാർട്ട് മെന്റിലാണ് തുരപ്പനും ,ഭാര്യ എലിപ്പെണ്ണും, മക്കളും താമസിക്കുന്നത്.
"ഇലക്ട്രിഷ്യൻ സുമേഷിന്റെ ഡ്രില്ലിംഗ് വിരുതാൽ "തീർക്കപെട്ട ആ അപ്പാർട്ട് മെന്റ് ,അളവ് തെറ്റിയ നിർമ്മിതി ആയതിനാൽ "ഗോപി ആശാന്റെ ഉറക്കെ ഉള്ള തെറി വിളിയോടെ ഉപേക്ഷിക്ക പെട്ടതായിരുന്നു.
ഇപ്പോൾ തുരപ്പനും ഫാമിലിയും താമസിക്കുന്ന ഈ അപ്പാർട്ട്മെന്റ് ,അതിലെ മുൻ താമസക്കാരനെ 'ചേര പിടിച്ച വകയിൽ' അവന് കിട്ടിയതാണ്.
.......................................
ഇവളിതെന്ത് ഭാവിച്ചാണ് ഇങ്ങനെ കിടക്കുന്നത് ,രാവിലെ ഓടയിലിറങ്ങി തപ്പിയാലെ ,തട്ട് കടക്കാരൻ, ഉപേക്ഷിച്ച ഇഡ്ഡലിയോ ,ദോശയോ ലഭിക്കുകയുള്ളൂ. എന്നിട്ട് വേണം ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ .ജി.എസ്.ടി യും ,നോട്ട് നിരോധനവും ഏറ്റവും ബാധിച്ചത് ഞങ്ങൾ എലികളെ പോലെ ഉള്ള വരെയാണ് .ആളുകൾ ഭക്ഷണം വേസ്റ്റാക്കുന്നത് പോയിട്ട് കഴിക്കുന്ന് പോലുമില്ല .പിന്നെങ്ങനെ ഞങ്ങൾക്ക് കിട്ടാൻ.അത് പോലെ മക്കളെയും ഇന്ന് രാവിലെ ട്രെയിനിംഗിന് ഓടയിൽ ഇറക്കാമെന്ന് അവളോട് പറഞ്ഞതാണ്. വെളിച്ചം വീണ് തുടങ്ങിയാൽ ഇതൊക്കെ മുടങ്ങും. തട്ടുകടക്കാരന്റെ പൂച്ച "ചാര കണ്ടന്" മാലക്കണ്ണ് വന്നത് കൊണ്ടാണ് ഇരുട്ടു വാക്കിന് തട്ടു കേട് കൂടാതെ ജീവിച്ച് പോകുന്നത്.
ഇങ്ങനെ എല്ലാം ചിന്തിച്ച അവൻ, അവളുടെ വാലിൽ പിടിച്ച് ഒന്നിളക്കിയതും
അവനെ ഞെട്ടിത്തെറിപ്പിച്ച് കൊണ്ട്, ചാടിയെണീറ്റ് അവൾ അലറിയതും ഒരുമിച്ചായിരുന്നു.
അവനെ ഞെട്ടിത്തെറിപ്പിച്ച് കൊണ്ട്, ചാടിയെണീറ്റ് അവൾ അലറിയതും ഒരുമിച്ചായിരുന്നു.
"ഹൗ ഡെയർ യൂ റ്റു ഇന്ററപ്റ്റ് മൈ സ്ലീപ് ,ഐ ഹാവ് ഈക്വൽ റൈറ്റ് റ്റു സ്ലിപ് വിത്ത് യു, റ്റിൽ സെവൻ ഒ ക്ലോക്ക് ." ഒരു 'പുലിമുരുകിയെ ' പോലെ ചാടി എണീറ്റ അവൾ ഇങ്ങനെ പറഞ്ഞു ,അല്ല അലറി.
അപ്പോഴാണ് തുരപ്പൻ അവളുടെ പുതിയ രൂപം ദർശിച്ചത് ,തലേ ദിവസം കട്ടൻ കപ്പ കഴിച്ചതിനാൽ തലക്ക് പിടിച്ച് കിറുങ്ങിയാണ് പൊത്തിൽ വന്ന് കയറിയത് .അത് കൊണ്ട് അവളുടെ ആ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടില്ല.കഴുത്തൊപ്പം നീണ്ട് കിടന്ന തലരോമങ്ങൾ ചുരുട്ടി "പേളി മാണിയെ " പോലെ സപ്രിംഗ് പരുവത്തിലേക്ക് ആക്കിയിരിക്കുന്നു .കൈയ്യിലെ രോമങ്ങളും ,തോളൊപ്പം നീക്കിയിട്ടുമുണ്ട് . മൂക്കിൽ മുറി വള തിരുകി ഒരു മൂക്കുത്തിയും. പോരാത്തതിന് പഴയ ഒരു റിബൺ കൊണ്ട് കഴുത്തിൽ ഒരു ഷോളും ചുറ്റിയിട്ടുമുണ്ട്.പണ്ട് കരണ്ട് തിന്നുന്നതിനിടയിൽ മനോരമ പത്രത്തിലെ, ഒരു ഫോട്ടോയിൽ, ഏതാണ്ടിതേ മാതിരി വേഷം ധരിച്ച ഒരു സ്ത്രീയുടെ ചിത്രം കണ്ടിരുന്നു. ആക്ടിവിസ്റ്റ് എന്നോ മറ്റോ പേരുള്ള ഒരു സ്ത്രീ.
ഒന്ന് രണ്ട് ദിവസങ്ങളായി എലിപെണ്ണിന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ താൻ കണ്ട് തുടങ്ങിയിട്ട് .ഇന്നലെ ,ഇളയ കുട്ടി 'ചിണ്ടനെ' അപ്പി ഇടീക്കാൻ കൊണ്ട് പോകേണ്ടത് തന്റെ കൂടി ഉത്തരവാദിത്വമാണെന്ന് അവൾ പറഞ്ഞു.തലേന്ന് അടിച്ച് മാറ്റി കൊണ്ട് വന്ന തുണി കരണ്ട് മുറിക്കുന്നതിനിടെ "ദേ എലിയാ, ഇതിൽ പാതി നിങ്ങളും കരളണം ഇനി മുതൽ വാല് കൊണ്ടുള്ള തൂപ്പ് ജോലി അടക്കമുള്ള " പൊത്ത് കീപ്പിംഗിനും " നിങ്ങൾ എന്നോടൊപ്പം ചേരണം. എങ്കിലെ യഥാർത്ഥ സ്ത്രീ ശാക്തികരണം നടക്കൂ.
അങ്ങനെ ഗർഭവും ,പ്രസവവും ഒഴികെ ബാക്കി ഉള്ളതെല്ലാം ശാക്തീകരണത്തിന്റെ പേരിൽ അവൾ തനിക്ക് കൂടി വീതം വെച്ച് തന്നു.
അങ്ങനെ ഗർഭവും ,പ്രസവവും ഒഴികെ ബാക്കി ഉള്ളതെല്ലാം ശാക്തീകരണത്തിന്റെ പേരിൽ അവൾ തനിക്ക് കൂടി വീതം വെച്ച് തന്നു.
രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുൻപ്, സാംസ്കാരിക നിലയത്തിൽ കുടുംബ ശ്രീ പ്രവർത്തകർക്ക് ഒരു സെമിനാർ ഉണ്ടായിരുന്നു .വിഷയം സ്ത്രീ ശാക്തികരണവും, തുല്യ പദവിയും. ഈ വിഷയത്തെ കുറിച്ച് ക്ലാസ് എടുത്തത് ചാണകത്തിൽ പറമ്പിലെ ബിജുക്കുട്ടന്റെ ഭാര്യ സിന്ധുവാണ്, വ്യവസ്ഥിതിയെ മാറ്റി മറിക്കണമെന്നോ ,സ്ത്രീകൾ അടിമയല്ലെന്നോ ഒക്കെ അവൾ അന്ന് ഘോര ,ഘോരം പ്രസംഗിച്ചു.അത് പൊത്തിലിരുന്ന് കേട്ടത് മുതൽ തുടങ്ങിയതാണ് ,എലി പെണ്ണിന് ഈ കീറിക്കടി . പക്ഷെ കഷ്ടപ്പാട് സഹിച്ച് ,പലരുടേയും കണ്ണ് വെട്ടിച്ച് താൻ മാന്തി കൊണ്ട് വരുന്ന കപ്പയുടെ പങ്ക് പറ്റുന്ന അവൾ ,ആ റിസ്ക് കൂടി പങ്കിടുന്നതിനെ കുറിച്ച് ഒന്നും പറയാത്തതിൽ അവന് വിഷമം തോന്നി.
ഇങ്ങനെ ചിന്തിച്ച് വിഷമിച്ചിരുന്ന 'തുരപ്പന്റെ 'മൂക്കിലേക്ക് വായുവിലൂടെ " നല്ല നെയ്മീൻ "പൊരിക്കുന്ന ഗന്ധം ഒഴുകി എത്തി. പതിയെ ആ ഗന്ധത്തിന് പിന്നാലെ നീങ്ങിയ അവൻ ചെന്ന് പെട്ടത് ,അധികം ദൂരെ അല്ലാത്ത ചാണക പറമ്പിൽ വീടിന്റെ അടുക്കള പുറത്തായിരുന്നു. അവിടെ ബിജുക്കുട്ടന്, ഭാര്യ സ്റ്റഡി ക്ലാസ് കാരിസിന്ധു മരച്ചീനി പുഴുങ്ങിയതും മീൻ വറുത്തതും വിളമ്പുന്നു.
സിന്ധൂ ഈ ചുരിദാറ് നിനക്ക് നന്നായി ചേരുന്നുണ്ട് ഇപ്പോൾ കണ്ടാൽ ഒരഞ്ച് വയസ് കുറവ് തോന്നും..........എന്ന് മുഖസ്തുതി പറഞ്ഞ ബിജുക്കുട്ടന്റെ പാത്രത്തിലേക്ക് അവൾ ,തുരപ്പൻ ഉന്നം വെച്ചിരുന്ന, മുളക് തിരുമ്മി വറുത്ത, ആ നെയ്മീന്റെ........"ഏറ്റവും മുഴുത്ത നടു കഷണം " ........ ചേട്ടൻ ഇത് കഴിക്ക് ,പിള്ളേർക്ക് വാലും ,എനിക്ക് തലഭാഗവും എന്ന് പറഞ്ഞ് ഇട്ട് കൊടുത്തു .താൻ ഉന്നം വെച്ചആ വലിയ കഷണം ബിജുവിന്റെ വായിൽ പോയതോടെ നിരാശനായി മാറിയ തുരപ്പൻ പതിയെ അവിടെ നിന്നും ഉമ്മറത്തേക്ക് നടന്നു .
അങ്ങനെ നടുക്കഷണം നഷ്ടപ്പെട്ട സങ്കടത്തോടെ തുരപ്പൻ പിൻതിരിഞ്ഞ് നടക്കുമ്പോൾ, ബിജുക്കുട്ടന്റെ അച്ഛൻ വാസുവും ,അമ്മ ലീലയും പാടത്തേക്ക് പണിക്ക് പോകുന്നത് അവൻ കണ്ടു.വാസു വേട്ടന്റെ തോളിൽ ഒരു കൈക്കോട്ടും, പിന്നിൽ നടക്കുന്ന ലീല ചേച്ചിയുടെ കൈയ്യിൽ ഒരു തൂക്ക് പാത്രവും ഉണ്ടായിരുന്നു. ആ പാത്രത്തിൽ നിന്നും മോരൊഴിച്ച പഴങ്കഞ്ഞി തുളുമ്പിയ തുള്ളികൾ താഴെക്ക് ഇറ്റ് വീണു കൊണ്ടേ ഇരുന്നു.
അതിന് പിന്നാലെ പോയ തുരപ്പൻ അവരോടൊപ്പം പാടത്ത് എത്തിചേർന്നു. വാസുവേട്ടൻ വരമ്പ് കിളച്ചപ്പോൾ ,ലീലേച്ചി പാടത്തെ കളപറിച്ചു.അദ്ധ്വാനിച്ച് തളർന്ന അവർ പഴങ്കഞ്ഞി പങ്കിട്ട് കഴിക്കുമ്പോൾ തന്റെ പങ്കിനെക്കാൾ വലിയൊരു പങ്ക് ആ "യഥാർത്ഥ ഫെമിനിസ്റ്റ് " വാസുവേട്ടന് നൽകി.
ഇത് കണ്ട തുരപ്പൻ പതിയെ മാളത്തിലേക്ക് നടന്നു. എലിപ്പെണ്ണ് എന്നെങ്കിലും യഥാർത്ഥ്യം തിരിച്ചറിയുമെന്ന പ്രതീക്ഷയോടെ. അവിടെ അവനെ കാത്ത് അവൾ ബാക്കി വെച്ച പാതി "പൊത്ത് ജോലികൾ " മുഴുവിക്കാനായി കിടപ്പുണ്ടായിരുന്നു.
അരുൺ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക