Showing posts with label SreedeviVijayan. Show all posts
Showing posts with label SreedeviVijayan. Show all posts

ഇരകള്‍.

Image may contain: 1 person, smiling, selfie

അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നിന്നും രക്ഷപെടാനാണ് അയാള്‍ അടുത്തു കണ്ട കോഫീഷോപ്പില്‍ കയറിയത്. നട്ടുച്ചയില്‍ തിളച്ചുമറിയുന്ന നഗരത്തില്‍ മഴ പെയ്തത് പെട്ടെന്നായിരുന്നു. ഈ സമയത്ത് ഒരു കോഫി കുടിക്കാനുള്ള ആവശ്യം തോന്നിയില്ലെങ്കിലും കയറിയ സ്ഥിതിയ്ക്ക് അയാള്‍ ഒരു കോഫി ഓര്‍ഡര്‍ ചെയ്തു. മഴയൊന്നു ശമിക്കുന്നതുവരെ സമയം തള്ളിനീക്കണമല്ലോ. ഇരുണ്ട വെളിച്ചമുള്ള ആ ശീതീകരിച്ച മുറിയില്‍ ആള്‍ക്കാര്‍ അധികമൊന്നും ഇല്ലായിരുന്നു.
ബോറടിയുടെ ഒരല്പം സമയം തള്ളിനീക്കാന്‍ തയാറായി അയാള്‍ ഇരിക്കുമ്പോഴാണ് ഗ്ലാസ്‌ ഡോര്‍ തുറന്ന് ഒരു പെണ്‍കുട്ടിയും പുറകെ ഒരു ചെറുപ്പക്കാരനും അകത്തേക്ക് എത്തിയത്. മഴത്തുള്ളികള്‍ അവരുടെ മുടിയിലും വസ്ത്രങ്ങളിലും ചിത്രങ്ങള്‍ വരച്ചിരുന്നു. മഴയുടെ ഇരകള്‍ തന്നെ ഇവരും – അയാള്‍ ഓര്‍ത്തു. പെണ്‍കുട്ടിയുടെ കൈയില്‍ കുറച്ചു വലിയ ഒരു എയര്‍ബാഗ്‌ ഉണ്ടായിരുന്നു. മൂലയ്ക്ക് ഉള്ള ഒരു ടേബിളിന്‍റെ വശത്ത് അത് വെച്ചിട്ട് അവര്‍ അവിടെ ഇരുന്നു. ചെറുപ്പക്കാരന്‍ ഒരു വലിയ തൂവാല കൊണ്ട് പെണ്‍കുട്ടിയുടെ മുടി തുവര്‍ത്തിയിട്ട് പിന്നീട് സ്വന്തം തലയും തുവര്‍ത്തി. ചുവരില്‍ വെച്ചിരുന്ന അബ്സ്ട്രാക്റ്റ് ചിത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അയാള്‍ ശ്രമിച്ചെങ്കിലും അറിയാതെ അയാളുടെ കണ്ണുകള്‍ ആ പെണ്‍കുട്ടിയിലേക്ക് നീളുന്നുണ്ടായിരുന്നു. അവള്‍ അയാള്‍ക്ക് അഭിമുഖമായിട്ടും പയ്യന്‍ എതിരായിട്ടും ഇരുന്നത് അയാള്‍ക്ക് സൌകര്യം ആയി.
ഇവര്‍ ഏതായാലും കല്യാണം കഴിഞ്ഞവര്‍ അല്ല. അയാള്‍ അനുമാനിച്ചു. പെണ്‍കുട്ടിയുടെ വേഷം ഹാഫ്സാരിയാണ്. കണ്ടിട്ട് നാട്ടിന്‍പുറത്തുകാരെപ്പോലെയുണ്ട്. നാട്ടില്‍ നിന്നും ഒളിച്ചോടി വന്നവര്‍ ആകാനാണ് സാധ്യത. ആ എയര്‍ബാഗില്‍ ഡ്രസ്സുകള്‍ ആവും. ഇന്നിപ്പോള്‍ വല്ല ഹോട്ടലും തപ്പി ഇറങ്ങിയതാവും. കോഫി കുടിക്കുന്നതിന്റെ ഇടയില്‍ പെണ്‍കുട്ടിയുടെ കണ്ണുകള്‍ നിറയുകയും പയ്യന്‍ എന്തൊക്കെയോ പറഞ്ഞ് അവളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
പുറത്ത് മഴ തകര്‍ത്തുപെയ്യുന്നുണ്ടായിരുന്നു. മഴയൊന്നു ശമിച്ചപ്പോള്‍ അയാള്‍ ബില്‍ പേയ് ചെയ്തു. അവരും മഴ നില്ക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നി. അയാള്‍ ഇറങ്ങിയ പുറകേതന്നെ അവരും പുറത്തേക്കിറങ്ങി.
അവര്‍ ഹോട്ടലിന്റെ സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ അയാള്‍ അവരെ തടഞ്ഞു.
“അല്ല..മക്കളേ, എങ്ങോട്ടാ രണ്ടുപേരും കൂടെ ബാഗുമൊക്കെയായിട്ട്?”
പെട്ടെന്നുള്ള ചോദ്യത്തില്‍ അവര്‍ ഒന്നു പകച്ച പോലെ തോന്നി.
“ഞങ്ങള്‍ എങ്ങോട്ടോ ആയിക്കോട്ടെ? എന്താ ഇപ്പൊ നിങ്ങളുടെ പ്രശ്നം?”
പയ്യന്‍ പ്രതികരിച്ചു.
ങ്ങാഹാ... ഒളിച്ചോടുകയും വേണം. ചോദിച്ചാല്‍ അഹങ്കാരവും.....അയാള്‍ മനസിലോര്‍ത്തു. അങ്ങിനെയങ്ങ് വിട്ടാല്‍ പറ്റില്ലല്ലോ......
“ഒളിച്ചോട്ടം ആവും ഇല്ലേ? അല്ലാ..എവിടുന്നാ വരുന്നേ?” അയാളുടെ ശബ്ദത്തില്‍ ഒരല്പം ധാര്‍ഷ്ട്യവും ഒപ്പം പരിഹാസവും കലര്‍ന്നിരുന്നു.
“ഇതൊക്കെ ചോദിയ്ക്കാന്‍ നിങ്ങളാരാ... ഞങ്ങള്‍ ഒളിച്ചോടുകയോ ഒളിക്കാതെ ഓടുകയോ എന്തെങ്കിലും ചെയ്യും. അത് ഞങ്ങളുടെ സൌകര്യം. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?” പയ്യന്‍റെ ശബ്ദവും ഉയര്‍ന്നു.
പതുക്കെ ആളുകള്‍ ചുറ്റും കൂടാന്‍ തുടങ്ങിയിരുന്നു. കാര്യങ്ങള്‍ പരസ്പരം ചോദിക്കുകയും പറയുകയും ചെയ്തപ്പോള്‍ ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി.
“ഇന്നത്തെ കാലത്തെ വളര്‍ത്തുദോഷം എന്നല്ലാതെ എന്തു പറയാന്‍...”
“ഇതുങ്ങളെ പിടിച്ചു പോലീസില്‍ എല്പ്പിക്കുകയാ വേണ്ടത്...”
“അച്ഛനമ്മമാരെ അറിയിച്ചാല്‍ മതി. എന്തിനാ വെറുതെ പോലീസും പട്ടാളവുമൊക്കെ....”
“ഇതിപ്പോ... അവരായി അവരുടെ പാടായി, എന്തിനാ മറ്റുള്ളവര്‍ ഇതിലൊക്കെ ഇടപെടുന്നത്.....”
ഒരല്പ്പം പ്രായമായ ഒരു സ്ത്രീയാണ് ഒടുവില്‍ അവരുടെ രക്ഷയ്ക്ക് എത്തിയത്.
“മക്കളേ... നിങ്ങള്‍ എന്താ ഏതാ... എന്നൊന്നും ചോദിക്കുന്നില്ല... കാലം വല്ലാത്തതാ...ആടിനെ പട്ടിയാക്കുന്ന കുറെ മനുഷരും... നിങ്ങള്‍ എവിടെയാന്ന് വെച്ചാ ഇരുട്ടുന്നതിന്‌ മുന്‍പ് വേഗം ചെന്ന് ചേരാന്‍ നോക്ക്...”
ഒച്ചയും ബഹളവും കണ്ടിട്ടാണെന്ന് തോന്നുന്നു ആ വഴി പോയ ഒരു പോലീസും അവിടെയെത്തി.
“എവിടേക്കാ..ഈ കുട്ടിയേയും കൊണ്ട്?” പോലീസ് ഒരല്പ്പം മര്യാദയുടെ ഭാഷയില്‍ ആണ് ചോദിച്ചത്....
“സാറേ...ഇതെന്‍റെ പെങ്ങളാ... നേര്‍പെങ്ങളല്ല..വല്യമ്മയുടെ മകള്‍. ഇവിടെ ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടിയിട്ടുണ്ട്. കഴിഞ്ഞാഴ്ച ഹോസ്റ്റലില്‍ ചേര്‍ത്തതാ. ഇന്നാ വീട്ടില്‍ നിന്നും ഡ്രസ്സുകളും ഒക്കെ കൊണ്ടുവരുന്നത്... ഇവളെ ഹോസ്റ്റലില്‍ കൊണ്ടുവിടാന്‍ വന്നതാ....നാട്ടില്‍ നിന്നുമുള്ള ബസ്സിറങ്ങിയപ്പോള്‍ മഴ തുടങ്ങി. ഇവിടെ നിന്നും ഹോസ്റ്റല്‍ ഒരു മൂന്നാല് കിലോമീറ്റര്‍ ദൂരമുണ്ട്. ഒരു കാപ്പി കുടിക്കാന്‍ കയറിയതാ....”
ഒറ്റ ശ്വാസത്തില്‍ പയ്യന്‍ ഇത്രയും പറഞ്ഞു. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാതെ പോയാല്‍ മതി എന്നായിരുന്നു അവന്
“അല്ലാ...ആരാ ഈ പ്രശ്നങ്ങള്‍ തുടങ്ങി വെച്ചത്?”
ആരോ ചോദിച്ചപ്പോള്‍ പയ്യന്‍ അയാളെ ചൂണ്ടിക്കാട്ടി.
അയാള്‍, അപ്പോള്‍വന്ന ഒരു ഫോണില്‍ സംസാരിക്കുകയായിരുന്നു .
“ങാ... സേതു.... ഞാന്‍ ഇപ്പൊത്തന്നെ അങ്ങോട്ടെത്താം...ഇവിടെ ഒരു പ്രശ്നത്തിന്‍റെ പുറകെയാ.... ആ പയ്യനെ ആ വീട്ടില്‍ നിന്നും പോകാന്‍ സമ്മതിക്കേണ്ട... കൂട്ടുകാരനാ, ക്ലാസ്സ്‌ മേറ്റാ.. എന്നൊക്കെ പറയും. പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കയറിനിരങ്ങാന്‍ അവനെന്താ കാര്യം? ഇതൊക്കെ അപ്പപ്പോ നിര്‍ത്തിയില്ലെങ്കില്‍ പിന്നെ കൂടുതല്‍ വഷളാവും”
ഫോണ്‍ വെച്ചതും ഇവിടെ കാര്യങ്ങള്‍ തനിക്കനുകൂലമല്ലെന്ന് മനസിലായപ്പോള്‍ ആ വഴി വന്ന ഒരു ഓട്ടോ വിളിച്ച് പെട്ടെന്നയാള്‍ അപ്രത്യക്ഷമായി...
അടുത്ത ഇരകളുടെ അടുത്ത് എത്രയും വേഗമെത്താനുള്ള വെമ്പലോടെ....

by: SreedeviVijayan

യാത്ര

Image may contain: 1 person, outdoor, nature and water

അങ്ങകലെ മഞ്ഞു പുതച്ച മലനിരകള്‍ കാണാം. ഇനിയും 2-3 മണിക്കൂര്‍ യാത്ര ഉണ്ടെന്ന് ഗൈഡ് പറയുമ്പോള്‍ എന്‍റെ കാഴ്ചകള്‍ പുറത്തുള്ള അതിമനോഹര ദൃശ്യങ്ങളിലായിരുന്നു. . ഷിംല - കുളു - മണാലി - മഞ്ഞില്‍ ജന്മംകൊണ്ട ഹിമാചല്‍പ്രദേശിലെ ഈ മനോഹരസ്ഥലങ്ങള്‍ കടന്ന് .വേദപുരാണേതിഹാസങ്ങള്‍ക്ക് രംഗവേദിയൊരുക്കിയ ഹിമാലയസാനുക്കളിലേക്കൊരു യാത്ര. അതെന്‍റെ ഒരു നിയോഗമാവാം. എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട് വിട്ടുപോയ അച്ഛനെത്തിരക്കിയുള്ള ഒരു യാത്ര.
ഒരു ടൂര്‍ ഗ്രൂപ്പിന്‍റെയൊപ്പം യാത്രയ്ക്ക് ഒരുമ്പെടുമ്പോള്‍ മനസില്‍ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഴയ തെറ്റുകള്‍ക്കെല്ലാം മാപ്പ് പറഞ്ഞ് അച്ഛനെ തിരികേ കൊണ്ടുവരണം. അതിനു കഴിഞ്ഞില്ലെങ്കില്‍ അച്ഛനെപ്പോലെ ഹിമവല്‍സാനുക്കളില്‍ അഭയം തേടണം.
"വയസ്സാകുമ്പോള്‍ ചിലര്‍ക്ക് സ്വബോധം നശിക്കുമെന്ന് കേട്ടിട്ടുണ്ട്" ഞാന്‍ പാക്ക് ചെയ്യുന്നത് നോക്കിക്കൊണ്ടു നിന്ന ഭാര്യ പുശ്ചിച്ചു. "ഇതു തന്നെയായിരുന്നു നിങ്ങളുടെ അച്ഛനും. സംഭവിച്ചത്" മറുപടി അര്‍ഹിക്കാത്ത ആ വാക്കുകളെ അവഗണിച്ച് യാത്ര തിരിക്കുമ്പോള്‍ മനസ് പിന്നോട്ട് കുതിക്കുന്നുണ്ടായിരുന്നു.
പഴയകാലം അവിടെ ഒരു ചലച്ചിത്രം പോലെ നിറഞ്ഞാടി. പെന്‍ഷന്‍ പറ്റിയ പ്രായമായ അച്ഛന്‍റെയും അമ്മയുടേയും അടുത്ത് ജോലി നഷ്ടപ്പെട്ട മകന്‍ കുടുംബവുമായി എത്തുന്നത്.. ആ വിഷമസ്ഥിതിയില്‍ സ്നേഹത്തോടെ ചേര്‍ത്തുപിടിച്ച അവരുടെ ചുമലില്‍ ചിലവുകളും വീട്ടിലെ ജോലികളും കുട്ടികളെ നോക്കലും ഏല്‍പ്പിച്ച് സ്വന്തം കാര്യം മാത്രം നോക്കി വീട്ടില്‍ ആധിപത്യം ഉറപ്പിക്കുന്ന മകനും ഭാര്യയും. പിന്നീട് രണ്ടുപേരും ജോലി നേടിയപ്പോഴും കിട്ടുന്ന ശമ്പളം സ്വന്തം ആര്‍ഭാടങ്ങളിലേക്കും നീക്കിയിരുപ്പിനും വേണ്ടി മാത്രം അവര്‍ ഉപയോഗിക്കുമ്പോള്‍ ഒന്നും പറയാതെ എല്ലാം സഹിക്കുന്ന ആ വൃദ്ധദമ്പതികള്‍.
ഒരു വീഴ്ചയെത്തുടര്‍ന്ന് കിടപ്പിലായ അമ്മ മരിച്ചപ്പോഴാണ് അച്ഛന്‍റെ ദുരിതങ്ങള്‍ അതിന്‍റെ പൂര്‍ണതയില്‍ എത്തുന്നത്. എല്ലാ വിഷമങ്ങളിലും താങ്ങായിനിന്ന അമ്മ പോയപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ അച്ഛന്‍റെ കണ്ണിലെ ദൈന്യത ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. സമയാസമയങ്ങളില്‍ ആഹാരമോ ശ്രദ്ധയോ എന്തിന് ഒരു നല്ല വാക്കോ സാമീപ്യമോ പോലും ആരില്‍ നിന്നും ലഭിക്കാതെ വല്ലാത്ത ഒരു വിഷാദത്തിലേക്ക് വഴുതി വീണിരുന്നു അദ്ദേഹം. അവഗണനയും അവഹേളനങ്ങളും താങ്ങാവുന്നതിലപ്പുറമായപ്പോഴാവും അച്ഛന്‍ ഒരു കത്ത് എഴുതിവെച്ചിട്ട് പോകാന്‍ തീരുമാനിച്ചത്.
"എന്നെത്തിരക്കി ആരും വരേണ്ട. പല കാലങ്ങളിലായി ആഗ്രഹിച്ച ഒരു യാത്ര പോവുകയാണ് ഞാന്‍. ഇനി ഒരു തിരിച്ചുവരവുണ്ടാവുകയില്ല."
"അഹങ്കാരം, അല്ലാതെന്തു പറയാനാ.. വയസ്സുകാലത്ത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാന്‍" ഒരു ശല്യം തലയില്‍ നിന്നും ഒഴിഞ്ഞുപോയി എന്നൊരു ചിന്തയായിരുന്നെങ്കിലും ഭാര്യ. പറഞ്ഞത് ഇങ്ങനെയാണ്. ഞാനും മനസില്‍ ഏറെക്കുറെ ഇങ്ങനെയൊക്കെത്തന്നെയാണ് ചിന്തിച്ചത്.
കാലം എന്തിനും ഒരു മറുപടി ഒരുക്കി വെച്ചിട്ടുണ്ടാവും. അതു പലപ്പോഴും യൌവനത്തിന്റെ തീഷ്ണതയില്‍ പലരും മനസിലാക്കുന്നില്ല. സ്വന്തം തെറ്റുകളുടെ തിരിച്ചറിവുകള്‍ പലപ്പോഴും ഉണ്ടാവുന്നത് അതു ഒരു തിരിച്ചടിയായി മുന്നില്‍ എത്തുമ്പോഴായിരിക്കും. ഞാനോര്‍ത്തു. വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം മക്കളുടെ ഉത്തരവാദത്വമില്ലായ്മയും അവരുടെ ധാര്‍ഷ്ട്യവും അവഹേളനകളുമാവാം അച്ഛന്‍റെ പക്ഷത്തു നിന്നുകൊണ്ട് തിരിഞ്ഞു ചിന്തിക്കാന്‍ എനിക്ക് വഴിയൊരുക്കിയത്. സ്വന്തം കര്‍മങ്ങള്‍ എല്ലാവര്‍ക്കും ഒരിക്കല്‍ അനുഭവിക്കേണ്ടി വരും എന്നത് ഞാന്‍ തിരിച്ചറിയുകയായിരുന്നു.
"അങ്കിള്‍ തനിച്ചാണോ?"
പാട്ടില്‍ മാത്രം ശ്രദ്ധിച്ചു കൊണ്ട് ഏതോ ഒരു ലോകത്തായിരുന്ന അടുത്ത സീറ്റിലെ പയ്യന്‍ ഇയര്‍ പ്ലഗ് മാറ്റി ചോദിച്ചപ്പോള്‍ ഒന്നു ചിരിക്കുക മാത്രം ഞാന്‍ ചെയ്തു. വര്‍ത്തമാനത്തിനു താത്പര്യം ഇല്ലെന്ന് തോന്നിയതു കൊണ്ടാവാം അവന്‍ പിന്നൊന്നും ചോദിക്കാതെ അവന്‍റെ ലോകത്തിലേക്ക് തന്നെ മടങ്ങിപ്പോയി.
നീണ്ട ഒരു യാത്രയുടെ അവസാനം ബസ്‌ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ മനസ്സില്‍ ഒരു ശാന്തത പരക്കുന്നത് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു.. അച്ഛന്‍ പലപ്പോഴായി ഹിമാലയം സന്ദര്‍ശിക്കണം എന്ന ആഗ്രഹം പറഞ്ഞു കേട്ടിട്ടുള്ളതു കൊണ്ടാവാം ഇവിടെത്തന്നെയാവും അച്ഛന്‍ ഉണ്ടാവുക എന്നെനിക്ക് തോന്നിയതും വിധി എന്നെ ഇങ്ങോട്ടുതന്നെ കൊണ്ടുവന്നതും...
ഗ്രൂപ്പിനെ വിട്ട് ഞാന്‍ തനിയെ എന്‍റെ വഴികള്‍ തേടി നീങ്ങിത്തുടങ്ങി. ഹിമസാനുക്കളില്‍ അവിടിവിടെയുള്ള ഗുഹകള്‍ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ ഇവിടെവിടെങ്കിലും ആവാം അച്ഛന്‍ ഉണ്ടാവുക എന്ന തോന്നല്‍ എന്നില്‍ ശക്തമായി. മുന്നില്‍ . ജടാധാരികളായ മഹര്‍ഷിമാര്‍. ഇവരിലാരെങ്കിലും അച്ഛനാണോ? അച്ഛന്‍ ജീവനോടെയുണ്ടോ എന്നുപോലും അറിയില്ലല്ലോ.
ഓരോ മുഖങ്ങളും നോക്കിക്കൊണ്ട്‌ ഞാന്‍ മുന്നോട്ടു നടക്കുമ്പോള്‍ . ഏതോ ഒരു പ്രതീക്ഷ എന്നെ മുന്നോട്ട് നയിച്ചു കൊണ്ടിരുന്നു.
(ശ്രീദേവി വിജയന്‍)

വല്യമ്മച്ചി പുലിയാണ് കേട്ടാ.



ഇവളൊരു രണ്ടാഴ്ച എന്‍റെ അമ്മച്ചീടെ കൂടെ പോയി നിക്കട്ടെ. ഇവളുടെ അനാവശ്യകറക്കവും കുറയും. അമ്മച്ചീടെ പരാതിയും മാറും" ബ്രേക്ക്‌ഫാസ്റ്റിന്റെ സമയത്താണ് അപ്പച്ചന് പെട്ടെന്നൊരു ബോധോദയം ഉണ്ടായത്. അതു കേട്ടപാതി, കേള്‍ക്കാത്തപാതി അമ്മച്ചിയും പിന്താങ്ങി. ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞില്ല. കൂട്ടുകാരോടൊപ്പം കറങ്ങിയും സിനിമ കണ്ടും ഷോപ്പിംഗ്‌ നടത്തിയും സന്തോഷമായി ഇരിക്കുന്ന എന്നെക്കണ്ടിട്ട് രണ്ടു പേര്‍ക്കും സഹിക്കുന്നില്ല. അതാ.. ഈ കെട്ടുകെട്ടിക്കല്‍. എതിര്‍ത്തിട്ടും വലിയ പ്രയോജനമൊന്നും ഇല്ല എന്നറിയാവുന്നതു കൊണ്ടുതന്നെ ആ കുഗ്രാമത്തില്‍ പോയി രണ്ടാഴ്ച താമസിക്കാമെന്ന് ഞാനും സമ്മതിച്ചു. ലാപ്ടോപും മൊബൈലും വൈഫൈയും ഒക്കെയുണ്ടെങ്കില്‍ ഒരു രണ്ടാഴ്ചയൊക്കെയെന്തോന്ന്? അല്ലെങ്കിലും പൊതുവേ ഒരു ശുഭാപ്തിവിശ്വാസിയാണ് ഞാന്‍.
അപ്പോം അടയുമൊക്കെ ചുട്ട് എന്നേയും കാത്തിരിക്കുന്ന വല്യമ്മച്ചിയെ കണ്ടതും ഞാന്‍ കെട്ടിപ്പിടിച്ച് എന്‍റെ സന്തോഷം തെളിയിച്ചു. അല്ലെങ്കിലും വലിയമ്മച്ചിയെ പിണക്കിയിട്ടു എനിക്കെന്തു ഗുണം. ഇണക്കത്തിലൊക്കെ നിന്നാല്‍ ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ഗുണം ഉണ്ടാവാനും മതി.
"നിനക്ക് വീട്ടില്‍ വല്ല ആലോചനയും ഉണ്ടോ ഏലിക്കുട്ടീ?" രണ്ടു ദിവസം കഴിഞ്ഞ് ഒരു ഉച്ചയ്ക്കാണ് വല്യമ്മച്ചി എന്നോടിത് ചോദിച്ചത്. ഏലിയാന എന്ന എന്‍റെ സുന്ദരമായ പേര് വല്യമ്മച്ചിയ്ക്ക് ഏലിക്കുട്ടിയാണ്.
"ഇല്ല, വല്യമ്മച്ചീ"
പറഞ്ഞപ്പോള്‍ അറിയാതെ എന്‍റെ മുഖത്തൊരു വാട്ടം വീണത് വല്യമ്മച്ചീടെ കണ്ണില്‍പെട്ടൂന്ന് എനിക്ക് തോന്നി.
"അതിനെവിടാ നിന്‍റെ തള്ളയ്ക്ക് ഇതൊക്കെ ആലോചിക്കാന്‍ സമയം? അവള് വലിയ ജോലിക്കാരിയല്ലിയോ?"
എന്നോട് സഹതാപം പ്രകടിപ്പിക്കുന്നതിനൊപ്പംതന്നെ കിട്ടിയ അവസരം മരുമോള്‍ക്കിട്ട്‌ ഒരു പാരവെക്കാനും വല്യമ്മച്ചി മറന്നില്ല.
പിറ്റേന്ന് വല്യമ്മച്ചി തന്‍റെ വലംകൈയ്യും ഉപദേശിയുമായ വേലക്കാരി ജാനുവിനോടും വിഷയം അവതരിപ്പിച്ചു.
"അല്ലാ, ആ വക്കച്ചന്‍റെ മോന്‍ ...പേരെന്തുവാ... ങാ.. ബേബിച്ചന്‍ .... ദുബായീന്ന് അടുത്തുതന്നെ വരുന്നൂന്ന് കേട്ടല്ലോ... അവനെ നമ്മുടെ ഏലിക്കുട്ടിയ്ക്കൊന്നു ആലോചിച്ചാലോ..."
"അതിനമ്മച്ചീ, ആ ചെറുക്കന് പഠിത്തമൊക്കെ കുറവല്ലയോ. അതൊക്കെ ഈ കുഞ്ഞിന്‍റെ തള്ള സമ്മതിക്കുമോ?"
"അവടമ്മേടെ ഒരു പഠിത്തം. ഒരു പി എച് ഡി യും വെച്ചോണ്ട് എന്നാത്തിനാ? രണ്ടും കൂടെ ജോലിയെടുത്തിട്ട്‌ ഒരു സാധാരണ വീടും ഒരു കുഞ്ഞു കാറുമല്ലാതെ എന്നാ ഒലത്തി? ഈ ബേബിച്ചനാണേല്‍ ദുബായീ പോയേപ്പിന്നെ മണിമാളികയാ അവിടെ കെട്ടിയിരിക്കുന്നെ. മുറ്റത്തു കിടക്കുന്നതോ ബെന്‍സ് കാറും. കാര്യം, വക്കച്ചന് അതിന്‍റെ പൊങ്ങച്ചവും അഹങ്കാരവുമൊക്കെയുണ്ട്. അല്പനര്‍ത്ഥം കിട്ടിയാല്‍... എന്നാണല്ലോ പ്രമാണം. വക്കച്ചനതൊട്ടു തെറ്റിക്കുന്നുമില്ല. എന്നാലും ഏലിക്കുട്ടി അതൊക്കെ കൈകാര്യം ചെയ്തോളും. അവളെന്നേപ്പോലെ മിടുക്കിയാ"
മെയ്യനങ്ങാതെ ഒരല്പം സുഖമായി ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന കുഞ്ഞുമോഹമുള്ള എന്നെ എടുത്താല്‍ പൊങ്ങാത്ത പഠിപ്പൊക്കെ പഠിപ്പിച്ച് ജോലിക്കാരിയാക്കണമെന്നു വിചാരിക്കുന്ന എന്‍റെ അപ്പന്റെയും അമ്മച്ചിയുടെയും ഹിറ്റ്ലര്‍നയത്തെ ശക്തിയുക്തം മനസു കൊണ്ടെതിര്‍ത്തു നില്ക്കുന്ന എനിക്ക് വല്യമ്മച്ചിയുടെ സംസാരം തേന്മഴയായി.
ബേബിച്ചനെപ്പറ്റി വല്യമ്മച്ചി പറഞ്ഞതും ഞാന്‍ ബാല്യകാലത്തെ ഓര്‍മകള്‍ വലിച്ചു പുറത്തേക്കിട്ടു. ഒരിത്തിരി കറുത്ത്, ഈര്‍ക്കിലി പോലുള്ള ചെക്കനായിരുന്നു അന്ന് ബേബിച്ചന്‍. എന്നേക്കാള്‍ ഒരു അഞ്ചാറു വയസ്സെങ്കിലും കൂടുതുല്‍ കാണും. അന്നൊക്കെ അവന്‍ വര്‍ത്തമാനത്തിന് എത്തുമ്പോള്‍ ഞാന്‍ ഒട്ടും അവനെ വകവെച്ചിരുന്നില്ല. കാഴ്ചയ്ക്കും പഠിത്തത്തിനും സാമ്പത്തികമായും താഴെയായിരുന്നു അന്നവന്‍. ചെക്കന്മാര്‍ പക്ഷേ, ഒരു പ്രായമൊക്കെ ആവുമ്പോള്‍ ഒന്നു മിനുങ്ങി കാണാനൊക്കെ ഒരു ശേല് വെക്കും, ഞാനോര്‍ത്തു. അല്ലെങ്കിലും ആമ്പിള്ളാരുടെ മേന്മ അവരുടെ ജോലിയും സമ്പാദ്യവുമൊക്കെയല്ലേ?
പിറ്റേന്ന് നാടു കാണാനെന്നുള്ള വ്യാജേന ഞാന്‍ വക്കച്ചന്‍റെ വീടിന്‍റെ മുന്നിലൂടെ നടന്നു. പണ്ട് പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന വീടിന്‍റെ സ്ഥാനത്ത് തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന ഒരു മനോഹരസൌധം. ചുറ്റുമുള്ള ചെറിയ പ്ലോട്ടുകളെല്ലാം വാങ്ങി ഒന്നാക്കിയ, ഏകദേശം ഒരേക്കര്‍ വരുന്ന പറമ്പ്. പുല്‍ത്തകിടികളും പാമും അലങ്കാരച്ചെടികളുമായി ആകപ്പാടെ ആരും ഒന്നു നോക്കിപ്പോകുന്ന സെറ്റപ്പ്.... വല്യമ്മച്ചിയുടെ ബുദ്ധിയില്‍ എനിക്ക് ശരിക്കും മതിപ്പ് തോന്നി. ഒന്നു തഞ്ചത്തില്‍ നിന്നു കൊടുത്താല്‍ മതി. വല്യമ്മച്ചി എല്ലാം വേണ്ടപോലെ ചെയ്തോളും.
ഇതിനിടയ്ക്ക് ബേബിച്ചന്‍ ദുബായില്‍ നിന്നും എത്തിയതും മറ്റു കുഞ്ഞുകുഞ്ഞു വിശേഷങ്ങളുമെല്ലാം ജാനു ചൂടോടെ വല്യമ്മച്ചിക്ക് എത്തിച്ചു കൊടുത്തുകൊണ്ടിരുന്നു.
ഒരു ദിവസം ഞാനും വല്യമ്മച്ചിയും വരാന്തയില്‍ ഒരല്പം പരദൂഷണവുമായി ഇരിക്കുമ്പോഴാണ് വക്കച്ചനും ഭാര്യയും ബേബിച്ചനും കൂടെ എത്തിയത്.
"ഇതെന്നതാ ... മുന്നറിയിപ്പില്ലാത്ത പെണ്ണുകാണലോ" വല്യമ്മച്ചി എന്നോട് സ്വരം താഴ്ത്തി പറഞ്ഞു.
"നീ ഉള്ളീ പൊക്കോ. കുറച്ചു കഴിഞ്ഞ് ചായേം പലഹാരവുമായി വന്നേക്കണം കേട്ടോ" ഞാന്‍ മനസില്‍ കാണുന്നത് വല്യമ്മച്ചി മാനത്തു കാണും എന്നോര്‍ത്തു കൊണ്ട് ഞാന്‍ വേഗം ഉള്ളിലേക്ക് പോയി. പെണ്ണിന് അടക്കവും ഒതുക്കവും ഇല്ലെന്ന് വരുന്നവര്‍ക്കും തോന്നരുതല്ലോ.
കൊണ്ടു വന്നു വെച്ച ബേക്കറി പലഹാരങ്ങള്‍ ലോഭമില്ലാതെ വെട്ടി വിഴുങ്ങിക്കൊണ്ടിരുന്ന ബെബിച്ചനെ ഞാന്‍ ഒളിഞ്ഞു നിന്ന് നോക്കി. പാവം. വെച്ചുവിളമ്പിക്കൊടുക്കാന്‍ ആരുമില്ലാത്തതു കൊണ്ട് നല്ല ആഹാരങ്ങള്‍ കണ്ടിട്ട് കാലങ്ങള്‍ കുറേ ആയിക്കാണും. അതാ ഈ ആക്രാന്തം. പക്ഷേ, തിന്നാതേം കുടിക്കാതേം കിടക്കുവാന്ന് കണ്ടാല്‍ തോന്നിക്കത്തുമില്ല. പണ്ടത്തെ ഈര്‍ക്കിലി രൂപമൊക്കെ മാറി ഇപ്പോള്‍ ഒരു പോത്തിന്‍റെ സൈസ് ആയിട്ടുണ്ട്‌.

തിന്നാനുള്ളതൊക്കെ ഒരുവിധം തീര്‍ത്തപ്പോഴാണ് ഏതാണ്ട് മാസികയുടെ ഇരട്ടി വലുപ്പമുള്ള ഒരു കവര്‍ നീട്ടിക്കൊണ്ടു വന്നവര്‍ മാറ്ററിലേക്ക് കടന്നത്..
"ത്രേസ്സ്യാമ്മേ, ഞങ്ങള്‍ ഇവന്‍റെ കല്യാണം വിളിക്കാന്‍ വന്നതാ... ദുബായില്‍ അവന്‍റെ കൂടെ ജോലി ചെയ്യുന്ന കുട്ടിയാ.. ജാതിയൊക്കെ ഒന്നായതു കൊണ്ട് ഞങ്ങളും പിന്നെ എതിര്‍ത്തില്ല. ത്രേസ്യ വന്നേക്കണേ... ഈ കൊച്ചിനെക്കൂടെ തീര്‍ച്ചയായും കൊണ്ടുവരണം"
വലിയൊരു ഞെട്ടല്‍ മറച്ചു പിടിച്ചുകൊണ്ട് സുന്ദരമായി പുഞ്ചിരിക്കുകയും ബേബിച്ചനെ കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്തു കൊണ്ട് വല്യമ്മച്ചി അവരെ യാത്രയാക്കി.
"ഒരു ബേബിച്ചന്‍ ഇല്ലെങ്കില്‍ ഒരു റോയിച്ചന്‍. അല്ല പിന്നെ. ഈ ത്രേസ്യയോടാ കളി. അല്ലെങ്കിലും വല്ലവളുമാരേയൊക്കെ പ്രേമിച്ചുനടക്കുന്ന ഇവനെയൊന്നും എന്‍റെ കൊച്ചിന് വേണ്ട.."
അവര്‍ പോയപ്പോള്‍ വല്യമ്മച്ചി പ്രഖ്യാപിച്ചു.
****
ബി എം ഡബ്ല്യൂ യില്‍ രണ്ടു പെമ്പിള്ളാരേം കൊണ്ട് നാട്ടില്‍ എത്തുമ്പോള്‍ എന്‍റെ മനസ് പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ അവധിക്കാലത്തിന്‍റെ ഓര്‍മയിലായിരുന്നു. ഇന്നെന്‍റെ "കൊച്ചുത്രേസ്യ" യുടെ എണ്‍പതാം പിറന്നാള്‍. അന്ന് വല്യമ്മച്ചി എനിക്കു വേണ്ടി കണ്ടുപിടിച്ച "മുന്തിയ" കെട്ടില്‍ എനിക്ക് കിട്ടിയ രണ്ടു സുന്ദരി പെമ്പിള്ളേര്‍ കൂടെ....
"ഇതാരാ.. എന്‍റെ എലിക്കുട്ടിയല്യോ..." എന്നെ കണ്ടതും മറ്റുള്ളവരെയെല്ലാം വിട്ടിട്ട് വല്യമ്മച്ചി എന്‍റെ അടുത്തെത്തി. "എന്നതാ എലിക്കുട്ടീ, നിന്നെ കണ്ടിട്ട് ഇതെത്ര നാളായി. ങ്ങാഹാ.. നിന്‍റെ പിള്ളേരങ്ങ് വലുതായല്ലോ. ഡിഗ്രി കഴിയുമ്പോള്‍ മൂത്തതിനെ കുറച്ചു ദിവസം ഇങ്ങോട്ട് വിട്ടേക്കണം കേട്ടോ."
"അതു പിന്നെ പറയണോ എന്‍റെ കൊച്ചു ത്രേസ്യേ"
വല്യമ്മച്ചിയേയും ചേര്‍ത്തു പിടിച്ചുകൊണ്ട് ഉള്ളിലേക്ക് നടക്കുമ്പോള്‍ ഞാന്‍ എന്‍റെ പിള്ളേരോട് പറഞ്ഞു.
"നിങ്ങളു വിചാരിക്കുന്ന പോലൊന്നുമല്ല, എന്‍റെ വല്യമ്മച്ചി ആളു പുലിയാണു കേട്ടാ..."

BY: Sreedevi vijayan

"ലോലനും മീരയും"


നഷ്ടപ്രണയത്തിന്‍റെ തപ്തനിശ്വാസവുമായി ഇരുന്ന ഒരു നട്ടുച്ച നേരത്താണ് "കണ്ണന്‍റെ മീര" എന്ന എന്‍റെ ഫേക്ക് ഐടി ഞാന്‍ വളരെ നാളുകള്‍ക്കു ശേഷം തുറന്നത്. നൂറിലധികം റിക്വസ്റ്റുകള്‍ വരിവരിയായി കിടക്കുന്നതു കണ്ട് കോള്‍മയിര്‍ കൊണ്ടുകൊണ്ട് തുറന്നുപോലും നോക്കാതെ ഞാന്‍ എല്ലാ റിക്വസ്റ്റുകളും ആക്സെപ്റ്റ് ചെയ്തു. ദാ.. അതിന്‍റെയിടയില്‍ മോഹന്‍ലാലും പ്രിഥ്വിരാജും കൂടാതെ എത്രയോ സുന്ദരന്മാര്‍... മീരാജാസ്മിന്‍റെ രൂപത്തില്‍ ഞാനും എന്‍റെ പ്രൊഫൈലില്‍ നിന്ന് മനോഹരമായി ചിരിച്ചു.
റിക്വസ്റ്റുകള്‍ ആക്സെപ്റ്റ് ചെയ്തു തുടങ്ങിയപ്പോള്‍ മുതല്‍ "ഹായ്, കൂയ്" എന്നെല്ലാം പറഞ്ഞുകൊണ്ട് ചാറ്റ്ഹെഡ്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. "കഴിച്ചോ" ' "എന്തു പറയുന്നു?" "എവിടെയാ വീട്?" ഇങ്ങനെ മെസ്സേജുകള്‍ തുരുതുരാ വന്നുകൊണ്ടിരുന്നതൊന്നും തത്കാലം ശ്രദ്ധിക്കാതെ "ഫീലിംഗ് പ്രണയം" എന്നൊരു സ്റ്റാറ്റസ് ഞാന്‍ ഇട്ടു. എന്നെ ഇട്ടെറിഞ്ഞിട്ടു പോയ കാമുകന്‍ പോയി തുലയട്ടെ. തത്കാലം ഒരു ആശ്വാസം ആര്‍ക്കും പറഞ്ഞിട്ടുള്ളതാണ്.
ആ പോസ്റ്റ്‌ ഇട്ട് ഒരു മിനിറ്റ് ആയില്ല, ലൈക്‌ ഉം കമന്റ്സും എത്തിത്തുടങ്ങി.
"സുന്ദരീ...."
"മനോഹരീ"...
എന്നും ഇതിനിടയില്‍ സ്നേഹം വിളമ്പി ചില ചേട്ടന്മാര്‍...
(പിന്നല്ല... മീരാജാസ്മിന്‍ സുന്ദരിയാണെന്ന് ആര്‍ക്കാണറിയാത്തത്?)
എല്ലാത്തിനും ലൈക് കൊടുത്തും സ്മൈലി ഇട്ടും ഞാന്‍ ആരെയും വെറുപ്പിക്കാതെ നിര്‍ത്തി. ഇതിനിടയില്‍ മെസ്സേജ് ഇട്ടവരില്‍ പ്രിഥ്വിരാജിന്‍റെ ഫോട്ടോ ഉള്ള പ്രൊഫൈല്‍ ഞാന്‍ തിരഞ്ഞുപിടിച്ചു. "ലോലഹൃദയന്‍" എന്ന പേരിലുള്ള ആ പ്രൊഫൈല്‍ തുറന്നപ്പോള്‍ പ്രണയം പൂത്തുലഞ്ഞുനില്ക്കുന്നു. തത്കാലം അയാളുടെ മെസ്സേജിനു മാത്രം ഞാന്‍ ഒരു സ്മൈലി ഇട്ടു കൊടുത്തു.
ദിവസങ്ങള്‍ പോകുംതോറും എന്‍റെ സന്തോഷങ്ങള്‍ എനിക്ക് തിരിച്ചു കിട്ടി. നല്ല വാക്കുകള്‍ കൊണ്ട് സുഖിപ്പിച്ചും ഞാന്‍ ഇടുന്ന ഊള പോസ്റ്റുകള്‍ എല്ലാം വാനോളം പുകഴ്ത്തിയും ഏതു നേരവും എന്‍റെ എല്ലാ കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തി, പ്രിഥ്വി എന്ന ലോലന്‍. എന്നെ തേച്ചിട്ടു പോയ സുരേഷിനെ ഞാന്‍ മറന്ന മട്ടായി.
"ഇവന്‍ ശരിക്കും ഒരു ലോലഹൃദയന്‍ തന്നെ" എന്നെനിക്കു തോന്നാന്‍ തുടങ്ങി. ഇവനെപ്പറ്റി കൂടുതല്‍ എങ്ങിനെ അറിയും? എന്നെ അവന്‍ മനസിലാക്കാതെ എങ്ങിനെ അവനെ നേരില്‍ കാണും? ഞാന്‍ തലപുകഞ്ഞ് ആലോചിച്ചു തുടങ്ങി. പച്ച കളര്‍ ഡ്രസ് ഇട്ട് പാര്‍ക്കില്‍ വരുന്നതൊക്കെ പഴയ ഏര്‍പ്പാടാണ്. മറ്റേതെങ്കിലും പുതുമ പരീക്ഷിക്കണം. അവന്‍ കൊച്ചിയില്‍ ജോലിസംബന്ധമായി കുറച്ചു ദിവസം ഉണ്ടാവുമെന്നറിഞ്ഞ നിമിഷം കോഴിക്കോട് കിടക്കുന്ന ഞാന്‍ ഒരു നമ്പര്‍ ഇറക്കി. "ഇന്ന് ചേച്ചീടെ കൂടെ ലുലുമാളില്‍ പോവണം.... ചേച്ചീടെ മോള്‍ക്ക്‌ ഒരു ഡ്രസ് എടുക്കാന്‍". അവന്‍ കുട്ടികളുടെ ഡ്രസ് ഉള്ള കടകള്‍ക്ക് മുന്‍പില്‍ എന്നെ തിരക്കി എത്തുമെന്ന ഉറപ്പോടെ ഞാന്‍ മെസ്സേജ് അയച്ചു. കൊച്ചിയിലുള്ള എന്‍റെ കൂട്ടുകാരി രേഖ ബാക്കി കാര്യങ്ങള്‍ മാനേജ് ചെയ്തോളുമെന്നു എനിക്ക് ഉറപ്പു തന്നിട്ടുണ്ട്.
"നിന്‍റെ ലോലനെ ഞാന്‍ കണ്ടു കേട്ടോ." രാത്രി രേഖയുടെ
മെസ്സേജ് വന്നു. "നീയാണെന്ന് വിചാരിച്ച് അവന്‍ എന്നെ ഹെഡ് ചെയ്യുകയായിരുന്നു. ഞാനും അതു സമ്മതിച്ചു. എന്തൊരു വിനയം. സുന്ദരനുമാണ്. അവന്‍റെ ഫോട്ടോ അയച്ചു തരാംട്ടോ.."
ഉദ്വേഗത്തിന്‍റെ കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം ആ ഫോട്ടോ എന്നെ തേടിയെത്തി. എന്നെ തേച്ചിട്ടു പോയ തെണ്ടി സുരേഷിന്‍റെ......

Sreedevi

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo