Slider

"ലോലനും മീരയും"

0

നഷ്ടപ്രണയത്തിന്‍റെ തപ്തനിശ്വാസവുമായി ഇരുന്ന ഒരു നട്ടുച്ച നേരത്താണ് "കണ്ണന്‍റെ മീര" എന്ന എന്‍റെ ഫേക്ക് ഐടി ഞാന്‍ വളരെ നാളുകള്‍ക്കു ശേഷം തുറന്നത്. നൂറിലധികം റിക്വസ്റ്റുകള്‍ വരിവരിയായി കിടക്കുന്നതു കണ്ട് കോള്‍മയിര്‍ കൊണ്ടുകൊണ്ട് തുറന്നുപോലും നോക്കാതെ ഞാന്‍ എല്ലാ റിക്വസ്റ്റുകളും ആക്സെപ്റ്റ് ചെയ്തു. ദാ.. അതിന്‍റെയിടയില്‍ മോഹന്‍ലാലും പ്രിഥ്വിരാജും കൂടാതെ എത്രയോ സുന്ദരന്മാര്‍... മീരാജാസ്മിന്‍റെ രൂപത്തില്‍ ഞാനും എന്‍റെ പ്രൊഫൈലില്‍ നിന്ന് മനോഹരമായി ചിരിച്ചു.
റിക്വസ്റ്റുകള്‍ ആക്സെപ്റ്റ് ചെയ്തു തുടങ്ങിയപ്പോള്‍ മുതല്‍ "ഹായ്, കൂയ്" എന്നെല്ലാം പറഞ്ഞുകൊണ്ട് ചാറ്റ്ഹെഡ്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. "കഴിച്ചോ" ' "എന്തു പറയുന്നു?" "എവിടെയാ വീട്?" ഇങ്ങനെ മെസ്സേജുകള്‍ തുരുതുരാ വന്നുകൊണ്ടിരുന്നതൊന്നും തത്കാലം ശ്രദ്ധിക്കാതെ "ഫീലിംഗ് പ്രണയം" എന്നൊരു സ്റ്റാറ്റസ് ഞാന്‍ ഇട്ടു. എന്നെ ഇട്ടെറിഞ്ഞിട്ടു പോയ കാമുകന്‍ പോയി തുലയട്ടെ. തത്കാലം ഒരു ആശ്വാസം ആര്‍ക്കും പറഞ്ഞിട്ടുള്ളതാണ്.
ആ പോസ്റ്റ്‌ ഇട്ട് ഒരു മിനിറ്റ് ആയില്ല, ലൈക്‌ ഉം കമന്റ്സും എത്തിത്തുടങ്ങി.
"സുന്ദരീ...."
"മനോഹരീ"...
എന്നും ഇതിനിടയില്‍ സ്നേഹം വിളമ്പി ചില ചേട്ടന്മാര്‍...
(പിന്നല്ല... മീരാജാസ്മിന്‍ സുന്ദരിയാണെന്ന് ആര്‍ക്കാണറിയാത്തത്?)
എല്ലാത്തിനും ലൈക് കൊടുത്തും സ്മൈലി ഇട്ടും ഞാന്‍ ആരെയും വെറുപ്പിക്കാതെ നിര്‍ത്തി. ഇതിനിടയില്‍ മെസ്സേജ് ഇട്ടവരില്‍ പ്രിഥ്വിരാജിന്‍റെ ഫോട്ടോ ഉള്ള പ്രൊഫൈല്‍ ഞാന്‍ തിരഞ്ഞുപിടിച്ചു. "ലോലഹൃദയന്‍" എന്ന പേരിലുള്ള ആ പ്രൊഫൈല്‍ തുറന്നപ്പോള്‍ പ്രണയം പൂത്തുലഞ്ഞുനില്ക്കുന്നു. തത്കാലം അയാളുടെ മെസ്സേജിനു മാത്രം ഞാന്‍ ഒരു സ്മൈലി ഇട്ടു കൊടുത്തു.
ദിവസങ്ങള്‍ പോകുംതോറും എന്‍റെ സന്തോഷങ്ങള്‍ എനിക്ക് തിരിച്ചു കിട്ടി. നല്ല വാക്കുകള്‍ കൊണ്ട് സുഖിപ്പിച്ചും ഞാന്‍ ഇടുന്ന ഊള പോസ്റ്റുകള്‍ എല്ലാം വാനോളം പുകഴ്ത്തിയും ഏതു നേരവും എന്‍റെ എല്ലാ കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തി, പ്രിഥ്വി എന്ന ലോലന്‍. എന്നെ തേച്ചിട്ടു പോയ സുരേഷിനെ ഞാന്‍ മറന്ന മട്ടായി.
"ഇവന്‍ ശരിക്കും ഒരു ലോലഹൃദയന്‍ തന്നെ" എന്നെനിക്കു തോന്നാന്‍ തുടങ്ങി. ഇവനെപ്പറ്റി കൂടുതല്‍ എങ്ങിനെ അറിയും? എന്നെ അവന്‍ മനസിലാക്കാതെ എങ്ങിനെ അവനെ നേരില്‍ കാണും? ഞാന്‍ തലപുകഞ്ഞ് ആലോചിച്ചു തുടങ്ങി. പച്ച കളര്‍ ഡ്രസ് ഇട്ട് പാര്‍ക്കില്‍ വരുന്നതൊക്കെ പഴയ ഏര്‍പ്പാടാണ്. മറ്റേതെങ്കിലും പുതുമ പരീക്ഷിക്കണം. അവന്‍ കൊച്ചിയില്‍ ജോലിസംബന്ധമായി കുറച്ചു ദിവസം ഉണ്ടാവുമെന്നറിഞ്ഞ നിമിഷം കോഴിക്കോട് കിടക്കുന്ന ഞാന്‍ ഒരു നമ്പര്‍ ഇറക്കി. "ഇന്ന് ചേച്ചീടെ കൂടെ ലുലുമാളില്‍ പോവണം.... ചേച്ചീടെ മോള്‍ക്ക്‌ ഒരു ഡ്രസ് എടുക്കാന്‍". അവന്‍ കുട്ടികളുടെ ഡ്രസ് ഉള്ള കടകള്‍ക്ക് മുന്‍പില്‍ എന്നെ തിരക്കി എത്തുമെന്ന ഉറപ്പോടെ ഞാന്‍ മെസ്സേജ് അയച്ചു. കൊച്ചിയിലുള്ള എന്‍റെ കൂട്ടുകാരി രേഖ ബാക്കി കാര്യങ്ങള്‍ മാനേജ് ചെയ്തോളുമെന്നു എനിക്ക് ഉറപ്പു തന്നിട്ടുണ്ട്.
"നിന്‍റെ ലോലനെ ഞാന്‍ കണ്ടു കേട്ടോ." രാത്രി രേഖയുടെ
മെസ്സേജ് വന്നു. "നീയാണെന്ന് വിചാരിച്ച് അവന്‍ എന്നെ ഹെഡ് ചെയ്യുകയായിരുന്നു. ഞാനും അതു സമ്മതിച്ചു. എന്തൊരു വിനയം. സുന്ദരനുമാണ്. അവന്‍റെ ഫോട്ടോ അയച്ചു തരാംട്ടോ.."
ഉദ്വേഗത്തിന്‍റെ കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം ആ ഫോട്ടോ എന്നെ തേടിയെത്തി. എന്നെ തേച്ചിട്ടു പോയ തെണ്ടി സുരേഷിന്‍റെ......

Sreedevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo