നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭ്രാന്ത്

ഭ്രാന്ത്...
രണ്ടര മണിക്കൂർ ആയി ഈ ഇരുപ്പ് തുടങ്ങിയിട്ട്..ഏഴു വർഷം ആയി പുറം ലോകം കണ്ടിട്ട്..ഒരാളോടും മിണ്ടാൻ തോന്നുന്നില്ല..ആരും തന്നെ നോക്കുന്നില്ല എങ്കിലും എല്ലാവരും തുറിച്ചു നോക്കുന്ന പോലെ..ഇനി എന്ത് ചെയ്യും..തിരിച്ചു പോകാൻ വയ്യ..എങ്ങോട്ട് പോണം എന്നും അറിയില്ല.. വീട്ടിലേക്ക് പോകാൻ ഉള്ള വഴി പോലും ഓർമ്മയില്ല.. ഭ്രാന്ത് മാറിയിട്ട് നാല് കൊല്ലം ആയി എന്നൊക്കെ ഡോക്ടർ വെറുതെ പറഞ്ഞതാണെന്നു തോന്നുന്നു..അല്ലെങ്കിൽ നാലര വർഷം മുൻപ് അവസാനമായി കണ്ട ഒരു പെണ്ണിന്റെ വാക്ക് വിശ്വസിച്ചു ഇവിടെ ഇങ്ങനെ കാത്ത് ഇരിക്കുമോ..ശരിക്കും വട്ട് തന്നെ..ഇനിയിപ്പോ മറ്റുള്ള കാര്യങ്ങൾ ഒക്കെ തോന്നിയ പോലെ അവളും തോന്നൽ ആയിരുന്നുവോ..
സുനിൽ ആ വെയിറ്റിങ് ഷെഡിൽ ഇരിപ്പ് തുടങ്ങിയിട്ടും ആലോചന തുടങ്ങിയിട്ടും ഇപ്പൊൾ മൂന്നാല് മണിക്കൂർ കഴിഞ്ഞു..
അവൻ അവളെ കുറിച്ച് തന്നെ ആണ് ആലോചിക്കുന്നത്..നാലര വര്ഷം മുൻപ് നാട്ടിൽ നിന്നും ഏറെ ദൂരെ ഉള്ള മാനസികരോഗ്യകേന്ദ്രത്തിൽ വെച്ചാണ് അവളെ കാണുന്നത്..അതോ തോന്നിയതോ.. സുനിലിനെ അവിടെ രോഗി ആയി പ്രവേശിപ്പിച്ചിട്ടു മൂന്ന് വർഷത്തോളം ആയിരുന്നു..
എല്ലാ മാസവും കേരളത്തിലെ ഒട്ടുമിക്ക നഴ്സിംഗ് കോളേജുകളിൽ നിന്നും സൈക്യാട്രിക് പോസ്റ്റിങ്ങിനായി ഒരുപാട് നഴ്സിംഗ് വിദ്യാർത്ഥികൾ വരുന്ന കൂട്ടത്തിൽ വന്നതായിരുന്നു അവളും..മേബിൾ എന്നായിരുന്നു പേര് പറഞ്ഞത്..ഒക്യൂപ്പേഷണൽ തെറാപ്പി ഹാളിൽ , ( ആശുപത്രിയിലെ രോഗികൾക്ക് വേണ്ടി വിവിധ ഇനം തൊഴിൽ പരിശീലിപ്പിക്കുന്ന സ്ഥലം, ബുക്ക് ബിൻഡിങ്, സോപ്പ് നിർമ്മാണം, പൂക്കൾ, കവർ നിർമ്മാണം, തയ്യൽ അങ്ങിനെ ഒരുപാട് .) വെച്ചാണ് ഒരു സിസ്റ്റർ സുനിൽ, സുനിൽ എന്ന് ഉറക്കെ വിളിച്ചത്.. കവർ ഒട്ടിക്കുന്നതിനിടെ തല ഉയർത്തുമ്പോ വാർഡന്റെ ഒപ്പം അവളും നിൽക്കുന്നു.. "സുനിലെ, നീ അത് അവിടെ വെച്ചിട്ട് ഈ കൊച്ചിന്റെ അടുത്ത് ചെന്നെ, അവൾക്ക് കെയർ സ്റ്റഡി നിന്നെ ആണ് കിട്ടിയെക്കുന്നെ".. ഓരോ മാസവും ഓരോ കോളേജിൽ നിന്നും വന്നിട്ട് ആരെങ്കിലും ഒക്കെ പഠിച്ചിട്ടു പോകുന്നത് ശീലം ആയി ഇപ്പൊ ഓരോ രോഗികൾക്കും..
"ഹലോ, ഞാൻ മേബിൾ.. എനിക്ക് കെയർ സ്റ്റഡി ആയി സുനിലിന്റെ കേസ് ആണ് കിട്ടിയിരിക്കുന്നത്..സുനിലിന്റെ കേസ് എന്താണെന്ന് സുനിലിന് അറിയാമോ..അവൾ ചോദിച്ചു.."
"സൈക്കോസിസ് അല്ലെ..ഇതിപ്പോ കുറെ ആയി നിങ്ങളെ പോലെ ഉള്ളവർ വന്നു പറഞ്ഞു പറഞ്ഞിട്ട് എനിക്ക് ഇപ്പൊ എന്റെ കേസ് മുഴുവൻ അറിയാം.."
'ആഹ, അപ്പൊ എന്റെ ജോലി എളുപ്പം ആയി..എങ്കി സുനിലിന്റെ അസുഖത്തെ കുറിച്ചു സുനിലിന് അറിയാവുന്നത് മുഴുവൻ പറഞ്ഞോളൂ..'
അവൻ ,കോളേജിൽ പഠിക്കുന്ന സമയത്ത് ഉറ്റ ചങ്ങാതിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തതും, അപകടം പറ്റിയതും, ഹെൽമെറ്റ് വെക്കാത്ത കൊണ്ട് തലക്ക് പരുക്ക് പറ്റി ഓപ്പറേഷൻ ചെയ്തതും, ശേഷം കൂട്ടുകാരനോട് സംസാരിക്കുമ്പോ എല്ലാം വീട്ടുകാർ ചീത്ത വിളിച്ചതും, വട്ട് ആണെന്നും പറഞ്ഞു ഇവിടെ കൊണ്ടുവന്നു വിട്ടതും, രണ്ടു വർഷത്തിന് ശേഷം രോഗം സ്വയം തിരിച്ചറിഞ്ഞതും, (സംസാരിച്ചുകൊണ്ടിരുന്ന കൂട്ടുകാരൻ ശരിക്കും അന്നത്തെ അപകടത്തിൽ മരിച്ചു പോയ കൂട്ടുകാരൻ ആയിരുന്നു) എല്ലാം പറഞ്ഞു..
സുനിൽ ഇപ്പൊ ശരിക്കും നോർമൽ ആയില്ലേ, പിന്നെ എന്താ ഡോക്ടർ പൊയ്‌ക്കോളാൻ പറഞ്ഞിട്ടും പോകാത്തത്..മേബിൾ ചോദിച്ചു..
"അതുണ്ടല്ലോ, പേടിച്ചിട്ട, നാട്ടിൽ എല്ലാര്ക്കും അറിയാം എനിക്ക് ഭ്രാന്ത് ആയിരുന്നു എന്ന്..കുറെ നാൾ മുൻപ് അനിയന്റെ കല്യാണത്തിന് പരോളിൽ നാട്ടിൽ പോയാരുന്നു..കുറച്ചു ചങ്ങാതിമാർ ഒഴിച്ചാൽ എല്ലാര്ക്കും പേടിയാ, മിണ്ടാനും കൂടെ ഇരിക്കാനും ഒക്കെ.. ഒരിക്കൽ ഭ്രാന്താശുപത്രിയിൽ കിടന്നാൽ, പിന്നെ അതിനി എത്ര ഡോക്ടർമാർ മാറി എന്ന് പറഞ്ഞാലും ആളുകൾ ഇപ്പോളും അംഗീകരിക്കില്ല..അനിയൻ പോലും വിശ്വസിച്ചില്ല..പിന്നെ അമ്മയുടെയും അച്ഛന്റെയും വാശി കൊണ്ടാണ് അന്ന് പരോൾ എടുത്തു കൊണ്ടുപോയത്..വല്ലാത്ത ഒരു ബുദ്ധിമുട്ട് ആണ് ഭ്രാന്തില്ലാത്തവരുടെ കൂടെ ഒരിക്കൽ ഭ്രാന്ത് ആയവന് ജീവിക്കാൻ..അനിയൻ പോലും ഏട്ടന് വേണ്ടി കാക്കാതെ വിവാഹം കഴിച്ചു..കാരണം എന്താ, ചേട്ടന് ഇനി ഒരു പെണ്ണും കിട്ടൂല എന്ന് അവന് അറിയാം..എനിക്കും.."
"ഇവിടുന്ന് തന്നെ പഠിച്ചു ഞാൻ ഡിഗ്രി കമ്പ്ലീറ്റ് ചെയ്തു..ഇവിടെ ഫാർമിൽ പണി എടുക്കും, പിന്നെ ഈ കവർ ഒക്കെ ഒട്ടിച്ചു വിക്കും, അങ്ങിനെ തരക്കേടില്ലാത്ത ഒരു വരുമാനം എനിക്ക് ഇവിടുന്ന് കിട്ടുന്നുണ്ട്, ഞാൻ മാത്രം അല്ല ഇവിടെ ഒത്തിരി പേര് ഉണ്ട്, അസുഖം മാറിയിട്ടും, പറഞ്ഞു വിടല്ലേ എന്ന് ആഗ്രഹിക്കുന്നവർ..അസുഖം മാറിയില്ലെന്ന് അഭിനയിക്കുന്നവർ..ആരും കൊണ്ടുപോകാത്തവർ..ഇത് വേറെ ലോകം ആണ്.. ഒരിക്കൽ എത്തിയാൽ തിരിച്ചു പോക്ക് സാധിക്കാത്ത,പോയവർ തിരിച്ചു വരരുതെ എന്ന് പുറംലോകത്തുള്ളവർ ആഗ്രഹിക്കുന്ന ലോകം..മനസ്സുകൾ ചങ്ങലയ്ക്ക് ഇട്ടിരിക്കുന്നവരുടെ ലോകം..."
അന്ന് രാത്രി മേബിളിന് ഉറങ്ങാൻ സാധിച്ചില്ല..ഭ്രാന്തന്മാരുടെ അവസ്ഥ ആലോചിച്ചു തനിക്ക് ഭ്രാന്ത് ആകുമോ എന്നവൾ ചിന്തിച്ചു..ടേബിൾ ലാമ്പ് വെളിച്ചത്തിൽ സുനിൽ, 27 വയസ്, സൈക്കോസിസ് എന്ന കേസ് പേപ്പറിൽ നിന്നും മനസ്സിൽ കയറിയത്‌ അവൾ അറിഞ്ഞു..
കൂട്ടുകാരി ഇനി ചീത്ത വിളിക്കാൻ ബാക്കി ഒന്നും ഇല്ല.."നിനക്കെന്താ മേബിൾ ഭ്രാന്ത് ആണോ, നമ്മൾ ഇവിടെ പഠിക്കാൻ വന്നതാ, പ്രണയിക്കാൻ അല്ല, അതും ഒരു ഭ്രാന്തനെ..ഇത് ഞാൻ മിസ്സിനോട് പറയും..ഇന്ന് നിർത്തിക്കോണം ഈ വട്ട്.."
"എടി, ഇതിനെക്കുറിച്ച് പഠിക്കുന്ന, ഈ രോഗം മാറിയതെന്നു മനസ്സിലാക്കാൻ വിവരം ഉള്ള നമ്മൾ പോലും ഇങ്ങനെ ചിന്തിച്ചാൽ മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യം ഉണ്ടോ..നീ എന്ത് പറഞ്ഞാലും ഞാൻ ഇത് സീരിയസ് ആയിട്ടാണ്..എനിക്ക് ചീഫ് ഡോക്ടറെ ഒന്ന് കാണണം..വേണമെങ്കിൽ എനിക്ക് ഒരു കൗൺസിലിങ് കൂടി ആയിക്കോട്ടെ..നീ ഒന്ന് വാടി.. മേബിൾ കൂട്ടുകാരിയെ കൂട്ടി ചീഫിനെ കണ്ടു.."
പിന്തിരിപ്പിക്കാൻ ശ്രമിച്ച ഡോക്ടറോടും അവൾ ഒന്നേ ചോദിച്ചുള്ളൂ, രോഗം മാറി എന്നും ഇനി രോഗം വരാൻ സാധ്യത ഇല്ലെന്നും എന്നേക്കാൾ ഉറപ്പുള്ള ഡോക്ടർ പോലും ഇങ്ങനെ പറഞ്ഞാൽ പിന്നെ ആരെയാണ് കുറ്റം പറയാൻ സാധിക്കുക..
ചീഫ് ഡോക്ടർ പ്രൊഫസർ ഏലിയാസ് അതിശയതോടെയാണ് അവളെ കേട്ടത്..എനിക്ക് കുട്ടിയുടെ ചിന്തകളോട് അഭിമാനം തോന്നുന്നു..പക്ഷെ, വീട്ടുകാർ സമ്മതിക്കുമോ,കുട്ടി ഇന്നും വീട്ടുകാരുടെ ആശ്രയത്തിൽ പഠനം നടത്തുന്ന ഒരാൾ ആണ്..ഇപ്പോൾ സിമ്പതി കൊണ്ട് തോന്നിയ ഈ ആവേശം കുറെ കഴിഞ്ഞാൽ മാറിയേക്കാം..
"ഇല്ല ഡോക്ടർ, ഇരുപത് വയസ് കഴിഞ്ഞ ഒരു പെണ്ണ് ആണ് ഞാൻ, എനിക്ക് ലോകം തിരിച്ചറിയാൻ ഉള്ള കഴിവില്ലേ, എന്റെ ലോകം തീരുമാനിക്കാൻ ഉള്ള അവകാശവും..ഞാൻ പഠിച്ചു ജോലി നേടും..ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ഉള്ള വരുമാനം നേടും..അന്ന് എനിക്ക് സുനിലിന്റെ സമ്മതം അറിഞ്ഞാൽ മതി.."
"അതെ, കുട്ടിയുടെ തീരുമാനം ഇവിടുന്ന് പോയിട്ടും മാറ്റം ഇല്ലെങ്കിൽ എന്നെ അറിയിക്കുക, അത് വരെ എന്റെ ക്ലൈന്റ് ഇതൊന്നും അറിയരുത്..എന്റെ രോഗികൾ പ്രതീക്ഷകൾ ഇല്ലാതെ ജീവിക്കുന്നവർ ആണ്..അവരെ പ്രതീക്ഷ നൽകി കബളിപ്പിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല.."
ഒരു മാസം മുൻപ് ഡോക്ടർ ഏലിയാസ് ആണ് ആ കത്ത് സുനിലിന് നൽകിയത്..അതിൽ മേബിൾ തന്റെ ജോലി ഓസ്‌ട്രേലിയയിൽ ശരി ആയതും രണ്ടുവർഷത്തെ ജോലിക്ക് ശേഷം ലീവിന് വരുന്നതും, ഇന്നും സുനിൽ അവിടെ ഉണ്ടെങ്കിൽ അവൾക്ക് കൂട്ടായി അവനെ വേണമെന്നും , വരുന്ന മാസം അവൾ എത്തുമ്പോൾ സുനിലിനെ ആശുപത്രിക്ക് പുറത്തു വെച്ച് കാണണം എന്നും ഒക്കെ എഴുതിയ കത്ത്..
ഡോക്ടറെ, ഇതും ഡോക്ടർ പറയും പോലെ എന്റെ ഹാലുസിനേഷൻ ആണോ, ഞാൻ ഇങ്ങനെ ഒരാളെ കണ്ടിട്ടുണ്ടോ, ഈ കത്ത് ഉണ്ടോ എന്നൊക്കെ സുനിൽ കുറെ ചോദിച്ചു ഡോക്ടറോട്..
ഒക്കെ സത്യം ആണ് സുനിലേ, ഇനി അല്ലെങ്കിൽ എനിക്കും നിനക്കും ചിലപ്പോൾ ഒരുമിച്ചു തോന്നുന്നതാകും, ആ തോന്നൽ അങ്ങനെ ഇരിക്കട്ടെടാ, എന്നും പറഞ്ഞു ഡോക്ടർ പോയി..കാരണം ഡോക്ടർക്കും ഇങ്ങനെ ഒരു അനുഭവം ആദ്യം ആയിരുന്നു..
ഇന്ന് ആ തോന്നൽ ശരിയാണോ എന്ന് അറിയാൻ ഉള്ള കാത്തിരിപ്പ് ആണ് സുനിൽ..അന്ന് കണ്ടതാണ്..മൂന്നാല് കൊല്ലം ആയി, തനിക്ക് ഇപ്പോൾ മുപ്പതോ മുപ്പത്തി ഒന്നോ , കോളേജിൽ വച്ച് ആഘോഷിച്ച ജന്മദിനമേ ഓർമ്മ ഉളളൂ.. പിന്നീട് ഒക്കെ വെറും തോന്നലുകൾ ആയിരുന്നില്ലേ..
ശരിക്കും ഇപ്പോൾ ആണ് തനിക്ക് ഭ്രാന്തെന്ന് സുനിലിന് തോന്നി..ഒരു ഭ്രാന്തനെ ജീവിതത്തിലേക്ക് ഒരു പെണ്ണ് ക്ഷണിച്ചു എന്നത് വിശ്വസിച്ചു ,ആകെ ഉള്ള ആശ്രയം ആയ ഹോസ്പിറ്റലിൽ നിന്നും പുറത്തു വന്നു മണിക്കൂറുകൾ ആയി കാത്തിരിക്കുന്നു..ഭ്രാന്ത് തന്നെ..
ചിന്തകൾക്കൊടുവിൽ എപ്പോളോ മുന്നിൽ ഒരു ടാക്‌സി വന്നു നിന്നു..അതിനുള്ളിൽ നിന്നും സുനിൽ എന്ന അതെ വിളി, തോന്നിയതാണോ, സുനിൽ വീണ്ടും നോക്കി..അതെ അവൾ തന്നെ..മേബിൾ.. അവൾ അവനെ ഡോർ തുറന്ന് അകത്തേക്ക് ക്ഷണിച്ചു..ഉള്ളിൽ കയറി ഇരുന്നപ്പോൾ അവൾ അവനെ ആലിംഗനം ചെയ്തു..
ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ടോ മേബിൾ, അതോ ഇതും ന്റെ ഭ്രാന്തിന്റെ ഭാഗം ആണോ എന്ന് അവൻ ചോദിച്ചു..അവന്റെ കയ്യിൽ മുറുകെ പിടിച്ച്, ആ തോളിൽ ചാരി അവൾ പറഞ്ഞു.."നിന്റെ രോഗം മാറി എന്ന്, ആദ്യം വിശ്വസിക്കേണ്ടത് നീ ആണ് സുനിൽ..ഇതാണ് ശരിയ്ക്കും ഉള്ള തോന്നൽ..ഈ തോന്നലിൽ നമുക്കങ്ങ് ജീവിക്കാം..പോരെ..."
അവളെ നോക്കി അവൻ പറഞ്ഞു..
"നിനക്ക് ആണ് പെണ്ണെ.. ശരിക്കും ഭ്രാന്ത്.."
(ശുഭം)

Sajna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot