"അമ്മ ഒരു കാര്യം ചെയ്യൂ , കുറച്ചു നാൾ ചേച്ചിയുടെ കൂടെ പോയി നിൽക്ക് , ഞാൻ കൊണ്ടു പോയി ആക്കി തരാം".ഒടുവിൽ തുറുപ്പു ചീട്ടു ഞാൻ ഇറക്കി നോക്കി ,അങ്ങനെ എങ്കിലും കുറച്ചു ദിവസം സമാധാനം കിട്ടുമല്ലോ !
"മോനെ ശശി , നിന്റെ വേല നിന്റെ കയ്യിൽ വച്ചാൽ മതി .എന്നെ ഇവിടെ നിന്നോടിച്ചിട്ടു നിനക്ക് നിന്റെ പെണ്ണുമ്പിള്ളയുമായി ഇവിടെ വാഴാം എന്ന് കരുതിയോ ,ഇത് എന്റെ ഭർത്താവ് എന്റെ പേരിൽ എഴുതി വെച്ച വീടാ , നിനക്ക് വേണമെങ്കിൽ നിന്റെ ഭാര്യയെ കൊണ്ടു അവളുടെ വീട്ടിൽ നിർത്തു ,അതെങ്ങനാ അവിടെ നിന്നാൽ രണ്ടു ദിവസം കൊണ്ടു അവളുടെ നാത്തൂന്മാർ അടിച്ചു ഓടിക്കില്ലേ ?"
ഇത് കേട്ടു എന്റെ വാമ ഭാഗം വെറുതെ ഇരിക്കുമോ ! അവൾക്കു അങ്ക കലി കൊണ്ടു ....." ദേ തള്ളേ , ഞാൻ എന്റെ വീട്ടിൽ ചെന്നാൽ അവർ എന്നെ പൊന്നു പോലെ നോക്കും ,നിങ്ങളുടെ മകനല്ലേ എന്നെ അങ്ങോട്ട് വിടാത്തെ ?"
"ഉവ്വേ ഒരു പൊന്നിൻ കുടം , ഞാൻ കണ്ടതല്ലേ കഴിഞ്ഞ തവണയും എങ്ങനാ വന്നതെന്ന് ".അമ്മയും വിട്ടു കൊടുക്കാൻ തയ്യാറല്ല .
ഇങ്ങനെ പോയാൽ ശരിയാവില്ല ,രണ്ടിലൊന്ന് തീരുമാനിച്ചേ പറ്റു .മുൻപ് ഒരു അനുഭവം ഉള്ളത് കൊണ്ടു രണ ഭൂമിയിലേക്ക് എടുത്തു ചാടാൻ ഞാൻ നിന്നില്ല .[അത് കേണൽ മഹാദേവൻ തന്നെ ചാടിക്കോട്ടെ ] ഞാൻ കുറച്ചു നേരം മുറിയിൽ ഇരുന്നു കൂട്ടലും കിഴിക്കലും നടത്തി ; ഒടുവിൽ ഒരു തീരുമാനം എടുത്തു പോർക്കളത്തിലേക്കു മടങ്ങി ചെന്നു .
" രണ്ടു പേരും ഒന്ന് നിർത്തിക്കെ ",എന്റെ ഇത്ര പൗരുഷമുള്ള ശബ്ദം ആദ്യമായി കേട്ടത് കൊണ്ടാണോ എന്നറിയില്ല രണ്ടു പേരും അന്തം വിട്ടു ഒരു നിമിഷം നിന്നു , ആ ഗ്യാപ്പിലൂടെ ഞാൻ നുഴഞ്ഞു കയറി .
"അമ്മേ ഇനി ഇങ്ങനെ തുടർന്നാൽ ശരിയാവില്ല , ഉള്ള സ്നേഹം പോവുകയേ ഉള്ളു , അത് കൊണ്ടു ഞാൻ ഒരു കാര്യം തീരുമാനിച്ചു ..... ഞങ്ങൾ മാറി താമസിക്കാം .എന്റെ പേരിൽ വാങ്ങിയ വീടില്ലേ ,അവിടെ നിന്നും വാടകക്കാർ ഒഴിഞ്ഞു ;ഞങ്ങൾ അങ്ങോട്ട് മാറാം ".
"ഓ...അതായിരുന്നല്ലേ പ്ലാൻ , എന്റെ ശല്യം ഒഴിവാക്കാൻ ഭാര്യ പറഞ്ഞു തന്ന ബുദ്ധി ആയിരിക്കും അല്ലേ ? [ എന്റെ ബുദ്ധയിൽ അമ്മയ്ക്ക് പോലും വിശ്വാസം ഇല്ലാണ്ടായല്ലോ ] പെണ്ണുമ്പിള്ളയുടെ സാരി തുമ്പേൽ പിടിച്ചു എങ്ങോട്ടെങ്കിലും പൊക്കോ ".
"കൂടുതൽ എഴുതാപ്പുറം വായിക്കല്ലേ തള്ളേ , ഞാൻ ആർക്കും ഒരു ബുദ്ധിയും പറഞ്ഞു കൊടുത്തിട്ടില്ല " [ അല്ലേൽ തന്നെ നിനക്കെല്ലാം എവിടുന്നാ ബുദ്ധി ]
"മതി , മതി നിർത്തു ! എടുക്കാനുള്ള സാധനങ്ങൾ എന്താന്നു വെച്ചാൽ എടുത്തു പിള്ളാരേം റെഡിയാക്കി നിർത്തു , ഞാൻ പോയി ടാക്സി വിളിച്ചു കൊണ്ടു വരാം " [ ഞാൻ അല്പം സീരിയസ് ആയി ]
ടാക്സിയുമായി ഞാൻ വരുമ്പോൾ ,പറഞ്ഞ പോലെ അവൾ എല്ലാം റെഡിയാക്കി നിൽപ്പുണ്ടായിരുന്നു . അമ്മ അകത്തുണ്ടെന്നു തോന്നുന്നു , ഞാൻ ശ്രദ്ധിക്കാൻ പോയില്ല , സാധനങ്ങൾ എടുത്തു ടാക്സിയിൽ വെച്ചു .കുട്ടികൾ പക്ഷെ അവരുടെ അച്ഛമ്മയെ വിട്ടു പോരാൻ തയ്യാറല്ലായിരുന്നു .രണ്ടു പേരും റിലേ കരച്ചിൽ തുടങ്ങി ,ഒടുവിൽ ബലം പ്രയോഗിച്ചു വാണ്ടയിൽ കയറ്റേണ്ടി വന്നു . വണ്ടി വിട്ടപ്പോൾ ജനലഴിക്കു പിന്നിൽ ഞാൻ അമ്മയുടെ കണ്ണുകൾ കണ്ടു .
പുതിയ വീട്ടിൽ എത്തി , ഞാൻ ഹോട്ടലിൽ പോയി ആഹാരം വാങ്ങി വന്നെങ്കിലും കുട്ടികൾ അത് കഴിക്കാൻ കൂട്ടാക്കിയില്ല , അവർക്കു ഇത്രയും നാൾ ആഹാരം അവരുടെ അച്ഛമ്മയല്ലേ വാരി കൊടുത്തിരുന്നത് ; അതിന്റെ വിഷമം ആയിരിക്കാം . ഞങ്ങൾക്കും എന്തോ ആഹാരം കഴിക്കാൻ തോന്നിയില്ല . ഇളയവൾ അപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ലായിരുന്നു . ഒരു വിധം സമാധാനിപ്പിച്ചു അവരെ പിടിച്ചു കിടത്തി ഉറക്കി .
"ശശിയേട്ടാ മോൾക്ക് നല്ല ചൂടുണ്ട് ", മോളേ തൊട്ടു നോക്കിയിട്ടു അവൾ പറഞ്ഞു . "അത് മഞ്ഞു കാലം തുടങ്ങിയതിന്റെ ആണ് , നാളെ ഡോക്ടറെ കൊണ്ടു കാണിക്കാം " ഞാൻ അവളെ സമാധാനിപ്പിച്ചു .
"ഇതതല്ല ചേട്ടാ ,അവൾക്കു വിഷമം കയറിയിട്ടാ , ഇത്രയും നാൾ അവർ അമ്മയുടെ കൂടെ അല്ലേ കിടന്നിരുന്നത് , അവരുടെ ഒരേഒരു കൂട്ടുകാരി അല്ലായിരുന്നോ അമ്മ , അമ്മയെ വിട്ടു പോന്നത് കൊണ്ടാണ് " , ഇത് പറയുമ്പോൾ അവളുടെ കണ്ണിൽ നീർമണികൾ നിറയുന്നത് ഞാൻ കണ്ടു .
ഞാൻ ഉറങ്ങാൻ ശ്രമിച്ചു , തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും ഉറങ്ങാൻ ആയില്ല , അവളും ഉറങ്ങിയിട്ടില്ലെന്നു എനിക്ക് മനസിലായി .വെളുക്കാറായെന്നു തോന്നുന്നു , ഞാൻ ഉറക്കത്തിലേക്കു ചെറുതായി വഴുതിയതും അവൾ എന്നെ കുലുക്കി വിളിച്ചു , " ചേട്ടാ എഴുന്നേൽക്കു , നമുക്ക് നമ്മുടെ വീട്ടിലോട്ടു പോകാം , എനിക്ക് പറ്റില്ല ഇവിടെ ഒറ്റയ്ക്ക് ...", അത് പറഞ്ഞതും അവൾ പൊട്ടി കരുയുകയായിരുന്നു .
ഞാൻ പറയാൻ ആഗ്രഹിച്ച വാക്കുകളാണ് അവൾ പറഞ്ഞെത് , "ഞാൻ പോയി വണ്ടി എന്തെങ്കിലും കിട്ടുമെങ്കിൽ വിളിച്ചു കൊണ്ടു വരാം , കുട്ടികളെ എഴുന്നേൽപ്പിക്കേണ്ട , വീട്ടിൽ ചെന്നിട്ടു ഉണർത്തിയാൽ മതി " ഇത് പറഞ്ഞു ഞാൻ കതകു തുറന്നു പുറത്തു ഇറങ്ങിയതും ഒരു കാഴ്ച കണ്ടു സ്‌തബ്ധനായ് പോയി , മുറ്റത്തെ തിണ്ണയിൽ തണുത്തു വിറച്ചു ഇരിക്കുന്ന അമ്മ , ഞാൻ ഓടിച്ചെന്നു അമ്മയെ പിടിച്ചു ഉയർത്തി , അമ്മയുടെ കൈകൾ തണുത്തു മരവിച്ചു ഇരിക്കുകയായിരുന്നു .
എന്നെ അത്ഭുതപ്പെടുത്തി കൊണ്ടു അവൾ ഓടി വന്ന് അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു , " അമ്മേ പൊറുക്കണം , ഞാൻ അമ്മയെ ഒരിക്കലും തനിച്ചാക്കി പോരാൻ പാടില്ലായിരുന്നു " ഒച്ച കേട്ടു മക്കളും എഴുന്നേറ്റു അമ്മയെ കണ്ടപ്പോൾ അച്ചമ്മേ എന്ന് വിളിച്ചു കൊണ്ടു ഓടി വന്നു കെട്ടി പിടിച്ചു .
പക്ഷെ അമ്മ നിർവികാരയായി നിന്നു കൊണ്ടു എന്നോട് ഒരു ചോദ്യം മാത്രം ചോദിച്ചു .." എന്റെ കുഞ്ഞുങ്ങളെ കാണാതെ , ഇവളോട് ഒന്ന് പിണങ്ങാതെ എനിക്ക് ഇരിക്കാൻ ആവില്ലാ എന്നറിഞ്ഞിട്ടും നിനക്ക് എങ്ങനെ തോന്നി ഇവരെ എന്നിൽ നിന്നകറ്റാൻ ????"
ആ ചോദ്യം എന്റെ കണ്ണുകളെയും ഈറനണിയിച്ചു . സ്നേഹത്തിന്റെ ഭാവങ്ങൾ തന്നെയാണ് ഇണക്കവും പിണക്കവും എന്ന് മനസിലാക്കാതെ അത് അടർത്തി മാറ്റാൻ ശ്രമിച്ച ഞാൻ ഇപ്പോഴല്ലേ ശരിക്കും ശശിയായത് ?
Sooper
ReplyDelete