നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒറ്റാൽ - സിനിമാ നിരൂപണം


മലയാള സിനിമ പ്രേമികൾക്ക് സുപരിചതനായ സംവിധായകനാണ് ജയരാജ്. ഒന്നിനൊന്നു വ്യത്യസ്തമായ സിനിമകൾ ചെയ്ത് അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവാർഡുകൾ വാരിക്കൂട്ടിയിട്ടുള്ള, മലയാളത്തിലെ ക്‌ളാസ് സിനിമകളുടെ കൂട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന കളിയാട്ടവും ദേശാടനവും ഒരുക്കിയ അതെ സംവിധായകനാണ് കൊമേർഷ്യൽ ചേരുവകൾ മാത്രം അടങ്ങിയ 4 ദി പീപ്പിളും തിളക്കവും ജോണി വാക്കറും ഒക്കെ ചെയ്തതെന്ന് അറിയുമ്പോൾ അത്ഭുതപ്പെടാതെ തരമില്ല. അദ്ദേഹത്തിൽ നിന്നും മലയാള സിനിമക്ക് ലഭിച്ച മറ്റൊരു വിസ്മയമാണ് ഒറ്റാൽ.
ആന്‍റണ്‍ ചെക്കോവിന്‍റെ 'വാങ്കാ' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 'വാങ്ക' എന്ന ചെറുകഥയെ മലയാള മണ്ണിലേക്ക് പറിച്ചു നടുക എന്ന ശ്രമകരമായ ദൗത്യമാണ് സംവിധായകനായ ജയരാജിനും തിരക്കഥാകൃത്തായ ജോഷിയ മംഗലത്തിനും ഉണ്ടായിരുന്നത്. ആ ദൗത്യം ഏറ്റവും മനോഹരമായാണ് ഇവർ നിർവഹിച്ചിരിക്കുന്നത്. ഇതിനു മുൻപ് ഷേക്സ്പിയറിന്റെ ഒഥല്ലോയും ആന്റണി ആൻഡ് ക്ലിയോപാട്രയും കളിയാട്ടവും കണ്ണകിയുമായി മലയാളത്തിലേക്ക് അവതരിപ്പിച്ചതും ജയരാജ് തന്നെയായിരുന്നു.
കുട്ടപ്പായി എന്ന കഥാപാത്രം തന്റെ വല്യപ്പച്ചായിക്ക് എഴുതുന്ന ഒരു കത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. അവിടെ നിന്നും ചിത്രം ഭൂത കാലത്തിലേക്ക് കടക്കുന്നു. കുട്ടപ്പായിയുടേയും വല്യപ്പച്ചന്റെയും ജീവിതത്തിലേക്ക് സംവിധായകൻ നമ്മളെ ക്ഷണിച്ചു കൊണ്ട് പോകുന്നു. താറാവ് വളർത്താനായി കുട്ടനാട്ടിലേക്കെത്തുന്ന വല്യപ്പച്ചായിയും കുട്ടപ്പായിയും.ആ ഒരു കാലഘട്ടത്തിലെ അവരുടെ ജീവിതമാണ് ചിത്രത്തിന്റെ സിംഹഭാഗവും നമുക്ക്ക് കാണാൻ കഴിയുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ്. പല അഭിനേതാക്കളും ഒരു നിയോഗം പോലെ അവിചാരിതമായി തങ്ങളിലേക്ക് എത്തുകയായിരുന്നു എന്നാണ് സംവിധായകൻ ജയരാജ് പറഞ്ഞിട്ടുള്ളത്. പ്രത്യേകിച്ച് വലിയപ്പച്ചായിയെ അവതരിപ്പിച്ച വാസവൻ ചേട്ടൻ. അഭിനയത്തിൽ മുൻപരിചയമേതുമില്ലെങ്കിലും ആ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിലാണ് അദ്ദേഹം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംസാര ശൈലിയും ശബ്ദവും ചേരുന്നതോടെ കഥാപാത്രം പൂർണതയിലേക്കെത്തി. കുട്ടപ്പായിയെ അവതരിപ്പിച്ച അഷാന്തും സ്വാഭാവികാഭിനയത്താൽ പ്രേക്ഷകന്റെ മനം കവർന്നു. അഭിനയത്തിൽ അല്പം പോലും കൃത്രിമത്വം ഉണ്ടായിരുന്നില്ല എന്നതിനാൽ തന്നെ കുട്ടപ്പായിയും വല്യപ്പച്ചായിയും പ്രേക്ഷനോട് കൂടുതൽ അടുത്തു.ഇത്തരമൊരു പ്രകടനം അവരിൽ നിന്നും പുറത്തെടുപ്പിക്കാൻ സംവിധായകന് കഴിഞ്ഞെന്നതും അഭിനന്ദനീയമാണ്. ചെറിയ കഥാപാത്രങ്ങൾ ആയിരുന്നെങ്കിലും ഷൈൻ ടോം ചാക്കോയും സബിത ജയരാജും വാവച്ചനും ശ്രദ്ധ പിടിച്ചുപറ്റി.
പ്രത്യക്ഷവും പരോക്ഷവുമായ നിരവധി ബിംബങ്ങളാൽ സമ്പന്നമാണ് ചിത്രം. വാങ്ക എന്ന ചെറുകഥയെ നമ്മുടെ കേരളീയ പശ്ചാത്തലത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നതിലും, മൂലകഥക്ക് ഒട്ടും കോട്ടം തട്ടാതെ, അതിനെ ബലപ്പെടുത്തുന്ന രീതിയിൽ ബിംബങ്ങളും മറ്റു കഥ സന്ദർഭങ്ങളും ചിത്രത്തിൽ ചേർത്തത്തിലും ജോഷി മംഗലത് എന്ന എഴുത്തുകാരന്റെ പ്രതിഭയെ കാണാം. മികച്ച തിരക്കഥക്കുള്ള നാഷണൽ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയതിനു പിന്നിലെ രഹസ്യവും മറ്റൊന്നല്ല.
വാവച്ചൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാത്തിരിപ്പ് എന്ന ബിംബം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുട്ടപ്പായി തന്നെയാകുന്നു.
പ്രകൃതിയോട് ഇത്രയും അടുത്തു നിൽക്കുന്ന ചിത്രങ്ങൾ വിരളമായിരിക്കും. കുട്ടനാടിന്റെ പ്രകൃതി ഭംഗി ഒട്ടും ചോർന്നു പോകാതെ അതിമനോഹരമായി എം ജെ രാധാകൃഷ്ണൻ എന്ന ക്യാമറാമാൻ തന്റെ ക്യാമറയിലേക്ക് പകർത്തിയപ്പോൾ അത് ഒറ്റാലിന്റെ മാറ്റ് കൂട്ടി. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം പോലെ തന്നെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും ജയരാജ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഭാവ മാറ്റത്തിനൊപ്പം പ്രകൃതിയുടെ ഭാവവും മാറി മറിയുന്നു. കുട്ടപ്പായയുടെ വെളിച്ചം നിറഞ്ഞ കുട്ടനാട്ടിലെ ജീവിത കാലം അവതരിപ്പിക്കുന്ന മിക്ക രംഗങ്ങളിലും പശ്ചാത്തലത്തിൽ സൂര്യൻ തെളിഞ്ഞ നിൽക്കുന്നത് നമുക്ക് കാണാം. വല്യപ്പച്ചായിയെ പിരിയുന്ന രംഗങ്ങളിൽ അസ്തമയ സൂര്യനെ കാണുന്നു.. ശേഷം മഴ, ഇരുട്ട് ...!! ഇതിൽക്കൂടുതൽ എങ്ങനെയാണു മനുഷ്യന്റെ വികാരങ്ങളെ പ്രകൃതിയുമായി കോർത്തിണക്കി പറയാൻ കഴിയുക??
പ്രകൃതിയെ അറിയാത്ത, പുസ്തക താളുകളെ മാത്രം അറിയുന്ന ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ രീതിയുടെ ന്യൂനതയെ പറ്റിയുള്ള ചര്ച്ചക്കും വഴിയൊരുക്കുന്നുണ്ട് ചിത്രം. സ്‌കൂളിൽ പോകാത്ത കുട്ടപ്പായി സ്‌കൂളിൽ പോകുന്ന കൂട്ടുകാരന്റെ പ്രകൃതിയെ കുറിച്ചുള്ള സംശയങ്ങൾക്ക് ഉത്തരം നല്കുന്നതിലൂടെയും കുയിൽ കൂവുന്നതും പൊന്മാൻ മീൻ പിടിക്കുന്നതും ആരെങ്കിലും പഠിപ്പിച്ചിട്ടാണോ എന്നു ചോദിക്കുന്നതിലൂടെയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെയാകണം സംവിധായകൻ ഉന്നം വെക്കുന്നത്. സംഭാഷണങ്ങൾക്കൊപ്പം കുട്ടനാട്ടിലെ പ്രകൃതിയുടെയും മനുഷ്യരുടെയും ചില ശബ്ദങ്ങളും സംസാരിക്കാതെ പ്രേക്ഷകനോട് സംസാരിക്കുന്നുണ്ട്.യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദം മാത്രം കേട്ട് ശീലിച്ച പ്രേക്ഷകന് പ്രകൃതിയുടെ ശബ്ദത്തിലേക്ക് അലിഞ്ഞു ചേരാനുള്ള ഒരു അവസരം നൽകുകയാണ് ഈ ചിത്രം . സുധീർ, മനോജ് എന്നിവരുടെ വസ്ത്രാലങ്കാരം കഥാപാത്രങ്ങളെ പൂർണതയിലേക്ക് എത്തിയ്ക്കാൻ സഹായിക്കുന്നുണ്ട്. കുട്ടപ്പായിയുടെ അല്പം നീളം കൂടിയ ബനിയനും നീളം കുറഞ്ഞ ട്രൗസറും ആ കഥാപാത്രത്തിന് ഏറ്റവും യോജിച്ചതായിരുന്നു. ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഓരോ സന്ദർഭങ്ങളിലും ആസ്വാദ്യകരമായ ഒരു ഒഴുക്കായി നമ്മളിലേക്കെത്തുന്നുണ്ട് ശ്രീവത്സൻ ജെ മേനോന്റെ പശ്ചാത്തല സംഗീതം. അതിനോടൊപ്പം തന്നെ കൂട്ടിച്ചേർത്തു പറയേണ്ടതാണ് കാവാലം നാരായണപ്പണിക്കർ എന്ന പ്രതിഭയൊരുക്കിയ "മനതിലിരുന് ഓലേഞ്ഞാലി കിളി കരഞ്ഞേ .. " എന്ന ഗാനം. ഈ ഗാനവും സന്ദർഭവും കൂടെ ചേരുമ്പോൾ വല്ലാത്തൊരു നൊമ്പരമാണ് പ്രേക്ഷക മനസ്സിൽ ഉടലെടുക്കുന്നത്.
പ്രമേയത്തിന്റെ അതിശക്തമായ തീവ്രത കൊണ്ടും അവതരണത്തിലെ മനോഹാരിത കൊണ്ടും പ്രേക്ഷക മനസ്സ് എളുപ്പം കീഴടക്കുന്ന ഒരു ചിത്രമാണ് ഒറ്റാൽ എന്നതിൽ സംശയമില്ല. ചിത്രം കണ്ടു കഴിഞ്ഞാലും കഥാപാത്രങ്ങൾ ഒരു നൊമ്പരമായ നമ്മുടെ മനസ്സിൽ അവശേഷിക്കും. അത്രയ്ക്ക്ക് മികച്ചൊരു സിനിമാനുഭവമാണ് ഒറ്റാൽ. പക്ഷെ ഒറ്റാൽ എന്ന വസ്തു നമുക്ക് എങ്ങനെ അന്യമാണോ അതെ പോലെ തന്നെ ഈ ചിത്രവും ഭൂരിഭാഗം മലയാളികൾക്കും ഇപ്പോഴും അന്യമാണ്. ലാഭം മാത്രം ലക്‌ഷ്യം വെച് ആഘോഷ ചിത്രങ്ങൾക്ക് മാത്രം തിയ്യേറ്റർ നൽകുകയും, ചലച്ചിത്രം എന്ന സംസ്കാരത്തോട് യാതൊരു പ്രതിബദ്ധതയും കാട്ടാതെ ഇന്ന് സമരം ചെയ്യുകയും ചെയ്യുന്ന തിയ്യേറ്റർ ഉടമകളും, ഇത്തരം ചിത്രങ്ങളെ വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കാത്ത നമ്മൾ സാദാ പ്രേക്ഷകരും ഇങ്ങനെ ഒരവസ്ഥക്ക് ഉത്തരവാദികളാണ്. ചിത്രത്തിന് ഒരു ബോക്സോഫീസ് വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷക മനസ്സുകൾക്ക് മേൽ വിജയം കാണാൻ കഴിയും എന്നത് തീർച്ചയാണ്. ചിത്രം ഓൺലൈനിലും റിലീസ് ചെയ്തിട്ടുണ്ട് എന്നതിനാൽ തന്നെ ചിത്രം കാണാത്തവർക്ക് കാണാൻ ഇപ്പോഴും അവസരം ഉണ്ട്. ഒരു പുതുവർഷം നമുക്ക് മുൻപിലേക്ക് കടന്നു വരികയാണ്. 2017 എന്ന വർഷത്തെ ചലച്ചിത്രാസ്വാദനം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ഒറ്റാൽ കണ്ട് കൊണ്ട് ആരംഭിക്കൂ. വരാനിരിക്കുന്ന മികച്ച സിനിമാനുഭവങ്ങൾക്ക് ഏറ്റവും നല്ലൊരു തുടക്കമായിരിക്കുമത്..
ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ...

By
Rahul Raj

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot