Slider

മുന്തിരിവള്ളികൾ തളിർക്കുമോ?

0

==========================
പഠിച്ചിരുന്ന മിഷനറി സ്ക്കൂളിന്റെ നീണ്ട വരാന്തകളുടെ ഓരങ്ങളിൽ മൂകമായി നിന്ന കോൺക്രീറ്റ് തൂണുകൾക്കു വരെ അവന്റെയുള്ളിലെ പ്രണയം അറിയാമായിരുന്നു... മുൻകാലങ്ങളിൽ പഠനം കഴിഞ്ഞ് മടങ്ങിയ സീനിയേഴ്സ്, മരം കൊണ്ടുള്ള ജനൽപാളികളിൽ അവരുടെ കൈയ്യൊപ്പുകൾ ചാർത്തിയിരുന്നു... പേന കൊണ്ട് എഴുതിയാൽ പെയ്ന്റിനാൽ മായ്ക്കപ്പെടുമെന്ന് ചിന്തിച്ചിട്ട് തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകൾ കോമ്പസിനാൽ കൊത്തിവച്ച ദീർഘദൃഷ്ട്ടിക്കുടമകളായ ആ മുൻഗാമികളായിരുന്നു അവന്റെ ആവേശം... തുറന്നു പറയാൻ വയ്യാത്ത പ്രണയം പ്രകടിപ്പിക്കാൻ അവർ നെയ്തിരുന്ന സൂത്രങ്ങളെ അവനും അറിയാതെ പിന്തുടർന്നു... ഒട്ടും ഇഷ്ട്ടമില്ലത്ത ജ്യോഗ്രഫി ക്ലാസിൽ ബോറടിച്ചിരുന്നപ്പോൾ, തന്റെ പേരിനൊപ്പം ഹൃദയത്തിന് കുറുകെ അമ്പുവരച്ചിട്ട്, അവളുടെ പേര് അവൻ മനോഹരമായി മുന്നിലെ ഡെസ്ക്കിൽ കൊത്തുമ്പോൾ, ആഴ്ചകൾ തോറുമുള്ള ബെഞ്ച് റൊട്ടേഷനിൽ എന്നെങ്കിലും അവളിത് കാണും എന്ന ശുഭപ്രതീക്ഷ അവനുണ്ടായിരുന്നു...രാവിലെയുള്ള അസംബ്ലികളിൽ, ദേശീയഗാനം പാടുന്ന ഗ്രൂപ്പിൽ അവളുടെ സാന്നിദ്ധ്യം, അതിൽ പങ്കെടുക്കാനവന് അത്യുൽസാഹം നൽകിയെന്നത് അവന്റെ മനസ്സിനുള്ളിൽ സ്വയംലാളിച്ചിരുന്ന സ്വകാര്യമായിരുന്നു... യുവജനോൽസവ വേദികളിൽ അവൾ പാടിയിരുന്ന ലളിതഗാനങ്ങൾക്ക് അവൻ നൽകിയ നീളമുള്ള കൈയ്യടി, മറ്റുള്ളവർ ശ്രദ്ധിച്ചിരുന്നെങ്കിലും അവൾ മാത്രമത് ശ്രദ്ധിക്കാതെ പോയിരുന്നു... പത്താം ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യാൻ അവളിരുന്ന ബെഞ്ചിന്റെ തൊട്ടു മുകളിൽ സ്ഥാനം പിടിക്കാൻ കൂട്ടുകാരനുമായി ഉണ്ടായ വാക്കേറ്റം വരെ, സ്വയമാസ്വദിച്ചപ്പോഴും അവളൊന്ന് അറിഞ്ഞിരുന്നെങ്കിലെന്ന് അവൻ ആശിച്ചിരുന്നു ... അവൾ വച്ചുനീട്ടിയ ഓട്ടോഗ്രാഫിന്റെ പേജിൽ എവിടെ നിന്നോ മന:പാഠമാക്കിയ ചില വരികൾക്ക് ഒടുവിൽ "സ്നേഹപൂർവ്വം" എന്ന് എഴുതി അവസാനിപ്പിച്ചതിലെ മറഞ്ഞിരുന്ന അർത്ഥം, അവൻ നെയ്ത് കൂട്ടിയ നിറമുള്ള സ്വപ്നങ്ങളായിരുന്നെന്ന് പോലും അവൾ അറിയാതെ പോയത് അവനിൽ വല്ലാത്ത നോവ് പടർത്തി.. ഒടുവിൽ SSLC പരീക്ഷയുടെ അവസാന ദിവസം, ധൈര്യം സംഭരിച്ച് വിറ കൈകളാൽ അവൻ വച്ചുനീട്ടിയ ഓട്ടോഗ്രാഫിൽ ആ മൈലാഞ്ചി കൈയ്യാലവൾ കുറിച്ചു..... "ആശംസകളും നന്മകളും നേർന്നു കൊണ്ട് പ്രാർത്ഥനകളോടെ വിട പറയട്ടേ ഈ സഹോദരി...."..
ചൂട് കൂടുമ്പോൾ കൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങ കണക്കെ, അന്ന് കൊഴിഞ്ഞതാണ് ഓന്റെ പ്രണയം.... തളപ്പില്ലാതെ തെങ്ങിൽ വലിഞ്ഞ് കയറിയിട്ട് തിരിച്ചിറങ്ങുമ്പോൾ ഉണ്ടാകുന്ന വേദന പോലെ ഓന്റെ മനസ്സ് വല്ലാതെ നീറുന്നുണ്ടായിരുന്നു....ക്ലാസ്ടീച്ചർ അന്ന് വിതരണം ചെയ്ത ഗ്രൂപ്പ് ഫോട്ടോ പോലും വാങ്ങാതെ, തൊട്ടടുത്തുള്ള ബേക്കറിയിൽ നിന്ന് ഒരു സ്വീറ്റ് പൊറോട്ടയും ഉപ്പുസോഡയും അകത്താക്കി, വീട്ടിലേക്കുള്ള ബസ്സു കാത്ത്നിൽക്കുമ്പോൾ, ഓന്റെ മനസ്സിലൂടെ ഒരു ചിന്ത കൊള്ളിയാൻ കണക്കെ പാഞ്ഞു... "പ്രണയം സങ്കീർണ്ണമാണ്, പറയാത്ത പ്രണയം തണ്ണിമത്തൻ പോലെ അതിസങ്കീർണ്ണവും". ഉള്ളിലെ ചുവപ്പിനെ മറയ്ക്കുന്ന പച്ച പുറംതോടിന്റെ അതിസങ്കീർണ്ണത....😊😊😊😊
### ഷെഫീർ ###
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo