Showing posts with label ഷെഫീർ. Show all posts
Showing posts with label ഷെഫീർ. Show all posts

മുന്തിരിവള്ളികൾ തളിർക്കുമോ?


==========================
പഠിച്ചിരുന്ന മിഷനറി സ്ക്കൂളിന്റെ നീണ്ട വരാന്തകളുടെ ഓരങ്ങളിൽ മൂകമായി നിന്ന കോൺക്രീറ്റ് തൂണുകൾക്കു വരെ അവന്റെയുള്ളിലെ പ്രണയം അറിയാമായിരുന്നു... മുൻകാലങ്ങളിൽ പഠനം കഴിഞ്ഞ് മടങ്ങിയ സീനിയേഴ്സ്, മരം കൊണ്ടുള്ള ജനൽപാളികളിൽ അവരുടെ കൈയ്യൊപ്പുകൾ ചാർത്തിയിരുന്നു... പേന കൊണ്ട് എഴുതിയാൽ പെയ്ന്റിനാൽ മായ്ക്കപ്പെടുമെന്ന് ചിന്തിച്ചിട്ട് തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകൾ കോമ്പസിനാൽ കൊത്തിവച്ച ദീർഘദൃഷ്ട്ടിക്കുടമകളായ ആ മുൻഗാമികളായിരുന്നു അവന്റെ ആവേശം... തുറന്നു പറയാൻ വയ്യാത്ത പ്രണയം പ്രകടിപ്പിക്കാൻ അവർ നെയ്തിരുന്ന സൂത്രങ്ങളെ അവനും അറിയാതെ പിന്തുടർന്നു... ഒട്ടും ഇഷ്ട്ടമില്ലത്ത ജ്യോഗ്രഫി ക്ലാസിൽ ബോറടിച്ചിരുന്നപ്പോൾ, തന്റെ പേരിനൊപ്പം ഹൃദയത്തിന് കുറുകെ അമ്പുവരച്ചിട്ട്, അവളുടെ പേര് അവൻ മനോഹരമായി മുന്നിലെ ഡെസ്ക്കിൽ കൊത്തുമ്പോൾ, ആഴ്ചകൾ തോറുമുള്ള ബെഞ്ച് റൊട്ടേഷനിൽ എന്നെങ്കിലും അവളിത് കാണും എന്ന ശുഭപ്രതീക്ഷ അവനുണ്ടായിരുന്നു...രാവിലെയുള്ള അസംബ്ലികളിൽ, ദേശീയഗാനം പാടുന്ന ഗ്രൂപ്പിൽ അവളുടെ സാന്നിദ്ധ്യം, അതിൽ പങ്കെടുക്കാനവന് അത്യുൽസാഹം നൽകിയെന്നത് അവന്റെ മനസ്സിനുള്ളിൽ സ്വയംലാളിച്ചിരുന്ന സ്വകാര്യമായിരുന്നു... യുവജനോൽസവ വേദികളിൽ അവൾ പാടിയിരുന്ന ലളിതഗാനങ്ങൾക്ക് അവൻ നൽകിയ നീളമുള്ള കൈയ്യടി, മറ്റുള്ളവർ ശ്രദ്ധിച്ചിരുന്നെങ്കിലും അവൾ മാത്രമത് ശ്രദ്ധിക്കാതെ പോയിരുന്നു... പത്താം ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യാൻ അവളിരുന്ന ബെഞ്ചിന്റെ തൊട്ടു മുകളിൽ സ്ഥാനം പിടിക്കാൻ കൂട്ടുകാരനുമായി ഉണ്ടായ വാക്കേറ്റം വരെ, സ്വയമാസ്വദിച്ചപ്പോഴും അവളൊന്ന് അറിഞ്ഞിരുന്നെങ്കിലെന്ന് അവൻ ആശിച്ചിരുന്നു ... അവൾ വച്ചുനീട്ടിയ ഓട്ടോഗ്രാഫിന്റെ പേജിൽ എവിടെ നിന്നോ മന:പാഠമാക്കിയ ചില വരികൾക്ക് ഒടുവിൽ "സ്നേഹപൂർവ്വം" എന്ന് എഴുതി അവസാനിപ്പിച്ചതിലെ മറഞ്ഞിരുന്ന അർത്ഥം, അവൻ നെയ്ത് കൂട്ടിയ നിറമുള്ള സ്വപ്നങ്ങളായിരുന്നെന്ന് പോലും അവൾ അറിയാതെ പോയത് അവനിൽ വല്ലാത്ത നോവ് പടർത്തി.. ഒടുവിൽ SSLC പരീക്ഷയുടെ അവസാന ദിവസം, ധൈര്യം സംഭരിച്ച് വിറ കൈകളാൽ അവൻ വച്ചുനീട്ടിയ ഓട്ടോഗ്രാഫിൽ ആ മൈലാഞ്ചി കൈയ്യാലവൾ കുറിച്ചു..... "ആശംസകളും നന്മകളും നേർന്നു കൊണ്ട് പ്രാർത്ഥനകളോടെ വിട പറയട്ടേ ഈ സഹോദരി...."..
ചൂട് കൂടുമ്പോൾ കൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങ കണക്കെ, അന്ന് കൊഴിഞ്ഞതാണ് ഓന്റെ പ്രണയം.... തളപ്പില്ലാതെ തെങ്ങിൽ വലിഞ്ഞ് കയറിയിട്ട് തിരിച്ചിറങ്ങുമ്പോൾ ഉണ്ടാകുന്ന വേദന പോലെ ഓന്റെ മനസ്സ് വല്ലാതെ നീറുന്നുണ്ടായിരുന്നു....ക്ലാസ്ടീച്ചർ അന്ന് വിതരണം ചെയ്ത ഗ്രൂപ്പ് ഫോട്ടോ പോലും വാങ്ങാതെ, തൊട്ടടുത്തുള്ള ബേക്കറിയിൽ നിന്ന് ഒരു സ്വീറ്റ് പൊറോട്ടയും ഉപ്പുസോഡയും അകത്താക്കി, വീട്ടിലേക്കുള്ള ബസ്സു കാത്ത്നിൽക്കുമ്പോൾ, ഓന്റെ മനസ്സിലൂടെ ഒരു ചിന്ത കൊള്ളിയാൻ കണക്കെ പാഞ്ഞു... "പ്രണയം സങ്കീർണ്ണമാണ്, പറയാത്ത പ്രണയം തണ്ണിമത്തൻ പോലെ അതിസങ്കീർണ്ണവും". ഉള്ളിലെ ചുവപ്പിനെ മറയ്ക്കുന്ന പച്ച പുറംതോടിന്റെ അതിസങ്കീർണ്ണത....😊😊😊😊
### ഷെഫീർ ###

ജീവിതയാത്രയിലേക്ക് ഒരു തിരിഞ്ഞു നോട്ടം


അനിവാര്യമാകുന്ന ഘട്ടത്തിൽ തിരിച്ചറിവിന്റെ ഓളങ്ങൾ ചിന്താമണ്ഡലത്തിലൊരു തിരയിളക്കം സൃഷ്ട്ടിക്കും... ഉപബോധമനസ്സിന്റ കോണിലെവിടെയോ ഒളിഞ്ഞിരുന്ന നഷ്ട്ട സ്വപ്നങ്ങൾ, ഒരു നേർചിത്രം പോലെ കൺമുന്നിൽ തെളിയുമപ്പോൾ... കുന്നോളമാഗ്രഹിച്ച് കുന്നിമണിയോളം നേടിയ ചുരുക്കം ചില സുകൃതങ്ങളുടെ പട്ടികയിലെ ചേരുംപടി ചേർക്കലിന് മറുവശത്തെ കോളങ്ങൾ ശൂന്യമാണ് എന്ന തിരിച്ചറിവ് അറിയാഞ്ഞിട്ടല്ല... ജീവിത പുസ്തകത്തിന്റെ ഏടുകൾ മറിക്കുമ്പോൾ പഴയ താളുകളിലെവിടെയോ പതിഞ്ഞിരുന്ന കണ്ണുനീർ ബാഷ്പമായിപ്പോയതിന്റെ ശേഷിപ്പുകൾ തന്റെ കദനത്തിന്റെ നേർസാക്ഷ്യങ്ങളാണ് എന്നതിൽ ആർക്കും സംശയമില്ലാഞ്ഞിട്ടുമല്ല....ജീവിതപാന്ഥാവിലെ സുകൃതങ്ങളുടെ കസ്തൂരിമണം വെൺചാമരം വീശി മറ്റുള്ളവർക്ക് പകരാൻ ജനങ്ങൾ മടിക്കുന്നത് കാണുമ്പോൾ മനതാരിൽ വല്ലാത്തൊരു നോവ് തോന്നുമെന്ന് മാത്രം.... ജനിമൃതികൾക്കിടയിലെ വിധിയെന്ന മുഗ്ധ സത്യത്തിന് വരെ വിലയിടാൻ ശ്രമിക്കുന്ന ആധുനികതക്ക് മുന്നിൽ വല്ലാത്തൊരാശ്ചര്യവും.... പക്ഷേ ചില ഓർമ്മകൾ കാൽപ്പെരുമാറ്റമില്ലാത്ത വീടിന്റെ കഴുക്കോലുകൾക്ക് സമമെന്നത് എവിടെയോ പറഞ്ഞു കേട്ട വലിയ സത്യമാണ്...കാലം ഓർമ്മകൾക്ക് മറവിയുടെ മൂടുപടം ചാർത്തും,... ഏതു പോലെ; ആ കഴുക്കോലുകളിൽ പടർന്നു പിടിച്ചിരിക്കുന്ന ചിതൽപുറ്റുകൾ പോലെ.. ആ ചിതൽപുറ്റുകളിൽ നിന്നുമൊരു മോക്ഷം ആഗ്രഹിക്കാഞ്ഞിട്ടല്ല... ശാശ്വതമായ ഒരു വഴിയേ മുന്നിൽ തെളിഞ്ഞുള്ളൂ.....
ഇതാണ് ആ വഴി... മാസത്തിലൊരിക്കൽ വാതിലുകളും ജനാലകളും തുറന്ന് ഈർക്കലിച്ചൂലുകൊണ്ട് നല്ലപോലെ അടിച്ച് ചിതൽ ഇളക്കുക... എന്നിട്ട് ചിതലുപിടിക്കാതിരിക്കാൻ ഒരു തരം വിഷം അങ്ങാടിയിലെ ഹാർഡ്‌ വെയർ കടയിൽ നിന്നും വാങ്ങാൻ കിട്ടും. അത് കുറച്ചെടുത്ത് വുഡ് പ്രൈമറിൽ കലക്കി കഴുക്കോലിനൊക്കെ അടിക്കുക... കുറച്ച് ആശ്വാസം കിട്ടും.. 5 വർഷത്തിൽ ഒരിക്കൽ ഇത് തുടരുക... ഫലം കിട്ടും... തീർച്ച...😢😢😢😢.. കൊല്ലരുത്... പ്ലീസ്..
### ഷെഫീർ ###

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ (ചെറുകഥ)


എല്ലാ വൈകുന്നേരങ്ങളും സജീവമാക്കാൻ ഒത്തുകൂടുന്ന നാരായണൻ നായരുടെ സ്റ്റേഷനറിക്കടയിൽ ഞാൻ പതിവുപോലെ എത്തി.പുള്ളിക്കാരന്റെ വീടിനോട് ചേർന്നുസ്ഥാപിച്ചിരിക്കുന്ന കടയുടെ മുൻപിലെ അടക്കാമരക്കീറുകൾ കൊണ്ടുണ്ടാക്കിയ ചായ്പ്പാണ് ഞങ്ങളുടെ ചർച്ചാസങ്കേതം.പുറത്ത് ചായ്പ്പിലെ ഒരുവശം ഒടിഞ്ഞ ബഞ്ചിൽ ഞാൻ ഇരിപ്പുറപ്പിക്കുമ്പോൾ നായരുടെ സന്ധ്യാനാമജപം ചെവിയിലൂടെ കയറിയിറങ്ങിപ്പോയി. തികഞ്ഞ ഈശ്വരവിശ്വാസിയായ നായരുടെ കടയിലെ വൈകുന്നേര ചർച്ചകൾ ജീവിതത്തിന്റെ എല്ലാ മേഖലകളേയും തൊട്ടു തലോടിപ്പോയിരുന്നു.കടയുടെ നേരെ മുൻപിൽ ഒരു കന്യാസ്ത്രീ മഠം ആണ്. ഞാനുൾപ്പെടെ പ്രദേശവാസികളെല്ലാം അറിവിന്റെ ആദ്യാക്ഷരം കുറിച്ച പള്ളിക്കൂടവും ആ മഠത്തിന്റെ മതിൽ കെട്ടിനകത്തു തന്നെ. പത്തേക്കറോളം വരുന്ന മഠത്തിന്റെ ചുറ്റുമതിലിന്റെ പടിഞ്ഞാറേ അതിരിൽ ഒരു കുളമുണ്ട്...അതെ...സംഭവബഹുലമായ കുളക്കോഴികളുടേയും കുളയട്ടകളുടെയും വാസസ്ഥലമായ കൈതക്കൂടിനാൽ ചുറ്റപ്പെട്ട ഒരു കൊച്ചുകുളം....
നാരായണൻ നായർ ചാക്കോളാസ് നൂൽകമ്പനിയിലെ തൊഴിലാളിയായിരന്നു.VRS എഴുതി പിരിഞ്ഞു പോന്നു. സന്ധ്യാജപം കഴിഞ്ഞ് കടയിലെ കൃഷ്ണഭഗവാന്റ ഫോട്ടോക്ക് താഴെയുള്ള കൊച്ചുവിളക്ക് കത്തിക്കാൻ നായരെത്തി. എന്നെ കണ്ടതും "ഇതെപ്പോ എത്തി.?.. ഞാൻ അറിഞ്ഞില്ലല്ലോ" എന്നുപറഞ്ഞു നായരെന്നെ സലാം ചെയ്തു. നാമം ജപിക്കുമ്പേൾ ശല്യപ്പെടുത്താണ്ടാന്നു കരുതി വിളിക്കാതിരുന്നതാണെന്ന് ഞാനും തട്ടി വിട്ടു."ഓഹ്. ഇന്ന് സ്ട്രീറ്റ് ലൈറ്റിന്റെ ഫ്യൂസ് കുത്താൻ സഖാവ് ചെല്ലപ്പൻ മറന്നെന്നാ തോന്നണത്... സന്ധ്യ കഴിഞ്ഞേ ഉള്ളുവെങ്കിലും രാത്രിയായ പോലുള്ള ഇരുട്ട്.. "...ഞാൻ പറഞ്ഞു നിർത്തിയതിൽ നിന്നും നായര് പിടിച്ചു കയറി... "അതേ .. മോനേ ഇന്ന് വാവല്ലേ. അതാണിത്ര ഇരുട്ട്..പോരാത്തതിനിന്നു വെള്ളിയാഴ്ചയും..." നായര് ചർച്ചക്കുള്ള വിത്തെറിഞ്ഞു. "അതെന്താ ചേട്ടാ ഒരു പോരാത്തതിന് .... അതിൽ എന്തോ ഒരു വശപ്പിശകുണ്ടല്ലോ?. "...എന്റെ ജിജ്ഞാസ നായരു വല്ലാതങ്ങാസ്വദിച്ച മട്ടിൽ മറുപടി തുടങ്ങി.
"കറുത്തവാവും വെള്ളിയാഴ്ചയും ഒന്നിച്ചാൽ അന്ന് അദൃശ്യ ശക്തികളുടെ വിളയാട്ടം കൂടുമെന്നല്ലേ... എത്രയെത്ര അനുഭവങ്ങളാണെന്റെ മോനേ മുന്നില് "... മൂപ്പർ അനുഭവങ്ങളുടെ താളിയോലക്കെട്ടുകൾ മനസിൽ നിന്നും അഴിക്കാൻ തുടങ്ങി... പണ്ട് ചാക്കോളാസ്സിൽ നൈറ്റ് ഷിഫ്റ്റിനു സൈക്കിളിൽ പോകുമ്പോൾ നാലാൾ പൊക്കത്തിൽ ദണ്ഡിയാൻ മുന്നിലൂടെ പാഞ്ഞതും ഒടുവിൽ പേടിച്ച് വഴിതെറ്റി സൈക്കിൾ മറിഞ്ഞ് സുരയുടെ വാഴത്തോപ്പിൽ സൈക്കളു മറിഞ്ഞ് ബോധം പോയതും മൂപ്പര് അയവിറക്കി.. മറുതയ്ക്കും ദണ്ഡിയാനുമൊക്കെ ഏറ്റവും ഇഷ്ട്ടപ്പെട്ട ദിവസമാണത്രേ വെളളിയാഴ്ച...
ഇന്നെന്താ ചർച്ചയെന്ന് ചോദിച്ച് സിഗരറ്റ് വലിക്കാൻ മഠത്തിലെ കാര്യസ്ഥൻ കുഞ്ഞൻ ചേട്ടനെത്തി..നായര് ഉൽസാഹത്തോടെ വിഷയം വിളമ്പി..."ഹാ... അതോ... അത് സത്യായകാര്യല്ലേ.'' അതിലിപ്പാർക്കാണിത്ര സംശയം...അത് മാത്രോ.. എല്ലാ വെള്ളിയാഴ്ചയും മൂന്നാം യാമത്തിൽ നാൽക്കവലയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് അദൃശ്യ തേജസിന്റ തേരോട്ടം മഠത്തിലെ കുളത്തിലേക്കല്ലേ പോണത്. മഠത്തിലെ പശുത്തൊഴുത്തിന്റെ അരികിലൂടെയാണ് തേരോട്ടത്തിന്റെ വഴിച്ചാൽ..പശു ചാകുന്നത് സ്ഥിരമായപ്പോൾ പണ്ടത്തേ പള്ളീലെ ഇടശ്ശേരിയച്ഛനല്ലേ ആ തൊഴുത്ത് മാറ്റിപ്പണിയിപ്പിക്കാൻ പറഞ്ഞത്..ഇതൊന്നും അറിഞ്ഞല്ല മൂപ്പർ അത് മാറ്റാൻ പറഞ്ഞത്..എന്തോ അങ്ങേർക്ക് അങ്ങനെ തോന്നി..അതിന് ശേഷം പശു ചാകലുമില്ല കൂടുതൽ തൊടം പാലും കിട്ടാൻ തുടങ്ങി.. ബുദ്ധി ഇല്ലേലും നാൽക്കാലികൾക്ക് മനുഷ്യർക്ക് കാണാത്ത പലതും കാണാൻ പറ്റൂത്രേ. അതല്ലേ ചെല പട്ടികൾ രാത്രീല് ഒരു പ്രത്യേകതരത്തിൽ മോങ്ങുന്നത്..കുഞ്ഞൻ ചേട്ടൻ ചർച്ചയുടെ കടിഞ്ഞാൺ മുറുക്കിപ്പിടിച്ച് കേട്ടിരിക്കുന്ന ഞങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു....
"പട്ടിയുടെ കാര്യം പറഞ്ഞു നാക്കെടുത്തില്ലാ, ഇതാ തങ്കപ്പന്റെ വീട്ടിലെ പട്ടിയാണല്ലോ അപ്പോണത്.. അതെന്താ ചാകാറായപോലെ നടക്കുന്നേ കുഞ്ഞാ...".. നായര് പറഞ്ഞു തീർന്നതും തങ്കപ്പൻ കടയുടെ തിണ്ണയിലേക്ക് ഇരച്ചുകയറി വന്നിട്ട് ചോദിച്ചു.." വീട്ടിലെ പട്ടി ഇതു വഴിയെങ്ങാനും പോയോ നായരേ.. "..."ഉവ്വല്ലോ തങ്കപ്പാ.. അതിനെയെന്താ പൂട്ടിയിടാത്തെ.. ഇപ്പോ വടക്കോട്ട് പോണത് കണ്ടു.. " നായര് പറഞ്ഞു .. " എന്റെ പൊന്നു ചേട്ടാ.. പൂട്ടിയാണിടുന്നത് .. പെടുക്കാൻ വേണ്ടി ആ കുറ്റിക്കാട്ടിലേക്ക് തുറന്ന് വിട്ടതാ.. ആ തക്കം നോക്കി പരുതേലെ മാധവൻ അതിന് കുരുടാൻ കൊടുത്തു.. പാവം പരവേശം കൊണ്ട് പെരെക്ക് ചുറ്റും നടക്കേർന്നു.. ഇത് കഴിച്ചാൽ വേഗം ചാവേമില്ല.. പരവേശം മൂത്തിങ്ങനെ നടക്കും...അയാള് ഈ മിണ്ടാപ്രാണികളുടെ പ്രാക്ക് എവിടെ കൊണ്ടോയി ഒഴുക്കോ ആവോ.. വല്ലോടത്തും പോയി കിടന്ന് ചത്താൽ നാട്ടാര് ഒച്ചപ്പാടുണ്ടാക്കും.. അതാണ് അന്വേഷിച്ചിറങ്ങിയത്."...തങ്കപ്പൻ തെല്ലും ദേഷ്യത്തോടെ പറഞ്ഞു നിർത്തി... "അല്ലേലും ഇതയാളുടെ സ്ഥിരം ഏർപ്പാടല്ലേ.. അയൽപക്കത്തെ പട്ടിയേയും പൂച്ചയേയും അയാൾ വെറുതെ വിടാറില്ല എന്നത് നാട്ടിൽ പാട്ടാണല്ലോ. മോളില് ഒരാൾ ഇതൊക്കെ കാണണുണ്ടല്ലോ തങ്കപ്പാ.. താൻ സമാധാനിക്കെടോ.."... നായര് ആശ്വാസവാക്കുകൾ ചൊരിഞ്ഞു.. തങ്കപ്പൻ രംഗം വിട്ടതും ഇടക്ക് നിർത്തിവച്ച ഞങ്ങളുടെ ചർച്ച തുടർന്നു... ഒമ്പതരയ്ക്ക് കടയുടെ ഷട്ടർ വീഴും വരെ...
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. മനസ്സില്ലാ മനസോടെ ഒരു വർഷം ജോലിക്ക് പോയ ഞാൻ വീണ്ടും നാട്ടിൽ തിരിച്ചെത്തി.റോഡിൽ വച്ച് നമ്മുടെ മാധവേട്ടനെ കണ്ടു... അതെ.. നാൽക്കാലികളുടെ പേടി സ്വപ്നം മാധവേട്ടൻ തന്നെ... പക്ഷേ., പോകുമ്പോൾ കണ്ട ആളല്ല...മുഖവും ശരീരവും ശോഷിച്ച് മൂപ്പര് വല്ലാതെ അവശനായിരുന്നു... എന്നെ കണ്ടതും കുശലം ചോദിച്ചു.. എന്നിട്ട് കടമായി ഒരു ഇരുന്നൂറ് രൂപ ചോദിച്ചു. ലീവിന് വന്നിട്ട് ഒരാഴ്ച പോലും കഴിയാത്തത് കൊണ്ട് കീശക്ക് കനം ഉണ്ടായിരുന്നു.. ഇരുനൂറ് രൂപ ഞാനാ കൈവള്ളയിൽ വക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു... എന്തു പറ്റി മാധവേട്ടാ.. ആകെ ഒരു വല്ലായ്മ പോലെ.. "മോനേ നീ അറിഞ്ഞില്ലാർന്നോ... എനിക്കും പ്ലാച്ചോട്ടിലെ നാരായണിക്ക് പിടിച്ച സൂക്കേടാണ്.. പക്ഷേ തൊണ്ടേലാ... രണ്ടാഴ്ച കൂടുമ്പോ കരിക്കാൻ തിരോന്തോരത്ത് RCC ആസ്പത്രീല് പോണം.. കെട്ട്യോള് കാർത്തൂനേം കൂട്ടിയാണ് പോണത്.."..മാധവേട്ടൻ പറയുന്നതിനിടക്ക് ഞാൻ ചോദിച്ചു.."അപ്പോ മോൻ പ്രകാശൻ?"... എന്റെ ചോദ്യം അങ്ങേരെ കൂടുതൽ വേദനിപ്പിച്ചതു പോലെ... അവൻ വീട്ടീന്ന് പോയിട്ട് നാളെത്ര കഴിഞ്ഞു മോനേ.. കെട്ട്യോളേം കൂട്ടി അവൻ വാടകക്ക് താമസിക്കേല്ലേ.. തൊണ്ടേലേ കരിക്കൽ കഴിയുമ്പോ വല്ലാത്തൊരു വരുത്തം തോന്നും.. ഓരോരോ മക്കള് തങ്ങളുടെ തന്തക്ക് അല്ലേൽ തള്ളക്ക് കരിയ്ക്കു വെള്ളോം ചായയും ഒക്കെയായി കരിക്കണ മുറീടേ പുറത്ത് കാത്തിരിക്കണുണ്ടാകും... അത് കാണുമ്പോ തൊണ്ടേലെ വേദന താഴേ ചങ്കിലേക്കും ഇറങ്ങും.. ചങ്ക് വല്ലാതങ്ങു പിടയും... ഈ വയസനും വയസിക്കും കൂട്ടിന് ആരുമില്ലല്ലോ ദേവീന്ന് നെഞ്ചിൽ തൊട്ട് വിളിക്കും... "നമ്മടെ മോനല്ലേ.. സാരല്ല.. " എന്ന് പറഞ്ഞ് കാർത്തു സമാധാനിപ്പിക്കും... എന്റെ കയ്യിൽ പിടിച്ച് ആ വൃദ്ധ ഹൃദയം ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തേങ്ങി... കണ്ണിൽ നിന്നും ഇറ്റിട്ടുവീണ കണ്ണീർ തുള്ളികൾ കയ്യിൽ ചുരുട്ടിപ്പിടിച്ച നൂറിന്റെ നോട്ടുകളെ നനക്കുന്നത് കണ്ടപ്പോൾ ഞാൻ തോളിൽ തട്ടി സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു... "ഇത് കടമായിക്കരുതണ്ടാ...വച്ചോളൂ.. ഒന്നും വരില്ല.. ഞാനും പ്രാർത്ഥിക്കണുണ്ട്.. ധൈര്യമായിപ്പോകൂ.."...എന്റെ കയ്യിൽ ഒന്നുകൂടിയമർത്തിപ്പിടിച്ച് തേങ്ങിക്കൊണ്ട് മാധവേട്ടൻ ദൂരേക്ക് നടന്നു നീങ്ങുന്നത് വേദനയോടെ ഞാൻ നോക്കി നിന്നു പോയി..
എട്ടു മാസത്തെ ലീവ് തീർന്നതറിഞ്ഞില്ല..വീണ്ടും ജോലിക്ക് പോകാൻ ഞാൻ തയ്യാറെടുത്തു..... നാരായണേട്ടൻ ടൗണിലെ ഭാര്യയുടെ അവകാശ വീട്ടിലേക്ക് തന്റെ കൂട് പറിച്ചുനട്ടു..അതോടെ ഞങ്ങളുടെ വൈകുന്നേരങ്ങളിലെ നേരമ്പോക്ക് സങ്കേതം റോഡിന്റെയരികിലെ പഞ്ചസാര മരത്തിന്റെ കീഴേക്ക് മാറ്റിയിരുന്നു.. കഴിഞ്ഞയാഴ്ച മാധവേട്ടൻ ജീവിതത്തിലെ ആട്ടം മതിയാക്കി അരങ്ങൊഴിഞ്ഞു.. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും മകൻ അടുത്ത് എത്തിയിരുന്നില്ല..ഭക്ഷണവും വെള്ളവും ഇറക്കാനാകാതെ അവസാന നാളുകളിൽ ട്യൂബു വഴിയുള്ള പാനീയങ്ങളിൽ ജീവൻ തുടിച്ചിരുന്ന മാധവേട്ടന്റ ദേഹം,അവസാനം ദാരുണമായി മരണത്തെ വരിച്ചു... മാധവേട്ടൻ ഒരു വേദനയായി എന്റെ മനസിന്റെ ഒരു കോണിൽ തങ്ങി നിന്നിരുന്നു..
ഇന്ന് മറ്റൊരു വെള്ളിയാഴ്ച.എവിടെയൊക്കെയോ പട്ടികൾ ഓലിയിടുന്ന ഒച്ച കേൾക്കാം... രാത്രി കൂട്ടുകാരോട് യാത്ര പറഞ്ഞു വീട്ടിലേക്ക് നടക്കുമ്പോൾ റോഡിൽ ദൂരെയായി മാധവേട്ടന്റെ വീടിന് മുൻപിലെ പോസ്റ്റിലെ സോഡിയം ലാമ്പിന്റെ മഞ്ഞവെളിച്ചത്തിൻ കീഴെ ഒരു പട്ടി എന്നെ തുറിച്ചു നോക്കി നിൽക്കുന്നു.. മിണ്ടാപ്രാണികളുടെ ശാപം പട്ടിയുടെ രൂപത്തിൽ മാധവേട്ടനെ അടുത്ത ജൻമമെടുപ്പിച്ചതാകുമോ എന്ന ചിന്ത മനസ്സിലേക്ക് കുതിച്ചു കയറി.. ഇല്ല.. ഒരിക്കലുമില്ല.. ഈ ജൻമത്തിലേയും മുൻജൻമത്തിലേയും ചെയ്ത പാപങ്ങളുടെയെല്ലാം പ്രായശ്ചിത്തമെന്നോണം ആ മനുഷ്യൻ അത്രക്ക് അനുഭവിച്ചിരുന്നു, ഈ ലോകത്തോട് യാത്ര പറയും മുൻപേ... ചെറുപ്പത്തിൽ പൂച്ചയെ കല്ല് വച്ചെറിഞ്ഞ എന്നെ തടഞ്ഞു കൊണ്ട് ഉമ്മ പറഞ്ഞത് പെട്ടെന്നോർമ്മവന്നെനിക്ക്... "വേദനിപ്പിച്ചാൽ മിണ്ടാപ്രാണികളും പ്രാകുമത്രേ.. അതിന് ദൈവം ഉത്തരം നൽകിയാൽ ഈ ലോകത്തിലും പരലോകത്തിലും പരാജിതനായി കൈകടിക്കേണ്ടി വരും പോലും... "...എന്തോ..
ചിന്തകൾ കൂടുതൽ ചൂട് പിടിച്ചപ്പോഴേക്കും വീടെത്തിയിരുന്നു. ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കടക്കുമ്പോൾ പ്രിയ പത്നി സിറ്റൗട്ടിൽ തന്നെ നിൽക്കുന്നുണ്ട്. പതിവിലും നേരം വൈകിയത് കൊണ്ടാകാം ഓളുടെ മുഖവും ചൂട് പിടിച്ചിരുന്നു. അത് കണ്ടപ്പോൾ എന്റെ ചിന്തകളുടെ ചൂടാറിയിരുന്നു.. വീട്ടിൽ കയറി മുൻവശത്തെ വാതിൽ അടക്കുമ്പോൾ അക്കരെ പാടത്ത് പട്ടികൾ അപ്പോഴും ഓലിയിടുന്നുണ്ടായിരുന്നു...
(എന്റെ ജീവിതാനുഭവത്തിൽ കണ്ടചില മുഖങ്ങൾ , പേരുകളിൽ മാറ്റം വരുത്തി, കഥാപാത്രങ്ങളാക്കി പുനർജനിപ്പിച്ച കഥയാണിത്... )
### ഷെഫീർ ###

ഉന്നതികളിൽ മതിമറക്കുന്നവർ (കവിത)


അറിയുവാനാകാത്ത സത്യങ്ങളെത്രയോ,
പറയുവാനാകാതെ മന്ത്രണം നൽകുന്നു..
അറിയാതെ പറയാതെ കൈവന്ന സുകൃതങ്ങ-
ളെത്രയോ നാളായ് കൊതിച്ചിരുന്നു...
സുകൃതങ്ങളെല്ലാമിക്കൈപ്പിടിയിലാക്കുമ്പോ,
ചാരത്തു നിന്നവർ അന്യരായ് മാറിയോ?
തന്നുണ്ണി തന്നെക്കാൾ ഉന്നതി നേടണ-
മെന്നോർത്ത ജന്മദാതാക്കളെ കൈവിട്ടോ?
തണലായ് തുണയായ് കണ്ണുനീർ പങ്കിട്ട,
കൂടപ്പിറപ്പിനെ നീ മറന്നോ?
നഷ്ട്ടസ്വപ്നങ്ങൾക്ക് ദാഹജലം നൽകി,
പുതു ജീവനേകിയ തോഴരെ തഴയുന്നോ?
ക്ഷണികമായ് കൈവന്നൊരുന്നതികളൊക്കെയും,
പുതുമഴയിൽ നാമ്പിട്ട പുല്ലിനു സമമത്രേ..
കാലചക്രത്തിന്റെ ഋതുഭേദമല്ലയോ,
ഹരിത തൃണങ്ങൾതൻ ആയുസ്സിന്നളവുകോൽ...
അവസാന ശ്വാസം നിലച്ചിടും നേരം,
അവകാശി നീ,വെറും ആറടി മണ്ണിന്.....
(സന്ദേശം:ക്ഷണിക ജീവിതത്തിലെ ഉന്നതികൾ അതിനേക്കാൾ ക്ഷണികം...)

മരണത്തിന്റെ ദൂത് ( കവിത)


ആകാശത്തിനനന്തതയിൽ,
ദൈവം നൽകിയ കുറിമാനം.
കൈയിൽ കരുതും മാലാഖേ
മരണത്തിന്റെ ദൂതർ നിങ്ങൾ
മറ്റൊരുനാളിനു കാക്കാതെ..
ചാരെവന്നതു കണ്ടു ഭയന്നു,
ദാഹം കൊണ്ടിതതൊണ്ട വരണ്ടു..
ഇഹ ലോകത്തിൻതിരശീലയുടെ
കയറിത മെല്ലെത്താഴുന്നു...
കാലിൽ നിന്നും ആത്മാവിനെയാ-
തൊണ്ടക്കുഴിയിൽ എത്തിക്കുമ്പോൾ
ഈർച്ച മുള്ളാൽ കോന്തിവലിക്കും
പോലൊരു നൊമ്പരമെന്തൊരസഹ്യം..
നന്മകളേറെ ചെയ്യാം ഞാൻ
ഒരു നാൾക്കൂടി പിന്തിക്കാമോ?
എന്നൊരു കേഴലിനുത്തരമായി-
മറുപടി നൽകി മാലാഖ.....
പുരുഷായുസ്സിൽ ചെയ്യാത്തവൻ നീ
ഒരു പകലിന്നായ് കേഴുന്നോ?
കണ്ണിൽ നിന്നുമടർത്തിയെടുത്ത-
ആത്മാവിനെയും കൈയ്യിലേന്തി,
ആകാശത്തിനനന്തതയിൽ
പറന്നകലുന്നു മാലാഖ..
തെറ്റുകളേറെച്ചെയ്തു നിറച്ചതു,
ഒന്നൊന്നായി മുന്നിൽ തെളിഞ്ഞു.
കൈവിരൽ പോലും അനങ്ങാതെ
കുഴിമാടത്തിൻ ഏകാന്തതയിൽ,
പശ്ചാത്താപവിവശിത ദേഹി,
തെറ്റുകളെല്ലാം ഏറ്റുപറഞ്ഞു...
നിഷ്ഫലമായൊരു പശ്ചാത്താപം
നിശ്ചിത ശിക്ഷക്കിളവേകിടുമോ?.............
( സന്ദേശം: ഇനിയെങ്കിലും നന്നായിക്കൂടെ.. )

മണലാരണ്യ മനസ്സിലെ കനൽക്കാറ്റ് (ചെറുകഥ)


(ഫേസ്ബുക്കിൽ മുൻപ് പോസ്റ്റിയതു നല്ലെഴുത്തിലേക്ക് വീണ്ടും)
മണലാരണ്യ മനസ്സിലെ കനൽക്കാറ്റ് (ചെറുകഥ) =====================================
അതിരാവിലെ തന്നെ പുറത്തുപെയ്യുന്ന മഴ മരുഭൂവിലെ മണലിന്റെ ദാഹം മാറ്റാൻ പാടുപെടുന്നുണ്ടായിരുന്നു.പല്ലുതേക്കാനായി കണ്ണാടിയുടെ മുന്നിൽ നിന്ന ബഷീർ തന്റെ കുഴിഞ്ഞകണ്ണും കറുത്ത കൺതടങ്ങളും മുഖത്തെവല്ലാതെ മാറ്റിയിരിക്കുന്നല്ലോയെന്നാലോചിച്ചു നെടുവീർപ്പെട്ടു.വയസ്സ് മുപ്പതേ പിന്നിട്ടുള്ളുവെങ്കിലും നരകൾ ബാധിച്ച തലമുടികൾ വാർദ്ധക്യത്തിന്റെ പുറംചട്ടയയാളുടെ ശരീരത്തിനണിയിപ്പിച്ചു കൊടുത്തിരുന്നു.ഉമ്മാന്റെ ഭാഷയിലെ ഭാഗ്യനരയല്ലയിതെന്നും പോഷണക്കുറവും ടെൻഷനും ഭൂരിഭാഗം പ്രവാസികൾക്കും സമ്മാനിക്കുന്നതാണീ നരയെന്ന് അയാളും തിരിച്ചറിഞ്ഞിരുന്നു.കൊല്ലങ്ങളായി ഗൾഫിൽ ജോലിചെയ്യുന്ന ബീരാന്റെ മോൻ ഷറഫിന്റെ ജോലിടെ പത്രാസാണവന്റെ മൊഞ്ചിന്റെ രഹസ്യമെന്നത് ജിദ്ദയിലെ കൊടുംചൂടിൽ പണിയെടുക്കുന്ന നിർമാണത്തൊഴിലാളിയായ അയാളിലെ പച്ചമനുഷ്യന്റെ മനസിനെ ഇടക്കിടക്ക് നുള്ളി നോവിച്ചിരുന്നു.എങ്കിലും പടച്ചോന്റെ നരകത്തിലെ ചൂടുപോലെ ഈ മരുഭൂമി ചുട്ടുപഴുക്കുമ്പോൾ തന്റെ ഖൽബിലെ അണയാത്തകനലുകൾ പലപ്പോഴുമയാളെ ഇത്തരം ചിന്തകളുടെ ചക്രവ്യൂഹത്തിൽ നിന്നും സ്വതന്ത്രനാക്കിയിരുന്നു....ഇടക്കിടക്കുവരുന്ന പനിയും ശാരീരികക്ഷീണവും വല്യപെരുന്നാളിനു അവധിക്ക് നാട്ടിൽ പോകുന്ന ചിന്തകൾക്ക് മുന്നിലയാളെ തുലോം അലട്ടിയിരുന്നില്ല.ലേബർ ക്യാമ്പുകളിലെ മൂട്ടകടി സഹിച്ചും അത്താഴവിശപ്പ് വെറും കുബൂസിലൊതുക്കിയും താൻ സ്വരുക്കൂട്ടിയ തുച്ഛമായ സംഖ്യ അയാളെ നാട്ടിലേക്ക് പോകാൻ കൂടുതൽ ഉത്സാഹഭരിതനാക്കി....
കോഴിക്കോട്ടെ കല്ലായിക്കാരൻ സുലൈമാന്റെ മോൻ ചെറുപ്രായത്തിൽ തന്നെ ഓടിത്തളർന്നിരുന്നു.പതിവ് തെറ്റാതെ ഇഷാ നിസ്‌ക്കാരാനന്തരം തന്റെ കിനാവ് കാണലിലേക്കയാൾ വഴുതി വീണു.കല്ലായിപ്പുഴയിലെ മണലുവാരി അന്നം നൽകിയിരുന്ന ഉപ്പ ,ബഷീറെന്ന കൗമാരക്കാരൻ തന്റെ സ്വപ്നങ്ങളുടെ ലോകത്തിലേക്ക് ചിറകുവിടർത്തിപ്പറക്കും മുൻപേ,ചുമലിൽ കുടുംബഭാരം ഏല്പിച്ചു ഈ ദുനിയാവിൽ നിന്നും യാത്രയായി.അടുക്കള മാത്രം ലോകമെന്നുകരുതുന്ന ഉമ്മയെയും പത്താൻ തരം കഴിഞ്ഞ മൂത്തപെങ്ങളും പറക്കമറ്റാത്ത കുഞ്ഞുപെങ്ങളും പട്ടിണിയാവാതിരിക്കാൻ അയാൾക്ക് തന്റെ പുസ്തകങ്ങളോടു സലാം പറയേണ്ടി വന്നു.എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴേ വയസറിയിച്ച പെങ്ങളുടെ വരാനിരിക്കുന്ന കല്യാണക്കാര്യം പറഞ്ഞു ഉമ്മ തന്റെ ഉള്ളിലെ ആദി മിക്കരാത്രികളിലും ഉപ്പാനോട് ഓതുന്നത് അയാളോർത്തു. "ന്റെ നബീസു ഇയ്യ് ആളെ പിരാന്താക്കാണ്ട് ഇച്ചിരി ചായേന്റെ ബെള്ളം ങ്ങട്ട് തരീൻ"..എന്ന് പറഞ്ഞു ഒരു ഒഴുക്കൻ മറുപടിയിൽ ഉമ്മയെ ഉപ്പ ഒഴിവാക്കിയിരുന്നെങ്കിലും;പെണ്ണിന് പതിനെട്ടു കഴിഞ്ഞാൽ പ്രായക്കൂടുതലെന്നു കരുതണ തന്റെ നാട്ടിൽ, ഉപ്പാടെ ഖൽബിൽ അടുപ്പത്തെ ചായേടെ ചിരട്ടക്കനലിനെക്കാളും വലിയ നെരിപ്പോടെരിയുന്നത് മറ്റാരേക്കാളും നന്നായി അയാൾ മനസ്സിലാക്കിയിരുന്നു...ഒടുവിൽ ജീവിതച്ചുമട് തന്റെ തലയിൽ വച്ച് ഉപ്പ പള്ളിക്കാട്ടിലേക് യാത്രയായപ്പോ ,ആ തന്തോക്കിന്റെ (ശവമഞ്ചം) മുൻപിൽ വലതുഭാഗത് പിടിച്ച കൈകൾ പേനയും പുസ്തകവും വലിച്ചെറിഞ്ഞു കൈക്കോട്ടും സിമന്റു ചട്ടിയും പിടിക്കാൻ ശീലിച്ചത് ഒരു പുസ്തകത്തിന്റെ ഏട് മറിക്കും പോലെ അയാൾ ഓർത്തെടുത്തു.
പുരയിടത്തിലെ ആധാരം സൊസൈറ്റി ബാങ്കിൽ പണയം വച്ച കാശ് ഉപ്പയുടെ കൂട്ടുകാരൻ ബാങ്ക് പ്രസിഡണ്ട് രാജേട്ടനിൽ നിന്നും കൈപ്പറ്റുമ്പോൾ പെങ്ങളെ തെറ്റില്ലാതെ വീട്ടിൽ നിന്നും ഇറക്കിവിടാനാണല്ലോ റബ്ബ് ഹറാമാക്കിയ പലിശയിടപാടിൽ തനിക്കും ഭാഗമാകേണ്ടിവന്നത് എന്നാലോചിച്ചയാൾ പടച്ചവനോട് പൊറുക്കലിനെ തേടി.കാലം ശരവേഗത്തിൽ മുന്നോട്ടു പായുന്നതിനിടയിൽ ഒരു സാധാരണ കുടുംബത്തിലെ ഫൗസിയെ മഹർ നൽകി ഇണയാക്കിയ അയാളിലെ പുതിയാപ്ലയുടെ മധുവിധുവിന്റെ മധുരം ജീവിതത്തിന്റെ കൈപ്പുരസങ്ങൾക്കു മുന്നിൽ വഴിമാറി...
രണ്ടാമത്തെ കുട്ടി ജനിച്ചപ്പോഴേക്കും ജീവിത ഭാരം അയാളെ വല്ലാതെ അലട്ടിത്തുടങ്ങിയിരുന്നു.പകൽ മുഴുവൻ മൈസണ് ഹെൽപ്പറായും രാത്രി വൈകുവോളം ഓട്ടോ ഡ്രൈവറായും വേഷം കെട്ടിയെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ട അയാൾ പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള യാത്രയിൽ ഫൗസിയുടെ ഉള്ള സ്വർണ്ണമെല്ലാം വിറ്റുപെറുക്കിയിപ്പൊ ഈ മരുഭൂമിയിലെത്തിയിരിക്കുന്നു.
രണ്ടു വർഷം മുൻപ് പള്ളിയിലെ മുസ്ലിയാരുടെ ദുആക്ക് ആമീൻ പറഞ്ഞു എല്ലാവരോടും യാത്രപറഞ്ഞു വീട്ടിലെ ഉമ്മറപ്പടിയിൽ നിന്നും ഇറങ്ങിയപ്പോ കണ്ണിൽ തളംകെട്ടിയ കണ്ണുനീരിനു പിന്നിലെ മങ്ങിയ പ്രതിബിംബംപോലെ നിന്ന ഉമ്മയുടെയും ഫൗസിയുടെയും പൊന്നുമക്കളുടെയും രൂപം ഓർത്തപ്പോൾ വീണ്ടും കണ്ണുകളിൽ ഈറൻ അണിഞ്ഞത് അയാൾ അറിഞ്ഞില്ല.കാടു കയറിയ ചിന്തകൾക്ക് തടയിട്ടു കൂട്ടുകാരുടെ വിളി പെട്ടെന്നയാളെ ഉണർത്തി.."ബഷീർ നീ ഇങ്ങനെ സ്വപ്നം കാണാതെ വല്ലതും കഴിക്കാൻ വരുന്നേൽ വാ"...ഭക്ഷണം കഴിച്ചുന്നു വരുത്തി അയാൾ ഭാര്യയെ വിളിച്ചു.പതിവ് വിശേഷങ്ങളും ഒപ്പം പരിഭവവും പങ്കുവച്ചു അവൾ അയാളെ വീർപ്പുമുട്ടിച്ചു...
"ഈടെ എല്ലാർക്കും സുഖാണിക്ക.ഉമ്മാക്ക് വാതത്തിന്റെ മുട്ടുവേദന ഇച്ചിരി ജാസ്തിയായിരിക്കണ്...ഇക്കാക്ക മന്നിട്ട് ബൈദ്യര് ഹസ്സൻപുള്ളാക്കാനെ കാണാന്ന് പറേണ്ട്..ഐശമോളീടെ കുത്തീര്ന്നു ടി. വി. കാണണ്..ആശിക്ക് ചോറീറ്റ കയിഞ്ഞ് വേഗോറങ്ങിക്കണ്..ഓന് ഇങ്ങടെ ഫോട്ടോ എപ്പളും കാണോന്നും പറഞ്ഞു ഈടെ എന്നെ ബേജാറാക്കലാണ്.... പിന്നെ പലിശേങ്കിലും കെട്ടാൻ പറഞ്ഞു ബാങ്കീന്നു രായേട്ടൻ വിളിച്ചാർന്നിനി...ഐശാനെ ഇക്കൊല്ലം അങ്ങാടിപ്പുറത്തെ ഇംഗ്ലീശ് മീഡിയം ഉസ്കൂളി ചേർക്കണോം...വയസ് നാലര കയിഞ്ഞിരിക്കണ്...സർക്കാർ ഉസ്കൂളിലെ പഠിപ്പ് മോശാന്നു വടക്കേലെ സൂറായും കെട്ട്യോനും പറേണ്ടാർന്നു..പെങ്ങളൂട്ടി സ്കൂളി പോണ്ട്..ഓൾക്കും പ്രായായിവരാണ് അല്ലാഹ്.."....ഫൗസി ഇടയ്ക്കു നിർത്തി...അയാൾ എല്ലാം മൂളിക്കേറ്റു...."ഞാൻ വല്യപെരുന്നാളിന് മുൻപ് വരാം..ലീവുണ്ട്."..."ആ പിന്നേ... ഫൗസി വീണ്ടും..."ഇത്തോണ ഇങ്ങള് വരുമ്പോ ന്റെ കയ്യിലും കാതിലും ഇച്ചിരി പോന്നു മാങ്ങി തന്നോളി...അയൽകൂട്ടത്തിലെ ഉമ്മലൂന്റേം ആരിഫാന്റേം കുത്തുവാക്ക് കേട്ടന്റെ തൊലി ഉരിഞ്ഞിക്കണ്.."....ലിസ്റ്റുകളുടെ പട്ടിക നീണ്ടപ്പോ,"ഹും... വാങ്ങാം ...ശരി എന്നാ... ബാലൻസ് തീരാറായി" എന്നും പറഞ്ഞയാൾ കോൾ കട്ട് ചെയ്തു..
അങ്ങനെ രണ്ടു കൊല്ലത്തിനു ശേഷം നാട്ടിൽ പോകാൻ അയാൾ ഒരുങ്ങി..എല്ലാ ഗൾഫുകാരെയും പോലെ കൂട്ടുകാർ കെട്ടിയ പെട്ടിയിൽ റോയൽ മിറാജിന്റെ സ്‌പ്രേയും യാർഡ്‌ലിയുടെ സോപ്പും പൗഡറും കുറച്ചു ഉടുപ്പുകളുമായി അയാൾ നാട്ടിലെത്തി.കാത്തിരിപ്പിനറുതിവരുത്തി എത്തിയ മാരനെപ്പോലെ മൈലാഞ്ചിയിട്ട ഫൗസിയുടെ കൈകളിൽ നിന്നും മധുനുകർന്ന രാവുകളും,പൊന്നുമക്കളുടെ കിന്നാരങ്ങളും കൊഞ്ചലുകളും, ഉമ്മയുടെ വാത്സല്യവും കൊച്ചു കൊച്ചു ആവലാതികളും, കൂട്ടുകാർ പങ്കിട്ട രണ്ടുവർഷത്തെ നാട്ടുവിശേഷങ്ങളും,വലിയപെരുന്നാളിന്റെ അത്തറിൻ മണവും, ഒക്കെയായി ദിനരാത്രങ്ങൾ വേഗത്തിൽ കടന്നുപോയി.ലീവ് തീരാൻ ദിവസങ്ങൾ ബാക്കി നിന്നപ്പോ തന്റെ ഇടവിട്ടുള്ള പനിക്കും-ക്ഷീണത്തിനും വരുന്നൊരു വർഷത്തേക്കെങ്കിലും മരുന്ന് സ്റ്റോക്ക് ചെയ്യാൻ അയാൾ ഡോക്ടറുടെ അടുത്തെത്തി..
സ്കാനിംഗ്-ബ്ലഡ് റിപ്പോർട്ടുകളുമായി ഡോക്ടറുടെ റൂമിൽ കയറിയ അയാളോട് ഡോക്ടർ കാര്യങ്ങൾ തിരക്കി.."എന്ത് ചെയ്യുന്നു?"...പുറത്താണ് എന്നും ഇനി അഞ്ചാറു ദിവസം കഴിഞ്ഞാൽ തിരികെ പോകുമെന്നും അയാൾ മറുപടി നൽകി..ഡോക്ടർ തുടർന്നു..."ബഷീർ ..ഞാൻ കാര്യങ്ങൾ ഓപ്പണായി പറയുവാണ്..നിങ്ങളുടെ കരളിൽ ഒരു തടിപ്പ് കാണുന്നുണ്ട്..രക്തത്തിലെ കൗണ്ടിലും ഒരു വേരിയേഷൻ ഉണ്ട്..ഐ തിങ്ക് ദിസ് മെ ബി എ സിംപ്റ്റം ഓഫ് ലിവർ കാൻസർ..ബിയോപ്സി എടുത്താലേ കാൻസറാണോയെന്ന് ഉറപ്പിക്കാൻ പറ്റു.. പക്ഷേ..പേടിക്കാനൊന്നുമില്ല..പൂർണമായും ഭേദമാക്കാൻ പറ്റും..എറണാകുളത്തു ഡോക്ടർ പി.വി ഗംഗാധരൻ എന്റെ ഫ്രണ്ടാണ്..ഞാൻ റെഫർ ചെയ്യാം..ബട്ട്..ടൈം വേസ്റ്റ് ചെയ്യരുത്..."
ഡോക്ടറുടെ റൂമിൽ നിന്നും പുറത്തിറങ്ങിയ അയാൾക്ക് തന്റെ നാഡിഞെരമ്പുകൾ വലിയുന്നതായും കണ്ണുകളിൽ ഇരുട്ടുകയറുന്നതായും തോന്നി.അനുദിനം തന്റെ ശരീരത്തിൽ പെരുകുന്ന അർബുദ കോശങ്ങൾ തന്റെ ദുനിയാവിന്റെ ദിനങ്ങൾക്ക് എണ്ണം പറയുന്നുണ്ടെന്നയാൾ തിരിച്ചറിഞ്ഞിരുന്നു..മലക്കുൽ മൗത്ത്( മരണത്തിന്റെ മാലാഖ) റൂഹ് (ആത്മാവ് )പിടിക്കും മുൻപ് തനിക്കുചെയ്തു തീർക്കേണ്ട കാര്യങ്ങൾ ബഷീറിനെ കൂടുതൽ വ്യസനപ്പെടുത്തി.തന്നെ കാത്തിരിക്കാനും ഇഷ്ടപ്പെടാനും ആളുകൾ ഉണ്ടാകും മുൻപേ ഒരു മാംസപിണ്ഡമായി ആ വയറ്റിൽ ചുമന്നനാൾ മുതൽ എന്നെ സ്നേഹിക്കുന്ന എന്റെ പൊന്നുമ്മ യും ,നഷ്ടവസന്തങ്ങളിൽ പുഞ്ചിരിതൂകി ഇഷ്ടവസന്തങ്ങളെ സ്വപ്നം കാണുന്ന തന്റെ ബീവിയും, പുസ്തകത്താളുകളിൽ മയിൽപ്പീലി പ്രസവിക്കുന്ന കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന തന്റെ പൊന്നോമനകളുടെ നിഷ്കളങ്കമുഖവും അയാളെ കൂടുതൽ നൊമ്പരപ്പെടുത്തി..
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരാതിരുന്ന ആ രാത്രിയിൽ നെഞ്ച് പൊട്ടുന്ന വേദനയോടെ അയാളാ തീരുമാനം എടുത്തു.. ഇക്കാലത്തിനിടക്ക് ഒരു നിമിഷം പോലും തനിക്കായി ജീവിച്ചിട്ടില്ല....ഉറ്റവരുടെയും ഉടയവരുടെയും സുഖത്തിനും സന്തോഷത്തിനുമായി ഹോമിച്ച തന്റെ ജീവിതത്തിനു ഒരു പക്ഷെ ഏറിയാൽ ഇനി ഒന്നോ-രണ്ടോ കൊല്ലംകൂടി ആയുസ്സ് കാണുമായിരിക്കും..അതും അങ്ങനെതന്നെ പോട്ടെയെന്ന് തീരുമാനിച്ചുറച്ചു സങ്കടങ്ങൾ ഫൗസിയോടുപോലും പങ്കുവക്കാതുള്ളിലൊതുക്കി എപ്പോഴോ അയാൾ ഉറങ്ങിപ്പോയി.....
മടക്കയാത്രയുടെ ദിവസം വന്നപ്പോൾ ഇത്തവണ എല്ലാവരും അയാളെ യാത്രയാക്കാൻ എയർപോർട്ടിലെത്തി..എല്ലാവരോടും യാത്ര പറഞ്ഞു ചെക്കിങ്ങിനായി അകത്തേക്ക് പോകുമ്പോൾ തന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും താൽക്കാലിക വിരഹത്തിന്റെ കണ്ണുനീർ അയാളുടെ മനസ്സിൽ മായാതെ കിടന്നു..എമിഗ്രേഷൻ കൗണ്ടറിലെ ക്യുവിൽ നിന്നും അകത്തേക്ക് നടന്നു നീങ്ങുമ്പോൾ അയാളുടെ മനസ്സിൽ പടച്ചവനോട് ഒരു ദുആ മാത്രമേ ഉണ്ടായിരുന്നുള്ളു.. "അടുത്ത തവണ തന്നെക്കാണുമ്പോഴുള്ള തന്റെ ഉറ്റവരുടെ കണ്ണീർ തന്റെ മയ്യിത്ത് (മൃതശരീരം) കണ്ടുകൊണ്ടുള്ളതാവല്ലേ റബ്ബേ.. അത്രയെങ്കിലും ഈ പടപ്പിന് നീ ദുനിയാവു നീട്ടണെ നാഥാ.........."
########..എത്ര കഷ്ടപ്പെട്ടാലും കുടുംബപ്രാരാബ്ധങ്ങളുടെ വറ്റാത്ത കടലുമായി പ്രവാസജീവിതം നയിക്കുന്ന പ്രിയപ്പെട്ട ബഷീറുമാർക്കായി (പ്രവാസികൾക്കായി )ഈ ചെറുകഥ സമർപ്പിക്കുന്നു....#####

ഓർമയായ് മാറിയ വയൽ കാഴ്ചകൾ സ്വപ്നം കാണുന്നവൻ


പച്ചവിതാനിച്ച പാടത്തിനിക്കരെ,
പടിഞ്ഞാറൻ കാറ്റിന്റെയീരടി കേട്ടിട്ട്,
പത്തരമാറ്റുള്ള കൊയ്ത്തു നിലങ്ങളിൽ ,
സ്വർണ്ണത്തിൻ നിറമുള്ള കതിരുകൾ കണ്ടവൻ.
മേൽമുണ്ടാൽ നാണം മറച്ചൊരാപെണ്ണുങ്ങൾ ,
നാലുംകൂട്ടി മുറുക്കിച്ചുമപ്പിച്ച-
ചുണ്ടിൽ വിരിഞ്ഞൊരാ കൊയ്ത്തിന്റെ പാട്ടുകൾ,
നാലാളുകേൾക്കെയങ്ങീണത്തിൽ പാടുന്നു..
കൊയ്ത്തു കഴിഞ്ഞൊരാ പാടത്തിൻ മധ്യത്തിൽ,
കൊറ്റികൾ തത്തകൾ കൊത്തിപ്പെറുക്കുന്നു.
ആവോളം നെന്മണി വാരിയെടുത്തിട്ട്,
ആനന്ദഭൈരവി പാടും മാടത്തകൾ
തോട്ടുവരമ്പിന്റെ ചാരത്തുനിൽക്കുമീ-
കൈതോലക്കൈകളിൽ തിങ്ങിയിരിക്കുന്നു.
വയലിൻ നടുവിലെച്ചിറയുടെ പടിയിന്മേൽ,
വെള്ളാരം കല്ലുകൾ ചിതറിക്കിടക്കുന്നു.
മുങ്ങാംകുളിയിടും ചെറുമീനിൻ വരവിനായി,
നോക്കിയിരിക്കുന്ന കൊറ്റിതൻ കൂട്ടങ്ങൾ.
കറ്റകൾ വാരിപ്പെറുക്കുന്നു നാരിമാർ,
കറ്റമെതിക്കൊന്നു നാന്ദി കുറിച്ചിടാൻ.
ചേറിൻ മണമുള്ള കൊയ്ത്തരുവാളിനെ,
ചേലുള്ളരരയിൽ തിരുകിയവർ നീങ്ങുന്നു...
ചിങ്ങത്തിൻ കാഴ്ചകളന്തരംഗത്തിലൂ-
ടെത്രയോ മിന്നിമറിഞൊന്നു പോയപ്പോ,
പെട്ടെന്നു ഞെട്ടിയുണർന്നൊന്നു നോക്കുമ്പോൾ,
കണ്ട കിനാവിലെ ചിത്രങ്ങൾ ബാക്കിയായ്.
ഗതകാല ഹരിതാഭ നെൽവയൽ കാഴ്ചക-
ളിപ്പുത്തൻ തലമുറക്കന്യമായീടുന്നോ?

പറയാത്ത പ്രണയം...(കവിത)


അറിയാതെയുള്ളിൽ സ്ഫുരിക്കുമാ പ്രണയത്തിൻ,
കിരണങ്ങളെന്നെത്തലോടിയെന്നോ...
പറയുവാനാകാതെയുള്ളിലൊളിപ്പിച്ചാൽ,
പ്രണയമേ നീയൊരു നഷ്ട്ടകാവ്യം...
പ്രണയിനിനിൻ കൺകോണിൽ വിരിയുന്ന കവിതകൾ,
സംഗീതസാന്ദ്രമായ് പാടിടാം ഞാൻ...
എത്രയോ നാളായ് പറയുവാൻ വെമ്പുന്ന,
പ്രണയത്തിൻ മൊട്ടുകൾ വിരിയുന്നതായ് തോന്നി.
നീയാകും സൗന്ദര്യ ദീപ്തിയെ പ്രണയിക്കാൻ,
കാർവർണ്ണ നിറമുള്ള ഞാനൊന്നു ശങ്കിച്ചു...
നല്ലോരു ഹൃത്തിനുടമയാംമെന്നിലെ,
പ്രണയമൊഴി കാതോർത്തവൾകാത്ത വഴികളിൽ.
നമ്രശിരസ്സുമായവൾ നിന്ന നേര-
ത്തെങ്ങിനെ ചൊല്ലുമെന്നറിയാതെ ഞാൻ നിന്നു...
എന്നിലെ കാമുകഭീരുത്വ മനസിനാൽ
കണ്മുന്നിലന്യയായ് മാറീയെനിക്കു നീ...
മറ്റൊരു പുരുഷന്റെ സിന്ദൂരമണിയുമ്പോ-
ളെത്രയോ കാതമെനിക്കകലെയായ് തീർന്നു നീ...
പറയുവാനാകാതെ പലനാൾ കുറിച്ചിട്ട,
പ്രണയത്തിൻ ലിഖിതങ്ങളെന്നോടു കളിചൊല്ലി..
കാലങ്ങളായ് നീ ഹൃദയത്തിൻ തീരത്തി-
ലെഴുതിയ ലിഖിതങ്ങൾ തിരകൊണ്ടു പോയല്ലോ...
പറയാത്ത പ്രണയമതു ബാഷ്പ്പമായ് തീർന്നിടും,
വെയിലേറ്റു വറ്റുന്ന മകുടജലം പോലെ...

പതിവുപോലെ


പതിവുപോലെ പ്രഭാതസവാരിക്കുള്ള അലാറംവച്ചു കിടന്നുറങ്ങി.
സുബ്ഹി നിസ്‌കാരത്തിന്റെ ബാങ്ക് കേട്ടപ്പോ ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാതെ പള്ളിയിലേക്ക് വച്ചടിക്കാനുള്ള തിടുക്കത്തിൽ ഞാൻ പുറത്തേക്കിറങ്ങി..എന്നത്തേയും പോലെ ഇരുട്ടിന്റെ കാഠിന്യം കുറയാത്തതുകൊണ്ട് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പള്ളിക്കാട്ടിലൂടെയുള്ള കുറുക്കുവഴിയിലൂടെയാണ് യാത്ര.പെട്ടെന്ന് വന്ന ഫോൺകോൾ കാരണം ടോർച്ചു ഓഫാക്കാതെ മൊബൈലെടുത്ത് ചെവിയിൽ വച്ചതുകൊണ്ടു പരിസരമാകെ പ്രകാശിതമായി. ഇതോർക്കാതെ കറുത്ത ഷർട്ട് ധരിച്ചിരുന്ന ഞാൻ സംസാരം മുറുകിയപ്പോ പള്ളിക്കാട്ടിൽ ഒന്ന് ബ്രേക്കിട്ടു. ആ സമയം പടിഞ്ഞാറേ ഗേറ്റിൽ നിന്നും വന്ന ഉമ്മറിക്ക പെട്ടെന്ന് കറുത്ത വേഷത്തിൽ പ്രഭചൊരിഞ്ഞു പള്ളിക്കാട്ടിൽ നിൽക്കുന്ന എന്നെക്കണ്ട് ദൂരെ നിന്നും സൂക്ഷിച്ചുനോക്കി അവിടെ നിന്നു.കറുത്ത വേഷത്തിൽ നിൽക്കുന്ന കാഫിർ ജിന്നാണെന്ന് മനസ്സിൽ കരുതിയിട്ടാവണം മൂപ്പർ ഇമചിമ്മാതെ നോക്കി നിൽപ്പാണ്.ഇടയ്ക്കു കുനിഞ്ഞും ചെരിഞ്ഞും നോക്കുന്നുണ്ടെങ്കിലും അടുത്തുവരാൻ ധൈര്യം കാണിക്കുന്നുമില്ല.വെളുപ്പാൻകാലത്തു താൻ കണ്ട അസാധാരണ ശക്തിയുടെ സത്യമറിയാനുള്ള മൂപ്പരുടെ പരവേശവും മുഖത്ത് നിഴലിച്ച ഭീതിയും സത്യത്തിന്റെ വെള്ളകൊടി വീശാൻ എന്നെ പ്രേരിപ്പിച്ചു.ടോർച്ചു വെളിച്ചം എന്റെ മുഖത്തേക്കുതന്നെ തെളിച്ചു എന്റെമേൽ കയറിയ ജിന്നിനെ ഞാൻ തന്നെയിറക്കിവിട്ടു.പരിഭ്രമം വിട്ടുമാറാത്തതു കൊണ്ടാണോ അതോ വെളുപ്പാൻകാലത്തു തന്നെ മനസ് പേടിപ്പിച്ച എന്നോട് രണ്ടു പറയാനാണോ എന്തോ, ഉമ്മറിക്ക വുളു (അംഗശുദ്ധി )എടുക്കുന്നതിനിടയിൽ ഇടക്കിടക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
പള്ളിയുടെ വടക്കു പടിഞ്ഞാറേ മൂലയിലെ ആഞ്ഞിലിമരത്തിൽ തമ്പടിച്ചിരിക്കുന്ന കാക്കക്കൂട്ടങ്ങളും എന്നെപ്പോലെ തന്നെ പ്രഭാതസവാരിക്കൊരുങ്ങിയിരുപ്പാണ്.നിസ്ക്കാരം കഴിഞ്ഞതും ചായക്കടക്കാരൻ അയ്മുട്ടിക്ക പുറത്തേക്ക് പാഞ്ഞു.ആ പള്ളി മഹല്ലിലെ പ്രധാന ഫിത്‌ന- ഫസാദ് (കുത്തിത്തിരുപ്പു - പരദൂഷണം)കേന്ദ്രമാണ് അയ്മുട്ടിക്കാടെ ചായപീടിക. തന്റെ പീടിക പരദൂഷണകേന്ദ്രമായതിൽ മൂപ്പർക്കുള്ള അമർഷം ഇടക്കിടക്ക് എന്നോട് പങ്കുവക്കാറുണ്ട്.പക്ഷെ വെളുപ്പിനത്തെ ചായയുടെ ഒപ്പം മഹല്ലുകാരുടെ ഇറച്ചി തിന്നാലേ സുബ്ഹിഹിയുടെ ഖുനൂത്തിന് (പ്രത്യേക പ്രാർത്ഥന)ഉത്തരം കിട്ടൂന്ന് കരുതുന്ന കാദറിക്ക ചായതേടി എത്തുന്നിടത്തോളം കാലം പീടികയിൽ പരദൂഷണം ഒഴിയില്ലയെന്നതാണു വാസ്തവം.കാദറിക്ക വന്നാൽ കടയിലെ ഈച്ചകളും കൊതുകുകളും തൽക്കാലം കളമൊഴിയും .തങ്ങളെക്കാൾ വലിയ കീടാണുവാഹകനായ കാദറിക്കയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ തങ്ങൾക്കാവില്ലായെന്ന് ആ കീടങ്ങൾ വരെ തിരിച്ചറിഞ്ഞിരിക്കുന്നു..
"എടൊ അയ്മുട്ടി..ഓരു ചായ മധുരം കുറച്ചു..വെള്ളം കുറച്ചു എടുക്കാൻ പറഞ്ഞിട്ട് കാര്യമില്ലലോ..തന്റെ പാലിൽ കുടം കണക്കിന് വെള്ളമല്ലേ.." എന്ന് പറഞ്ഞു കാദർ വരവറിയിച്ചു..ദേഷ്യം കടിച്ചമർത്തി അയ്മുട്ടി ചായപ്പത്തിയിൽ വെള്ളമൊഴിച്ചു..
മേശയ്ക്കു ചുറ്റും കൂടിയിരുന്നവരോട് കാദറിക്ക പുലമ്പാൻ തുടങ്ങി.."എടൊ..എന്തെടോ..ഈയിടെ ഒരുത്തൻ നിയമസഭേൽ തുണീല്ലാതെ കേറിന്നോ, പ്രസംഗിച്ചൂന്നോ ഒക്കെ കേൾക്കണല്ലോ..അല്ലേലും പടച്ചോനെ വിശ്വാസോല്ലാത്തോർക്കിടെൽ ആർക്കെന്ത് നാണം..എന്നാലും നമ്മടെ രമേശ് മൂപ്പര് ഒന്നും പറഞ്ഞില്ലേ ആവോ.. പുള്ളിക്കാരൻ ചോദിച്ചില്ലേലും നാണോം മാനോം ഉള്ള നമ്മടെ കുഞ്ഞാലി സായിബ് എന്താണാവോ മിണ്ടാതിരുന്നേന്നു പിടികിട്ടണില്ലല്ലോ?.". ..കടുത്ത മാക്സിസ്റ്റ് വിരോധിയായ കാദറിക്കാടെ സംസാര സൈക്കിൾ ബെല്ലും ബ്രെക്കുമില്ലാതെ പായുന്നത് കണ്ടപ്പോ.."നാണം മറക്കാനും നാണം മറപ്പിക്കാനും കമ്മ്യൂണിസ്റ്റുകാർ ചെയ്ത ത്യാഗങ്ങളുടെ കഥകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും മുലമുറിച്ച ചിരുതമാർ ഒഴുക്കിയ പ്രതിഷേധച്ചോര കൊണ്ടാണീ ചെങ്കോടി ചുമന്നതും അതിലെ അരിവാളിനു മൂർച്ച കൂടിയതെന്നും,ഒരു പക്ഷെ കാദറിനെപ്പോലുള്ള രാഷ്ട്രീയാൽപ്പന്മാരായിട്ടുള കുഞ്ഞാപ്പ ഭക്തന്മാർക്ക് അറിവ് കാണില്ലായിരിക്കാം. എങ്കിലും വീട്ടിലേ കാരണവന്മാർക്ക് അവരുടെ ബാപ്പ പറഞ്ഞു കൊടുത്ത പഴങ്കഥകളുടെ ഓർമ്മ മായാനിടയില്ലാത്തതിനാൽ ഒന്ന് ചോദിച്ചു മനസിലാക്കാനും,നേരത്തെ കാദർ പറഞ്ഞ നാണവും മാനവും ഉള്ള,..നിസ്‌ക്കാരത്തഴമ്പും മക്കത്തെ ഹജ്ജും അലങ്കാരമായി മാത്രം കരുതുന്ന , സാഹിബിന്റെ ഞെരിയാണിക്ക് മുകളിൽ വരിഞ്ഞു മുറുക്കിയ ഉടുതുണി, ഇരുട്ടുവീണപ്പൊ യത്തീമായ പെണ്ണിന്റെ മൊഞ്ചിന് മുന്നിൽ അഴിഞ്ഞുവീണത് ലോകം അറിഞ്ഞപ്പോ, കോടികൾകൊണ്ട് തുലാഭാരം നടത്തി അവളുടെ മാനത്തിന് വില പറഞ്ഞ സാഹിബിന്റെ വീരകഥകൾ ഒരു പക്ഷേ കാദർ മറന്നുവെങ്കിലും മറക്കാത്ത ഞങ്ങൾ നാട്ടിലുണ്ടെന്നും കൂടി പറയാൻ തുടങ്ങവെ ഇറച്ചി വെട്ടുകാരൻ കോയാനിക്ക ഇടപെട്ടു.
"നിങ്ങളു വിവരക്കേട് പറയാതെടോ കാദറെ..നിങ്ങള് പറഞ്ഞത് കേരളത്തിൽ നടന്നതല്ല..അങ്ങ് വടക്കെങ്ങാണ്ടാ..തൊട്ടേനും പിടിച്ചെനും നിങ്ങളീ പാർട്ടിക്കാരുടെ പുറത്തേക്ക് കുതിര കേറുന്നെന്തിനാ..? "
കോയാനിക്ക ഒരു ലീഗ് അനുഭാവിയാണേലും ബീഫിന്റെ പേരിൽ പുകിലുനടന്നപ്പോ ഇടതിന്റെ കുട്ടികളെ ചോദ്യം ചെയ്യാനും ഫെസ്റ്റ് നടത്താനും ഉണ്ടായുള്ളൂവെന്നത് കോയാനിക്കയെ ഒരു തണ്ണിമത്തൻ അനുഭാവിയാക്കി മാറ്റി.അതായത് പുറത്ത് പച്ച എന്നാൽ ഉള്ളു ചുമപ്പും..മൂപ്പർക്ക് ആകെവശമുള്ള പണി ഇറച്ചിവെട്ടാണല്ലോ...
ചർച്ച കോയാനിക്ക ഏറ്റെടുത്ത സന്തോഷത്തിൽ ചായക്കാശ് കൊടുത്തു ഞാൻ സ്ഥലം കാലിയാക്കി.
സമയം 6 മാണി കഴിഞ്ഞിരിക്കണം.ഇന്നലെ പടിഞ്ഞാറൻ ചക്രവാളത്തിൽ മുഖം ചുമപ്പിച്ചു നാണിച്ചു തലതാഴ്ത്തിയ സൂര്യൻ അതെ നാണത്തിനരുണിമയോടെ മറനീക്കി ഒളിവിതറി പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു.പാൽക്കാരൻ ഭാസ്‌ക്കരൻ കൈയിൽ പാൽകുപ്പികളുമായി വേഗത്തിൽ പായുന്നതു കണ്ടപ്പൊ.."എന്താ ഭാസ്‌ക്കരേട്ടാ നിങ്ങക്ക് സൂര്യന്റെ പേരായത് കൊണ്ടാണോ കോഴികൂവാൻ നേരം തന്നെ പായണതെന്ന്" പരിഹാസരൂപേണ ഞാൻ കുശലം ചോദിച്ചു."വൈകി കറന്നാലും നേരത്തെ കറന്നാലും ആടിന്റെ രണ്ടു മുലയല്ലേ വലിക്കാൻ പറ്റൂ. കിട്ടിയത് വേഗമൂറ്റി കുപ്പി നിറച്ചു "എന്ന് പറഞ്ഞു ഭാസ്‌ക്കരേട്ടൻ ചിരിച്ചു.ഇതിലും നല്ല മറുപടിക്ക് ഞാൻ അർഹനല്ല എന്ന് എനിക്കും തോന്നി..
മേരിച്ചേച്ചി രാവിലെ ഉണർന്നു ഉമ്മറപ്പടിയിൽ ഇരിക്കുന്നുണ്ട്.സ്വന്തം വീട്ടിൽ അരിവേവിച്ചില്ലെങ്കിലും അയൽപക്കത്തെ അടുക്കളരഹസ്യങ്ങൾ അറിയാനുള്ള മേരിച്ചേച്ചിയുടെ ശുഷ്‌കാന്തി കൊണ്ടാകാം അയൽപക്കത്തെ ചെറുപ്പക്കാർ മേരിച്ചേച്ചിക്ക് "ബി. ബി. സി ."എന്ന വാർത്താ ചാനലിന്റെ പേര്, ഒമാനപ്പേരായി നൽകിയിരിക്കുന്നത്.പക്ഷെ എനിക്കെന്നും അവർ ഒരത്ഭുതമാണ്.വയസ്സ് 70 കഴിഞ്ഞുകാണും.പക്ഷെ ആ വാർഡിലെ ചെറുതും വലുതുമായ ഓരോ ചലനങ്ങളും വാർത്തകളായി മേരിച്ചേച്ചിയുടെ ചെവിയിലെത്തും. '4ജി' യേക്കാൾ വേഗത്തിൽ തനിക്ക് ലഭ്യമായ വാർത്തകളെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മേരിച്ചേച്ചിയുടെ നാവു വഹിക്കുന്ന പങ്കു നിസ്തുലം തന്നെയാണ്....മേരിച്ചേച്ചിയുടെ കാര്യത്തിൽ ഏഷ്യാനെറ്റിന്റെ ഈ വരികൾ ചേരും......"നിരോടെ...നിർഭയം.....നിരന്തരം.."ഏഷ്യാനെറ്റിന്റെ കാര്യത്തിൽ ചേരില്ല എന്നത് വേറെ വശം...
പക്ഷെ ഒരു കാര്യം..നഗരത്തിലെ വേഗതയുടെ ലോകത്തു മനുഷ്യൻ അവനവനിലേക്ക് ചുരുങ്ങി രൂപംകൊണ്ട സ്വാർത്ഥതയുടെ വേരുകൾ ഗ്രാമാന്തരങ്ങളിലെ മണ്ണിൽ ആഴ്ന്നിറങ്ങാത്തതു ഇത് പോലുള്ള മേരിച്ചേച്ചിമാരുടെ സജീവ സാന്നിധ്യമാണ്.
"നടക്കാനിറങ്ങിയതാവും അല്ലെ " എന്ന മേരിച്ചേച്ചിയുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് തലയാട്ടി ഞാൻ മുന്നോട്ട് നീങ്ങി.
രാഘവേട്ടൻ വീട്ടുമുറ്റത്ത് തന്റെ ഓട്ടോ കഴുകുന്ന തിരക്കിലാണ്.എന്റെ ചെറുപ്പം മുതൽ ഞാൻ കാണുന്ന ബി.ജെ.പി. ക്കാരൻ.ചുവപ്പു കൊടിക്കാരോടും പച്ചമതക്കാരോടും മൂപ്പർക്കുണ്ടായിരുന്ന വിരോധം ഭാര്യ വിലാസിനിയുടെ ഹൃദയത്തിന്റെ ബൈപാസ് ഓപ്പറേഷനോടുകൂടി മാറി.വിലാസിനിച്ചേച്ചിയുടെ ജീവൻ രക്ഷിക്കാൻ, അവർക്കു രക്തം നൽകാൻ,ഞങ്ങൾ ചുവപ്പിന്റെ കൂട്ടുകാരോടിയെത്തിയ അന്നു മുതൽ രാഘവേട്ടനു ,താൻ പിടിക്കുന്ന കൊടിയുടെ മാഹാത്മ്യമോ, വിശ്വസിക്കുന്ന മതത്തിന്റെ ഉൽകൃഷ്ടതയോ അല്ല ജീവൻ തുടിക്കുന്ന 450 മില്ലി രക്തത്തിന്റെ ഔന്നത്ത്യമെന്നുണ്ടായ തിരിച്ചറിവ് ഇന്നത്തെ കാലഘട്ടത്തിനുള്ള അനിവാര്യ സന്ദേശമാണ്.
റോഡിലൂടെ നടക്കുംപോൾ പരിചിത മുഖങ്ങളെല്ലാം കടന്നുപോകുന്നുണ്ട്.അവരോട് ഹായ് പറഞ്ഞും കൈ വീശിയും മുന്നോട്ട് നീങ്ങി.കൂടുതലും രാഷ്ട്രീയക്കാർ.ശരീരമനങ്ങാതെ അധ്വാനിക്കുന്ന രാഷ്ട്രസേവകരുടെ കൂട്ടത്തിൽ എണ്ണത്തിൽ കുറവെങ്കിലും അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗപ്രസ്ഥാനത്തിന്റെ ചെറുകിട അമരക്കാരും ഉണ്ടെട്ടോ..ഇടക്ക് ജാഥയിലും പ്രകടനത്തിലും പങ്കെടുത്ത് ദേഹം അനങ്ങുന്നതുകൊണ്ടാകാം എണ്ണത്തിൽ കുറവ്..പാവം...ശരീരത്തിലെ കൊളസ്‌ട്രോളിനറിയില്ലല്ലോ അധ്വാനിക്കുന്നവർക്കായി സന്ധിയില്ലാ പോരാട്ടം നയിക്കുന്ന തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ നേതാവാണെന്ന്.
മെഡിക്കൽ കോളേജ് റോഡ് താരതമ്യേന വിശാലമാണെങ്കിലും അല്പം വിജനമാണ്.അവിടെ പാതയോരങ്ങൾക്കിരുവശവും പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നത് ഒരു നിത്യകാഴ്ചയാണ്..മാലിന്യക്കൂമ്പാരം നിമിത്തം അവിടെ മനുഷ്യരെക്കാൾ കൂടുതൽ കാണുന്നത് മേനകമാരുടെയും രഞ്ജിനിമാരുടെയും അരുമക്കിടാങ്ങളെയാണ്.രണ്ടും- മൂന്നും സെന്ററിൽ വീടുവച്ചിരിക്കുന്ന സാധാരണക്കാർ മുതൽ രാത്രികാലങ്ങളിൽ കാറുകളിൽവന്നു മാലിന്യമെറിയുകയും പകൽനേരങ്ങളിൽ മാലിന്യ നിർമാർജനപരിപാടികൾ ഉദ്ഘാടനം നടത്തുകയും ചെയ്യുന്ന പകൽമാന്യന്മാർ വരെ ഈ പാപത്തിന്റെ കറപറ്റിയവരിൽപ്പെടും.തങ്ങളുടെ വിഹാര കേന്ദ്രത്തിലേക് നടന്നു വരുന്ന എന്നെ, മൂന്നു- നാലു നായ്ക്കൾ സഗൗരവം തലയുയർത്തി നോക്കി..ഉള്ളിൽ ഭയമുണ്ടായിരുന്നുവെങ്കിലും പുറമെ അത് നടിക്കാതെ ഞാൻ മുന്നോട്ട് നടന്നു നീങ്ങി.അല്ലേലും ഞാൻ എന്തിന് ഭയക്കണം?എന്റെ കൈയിൽ മാംസപ്പോതിയൊന്നുമില്ലല്ലോ..എന്നും കാണുന്നത് കൊണ്ടോ എന്തോ നായ്ക്കൾ വീണ്ടും തലതാഴ്ത്തി തങ്ങളുടെ മാലിന്യക്കവറുകളുടെ കെട്ടഴിക്കുന്ന തിരക്കിൽ മുഴുകി..അല്ലേലും ഇവറ്റകൾ കൂട്ടം കൂടിയാലെ അപകടകാരികളാകൂ.എന്നാൽ ഒറ്റക്ക് മനുഷ്യ ഇറച്ചി തിന്നുന്ന കാദറിക്കയെ കുറിച്ചാലോചിക്കുമ്പോ ഇവറ്റകൾ എത്രയോ ഭേദമെന്നു കരുതി ഞാൻ മുന്നോട്ട് നീങ്ങി.
അതിരാവിലെ വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ അന്തരീക്ഷത്തിൽ കുറഞ്ഞതുകൊണ്ടാണോ, അതോ 190 ഉണ്ടായിരുന്ന രക്തത്തിലെ കൊളസ്‌ട്രോൾ കുറഞ്ഞതുകൊണ്ടോ, എന്തോ.. ഒരു ഊർജം കൂടിയത് പോലെ..കിതപ്പിനെ അവഗണിച്ചു ഞാൻ നടത്തത്തിനു വേഗത കൂട്ടി. ലക്ഷ്യസ്ഥാനമായ സ്കൂൾ ഗ്രൗണ്ട് എത്താൻ ഇനിയും ഒരു ഫർലോങ് ദൂരം പിന്നിടണം......

എറണാകുളം മറൈൻഡ്രൈവിലെ ഒരു സായാഹ്നം


ഫ്ലാറ്റുകളിലെ ഓടകളിൽ നിന്നുള്ള ചീജലം കായലിലേക്ക് ഒഴുക്കുന്നത് കൊണ്ടാകാം പടിഞ്ഞാറൻ കാറ്റ് കായലോളപരപ്പുകളെ തഴുകി മൂക്കിലേക് വലിഞ്ഞു കയറുമ്പോൾ വല്ലാത്തൊരസ്വസ്ഥത തോന്നി.എന്നാലും സൂര്യസ്തമയത്തിലെ അരുണകിരണങ്ങൾ കായലോളങ്ങളിലും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ആഫ്രിക്കൻ പായലുകളിലും തട്ടി പ്രതിഫലിക്കുമ്പോൾ ഉള്ള മനോഹാരിത അവർണനീയം തന്നെ.അങ്ങകലെ രണ്ടു കൂറ്റൻ കപ്പലുകൾ വലിയ കയറുകളാൽ തുറമുഖമായി ബന്ധിച്ചിരിക്കുന്നു.കപ്പലുകളിലെ പുകക്കുഴലുകളിൽ നിന്നും ഉയർന്നുപൊങ്ങുന്ന പുക അതിലെ ജീവനക്കാരുടെ രാപ്പകലില്ലാത്ത അധ്വാനത്തിന്റെ പ്രതീകം എന്നോണം അന്തരീക്ഷത്തിൽ നിഴലിച്ചു നിൽക്കുന്നു.കടലിന്റെ മാറിലേക്ക് അണയാൻ വെമ്പൽകൊള്ളുന്ന കായലിന്റെ നിശബ്ദ സൗന്ദര്യം വെറുതെയങ്ങു കണ്ടുനിൽക്കാൻ തന്നെ എന്ത് രസമാണ്.
ചക്രവാളങ്ങളെ വാരിപ്പുണരുന്ന കടലിനു ഒത്തിരി കഥകൾ നമ്മോടു പങ്കുവെക്കാനുള്ളത് പോലെ.കറുത്തമുത്തും മഞ്ഞലോഹവും കൊള്ള യടിക്കാനീവശ്യസൗന്ദര്യ ഭൂമികയിൽ ആർത്തിയോടെ പാഞ്ഞെത്തിയ വിദേശികളുടെ നൊസ്റ്റാൾജിയ മുതൽ ,വാണിജ്യ താല്പര്യത്തിനായി അവളുടെ ( കടലിന്റെ) മാറിലേക്ക് കത്തികുത്തിയിറക്കി ചെളികോരുന്ന ഡ്രഡ്ജിങ് കപ്പലുകളോടുള്ള അമർഷം മുതൽ, ആധുനികസംസ്ക്കാരത്തിന്റെ മേനിനടിക്കലിനായി ചീട്ടുകൊട്ടാരം പോലെ ഉയർത്തിക്കെട്ടിയ ഫ്ളാറ്റുകളും സ്ഥാപനങ്ങളും ഒഴുക്കുന്ന വിഷമാലിന്യം നശിപ്പിക്കുന്ന തന്റെ അരുമയായ മൽസ്യകുഞ്ഞുങ്ങളുടെ സങ്കടം മുതൽ, എന്തിന് അധികം,അന്നത്തെ അന്നത്തിനായി വമ്പൻ തിരകളെ കീറിമുറിച്ചു അഴിമുഖത്തിനപ്പുറം മൽസ്യസമ്പത്തു തേടിപ്പോകുന്ന മുക്കുവകുടുംബങ്ങളുടെ പട്ടിണിയുടെ കദനകഥകൾ വരെ, അങ്ങനെ അങ്ങനെ എന്തൊക്കെ പറയാനുണ്ടവൾക്ക് .അവളുടെ നിശബ്ദമായ കഥ പറച്ചിലിനിടയിൽ ആരോ എന്നെ തട്ടി വിളിച്ചു...
"സർ ..ബോട്ടിങ്.. ഒരുമണിക്കൂർ ബോട്ടിങ്...60 രൂപ.. ഒരു കൗതുകത്തിന് ഞാൻ ചോദിച്ചു..എന്തൊക്കെയാണ് കാണിക്കുക..അയാൾ വാചാലനായി.. സർ.. ഒരു മണിക്കൂർ മ്യൂസിക് ബോട്ട് യാത്ര..കപ്പൽ ചാനലിലൂടെയാണ് യാത്ര.കപ്പലുകളെ അടുത്ത് കാണാം .വളരെ വലിയ കപ്പലുകളാണ് ..ദൂരെ നിന്നും നോക്കുന്നത് പോലെയല്ല അടുത്തു ചെന്നാൽ ...അത് വേറെ ഒരു രൂപമാണ്.പിന്നെ ബോൾഗാട്ടി പാലസിനടുത്ത് പോകും ..വൈപ്പിനും വല്ലാർപ്പാടവും അടുത്ത് കാണാം" ....വർഷത്തിന്റെ മുക്കാൽ ഭാഗത്തോളം കപ്പലിൽ ജോലി ചെയ്തു കപ്പലിനോട് തന്നെ വിരക്തി തോന്നിയ ഒരാളിനോടാണ് താൻ ഇങ്ങനെ വാചലനാകുന്നത് എന്നറിയാതെ അയാൾ പറഞ്ഞു നിർത്തി ..."സർ ടിക്കറ്റ് എടുക്കട്ടേ"...ഞാൻ സ്നേഹത്തോടെ നിരസിച്ചു.എന്നാലും മനസിലൂടെ ഒരു കാര്യം കടന്നുപോയി .തന്റെ വാക്ചാതുര്യം കൊണ്ട് ദിവസം മുഴുവൻ കൊച്ചിയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തുന്ന ഈ ബോട്ട് ജീവനക്കാർ അവന്റെ തുപ്പൽ വറ്റിച്ചു മുതലാളിയുടെ കീശയിൽ എത്തിക്കുന്ന വലിയ തുകയിൽ നിന്നും ,അവന്റെയും അവന്റെ കുടുംബത്തിന്റെയും വയറ്റിപ്പിഴപ്പിന് വേണ്ടിയാണല്ലൊ എന്നോട് ഇത്രയും നേരം സംസാരിച്ചത് എന്ന് ആലോചിച്ചപ്പോ ആ ബോട്ട് യാത്രക്ക് പോകാത്തതിൽ വല്ലാത്തൊരു കുറ്റബോധം തോന്നി.ആ സങ്കടത്തിന്റെ ഹാങ്ങ് ഓവറിൽ ഇരുന്നത് കൊണ്ടാണോ എന്തോ, പിന്നാലെ വന്ന കപ്പലണ്ടിക്കാരനിൽ നിന്നും കപ്പലണ്ടി വാങ്ങി അയാൾക്ക് നേരെ പത്തു രൂപ നീട്ടിയപ്പോൾ എന്തോ വലിയ കാര്യം ചെയ്ത ചരിതാർഥ്യം തോന്നി എനിക്ക്.
പെട്ടെന്ന് പിന്നിൽ നിന്നും ഒരു വിളി.."
മോനെ കൈ നോക്കട്ടെ...ഭൂതം ഭാവി എല്ലാം പറയും"..ഭൂതം അറിയണ്ട...കഴിഞ്ഞുപോയത് അറിഞ്ഞിട്ട് എന്തുകാര്യം.പിന്നെ ഭാവി..അത് നിങ്ങൾ പറഞ്ഞാൽ പിന്നെ അത് കൊണ്ട് ഒരു ടൈംടേബിൾ ഉണ്ടാക്കി,മരിക്കുവോളം അത് നോക്കി ജീവി്ച്ചാൽ പോരെ..എന്റെ പരിഹാസം ആ സ്ത്രീയെ വേദനിപ്പിച്ചിരിക്കണം എന്ന് അവരുടെ മറുപടിയിൽ നിന്ന് എനിക്ക് മനസിലായി..."മോനെ... വയറ്റിപ്പിഴപ്പിന് വേണ്ടിയാ...കളിയാക്കണ്ട..മോന്റെ പ്രായം ഉള്ള ഒരു മകൻ എനിക്കും ഉണ്ട്.അവൻ എന്റെ വയറു നിറച്ചിരുന്നെങ്കിൽ മോന്റെ ഭാവി പറഞ്ഞു ദക്ഷിണക്ക് വേണ്ടി എനിക്ക് യാചിക്കേണ്ടി വരില്ലായിരുന്നു"....
മോനെ എന്നാവിളിയിൽ ഏതൊരു മാതാവും അവരുടെ മക്കൾക്കിടുന്ന സ്നേഹ-വാത്സല്യ കടിഞ്ഞാണിന്റെ ശക്തി ഉള്ളത് പോലെ എനിക്ക് തോന്നി.ക്ഷമാപണ ഭാവേന ഞാൻ പറഞ്ഞു..എന്റെ കൈ നോക്കിക്കൊള്ളു.. ദക്ഷിണ തരാം..
അവരുടെ മുഖത്ത് സന്തോഷം നിഴലിച്ചു .എന്റെ കൈവെള്ളയിൽ പിടിച്ചു അവർ എന്തൊക്കെയോ പ്രവചനങ്ങൾ നടത്തിയപ്പോ എന്റെ ഉപബോധമനസ് അവരുടെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലെ കറുത്തകാഴ്ചകൾക്കായി അലയുകയായിരുന്നു.എന്തൊക്കെയോ ഞാൻ മൂളിക്കേട്ടു.എന്നിട്ട് ഞാൻ ചോദിച്ചു..നിങ്ങളുടെ മക്കൾ?
കണ്ഠമിടറിക്കോണ്ട് അവർ തുടർന്നു... രണ്ടു മക്കൾ .എനിക്കിപ്പൊ വയസു 55 കഴിഞ്ഞിരിക്കുന്നു..ജീവിതത്തിലെ താങ്ങും തണലായും നിന്ന ഭർത്താവു 4 വര്ഷം മുൻപ് എന്നെവിട്ടു പോയി.കൂലിവേല ചെയ്ത് കഷ്ടപ്പെട്ട് മക്കളെ വലുതാക്കി.നല്ല വിദ്യാഭ്യാസം നൽകി.6 സെന്റ് സ്ഥലവും അതിൽ ഒരു ചെറിയ വീടും ആണ് അങ്ങേര് ഉണ്ടാക്കിയ സമ്പാദ്യം.. പഠിപ്പിച്ചു മിടുക്കരാക്കിയ രണ്ടു ആണ്മക്കളില്ലേടി നമുക്ക്.അവർ പോന്നു പോലെ വാഴിക്കും നമ്മളെ എന്ന് അങ്ങേര് എപ്പോഴും പറയുമായിരുന്നു.എന്നാൽ അങ്ങേരുടെ കാലശേഷം വന്നുകയറിയ പെണ്ണുങ്ങളുടെ വാക്കുകേട്ടു ചാഞ്ചാടുന്ന നട്ടെല്ലില്ലാത്ത ആണ്മക്കളെയായിരുന്നല്ലോ ഞാൻ പത്തുമാസം ഗർഭം ചുമന്നത് എന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങൾക്ക് പിന്നീടുള്ള ദിവസങ്ങൾ സാക്ഷിയായി.മക്കൾക്ക് അമ്മയെക്കാൾ ഇഷ്ട്ടം സ്വത്തിനോടുള്ള ഭ്രമം ആയെന്നു മനസിലായപ്പോൾ, പിന്നീട് അവർ കാണിച്ച അവഗണന എന്നെ ഇപ്പോഴത്തെ കാക്കാലത്തിയാക്കി മാറ്റി..
ഏതൊരു വയറിന്റെ വിളിക്ക് ഉത്തരം നൽകാനാണോ ആ അമ്മ യാചിക്കുന്നത് അതിലായിരുന്നില്ലേ അവർ രണ്ടു മക്കളെ പത്തുമാസം ചുമന്നത്.അതെ വയറിൽ മക്കളുടെ ചവിട്ടും തൊഴിയും സഹിച്ചു മരണത്തെക്കാൾ വേദനയുള്ള പ്രസവവേദന സഹിച്ചു അവരെ പാലൂട്ടിയത് ഇങ്ങനെ ഒരു അവഗണനക്കായിരുന്നോ.?ആ വയറിലെ പൊക്കിൾകൊടി ആയിരുന്നില്ലേ ആ മക്കളെ താങ്ങിക്കെട്ടിയിരുന്ന ഏറ്റവും ബലമുള്ള ചരട്.?.അതിനേക്കാൾ വില നീ വന്നു കയറിയ പെണ്ണിന്റെ പാവടച്ചരടിനു നൽകിയതെന്തിനായിരുന്നു?ആ വയറിൽ നിന്നും പുറംതള്ളാത്ത ആർത്തവരക്തം തളം കെട്ടിയതിൽ നിന്നല്ലേ നീ ആദ്യ പ്രാണവായു എടുത്തത്.?എന്നി്ട്ടിപ്പൊ ഒരു ചാൺ വയറിന്റെ ഒരുപിടി ചോറിനായി തളർന്ന കാലും ക്ഷീണിച്ച മനസുമായി എന്നെപ്പോലുള്ളവരുടെ കൈവെള്ളയിലെ രേഖകളുടെ തെളിമ നോക്കേണ്ടിവരുന്നു ആ പാവത്തിന് എന്ന് ചിന്തിച്ചിരിക്കുമ്പോൾ വീണ്ടും ഒരു വിളി...
"മോനെ..മനസും ശരീരവും വല്ലാതെ തളർന്നിരി ക്കുന്നു.മനസിന്റെ ഇഷ്ട്ടത്തിനു അനുസരിച്ചു കാലുകൾക്ക് ചുവടുവാക്കാനാകുന്നില്ല..ഇനിയിതുപോലെ എത്ര നാൾ എന്നറിയില്ല മോനെ"....
ഒത്തിരി കരഞ്ഞു ശീലച്ചതുകൊണ്ടാകാം അവരുടെ കണ്ണുകളിൽ നിന്നും പുറത്തേക്ക് ഒഴുകാതെ തളം കെട്ടി നിന്ന കണ്ണീരിന്റെ ഉപ്പിന് ഞാൻ നോക്കിയിരുന്ന ,എന്നോട് കഥ പറഞ്ഞിരുന്ന കടലിന്റെ ഉപ്പിനെക്കാൾ സാന്ദ്രത കൂടുതൽ ഉള്ളത് പോലെ തോന്നി എനിക്ക്.
ഞാൻ നൽകിയ ദക്ഷിണ മടിക്കുത്തിലേക്ക് തിരുകി എന്നോട് യാത്ര പറഞ്ഞപ്പോൾ എന്റെ കടക്കണ്ണിൽ നിറഞ്ഞ കണ്ണുനീർ മറ്റുള്ളവർ കാണാതെ തുടക്കാൻ ഞാൻ നന്നേ പ്രയാസപ്പെട്ടു.ലോകം വലുതായപ്പോ മനുഷ്യ മനസ്സ് എത്രയോ എത്രയോ ചെറുതായിപ്പോയി എന്ന് തോന്നിയ നിമിഷം..ആ അമ്മയെ പോലുള്ള ഒരുപാട് അമ്മമാർക്ക് ജീവിച്ചിരുന്നപ്പോൾ നൽകാത്ത ഒരുപിടി ചോറ് നാളെ ബലി ചോറായി നൽകിയാൽ മോക്ഷം കിട്ടും എന്ന് കരുതുന്ന ആധുനിക തലമുറക്ക് സമർപ്പിക്കുന്നു ഈ കുറിപ്പ്.....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo