Slider

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ (ചെറുകഥ)

0

എല്ലാ വൈകുന്നേരങ്ങളും സജീവമാക്കാൻ ഒത്തുകൂടുന്ന നാരായണൻ നായരുടെ സ്റ്റേഷനറിക്കടയിൽ ഞാൻ പതിവുപോലെ എത്തി.പുള്ളിക്കാരന്റെ വീടിനോട് ചേർന്നുസ്ഥാപിച്ചിരിക്കുന്ന കടയുടെ മുൻപിലെ അടക്കാമരക്കീറുകൾ കൊണ്ടുണ്ടാക്കിയ ചായ്പ്പാണ് ഞങ്ങളുടെ ചർച്ചാസങ്കേതം.പുറത്ത് ചായ്പ്പിലെ ഒരുവശം ഒടിഞ്ഞ ബഞ്ചിൽ ഞാൻ ഇരിപ്പുറപ്പിക്കുമ്പോൾ നായരുടെ സന്ധ്യാനാമജപം ചെവിയിലൂടെ കയറിയിറങ്ങിപ്പോയി. തികഞ്ഞ ഈശ്വരവിശ്വാസിയായ നായരുടെ കടയിലെ വൈകുന്നേര ചർച്ചകൾ ജീവിതത്തിന്റെ എല്ലാ മേഖലകളേയും തൊട്ടു തലോടിപ്പോയിരുന്നു.കടയുടെ നേരെ മുൻപിൽ ഒരു കന്യാസ്ത്രീ മഠം ആണ്. ഞാനുൾപ്പെടെ പ്രദേശവാസികളെല്ലാം അറിവിന്റെ ആദ്യാക്ഷരം കുറിച്ച പള്ളിക്കൂടവും ആ മഠത്തിന്റെ മതിൽ കെട്ടിനകത്തു തന്നെ. പത്തേക്കറോളം വരുന്ന മഠത്തിന്റെ ചുറ്റുമതിലിന്റെ പടിഞ്ഞാറേ അതിരിൽ ഒരു കുളമുണ്ട്...അതെ...സംഭവബഹുലമായ കുളക്കോഴികളുടേയും കുളയട്ടകളുടെയും വാസസ്ഥലമായ കൈതക്കൂടിനാൽ ചുറ്റപ്പെട്ട ഒരു കൊച്ചുകുളം....
നാരായണൻ നായർ ചാക്കോളാസ് നൂൽകമ്പനിയിലെ തൊഴിലാളിയായിരന്നു.VRS എഴുതി പിരിഞ്ഞു പോന്നു. സന്ധ്യാജപം കഴിഞ്ഞ് കടയിലെ കൃഷ്ണഭഗവാന്റ ഫോട്ടോക്ക് താഴെയുള്ള കൊച്ചുവിളക്ക് കത്തിക്കാൻ നായരെത്തി. എന്നെ കണ്ടതും "ഇതെപ്പോ എത്തി.?.. ഞാൻ അറിഞ്ഞില്ലല്ലോ" എന്നുപറഞ്ഞു നായരെന്നെ സലാം ചെയ്തു. നാമം ജപിക്കുമ്പേൾ ശല്യപ്പെടുത്താണ്ടാന്നു കരുതി വിളിക്കാതിരുന്നതാണെന്ന് ഞാനും തട്ടി വിട്ടു."ഓഹ്. ഇന്ന് സ്ട്രീറ്റ് ലൈറ്റിന്റെ ഫ്യൂസ് കുത്താൻ സഖാവ് ചെല്ലപ്പൻ മറന്നെന്നാ തോന്നണത്... സന്ധ്യ കഴിഞ്ഞേ ഉള്ളുവെങ്കിലും രാത്രിയായ പോലുള്ള ഇരുട്ട്.. "...ഞാൻ പറഞ്ഞു നിർത്തിയതിൽ നിന്നും നായര് പിടിച്ചു കയറി... "അതേ .. മോനേ ഇന്ന് വാവല്ലേ. അതാണിത്ര ഇരുട്ട്..പോരാത്തതിനിന്നു വെള്ളിയാഴ്ചയും..." നായര് ചർച്ചക്കുള്ള വിത്തെറിഞ്ഞു. "അതെന്താ ചേട്ടാ ഒരു പോരാത്തതിന് .... അതിൽ എന്തോ ഒരു വശപ്പിശകുണ്ടല്ലോ?. "...എന്റെ ജിജ്ഞാസ നായരു വല്ലാതങ്ങാസ്വദിച്ച മട്ടിൽ മറുപടി തുടങ്ങി.
"കറുത്തവാവും വെള്ളിയാഴ്ചയും ഒന്നിച്ചാൽ അന്ന് അദൃശ്യ ശക്തികളുടെ വിളയാട്ടം കൂടുമെന്നല്ലേ... എത്രയെത്ര അനുഭവങ്ങളാണെന്റെ മോനേ മുന്നില് "... മൂപ്പർ അനുഭവങ്ങളുടെ താളിയോലക്കെട്ടുകൾ മനസിൽ നിന്നും അഴിക്കാൻ തുടങ്ങി... പണ്ട് ചാക്കോളാസ്സിൽ നൈറ്റ് ഷിഫ്റ്റിനു സൈക്കിളിൽ പോകുമ്പോൾ നാലാൾ പൊക്കത്തിൽ ദണ്ഡിയാൻ മുന്നിലൂടെ പാഞ്ഞതും ഒടുവിൽ പേടിച്ച് വഴിതെറ്റി സൈക്കിൾ മറിഞ്ഞ് സുരയുടെ വാഴത്തോപ്പിൽ സൈക്കളു മറിഞ്ഞ് ബോധം പോയതും മൂപ്പര് അയവിറക്കി.. മറുതയ്ക്കും ദണ്ഡിയാനുമൊക്കെ ഏറ്റവും ഇഷ്ട്ടപ്പെട്ട ദിവസമാണത്രേ വെളളിയാഴ്ച...
ഇന്നെന്താ ചർച്ചയെന്ന് ചോദിച്ച് സിഗരറ്റ് വലിക്കാൻ മഠത്തിലെ കാര്യസ്ഥൻ കുഞ്ഞൻ ചേട്ടനെത്തി..നായര് ഉൽസാഹത്തോടെ വിഷയം വിളമ്പി..."ഹാ... അതോ... അത് സത്യായകാര്യല്ലേ.'' അതിലിപ്പാർക്കാണിത്ര സംശയം...അത് മാത്രോ.. എല്ലാ വെള്ളിയാഴ്ചയും മൂന്നാം യാമത്തിൽ നാൽക്കവലയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് അദൃശ്യ തേജസിന്റ തേരോട്ടം മഠത്തിലെ കുളത്തിലേക്കല്ലേ പോണത്. മഠത്തിലെ പശുത്തൊഴുത്തിന്റെ അരികിലൂടെയാണ് തേരോട്ടത്തിന്റെ വഴിച്ചാൽ..പശു ചാകുന്നത് സ്ഥിരമായപ്പോൾ പണ്ടത്തേ പള്ളീലെ ഇടശ്ശേരിയച്ഛനല്ലേ ആ തൊഴുത്ത് മാറ്റിപ്പണിയിപ്പിക്കാൻ പറഞ്ഞത്..ഇതൊന്നും അറിഞ്ഞല്ല മൂപ്പർ അത് മാറ്റാൻ പറഞ്ഞത്..എന്തോ അങ്ങേർക്ക് അങ്ങനെ തോന്നി..അതിന് ശേഷം പശു ചാകലുമില്ല കൂടുതൽ തൊടം പാലും കിട്ടാൻ തുടങ്ങി.. ബുദ്ധി ഇല്ലേലും നാൽക്കാലികൾക്ക് മനുഷ്യർക്ക് കാണാത്ത പലതും കാണാൻ പറ്റൂത്രേ. അതല്ലേ ചെല പട്ടികൾ രാത്രീല് ഒരു പ്രത്യേകതരത്തിൽ മോങ്ങുന്നത്..കുഞ്ഞൻ ചേട്ടൻ ചർച്ചയുടെ കടിഞ്ഞാൺ മുറുക്കിപ്പിടിച്ച് കേട്ടിരിക്കുന്ന ഞങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു....
"പട്ടിയുടെ കാര്യം പറഞ്ഞു നാക്കെടുത്തില്ലാ, ഇതാ തങ്കപ്പന്റെ വീട്ടിലെ പട്ടിയാണല്ലോ അപ്പോണത്.. അതെന്താ ചാകാറായപോലെ നടക്കുന്നേ കുഞ്ഞാ...".. നായര് പറഞ്ഞു തീർന്നതും തങ്കപ്പൻ കടയുടെ തിണ്ണയിലേക്ക് ഇരച്ചുകയറി വന്നിട്ട് ചോദിച്ചു.." വീട്ടിലെ പട്ടി ഇതു വഴിയെങ്ങാനും പോയോ നായരേ.. "..."ഉവ്വല്ലോ തങ്കപ്പാ.. അതിനെയെന്താ പൂട്ടിയിടാത്തെ.. ഇപ്പോ വടക്കോട്ട് പോണത് കണ്ടു.. " നായര് പറഞ്ഞു .. " എന്റെ പൊന്നു ചേട്ടാ.. പൂട്ടിയാണിടുന്നത് .. പെടുക്കാൻ വേണ്ടി ആ കുറ്റിക്കാട്ടിലേക്ക് തുറന്ന് വിട്ടതാ.. ആ തക്കം നോക്കി പരുതേലെ മാധവൻ അതിന് കുരുടാൻ കൊടുത്തു.. പാവം പരവേശം കൊണ്ട് പെരെക്ക് ചുറ്റും നടക്കേർന്നു.. ഇത് കഴിച്ചാൽ വേഗം ചാവേമില്ല.. പരവേശം മൂത്തിങ്ങനെ നടക്കും...അയാള് ഈ മിണ്ടാപ്രാണികളുടെ പ്രാക്ക് എവിടെ കൊണ്ടോയി ഒഴുക്കോ ആവോ.. വല്ലോടത്തും പോയി കിടന്ന് ചത്താൽ നാട്ടാര് ഒച്ചപ്പാടുണ്ടാക്കും.. അതാണ് അന്വേഷിച്ചിറങ്ങിയത്."...തങ്കപ്പൻ തെല്ലും ദേഷ്യത്തോടെ പറഞ്ഞു നിർത്തി... "അല്ലേലും ഇതയാളുടെ സ്ഥിരം ഏർപ്പാടല്ലേ.. അയൽപക്കത്തെ പട്ടിയേയും പൂച്ചയേയും അയാൾ വെറുതെ വിടാറില്ല എന്നത് നാട്ടിൽ പാട്ടാണല്ലോ. മോളില് ഒരാൾ ഇതൊക്കെ കാണണുണ്ടല്ലോ തങ്കപ്പാ.. താൻ സമാധാനിക്കെടോ.."... നായര് ആശ്വാസവാക്കുകൾ ചൊരിഞ്ഞു.. തങ്കപ്പൻ രംഗം വിട്ടതും ഇടക്ക് നിർത്തിവച്ച ഞങ്ങളുടെ ചർച്ച തുടർന്നു... ഒമ്പതരയ്ക്ക് കടയുടെ ഷട്ടർ വീഴും വരെ...
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. മനസ്സില്ലാ മനസോടെ ഒരു വർഷം ജോലിക്ക് പോയ ഞാൻ വീണ്ടും നാട്ടിൽ തിരിച്ചെത്തി.റോഡിൽ വച്ച് നമ്മുടെ മാധവേട്ടനെ കണ്ടു... അതെ.. നാൽക്കാലികളുടെ പേടി സ്വപ്നം മാധവേട്ടൻ തന്നെ... പക്ഷേ., പോകുമ്പോൾ കണ്ട ആളല്ല...മുഖവും ശരീരവും ശോഷിച്ച് മൂപ്പര് വല്ലാതെ അവശനായിരുന്നു... എന്നെ കണ്ടതും കുശലം ചോദിച്ചു.. എന്നിട്ട് കടമായി ഒരു ഇരുന്നൂറ് രൂപ ചോദിച്ചു. ലീവിന് വന്നിട്ട് ഒരാഴ്ച പോലും കഴിയാത്തത് കൊണ്ട് കീശക്ക് കനം ഉണ്ടായിരുന്നു.. ഇരുനൂറ് രൂപ ഞാനാ കൈവള്ളയിൽ വക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു... എന്തു പറ്റി മാധവേട്ടാ.. ആകെ ഒരു വല്ലായ്മ പോലെ.. "മോനേ നീ അറിഞ്ഞില്ലാർന്നോ... എനിക്കും പ്ലാച്ചോട്ടിലെ നാരായണിക്ക് പിടിച്ച സൂക്കേടാണ്.. പക്ഷേ തൊണ്ടേലാ... രണ്ടാഴ്ച കൂടുമ്പോ കരിക്കാൻ തിരോന്തോരത്ത് RCC ആസ്പത്രീല് പോണം.. കെട്ട്യോള് കാർത്തൂനേം കൂട്ടിയാണ് പോണത്.."..മാധവേട്ടൻ പറയുന്നതിനിടക്ക് ഞാൻ ചോദിച്ചു.."അപ്പോ മോൻ പ്രകാശൻ?"... എന്റെ ചോദ്യം അങ്ങേരെ കൂടുതൽ വേദനിപ്പിച്ചതു പോലെ... അവൻ വീട്ടീന്ന് പോയിട്ട് നാളെത്ര കഴിഞ്ഞു മോനേ.. കെട്ട്യോളേം കൂട്ടി അവൻ വാടകക്ക് താമസിക്കേല്ലേ.. തൊണ്ടേലേ കരിക്കൽ കഴിയുമ്പോ വല്ലാത്തൊരു വരുത്തം തോന്നും.. ഓരോരോ മക്കള് തങ്ങളുടെ തന്തക്ക് അല്ലേൽ തള്ളക്ക് കരിയ്ക്കു വെള്ളോം ചായയും ഒക്കെയായി കരിക്കണ മുറീടേ പുറത്ത് കാത്തിരിക്കണുണ്ടാകും... അത് കാണുമ്പോ തൊണ്ടേലെ വേദന താഴേ ചങ്കിലേക്കും ഇറങ്ങും.. ചങ്ക് വല്ലാതങ്ങു പിടയും... ഈ വയസനും വയസിക്കും കൂട്ടിന് ആരുമില്ലല്ലോ ദേവീന്ന് നെഞ്ചിൽ തൊട്ട് വിളിക്കും... "നമ്മടെ മോനല്ലേ.. സാരല്ല.. " എന്ന് പറഞ്ഞ് കാർത്തു സമാധാനിപ്പിക്കും... എന്റെ കയ്യിൽ പിടിച്ച് ആ വൃദ്ധ ഹൃദയം ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തേങ്ങി... കണ്ണിൽ നിന്നും ഇറ്റിട്ടുവീണ കണ്ണീർ തുള്ളികൾ കയ്യിൽ ചുരുട്ടിപ്പിടിച്ച നൂറിന്റെ നോട്ടുകളെ നനക്കുന്നത് കണ്ടപ്പോൾ ഞാൻ തോളിൽ തട്ടി സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു... "ഇത് കടമായിക്കരുതണ്ടാ...വച്ചോളൂ.. ഒന്നും വരില്ല.. ഞാനും പ്രാർത്ഥിക്കണുണ്ട്.. ധൈര്യമായിപ്പോകൂ.."...എന്റെ കയ്യിൽ ഒന്നുകൂടിയമർത്തിപ്പിടിച്ച് തേങ്ങിക്കൊണ്ട് മാധവേട്ടൻ ദൂരേക്ക് നടന്നു നീങ്ങുന്നത് വേദനയോടെ ഞാൻ നോക്കി നിന്നു പോയി..
എട്ടു മാസത്തെ ലീവ് തീർന്നതറിഞ്ഞില്ല..വീണ്ടും ജോലിക്ക് പോകാൻ ഞാൻ തയ്യാറെടുത്തു..... നാരായണേട്ടൻ ടൗണിലെ ഭാര്യയുടെ അവകാശ വീട്ടിലേക്ക് തന്റെ കൂട് പറിച്ചുനട്ടു..അതോടെ ഞങ്ങളുടെ വൈകുന്നേരങ്ങളിലെ നേരമ്പോക്ക് സങ്കേതം റോഡിന്റെയരികിലെ പഞ്ചസാര മരത്തിന്റെ കീഴേക്ക് മാറ്റിയിരുന്നു.. കഴിഞ്ഞയാഴ്ച മാധവേട്ടൻ ജീവിതത്തിലെ ആട്ടം മതിയാക്കി അരങ്ങൊഴിഞ്ഞു.. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും മകൻ അടുത്ത് എത്തിയിരുന്നില്ല..ഭക്ഷണവും വെള്ളവും ഇറക്കാനാകാതെ അവസാന നാളുകളിൽ ട്യൂബു വഴിയുള്ള പാനീയങ്ങളിൽ ജീവൻ തുടിച്ചിരുന്ന മാധവേട്ടന്റ ദേഹം,അവസാനം ദാരുണമായി മരണത്തെ വരിച്ചു... മാധവേട്ടൻ ഒരു വേദനയായി എന്റെ മനസിന്റെ ഒരു കോണിൽ തങ്ങി നിന്നിരുന്നു..
ഇന്ന് മറ്റൊരു വെള്ളിയാഴ്ച.എവിടെയൊക്കെയോ പട്ടികൾ ഓലിയിടുന്ന ഒച്ച കേൾക്കാം... രാത്രി കൂട്ടുകാരോട് യാത്ര പറഞ്ഞു വീട്ടിലേക്ക് നടക്കുമ്പോൾ റോഡിൽ ദൂരെയായി മാധവേട്ടന്റെ വീടിന് മുൻപിലെ പോസ്റ്റിലെ സോഡിയം ലാമ്പിന്റെ മഞ്ഞവെളിച്ചത്തിൻ കീഴെ ഒരു പട്ടി എന്നെ തുറിച്ചു നോക്കി നിൽക്കുന്നു.. മിണ്ടാപ്രാണികളുടെ ശാപം പട്ടിയുടെ രൂപത്തിൽ മാധവേട്ടനെ അടുത്ത ജൻമമെടുപ്പിച്ചതാകുമോ എന്ന ചിന്ത മനസ്സിലേക്ക് കുതിച്ചു കയറി.. ഇല്ല.. ഒരിക്കലുമില്ല.. ഈ ജൻമത്തിലേയും മുൻജൻമത്തിലേയും ചെയ്ത പാപങ്ങളുടെയെല്ലാം പ്രായശ്ചിത്തമെന്നോണം ആ മനുഷ്യൻ അത്രക്ക് അനുഭവിച്ചിരുന്നു, ഈ ലോകത്തോട് യാത്ര പറയും മുൻപേ... ചെറുപ്പത്തിൽ പൂച്ചയെ കല്ല് വച്ചെറിഞ്ഞ എന്നെ തടഞ്ഞു കൊണ്ട് ഉമ്മ പറഞ്ഞത് പെട്ടെന്നോർമ്മവന്നെനിക്ക്... "വേദനിപ്പിച്ചാൽ മിണ്ടാപ്രാണികളും പ്രാകുമത്രേ.. അതിന് ദൈവം ഉത്തരം നൽകിയാൽ ഈ ലോകത്തിലും പരലോകത്തിലും പരാജിതനായി കൈകടിക്കേണ്ടി വരും പോലും... "...എന്തോ..
ചിന്തകൾ കൂടുതൽ ചൂട് പിടിച്ചപ്പോഴേക്കും വീടെത്തിയിരുന്നു. ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കടക്കുമ്പോൾ പ്രിയ പത്നി സിറ്റൗട്ടിൽ തന്നെ നിൽക്കുന്നുണ്ട്. പതിവിലും നേരം വൈകിയത് കൊണ്ടാകാം ഓളുടെ മുഖവും ചൂട് പിടിച്ചിരുന്നു. അത് കണ്ടപ്പോൾ എന്റെ ചിന്തകളുടെ ചൂടാറിയിരുന്നു.. വീട്ടിൽ കയറി മുൻവശത്തെ വാതിൽ അടക്കുമ്പോൾ അക്കരെ പാടത്ത് പട്ടികൾ അപ്പോഴും ഓലിയിടുന്നുണ്ടായിരുന്നു...
(എന്റെ ജീവിതാനുഭവത്തിൽ കണ്ടചില മുഖങ്ങൾ , പേരുകളിൽ മാറ്റം വരുത്തി, കഥാപാത്രങ്ങളാക്കി പുനർജനിപ്പിച്ച കഥയാണിത്... )
### ഷെഫീർ ###
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo