Slider

കണ്ണാടി

0

അമ്മേ, ഇന്നും സാമ്പാറോ?"
ഓഫീസിൽ നിന്ന് വന്ന ശേഷം നേരെ അടുക്കളയിലേക്ക് കയറി കറിയടപ്പു തുറന്നു കൊണ്ട് സജിയുടെ ചോദ്യം.
" നിനക്കല്ലേടാ സാമ്പാറ് ഇഷ്ടം. എന്തുണ്ടാക്കിയാലും കുറ്റം. എനിക്കറിഞ്ഞൂടാ ഇനി എന്താ ഉണ്ടാക്കേണ്ടേന്ന്. ഇനി മുതൽ ഞാൻ ചോറ് മാത്രം ഉണ്ടാക്കും. ഓഫീസിൽ നിന്ന് വന്നിട്ട് ഭാര്യയും ഭർത്താവും കൂടങ്ങ് ഉണ്ടാക്കിയാൽ മതി ." അമ്മ കെറുവിച്ചു.
" അമ്മേടെ സാമ്പാറിന് പണ്ടത്തെ ആ ഗും ഇല്ല. പക്ഷെ വെട്ടിതിളക്കണ സാമ്പാറ് കണ്ടാൽ എന്റെ കൈ വിട്ടു പോകും. ചോറ് വിളമ്പെടീ, വിശക്കണു", അമലയെ നോക്കിയവൻ പറഞ്ഞു.
" സജിയേട്ടനിത്തിരി കൂടുന്നുണ്ട് കേട്ടോ? എത്ര തവണ പറഞ്ഞിട്ടുണ്ട്, അമ്മയെ വിഷമിപ്പിക്കല്ലേയെന്ന്. ഓഫീസീന്ന് വൈകി വന്നിട്ട് , തന്നെ ഉണ്ടാക്കിയാൽ മതി കൂട്ടാൻ, ഹും" ഒന്നു മാറിയപ്പോൾ അമല പിറുപിറുത്തു.
"പിന്നെ മനസ്സിലുള്ളത്, എന്റെ വീട്ടിൽ, എന്റെ അമ്മയോടല്ലാതെ, അപ്പുറത്തെ വീട്ടുകാരോട് പറയാൻ പറ്റുമോ? അല്ല, ഇത് എന്നും പറയാറുള്ളതല്ലേ, കൂട്ടാനിനി വയ്ക്കില്ല എന്നൊക്കെ, ഇന്നു വരെ അങ്ങനെയുണ്ടായിട്ടുണ്ടോ? അതും പോട്ടെ, ഒരു ദിവസത്തിനപ്പുറം അമ്മയുടെ നീരസം നീളുന്നത് നീ കണ്ടിട്ടുണ്ടോ?"
"അതില്ല."
"ആ, അതാ പറഞ്ഞെ, മണ്ടൻ കുഞ്ചാപ്പി.
നീ പോയി വേഗം പാത്രമെടുത്തു വയ്ക്ക്."
അമലയും സജിയും ഊണ് കഴിക്കാൻ തുടങ്ങി.
"അല്ല ഇവിടെന്താ ഒരു ബാമിന്റെ മണം. " മുഖം ചുളുപ്പിച്ച് സജി ചോദിച്ചു.
" എടാ, അപ്പുറത്തെ സതീന്ദ്രൻ ഗൾഫിൽ നിന്ന് വന്നിട്ടുണ്ട്. അവൻ കൊണ്ടു വന്നതാ, ടൈഗർ ബാം, കണ്ടോ?എനിക്കൊരു സെൻറും കൊണ്ടു വന്നെടാ."
"തല വേദനയില്ലാതെ ബാം പുരട്ടുന്നു, സെന്റടിക്കാത്ത ആൾ, സെന്റ് കിട്ടിയതിൽ സന്തോഷിക്കുന്നു, ആഹ ." സജി കളിയാക്കി. അമല സജിയുടെ കാലിൽ ചവിട്ടി .
"പോടാ, അതൊക്കെ ഒരു ഭാഗ്യമല്ലേ?"
"എന്ത് ഭാഗ്യം, ആരേയും കാണാൻ പറ്റാതെ മറുനാട്ടിൽ കിടന്ന് കഷ്ടപ്പെടുന്നതോ?"
"അല്ല, നിന്റെ അമേരിയ്ക്ക യാത്ര എന്തായി? എങ്ങനേലും അതു ശരിയാക്ക് മോനേ. ഇവളേയും, കുഞ്ഞുമോളെയും ഞാൻ നോക്കിക്കോളാം."
തറയിൽ ഇഴഞ്ഞു കളിക്കുന്ന മകളെ നോക്കി സജി പറഞ്ഞു:"ഉം, നാളെയറിയാം."
അടുത്ത ദിവസം സജി വരുന്നതും കാത്ത് അമ്മ വാതിൽക്കൽ തന്നെയുണ്ടായി.
വന്നതും അമ്മ അന്വേഷിച്ചു, "എന്തായി മോനേ?"
" എന്ത് എന്തായീന്ന്. ഇന്നെന്താ കൂട്ടാൻ?" പതിവു പോലെ അടുക്കള ലക്ഷ്യം വച്ച് സജി നടന്നു.
"എടാ അമേരിയ്ക്ക കാര്യം." ക്ഷമകെട്ടു കൊണ്ട് അമ്മ അന്വേഷിച്ചു.
"ഓ, അതു നടന്നില്ല. അമലേ ആ പൊതി അമ്മയ്ക്കു കൊടുക്കെടീ."
അമല പൊതി അമ്മയ്ക്കു നേരെ നീട്ടി.
" ടൈഗർ ബാമും, സെന്റും ! എവിടുന്നാടാ ?" അമ്മയുടെ മുഖം വികസിച്ചു.
" ബീമാപ്പള്ളി. അമേരിയ്ക്ക യാത്ര നടക്കാത്തതിന്റെ സങ്കടം മാറ്റാൻ."
" ആ പോട്ടെ മോനെ, അടുത്ത തവണ നോക്കാം." അമ്മയുടെ വാക്കുകളിൽ നിരാശ.
"വാടീ (ഡസ് ചേഞ്ച് ചെയ്യാം."
അന്തിച്ചു നിന്ന അമല, അവനെ അനുഗമിച്ചു.
" സജിയേട്ടാ, യാത്ര ഓക്കെയായി എന്നല്ലേ, പറഞ്ഞേ. പിന്നെ അമ്മയോട്.... "
"ടീ, പതുക്കെ പറ, അമ്മ കേൾക്കും. നിന്റെയും മോൾടെയും കാര്യങ്ങളും , വീട്ടു കാര്യങ്ങളും , അമ്മേടെ കാര്യങ്ങളും നമ്മുടെ രണ്ടാൾടെയും ശമ്പളത്തിൽ നന്നായി കഴിയുന്നില്ലേ?"
"ഊവ് "
"പിന്നെന്തിനാടീ അമേരിയ്ക്ക. പണ്ട് തിരുവനന്തപുരത്ത് ജോലിയായപ്പൊ മോനെ കാണാണ്ട് കാട്ടി കൂടിയതൊക്കെ ഓർമ്മയില്ലേ നിനക്ക്. കുറച്ച് നാൾ കഴിയുമ്പൊ വീണ്ടും അമ്മ ഒറ്റപ്പെടും. പിന്നെ നമ്മുടെ കുഞ്ഞുമോൾടെ കളിയും ചിരിയും വളർച്ചയും എനിക്കും കാണണ്ടേ? കുറച്ച് കാലം കഴിയുമ്പൊ ചിലപ്പൊ, നമുക്ക് എല്ലാവർക്കും അങ്ങോട്ട് പോകാനുള്ള സാഹചര്യം ഉണ്ടാകുമായിരിക്കും. പക്ഷെ അപ്പോഴും നമ്മുടെ നാടിന്റെ സുഖമുണ്ടാകുമോ? അവിടത്തെ വിസ്മയങ്ങളിൽ കുറച്ച് നാൾ നമ്മൾ മയങ്ങി പോകുമായിരിക്കും. പക്ഷെ പിന്നീട് തികച്ചും യാന്ത്രികമായ ജീവിതമായിരിക്കും. നമ്മുടെ നാടിന്റെ പച്ചപ്പും കുളിർമ്മയും, അതിലും ഉപരി നമ്മുടെ നാട് എന്ന തോന്നൽ, എല്ലാം പൊയ്പ്പോകും. പൈസ സമ്പാദിക്കാൻ ഏതോ നാട്ടിൽ കിടന്ന് ഇങ്ങനെ കഷ്ടപ്പെടണോ? വലിയ കടവും ബാദ്ധ്യതയും ഉള്ളവരാണേൽ ശരി. ഇത്, ദൈവം സഹായിച്ച് , മാന്യമായി കഴിഞ്ഞു കൂടാനുള്ള വഴിയുള്ളപ്പൊ പിന്നെന്തിനാ? അമ്മയ്ക്ക് കുഞ്ഞു ഫോറിൻ സമ്മാനങ്ങൾ വാങ്ങാൻ ഇവിടെ നിന്നും എനിക്കാവും. പക്ഷെ അമ്മയുടെ ഗും ഇല്ലാത്ത സാമ്പാർ അമേരിയ്ക്കയിൽ കിട്ടില്ലല്ലോ ."
അമലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു, "സജിയേട്ടാ..."
"എടാ എത്ര നേരായി, ചോറ് വിളമ്പി, കാളനാ " അമ്മയുടെ ശബ്ദം.
"നീ വാ , വിശക്കണു. " സജി അമലയുടെ കൈ പിടിച്ച് വലിച്ചു.
ബാമിന്റെ മണം നിറഞ്ഞ മുറിയിലിരുന്ന് കാളൻ കൂട്ടി ഊണു കഴിക്കുമ്പോൾ പതിവു പോലെ സജി കൂട്ടാന്റെ കുറ്റങ്ങൾ നിരത്തി. പക്ഷെ അമല ഒന്നും മിണ്ടിയില്ല. ആ കുറ്റം പറച്ചിലിലും അമ്മയോടുള്ള സജിയുടെ സ്നേഹം മനസ്സിലാക്കി, അവൾ സന്തോഷിച്ചു, അഭിമാനിച്ചു....
"ഇതാണോ അമ്മേ കാളൻ?" സജി.
" കളിയാക്കാതെ, കഴിച്ചിട്ട് എണീറ്റു പോടാ..." അമ്മ ടിവിയിലേയ്ക്ക് നോക്കിയിരുന്നു. കോമഡി പരിപാടി നടക്കുമ്പോഴും ആ കണ്ണുകൾ നിറഞ്ഞിരുന്നു. കണ്ണുകൾ ടി വി യി ലാണേലും ആ കാതുകളിൽ അപ്പോഴും, കുറച്ച് നേരം മുൻപേ ഊണു കഴിക്കാൻ വിളിക്കാൻ പോയപ്പോൾ കേട്ട സജിയുടെ സ്നേഹവാക്കുകളായിരുന്നു....
ഇന്ദു പ്രവീൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo