നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മെമ്മറീസ് ഓഫ് ഏ മനുഷ്യൻ.



അവന് കുട്ട്യോളെ വല്ല്യ ഇഷ്ടാ.... പ്രത്യേകിച്ച് പെൺ കുട്ട്യോളെ....
അയാൾടെ അമ്മ അത് പറഞ്ഞ് അയാളെ നോക്കിച്ചിരിച്ചു... മകൻ കുട്ട്യോളെ സ്നേഹിക്കുന്ന നിഷ്കളങ്കനായ നല്ല മനുഷ്യനാണല്ലോ എന്നത് അവരെ സന്തോഷിപ്പിച്ചിരിക്കാം... അടുത്ത് നിൽക്കുന്ന അമ്മിണിയേടത്തീം അയാളെ നോക്കി ചിരിച്ചു..
ന്നിട്ട് പറഞ്ഞു..
അത് ശര്യാ.... പെട്ടെന്നൊരു കല്ല്യാണം കഴിപ്പിക്ക് അവനെക്കൊണ്ട്.... ..അപ്പൊ പിന്നെ സ്വന്തം കുട്ട്യോളെ കളിപ്പിക്കലോ...
എല്ലാരും ചിരിച്ചു... അമലേട്ടനും.
.സനൂം...ജോതിച്ചേച്ചീം..അമ്മിണിയേടത്തീം... അയൾടമ്മേം...അയാളും ഒക്കെ...
എനിക്ക് ചിരി വന്നില്ല്യ...ഞാൻ നോക്കീപ്പോ അനൂം... മിനിമോളും ചിരിക്കണില്ല്യ... അവരെന്നെ നോക്കി ... ഞാൻ അവരേം..
അയാൾടെ മടിയിലിരുന്ന് അനുക്കുട്ടി ഞെളിപിരി കൊള്ളണത് ഞങ്ങൾ മാത്രേ കണ്ടുള്ളൂ... ഞാനും മിനീം.... ബാക്കിയുള്ളോരൊക്കീം നോക്ക്യേപ്പോൾ അയാളുടെ മടിയിൽ ആറു വയസ്സുകാരി അനുക്കുട്ടി ഇരുന്ന് ചിരിക്കുന്നു... കളിക്കുന്നു.... അയാളവളെ വെറും സ്നേഹത്തിന്റെ പേരിൽ ഇക്കിളിപ്പെടുത്തുന്നു..ഉമ്മവെക്കുന്നു... കടിക്കുന്നു...
എല്ലാവരും അയാൾക്ക് കുട്ടികളോടുള്ള വാത്സല്യത്തെ പുകഴ്ത്തി.
കുറച്ച് ദിവസേ ആയിട്ടുള്ളു ഞാൻ ഈ നാട്ടിലെത്തീട്ട്... രണ്ട് മാസത്തെ സ്കൂൾ പൂട്ടിന് അമ്മവീട്ടിൽ നിൽക്കാൻ വന്നതാ.
ഞങ്ങൾ കുട്ട്യോൾക്ക് അത് ആഘോഷത്തിന്റെ കാലമായിരുന്നല്ലോ..ആ പ്രദേശത്ത് TV ഉള്ള ഒരേയൊരു വീടായോണ്ട് ഞങ്ങൾടെ ആഘോഷങ്ങൾ അയാൾടെ വീട്ടിലേക്കുമെത്തി... ബാക്കി ഒക്കീം ഒഴിവാക്കീച്ചാലും....ഞായറാഴ്ച്ചത്തെ നാലുമണി സിനിമ ഞങ്ങൾക്ക് കാണാതിരിക്കാൻ കഴിഞ്ഞില്ല്യ..
ഒരൂസം മിനിമോളാണത്‌ പറഞ്ഞത്.. അതേയ് ..അമ്മൂ...ഈ വീട്ടിലൊരു ചേട്ടൻ വരും. നീ അയാളോട് മിണ്ടാനൊന്നും നിക്കണ്ട..
നിന്നെ പിച്ചാനും കടിക്കാനുമൊക്കെ നോക്കും..
മടിയിലിരിക്കാൻ വിളിച്ചാ നീ പോണ്ടാട്ടോ..
അനു മിണ്ടാതെ നിന്നതേയുള്ളൂ...
എന്താ ഏതാ ന്ന് ഞാൻ എത്ര ചോദിച്ചിട്ടും അവര് രണ്ടുപേരും പറിഞ്ഞില്ല്യ..
ഞാനേതായാലും അയാളെ കണ്ടപ്പോൾ ചിരിക്കാൻ പോലും പോയില്ല്യ...
എന്നിട്ടും അയാളെന്നോട് ചിരിക്കാൻ വന്നു... മിണ്ടാൻ വന്നു... ഇക്കിളികൂട്ടി....
മടിയിലിരുത്തി... കടിച്ചു...
അയാളുടെ മീശ എന്റെ കവിളുകളെ നോവിച്ചു...
ഞങ്ങൾ അറിയുകയായിരുന്നു... അയാളിലെ പുരുഷനെ...
ഭയക്കാൻ തുടങ്ങുകയായിരുന്നു....
അയാളുള്ളപ്പോ ഞങ്ങൾ ആ വീട്ടിൽ പോകാതായി. അന്നത്തെ ഞങ്ങടെ സന്തോഷങ്ങൾ കുട്ടിപ്പുരയും.. കുഞ്ഞിച്ചോറും കൂട്ടാനും... കല്ലുകളിയും... മാത്രായി മാറും. . സിനിമേം..ചിത്രഗീതോം...ഒക്കീം മറക്കും....
എന്നിട്ടും ..
പെട്ടെന്നുള്ള അയാളുടെ വരവ് ചിലപ്പോൾ ഞങ്ങളെ കുടുക്കിക്കളയും...
ഞങ്ങൾ പിടിക്കപ്പെടും ..
സ്‌നേഹം കൊണ്ട് തടവിലാക്കപ്പെടുന്നവർ...
ഭയത്തിന്റെ നിഴലാട്ടങ്ങളാൽ വേട്ടയാടപ്പെടുന്നവർ..
ശ്വാസം മുട്ടി പരസ്പരം നോക്കുന്നവർ...
ഇതായിരുന്നു അപ്പൊ ഞങ്ങൾ...
പിന്നൊരൂസം ഞാൻ പറഞ്ഞു ...
അനൂ.. നമ്മക്ക് ജോതി ചേച്ചിയോട് എല്ലാ കാര്യങ്ങളും പറയാം... അല്ലെങ്കിൽ അമലേട്ടനോട്..... എൻറെ അമ്മാവനോട്...അമ്മായിയോട്...
നിങ്ങടെ അമ്മമാരോട്.. അതുമല്ലെങ്കിൽ എന്റെ മുത്തശ്ശിയോടെങ്കിലും...
അവർ സമ്മതിച്ചില്ല്യ ഭയം അവരെ നിശ്ശബ്ദരാക്കുകയായിരുന്നു... ചൂഴ്ന്ന്തിന്ന് അതവരെ തളർത്തുകയായിരുന്നു... വെറും ഇരകളാക്കുകയായിരുന്നു...
മിനിമോൾ കണ്ണുനിറച്ചോണ്ടന്ന് പറഞ്ഞു...
വേണ്ട... ഒന്നും ആരോടും പറയണ്ട... ആരും അറിയണ്ട... ഞങ്ങള്ക്ക് പേടീണ്ട്..
നിനക്ക്.... നിനക്കെന്തും പറയാം സ്കൂള് തുറന്നാൽ ഇവിടുന്ന് രക്ഷപ്പെടാം... ഞങ്ങള്ക്ക്.. ഞങ്ങക്കയാളെ പേട്യാ...... ഒരിക്കൽ അയാൾ ന്നോട് പറഞ്ഞിട്ടുണ്ട്.... അതോർക്കുമ്പോ തന്നെ പേടിയാകും..
എന്ത്...എന്താ അയാൾ പറഞ്ഞത് ?
ഒന്നൂല്ല്യ.... എനിക്ക് പേട്യാ അമ്മൂ... ശരിക്കും പേട്യാ....
വേണ്ട ഒന്നും ആരോടും പറയണ്ട...
വേണ്ടെങ്കിൽ വേണ്ട നിങ്ങളിനി എന്ത് ചെയ്യും ?
അനുവാണതിന് മറുപടി പറഞ്ഞേ..
പോണ്ട. ആ വീട്ടിലേക്ക് ഒരിക്കലും പോണ്ട ..അതുമതി... നമുക്കിനി അങ്ങോട്ട് പോണ്ട..
അപ്പോ അയാൾ നിങ്ങടെ വീട്ടീലേക്ക് വന്നാലോ..... ?
അങ്ങനൊന്നും ഉണ്ടാവില്ല്യ.... നീ ഒന്ന് പോണുണ്ടോ... . വാ മിനി പൂവാം അമ്മ വിളിക്ക്ണ്ടാവും .. അതും പറഞ്ഞ് അവര് രണ്ടും കൈകോർത്ത് നടന്നു പോയി...
അന്ന് രാത്രി അയാളായിരുന്നു മനസ്സിൽ.. ..
ആ ചിരി.. ... ഓർമ്മകളെ ഞെരുക്കുന്ന അയാൾടെ മുഖം .. .. ഇക്കിളിപ്പെടുത്തൽ .. കടിച്ചുംകൊണ്ടുള്ള അയാളുടെ നോട്ടം... ആ മീശ...ആ കാലുകൾ... വേദനിപ്പിക്കുന്ന അയാൾടെ കൈകൾ...
ഞാൻ മിണ്ടാതെ കിടന്നു....
തൊട്ടടുത്ത് മുത്തശ്ശി കെടക്ക്ണ്ട്.... .. അതോണ്ട് പതുക്കെ കമിഴ്ന്ന് കിടന്നു.
അനങ്ങാതെ... ഒച്ചയുണ്ടാക്കാതെ... ഉള്ളിന്റെയുള്ളിൽ നീറി... നീറി...
വർഷങ്ങള്ക്കിപ്പുറം ഒരു ദിവസം അയാളെ കണ്ടു.. . കൂടെ സുന്ദരിയായ ഭാര്യ.. ..മൂന്ന് കുട്ടികൾ .....
മൂന്ന് പെൺകുട്ടികൾ .. !
അവരെ കണ്ടപ്പോൾ എൻറെ മനസ്സൊന്ന് പിടഞ്ഞു.... അവരിൽ ഞാൻ എന്നെ കണ്ടു. മിനിമോളെ കണ്ടു അനുക്കുട്ടിയെ കണ്ടു...
ഞങ്ങളുടെ പേടിച്ചരണ്ട മുഖങ്ങൾ തന്നെ ആണല്ലോ അവർക്കും....!
കണ്ണീരീറ്റും മുമ്പ് ഞാനെൻറെ കണ്ണുകളെ അവരിൽ നിന്നും പിൻവലിച്ചു...
അയാൾ എന്നെ കണ്ടില്ല.. അതോ കണ്ടില്ലെന്ന് നടിച്ചതോ.. ..
കണ്ടിട്ട് മനസിലാകാത്തതാവാം... . അയാൾ എന്നെ ഓർക്കണമെന്നില്ലല്ലോ..! പക്ഷേ എനിക്ക് അയാളെ മറക്കാൻ കഴിയുമായിരുന്നില്ല ...
എനിക്ക് മാത്രല്ല മിനിമോൾക്കും... അനൂനും...
അയാളൊരോർമയാണ് ...
പുരുഷന്റെ.......
നീറ്റലിൻറെ.... ..
ഭയത്തിന്റെ... .
ശബ്ദമില്ലാത്ത കരച്ചിലിൻറെ....
ഉറക്കമില്ലാത്ത രാത്രികളുടെ...
വേട്ടയാടുന്ന ഓർമ്മ....
Aswani Sajeesh.
NB. ചെലർക്ക് പൊള്ളും..എന്നുവെച്ച് വെറും കെട്ടുകഥയെന്ന് തള്ളണ്ട..പലർക്കും നോവും..ഇരകൾക്ക്..പെങ്കുട്ട്യോൾക്ക്..അമ്മമാർക്ക്..ഞങ്ങൾക്ക്.


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot