സാലറി ചലഞ്ച്

Image may contain: 2 people, people smiling, text and outdoor


നാട്ടിലെ അവധി കഴിഞ്ഞ് തിരികെ എത്തിയതെ ഉണ്ടായിരുന്നുള്ളു.
മാനേജർ വന്ന് പറഞ്ഞു.
"പുതിയൊരു ലൊക്കേഷനിലാണ് ജോലി.
ഫുഡ് ഒക്കെ കിട്ടും, ഒരു പൈസയുടെ ചിലവ് പോലുമില്ല."
ഇതൊക്കെ കേട്ടാണ് ജോർജ് ഇവിടെയെത്തിയത്.
സൗദി ബോർഡറിലൊരു മരുഭൂമിയ്ക്ക് നടുവിലായ് നാല് ചുറ്റും വേലിയാൽ ചുറ്റപ്പെട്ട അകത്ത് കുറെ ലോറി കണ്ടെയ്നർ പോലെയുള്ള ചെറിയമുറികൾ.
ഒന്നിൽ രണ്ടും,നാലും, ആറും ഒക്കെ ആളുകൾ ഉണ്ടാകും താമസത്തിന്.
സഹമുറിയൻ നിഹാൽ ഇടയ്ക്കിടെ പറയുമായിരുന്നു.
"ജോർജ് നമുക്കിവിടിന്ന് പോയാലോ ?" ഇവിടെയെത്തിയിട്ട് മൂന്നു മാസമായില്ലേ ഇപ്പൊ എല്ലാം ശീലമായല്ലോ ഇനിയെന്തിന് പോകണം.
രാവിലെ ബസിൽ ഒരു മണിക്കൂർ യാത്ര. കടൽക്കരയിലെത്തും.
ഓയിൽ കമ്പനിയുടെ ബിൽഡിംഗ് കൺസ്ട്രക്ഷൻ നടക്കുവാണവിടെ.
ഉച്ചയ്ക്ക് ഭക്ഷണത്തിന് തിരികെയെത്തിക്കും. അത് കഴിഞ്ഞ് വീണ്ടും ഡ്യൂട്ടിയലേക്ക്.
ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം തിരികെ റൂമിൽ.
കാന്റീനിൽ ഫുഡ്.
കുടിക്കാൻ വെള്ളമുണ്ട്.
അലക്കാൻ ലൗഡ്രിയുണ്ട്.
ഒരു കടയോ ഒന്നും ക്യാമ്പിനകത്തില്ല. വന്നപ്പോൾ മൊട്ടയടിച്ചത് കാരണം മുടി വെട്ടേണ്ട ആവശ്യവും വന്നില്ല. സോപ്പ് ചീപ്പ് കണ്ണാടി ആവശ്യമായതെല്ലാം തരുന്നുണ്ട്.
രാവിലെ പോകും.
വരും.
ആടിനെ മേയ്ക്കാൻ കൊണ്ട് പോകുന്നത് പോലെ.
പക്ഷേ ആടിനെ പോലെയല്ല ഇത്.
മാസാമാസം ശമ്പളം ഉണ്ട്.
നല്ലൊരു തുക തന്നെ.
മാനേജൻ പറഞ്ഞത് ശരിയായിരുന്നു.
കുറ്റം പറയാൻ പറ്റില്ല ഒരു പൈസയുടെ ചിലവ് പോയിട്ട് ഒരു ഒറ്റ രൂപയെങ്കിലും കണ്ണിൽ കണ്ടിട്ട് മാസങ്ങളാകുന്നു.
ATM കാർഡ് സിറ്റിയിലുള്ള ചങ്ക് കൂട്ടുകാരനിലേക്ക് ഡ്രൈവർ വഴി എത്തിച്ചതിനാൽ
സാലറി വരുന്ന അന്നു തന്നെ കൃത്യമായി അതവൻ നാട്ടിലേക്കയച്ചിരുന്നു.
മൊബൈൽ ടവറിന് വേണ്ടി മരുഭൂമിയിൽ ചുറ്റി നടക്കുമ്പോൾ കിട്ടാറുണ്ട് ആ മെസേജുകൾ.
സാലറി വന്നിട്ടുണ്ട് എന്ന് ബാങ്കും,
അത് എടുത്തു. എന്ന് ചങ്കും,
പൈസ അയച്ചു.എന്ന് എക്സ്ചേഞ്ചും,
പൈസ കിട്ടിയെന്ന് പ്രിയതമയും.
നാട്ടിലാണേൽ പുറത്തിറങ്ങണമെങ്കിൽ കീശ നിറയെ കാശ് വേണമെന്ന് വാശി പിടിച്ചിരുന്ന ആൾക്കാരാണ്.
ഇപ്പൊ പൈസ ഒന്ന് കാണണമെങ്കിൽ പോലും മൊബൈലിലെ പഴയ ചിത്രങ്ങൾ ഉണ്ടെങ്കിൽ അതെടുത്ത് നോക്കണം.
ആറു മാസം കൊണ്ട് ആ സാലറി ചലഞ്ചവസാനിച്ചു.
അബുദാബി സിറ്റിയിൽ തിരിച്ചെത്തി.
ഒരിടത്ത് ജോലിയുമായി.
ഒരു മാസം കഴിഞ്ഞ് സാലറിയും വന്നു.
നീണ്ട ഏഴ് മാസത്തിന് ശേഷം സാലറി കിട്ടിയ സന്തോഷം.
പുത്തൻ നോട്ടുകളുടെ മണം.
കുറെ നേരം അവനത് ആസ്വദിക്കണമെന്നുണ്ടായിരുന്നു.
പക്ഷേ ഒരു പ്രവാസിയുടെ സാലറി ഒരിക്കലുമവന് സ്വന്തമല്ല ഒരു ദിവസത്തേക്ക് പോലും.
അടുത്ത ഒരു മാസത്തേക്കുള്ള കള്ളിനും മറ്റ് അടിച്ച്പൊളിക്കുമായുള്ള പൈസ ഞാൻ പഴ്സിലേക്ക് മാറ്റിവച്ചു.
ബാക്കി ഉള്ളതുമായി എക്സ്ചേഞ്ചിലേക്കെത്തി. അവിടെയെത്തിയപ്പോൾ നാട്ടിലെ ബിവറേജിനെ വെല്ലുന്ന വരി പൈസ അയയ്ക്കാൻ.
"എന്തായാലും അയച്ചേക്കാം"
വരിയിൽ പുറകിലായി ഞാനും നിന്നപ്പോഴാണ് തൊട്ടു മുൻപിൽ നിൽക്കുന്ന തോമാച്ചനെ കണ്ടത്.
"എന്താ തോമാച്ചാ സാലറി വന്ന് ഒരു ഇരുപത്തിനാല് മണിക്കൂറെങ്കിലും തനിക്ക് കൈയ്യിൽ വച്ചിരുന്നു കൂടെ ?"
എന്റെ ചോദ്യത്തിന് മറുപടിയായി
"പിന്നെ നീയെന്തിനാടാ വന്നത് മാങ്ങ പറിക്കാനാണോ ?"
എന്നുള്ളയൊരു നോട്ടമായിരുന്നു.
പക്ഷേ തോമാച്ചൻ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു.
"നീ പൈസ അയച്ചിട്ട് മിച്ചമുണ്ടേൽ ഒരു അമ്പതോ നൂറോ കടമായിട്ട് തരണം കേട്ടോ ഒരു പൈസയും ഇല്ലടേ എല്ലാം തീർന്നു.
ഒറ്റ രൂപ പോലും ഇനി ഇല്ല.
കണ്ടോ ?"
ഒരു കാലി പേഴ്സും തോമാച്ചൻ തുറന്ന് കാണിച്ചപ്പോഴും കൈകളിലൊന്നിൽ ഒരു കൂട്ടം നോട്ടുകൾ ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു.
"എന്താ തോമാച്ചാ നിങ്ങൾക്ക് ഇതിൽ നിന്ന് നൂറോ ഇരുന്നൂറോ മാറ്റിയിട്ട് അയച്ചാൽ പോരേ "?
ഞാൻ കുറ്റപ്പെടുത്തലോടെ ചോദിച്ചു.
''അതുവേണ്ട അതുവേണ്ട റൗണ്ട് ആയിട്ട് അമ്പതിനായിരം നാട്ടിലേയ്ക്കയക്കണം.
ഇതീന്ന് എടുത്താ കുറയുമത്. " എന്ന് തോമാച്ചാൻ
"എന്തേയ് നാട്ടിലെന്താ അത്രയും പൈസയുടെ അത്യാവശ്യമുണ്ടോ ഇപ്പൊ?" എന്ന് ഞാൻ.
"ഏയ് അങ്ങനൊന്നുമില്ല ഒരു തുകയായിട്ട് അവളുടെ അക്കൗണ്ടിലേക്ക് ഇടുമ്പോൾ ഒരു സന്തോഷം. അവൾക്കും അതൊരു സന്തോഷമാകുമല്ലോ ?"
''ഒലക്കേരെ മൂട് തനിക്ക് പ്രാന്താണ്." എന്ന് മനസ്സിൽ പറഞ്ഞ ഞാൻ ചോദിച്ചത് ഇങ്ങനെ.
"അപ്പൊ ഇവിടത്തെ ചിലവിനോ തോമാച്ചായോ..?
"അത് ആരുടേലും അമ്പതോ നൂറോ കടം വാങ്ങാലോ ഇപ്പ കണ്ടില്ലേ നീയെനിക്കൊരു അമ്പത് തരില്ലേ "?
ആ ചോദ്യത്തിൽ ഞാൻ അറിയാതെ തന്നെ പേഴ്സിൽ വച്ച പൈസയിലേക്ക് മുറുകെ പിടിച്ചിരുന്നു.
വരിയിൽ മുന്നിലെത്തി. പൈസ അയച്ചു. തോമാച്ചൻ പോയി.
ഞാനും അയച്ചു.
പുറത്തേക്കിറങ്ങുമ്പോൾ ചങ്ക് ജയൻ പൈസ അയയ്ക്കാനായെത്തി.
അവൻ എന്നോട്. "എടാ സാലറി കിട്ടി ഒരു ഇരുപത്തിനാല് മണിക്കൂറെങ്കിലും നിനക്ക് കൈയ്യിൽ വച്ചു കൂടെ ?"
"ങേ...പിന്നെ നീയെന്തിനാ മാങ്ങ പറിക്കാനാണോ വന്നത് ?"
എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.
പക്ഷേ കാലിയായ പഴ്സ് കാണിച്ചിട്ട്
ഞാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.
"മച്ചാനെ അയച്ചിട്ട് ബാക്കിയുണ്ടേൽ എനിക്കൊരു അമ്പതോ നൂറോ കടമായി തരണേ..?
പോക്കറ്റിലെ പേഴ്സിൽ അവനന്നേരം ഒന്നു മുറുകെ പിടിച്ചുവോ ?
നാട്ടിലെ അവളുടെ അക്കൗണ്ടിലേക്ക് അപ്പൊ ഒരു തുക മുറിയാതെ റൗണ്ട് ആയി തന്നെ എത്തിയിട്ടുണ്ടായിരുന്നപ്പോഴേക്കും.
തിരിച്ച് അവളുടെ മെസേജും
"ഇച്ചായാ പൈസ കിട്ടി. എടുത്തു.
നല്ലൊരു പർച്ചേസിംങ്ങും കഴിഞ്ഞു. വീട്ടിലെത്തി.
നെറ്റ് കാർഡ് വാങ്ങാൻ മാത്രം മറന്നു പോയി.
ഇനി നാളെയോ മറ്റന്നാളോ വാങ്ങിയിട്ട് വിളിക്കാട്ടോ.. ഉമ്മ..."
സാലറി ചലഞ്ച് ഇനി അവിടെയാണ്.
ജെ.....

മഴയിൽ കുതിർന്ന സദാചാരം!!!.

.Image may contain: 1 person, beard and closeup
..........


ഇന്ന് പതിവിലും വൈകിയാണ് ഉറക്കമുണർന്നത്. വല്ലാത്ത ക്ഷീണം!!!രാവിലെ തന്നെ മുഖ പുസ്തകത്തിൽ ഇന്ന് ആരെ പൊങ്കാലയിടുമെന്ന് നോക്കി ഇരിക്കുന്നവരാണല്ലോ നുമ്മ മല്ലൂസ്.ഞാനും ഒട്ടും മോശമല്ലാത്തത് കൊണ്ട് രാവിലത്തെ ആദ്യ കർമ്മം മുഖ പുസ്തകം നോക്കലാണ്.അങ്ങനെ തോണ്ടി കൊണ്ട് ഇരുന്നപ്പോഴാണ് ഒരു വാർത്ത കണ്ടത്,..
മക്കൾക്ക് ഭക്ഷണത്തിനായി സ്വന്തം ശരീരം വിറ്റ ഒരു സ്ത്രീ!!!!.... എന്നിലെ സദാചാര വാദി ഉണർന്നു.അവളെ കണക്കിനക്ഷേപിച്ചും ഇന്ത്യൻ സ്ത്രീത്വത്തിന്റെ മഹിമയെ വാനോളം പുകഴ്ത്തിയും ഒരു നെടുനീളൻ പോസ്റ്റും ഇട്ടു.മിനിട്ടുകൾക്കുള്ളിൽ തന്നെ ലൈക്കുകളുടെ എണ്ണം കൂടി,അഭിനന്ദിച്ചും ആക്ഷേപിച്ചും കമന്റ് ബോക്സും നിറഞ്ഞു.ഏതോ സ്വർഗം കിട്ടിയ സുഖത്തിൽ ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു.
അന്ന് ഞാറാഴ്ച ആയത് കൊണ്ട് തന്നെ രാവിലെ കാര്യമായ പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല.എന്തായാലും ഇന്ന് ഒരു സിനിമ കാണാൻ പോകണം! സിനിമ കാണാൻ രാത്രിയിൽ ആണു സുഖം.സുഹൃത്തുക്കളുടെ എല്ലാം വിവാഹം കഴിഞ്ഞത് കൊണ്ട് തന്നെ ഇപ്പൊ കുറച് കാലമായി സിനിമക്ക് പോക്ക് ഒറ്റയ്ക്ക് തന്നെയാണ്.അങ്ങനെ സെക്കന്റ് ഷോ പടം കണ്ടു കഴിഞ്ഞു ഇറങ്ങിയപ്പോ നല്ല മഴ.രാത്രിയിലെ മഴ അത് ഒരു അനുഭവം തന്നെയാണ്.നമ്മുടെ വേണ്ടാത്ത വിചാരങ്ങളെ ഒക്കെ ഉണർത്താൻ രാത്രി മഴക്ക് പറ്റും.പ്രായവും സമയവും ഇത്തിരി കുഴപ്പമായത് കൊണ്ടാകാം എന്റെ ഉള്ളിലും എവിടെയോ കാമം ഒരു ചെറിയ നാളമായി കത്തി പടരാൻ തുടങ്ങിയിരുന്നു.കാമം അതൊരു ലഹരിയായി ചുറ്റുമുള്ളതിൽ നിന്നെല്ലാം എന്നെ മാറ്റിനിർത്തി..
ഏകദേശം അരമണിക്കൂറോളം മഴ പെയ്തു കൊണ്ടിരുന്നു.തീയറ്ററും പരിസരവും പയ്യെ നിശ്ശബ്ദമാകാൻ തുടങ്ങി. .പ്രായത്തിന്റേതായ ചിന്തകളെ നിയന്ത്രിക്കാൻ ഞാൻ ഏറെ പണിപ്പെട്ടു. ബൈക്കുമായി വേഗം പുറത്തേക്കിറങ്ങി. പകലിനേക്കാളും ഭംഗി ഉള്ള നഗരം...തന്റെ എല്ലാ വശ്യതയും പുറത്ത് കാട്ടി നിൽക്കുന്ന ഒരു അഭിസാരികയെ പോലെ നിശബ്ദമായി.
അങ്ങനെ കാഴ്ചകൾ കണ്ടു പോകുമ്പോൾ ആളൊഴിഞ്ഞ ഒരു കടയുടെ മുൻപിൽ ഒരു രൂപം.അത് ഒരു പെണ്ണാണ്....അത് വരെ കയ്യടക്കി വെച്ച എന്റെ മനസിന്റെ എല്ലാ നിയന്ത്രണവും പോയി.ചുറ്റും നോക്കി... പരിസരത്ത് ആരും ഇല്ല.അല്ലെങ്കിലും നമ്മെ വേണ്ടാത്ത പലതും ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഈ ഇരുട്ടാണ്.പണ്ടാരോ പറഞ്ഞ പോലെ "ഈ ഇരുട്ടിനു എന്തൊരു ഇരുട്ടാണ്" .
ഞാൻ ദൂരെ മാറ്റി വണ്ടി വെച്ചിട്ട് അവളുടെ അടുത്തേക്ക് വന്നു.കറുത്തിട്ടാണ് അവൾ...അല്ലെങ്കിലും കറുപ്പിനെന്താ ഇവിടെ പ്രസക്തി!!!.സൗന്ദര്യം അത് പ്രേമിക്കാനും സ്നേഹിക്കാനും പോരെ.. കാമത്തിന് സൗന്ദര്യം ഒരു ഘടകമേ അല്ല.
ഒരു വേശ്യയുടേതായ ഭാവങ്ങൾ ഒന്നും അവളിൽ പ്രകടമല്ല. ആകെ പരിഭ്രമിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോ ഒരു സഹതാപം തോന്നിയെങ്കിലും പക്ഷെ കാമം അതിലും ശക്തമായി എന്നിൽ പിടിമുറിക്കിയത് കൊണ്ട് സഹതാപം ഉള്ളിന്റെ ഉള്ളിൽ എവിടെയോ അലിഞ്ഞു ഇല്ലാതായി.ധൈര്യം സംഭരിച് അവളോട് ഒരു ചോദ്യം
"കിട്ടുമോ?"
അവൾ ഒന്നും മിണ്ടിയില്ല.എതിർപ്പ് ഒന്നും കാണാത്തത് കൊണ്ട് ഞാൻ ഒന്ന് കൂടെ കനത്തിൽ ചോദിച്ചു "എത്ര വേണം?"
അതിനും മറുപടി ഒന്നും കിട്ടിയില്ല....
എങ്കിലും അവളോട് ഒന്ന് കൂടെ ചോദിച്ചു "നിനക്ക് 500 മതിയോ?"
അതിനു അവൾ തലകുലുക്കി.സംഗതി ഏറ്റു എന്ന് മനസ്സിലായി.അവളെയും കയറ്റി നേരെ വിട്ടു സുഹൃത്തിന്റെ പണി നടക്കുന്ന കടമുറിയിലേക്ക്.അവിടെ പെയിന്റിംഗ് പണി നടക്കുന്നതിന്റെ മേൽനോട്ടം എനിക്കായതു കൊണ്ട് റൂമിന്റെ താക്കോൽ എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു.
റൂമിന്റെ അകത്തു കയറി ഞാൻ അവളെ അടിമുടി ഒന്ന് നോക്കി.പേടിയാണോ അതോ മറ്റെന്തെങ്കിലും ഭാവം ആണോ അവളുടെ മുഖത്ത് എന്ന് വായിച് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ.അവളെ എന്റെ രണ്ടു കരങ്ങൾക്കുള്ളിൽ വരുന്ന വിധം ചേർത്ത് പിടിച്ചു. ഒരു പൊട്ടികരച്ചിലോടെ അവൾ എന്റെ കൈ വിടുവിച്ചു ആ മുറിയുടെ ഒരു മൂലക്കെ പോയിരുന്നു.ഞാൻ അടുത്തേക്ക് ചെന്ന് കാര്യം തിരക്കി.അവളുടെ പേര് ബിന്ദു.ഇടുക്കികാരി ആണ്.പ്രേമവിവാഹത്തെ തുടർന്ന് വീട്ടിൽ നിന്നും പുറത്തായി,അവളും ഭർത്താവും ഇവിടെ അടുത്തു വാടകക്ക് താമസിക്കുന്നു.അവളുടെ ഭർത്താവിന് ഒരു പാറമടയിൽ ജോലിയുണ്ടായിരുന്നു.അവിടെ നടന്ന എന്തോ ഒരു അപകടത്തിൽ അയാൾക്ക് കാര്യമായ പരിക്ക് പറ്റി, അയാൾ ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.മരുന്ന് മേടിക്കാൻ പോലും പണമില്ലാ എന്നൊക്കെ പറഞ്ഞു അവൾ ആകെ കരച്ചിലും പിഴിച്ചിലും.അപ്പോഴേക്കും കാമം ഒരു വികാരം എന്നതിലുപരി അത് എന്നെ നിയന്ത്രിക്കാൻ മാത്രം വളർന്നു കഴിഞ്ഞിരുന്നു.വേണ്ട എന്ന് ഒരു നൂറാവൃത്തി എന്റെ മനസ്സ് പറഞ്ഞിട്ടും ശരീരം അത് വകവെച്ചില്ല.അവളെ കടന്നു പിടിച്ചപ്പോഴും ഞാൻ എന്നെ തന്നെ മറക്കുകയായിരുന്നു.,എന്നാൽ അതിനേക്കാൾ ഒരു ആയിരം തവണ ആ സ്ത്രീ എന്നെ ശപിച്ചിട്ടുണ്ടാകും.കുറെ എതിർപ്പ് കാണിച്ചിട്ടും ഞാൻ അവളെ കീഴ്‌പ്പെടുത്തി.ഒടുവിൽ കാമത്തിന്റെ അവസാന കണികയും എന്നിൽ നിന്നകന്നപ്പോൾ കുറ്റബോധത്തിന്റെ പാരമ്യതയിൽ ഞാൻ എത്തിയിരുന്നു.ബാധ ഒഴിഞ്ഞ ശരീരം പോലെ ഞാൻ തളർന്നു കിടന്നു.എന്റെ തൊട്ടപ്പുറത്ത് ഒരു ജീവച്ചവമായി അവൾ കിടക്കുന്നുണ്ടായിരുന്നു.അവൾ കരയുന്നുണ്ടായിരുന്നു.ആ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും ധൈര്യമില്ലാതെ വല്ലാത്ത ഒരുതരം വേദനയോടെ ഞാൻ എഴുന്നേറ്റു.ഒരായിരം തവണ ആ കാലിൽ വീണു മാപ്പു പറയണം എന്നുണ്ടായിരുന്നു.പക്ഷെ കഴിയുന്നില്ല.
ഞാൻ പതിയെ അവളെ വിളിച്ചു,വല്ലാത്ത ഒരു തരം നോട്ടം അവൾ എന്നെ നോക്കി.എന്നോടുള്ള ദേഷ്യവും അറപ്പും വെറുപ്പും ഒക്കെ അതിൽ ഉണ്ടായിരുന്നു.അവസാനം അവളെയും കൂട്ടി പുറത്തിറങ്ങി,അവളെ ഹോസ്പിറ്റലിന്റെ അടുത്തു ഇറക്കുമ്പോൾ ഉള്ളം നീറുകയായിരുന്നു.അവൾ പോകാൻ നേരം 500 രൂപയെടുത്തു ഞാൻ അവളുടെ നെരെ നീട്ടി.അത് മേടിച്ചു അവൾ ആ പണം മാറോടണച്ചു കൊണ്ട് അവൾ വിങ്ങിപ്പൊട്ടി.പോക്കറ്റിൽ നിന്ന് ഒരു 500 കൂടെ എടുത്ത് ഞാൻ അവളെ നോക്കുമ്പോഴേക്കും അവൾ ആശുപത്രിയുടെ കവാടം കഴിഞ്ഞു പൊയിരുന്നു......
വീട്ടിലെത്തി.....വേഗം ബെഡ്ഡിലേക്ക് വീണു...അപ്പോഴേക്കും രാവിലെ ഇട്ട സദാചാര പോസ്റ്റിന്റെ ലൈക്ക് 500 കടന്നിരുന്നു.സ്വന്തം മക്കളെ മറന്നു മറ്റൊരുതന്റെ മുൻപിൽ ശരീരം പണയം വെച്ച അവളെ തൂക്കിലേറ്റണം എന്ന് വരെ ആയി ഓരോരുത്തരുടെ അഭിപ്രായങ്ങൾ.ശരിക്കും ആരെയാണ് തൂക്കിലേറ്റേണ്ടത് അവളുടെ അവസ്ഥ മനസ്സിലാക്കിയിട്ടും അവളെ ഭോഗിക്കാൻ തയ്യാറായ കാമവെറി പൂണ്ട നമ്മളെയല്ലേ.ആലോജിക്കുന്തോറും കുറ്റബോധം എന്നെ തളർത്തിക്കൊണ്ടിരിക്കുന്നു.
ഒരു സ്ത്രീയുടെ മാനത്തിനു വില പറഞ്ഞ ഞാൻ അവളെ പഴിക്കാൻ യോഗ്യൻ അല്ല.
ഒടുവിൽ ആ പോസ്റ്റ് റിമൂവ് ചെയ്തു ഉറങ്ങാൻ കിടക്കുമ്പോൾ മക്കൾക്ക് വേണ്ടി ശരീരം വിറ്റ ആ അമ്മയുടെയും ഭർത്താവിന് മരുന്ന് വാങ്ങാൻ വേണ്ടി എനിക്ക് വഴങ്ങി തന്ന ആ ഭാര്യയുടെയും മുഖമായിരുന്നു കണ്ണിൽ.നിറഞ്ഞൊഴുകിയ എന്റെ കണ്ണുനീരിനു ഈ ലോകത്തുള്ള മുഴുവൻ പുരുഷൻമാരുടെയും ഉള്ളിലെ കാമാഗ്നിയെ ഏരിച് കളയാനുള്ള ശക്തി ഉള്ളത് പോലെ തോന്നി.
അപ്പോൾ മറ്റെവിടെയോ ഇരുന്നു ഏതോ ഒരു സദാചാര വാദി ഏതോ ഒരു പെണ്ണിന്റെ മാനം എഴുതി നശിപ്പിക്കുന്നുണ്ടായിരുന്നു.
ശുഭം......

ലാവണ്യ ശങ്കറിന്റെ ഒരു ദിവസം.... അപർണ്ണയുടേതും

Image may contain: 1 person, sunglasses and beard

------------------------
‍‍‍
‍‍‍‍‍‍‍‍‍‍‍‍
‍‍‍‍‍‍‍‍‍‍ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളിലായാണ് ഞാൻ ലാവണ്യ ശങ്കറിനെ കണ്ടുമുട്ടിയത്..
സെപ്റ്റംബർ മാസത്തിലെ മഴ തോരാത്തൊരു ദിവസം നഗരത്തിലെ ഉപയോഗിക്കാതെ കിടന്നിരുന്ന പഴയ ബസ്‌സ്റ്റാൻഡിനരുകിൽ കൂടി നടന്നുപോകുന്ന അവളെക്കാണുന്നതാണ് രണ്ടാം ഘട്ടം. കയ്യിലൊരു വലിയ പാക്കെറ്റുണ്ടായിടുന്നു. ഉടുത്തിരുന്ന സാരി നനഞ്ഞു ദേഹത്തൊട്ടിയിരുന്നു.
എട്ടു വർഷങ്ങൾക്കു ശേഷമാണ് അവളെ കാണുന്നത്. സാമാന്യം തടിയുള്ള ശരീരം നനയാതിരിക്കാൻ അവൾ ചൂടിയ കുട താഴ്ത്തിയും ചെരിച്ചും നന്നായി പരിശ്രമിക്കുന്നുണ്ട് .
.. എന്റെയീ തടി ജെനെറ്റിക് ആണ് അമ്മക്ക് നല്ല തടിയാണ് ..
അവൾ ഡിഗ്രി ക്‌ളാസ്സിലിരുന്നു പറഞ്ഞത് എനിക്കോർമ്മ വന്നു.
തടിച്ചുരുണ്ട ഒരു പെണ്ണിന്റെ പടം വരച്ചു അവളെക്കാണിച്ചതായിരുന്നു അപ്പോൾ.
അവളുടെ മത്തങ്ങാകവിളുകൾ തൊട്ടാൽ അലകളുണ്ടാവുമായിരുന്നു.
ഡിഗ്രി കെമിസ്ട്രി ക്ലാസ്‌മേറ്റ്സ് ആയിരുന്നു ഞങ്ങൾ. അതായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടലിന്റെ ഒന്നാം ഘട്ടം.
അവിടെവെച്ചാണ് അപർണ്ണ സ്വാമിനാഥനെ ഞങ്ങൾ പരിചയപ്പെടുന്നത്.
ദൂരെയേതോ കോളേജിൽ നിന്നും ട്രാൻസ്ഫർ വാങ്ങി വന്ന മെലിഞ്ഞു കൊലുന്നനെയുള്ള ഒരു പെണ്ണ് . അവളായിരുന്നു ക്ലാസ്സിലെ അവസാനത്തെ അഡ്മിഷൻ..
ഞാനും അപർണ്ണയും ലാവണ്യയും ഒരേ ബെഞ്ചിലിരുന്ന്‌ പുറത്തെ പൂത്തുനിൽക്കുന്ന വാകമരത്തിനപ്പുറത്തു നീലവാനം നോക്കി വെറുതെ സൊറ പറഞ്ഞു.
നീലനിറം അവരുടെ രണ്ടുപേരുടെയും ഇഷ്ടനിറമായിരുന്നു.
നീലനിറം മാത്രമല്ല.. അവരുടെ അഭിരുചികളെല്ലാം അത്ഭുതകരമാം വണ്ണം ഒന്നായിരുന്നു...!
പക്ഷെ സ്വഭാവത്തിലും രൂപത്തിലുമുള്ള അവരുടെ അന്തരം വളരെ പ്രകടമായിരുന്നു താനും.
ലാവണ്യാ ശങ്കർ ഒരു മലവെള്ളപ്പാച്ചിൽ പോലെയാണെങ്കിൽ ശാന്തമായി ഒഴുകുന്ന ഒരരുവിയായിരുന്നു അപർണ്ണ സ്വാമിനാഥൻ.
ഇഷ്ടങ്ങൾ സ്വന്തമാക്കാൻ അവർ തമ്മിൽ അദൃശ്യമായ ഒരു മത്സരമുണ്ടായിരുന്നു.
ഒഴിവുവേളകളിൽ ഒരുമിച്ചു ഷോപ്പിംഗിനു പോയ ഒരു ദിവസം നീലനിറത്തിലുള്ളൊരു വസ്ത്രം രണ്ടാളും ഇഷ്ടപ്പെടുകയും , അപർണ്ണ സ്വന്തമാക്കാതിരിക്കാൻ ലാവണ്യ അതെടുത്തു വലിച്ചു കീറുകയും ചെയ്തിട്ടുണ്ട്.
ഞാൻ മാത്രമേ അത് കണ്ടുള്ളു.
..ഞാനിഷ്ടപ്പെട്ട ഒന്ന് അവൾ സ്വന്തമാക്കുന്നത് എന്റെ മരണത്തിനു തുല്യമാണ് .. എനിക്കത് സഹിക്കാൻ പറ്റില്ല...
അങ്ങനെയാണ് അതിനെപ്പറ്റി ലാവണ്യ എന്നോട് പറഞ്ഞത്.
മഴവെള്ളം കുതിച്ചൊഴുകുന്ന റോഡിന്റെ ഓരം പറ്റി നടന്നുപോകുന്ന അവൾക്ക് കാലം ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്.
വണ്ടി ഒരരുകിൽ നിർത്തി ഞാൻ പുറത്തിറങ്ങി ഒച്ചയെടുത്തു.
.. ലാവണ്യ ശങ്കർ... !
അവൾ നടത്തം നിർത്തി പുറകിലേക്ക് നോക്കി . മുഖം ആശ്ചര്യം കൊണ്ട് വിടർന്നു. കവിളുകൾ തുടിച്ചു.
.. ഹായ് സാം ...! എത്ര നാളായെടോ കണ്ടിട്ട്.. !
ചിരിച്ചപ്പോൾ അവളുടെ കണ്ണുകൾ ചെറുതായി..
..ഫുഡ്‌ കൺട്രോൾ ഒന്നുമില്ല അല്ലേ..?
വലിച്ചുവാരി കഴിപ്പാണെന്നു തോന്നുന്നു..
..മനസ്സിനിഷ്ടപ്പെട്ട ഭക്ഷണം കഴിച്ചില്ലെങ്കിൽ പിന്നെന്തു ജീവിതം..
നീയിങ്ങിനെ ഉണങ്ങിയിരിക്കുന്നത് ഡയറ്റിങ് ആയിരിക്കും.. അല്ലേ..?
അവളുടെ വാക്കുകളിൽ പരിഹാസമുണ്ടായിരുന്നു..
..മഴ നനയണ്ട.. ഇങ്ങോട്ടു വാ..
ഓടിച്ചെന്ന്‌ അവളുടെ ചെറിയ കുടക്കീഴിൽ കയറിനിന്നു. പകുതിയും പുറത്തായ അവളുടെ ശരീരം കൂടുതൽ നനയാൻ തുടങ്ങി..
വരണ്ട സ്വപ്‌നങ്ങൾ കൊണ്ടു നെയ്ത ഒരു പച്ചക്കളർ സാരിയായിരുന്നു അവൾ ചുറ്റിയിരുന്നത്.. അതിൽ വെള്ളിനിറത്തിൽ തിളങ്ങുന്ന വള്ളികളും പൂക്കളും പ്രിന്റ് ചെയ്തിട്ടുണ്ടായിരുന്നു
..എന്നെ നീയൊരിടത്തു വിടാമോ..?
ലിഫ്റ്റ് ഓഫർ ചെയ്യുന്നതിന് മുൻപേ അവളുടെ ചോദ്യം വന്നു.
എങ്ങോട്ടാണെന്ന് പറയാതെ അവൾ കാറിന്റെ ഫ്രോണ്ട്ഡോർ തുറന്ന് അകത്തേക്ക് കയറി.
..എന്തൊരു മഴ... !കയ്യിലെ കുട ശ്രദ്ധിച്ചു മടക്കുന്നതിടയിൽ
അവൾ ഒച്ചയെടുത്തു.
..ആഹാ.. നീയല്ലേ പണ്ട് മഴയൊരു കാമുകനെന്നും പറഞ്ഞു കവിതയെഴുതിയത്..?
കാർ മുന്നോട്ടെടുക്കുന്നതിനിടെ ഞാൻ പറഞ്ഞു. കോളേജ് മാഗസിനിലായിരുന്നു അവളുടെ ആ പൊട്ടക്കവിത പിറന്നത്.
..അത് പണ്ടല്ലേ.. ആ പ്രായം.. സ്വൈരജീവിതത്തിനു വിഘാതമുണ്ടാക്കുന്നവനെന്തു കാമുകൻ..? ശല്യം..
അത് പറയുമ്പോൾ അവളുടെ ചുണ്ട് കോടിയിരുന്നു.
മുന്നോട്ടുള്ള യാത്രയിൽ അവൾ പറഞ്ഞു.. അവളിപ്പോൾ ലാവണ്യ ഹരീന്ദ്രൻ ആണ്.
അഡ്വക്കറ്റ് ഹരീന്ദ്രൻ ആണ് അവളെക്കെട്ടിയത് ..
പൊടുന്നനെ എന്റെ ഓർമ്മയിൽ ആ മുഖം തെളിഞ്ഞു..
..നഗരത്തിലെ പ്രശസ്തനായ ക്രിമിനൽ ലോയർ.. അഡ്വക്കേറ്റ് ഹരീന്ദ്രൻ..
എന്റെ മുഖഭാവം കണ്ട് അവൾ പറഞ്ഞു.
....സംശയിക്കേണ്ട.. അതുതന്നെ എന്റെ ഭർത്താവ്.
..ഓ റിയലി..!ഞാനറിയില്ലായിരുന്നു അത് നിന്റെ ഭർത്താവാണെന്ന് ..
അപ്പൊ നീ വെല്യ പുള്ളിയാണല്ലോ.. !
..നീയെങ്ങനെയറിയാൻ.. ഞാൻ നിന്നെ കല്യാണം പോലും വിളിച്ചില്ലല്ലോ..
ഒരു സിറ്റിങ്ങിനു ലക്ഷങ്ങൾ വിലയുള്ള ധനികനായ ഹരീന്ദ്രൻ വക്കീലിന്റെ ഭാര്യ ഈ കൊടും മഴ നനഞ്ഞുകൊണ്ട് എങ്ങോട്ടാണ്..?
കുറുകെയോടിയ ഒരു ചാവാലിപ്പട്ടിയെ വെട്ടിച്ചുമാറ്റുന്നതിനിടയിൽ ഞാൻ ചിന്തിച്ചു.
അവൾ മാറത്തടുക്കിപ്പിടിച്ചിരിക്കുന്ന , മഴത്തുള്ളികൾ പറ്റിപ്പിടിച്ച ഇളം മഞ്ഞ കവറിലേക്ക് എന്റെ നോട്ടം പാളിവീണു.
അപ്പോഴാണ് ശ്രദ്ധിച്ചത്..
കൈവിരലുകളിൽ പൊള്ളിയതുപോലെ പാടുകൾ.. !
..ഇടയ്ക്ക് പാചകത്തിൽ ചില പരീക്ഷണങ്ങൾ ഉണ്ട്‌.. പൊള്ളിയതാണ്..
എന്റെ ചിന്തകൾ ശരിവെച്ചുകൊണ്ട് അവൾ പറഞ്ഞു
ഞങ്ങൾ നഗരം കഴിഞ്ഞ് ഒരു ചെറിയ മൺറോഡിലേക്ക് പ്രവേശിച്ചു. പോകേണ്ട വഴി പറയുന്നതല്ലാതെ യാത്ര
എങ്ങോട്ടാണെന്ന് അവൾ ഇതുവരെ പറഞ്ഞില്ല.
ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിന് മുൻപിലൂടെ ഞങ്ങൾ കടന്നുപോയി..
..ചില ജീവിതങ്ങളും ഇതുപോലെയല്ലേ.. മനോഹരമായി തലയുയർത്തിനിന്നതുപോലും ഒരുനാൾ നിലംപൊത്തിയേക്കാം...
ഒരുപാട് മാറിയിരിക്കുന്നു.. വിഷമസന്ധികളെയൊക്കെ തലയുയർത്തി നേരിട്ടിരുന്ന ലാവണ്യ ജീവിതത്തിലെ പരുക്കൻ യാഥാർഥ്യങ്ങളോട് പൊരുതാനാകാതെ മനസ്സു തളർന്നിരിക്കുന്നു.
ഇരുട്ട് വീണ ചെമ്മൺപാതയിലൂടെ കെട്ടിനിന്ന മഴവെള്ളം തെറിപ്പിച്ചുകൊണ്ട് കാർ മുന്നോട്ടു പാഞ്ഞു. ഞാൻ ഹെഡ്‍ലൈറ് തെളിച്ചു.. കാറിന്റെ ഫ്രണ്ട്ഗ്ലാസിൽ മഴത്തുള്ളികളും വെളിച്ചവും ചേർന്ന് അവ്യക്തരൂപങ്ങൾ വരച്ചുകൊണ്ടിരുന്നു.
ലാവണ്യ കയ്യിലുള്ള മൊബൈലിൽ ഗൂഗിൾ മാപ്പ് നോക്കി വഴി പറഞ്ഞുകൊണ്ടിരുന്നു...ഏറെനാൾകഴിഞ്ഞ് അവളെക്കണ്ട കൗതുകം മാറി ഒരുതരം വിരസത എന്നെ പൊതിയാൻ തുടങ്ങി. കാറിനുള്ളിലെ അന്തരീക്ഷം തീർത്തും അസുഖകരമായി എനിക്ക് തോന്നി.
അടുത്ത മാസം എന്റെ കല്യാണമാണെന്നും അപർണ്ണയെയാണ്‌ ഞാൻ കെട്ടാൻ പോകുന്നതെന്നും എന്തുകൊണ്ടോ അവളോട് പറയാൻ തോന്നിയില്ല.
അപർണ്ണയുടെ ബർത്ഡേ ആണ് ഇന്ന്.
രാവിലെ ഗ്രീറ്റ് ചെയ്തതാണ് എങ്കിലും രാത്രി ഉറങ്ങുന്നതിനുമുന്പ് ഒരു കാൾ പതിവാണ്..
ലാവണ്യയെ ഡ്രോപ്പ് ചെയ്ത് എത്രയും പെട്ടെന്ന് തിരിച്ചുപോകണം. ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.
യാത്ര ഒരുമണിക്കൂർ പിന്നിട്ടിരിക്കുന്നു.
ഒരു കുറുക്കുവഴിയിൽ നിന്നും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത് പരിചയമുള്ള റോഡിലേക്കാണെന്നത് എന്നിൽ ആശ്ചര്യമുളവാക്കി..
...നമ്മളിപ്പോൾ പോകുന്നത് അപർണ്ണയുടെ അടുത്തേക്കാണ്...
കയ്യിലെ മൊബൈൽ ഫോണിലെ ഗൂഗിൾ മാപ്പിൽനിന്നു കണ്ണുമാറ്റാതെ അവൾ പറഞ്ഞു.
എന്റെ കാൽ അറിയാതെ ബ്രേക്കിലമർന്നു. കാറൊന്നു പാളി.. ഞാൻ വണ്ടി റോഡ് സൈഡിലേക്ക് ഒതുക്കിനിർത്തി അവളെ വിശ്വാസം വരാതെ നോക്കി.
..ഞെട്ടിയോ..?
ഒരു ചെറുചിരിയോടെ നിർവചിക്കാനാകാത്തൊരു ഭാവം മുഖത്ത് വരുത്തി അവൾ ചോദിച്ചു..
പണ്ടേ ഒരു നിഗൂഢത കാത്തുസൂക്ഷിക്കാറുണ്ട് അവൾ .. ഒരു മൂടൽമഞ്ഞുപോലെ അവ്യക്തമാണ് ചിലപ്പോൾ ലാവണ്യയുടെ മനോവ്യാപാരങ്ങൾ.
കല്യാണക്കാര്യം അവളറിഞ്ഞിരിക്കുമോ..?
അജ്ഞാതമായൊരു ആശങ്ക എന്നെ പൊതിയാൻ തുടങ്ങി.
ഈ കൂടിക്കാഴ്ച... ഈ യാത്ര... ഇങ്ങനെയൊരു സാഹചര്യം ചിന്തകൾക്കും അപ്പുറമായിരുന്നു..
... എനിക്കിഷ്ടപ്പെട്ടതൊന്നും അവൾ സ്വന്തമാക്കുന്നതെനിക്കിഷ്ടമല്ല..
അവളുടെ വാക്കുകൾ മനസ്സിൽ മുഴങ്ങുന്നു.. ക്രൗര്യം നിറഞ്ഞ അവളുടെ മുഖം തെളിച്ചം മങ്ങാതെ മനസ്സിൽ തെളിയുന്നു .
ഞാൻ കാറിനു വേഗം കൂട്ടി.. സംഭവിക്കാൻ പോകുന്നത് എന്താണെന്ന് വ്യക്തതയില്ലാതെ...
അപർണ്ണ താമസിക്കുന്ന ക്വാർട്ടേഴ്സിനു മുന്നിൽ കാർ നിന്നു. വർക്കിംഗ്‌ വിമൻസ് ഹോസ്റ്റൽ ആണ്. നഗരത്തിലെ സ്കൂളിൽ ടീച്ചർ ആണവൾ..
കഴിഞ്ഞ വർഷമാണവളെ ഒരുപാട് കാലത്തിനുശേഷം വീണ്ടും കണ്ടുമുട്ടിയത്.. ഞാൻ ജോലി ചെയ്യുന്ന ബാങ്കിനടുത്തുള്ള സ്‌കൂളിലേക്കാണവൾ ട്രാൻസ്‌ഫർ ആയി വന്നത്. ദിനേനയുള്ള കൂടിക്കാഴ്ചകൾ കൊണ്ട് ബന്ധം ദൃഢമായി ..
ഒരു വൈകുന്നേരം ബീച്ചിലെ ഇരിപ്പിടത്തിൽ ഇരുന്ന് ചുമലിൽ തല ചാരി അപർണ്ണ മന്ത്രിച്ചു..
....നിന്നെ എനിക്കിഷ്ടമായിരുന്നു വളരെ മുൻപേ..
അവൾക്കങ്ങനെയൊരിഷ്ടമുണ്ടെന്നു എനിക്കറിയില്ലായിരുന്നു.പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വീട്ടുകാർക്കും എതിർപ്പില്ലായിരുന്നു.
... ഞാൻ അകത്തു പോയി വരാം.. നീ വരുന്നുണ്ടോ..?
ലാവണ്യയുടെ ശബ്ദം എന്നെയുണർത്തി.
..ഞാനിവിടെ ഇരിക്കാം.. ക്ഷീണമുണ്ട്.. ഞാനുള്ളത് അവളോട്‌ പറയേണ്ട..
പിന്നൊരിക്കലാവട്ടെ..
പോക്കെറ്റിൽ നിന്നും ഒരു സ്ട്രെപ്സിൽസ് എടുത്തു നുണഞ്ഞുകൊണ്ടു ഞാൻപറഞ്ഞു.
മാറോടടുക്കിപ്പിടിച്ച ആ പാക്കെറ്റുമായി അപ്പോഴും പെയ്തുകൊണ്ടിരിക്കുന്ന മഴയിലിറങ്ങി അവൾ കെട്ടിടത്തിനകത്തേക്കു കയറിപ്പോയി.
കോളേജ് ദിനങ്ങൾക്ക് ശേഷം ലാവണ്യയെ കണ്ടതായും ഇങ്ങനെയൊരു കൂടിക്കാഴ്ച്ചയെപ്പറ്റിയും അപർണ്ണ തന്നോട് പറഞ്ഞിട്ടില്ല.
ഫോണെടുത്തു നോക്കി.
അപർണ്ണ ഓഫ്‌ലൈൻ ആണ്..
കാറിലെ മ്യൂസിക് ഓണാക്കി ഞാൻ കണ്ണടച്ചിരുന്നു.
പുറത്ത് മഴ ചാറുന്ന ശബ്ദം.
ഓർമ്മകൾ ലാവണ്യയോടൊത്തുള്ള പഴയൊരു ദിവസത്തിലേക്ക് ചേക്കേറി.
വിരഹം ഖനീഭവിച്ചുനിൽക്കുന്ന മാർച്ചുമാസത്തിലെ അവസാനദിവസങ്ങളിൽ ഒന്ന്..
വൈകുന്നേരം നഗരത്തിലെ കോഫിഷോപ്പിലിരുന്നു ചില്ലുവാതിലിനപ്പുറത്തു പെയ്യുന്ന നേർത്ത മഴനൂലുകളെനോക്കി ലാവണ്യ എനിക്കഭിമുഖമായിരുന്നു .. കണ്ണുകളിൽ അതുവരെ കാണാത്തൊരു തിളക്കം..
.. സാം .. എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്..
. നീ പറ.. എന്തിനാണൊരു മുഖവുര..?
..സാം .. ഇതെങ്ങനെയുള്ളൊരു കാര്യമല്ല..
എപ്പോ നോക്കിയാലും അപർണ്ണ നമ്മുടെ കൂടെയുണ്ട്.. അതൊകൊണ്ടെനിക്ക് പറയാൻ പറ്റിയില്ല..
..ഇവളെന്തിനുള്ള പുറപ്പാടാണ്..?
എന്താണിവളുടെ മനസ്സിൽ..
മനസ്സിൽ സംശയങ്ങൾ മുള പൊട്ടുമ്പോളേക്കും ഫോൺ ബെല്ലടിച്ചു.
നാട്ടിൽ നിന്നും അമ്മയുടെ അസുഖം മൂർച്ഛിച്ചിരിക്കുന്നു . പെട്ടെന്ന് യാത്ര പറഞ്ഞു പോകാനൊരുമ്പെട്ട തന്റെ കയ്യിലെ ഓട്ടോഗ്രാഫ് വാങ്ങി അവസാനത്തെ പേജിൽ അവളെന്തോ എഴുതി. വീട്ടിലെത്തുമ്പോഴേക്കും അമ്മ മരണത്തിനു കീഴടങ്ങിയിരുന്നു
ഏറെ നാളുകൾ കഴിഞ്ഞാണ് തുറന്നു നോക്കിയത് .
....എന്റെ ഇഷ്ടങ്ങളിൽ നീലനിറത്തിനൊപ്പം നീയുമുണ്ട്..
കൗമാരത്തിന്റെ ചാപല്യങ്ങൾ.. അത്രയുമേ ലാവണ്യയുടെ എഴുത്തിനെ കരുതിയുള്ളൂ..
ഒന്നുരണ്ടു വട്ടം ഹോസ്റ്റലിലേക്ക് വിളിച്ചിരുന്നെങ്കിലും അവളോട്‌ സംസാരിക്കാൻ പറ്റിയില്ല .
..ഹമാരി അധൂരി കഹാനി....
അരിജിത് സിംഗിന്റെ വിഷാദച്ചുവയുള്ള ഗാനത്തിന്റെ ഈരടികൾ കാറിനുള്ളിൽ അലയൊലി തീർത്തു.
പുറത്ത് മഴച്ചാറലിനു വീണ്ടും ശക്തി കൂടിയിരിക്കുന്നു.
മുറിയിൽ ലാവണ്യശങ്കറും അപർണ്ണ സ്വാമിനാഥനും തമ്മിൽ സംസാരിക്കുന്നതെന്തായിരിക്കും..?
.. പോകാം..?
ഡോർ വലിച്ചു തുറക്കുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടിയെണീറ്റു. ലാവണ്യ എന്റെ തൊട്ടടുത്തുണ്ട്.. കയ്യിലെ ഇളം മഞ്ഞ പാക്കറ്റ് അപ്രത്യക്ഷമായിരിക്കുന്നു... !
മുഖം നിറയെ ചിരിയുമായി അവൾ മൊഴിഞ്ഞു.
.. മാറിയിരിക്ക്.. ഇനി ഞാൻ ഡ്രൈവ് ചെയ്യാം...
യാന്തികമായി ഞാൻ തൊട്ടടുത്ത സീറ്റിലേക്ക് മാറിയിരുന്നു. ഡ്രൈവിംഗ് സീറ്റിലമർന്നിരുന്ന്‌ ഹെഡ് ലൈറ്റ് തെളിയിച്ച് അവൾ കാർ മുന്നോട്ടെടുത്തു.
മ്യൂസിക് ഓഫാക്കി. എഫ് എം റേഡിയോ ഓൺ ചെയ്തു.
കാറിൽ റേഡിയോ ജോക്കിയുടെ കൊഞ്ചൽ..
മഞ്ഞവെളിച്ചത്തിൽ ലംബമായ വെളുത്ത രേഖകൾ പോലെ പെയ്തുകൊണ്ടിരിക്കുന്ന മഴയെ കീറിമുറിച്ചുകൊണ്ട് അവൾ കാർ മുന്നോട്ടു പായിച്ചു...
ചുണ്ടിൽ ഒരു മൂളിപ്പാട്ടോടെ.. .
.. ഹാപ്പി ബർത്ത് ഡേ ടു യു അപർണ്ണ സ്വാമിനാഥൻ...!ഇന്ന് അപർണ്ണയുടെ പിറന്നാളാണ്..
.. നീയറിയോ..സാം.. ഞാനെന്താണ് അപർണ്ണക്ക് കൊടുത്തതെന്ന്....?
ലാവണ്യയുടെ ചോദ്യം പൊള്ളുന്നൊരു തീക്കനലായി എന്റെ നേർക്ക് പാറിവീണു.
അനാവശ്യചിന്തകൾ എന്നെ വേട്ടയാടാൻ തുടങ്ങി.
.... മൈ ഡിയർ.. നീയെന്താണ് മിണ്ടാത്തത്...?
സമനില നഷ്ട്ടപ്പെട്ടതുപോലെ അവൾ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.
.. .. ഞാനവൾക്കൊരു നീലസാരിയാണ് കൊടുത്തത്.. ആഴക്കടലിന്റെ നീലയിൽ സ്വർണ്ണനിറത്തിൽ എംബ്രോയിഡറി ചെയ്ത മനോഹരമായൊരു സാരി....
ഞങ്ങളപ്പോൾ നിറഞ്ഞുകവിഞ്ഞൊഴുകുന്നൊരു അരുവിയുടെ ഓരത്തുള്ള റോഡിൽക്കൂടി സാമാന്യം വേഗതയിൽ പാഞ്ഞുകൊണ്ടിരിക്കുകയാണ്. മറുവശത്തു ഇരുൾ വീണുകിടക്കുന്ന റബ്ബർക്കാടായിരുന്നു.
..ജന്മദിനസമ്മാനം.. സെലക്ഷൻ എന്റെയല്ല കേട്ടോ.. എന്റെ ഭർത്താവിന്റെയാണ്.. !
ക്രിമിനൽ ലോയർ ഹരീന്ദ്രന്റെ.. !
പറഞ്ഞുതീർന്നതും അവളുടെ മുഖത്തെ ചിരി മാഞ്ഞു. കാൽ ഒന്നുകൂടി ആക്സിലറേറ്ററിൽ അമർന്നതുപോലെ..
കാറിന്റെ വേഗം വർധിച്ചു. മെയിൻ റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു രണ്ടു വശത്തും റബ്ബർക്കാടുകളുള്ള റോഡിലൂടെ കാർ കുതിച്ചുപാഞ്ഞു.
...ഇതുതന്നെയായിരുന്നോ യഥാർത്ഥ വഴി..?
..ഒരു വൈകുന്നേരം ഹരിയുടെ ഫോണിലാണ് ഒരു മെമ്മോ സേവ് ചെയ്തത് കണ്ടത്.. ബി. ഡി എന്ന ചുരുക്കെഴുത്തിൽ...സെപ്റ്റംബർ ഇരുപത്തിയെട്ടിന്.. ബി. ഡി.. അഥവാ ബർത്ഡേ .
ആരുടെ ജന്മദിനമാണെന്നറിയാനുള്ള ആകാംഷ ഭൂമിയിലെ സകല ജീവജാലങ്ങളുമുറങ്ങുന്ന പുലർച്ചെ രണ്ടുമണി സമയം അയാളുടെ ഫോൺ പരിശോധന എന്ന കൃത്യത്തിലേക്കെത്തിച്ചു.. എന്റെ ഉറക്കം നഷ്ടമായി..
..അകത്തളത്തിലൊരു ഫോൾഡറിൽ ചിരിക്കുന്ന മുഖത്തോടെ ഇവൾ.. അപർണ്ണ സ്വാമിനാഥൻ ഉണ്ടായിരുന്നു.. ഒരേ ഇഷ്ടങ്ങളുമായി.. എന്നും എനിക്കൊരെതിരാളിയായി..
അവളെന്നും എന്റെ ഇഷ്ടങ്ങൾ തട്ടിപ്പറിച്ചിട്ടേയുള്ളു....
ലാവണ്യയുടെ ശബ്ദം നേർത്തു.
...ഇനി നീയറിയാത്ത ഒരുകാര്യം കൂടി.. നമ്മുടെ ക്‌ളാസ്സ്‌മേറ്റുകളുടെ ഇടയിൽ നിന്നും എന്റെ കല്യാണത്തിന് പങ്കെടുത്തത് അപർണ്ണ മാത്രമാണ്.
അന്നുതന്നെ ഹരിയുടെ പേർസണൽ നമ്പർ അവൾ കൈക്കലാക്കിയിരുന്നു.
ഒരു ലോ പോയിന്റ് ചർച്ച ചെയ്യാനായിരുന്നത്രെ.. പക്ഷെ....
അവളുടെ വാക്കുകൾ മുറിഞ്ഞു.
അതെനിക്കൊരു പുതിയ അറിവായിരുന്നു.. കോളേജ് കാലത്തിനുശേഷം ലാവണ്യയെക്കണ്ടിട്ടില്ല എന്നാണ് അപർണ്ണ എന്നോട് പറഞ്ഞത്.
...അപർണ്ണക്കു കൊടുക്കാൻ ഹരി വാങ്ങിവെച്ച ആ നീലസാരി കൈമാറാൻ എനിക്കാണ് യോഗം...
അത് പറഞ്ഞുകൊണ്ട് അവൾ ഉന്മാദിനിയെപ്പോലെ തലകുലുക്കുകയും ഉച്ചത്തിൽ പൊട്ടിച്ചിരിക്കുകയും ചെയ്തു.
ആശങ്കയോടെ ഞാൻ ഫോൺ കയ്യിലെടുത്തു. ..
..ഇവിടെ റേഞ്ച് ഇല്ല.. കുറച്ചപ്പുറമെത്തട്ടെ..
ലാവണ്യയുടെ ശബ്ദം മഴയിൽ അലിഞ്ഞുചേർന്നു.
റബ്ബർക്കാടുകൾ കടന്ന് ഇടുങ്ങിയൊരു റോഡിലൂടെ കാർ ഇറക്കത്തിലേക്കു പ്രവേശിച്ചു. മൊബൈൽ ഫോണിൽ റേഞ്ച് തെളിഞ്ഞു.
ഫോണിൽ അപർണ്ണയുടെ മെസ്സേജ് വന്നുവീണു.
ഡിയർ .. ഞാൻ നിന്നെ വിളിക്കാൻ കുറേ നേരമായി ശ്രമിക്കുന്നു.. കിട്ടുന്നില്ല.. ഇന്നൊരു സർപ്രൈസ് ഉണ്ടായിരുന്നു. കുറച്ചു മുന്നേ എനിക്കൊരു ബർത്ഡേ ഗിഫ്റ്റ് കിട്ടി.. ഒരു സാരി.. ആരാണെന്നറിയില്ല. വാർഡനെ ഏല്പിച്ചിട്ട് പോയി. തിരക്കുണ്ടെന്നു പറഞ്ഞത്രെ.
നാളെ വിശദമായി സംസാരിക്കാം.. സ്റ്റേ സേഫ്.. ഗുഡ് നൈറ്റ്‌..
അപർണ്ണയുടെ മെസ്സേജ് വായിച്ച് ഞാൻ സീറ്റിലേക്ക് ചാഞ്ഞിരുന്നു. വിന്ഡോ താഴ്ത്തി.. ചെറുകാറ്റിനോടൊപ്പം തണുത്ത വെള്ളത്തുള്ളികൾ മുഖത്തേക്കടിച്ചു.
എഫ് എം റേഡിയോയിൽ ഇടയ്ക്ക് മുറിയുന്ന ശബ്ദവുമായി റേഡിയോജോക്കി വിവാഹേതര ബന്ധവും , അമ്പലത്തിൽ സ്ത്രീപ്രവേശനവും അനുവദിച്ച കോടതിവിധിയിലേക്ക് ശ്രോതാക്കളുടെ അഭിപ്രായങ്ങൾ ക്ഷണിച്ചു.
..അന്ന് നമ്മളുടെ അവസാനത്തെ കൂടിക്കാഴ്ചയിൽ ഞാൻ ഓട്ടോഗ്രാഫിൽ ഒരു കാര്യം എഴുതിയിരുന്നു.. കണ്ടിരുന്നോ..?
കഴുത്തു തിരിച്ചു അവളെന്നെ നോക്കി ചോദിച്ചു. കണ്ണുകളിൽ കോഫിഷോപ്പിൽ ഇരുന്നപ്പോഴുള്ള അതേ ഭാവം.
..നീ കണ്ടിട്ടുണ്ട്.. എനിക്കറിയാം.. അല്ലെങ്കിൽ നീയെന്നെ ഹോസ്റ്റലിലേക്ക് വിളിക്കില്ലല്ലോ..?
പക്ഷെ നീ രണ്ടു പ്രാവശ്യം വിളിച്ചപ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞ് അത് ഒഴിവാക്കിയത് അപർണ്ണയാണെന്നു നിനക്കറിയാമോ..?
.. നിന്നെ എന്നിൽനിന്നകറ്റുകയായിരുന്നു അവൾ...
ലാവണ്യയുടെ മുഖം ഇരുട്ടിലും ചുവന്നു.
മരവിച്ച മുഖഭാവത്തോടെ ഞാനിരുന്നു. മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഇരുണ്ട ആകാശത്തിലെ മേഘങ്ങൾ പോലെ കനം വെക്കുന്നു.. ആരെ വിശ്വസിക്കണം...? ഒളിക്കാൻ ശ്രമിക്കുന്നത് ആര്.. ലാവണ്യയോ.. അതോ അപർണ്ണയോ..?
നിഷ്കളങ്കതയുടെ മുഖം മൂടി ധരിച്ചതാരാണ്..?
ഫോണിൽ വീണ്ടും അപർണ്ണയുടെ മെസ്സേജ്.
..ഹണി.. ഇത്രയും സമയം ഞാൻ ചിന്തിക്കുകയായിരുന്നു. ആരായിരിക്കും അതെന്ന്..ചെക്ക് ചെയ്തപ്പോൾ ജന്മദിനാശംസകൾ എന്നെഴുതിയ ഒരു സ്ലിപ് കിട്ടി.. എഫ് ബി ഫ്രണ്ട് ബ്ലൂ ലഗൂൺ എന്നെഴുതിയിട്ടുണ്ട്.. ആരാണത്..?
ലാവണ്യ മുൻപിലേക്ക് തന്നെ ദൃഷ്ടിയർപ്പിച്ചു കാറോടിക്കുകയാണ്. ഒരുവശത്തു താഴ്ചയുള്ള കൊക്കയാണ്.. മറുവശത്തു കരിവീരന്മാരെപ്പോലെ ഉയർന്നുനിൽക്കുന്ന കരിമ്പാറക്കെട്ടുകൾ.
ബ്ലൂ ലഗൂൺ... !
എഫ് ബിയിൽ എന്റെയും അപര്ണയുടെയും കോമൺ ഫ്രണ്ട്..
അൺഫ്രണ്ട്‌ ചെയ്യാൻ മറന്നുപോയ ഒരു ഫേക്ക് ഐഡി..!
...നിന്റെ എഫ് ബി ഫ്രണ്ട് ബ്ലൂ ലഗൂൺ ആരാണെന്നറിയാമോ..?
ലാവണ്യ ഒരു കുസൃതിച്ചിരിയോടെ എന്നെ നോക്കി. എന്റെ മനസ്സ് വായിച്ചപോലെ
..അത് ഞാൻ തന്നെയാ.. ! അവൾ ചൂണ്ടുവിരൽ എന്റെ മുഖത്തിന്‌ നേരെ ചൂണ്ടി ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു ..അതിന്റെ അലയൊലികൾ മഴയുടെ ആരവത്തെയും തോൽപ്പിച്ചു താഴ്വാരങ്ങളിൽ പ്രതിധ്വനിച്ചു.
ഞാൻ കഴിഞ്ഞാഴ്ച പോസ്റ്റ്‌ ചെയ്ത എഫ് ബി സ്റ്റാറ്റസ് ഓർത്തു..
..ഗോട്ട് എൻഗേജ്ഡ് ടു അപർണ്ണ സ്വാമിനാഥൻ....കൂടെ അപർണ്ണയുടെ റൂമിനടുത്തുള്ള പാർക്കിൽ നിന്നെടുത്ത ലൊക്കേഷൻ ടാഗ് ചെയ്ത ഒരു ഫോട്ടോയും.
താഴെ ബ്ലൂ ലഗൂണിന്റെ കമന്റുമുണ്ടായിരുന്നു.
...ഓൾ ദി ബെസ്റ്റ്.. !
താഴെ അഗാധമായ താഴ്ച. മുന്നിൽ മൂടൽമഞ്ഞു മൂടിയ കൊടും വളവുകൾ. വഴി തെറ്റിയിരിക്കുന്നു. അസാമാന്യ വഴക്കത്തോടെ ഡ്രൈവ് ചെയ്യുന്ന ലാവണ്യയെ ഞാൻ നോക്കി.
അവൾ കാറിലെ എഫ് എം റേഡിയോ ട്യൂൺ ചെയ്ത് ഓരോ സ്റ്റേഷനും മാറ്റി എന്തോ തിരഞ്ഞുകൊണ്ടിരുന്നു. അവസാനം ഏതോ ഒരു സ്റ്റേഷനിൽ ഒരു റേഡിയോ ജോക്കിയുടെ ശബ്ദം വ്യക്തമായി. ഇന്നത്തെ നഗരവാർത്തകളായിരുന്നു അവന്റെ ഇടയ്ക്കിടെ മുറിയുന്ന ശബ്ദത്തിൽ വന്നത്.
നിർത്താതെ പെയ്യുന്ന മഴയെപ്പറ്റിയും , പ്രമുഖ പാർട്ടിയുടെ നാളത്തെ ധർണ്ണയെക്കുറിച്ചും തുടങ്ങിയ വാർത്ത , നഗരത്തിലെ പഴയ ബസ്‌സ്റ്റാന്റിനടുത്തുള്ള കുറ്റിക്കാട്ടിൽ ആസിഡൊഴിച്ചു മുഖം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയ അജ്ഞാതജഡത്തെപ്പറ്റി വിവരിക്കാൻ തുടങ്ങി .മധ്യവയസ്സുള്ള ഒരു പുരുഷനാണ്. പക്ഷെ ആളെ തിരിച്ചറിഞ്ഞിട്ടില്ലത്രെ.
എന്തോ ചിന്തിച്ചിരുന്ന ഞാൻ പൊടുന്നനെ ജാഗരൂകനായി. ലാവണ്യ അത് കേട്ടില്ലെന്നു തോന്നി.
ഒരു ഭാവമാറ്റവുമില്ലാതെ കാറോടിക്കുകയാണ് അവൾ.
അവളുടെ മുഖത്ത് ഇരുട്ടിലും ഗൂഢമായ ഒരു പുഞ്ചിരി തെളിയുന്നുണ്ടോ..?
അവളുടെ പൊള്ളിയ വിരലുകൾ ഞാനോർത്തു.
എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ ചോദ്യങ്ങൾ തൊണ്ടയിൽ തടയുന്നു . ചിന്തകളുടെ മഴക്കാറുകൾ ഇരുട്ടിനെ കൂടുതൽ ഭീതിദമാക്കുന്നു.
കാർ അനിയന്ത്രിതമായ വേഗതയിൽ കുതിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്ത് മങ്ങിയ വെളിച്ചത്തിൽ ഡെഡ് എൻഡ് എന്ന മുന്നറിയിപ്പ് ബോർഡ്‌ മിന്നിമറഞ്ഞതുപോലെ എനിക്ക് തോന്നി.
ദൂരെ അനന്തതയിലെവിടെയോ നോട്ടം തറപ്പിച്ചു സ്റ്റിയറിങ് വീൽ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന ലാവണ്യയുടെ അടുത്ത് നിസ്സഹായനായി കൈകാലുകൾ മരവിച്ച് ഞാനിരുന്നു.
എന്റെ സാന്നിധ്യം പോലും അവൾ മറന്നിരിക്കുന്നതുപോലെ തോന്നി ...
കാർ മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു. മുൻപിൽ മൂടൽ മഞ്ഞിനപ്പുറത്ത് ഒളിഞ്ഞിരിക്കുന്നത് എന്താണെന്നു നിശ്ചയമില്ലാതെ....
ഞാൻ ലാവണ്യയുടെ വാക്കുകൾ ഓർത്തെടുക്കുകയായിരുന്നു.
.. ഞാനിഷ്ടപ്പെട്ടതു അപർണ്ണ സ്വന്തമാക്കുന്നതെനിക്കിഷ്ടമല്ല.. അതിന് മുൻപേ ഞാനത് നശിപ്പിക്കും....
ശ്രീ
28/09/2018

വ്യത്യസ്തനായ മാത്തൻ ( കഥ )

Image may contain: 1 person, closeup

ഞങളുടെ നാട്ടിലെ അറുപത്തഞ്ചു വയസു കഴിഞ്ഞ പുരുഷന്മാരേക്കാൾ തികച്ചും വ്യത്യസ്തനായിരുന്നു മാത്തൻ എന്ന ഇറച്ചി വെട്ടുകാരൻ മാത്തച്ചൻ . നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും അയാളെ മാത്തൻ എന്ന് വിളിച്ചു. അയാൾക്കതായിരുന്നു ഇഷ്ടവും . മാത്തനെ വ്യത്യസ്തനാക്കിയിരുന്ന പല കാര്യങ്ങളിൽ ഒന്ന് ,അയാൾക്കു അയാളുടെ പ്രായത്തിൽ കൂട്ടുകാർ ആരും തന്നെയില്ലായിരുന്നു എന്നതാണ്. മാത്തന്റെ കൂട്ടുകാരെല്ലാം മുപ്പതോ മുപ്പത്തിയഞ്ചോ വയസിൽ താഴെ മാത്രം പ്രായമുള്ളവർ . പലരും കോളേജ് വിദ്യാർത്ഥികൾ .
വെളുപ്പിനെ സുബൈറിന്റെ കവലയിലുള്ള " കിസ്മത്തു " എന്ന ചായക്കടയിൽ മാത്തനെത്തും . അപ്പോൾ നേരം പരപരാ വെളുക്കുന്നതെ ഉണ്ടായിരിക്കൂ . നാട്ടിലെ മൊട്ട കുന്നുകളിൽ കയറി ഇറങ്ങി, റബര് തോട്ടങ്ങളിലൂടെ ഓടി ചാടി അൽപ നേരത്തിനകം ടുട്ടു മോൻ, സോമൻ, വിനീത്, അലക്സ്, രവിക്കുട്ടൻ എന്നീ പല പ്രായക്കാരായ മാത്തന്റെ കൂട്ടുകാരുമെത്തും .പിന്നെ ആ ചായക്കടയിൽ കൊട്ടും പാട്ടുമായി നല്ല മേളമാണ് .അതിൽ നന്നായി പാടുന്ന ടുട്ടു മോൻ, അവനാണ് മാത്തന്റെ അടുത്ത സുഹൃത്ത്, പഴയതും പുതിയതുമായ മലയാളം ,തമിഴ് ഗാനങ്ങൾ പാടി തുടങ്ങും. ആദ്യമൊക്കെ ഹിന്ദി ഗാനങ്ങളും അവൻ പാടിയിരുന്നു. എങ്കിലും കടയുടമയായ സുബൈറിനെ അല്പസ്വല്പ്പം ഹിന്ദി അറിയാവുന്നതു കൊണ്ട് അയാൾ അവന്റെ പാട്ടുകളെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും പലവട്ടം തിരുത്തുകയും ചെയ്തു തുടങ്ങിയതോടെ ടുട്ടുമോന് യാതൊരു ദാക്ഷിണ്യവുമില്ലാതെ രാഷ്ട്രഭാഷയെ കൈ വിട്ടു.
റേഡിയോയിലെ “നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാന പരിപാടി” പോലെ മാത്തനും കൂട്ടരും പാട്ടുകൾ ആവശ്യപ്പെട്ടു, ടുട്ടു മോനിലെ ഗായകനെ വളർത്തി കൊണ്ട് വന്നു. പാട്ടിനൊപ്പം മാത്തൻ അടക്കമുള്ളവർ സുബൈറിന്റെ ഉഗ്ര ശാസന അവഗണിച്ചു ചായക്കടയിലെ മേശയിൽ താളം പിടിക്കും. വാദ്യോപകരങ്ങളുടെ അകമ്പടിയില്ലാതെ ഒരു ഗാനവും പൂർത്തിയാവുകയില്ല എന്ന കാര്യം സുബൈറിനെ ആര് പറഞ്ഞു മനസിലാക്കി കൊടുക്കാൻ..
അങ്ങിനെ ഒരു സാധാരണ പ്രഭാതത്തിൽ , ടുട്ടു മോന് തൊണ്ട വേദനയായ തണുത്ത പ്രഭാതത്തിൽ , അവന്റെ ആസ്ഥാന ഗായക സ്ഥാനം അപഹരിക്കാൻ കാത്തു നിന്നിരുന്ന സ്ഥലത്തെ പ്രധാന പ്ളംബര്, സോമൻ പാടി തുടങ്ങി , ഗദ്ഗദ കണ്ഠനായ് -
"ഇനിയെന്ന് കാണും നമ്മൾ
തിരമാല മെല്ലെ ചൊല്ലി ?
ചക്രവാകമാകെ നിന്റെ
ഗദ്‌ഗദം മുഴങ്ങിയല്ലോ "
ഈ പാട്ടിനിടയിൽ താളം പിടിച്ചു കൊണ്ടിരുന്നപ്പോഴാണ്, മാത്തന്റെ പത്തു കൈവിരലുകൾ പൂർണമായും സ്തംഭനാവസ്ഥയിലേക്കു കൊണ്ട് പോയ ആ പ്രസ്താവന ടുട്ടു മോൻ നടത്തിയത് -അടഞ്ഞ ശബ്ദത്തിൽ
" ചില പ്രണയങ്ങൾ ഒരിക്കലും മരിക്കില്ല. അവ മനസ്സിൽ പുകഞ്ഞു കൊണ്ടിരിക്കും "
തലേന്ന് കണ്ട സിനിമയിലെ ഡയലോഗ് മാത്രമാണ് അതെന്നു ടുട്ടു മോൻ പറയുന്നതിന് മുന്നേ മാത്തൻ ചായക്കടയിൽ നിന്നും വാക്ക് ഔട്ട് നടത്തി. ചില സമയങ്ങളിൽ ചില പ്രസ്താവനകളും വാക്കുകളും മാത്തനെ ഇത്തരം വാക്ക് ഔട്ടുകൾക്കു പ്രേരിപ്പിക്കാറുണ്ട്. ഇനി അയാളെ ഒരാഴ്ചത്തേക്ക് കടയിൽ കാണില്ല. അതൊക്കെയാണ് മാത്തനെ വ്യത്യസ്തനാക്കുന്നതും
ഒരാഴ്ച കഴിഞ്ഞു നേരം പരപരാന്നു വെളുക്കുന്നതിന് മുന്നേ മാത്തൻ എല്ലാം മറന്ന മട്ടിൽ കിസ്മത്തിലെത്തി. ഇത്തവണ അയാൾക്ക് കാര്യമായ ശാരീരിക മാറ്റങ്ങൾ സംഭവിച്ചിരുന്നു. മാത്തന്റെ മുടിയിഴകളിൽ പാതിയിലധികം നരച്ചിരുന്നു. സുബൈറിനോട് ചായ ചോദിച്ചപ്പോൾ, ചുളിഞ്ഞ നെറ്റിയിൽ കുറിപോലെ തെളിഞ്ഞ മൂന്ന് നാലു പാടുകൾ.. ചായ വാങ്ങിയ കൈകളിൽ വാർദ്ധക്യം വിളിച്ചോതുന്ന നീല ഞരമ്പുകൾ..
പെട്ടെന്ന് വാർദ്ധക്യം ബാധിച്ച മാത്തന്, ആ ഫീൽ ഉണ്ടാവാതിരിക്കാനായ് ടുട്ടു മോൻ “എന്റമ്മേടെ ജിമിക്കി കമ്മൽ “എന്ന ആദ്യ ഗാനം പാടി തുടങ്ങി . ഗാനമേളകളിലെ പോലെ ചായക്കടയിലും അത്തരംഅടിപൊളി ഗാനങ്ങൾ അവസാനമാണ് പാടാറുള്ളത്. മറ്റുള്ളവർക്കൊപ്പം മേശയിൽ താളം കൊട്ടിയിരുന്ന മാത്തന്റെ കൈകളുടെ ചലനം അയാളുടെ മനസ് അവിടെയല്ലെന്നു വിളിച്ചോതി.
മാത്തനൊരു വാക്ക് ഔട്ട് നടത്തിയാലോ എന്ന് ഭയന്ന് ആരും അയാളോട് കാരണം ചോദിച്ചില്ല.
മാത്തന്റെ അവസാന വാക്ക് ഔട്ടിന്റെ കാരണം പ്രണയത്തെ കുറിച്ച് ടുട്ടു മോൻ പറഞ്ഞതാണെന്ന് എല്ലാർക്കുമറിയാം . അയാളുടെ പ്രണയത്തെ കുറിച്ച് നാട്ടിലെ സംസാര ശേഷിയുള്ള ഏതു കുഞ്ഞും പറഞ്ഞു തരും.
പത്താം ക്ലാസ്സിലെ പഠിപ്പു കഴിഞ്ഞു ,പതിനഞ്ചു വയസു മുതൽ മാത്തൻ തന്റെ അപ്പൻ നടത്തിയിരുന്ന ഇറച്ചി കടയിൽ സഹായിയായി. ഞങ്ങളുടെ നാട്ടിൽ ആകെയുണ്ടായിരുന്നതു വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിൽ ഒരേ ഒരു പള്ളി മാത്രം . അതിനു പത്തുമുപ്പതടി ദൂരെയായിരുന്നു മാത്തന്റെ കട. ഞായറാഴ്ചകളിൽ ആണ് കടയിൽ കൂടുതൽ തിരക്ക്. അന്ന് മാത്തനു നിന്ന് തിരിയാൻ സമയം കിട്ടിയിരുന്നുമില്ല. മറ്റു ദിവസങ്ങളിൽ ഇറച്ചിയും മീനും ഇല്ലാതെ ഭക്ഷണം കഴിക്കാത്ത മാത്തൻ ഞായറാഴ്ചകളിൽ സമ്പൂർണ വെജിറ്റേറിയൻ ആയി. എത്ര സോയ്പ്പിട്ടു കഴുകിയാലും മാറാത്ത ചോരയുടെ മണമാണ് മാത്തനെ അന്നത്തെ ദിവസം ഇറച്ചി കഴിക്കുന്നതിൽ നിന്നും മാറ്റി നിർത്തിയിരുന്നത് .
ഒരു ഞായറാഴ്ച , വലിയ വാക്കത്തി കൊണ്ട് ഒരു പോത്തിന്റെ നെഞ്ചിന് കൂട് വെട്ടി പൊളിക്കുന്നതിനിടയിൽ ദൂരേക്ക് കണ്ണ് പായിച്ചപ്പോഴാണ് മാത്തൻ റാണിയെ ആദ്യമായി കണ്ടത്. അന്നാട്ടിൽ സ്ഥിരമായി താമസമാക്കിയ പുതിയ വീട്ടുകാരായിരുന്നു റാണിയും കുടുംബവും. രണ്ടാമത്തെ കുർബാന കഴിഞ്ഞു ആട്ടിറച്ചി വാങ്ങാൻ അവളുടെ അപ്പനോടൊപ്പം റാണിയും കടയിലേക്ക് വരും. ഞായറാഴ്ചകളിൽ നാട്ടിൽ ആട്ടിറച്ചി വാങ്ങുന്ന അപൂർവം കുടുംബങ്ങളിലേക്ക് അങ്ങിനെ ആ കുടുംബത്തിന്റെ പേരും എഴുതി ചേർക്കപ്പെട്ടു.
ഒരു ഇറച്ചി വെട്ടുകാരന്റെ സ്വപ്നങ്ങളിലേക്ക് കടന്നു വരാൻ പാടില്ലാത്തതാണെങ്കിലും അത് സംഭവിച്ചു.മാത്തൻ തന്റെ പ്രണയം റാണിയോട് പ്രകടിപ്പിച്ചിരു ന്നത് രണ്ടു വിധത്തിലാണ് - അപ്പൻ കാണാതെ അര കിലോ ആട്ടിറച്ചി കൂടുതലായി റാണിക്ക് പൊതിഞ്ഞു കൊടുത്തു . പൊതി റാണിയുടെ കൈകളിലേക്ക് കൈമാറുമ്പോൾ അതിനടിയിലൂടെ ആരും കാണാതെ, അറിയാതെ അവളുടെ വിരലുകളിൽ തൊട്ടു .
മുകളിലേക്കും താഴേക്കും ശരവേഗത്തിൽ പായുന്ന, കൈയില്ലാത്ത വെളുത്ത ബനിയമിട്ട മാത്തന്റെ കൈകളിൽ ഉരുണ്ട് കളിക്കുന്ന മസിലിലേക്കു ആരാധനയോടെ നോക്കി നിന്ന് , ഇറച്ചി മണമുള്ള അവന്റെ കൈകളുടെ സ്പര്ശനത്തെ തടയാതെ റാണി അവളുടെ പ്രണയം മാത്തന് തിരിച്ചു കൊടുത്തു- ആരും കാണാതെ, അറിയാതെ.
പാവപ്പെട്ടവന്റെയും പണക്കാരിയുടെയും പ്രണയം എല്ലായിടത്തെയും പോലെ ഞങ്ങളുടെ നാട്ടിലും പൂവണിഞ്ഞില്ല. ഒരു ഞായറാഴ്ച, ഇറച്ചി വെട്ടി കൊണ്ട് നിൽക്കുമ്പോഴാണ് റോസാപ്പൂ കൊണ്ട് അലങ്കരിച്ച വെളുത്ത കാർ മാത്തന്റെ മുന്നിലൂടെ കടന്നു പോയത്. റാണിയുടേയും തന്റെയും മിന്നു കെട്ടിന് ഇതു പോലെ വെളുത്ത കാർ അലങ്കരിക്കണമെന്നു മാത്തൻ കണക്കു കൂട്ടിയപ്പോഴേക്കും വെളുത്ത സാരിയുടുത്ത സുന്ദരി മണവാട്ടി കാറിൽ നിന്നുമിറങ്ങി.
പിന്നെ മുപ്പത്തി അഞ്ചാമത്തെ വയസിലാണ് മാത്തൻ വിവാഹം കഴിക്കുന്നത്. അതും
അപ്പനും അമ്മയും മരിച്ചു, ആകെയുണ്ടായിരുന്ന പെങ്ങളെ കെട്ടിച്ചു വിടുകയൂം ചെയ്ത ശേഷം മനസില്ലാമനസോടെ. ഇറച്ചി കടയിലെ വെട്ടും കഴിഞ്ഞു തിരിച്ചെത്തുന്ന മാത്തൻ പല രാത്രികളിലും പട്ടിണിയായി. ആടുമാടുകളുടെ ചോര മണം കൊപ്രക്കാരൻ വറീത് സ്പെഷ്യലായി ഉണ്ടാക്കിയ വെളിച്ചെണ്ണ തേച്ചിട്ടും ലൈഫ് ബോയ് സോപ്പ് ഉരച്ചു തേച്ചു കുളിച്ചിട്ടും മാത്തനെ വിട്ടുപോയില്ല. ഒടുവിൽ പട്ടിണി കിടന്നു, മാത്തന് ജോലിക്കു പോവാൻ വയ്യാത്ത അവസ്ഥ യായി. സാധാരണ പെണ്ണ് കെട്ടാൻ നാട്ടിലെ ദല്ലാള്മാരെ നോക്കി സമയം കളയാതെ, പള്ളിയോടടുത്തു കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിലേക്ക് മാത്തൻ കയറി ചെന്നു . മാത്തൻ നാട്ടുകാർക്ക് വീണ്ടും വ്യത്യസ്തനായി.
അങ്ങിനെ റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച വെള്ള കാറിൽ കയറാതെ, മാത്തൻ കൊടുത്ത വെള്ള സാരിയുടുത്തു, ആരോരുമില്ലാത്ത ഇരുപത്തിയഞ്ചുകാരി സൂസന്ന മാത്തന്റെ ഭാര്യയായി.
താൻ പെണ്ണ് കെട്ടിയതിന്റെ കാരണം സൂസന്നയോടു വ്യക്തമായി മാത്തൻ വെളിപ്പെടുത്താതിരുന്നതിനാൽ കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ആ പാവം മാത്തൻ കിടന്നുറങ്ങുന്ന രാത്രികളിലും മാത്തനില്ലാത്ത പകലുകളിലും ഒറ്റക്കിരുന്നു കുറെ കരഞ്ഞു. പിന്നെ ഞായറാഴ്ചകളിൽ, തക്കാളി രസവും തേങ്ങാ ചമ്മന്തിയും വെച്ചും അല്ലാത്ത ദിവസങ്ങളിൽ ഇറച്ചിയും മീനും വെച്ചും മാത്തനെ ഊട്ടിയും സ്വയമുണ്ടും നെടുവീർപ്പോടെ കഴിഞ്ഞു. 25 വര്ഷം താൻ ജീവിച്ച അനാഥാലയത്തെക്കാൾ ഭേദമായിരുന്നു സൂസന്നക്കു നാലു മുറികളും വരാന്തയുമുള്ള മാത്തന്റെ വീട്.
സൂസന്നയെ കെട്ടി രണ്ടു മാസം കഴിയുന്നതിനു മുന്നെയാണ് റാണി വീണ്ടും ഞങ്ങളുടെ നാട്ടിലേക്കു തിരിച്ചു വന്നത്. റാണിയുടെ കെട്ടിയവനെ പാമ്പു കടിച്ചു മരിച്ചപ്പോൾ അയാളുടെ അമ്മയുടെയും നാത്തൂന്മാരുടെയും പോരും കുത്തുവാക്കുകളും സഹിക്കാൻ വയ്യാതെയാണ് മൂന്ന് കുട്ടികളുടെ കൈയും പിടിച്ചു റാണി തിരിച്ചെത്തിയത്.
കുറേനാൾ വീടിനകത്തു തന്നെ കഴിഞ്ഞ റാണി, മനോദുഃഖം കുറഞ്ഞപ്പോൾ ഇളയ കൊച്ചിനെയും ഒക്കത്തെടുത്തു രണ്ടാമത്തെ കുർബാന കൂടാൻ പള്ളിയിലേക്ക് വരിക പതിവായി . കുറച്ചു ദിവസം കൂടെ കഴിഞ്ഞപ്പോൾ, ആട്ടിറച്ചി വാങ്ങാൻ മാത്തന്റെ കടയിലേക്കും വന്നു തുടങ്ങി . ആദ്യമാദ്യം അവളുടെ മുഖത്തു നോക്കാതെ പൊതി കൈ മാറിയ മാത്തൻ ,രണ്ടു മാസം കഴിഞ്ഞതോടെ മുകളിലേക്കും താഴേക്കും പൊങ്ങി ഉയരുന്ന മാത്തന്റെ കൈകളിലേക്ക് ആരാധനയോടെ നോക്കി നിന്ന റാണിയെ ഇടം കണ്ണിലൂടെ കാണുകയും ഉടനടി ഇറച്ചി പൊതി കൊടുത്തപ്പോൾ അര കിലോ കൂടുതൽ വെക്കുകയും അതിനടിയിലൂടെ വിരലുകളിൽ തൊടുകയും ചെയ്തു.
ഇരുപതു വര്ഷം മുന്നേയുള്ള നാട് മാറിയ കാര്യമറിയാതെ റാണിയും മാത്തനും പതിനെട്ടുകാരായി മാറിയപ്പോൾ മാത്തന്റെ പ്രണയം നാട്ടിൽ പാട്ടായി . മാത്തന് വെക്കാനും വിളമ്പാനും റാണിയും കൊഞ്ചിക്കാന് അവളുടെ പിള്ളേരും വന്നോട്ടെ എന്ന വിചാരത്തിൽ സൂസന്ന മഠത്തിലേക്ക് തിരിച്ചു പോയി. ഇറച്ചി പൊതിഞ്ഞു കൊടുക്കാനല്ലാതെ റാണിയെ വിളിച്ചിറക്കി കൊണ്ട് വരാൻ മാത്തന് കഴിഞ്ഞില്ല അധികം താമസിയാതെ മഞ്ഞപിത്തം കടുത്തു റാണി മരിച്ചു. അപ്പോൾ മാത്തന് പ്രായം 42 .
ഇടവകയിൽ റാണിയുടെ കല്ലറയിൽ മാത്തൻ മെഴുകുതിരി കത്തിച്ചു കൊണ്ടിരുന്നത് തുടർച്ചയായി ഏഴു വര്ഷം .ആ കുഴിയിൽ നാട്ടിലെ കള്ളുകുടിയൻ ദേവസിയെ വികാരിച്ചൻ അടക്കുന്നത് വരെ. കുറെ നാൾ മാത്തൻ ആ വേദന ടുട്ടുവുമായി പങ്കിടുകയും ചെയ്തു.
" നാട്ടിലെ നല്ല പെണ്ണുങ്ങളുടെ കുഴിയിൽ ആണുങ്ങളെ വെക്കുന്ന ഈ ഇടപാട് നിർത്തണം. അതും കണ്ട അലവലാതികളെ "
റാണിയോടുള്ള മാത്തന്റെ കടുത്ത പ്രണയം അങ്ങിനെ ഞങ്ങളുടെ നാട്ടിൽ കൊച്ചു കുട്ടികൾ പോലും പാടി നടക്കുന്ന സമയത്താണ് മാത്തന്റെ ഹൃദയ ഭിത്തി തുരന്നു ടുട്ടുമോന് പ്രസ്താവിച്ചത്.
" ചില പ്രണയങ്ങൾ ഒരിക്കലും മരിക്കില്ല. അവ മനസ്സിൽ പുകഞ്ഞു കൊണ്ടിരിക്കും "
വാക്ക് ഔട്ട് നടത്തിയ മാത്തൻ തിരിചു വന്ന ദിവസം, കൃത്യമായി പറഞ്ഞാൽ സുബൈറിന്റെ കൈയിൽ നിന്നും ചായ വാങ്ങിയപ്പോൾ, മാത്തന്റെ കൈയിലെ നീല ഞരമ്പുകൾ തെളിഞ്ഞു കണ്ട ദിവസം, വൈകിട്ട് നാലു മണിയോടെ മാത്തൻ ഇറച്ചി കടയുടെ മുൻവശം നീല പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടി. “അപ്സര” ബസിൽ നിന്നും ഇറങ്ങി കാമുകി സെറീനയോടൊപ്പം അടിവെച്ചടിവെച്ചു വീട്ടിലേക്ക് നടക്കുന്ന ടുട്ടുമോന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് നടന്നു -പള്ളിക്കടുത്തുള്ള അനാഥാലയത്തിലേക്ക് . നാട്ടുകാരുടെ ഓര്മ ശരിയാണെങ്കിൽ നീണ്ട മുപ്പതു വർഷത്തിന് ശേഷം.
പിറ്റേന്നും വെളുപ്പിനെ തന്നെ സുബൈറിന്റെ ചായക്കടയിൽ മാത്തനെത്തി. ഗാനമേള തുടങ്ങിയപ്പോൾ “ഹൃദയസരസിലെ പ്രണയ പുഷ്പമേ” എന്ന ഗാനം പാടാൻ ടുട്ടുമോനോട് ആവശ്യപ്പെട്ടു.
മേശയിൽ താളം പിടിച്ചിരുന്ന കൈവിരലുകൾ ഇടക്ക് പാട്ടു നിർത്താൻ ടുട്ടു മോനോട് ആംഗ്യം കാണിച്ചു. കൂടി നിന്നിരുന്നവരെ അതിശയിപ്പിച്ചു കൊണ്ട് ബാക്കി വരികൾ പാടിയത് മാത്തനാണ് .ഇപ്പോൾ ഞങ്ങൾ നാട്ടുകാർ ഏറ്റുപാടുന്നതും മാത്തൻ പാടിയ ആ വരികളാണ് -
“എഴുതാൻ വൈകിയ ചിത്ര കഥയിലെ
ഏഴകുള്ളൊരു നായികാ നീ ...
എന്നനുരാഗ സരോവരസീമയിൽ
ഇന്നലെ വന്നൊരു പ്രണയിനി നീ.. " ***

 സാനി മേരി ജോൺ

ശബരിമലയിൽ തങ്ക നാരി ഉദയം

Image may contain: Shoukath Maitheen, sitting and indoor

===========
''പഴം പൊരിയും വാങ്ങി ,വൈകിട്ട് വീട്ടിൽ വന്നു കയറിയ സുഗുണനോട് ,ഭാര്യ തങ്കമണി പറഞ്ഞു,
''അതെ, ഒരു കാര്യം പറയാനുണ്ട് ,!
'സ്വകാര്യമാണോ, ?
''അല്ല, പക്ഷേ സ്വീകാര്യമാക്കണം,!
''നീ കാര്യം പറയെടീ,!
''ഏഴാം വാർഡിലെ കുടുംമ്പശ്രീയുടേയും, തൊഴിലുറപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ പെണ്ണുങ്ങളെല്ലാം ശബരിമലയക്ക് പോകാൻ തീരുമാനിച്ചു , മല ചവിട്ടാൻ,!
''ദേ, ഒരൊറ്റ ചവിട്ടിന് നിന്റെ മലം പുറത്ത് ചാടിക്കും, പറഞ്ഞേക്കാം,
അയ്യടാ അവൾക്ക് മല ചവിട്ടണമെത്രേ, അതും ശബരി മല,
''കോടതി പറഞ്ഞല്ലോ കേറിക്കോളാൻ പിന്നെന്താ? '
''കോടതി പറയുന്ന എല്ലായിടത്തും നീ കേറുമോ, ? എന്നാ തെങ്ങേ കേറി കൂട്ടാത്തിന് രണ്ട് തേങ്ങായിടെടീ,!
''തെങ്ങേൽ കേറാൻ കോടതിയുടെ ഓഡറില്ല,!!
''അല്ല കോടതി എന്താ ഉദ്ദ്യേശിച്ചത്, ആണിനും പെണ്ണിനും സമത്വം, അങ്ങനെ സമത്വം വേണമെന്ന് ശഠിക്കുന്ന ശവി കളെന്തു കൊണ്ട് തെങ്ങേു കേറ്റം തൊഴിലാക്കുന്നില്ല,
''തെങ്ങൽ
കയറുന്ന പെണ്ണുങ്ങളുമുണ്ട്,!!
''ഉവ്വ്, ഉവ്വ്,
തെങ്ങു വെട്ടി താഴേയിട്ടു കൊടുത്താൽ കേറും,!!
''എടീ, ആണുങ്ങൾക്ക് കേറാൻ പറ്റാത്ത സ്ഥലങ്ങളുണ്ട്, അത് നീ ഓർക്കണം,!
''അതേതു സ്ഥലം,?
''പ്രസവ വാർഡ്, ബസ്സ്റ്റാൻഡിലെ ഫീമെയിൽ മൂത്രപ്പുര, ഇവിടെയെല്ലാം കേറാൻ ഞങ്ങൾ വാശിപ്പിടിക്കുന്നില്ലല്ലോ, പിന്നെന്താ,
''അല്ല, ഒന്നാലോചിച്ചാൽ നീ മലയ്ക്ക് പോകണം,! പുണ്യം എനിക്കു കിട്ടും,!
''അതെങ്ങനെ ?!
''നിന്നെ കാണൂമ്പോൾ അയ്യപ്പൻ ഓർക്കും, ഇവളെ സഹിക്കുന്ന ആ മനുഷ്യനാണ് യഥാർത്ഥ ഭക്തനെന്ന്,!!
ഹഹഹ , സുഗുണൻ ചിരിച്ചു കൊണ്ട് ടെലിവിഷൻ ഓൺ ചെയ്തു,!
നമസ്ക്കാരം ,
ശബരിമലയിൽ ഇന്ന്,
,
തവളക്കുഴിയിൽ നിന്നുളള കുടുംമ്പ ശ്രീ യൂണീറ്റിന്റെ നേതൃത്വത്തിൽ ഒരു സംഘം സ്ത്രീകൾ , ദർശനത്തിന്റെ ഭാഗമായി പമ്പയിലെത്തി, ! പമ്പയിൽ നിന്ന് മധു ചേരുന്നു,
മധു ,പമ്പയിൽ നിന്നുളള വിശേഷങ്ങൾ പറയൂ,
'' മിനി, പമ്പയിലിപ്പോൾ സ്ത്രി ഭക്തകളുടെ വമ്പിച്ച തിരക്കാണ് കാണാൻ സാധിക്കുന്നത്,
പമ്പയിൽ കുളിക്കാനിറങ്ങിയ സരളയുടെ ''പിയേഴ്സിന്റെ സോപ്പ് ''
തമിഴ്നാട് സ്വദേശിയായ
ലതിക അടിച്ചുമാറ്റിയെന്ന് ആരോപിച്ച് ഇരു വിഭാഗങ്ങളിലെ സ്ത്രീകൾ തമ്മിൽ നദിക്കരയിൽ വച്ച് ഉന്തും തളളും നടന്നു,
പിടിച്ചു മാറ്റാൻ ചെന്ന സാബു എന്ന അയ്യപ്പനേ ലതിക തൊഴിച്ച് വെളളത്തിലിട്ടു,
വെളളത്തിൽ വീണ സാബുവിനൊപ്പം സരളയും ചാടി, നീന്തലറിയാത്ത സരളയെ സാബു സ്വാമി നീന്തൽ പഠിപ്പിച്ചു വെന്നും, പമ്പാ നദിയിൽ നീന്തൽ പഠിക്കാൻ സാധിച്ചത് വലിയ പുണ്യമാണെന്നും സരള മാധ്യമങ്ങളോട് പിന്നീട് പറയുകയുണ്ടായി, !!
എന്നാൽ മല ചവിട്ടാതെ
എരുമേലിയിൽ കറങ്ങി നടന്ന സാബുവിനെ പോലീസ് കസ്റ്റെഡിയിലെടുത്തു, കൂടാതെ ഒരു ഡസൻ പിയേഴ്സിന്റെ സോപ്പ് കണ്ടെത്തുകയും ചെയ്തു, !
''ഹലോ, മധു,
സത്യത്തിൽ ഈ സാബു ആരാണ്, ? അവരുടെ ലക്ഷ്യം എന്താണ്, ?
''സാബു ഒരു തീവ്രവാദിയാണെന്ന് പോലീസിന്റെ സംശയം, സോപ്പിൽ ഒളികാമറയുണ്ടോ എന്നറിയാൻ സോപ്പ് പരിശോധനക്കായി കൈമാറുമെന്ന് പോലീസ് അറിയിച്ചു
ഒന്നാം പടിയിൽ നിന്ന് സന്നിധാനത്തേക്ക് ലിഫ്റ്റ് സംവിധാനം വേണമെന്നാവശ്യപ്പെട്ട്
''കാൽമുട്ട് വേദന''യുളള ചില സ്ത്രീകൾ റോഡ് ഉപരോധം നടത്തി,
മെഡിക്കൽ കോളേജ് ഓർത്തോ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റു കൊണ്ടാണ് അവർ ഉപരോധം നടത്തിയത്,
അരവണയിൽ മധുരം കൂടിയതിനെ ചൊല്ലി ഷുഗർ രോഗികളായ സ്ത്രീ ഭക്തർ പ്രതിഷേധം രേഖപ്പെടുത്തി,
പതിനെട്ടാം പടിയിലേക്ക് സ്ത്രീകൾക്ക് പ്രത്യേക ക്യൂ വേണമെന്നും ചില മഹിള സംഘടനകൾ ആവശ്യപ്പെട്ടു,
ആന്ത്രയിൽ നിന്നുളള ഒരു കൗമാര ഭക്ത ,തമിഴ് നാട്ടിൽ നിന്നു വന്ന സ്വാമി സുഹ്യത്തിനൊപ്പം ഒളിച്ചോടി, ഇവർ ഫെയ്സ് ബുക്ക് സുഹ്യത്തുക്കളായിരുന്നു എന്ന് പോലീസ് പറയുന്നു, !!
പമ്പയിൽ കുളിച്ചു കൊണ്ടിരുന്ന ഭക്തയോടൊപ്പം സെൽഫി എടുത്ത പോലിസുകാരനെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി ജീ പി അറിയിച്ചു,
എന്നാൽ, ആ ഭക്ത തന്റെ ഭാര്യ ആയിരുന്നു എന്ന് പോലിസുകാരൻ മാധ്യമങ്ങളോട് പറഞ്ഞു, !!
ഇത്രയുമാണ് മിനി ശബരിമലയിൽ ഇന്നത്തെ വിശേഷം,
ഓകെ മധു, !
===
വാതിലിൽ തുടരെ തുടരെയുളള മുട്ട് കേട്ട് ,സുഗുണൻ വാതിൽ തുറന്നു,
അയൽക്കാരി സുഗന്ധി,!!
''എന്താ സുഗന്ധി,? രമണൻ ചോദിച്ചു,!
''തങ്കമണി യെ വിളിക്കാൻ വന്നതാ,!
''എവിടേക്ക്,?
''റിഹേഴ്സലിന് പോകാൻ, !!
''അതെവിടെയാ ആ സ്ഥലം, ?
''അയ്യോ സുഗുണേട്ടാ , റിഹേഴ്സലെന്നു പറഞ്ഞത് സ്ഥലമല്ല, എരുമേലിയിൽ പേട്ടതുളളാൻ ,സിനിമാറ്റിക്ക് ഡാൻസിന്റെ റിഹേഴ്സലുണ്ട് വനിത മെംമ്പറിന്റെ വീട്ടിൽ , ഞങ്ങൾ ഏഴാം വാർഡിലെ പെണ്ണുങ്ങളാ പേട്ട തുളളുന്നത്, !!
''എന്റെ അയ്യപ്പ സ്വാമീ,, ''സുഗുണൻ തലയിൽ കൈവച്ചു,
''ചേട്ടാ, തങ്കമണി വിളിച്ചു,
എനിക്ക് രണ്ട് ജോഡി ലെഗ്ഗിൻസ് വേണം പേട്ടതുളളുമ്പോൾ യൂസ് ചെയ്യാനാ, ! ജിമിക്കി കമ്മലിന്റെ താളത്തിലാണ് പേട്ടതുളളൽ, ഞങ്ങൾ അടിച്ചു പൊളിക്കും ശബരിമലയിൽ !!
''എന്റെ വാവരു സ്വാമീ,!!
തലയിൽ കൈ വച്ചു കൊണ്ട് സുഗുണൻ പാടി,
''വളളി' കെട്ട് ശബരിമലയ്ക്ക്,
ആണും പെണ്ണും പമ്പയ്ക്കു മീതെ,
സ്വാമിയെ അയ്യപ്പോ,
അയ്യപ്പോ സ്വാമിയേ,
==
ആചാരങ്ങളും അനുഷ്ടാനങ്ങളും പഴയതാകുന്നില്ല,, അവയിൽ പുതിയത് കൂട്ടിച്ചേർത്ത് പഴമയുടെ വിശുദ്ധി കളങ്കമാക്കാതിരിക്കുക,!!
=======
''ചെറ്യേ സ്പാനർ, !!''
ഷൗക്കത്ത് മൈതീൻ ,

മസിലിനെ സ്നേഹിച്ച പെൺകുട്ടി !!!!

Image may contain: 1 person, eyeglasses, beard, selfie and closeup
ഗ്രൂപ്പിലെ ഗുരുക്കന്മാരുടെ ആശിർവാദത്തോടെ ഒരു ശ്രമം പോസ്റ്റ് ചെയുന്നു..കോമഡി ആണ് കവി ഉദേശിച്ചത്, എത്രമാത്രം നന്നായിയിട്ടുണ്ട് എന്നറിയില്ല, തെറ്റുകുറ്റങ്ങൾ പറഞ്ഞു തന്നു പ്രോത്സാഹിപ്പിക്കുമെന്നു കരുതുന്നു...
#മസിലിനെ സ്നേഹിച്ച പെൺകുട്ടി !!!!
"ഇവിടേം നിങ്ങൾക്ക് ഈ കോപ്പും കുത്തിക്കോണ്ടിരിപ്പാണോ മനുഷ്യാ പണി"
ഉറക്കത്തിൽ പോലും ഞെട്ടി ഉണരുന്ന ആ മധുരസ്വരം കേട്ടാണ് ഫോണിൽ നിന്ന് തലയുർത്തിയത് ... ദാ നിൽക്കുന്നു സ്വന്തം ആഭ്യന്തരമന്ത്രി ...
ഇവിടേം മനസമാധാനം തരില്ലേയെന്നാണ് മനസ്സിൽ വന്ന ചോദ്യമെങ്കിലും ഭയഭക്തി ബഹുമാനം കൊണ്ട് പുറത്തയ്ക്ക് വന്നത് -" നീയെന്താ കൊച്ചേ ഹോസ്പിറ്റലിൽ ഈ സമയത്ത് ?"
കൊച്ചേന്നുള്ള വിളിയിൽ അത്യാവശ്യം ഉടക്കൊക്കെ അലിഞ്ഞില്ലാണ്ടാവാറുണ്ട് ,കീഴടങ്ങൽ ആണ് എപ്പോഴും നമ്മുടെ ആരോഗ്യത്തിന് നല്ലതെന്നു കഴിഞ്ഞ ആറ്‌ വർഷത്തെ ദാമ്പത്യ ജീവിതം എന്നെ പഠിപ്പിച്ചിരുന്നു ...
"ഓ ഞാൻ പറഞ്ഞില്ലാരുന്നോ ടൗണിൽ വരുന്ന കാര്യം,ആ കൂടെ ഇവിടെ കേറി നിങ്ങളെ ഒന്ന് ചെക്ക് ചെയ്തിട്ട് കൂടെ പോകാന്നു കരുതി "
" വളരെ നല്ല കാര്യം നിന്റെ ചെക്കിങ്ങിന്റെ കുറവ് കൊണ്ട് ഞാൻ വല്ലാതെ പിഴച്ചുപോയോന്നൊരു സംശയം എനിക്കില്ലാണ്ടില്ല"
"ആ കാര്യത്തിൽ എനിക്ക് പണ്ടേ സംശയം ഇല്ല ഡോക്ടറെ ... നിന്ന് കൊഞ്ചാതെ ആ ക്രെഡിറ്റ് കാർഡ് ഇങ്ങു താ .. രാവിലെ ഒതുക്കത്തിൽ തരാതെ മുങ്ങിയതല്ലേ "
"ഓ അപ്പൊ അതാണല്ലേ സന്ദർശനോദ്ദേശം "
ഞാൻ അറക്കാൻ കൊടുക്കുന്ന ആടിനെ കൈമാറുന്നത് പോലെ കാർഡ് കൊടുത്തു .. അവസാനം ആയി അതിനെ ദയനീയം ആയി ഒന്ന് നോക്കി ...
"എന്നാ ഞാൻ പോകുവാ ഇയാളുടെ ചാറ്റിംഗ് നടക്കട്ടെ "
"നിക്കെടീ ഞാനിവിടെ ചുമ്മാ ഇരിക്കുവാ കുറച്ചു കഴിഞ്ഞു പോകാം "
കർത്താവേ ഇരുന്നേക്കല്ലേ എന്ന് മനസിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
"ആ നിങ്ങൾക്ക് പണിയില്ലെന്നു എനിക്കറിയാം .. പക്ഷെ ഞാൻ പോകുവാ "
ഹോ നാരോ എസ്‌കേപ്പ്!!!
"വൈകിട്ട് വീട്ടിലോട്ടു വാ കേട്ടോ ചാറ്റിംഗ് ഞാൻ തീർത്ത് തരാം "
ഭീഷിണിപ്പെടുത്തിയിട്ട് അവളിറങ്ങി ..
ഡോർ തുറന്നപ്പോൾ ഫാമിലി കൗൺസിലർ എന്ന നെയിം ബോർഡ് എന്നെ കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി .
ഞാനൊരു ദീർഘ നിശ്വാസത്തോടെ വീണ്ടും ഫോണിലേക്ക് നോക്കാൻ തുടങ്ങുമ്പോൾ ആണ് ഒരു കിളി ശബ്ദം കേട്ടത് !!
"മേ ഐ കം ഇൻ സർ "
എന്നിലെ സൗന്ദര്യാരാധകനിൽ നിന്നും ഒരു കിളി ഉയർന്ന് ,എന്റെ തലക്ക് ചുറ്റുംവട്ടമിട്ടു പറക്കാൻ തുടങ്ങി ..
"വരൂ ഇരിക്കൂ"
"അല്ല ഡോക്ടർ ലിജി ?"
"അതെ ഞാൻ തന്നെ "
"അയ്യോ ലേഡി ഡോക്ടർ ആണെന്നോർത്താ ഞാൻ വന്നത് "
വട്ടം കറങ്ങിക്കൊണ്ടിരുന്ന കിളി എന്റെ തോളിൽ ഇരുന്നു ഇളിക്കാൻ തുടങ്ങി ..
ഞാനെന്റെ അപ്പനേം അമ്മേം സ്നേഹത്തോടെ സ്മരിച്ചു .
" എന്തായാലും താങ്കൾ ഇരിക്കൂ "
"അല്ല ഡോക്ടർ കുറച്ചു പേർസണൽ കാര്യങ്ങൾ സംസാരിക്കാൻ ആയിരുന്നു "
മടിയോടെ ഇരുന്നുകൊണ്ട് അവർ ഇരുന്നു
" അതിനെന്താ ഞാൻ ഒരു പുരുഷൻ ആണെന്ന് താങ്കൾ കരുതണ്ട ഡോക്ടർ ആയിക്കണ്ടാൽ മതി , അല്ലെങ്കിലും കൂടുതലും സ്ത്രീകൾ ആണ് എന്റടുത്തു വരാറുള്ളത് , താങ്കൾ വരുന്നതിനു മുൻപ് ഒരു സ്ത്രീ ഇറങ്ങിപോകുന്നത് കണ്ടില്ലേ അതും എന്റെ ഒരു പേഷ്യന്റ് ആണ് , ഒരു സംശയരോഗി "
ഞാൻ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പറഞ്ഞു.
" എനിക്ക് തോന്നി ഡോക്ടർ, ആ സ്ത്രീയെ കണ്ടാലേ അറിയാം ആള് ശരിയില്ലെന്ന് "
കിളി ചിരിച്ചു ചിരിച്ച് വിക്കിയിട്ട് വെള്ളം കുടിക്കാൻ ആണെന്ന് തോന്നുന്നു പുറത്തേയ്ക്ക് പറന്നുപോയി...
"ശരി വിഷയത്തിലേക്ക് വരൂ "
സ്വന്തം കുടുംബപ്രശ്ങ്ങൾ തീർക്കാൻ നോക്കിയിട്ട് പറ്റാത്ത ഞാൻ കർത്യവ്യനിരതൻ ആയി.
"ഡോക്ടർ എന്റെ പേര് ദിയ, എങ്ങനെ പറയണം എന്നറിയില്ല കാര്യങ്ങൾ , ഞാൻ വല്ലാത്തൊരു പ്രശ്നത്തിൽ ആണ്‌ "
ഉം പറയൂ ഇപ്പ ശെരിയാക്കിത്തരാം എന്നുള്ള ഭാവംമുഖത്തുണ്ടെന്ന് ഞാൻ ഉറപ്പ് വരുത്തി..
"എന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ നാല് മാസം ആയി "
അതുകേട്ടപ്പോൾ, ദിയയുടെ നുണക്കുഴിയിൽ നോക്കിയിരുന്ന എന്നിൽ നിന്ന് സാമാന്യം മോശമല്ലാത്ത ഒരു ദീർഘനിശ്വാസം പുറപ്പെട്ട് അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു...
"ചെറുപ്പം മുതൽ എനിക്കയ്ക്ക് മസിലുകൾ ഒക്കെയുള്ള പുരുഷന്മാരോട് വല്ലാത്ത ഒരു ആരാധന ആയിരുന്നു ... "
ശ്ശേ ഫുൾ സ്ലീവ് ഷർട്ട് ഇട്ടാൽ മതിയായിരുന്നു..
" പ്രണയിക്കാൻ തോന്നിയ കാലത്തും ഞാൻ ആഗ്രഹിച്ച പോലെ ആരെയും കണ്ടില്ല , ജിമ്മൻമാർ ഒക്കെ ഇഷ്ടം പോലെ പുറകെ നടന്നിട്ടുണ്ടെങ്കിലും ഊതി വീർപ്പിച്ച മസിലുകൾ എന്നെ ആകർഷിച്ചില്ല .. അല്ലേലും ഈ ജിമ്മൻമാർക്കൊക്കെ കുറെ മസിൽ ഉണ്ടന്നേയുള്ളു ഒന്ന് തള്ളിയാൽ വീഴും .. എന്റെ മനസിൽ മൊത്തം നല്ല ഒരു കായികതാരത്തെ വിവാഹം കഴിക്കണം എന്നായിരുന്നു "
അമ്പടി കൊച്ചു ഗള്ളി എന്ന് ഞാൻ മനസിൽ പറഞ്ഞു .
" അങ്ങനിരിക്കുമ്പോൾ ആണ് ഞാൻ ആദ്യമായി ഐ എസ്‌ എൽ കളി കാണാൻ പോകുന്നതും , ആ കളിയിൽ ധീരജ് കേരളത്തിന് വേണ്ടി രണ്ടു ഗോൾ അടിച്ചതും ".
" ഉള്ളത് പറയാല്ലോ ഡോക്ടർ ധീരജ് ഗോൾ അടിക്കാൻ പായുമ്പോൾ തുള്ളി കളിക്കുന്ന മസിലുകൾ എന്റെ ഉറക്കം കെടുത്തി "
കർത്താവേ ചെന്തൊണ്ടിപ്പഴം പോലുള്ള ഈ കൊച്ചിന് ലെവനോ ... എന്നിലെ സൗന്ദര്യ ആരാധകന്റെ മനസ് വല്ലാതെ നൊന്തു ..സത്യം !!
" എന്തിനധികം പറയുന്നു ഡോക്ടറെ ഞാൻ ധീരജിനെ ഫേസ്ബുക് വഴി പരിചയപെട്ടു , ഇഷ്ടം ഞാൻ തന്നെ പറഞ്ഞു .. നാല് മാസം മുൻപ് കല്യാണവും നടന്നു "
"ഇനിയുള്ളത് എങ്ങനെ പറയണം എന്നറിയില്ല ,ഡോക്ടർ "
"പറയൂ .. മടിക്കേണ്ട കാര്യമില്ല .."
" അതല്ല ഡോക്ടർ ഒത്തിരി പ്രതീക്ഷയോടെ ആണ് ഞാൻ വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത് ... ഒന്നും തോന്നല്ല് ഉള്ളത് പറയാല്ലോ ആദ്യരാത്രിയിലേയ്ക്കോക്കെ കടക്കുമ്പോൾ ആ മസിലുകൾ മാത്രം ആയിരുന്നു എന്റെ മനസിൽ " പക്ഷെ ...."
ഞാൻ ജാഗരൂഗൻ ആയി .. ഏന്തോ വലുത് നടക്കാൻ പോകുന്നു .. എന്തും താങ്ങാൻ എന്റെ പിഞ്ച് മനസിനെ ഞാൻ സജ്ജം ആക്കി .
"... പക്ഷെ കുറച്ചു സംസാരവും ഫുട്ബോൾ വിശേഷം പറച്ചിലും ഒക്കെ ആയി ആ രാത്രി കടന്നു പോയി .. പിന്നെയുള്ള രാത്രികളിലും വ്യത്യസ്തം ആയിരുന്നുന്നില്ല കാര്യങ്ങൾ "
ഡോക്ടർക്ക് ഞാൻ പറയുന്നത് മനസിലാകുന്നുണ്ടെന്നു കരുതുന്നു "
"ഉവ്വ് പറയൂ "
ധീരജ് ഫോം ഔട്ട് ആയിരുന്നിരിക്കും , ...കം ഓൺ ധീരജ് .. ധീരേ ധീരേ ആവോ ...
" ആദ്യമൊന്നും എനിക്ക് അസ്വാഭാവികം അയൊന്നും തോന്നിയില്ല എല്ലാം ശരിയാകും എന്ന് കരുതി .. പക്ഷെ കഴിഞ്ഞ നാല് മാസവും ഇത് തന്നെ ആവർത്തിച്ചു .."
ധീരജിന്റെ മസിലിനെ പറ്റിയോർത്തപ്പോൾ പാത്തുമ്മയുടെ ആടിലെ "ന്റുപ്പാപ്പാന്റെ ആന കുയ്യാനേർന്നു കുയ്യാന" എന്ന ഡയലോഗ് മനസ്സിലോടിയെത്തി ..
" പക്ഷെ കഴിഞ്ഞ ദിവസം ഒരു അപ്രതീക്ഷിത സംഭവം ഉണ്ടായി "
ഞാൻ പിന്നേം അറ്റൻഷൻ ആയി ..
" രാത്രി ഞാൻ ഉറക്കം ഇല്ലാതെ കിടക്കുകയായിരുന്നു ,പെട്ടെന്ന് ജനലരികിൽ കാൽപ്പെരുമാറ്റം പോലെ തോന്നി .. ഞാൻ നോക്കുമ്പോൾ ഒന്നോ രണ്ടോ പേർ ഞങ്ങളുടെ ബെഡ്റൂമിലേക്ക് ഒളിഞ്ഞു നോക്കുന്നു "
"ഗാലറിയിൽ ഇരിക്കുന്നത് പോലെ അവരവിടെ അകത്തേയ്ക്ക് എത്തിനോക്കികൊണ്ടിരുന്നു..
"ഞാൻ വേഗം ഉറങ്ങിക്കിടന്ന ധീരജിനെ വിളിച്ചു , അങ്ങേരു ചാടി എണീക്കുമെന്നും അവരെ ഓടിച്ചിട്ട് ഇടിക്കുമെന്നും ഞാൻ കരുതി .. ആ മസിലുകൾ കൊണ്ട് അങ്ങനേലും ഒരുപകാരം ഉണ്ടാകട്ടെ എന്ന് ഞാൻ ഓർത്തു "
"ഉറക്കത്തിൽ നിന്നെണീറ്റ അദ്ദേഹം ജനലരികിൽ കാണികളെ കണ്ടതും .... "
ദിയ പാതിയിൽ നിർത്തി ...
" ഉം പറയൂ "
മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ കൊച്ചേ
"... അപ്പൊ ധീരജ് പെട്ടെന്ന് എന്നെ കടന്നു പിടിച്ചു , ചുംബിച്ചു .. കുറെ നേരത്തേയ്ക്ക് പിന്നൊന്നും എനിക്കോർമ്മ ഇല്ല "...വല്ലാത്ത ഒരക്രമം ആയിരുന്നു അത്!!! "
ദിയ തലകുനിച്ചിരുന്നു പറഞ്ഞു.
''ഓഫ് സൈഡായോ?''
''ഏയ്!ഇല്ല"
'"ഗോൾൾ ൾ .......ൾ " !!!!!!!!
ഞാൻ അറിയാതെ പറഞ്ഞു പോയി
"... പിന്നീട് ചോദിച്ചപ്പോൾ അങ്ങേരു പറയുവാ കാഴ്ച്ചക്കാർ ഉണ്ടെങ്കിലേ എനിക്ക് ആവേശം വരുള്ളൂത്രെ .. ശീലിച്ചു പോയെന്നു ... ഞാൻ എന്താ ഡോക്ടർ ചെയ്യേണ്ടത് " ഇപ്പോളെന്റെ സംശയം ആ ഒളിഞ്ഞുനോട്ടക്കാരെ അങ്ങേരു തന്നെ കൊണ്ട് വരുന്നതാണോ എന്നാണ് !!!!"
"നിങ്ങളുടെ വീടെവിടാ"
*******
ദിയ ഇപ്പൊ മിക്കപ്പോഴും എന്റടുത്ത് കൗൺസിലിങ്ങിന് വരും
കാര്യം ഇവിടെ കോംപ്ലിമെന്ററി പാസ് കൊടുക്കാറേയില്ല!!!

By Joby George Mukkadan

ദൈവത്താളുകള്‍..

Image may contain: 1 person, tree, outdoor and nature

(കഥ)
ഞാനാരാണെന്നൊള്ളത് നിങ്ങക്ക് -എനിക്കും-വഴിയേ മനസ്സിലാകും ആ വഴീടറ്റത്തൊരു ലോറിയിടിയൊണ്ട്-ഞാനാരാണെന്നൊള്ളതല്ല കാര്യം, ഞാന്‍ പറയാമ്പോകുന്നതാ, ശ്രദ്ധിച്ചിരുന്നോണം പിന്നെ മനസ്സിലായില്ലാ മണാ കുണാന്ന് പറഞ്ഞേക്കല്ല്. അല്ലേലും ഞാനൊണ്ടാക്കി വിടുന്നേനെല്ലാം അങ്ങനൊരു പരാതിയൊണ്ട്.
എന്നാ പിന്നെ കേട്ടോ..
റോഡ്പണിക്കായിട്ട് അണക്കരവഴിക്കൊള്ള അത്തിമരം വെട്ടുമ്പഴാരുന്നത് പതിവ് പോലെ മാര്‍ച്ചിലെ വെയിലെത്തിനോക്കുന്ന ഒരെട്ട് മണി, റോഡിലെങ്ങും ആരുമില്ല, കാറും ബൈക്കുമില്ല. പറഞ്ഞ് പണിയിച്ച പോലൊരനക്കമില്ലായ്മ.
കളരിക്കന്‍ ആന്‍റണി തലേലെ തോര്‍ത്തൊന്ന് മുറുക്കീട്ട് മിഷ്യന്‍ വാളൊന്ന് ഓടിച്ച് നോക്കി. ചുമ്മാ ഒരുടെസ്റ്റിന്, എന്നാണ്ടൊരു കാറിച്ച കേട്ടപോലാന്‍റണി വാളോഫാക്കി ' കൂട്ടത്തിലൊള്ള സാബൂനേം മുരുകനേം തിരിഞ്ഞ് നോക്കി-അവമ്മാരയാടെ കാലേലോ കയ്യേലോ ചോരപ്പാട് തെരയുവാരുന്നു
ഇല്ല.
പിന്നാരാ കാറിയേ..?
"ഏത് പൂ... മോനേലുവാട്ട്. "
ആന്‍റണി വാള് കറക്കി അത്തിമരത്തിന്‍റെ കാലിനെടേലോട്ട് വെച്ചു. പെട്ടന്നൊരു കൂട്ടക്കരച്ചിലങ്ങ് പൊട്ടിവീണു. പക്കിയേം പറവേം പരുന്തിനേം കരയിക്കാന്‍ കവികളാരുമില്ലാരുന്നു, ബുജ്ജികളുമില്ല പട്ടാപ്പകല് ,പെരുവഴി, പ്രേതങ്ങളുമല്ല.
ആന്‍റണി നോക്കുമ്പഴാണ്ട് ചൗണ്ട തുണിക്കെട്ട് പോലെ മൂന്നെണ്ണം നെഞ്ചത്തടിച്ച് കാറുന്നു. ചെറിയാച്ചന്‍റവടെ ചിരിച്ചോമ്മാര്‍ - പല്ലതേരില്ല. കുളിക്കത്തില്ല, ചെളീം, ചെടേം പിടിച്ച താടീം മുടീം.
ഒന്നിനെ കണ്ടാ രണ്ടുമല്ലാത്ത മോഴ. ഒരുത്തനാന്നോ ഒരുത്തിയാണോന്ന്, വാ ആര്‍ക്കറിയാം.
ഒന്നിന്‍റെ മൊഖത്ത് ചരല് വാരിയെറിഞ്ഞ പോലെ വസൂരിക്കല - ഇവമ്മാരിങ്ങനെ പതുക്കെ വന്ന് നടുവളച്ച് കുത്തിയിരിക്കുവാരുന്നില്ല. മിന്നായം പോലാരുന്നു, തല്ലിയലയാണ് കണ്ടത്.
"എന്നാടാ ആരേലും ചത്തോ"?
കേട്ട ഭാവമില്ല ങേഹെ... നെഞ്ചത്ത് നോകാതിടിച്ച് കണ്ണുനീര് വരാതൊള്ള കള്ളകാറിച്ച .
ആന്‍റണി പിന്നേം വാള് കറക്കി, മരത്തിന്‍റെ കാല് മുറിഞ്ഞു. തലപ്പിരുണ്ടു. ചെറകടീം ചെലപ്പും പൊങ്ങി. സാബൂന്‍റേം മുരുകന്‍റേം മുഖത്തും മുടീലും തുള്ളി. വീണു, ആണുംപെണ്ണുമല്ലാത്തോന്‍ മരത്തടീല്‍ തലതല്ലിക്കരഞ്ഞു. അവന്‍ കുത്തിയിരുപ്പീന്ന് എണീറ്റ് നിന്നത് ആന്‍റണി കണ്ടിട്ടില്ല. കൂടെയൊള്ളോര് കണ്ടില്ല. കുത്തിയിരിക്കുന്നോര് പെരുമ്പറപോലെ നെഞ്ച് തല്ലിക്കരയുവാണിപ്പോ കണ്ണീന്ന് ചോരവരും. മുമ്പാകമെല്ലാം നനഞ്ഞു കുതുന്നു. ആന്‍റണി അതീന്ന് കണ്ണടച്ചു. പിന്നെ കാതുമടച്ചു അവന്‍റെ തലക്കാത്ത് വാളിന്‍റെ മൂളക്കം മാത്രം, ഉച്ചകൊണ്ടാ മരത്തിന്‍റെ ആകാശം ചെരിഞ്ഞു.
***
കേഴയോ മ്ലാവോ ആണെന്നാ ബെന്നിച്ചന്‍ കരുതീത് - മേരിമാതാ എര്‍ത്ത് മൂവേഴ്സിന്‍റെ ബോര്‍വെല്‍ മെഷീന്‍ കാലത്ത് ആറ് മണിക്ക് വീടിന്‍റെ മുറ്റത്ത് വന്ന് നിന്നു. ബംഗാളികളൊരു പതിനഞ്ച് മിനിറ്റ്കൊണ്ട് കുഴല്‍ കെണറ് കുത്താനൊള്ള കോല് - മൂരീടെപോലെ മണ്ണി മുട്ടിച്ച് നിര്‍ത്തി. അന്നേരവാരുന്നത്, ഏലത്തി, മ്ലാവോ കേഴയോ പോലാ കാറിച്ച കേട്ടത്.
ബെന്നീം ബംഗാളികളും ചുറ്റും നോക്കി. ഒന്നും കണ്ടില്ല, ഒന്നും മിണ്ടീമില്ല ബെന്നിക്ക് ഹിന്ദി അറിയാമ്മേല.
മുറ്റത്തെ കെണറ് പറ്റി താഴത്തെ തോടും കൊളോം പറ്റി, മഴ പറ്റി .ഒടുക്കത്തെ മാര്‍ഗ്ഗമാണിത് മൂന്നേക്കറേലോം ഒരു ഭാര്യേം രണ്ട് പിള്ളേരും രണ്ട് കറവ പശും ഞാനും ജീവിച്ച് പോകാനൊള്ളതാ കര്‍ത്താവേ...
ബെന്നി ഉള്ളുരുകി ഒരു കുരിശു വരച്ചു, കണ്ണ് തൊറന്നപ്പം യന്ത്രക്കോല് മണ്ണ് തൊളച്ചു താന്നു. പെട്ടന്ന് ബംഗാളി ഭായ് മെഷിന്‍റെ എഞ്ചിനോഫാക്കി.
പാണ്ടക്കെട്ട് പോലെ മൂന്നെണ്ണം ഡ്രില്ലിങ് ലൈന് താഴെ തല്ലി അലച്ച് കരയുന്നു. അപ്പനേം അമ്മേം കണ്‍മുന്നിലിട്ട് വെട്ടിക്കൊല്ലുന്ന കണ്ട പിള്ളാരടെ പോലൊള്ള കരച്ചിലാണ്.
ബെന്നിക്കങ്ങ് പാവം തോന്നി, തൊണ്ട പൊട്ട്ന്നപോലൊള്ള അലറിക്കരച്ചില്‍ - ബെന്നി ഓടിച്ചെന്ന് മൊഖത്തോട്ട് കുനിയുമ്പഴാണ് പിടികിട്ടിയത്
"ങാഹ ഇവമ്മാരാരുന്നോ.. "
ചെറിയാച്ചന്‍റവടെ ചിരിച്ചോമ്മാരാണ്. ബെന്നി ഒരേലത്തട്ടയിങ്ങോട്ടൊടിച്ചു, മൂന്നെണ്ണത്തിന്‍റേം പൊറം പൊള്ള്ന്ന പോലെ വെച്ച് വീക്കി - ബംഗാളിയോട് എഞ്ചിനോണാക്കാന്‍ വിളിച്ച് പറഞ്ഞു.
അവരനങ്ങിയില്ല മൂന്ന് പേരും. അവര് കരഞ്ഞത് അടികൊണ്ടാരുന്നില്ല. ഉച്ചയാകാറായപ്പഴേക്കും ഏലത്തേലെല്ലാം അരിപ്പത്തട്ടിലരിപ്പൊടി വെറക്കുന്നപോലെ കല്ല് പൊടി വെറച്ചൂര്‍ന്നു ഭൂമീടെ നെഞ്ചില്‍ കുട്ടീന്ന് .
ഡ്രില്ലിങ് ലൈനിന്‍റെ ചോട്ടിലെ മൂന്ന് പേരും പൊടി മൂടി, കണ്ണും മൂക്കുമില്ല, കരയുകേം ചൊമക്കുകേം ചെയ്യുന്ന വാ മാത്രം. എടക്ക് മൂക്കൊന്ന് തുമ്മി തൊറക്കും. നാല് മണി ആയപ്പഴേക്കും ഭൂമിക്കടീന്ന് വെള്ളം പൊട്ടിയൊഴുകി ഹൃദയരക്തം പോലെ ബെന്നീടെ കെട്ട്യോള് റാണി പായസം വെക്കാനോടി.
******
വഴിതെറ്റിച്ചെന്നപോലാരുന്നു, അതുമൊരാറ് മണിക്ക് .പുല്ല് മേഞ്ഞൊരൊറ്റ ഷെഡേയൊള്ളവിടെ - വറീതിന്‍റെറച്ചിക്കട - വറീത് മാടിനെ അഴിച്ചോണ്ടെ പൊറകി ക്കെട്ടി. ഇരുട്ട് പോലൊരു പോത്ത്. തിരിച്ച് ഷെഡി വന്ന് ഒരു തിറുതീമില്ലാതെ പയ്യൊരു ബീഡിയെടുത്ത് കത്തിച്ചു. ചുമ്മാ ഫോണെടുത്തൊന്ന് നേരം നോക്കി. പൊറകോട്ട് തിരിഞ്ഞപ്പഴാണത് കേട്ടത്, മാടിനെ കൂച്ചിക്കെട്ടിയില്ല, കൂടമെടുത്തില്ല, അതിന്‍റെ നെറുകംതലയൊടച്ചില്ല അതിന്ന് മുന്നേ.
രാത്രിയാണോ കാറിയേന്ന് വറീതൊന്നെത്തിനോക്കി. പകലാണോ...?
പിന്നവര് പാത്തിരുന്നു. മാട്പെടച്ചപ്പഴും മിണ്ടിയില്ല. അവരത് കാണുന്നൊണ്ടാരുന്നു. പകലും രാത്രിയും കരിനീലചേര്‍ന്ന അതിന്‍റെ കണ്ണ് വേദനയില്ലാതത് ചിമ്മുന്നു. കരച്ചിലില്ല, കൈ കാലിട്ടടി, ചാണകക്കുഴീലോട്ടൊഴുകുന്ന ചോരച്ചാല്. അതിന്‍റെ കൈക്കൂടിനെടേലെ തോലീന് വറീത് വരയിട്ടപ്പം മാത്രം അവര് മൂന്ന് പാടും ചെതറി വീണു.
ചെറിയൊന്‍റവടെ ചിരിച്ചോമ്മാര് .
വറീത് കത്തി വായിട്ട് ഞെട്ടിയെഴുന്നേറ്റ് നിന്ന് തെറിവിളിച്ചു, ചെറിയാന്‍റവടെ ചിരിച്ചോമ്മാര്
ചെറിയാന് രണ്ടാമ്പിള്ളാരാരുന്നു ജോമിത്തും, ജെസ്ബിനും. പതിനേഴും പത്തൊമ്പതും വയസാരുന്നു. ഒരുവെളുപ്പാങ്കാലത്ത് ബുള്ളറ്റ് ടിപ്പറിലിടിച്ച് രണ്ടും ചത്തു. എളേ ചെറുക്കന്‍റെ തലച്ചോറ് ചെതറിയാരുന്നു. രണ്ട് പേരും ജില്ലേലെ വോളിബോള്‍ ടീമീവരെ പൊങ്ങിയ ആറടി പൊക്കക്കാര്‍ മാസം മാസം നാടിനോരോ കപ്പടിച്ചോണ്ട് വരുന്നോര്.
നാട്ട്കാര് കരഞ്ഞു. ചെറിയാനും, റോസമ്മേം കരഞ്ഞു, കളരിക്കന്‍ ആന്‍റണി കരഞ്ഞു, തുണ്ടിപ്പുറം ബെന്നി കരഞ്ഞു, കശാപ്പ്കാരന്‍ വറീത് കരഞ്ഞു.
മൂന്ന് പേര് മാത്രം ചിരിച്ചു. തെരുവ് പട്ടികളെപ്പോലെ കെട്ടിമറിഞ്ഞൊച്ചയൊണ്ടാക്കി, ശവം പള്ളീലോട്ടെടുക്കാന്‍ നേരവാരുന്നു. വട്ടമ്മാരാണ് ,കിറുക്കന്‍മാര്‍, തെണ്ടികള്‍ ഈ ഭാഗത്തെങ്ങും കണ്ടിട്ടില്ലല്ലോന്ന് നാട്ട്കാരന്തിച്ച് നോക്കുമ്പം ചിരി ചുമ്മാതല്ല ചത്ത് മലച്ച് കെടക്കുന്ന കുഞ്ഞുങ്ങളെ നോക്കി കൈചൂണ്ടി ആര്‍ത്ത് ചിരിക്കുവാണ്.
അവരെ അന്നവിടെവെച്ചാദ്യം കണ്ടത് നാട്ട്കാരാരുന്നില്ല. കുന്നിന്‍ ചെരുവിലെ ഏലക്കാട്ടില്‍ താമസിക്കുന്ന ഒരെഴുത്ത്കാരിയില്ലേ, സുനൂന്ന് പറയുന്ന ഇരുനെറക്കാരി സുന്ദരിക്കൊച്ച്.
ഏലക്കാടിന് നടുക്ക് മണ്ണും മൊളേം പുല്ലും മേഞ്ഞൊണ്ടാക്കിയ വീട്ടിലാരുന്നവള് താമസം. പാതിമുക്കാലം കഥേലും കാലോളം നാട്ടിലും ജീവിക്കുന്ന പെണ്ണ്.
ഒരു വെളുപ്പാങ്കാലത്തൊറക്കത്തി സുനു കണ്ടു വലിയകാടിന് നടുക്ക് വല്ല്യൊരു പുല്‍ മൈതാനം. ചുറ്റും കാടാണ്. കോറേനേരം ഒന്നുമില്ല വെറും ശൂന്യത. പിന്നെ പതുക്കെ കാടനങ്ങി. പത്തി വിരിച്ചൊരു മൂര്‍ഖന്‍ എറങ്ങി വന്നു. മുള്ളെഴിച്ചൊരു മുള്ളന്‍ പന്നി, ഒരു കണ്ടന്‍ കാട്ട്പൂച്ച വേണോ വേണ്ടേന്ന് എറങ്ങിവന്നേച്ച് തിരിച്ച് കേറിപ്പോയി.
ഒരു മലമുഴക്കി പറന്നെറങ്ങി വന്നു. അവര്‌ മൂന്ന് പേരുചതുപ്പിന് നടുക്ക്. ആയിരം ജന്തുജാലങ്ങളവരെ കാടിനിടയിലൂടെ തലയിട്ട് നോക്കി.
സുനു ഒന്ന് തിരിഞ്ഞു കിടന്നപ്പോ ആ മൂന്ന് പേരും ചതുപ്പിന് നടുക്കൂന്ന് മൂന്ന് മനുഷ്യരായി ഇരുകാലില്‍ നിവര്‍ന്നു. പല്ല്തേരും, കുളീം അലക്കുമില്ലാത്ത കോലത്തി. സുനു കണ്ണ് തൊറന്നു.
ചെറിയാന്‍റെ വീട്ടീന്ന് മൂന്നാല് പയ്യമ്മാര് കൂടി അവരെ പിടിച്ച് വലിച്ച് വഴീലെറക്കി വിട്ടു. ഡെറ്റോളിന്‍റെ സോപ്പ്കൊണ്ട് കൈകഴുകി, ഏലക്കാ പറിച്ച് ചവച്ചു, എന്നിട്ടും നാറ്റം പോകാത്ത പോലെ ചുമ്മാ ഷോ കാണിച്ചു.
പ്രതികരിക്കാന്‍ ധൈര്യമില്ലാത്തൊരു എഴുത്തുകാരിപ്പെണ്ണിന്റെ മനസ്സീന്നൊണ്ടായവരാണവരെന്ന് നമ്മക്ക് ചുമ്മാ കരുതാം. അവളൊരു കാട്ടുപൂച്ചേടെ നടത്തമാരുന്നു. മുഖം കുനിച്ച് പിടിച്ച് എന്നാ എല്ലാം, എല്ലാരേം കണ്ട് ,ഒരു മന്ത്രവാദിനി.
വറീതിന്‍റെ കടേല്‍ എറച്ചിക്ക് വന്നേക്കാള്‍ വല്ല്യ ആള്‍ക്കൂട്ടമാരുന്നു. അവരലറിക്കരഞ്ഞത് പോത്തിന്‍റെ വയറ് പൊളന്നേനാരുന്നില്ല, ചെറിയാച്ചന്‍റെ മക്കളെ ഇതുപോലെ തോലുരിച്ച് തൂക്കാത്തേനാരുന്നു. അവരടെ ചങ്കും കരളും പണ്ടോം കണ്ട് നാട്ട്കാര് കൊതി വെള്ളവൊക്കാത്തേനാരുന്നു, അന്നവരിതുപോലെ കൊതിച്ച് ചിരിക്കാത്തേന്.
ചാവിനും അടക്കിനുമെടേലൊള്ള നേരം ഫോണില്‍ നോക്കിയിരിക്കുകേം എടക്കെടക്ക് കരയുകേം വിതുമ്പുകേം ചെയ്യുന്ന ഏര്‍പ്പാടല്ലിവിടെ .പോത്തിന്‍റെ ചോരതെറിച്ച കോലത്തിലവര് നെഞ്ച് തല്ലിക്കരഞ്ഞു.
******
പണ്ട് പുല്ല്മേട്ടെ മകരവെളക്കിന്‍റെ തിക്കിലും തെരക്കിലും പെട്ട് നൂറ്റാറ് പേര് ചത്തതോര്‍ക്കുന്നൊണ്ടോ ? പിന്നെ തേക്കടി ബോട്ട് ദുരന്തം നാപ്പത്തഞ്ച് പേരിക്കൂടുതല് ചത്തു അന്നേരമൊന്നും കാണാത്തത്ര തല്ലിയലേം കരച്ചിലുമാണിവിടെ. ആമയാറ്റിനും വണ്ടന്‍മേടിനുമെടക്കൊള്ള വല്ല്യൊരു വളവൊണ്ട്. അവടെ ഓരാനേടെ വലിപ്പമൊള്ള സിമന്‍റ് പ്രതിമ കാണാം, ആ ബൊമ്മക്ക് താഴെ വല്യ കഥയൊണ്ട്. പണ്ട് പണ്ടവിടെ, എന്നുപറഞ്ഞാല്‍ മനുഷ്യരേക്കാളും പണ്ടവിടെ വലിയ ചതുപ്പ് നെലങ്ങളാരുന്നു. കറുകയും, കോറയും തഴയും കൂട്ടം കൂടി നിക്കുന്ന നീര്‍ച്ചോല. പത്ത് കൊല്ലം മുമ്പ് വരെ അതങ്ങനെ തന്നാരുന്നു. ഇപ്പം ചതുപ്പിന് ചുറ്റുമൊള്ള മരമൊണങ്ങി, പുല്ലും തഴേം, വെള്ളോം മൂടി ചൊവപ്പൻ കരമണ്ണ് വീണു. ആരുമങ്ങോട്ടെത്തിനോക്കാതിരിക്കാന്‍ ആനയോളം പോന്നൊരു വിഗ്രഹത്തിന്‍റെ മറ വന്നു. ചതുപ്പിന്‍റെ കഴുത്തോളം മണ്ണ് വീണ് മൂടി. അവിടെയാണവരിപ്പം ചങ്കത്തടിച്ച് കരയുന്നെ. ഇനിയൊരിക്കലുമവിടെ കറുകയില്ല, തഴയും തവളയുമില്ല. ഭൂമിവാഴാനുള്ള വെള്ളമില്ല. പുല്ല്മേട്ടേലെ നൂറ്റാറിന്റെ നഷ്ടമല്ലത്, തേക്കടീലെ നാപ്പത്തഞ്ച് മനുഷ്യന്‍റെ നഷ്ടമാണ്, ഈ തല്ലിയലേം കരച്ചിലും ഭൂമീടെ നഷ്ടത്തിനാണ്. ടിപ്പറുകാര്‍ ചിരിച്ചു. ജെ.സി.ബിക്കാര്‍ ചിരിച്ചു,
മൂവരാ ചൊകപ്പന്‍ കരമണ്ണിനടീലെ ചതുപ്പ് മാന്തിക്കരഞ്ഞു. എലികളെപ്പോലെ.
*****
ഏലക്കാടിന് നടുക്കൂടെ എറണാകൊളത്തേക്കാള്‍ നല്ല റോഡൊണ് വണ്ടി അരമണിക്കൂറ് കൊണ്ട് കട്ടപ്പനെ മിഷ്യനാശുപത്രീ ചെല്ലും. എന്നിട്ടും തറപ്പേലെ സെബിന്‍റെ പെണ്ണുമ്പിള്ള വീടിന്‍റെ വര്‍ക്കേരിയായികെടന്ന് പെറ്റു. ജീപ്പിന്‍റെ ടയറ്കളും ടാറ് വീപ്പേം മുട്ടിവെറകിന്‍റെയെടേക്കെടന്ന് ജിന്‍സി ഞെളിപിരികൊണ്ടു. കൊച്ച് കാറ്ന്നേന് മുന്നേ മൂന്ന് തല്ലിയലേം കാറിച്ചേം പൊട്ടിവീണു. ജിന്‍സി പേറ് മറന്ന് ഒരു കൊല്ലം മുന്നേ ഇരുപത്തൊന്ന് വയസൊണ്ടാരുന്നപ്പഴത്തെപ്പോലെ "ങേ"..ന്ന് തലപൊക്കി നോക്കി.
അട്ടപ്പാടീല്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസിച്ചെറുക്കനെപോലെ മൂന്നെണ്ണം. ഒരെണ്ണം ചെറുക്കനോ പെണ്ണോന്ന് അറിയാമ്മേല. പിശാശിനെ കണ്ട് പേടിച്ചിട്ടെന്നപോലാണാ കരച്ചില്‍. കുഞ്ഞ് കരഞ്ഞപ്പളേക്കും പേടി കൂടി. ജിന്‍സീം പേടിച്ചു. കൊച്ചിന് കൊമ്പോണ്ടോന്നവള് കാലിനെടക്കൂടെ നോക്കി - അവര് കണ്ടത് കൊമ്പും പല്ലും കൂര്‍ത്തനഖോമൊന്നുമാരുന്നില്ല. പിഴുതെറിയുന്ന മരങ്ങള് കണ്ടു, കാര്‍ന്നിടിയുന്ന കുന്നുകള്, ചെമ്മണ്ണ് വീണ് ശ്വാസം മുട്ടിപ്പിടയുന്ന ചതുപ്പുകള്, കാടിനും കുന്നിനും പകരം വളന്ന് പൊങ്ങിയ കെട്ടിടങ്ങള്, മഞ്ഞിനും മഴക്കും പകരം എരിതീവെയില്, പത്താണ്ട് മഴ മറന്ന ആകാശം.
പെറ്റ് വീണ കൊച്ച് കൈകാലെളക്കി കരയുന്നു. അതൊരു മരയോന്തോ, മലമൊഴക്കിയോ, വില്ലൂന്നി പാമ്പോ ആയി കാട്ടിലേക്കെഴഞ്ഞു പോകാന്‍ ഭൂമി നേരം കാത്തു. പക്ഷെങ്കിലത് ഒച്ചത്തിലൊച്ചത്തി ദുരന്തം കൂവിക്കിടന്നു. നാഗം തീണ്ടിയ കൊരങ്ങ് പോലവരും പേടികൊണ്ട് ചീവീടായി. ജിന്‍സിയത് കണ്ട് പേടിച്ച് വെരണ്ട് "മമ്മീ, മമ്മീ, മമ്മീ യേ.."ന്ന് പൊറകോട്ടെഴഞ്ഞ് ഭിത്തിയേപോയി നിവര്‍ന്നു.
ചതുപ്പിലും കന്നിമണ്ണിലും കാട്ട് ചോലയിലും ടാറും, കോണ്‍ക്രീറ്റും വീണപ്പോഴവര് ചാവ് വീട്പോലെ ചങ്കത്തടിച്ച് കരഞ്ഞു. ആശുപത്രീടെ പേറ് മുറികള്‍ക്ക് പുറത്ത്. വല്ലപ്പോഴും മാത്രം മരിച്ചടക്കിന്‍റെ തൊട്ടടുത്തുള്ള എറച്ചിക്കടയില്‍. മണ്ണ് മാന്തികള്‍ക്ക് മുന്നില്‍.
മനുഷ്യന്‍റെ മരിച്ചടക്കിനവര്‍ ചിരിച്ചു മറിഞ്ഞു. മറ്റൊന്നിനും തീറ്റിയാകാതെ ചെതേലും കല്ലറേലും തടിയൊളിപ്പിക്കുന്ന നാണംകെട്ട ശവങ്ങളോട് - ഭൂമീലെ എല്ലാ കൊഴപ്പത്തിനും കാരണം പ്ലാസ്റ്റിക് എന്ന് സദാചാരം ഛര്‍ദ്ദിക്കുന്ന സാറന്‍മാരോട് - സകല ജീവനും തലമുറകള്‍ ജനിച്ച് ജീവിക്കണ്ട മണ്ണും വെള്ളോം, വായൂം, ഈ ഭൂമീന്ന് എന്നന്നേക്കുമായി കുഴിച്ച് മൂടുമ്പം സാറമ്മാര് എ.എല്‍.എയും, എം.പിയും, മെമ്പറും, മേയറും, പ്രസിഡന്‍റുമായി വന്ന് കൊതുക് കൊല്ലുന്നു. കുപ്പേലും ഓടേലും കൈയൊറയിട്ട് കുഞ്ഞിപ്പിള്ളാരടെ പൂഷഡി പോലെ പ്ലാസ്റ്റിക് നുള്ളിപ്പെറുക്കുന്നു. ജൂണ്‍ 5നൊരു കുഴികുത്തി ആഫ്രിക്കേം, ആമസോണും നട്ട് വെള്ളമൊഴിക്കുന്നു. ഇവരടെ കവലപ്രസംഗങ്ങള്‍ക്ക് മുന്നിലാ മൂവര് കൈചൂണ്ടി, തലതല്ലി, കുണ്ടിയാട്ടിച്ചിരിച്ചു. എം.എല്‍.എടെ കരിമുഖം പുകഞ്ഞു. എംപീടെ പാല്‍മുഖം ചൊവന്നു. മേയറും മെമ്പറും പ്രസിഡന്‍റുമാരും വാക്കുളുക്കി നിന്നു. അവര് ചിരിച്ച് ചിരിച്ച് ചിരിച്ച് മറിഞ്ഞു, തൂറിയെറിഞ്ഞാ പൊള്ളത്തരത്തിലോട്ട്.
ചിരിച്ചും കരഞ്ഞുമൊടുവിലൊരു പൊലര്‍ച്ചെ അവര്‍ക്ക് പൊറകിലൊരു ടിപ്പര്‍ ലോറീടെ ലൈറ്റ് തെളിഞ്ഞു. മൂന്ന് പേരടേം കണ്ണ് മഞ്ഞളിച്ചു. അതൊരാള്‍പ്പാര്‍പ്പില്ലാത്ത കാട്ടേരിയ ആരുന്നു. ഏലക്കാടുകളിലെ പ്രേതങ്ങളലഞ്ഞ് നടക്കുന്ന ശവക്കോട്ടപ്പറമ്പ്. ലോറിയൊന്ന് എരച്ച് ചാടി, പോര് കാളേപ്പോലെ, മൂന്ന് പേരും ഒരേ വഴിക്കോടി, ലോറി കാട്ട് വഴിയേ ചാടീം ചൊരമാന്തീം പൊറകേ, നിമിഷ നേരംകൊണ്ടത് ഏറ്റോം പൊറകിലോടുന്നോളെ റോഡിലടപോലൊട്ടിക്കും. ചോരേം തലച്ചോറും ചെതറും.
ഞാനാരാണെന്നിപ്പം നിങ്ങക്ക് പിടികിട്ടിക്കാണുവല്ലോ. പക്ഷെ എനിക്കാ ലോറിപിടിച്ചാ കിട്ടുന്നില്ല. ടിപ്പറിടിച്ച് മരിച്ചു എന്ന് നിങ്ങള് പത്രത്തി വായിക്കുന്നതല്ലെ - ഞാനാ ഡ്രൈവറടെ കഴുത്തിന് കൈയിട്ട് പിടിച്ചേലും അവനത് ചെലന്തിവലപോലെ തൂത്ത്മാറ്റി. ലൈറ്റ് കെടുത്താന്‍ നോക്കിയേലുമത് ഒന്ന് ഡിമ്മായിട്ട് മിന്നി കത്തി, ഞാന്‍ റോഡിലോട്ട് പറന്ന് ചാടി ഓടുന്ന മൂന്നിനേം ആകാശത്തോട്ടുയര്‍ത്താന്‍ നോക്കിയേലും എനിക്കൊരു മുടിയിഴപോലും പൊക്കാന്‍ പറ്റിയില്ല. എഴുത്ത് കാരീടെ തോന്നലിലുരുവം കൊണ്ടവരായോണ്ടാരിക്കും ഈ ലോറിയിടീം അവള് കുറിച്ചിട്ടൊണ്ടാരിക്കും. ഞാന്‍ സുനൂന്‍റെ മണ്‍കുടിലിലോട്ട് ഒരു പുള്ളിനെപോലെ പറന്ന് ചെന്നു.
ആ പെണ്ണിന്‍റെ വെളുപ്പാന്‍കാലത്തെ ഉറക്കത്തിന് ചുറ്റും നൂറ് നൂറ് പുസ്തകങ്ങളും കയ്യെഴുത്ത് കടലാസുകളും ചിതറിക്കെടന്നു. ഒരു പെണ്ണിനിത്ര അടുക്കും ചിട്ടയുമില്ലാത്ത - അലങ്കോലങ്ങളുണ്ടാകുമോ ? എനിക്കവടെ പുതപ്പ് മാറ്റി ആണോ പെണ്ണോന്ന് നോക്കാന്‍ തോന്നിയേലും ലോറിക്ക് മുന്നിലോടുന്നൊരടെ കിതപ്പ് കേട്ട് ഞാൻ അക്ഷരങ്ങള്‍ക്കെടേല്‍ പരതി. എനിക്ക് നിങ്ങളേക്കാള്‍ വേഗത്തില്‍ അക്ഷരങ്ങള്‍ക്കെടേലോടാന്‍ പറ്റി പക്ഷെ എങ്ങുമില്ലാ മൂവര്, മൂര്‍ഖനും മുള്ളനും മലമുഴക്കിയുമില്ല. കൊല്ലാന്‍ പായുന്ന ലോറിയില്ല. വെട്ടിത്തിരുത്താന്‍ പറ്റാതെന്‍റെ പേനേം കയ്യും വെറച്ചു. മുള്ളനേം, മൂര്‍ഖനേം, മലമുഴക്കിയേമെനിക്ക് കടലാസീന്ന് കാട്ടിലെത്തിക്കാനായില്ല. പിന്നെവിടെയാണവരുടെ രക്ഷപെടലിന്‍റെ രഹസ്യമുള്ളത്, മരിച്ചപോലുറങ്ങുന്ന ഇവള്‍ക്കുള്ളിലാണോ ? ഞാനവളെ കുലുക്കി വിളിച്ചു. ലോറീടെ എരമ്പലും ഓട്ന്നോരടെ കെതപ്പും എന്‍റെ കാതി കേക്കാം. ഇവളറിയുന്നില്ല. ഞാനവടെ കാതില്‍ ചുണ്ട് ചേര്‍ത്ത് സുനൂ സുനൂന്ന് നീട്ടി വിളിച്ചു. കവിളില്‍ കടിച്ചു. വിരല് പിടിച്ച് ഞെരിച്ചു. പക്ഷെ ചിലന്തിവലപോലെ ദുര്‍ബലമാരുന്നെല്ലാം.
കാട്ടുവഴി ലോറിയൊന്ന് പൊങ്ങിച്ചാടുന്ന ഒച്ചകേട്ട് ഞാന്‍ പറന്നതിന്‍റെ മോളിലെത്തി. അത് സഡന്‍ ബ്രേക്കിട്ട് നിന്നു. ലൈറ്റണച്ചു. പക്ഷേ അതിന് മുന്നേ ഞാന്‍ കണ്ടു ഞെട്ടലോടെ. ഏലത്തിലകളില്‍ ചെതറിത്തെറിച്ച ചോര. മഴ പോലത് മണ്ണിലേക്ക് ചാറി.
നിങ്ങക്കെന്നെ മുഴുവനായിട്ട് മനസിലായില്ലേലും എനിക്കിപ്പഴെന്നെ മനസ്സിലാകുന്നു. നിങ്ങള്‍ സ്വാര്‍ത്ഥതകൊണ്ടും തന്‍കാര്യങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും കെട്ടിയിട്ട വെറുമൊരു പൂടപ്പട്ടിയാണ് ഞാന്‍ .വെളുത്ത് പഞ്ഞിക്കെട്ടുപോലൊരെണ്ണം. വലിയ വലിയ ദേവായങ്ങളിലിരുന്ന് നിങ്ങടെ പ്രണയവും വിവാഹവും, സൗഭാഗ്യങ്ങളും നടത്തിത്തരാനെ എനിക്കാവൂ. നിങ്ങടെ പനീം തലവേദനേം, ജലദോഷോം മാറ്റാനും കുഞ്ഞുങ്ങടെ കരപ്പന്‍ ചികിത്സിക്കാനും, പ്രേതബാധക്കുള്ള മന്ത്രവാദം നടത്താനും.
ഭൂമിയിലെ മറ്റ് ചരാചരങ്ങളെല്ലാം
ദൈവമില്ലായ്മയില്‍ നശിക്കും, ഒപ്പം നിങ്ങളും .കാരണം പനി മാറിയതുകൊണ്ടോ ലോട്ടറി അടിച്ചതുകൊണ്ടോ അല്ല ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നത്.

By: Sunu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo