നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിക്കൻ 65 @ ഹോട്ടൽ പാരഗൺ

Image may contain: one or more people, beard, eyeglasses, hat and closeup

( ജോളി ചക്രമാക്കിൽ )
ഒരു മാതിരി സാങ്കേതികവിദ്യകളൊക്കെ സ്വായത്തമാക്കി...
പോളിടെക്നിക്കിൽ നിന്നുമിറങ്ങി
പയറ്റിതെളിഞ്ഞു വരുന്ന കാലം .. വാരാന്ത്യത്തിലെ പതിവു കൂടി ചേരലുകൾ ...
നാലാളിൽ മൂന്നാൾ ടെക്നിക്കു ക്കാരാവുമ്പോൾ...
ഞങ്ങൾ പതുക്കെ സിമന്റും കമ്പിയും മണലും മെറ്റലും ആവശ്യത്തിനു വെള്ളവും ചേർത്ത് കൂട്ടിക്കുഴച്ച്.. വർത്തമാനത്തിലുടനീളം പതുക്കെ അവിടെയും ഇവിടെയും ഒക്കെ നിരത്താൻ തുടങ്ങും ..
നാലാമൻ ഇതൊന്നുമറിയാതെ സ്ലാബും ബീമും
കോളവുമെല്ലാം... വാട്ടർ സിമന്റ് റേഷ്യോ ഒട്ടും കുറയാതെ ..
തൊണ്ട തൊടാതെ വിഴുങ്ങി കുത്തിയിരിക്കുമ്പോഴാണ് ..
ഞമ്മളീ പോളിടെക്നിക്കിലൊന്നും പഠിക്കാത്തോണ്ട് ...
എന്ന വകുപ്പിലുള്ള ആരെങ്കിലും വന്ന്
പുള്ളിക്കാരനെ സ്ലാബിന്റേയും ബീമിന്റേയും ഇടയിൽ നിന്ന് വലിച്ചു കയറ്റി രക്ഷപ്പെടുത്തുന്നത് ..
എന്നാ നമ്മുക്ക് പാരഗണിൽ പോയി ഓരോ ചായയും പൊറാട്ടയും അടിക്കാമെന്നു പറയുകയും അങ്ങോട്ടു നീങ്ങുകയും ചെയ്യും ..
കയറ്റം കയറി പോകുന്ന വണ്ടി ഉച്ചിയിൽ വച്ച് ബ്രേക്ക് നഷ്ടപ്പെട്ട് പുറകോട്ട് ഓടിയിറങ്ങുന്നതു പോലെ
ഓർമ്മകൾ പുറകോട്ടു ഓടിയിറങ്ങി
വഴിയരികിലുള്ള ..
സെന്റ് വിൻസൻറ് കോളനി,
ഗേൾസ് ഹൈസ്കൂളിന്റെ മതിലിൽ ഇടിച്ചങ്ങിനെ ..നിൽക്കുകയാണ് ...
പച്ച പാവാടയും ക്രീം നിറമുള്ള ഷർട്ടുമിട്ടു .. പെൺകുട്ടികൾ ഒറ്റയായും കൂട്ടം കൂടിയും
അടിവച്ചങ്ങനെ സ്കൂളിലേയ്ക്ക് വന്നു ചേരുന്നു..
അതിലെപ്പോഴും ഏകാകിനിയായി
പുസ്തകക്കെട്ടു മാറോടുക്കിപ്പിടിച്ചു
കുനിഞ്ഞ തലയുമായി കാതരമിഴികളോടെ പോകുന്ന പെൺകുട്ടിയിൽ
ആത്മസുഹൃത്ത്
മധുവിന് എന്തെന്നില്ലാത്ത ഒരു കൗതുകം ഉണർന്നു ..
അത് വളർന്ന് ഊണും ഉറക്കവും അപഹരിച്ചു..
ദിവസങ്ങൾ ഗ്രീസില്ലാതെ തിരിയുന്ന പൽചക്രങ്ങളെ പോലെ ഞരങ്ങിയും മൂളിയും,മുന്നോട്ടു പോയി കൊണ്ടിരുന്നു ..
കുനിഞ്ഞ ശിരസ്സും മാറത്തടുക്കിപ്പിടിച്ച പുസ്തകക്കെട്ടുമായി ഏകാകിനിയായി ലൂസിയും ..
അതെ ..ലൂസി ,അതാണവളുടെ പേര് ..
ഒരുപാടു നാളത്തെ അലച്ചലിനും രഹസ്യാന്വേഷണങ്ങൾക്കും,
ഒടുവിൽ വിശ്വസനീയമായ കേന്ദ്രത്തിൽ നിന്ന് ലഭിച്ച അറിവാണ് .. ഇത് ..
ലൂസി പതിവായി സ്ക്കൂളിൽ പോകുന്ന വഴിയരികിലുള്ള രാഗേഷിന്റെ സ്റ്റേഷനറി കടയാണ്
ഈ വിവര സാങ്കേതിക സംഭരണ വിതരണ കേന്ദ്രം ..
പിള്ളേർ പതിവായ് ബുക്ക്, പെൻസിൽ ഇത്യാദി പഠനോപകരണങ്ങൾ വാങ്ങാൻ ആശ്രയിക്കുന്ന ഈ പ്രദേശത്തെ ഒരേയൊരു വിശ്വസ്ത സ്ഥാപനം...
ഈ കേന്ദ്രത്തിൽ നിന്നു തന്നെ ലൂസിയുടെ പോക്കുവരവു കണക്കും കൈവശപ്പെടുത്തി ....മധു ..
പതിവായി സ്പോർട്സ് സൈക്കിളിൽ ഒരു പ്രത്യേകതരം ബല്ലും ഫിറ്റു ചെയ്ത് ആവശ്യത്തിനും അനാവശ്യത്തിനും അതും അടിച്ചു കൊണ്ട് " എതിർപോക്ക് ' നടത്തി വരികയും,..കടാഷ സുഖം അനുഭവിച്ച്, ...
സമയം കിട്ടുമ്പോഴൊക്കെയും ..
ഇല്ലെങ്കിൽ കണ്ടെത്തിയും,..
എന്നു പറഞ്ഞാൽ ,,
സദാ സമയവും ഓരോ വിധ ആലോചനകളിൽ മുഴുകുകയും... അനേകം വർണ്ണസ്വപ്നങ്ങൾ കാണുകയും
അതിലൊക്കെ ലൂസിയുടെ
കൈയ്യും പിടിച്ച് കുന്നിൻ മുകളിലെ പുൽമേടുകൾ ...
" ദൂരെ കിഴയ്ക്കുദിയ്ക്കും..
മാണിക്യചെമ്പഴുക്ക "..
എന്ന ഗാനം ഉച്ചത്തിൽ പാടിക്കൊണ്ട്
ഓടി കയറുകയും,
ഉച്ചിയിൽ വച്ച് കെട്ടി പിടിച്ച് ഉരുണ്ടു പിരണ്ട് താഴോട്ടു വരികയും ചെയ്തു ....
ഇത് ചില രാത്രികളിൽ കട്ടിലിൽ നിന്ന് താഴെ വീഴാനും, അല്ലറ ചില്ലറ പരിക്കുകൾ പറ്റുവാനും , രക്തം ചിന്താനും, ഒക്കെ ഈ വീഴ്ചകൾ ഇടയാക്കുകയും ചെയ്തു ..
തന്റെ ആദ്യ പ്രണയത്തിന്റെ തേനൂറുന്ന നൊമ്പരം മാത്രമായ് അതിനെകണ്ട് മുറിവുകളിൽ .മരുന്നു പുരട്ടാതെ വേദനയോടെ ,അവൻ.അതും.. തലോടിക്കൊണ്ടിരുന്നു .....
താമസിയാതെ തന്നെ
തന്റെ മനസ്സിന്റെ ഈശാന കോണിൽ
ഒരു കുഴിത്തറി നിർമ്മിച്ച് അതിലിറങ്ങിയിരുന്നു.. അവളെക്കുറിച്ചുള്ള സുഖമുള്ള ഓർമ്മകളുടെ തങ്കനൂലിനാൽ സ്വപ്നങ്ങൾ നെയ്തുകൂട്ടുവാൻ തുടങ്ങി ..
നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം
കണക്കിലധികം കുമിഞ്ഞു കൂടിയപ്പോൾ അതെല്ലാം
ഒരു കുട്ടയിൽ വാരിക്കെട്ടി തന്റെ സ്പോർട്സ് സൈക്കിളിന്റെ കാരിയറിൽ വച്ചു കെട്ടി .. തന്റെ ഇഷ്ടം ലൂസിയോട് അറിയിക്കാനായ് പുറപ്പെട്ടു. ..
സ്ക്കൂളിൽ നിന്നും മടങ്ങിപ്പോകുന്ന വഴിയിൽ ലൂസിയ്ക്കു കുറുകെ .സൈക്കിൾ ചെരിച്ചു നിറുത്തി പ്രേമാർദ്ര സ്വരത്തിൽ അവൻ ഇങ്ങിനെ ചോദിച്ചു
നിന്നെ ഞാൻ കെട്ടിക്കോട്ടെ ...?
പോടാ പട്ടീ ....? കെട്ടാൻ നടക്കുന്നു മൂക്ക്ളാഞ്ചിമോറൻ...!!
കാതരയായ ഏകാകിനിയിൽ നിന്നും ഉത്ഭവിച്ച വാക്കുകൾ പുറന്തള്ളിയ അഗ്നിയിൽ ..
കുട്ട നിറയെ കെട്ടിച്ചുമന്നുകൊണ്ടു വന്ന സ്വപ്നങ്ങളെല്ലാം ക്ഷണം കത്തിച്ചാമ്പലായി.......
കൂട്ടത്തിൽ മനസ്സിന്റെ ഈശാനകോണിലൊരു കോണിലൊരുക്കിയ .. കുഴിത്തറിയും
കത്തിച്ചാമ്പലായി ...
ആ ചാമ്പലിൽ നിന്നും ഒരു ഫീനിക്സ്സ് പക്ഷിയെപ്പോലെ... ഞെട്ടിയുണർന്ന്
പറന്നു പോയി ..
അടുത്തുള്ള പട്ടിയെ പോറ്റുന്ന ആങ്ങളഇന്ത്യനായ..
നായ് ഡിക്രൂസിന്റെ കൈയ്യിൽ നിന്നും ഓമനത്തമുള്ള ഒന്നാന്തരം ഒരു ഡോബർമാൻ പട്ടിക്കുട്ടിയെ വാങ്ങി വീട്ടിൽ ...
കൊണ്ടുവരികയും ..
സ്നേഹത്തോടെ ലൂസി യെന്നു നാമകരണം ചെയ്യുകയും .. ആവശ്യത്തിനും അനാവശ്യത്തിനും ലൂസീ ...കം ..ലൂസീ ... ഗോ .. ലൂസി
സിറ്റ് ...സ്റ്റാൻഡ് ..ലൂസീ .. ഷെയ്ക്ക് ഹാന്റ് എന്നിങ്ങനെ .. ലാളനയുടെ, സ്നേഹത്തിന്റെ,
ആജ്ഞാ സമ്മർദ്ദങ്ങൾ
ലൂസിയെ .. ഏൽപ്പിച്ചു കൊണ്ട് പുതു ജീവിതം ആരംഭിക്കുകയും ചെയ്തു ..
മധുവിനോടോപ്പം... കളിച്ചും ചിരിച്ചും ഇടയ്ക്കിടെ നാക്കു നീട്ടി മാസ്റ്ററെ മൊത്തം നക്കി തുടച്ചും ..ലൂസിയും വളർന്നു. .
വഴിയെ ജീവിതയാത്രയിൽ
മധു ഒന്നാന്തരം ഒരു കരാറുകാരനാവുകയും.
പതിയെ പതിയെ കഴുത്തിലൊരു സ്വർണ്ണ ചെയിൻ, കൈയ്യിൽ റാഡോ വാച്ച് ,മാരുതി 800 കാർ, എന്നിങ്ങനെ ഒരോന്നായ് സ്വന്തമാക്കിക്കൊണ്ട് വളർച്ചയുടെ പടവുകൾ ഒരോന്നായി ചാടിക്കയറാനും തുടങ്ങി ..
വാരാന്ത്യത്തിലെ പതിവു കൂടലുകളിൽ
സിമൻറും കമ്പിയ്ക്കുമൊപ്പം ലഘുവായ പൊങ്ങച്ചങ്ങളും
കൂടിക്കലരുവാൻ തുടങ്ങി..
സോമരസ പാനത്തോടൊപ്പം ചില സുകുമാരകലകളെ .. ആവും വിധം തൊണ്ട പൊളിച്ച് സത്കലാദേവിയുടെ ചിത്രകൂടത്തിലേയ്ക്ക് ഉന്തി തള്ളി കയറ്റി കൊണ്ടിരിക്കവേ ...
ആരോ പറഞ്ഞു എന്നാ നമ്മുക്ക് പാരഗണീന്ന് ഒരോ ചായയും പൊറാട്ടയും ആവാം ..
ആവാം .. ആവാം ...
നിങ്ങൾ ചിക്കൻ 65 കണ്ടിട്ടുണ്ടോ ..
ഇന്ന് എന്റെ വക ..എല്ലാവർക്കും പൊറാട്ടയും ചിക്കൻ 65 വും ..
മധു സ്വർണ്ണമാലയണിഞ്ഞ നെഞ്ചു വിരിച്ചു കാട്ടി അതിന്റെ ഒരു മൂലയിൽ വലതു കൈവിരലുകൾ താളം പിടിച്ചു കൊണ്ടു പറഞ്ഞു ....
എന്നാലങ്ങിനെ.. രണ്ടു മാരുതിയിൽ കൊള്ളുന്ന ആളുകളെ ഒറ്റ മാരുതിയിൽ കുത്തിനിറച്ചു ആ വണ്ടി പാരഗണിലെത്തി ചേർന്നു ....
എല്ലാവർക്കും പൊറോട്ടയും ചിക്കൻ 65 ... വും .. കൊണ്ടുവരൂ
ഹോട്ടലിന്റെ ഒരുമൂലയിലുള്ള മേശയ്ക്കിരുപുറവുമായി ഇരിക്കവെ അവൻ ഓർഡർ ചെയതു ..
നല്ല ചൂടുള്ള പൊറോട്ടയോടൊപ്പം .വലിയ സെറാമിക്ക് പ്ലേറ്റിൽ വറുത്ത ചെറു പപ്പട ചീന്തുകളാൽ അലംകൃതമായി ചുവന്ന് വറുത്ത പരുവത്തിൽ നെഞ്ചിനു മുകളിൽ നിറയെ സവാള കൊണ്ടുള്ള റീത്തുകളും അണിഞ്ഞ്
കണ്ണു തട്ടാതിരിക്കാനെന്നവണ്ണം കറിവേപ്പില തണ്ടോടെ ഒന്നു രണ്ടെണ്ണം അരികിലായും വിന്യസിച്ചു കൊണ്ട് 65 " മേശമേൽ നിരന്നു..
സവാള റീത്തുകളുടെ എണ്ണം കണ്ട് സ്ഥലത്തെ ഏതോ പ്രധാനപ്പെട്ട കോഴിയാണെന്നു വേണം അനുമാനിയ്ക്കാൻ ...
അധികം താമസിയാതെ തന്നെ എല്ലാവരും പൊറാട്ടയും 65 വുമായ് മൽപ്പിടുത്തം ആരംഭിച്ചു
കടിച്ചാൽ മുറിയാത്ത ചിക്കനെടുത്ത് ഒരാൾ ഇങ്ങിനെ പറഞ്ഞു
65 വയസ്സ് പ്രായമുള്ളത് കൊണ്ടാവും ചിക്കൻ (65 ) എന്നു പറയുന്നത് .....
എത്ര ശ്രമിച്ചിട്ടും പാത്രത്തിൽ മൂന്നു നാലു കഷണം ബാക്കി...
ഇപ്പ തിന്നില്ലെങ്കിലും വീട്ടിൽ കൊണ്ടുപോയി സൗകര്യപൂർവ്വം അകത്താക്കാം... എന്ന ഉദ്ദേശത്തിൽ
മധു ഇങ്ങിനെ പറഞ്ഞു
വേയ്സ്റ്റാക്കണ്ട...! പാർസലാക്കിയാൽ വീട്ടിൽ കൊണ്ടുപോയി ലൂസിയ്ക്ക് കൊടുക്കാമായിരുന്നു ..
കേട്ടപാതി... എല്ലാവരും കൂടെ വെയ്റ്റർ ...! ഇതു പാർസലാക്കൂ ഇമ്മടെ ലൂസിയ്ക്ക് കൊടുക്കാനാ ...
ആരാ ലൂസി ...?
അത് വീട്ടിലെ ഡോബർമാനാ ..
ആണോ .. എത്ര വയസ്സായി ...?
രണ്ടര വയസ്സായി ..
ഞാൻ പാർസലാക്കി കൌണ്ടറിൽ കൊണ്ടു വരാം ...
ഓക്കെ ...
കൈ കഴുകി ബില്ലും സന്തോഷത്തോടെ പത്തു രൂപ ടിപ്പും വച്ച് കൗണ്ടറിൽ ചെന്നപ്പോൾ
എടുത്താൽ പൊന്താത്ത ഒരു കവറുമായി വെയ്റ്റർ നിൽപ്പുണ്ട്..
അതു മധുവിനെ സ്നേഹപൂർവ്വം കൈയ്യിലേൽപ്പിച്ച് ...
സാറെ .. എനിക്കും ഒരു
ഡോമ്പർമാനുണ്ട്... ഒന്നര വയസ്സ്
ഒടുക്കത്തെ തീറ്റയാ....
അതിന്റെ തീറ്റ വച്ചു നോക്കുമ്പോൾ
സാറിന്റെ ലൂസിയ്ക്ക് ഇത്രയെങ്കിലും വേണ്ടിവരും നാലഞ്ചു ടേമ്പിളിലെ
മൊത്തം എടുത്തിട്ടുണ്ട് ..
നാളെയും വേണേ സാറൊന്നു വിളിച്ചു പറഞ്ഞാൽ മതി...
എന്റെ ഫോൺ നമ്പർ ....!!
19 - sep - 2018
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot