Slider

ഭാര്യ ഒരു ഭീകര ജീവി

0
ഭാര്യ ഒരു ഭീകര ജീവി അല്ല..ആണോ?
"ഒരു പെണ്ണിനെ ചാക്കിലാക്കാൻ എന്താ ചെയ്യണ്ടേ? '"
"ചാക്കോക്കെ ഔട്ട്‌ ഓഫ് ഫാഷൻ ല്ലേ.. നീ ഒരു കണ്ടെയ്നർ വിളി "
പറഞ്ഞത് എന്റെ ചങ്ക് ചങ്ങാതി ആയി പോയി. അല്ലേൽ ഞാൻ തലക്കടിച്ചു കൊന്നേനെ. മറ്റന്നാൾ എന്റെ കല്യാണം ആണ്. പ്രേമിച്ചതല്ല.. അത് കൊണ്ട് തന്നെ ഒരു സഭാകമ്പം ഉണ്ട്.
"ടാ ഒരു പ്രവാസിയുടെ വേദന നീ മനസിലാക്കണം. ഇത്തരം കാര്യങ്ങൾ എനിക്ക് ചോദിക്കാൻ വേറെ ആളില്ലാഞ്ഞിട്ടാ "ഞാൻ കെഞ്ചി.
"നിനക്ക് എന്താ അറിയേണ്ടത്? "
"അത് പിന്നെ.. പിന്നെ.. ഞാൻ എങ്ങനെ ഡീൽ ചെയ്യണം? നിനക്ക് അറിയാലോ ഇതൊരു ലവ് മാര്യേജ് ല്ല "
"ഉവ്വ.. ഡീൽ ഒക്കെ ചെയ്യാൻ ഇതെന്തോന്നെടെ ബിസിനസ് ആണോ? "
"ടാ പ്ലീസ് ടാ ടെൻഷൻ കൊണ്ടല്ലേ എങ്ങനെ എന്ത് എന്നൊന്നും അറിയാത്ത കൊണ്ടല്ലേ? നാട്ടിൽ ആരുന്നെങ്കിൽ ഞാൻ പ്രേമിച്ചേ കെട്ടത്തുള്ളാരുന്നു "
"ഓക്കേ... പറയാം... പെണ്ണിനെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഹാൻഡിൽ വിത്ത്‌ കെയർ... അല്ലേൽ പോക്കാ "
"എന്തോന്ന്? "
"നമ്മുടെ ജീവിതം കോഞ്ഞാട്ട ആയി പോകുമെന്ന്... ഉദാഹരണത്തിന് നീ കല്യാണം കഴിഞ്ഞു അവളോട്‌ ആദ്യം... അതായത് ഒറ്റയ്ക്ക് ആകുമ്പോൾ ആദ്യം എന്ത് ചോദിക്കും "
"ങേ? അതിപ്പോ.. ശ്ശെടാ.. കല്യാണം എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാലോ "?
"എന്തോന്നെടെ ഇത് സിനിമ കാണുവായിരുന്നോ ? കല്യാണം എങ്ങനെ ഉണ്ടായിരുന്നു? പന്തൽ നന്നായോ,സദ്യ എങ്ങനെ എന്നൊക്കെ ചോദിക്കാൻ? പ്ലാൻ വേണം.. മാസ്റ്റർ പ്ലാൻ "
"അതെവിടെ കിട്ടും? "
"അത് @$%&&**.....തമ്പുരാനെ ഇവന്റെ കൂടെ കോടതീലും ഞാൻ പോകേണ്ടി വരും... കോപ്പേ അവൾ നിന്നെ ഡിവോഴ്സ് ചെയ്യും ഇങ്ങനെ മന്ദബുദ്ധി ആകല്ലേ "അവൻ രൂക്ഷമായി എന്നെ നോക്കുന്നു
"ആക്കുന്നതല്ല മനഃപൂർവം.... അറിയാതെ ആയി പോകുന്നതാ. നീ പറ.. ഞാൻ അത് പോലെ ചെയ്യാം "
"ഉം ഓക്കേ... പറയാം.. എല്ലാം ഇത് പോലെ പറയാൻ ഒക്കില്ല... സന്ദർഭം പോലെ കൈകാര്യം ചെയ്തോണെ.. "
ഞാൻ തലയാട്ടി
"ആദ്യമേ കേറി ഒത്തിരി പുകഴ്ത്തി വെറുപ്പിക്കല്... അതായത് നീ ഭയങ്കര സുന്ദരി ആണ് നിന്റെ സാരീ കിടുവാണ്, നിന്റെ മുടി അസാധ്യം ആണ്... കണ്ടപ്പോൾ ഞാൻ വീണത് ഈ ചിരിയിലാണ്... തുടങ്ങി.... തള്ളി മറിക്കല്ലേ . പകരം കൂൾ ആയി.. വീട്ടുകാരെ കുറിച്ച് ചോദിക്ക്... ലവൾ എന്താ പഠിച്ചേ? "
"പ്ലസ് ടൂ കഴിഞ്ഞു ... "
"ആ, അപ്പോൾ പഠിത്തത്തെ കുറിച്ച് ചോദിക്കണ്ട.. നെഗറ്റീവ് എഫക്ട് ആയിരിക്കും ""പഠിക്കാത്ത പെണ്ണുങ്ങളോട് പഠിത്തം ചോദിക്കല് അവളുമാർ നാഗവല്ലി ആകും "...കാണാൻ എങ്ങനെ? "
"അത് പിന്നെ.. മീഡിയം... കുഴപ്പം ഇല്ല "
"അപ്പോൾ കൂട്ടുകാരികളെ കുറിച്ച് ചോദിക്കുകയോ സുന്ദരികളായ സിനിമ നടിമാരെ പുകഴ്ത്തുകയോ ചെയ്യരുത് "
"പാടില്ല? "
"ഒരിക്കലും പാടില്ല... അവരെയൊന്നും ഇനി മുതൽ നമ്മൾ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല "
"ദൈവമേ അപ്പൊ എന്റെ സംയുക്ത വർമ "
"നിന്റെയോ? ബിജു മേനോൻ കേൾക്കണ്ട.. "അല്ല അവര് ചേച്ചി അല്ലെ? പുതിയ കുറെ പേര് ഉണ്ട് "
"ഒരു പേര് പറ അവരെക്കാൾ സുന്ദരി "
"അതിപ്പോ... നസ്രിയ "
"മുടി ഉണ്ടോ "?
"കാവ്യാ "
"സംയുക്ത യുടെ പൊക്കമുണ്ടോ? "
"മീന "
"തടി....
"ഇതിപ്പോ നമ്മൾ എന്താ ചെയ്യണേ? സെൻസസ് എടുക്കുവാ? മറ്റെറിൽ നിന്ന് പോകല്ലേ. അത് വിട്...."
"ശരിയാണല്ലോ.... സംയുക്തയെ ഓർത്താൽ ബാക്കി എല്ലാം മറക്കും "ഞാൻ ചമ്മലോടെ ചിരിച്ചു
"എടാ ഇനി മുതൽ നിന്റെ സംയുക്ത ലവൾ ആണ്.... ഒൺലി ലവൾ "
ഞാൻ ദീർഘശ്വാസം വിട്ടു
"ഞാൻ പറഞ്ഞു വന്നത് ഒന്നും ഒട്ടും ഓവർ ആയി തുടങ്ങരുത്. സ്നേഹം പോലും... കല്യാണം കഴിഞ്ഞു ആദ്യ നാളുകളിലെ പ്രകടനം വെച്ചാണ് ജീവിതം മുഴുവൻ അവൾ നമ്മെ അളക്കാൻ പോകുന്നത്..നമ്മൾ അവർക്കു മുന്നിൽ വീര നായകൻ ആയിരിക്കണം. പക്ഷെ ഓവർ ആക്കി ചളം ആക്കരുത് പ്ലീസ് "
"എന്നാലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽരാത്രി ഞാൻ നിന്നെ വിളിക്കും. മൊബൈൽ അടുത്ത് തന്നെ വെച്ചേക്കണേ "
"ബെസ്റ്റ് എന്നിട്ട് വേണം പാതിരാത്രി മൊബൈലിന്റെ ശബ്ദം കേട്ട് എന്റെ ഭാര്യ എന്റെ തലയ്ക്കടിക്കാൻ.... ഒന്ന് പോടാപ്പാ "
ഞാൻ അമ്പരപ്പോടെ അവനെ നോക്കി ഈ വീരവാദമെല്ലാം പറഞ്ഞിട്ട്.....
"നിനക്ക് നിന്റെ ഭാര്യയെ പേടിയാണോ? "
ഞാൻ മെല്ലെ ചോദിച്ചു
അവൻ ഉറക്കെ ഉറക്കെ ചിരിക്കുന്നു
"ദൈവങ്ങൾക്ക് പോലും പേടിയാ സ്വന്തം ഭാര്യയെ...പിന്നെയല്ലേ ഞാൻ... ""സൂക്ഷിച്ചില്ലെങ്കിൽ ഉണ്ടല്ലോ ഭിത്തിയിൽ ഇരിക്കും... പടമായിട്ട്... ഒരു ചിരവ മതി ജീവിതം മാറി മറിയാൻ... ഓക്കേ ടാ.. അപ്പൊ ആശംസോൾ "
അവൻ പോയി
ബെസ്റ്റ്. കല്യാണം കഴിക്കണോ വേണ്ടയോ അതാ ഇപ്പൊ എന്റെ ചിന്ത.അതായത് പടമാകണോ വേണ്ടയോ? എന്താ നിങ്ങളുടെ അഭിപ്രായം?

By Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo