നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ന്റെ പിറന്നാളാണ്രണ്ടു ദിവസം മുന്നേ ബാങ്ക് ആണ് ഇന്ന് എന്റെ പിറന്നാളാണ് എന്ന് ഓർമിപ്പിച്ചത്.... അല്ലേൽ ആര് ഓർക്കാൻ...... ഒരു സെൽഫി എടുത്താഘോഷിച്ചാലോ എന്നൊരു ചിന്ത കാടു കയറി... ചാഞ്ഞും ചരിഞ്ഞും ഒക്കെ എടുത്തു.... ശരിയായില്ല.... അല്ലേലും ഈ തന്നെയുള്ള സെൽഫി മടുത്തു....
അടുക്കളയിൽ ചെന്നു ഒളിഞ്ഞുനോക്കി.... മദർ ഇൻ ലോ എന്തോ കാര്യമായി പാചകത്തിലാണ്... കൂടെ വിമല ( അടിമകണ്ണ്)യും.... കയ്യിൽ ചട്ടക ഉള്ളതുകൊണ്ട് ഒരു സെൽഫിക്ക് താല്പര്യം ഉണ്ടോ എന്ന് ചോദിച്ചില്ല...
നമ്മുടെ ഇടത്താവളം പിടിക്കാം.. അതാണേൽ അടിപൊളി... വേഗം ഡ്രസ്സ്‌ മാറി... "പിറന്നാളാണ് എന്ന് അമ്മായിഅമ്മയോടു പറഞ്ഞാലോ.". ... വേണ്ട.. അപ്പൊ തന്നെ പറയും... വയസ്സ് കൂടിയിട്ടെന്താ കാര്യമെന്നു... വിമലയും ചിരിക്കും....
ഹസിനോട് പറഞ്ഞാൽ ആ ബ്ലാസറിന്റെ മണമുള്ള കാർഡ് തരും... വേണ്ട....
എങ്ങോട്ടാ.. ഇന്ന്.... അമ്മായിയമ്മയുടെ സ്ഥിരം ചോദ്യം... "ഭഗവാനേ പ്രളയം എവിടൊക്കെ വന്നു ആ ലൈബ്രറി മാത്രം വിട്ടുകളഞ്ഞല്ലോ.. "മറുപടി പറയുന്നതിനുമുന്നെ തന്നെ അടുത്ത ഡയലോഗും വന്നു... "വേഗന്ന് വന്നേക്കണം.. റോഡ് ഒരാളുടെ മാത്രല്ല.. ഓര്ത്താ കൊള്ളാം" വിടണ ലക്ഷണമില്ല... മറുപടി ഒന്നും പറഞ്ഞില്ല...
പോണവഴി പുഴയോട് പിറന്നാളാണെന്നു പറഞ്ഞു... ആരുടെയോ വിഴുപ്പും കൊണ്ട് പോകുന്ന അവള് തിരിച്ചു വരുമ്പോ കാണാമെന്നു പറഞ്ഞു... ഇടത്താവളത്തിലേക്കു തിരിയുന്ന വഴിയിലെത്തിയപ്പോഴേ കുറുഞ്ഞിയെ കണ്ടു.... ഒരു മീൻകാരന്റെ പെട്ടിയിലേക്കു നോക്കി നിക്കുന്നു... കഴിഞ്ഞ വരവിനു വഴിയരികിൽ നിന്നും കിട്ടിയതാണ് എനിക്ക് അതിനെ... വീട്ടിൽ കൈസർ ഉള്ളതുകൊണ്ട് ഇടത്താവളത്തിൽ ഏൽപ്പിച്ചു....
കാർ അരികു ചേർത്തു നിർത്തി.. കാറിന്റെ ഒച്ച കേട്ടപ്പോഴേ ഓരോരുത്തർ പുറത്തിറങ്ങി വന്നിരുന്നു......ഇടത്താവളത്തിലെ എന്റെ ചങ്ക്‌സ്.... എല്ലാം ഓൾഡ്‌പീസ്......
അമ്മിണിയമ്മ ഓടിവന്നു അധികാരത്തോടെ കൈപിടിച്ചു.. ആയമ്മ അടുത്തുവന്നപ്പോൾ ശുദ്ധ ഭസ്മത്തിന്റെ മണം... പിന്നെ നേർത്ത ഒരു കുളിർമയും....
ഈ ഇടത്താവളം ആർക്കും വേണ്ടാത്ത പതിനാറു കുസൃതി കുരുന്നുകളായ അമ്മമാരുടെയാണ്... ഏതോ ട്രസ്റ്റ്‌ വക... എല്ലാം രാവിലെ കുളിയൊക്കെ കഴിഞ്ഞു പാട്ടൊക്കെ പാടി അടുക്കള പണി യൊക്കെ കഴിഞ്ഞു ഒരു പായസവും ഉണ്ടാക്കി ഇരിക്കുവാണ്.....
അമ്മിണിയമ്മയാണ് ഏറ്റവും സുന്ദരി... എൺപത്താറു വയസ്സ്... എന്നെ നാമം ചൊല്ലാൻ പഠിപ്പിച്ചത് ആയമ്മയാണ്... പിന്നെ കുറെ തിരുവാതിരപ്പാട്ടുകളും....
ബാർട്ടർ സമ്പ്രദായം നിലവിലുണ്ടായിരുന്നേൽ എന്റെ മദർ ഇൻ ലോയെ ഇവിടെ ഏൽപ്പിച്ചു അമ്മിണിയമ്മയെ വീട്ടിൽ കൊണ്ടുപോയാലോ എന്ന് ഇന്നാള് ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്...
പിന്നെ മദർ ഇൻ ലോ യെ കൊടുത്താൽ എന്റെ ജീവിതത്തിന്റെ നിറം മങ്ങിപോകും എന്നുള്ളത് കൊണ്ട് ആ ചിന്ത അവിടെ തീർത്തു...
അവിടെന്നു അവിയലും തോരനും പച്ചമോരും കൂട്ടി ചോറുണ്ടു പായസവും കുടിച്ചു... പിന്നെ ഒരു മരത്തിനടുത്തായി അമ്മിണിയമ്മയുടെയും ഫ്രണ്ട്സിന്റെയും കുറെ ഫോട്ടോയും എടുത്തു...
അമ്മിണിയമ്മയുമായി ഒരു മനസ്സുനിറഞ്ഞു സെൽഫിയും തരപ്പെടുത്തി... "ഇന്ന് ഇത് ഫബിയിൽ ഇട്ട് അമ്മിണിയമ്മയെ എല്ലാരേം കാട്ടിയിട്ടേ കാര്യോള്ളു"... എന്റെ സന്തോഷം കണ്ടു പുള്ളിക്കാരിയുടെ മുഖം വാടി...
"വേണ്ടാട്ടോ കുട്ടന് സങ്കടം വന്നാലോ.. അവനു എന്നെ അടുത്തില്ലാത്തോണ്ട് ഒട്ടും സന്തോഷം ഇല്ലന്ന് ഇന്നാള് കൂടി പറഞ്ഞു...
അവനും അവൾക്കും തിരക്കല്ലേ... അല്ലേൽ ഞാൻ ഇവിടെ കിടക്കണ്ടോളല്ല.... അതോണ്ട് ഫോട്ടോ ഇടേണ്ട മോളെ.... അവൻ ഉറങ്ങില്ല ".....അമ്മിണിയമ്മയുടെ മുഖം മുഴുവൻ വാൽത്സല്യം നിറഞ്ഞു.... "എന്നാ വേണ്ട.... ഈ മുഖം ചിരിക്കാൻ വേണ്ടി മാത്രം ഇടില്ല "...ഞാൻ വാക്കുപറഞ്ഞു..
ആയമ്മയുടെ കുട്ടനെ ഞാൻ അറിയുന്നതാണ്... കുട്ടന്റെ ഭാര്യയെയും.... രണ്ടും ഡോക്ടർ മാരാണ്... രാവിലെ സൂമ്പക്ലാസ്സിൽ വരാറുണ്ട്... ആയമ്മയുടെ കുട്ടൻ (രാജീവ്‌ )ക്ലാസ്സിൽ ഏറ്റവും പിറകിലാണ് നിൽക്കുന്നത്.. മുന്നിലുള്ള പെൺകുട്ടികളുടെ ഡാൻസ് ആസ്വദിച്ചു പിറകിൽ നിന്നാണ് ഡാൻസ്...
ഡോക്ടറുടെ വൈഫ്‌ ഡോക്ടർ എന്നോട് പറഞ്ഞത് അമ്മായിഅമ്മ വീട്ടിൽ സമാധാനജീവിതം നയിക്കുവാണെന്നാണ്... സ്നേഹവീട്ടിൽ ഉപേക്ഷിച്ചെന്ന് ആരോടും പറഞ്ഞിട്ടില്ല..... ഞാൻ തിരുത്താനും പോയില്ല...
പോരാൻ നേരം അമ്മിണിയമ്മയെ ഞാൻ ചേർത്തുപിടിച്ചു... ഒരു തൂവൽ പോലുണ്ട്.... പിന്നെ ഒരു കുളിർമയും...
വരുന്ന വഴി വിഴുപ്പു എവിടെയോ കളഞ്ഞു ക്ഷീണിച്ചിരിക്കുന്ന പുഴയെ കണ്ടു.. അവളോട്‌ അമ്മിണിയമ്മയുടെ കഥ പറയുമ്പോൾ ചെറിയ മഴയുണ്ടായിരുന്നു... "ഭാഗ്യം അതുകൊണ്ട് എന്റെ കണ്ണിൽ ഉരുണ്ടുകൂടിയ ഒരു മുത്തിനെ അവള് കണ്ടില്ല......
.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot