Slider

മരണപ്പെട്ടവന്റെ കത്ത്

0
Image may contain: 1 person, smiling, closeup
--------------------
നാലഞ്ചുദിവസത്തെ അവധിക്കുശേഷമാണ് ഞാനിന്ന് കട തുറന്നത്. ഷട്ടർ തുറക്കുമ്പോൾ ഒരു കത്ത് കടയ്ക്കുള്ളിൽ കിടക്കുന്നത് കണ്ടു. അഡ്രസ് എഴുതിയിരിക്കുന്ന കൈയ്യക്ഷരം പരിചയമുള്ളപോലെ. ഫ്രം അഡ്രസ് നോക്കിയ ഞാൻ ഞെട്ടിപ്പോയി.
ശിവപ്രസാദ്. എന്റെ ആത്മമിത്രം !
നാലുനാൾക്കു മുൻപ് കാൻസർ ബാധിതയായി മരിച്ച ഭാര്യയുടെ ശവമടക്കിന് വൈകിട്ട് പാമ്പുകടിയേറ്റു മരിച്ചവൻ... !
ആ കത്തിലെ പോസ്റ്റോഫീസ് സീലിൽ ഡേറ്റ് ഞാൻ നോക്കി. രണ്ടും ഇന്നത്തെ ഡേറ്റ്.
എന്റെ ശരീരത്തിലൂടെ ഒരു തരിപ്പ് കടന്നുപോയി.
ഞാൻ കത്ത് പൊട്ടിച്ചു നോക്കി. മനോഹരമായ കൈപ്പടയിൽ എനിക്കായി തയ്യാറാക്കിയിരിക്കുന്ന കത്ത്.
കത്തിലെ തീയതി അഞ്ചുദിവസം മുൻപത്തേത്.
അതായത് അവൻ മരിക്കുന്നതിന് ഒരു ദിവസം മുൻപ് എഴുതിയത്.
എന്നെ വിറയൽ ഒഴിയുന്നില്ല.
ഞാൻ കത്ത് വായിച്ചു തുടങ്ങി.
പ്രിയപ്പെട്ട രാജീവൻ,
ഈ കത്ത് നിന്നെ അത്ഭുതപ്പെടുത്തുന്നുണ്ടാവും. ഞാൻ പാമ്പുകടിയേറ്റു മരിക്കുന്നതിനും മുമ്പാണ് ഇതെഴുതുന്നത്. പാമ്പുകടിയേറ്റ് മരിക്കുന്നതിനും മുമ്പ് എഴുതുകയോ? ഇതല്ലേ നിന്റെ ഇപ്പോഴത്തെ ചിന്ത. മറിച്ചു സംഭവിക്കുന്നില്ലായെങ്കിൽ അങ്ങനെ തന്നെയാകും എന്റെ മരണം. അങ്ങനെയെങ്കിൽ എന്റെ ശരീരവും ഭാര്യയുടെ കുഴിമാടത്തിനരുകിൽ ഇപ്പോൾ ചാരമായിട്ടുണ്ടാകും.
എന്റെ മരണം ആത്മഹത്യയാണ്.
കത്തിൽ നിന്നും മുഖമുയർത്തി ചുറ്റും നോക്കി. ആരുമില്ല. ഞാനാകെ വിയർത്തു. ഒരുകുപ്പി വെള്ളമെടുത്തു ഒറ്റവലിപ്പിനു കുടിച്ചുതീർത്തു. വീണ്ടും കത്തിലോട്ട് നോക്കി.
എന്തിനാണ് ഞാൻ ആത്മഹത്യ ചെയ്തത് എന്നല്ലേ. പറയാം. അത് നീ അറിയണം. അതിനുവേണ്ടിയാണ് ഞാൻ നിനക്ക് ഇതെഴുതുന്നത്.
ഞാനും ഭാര്യ ഗീതയും തമ്മിലുള്ള ജീവിതം നിനക്കറിയാമല്ലോ. മാതൃകാദമ്പതിമാർ.
ഏവരിലും അസൂയ ഉണ്ടാക്കുന്ന ജീവിതമായിരുന്നു ഞങ്ങളുടേത്.
സുന്ദരിയായിരുന്നു അവൾ അല്ലേ.
നിങ്ങളൊക്കെ അസൂയയോടെ അവളെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എനിക്കതിൽ അഭിമാനമേ ഉണ്ടായിരുന്നുള്ളൂ.
എല്ലാവരുടെയും കണ്ണിൽ സന്തോഷത്തോടെ ജീവിക്കുമ്പോഴും ഞങ്ങൾക്കിടയിൽ ഒരു അകൽച്ച ഉണ്ടായിരുന്നു.
ഞങ്ങളുടെ ഏകമകൾ ശിവപ്രിയക്ക് പതിന്നാലു വയസ്സുള്ളപ്പോഴാണ് ആ അകൽച്ച തുടങ്ങിയത്. നീണ്ട മുപ്പത്തിരണ്ട് വർഷത്തോളം ആ അകൽച്ച നിലനിന്നു. അതായത് അവൾ കാൻസർ ബാധിതയായി കിടപ്പിലാകും വരെ.
അകൽച്ചയുടെ കാരണം ഏതോ നിസാരകാര്യമായിരുന്നു.
ഒരു രാത്രി അവൾ എന്നോട് പിണങ്ങി മകളുടെ മുറിയിൽ പോയി കിടന്നു.
പിണക്കം കുറച്ചുദിവസം നീണ്ടുനിന്നു. പിന്നെ അതുമാറി.
പക്ഷെ അവൾ മകളുടെ മുറിയിൽ നിന്നും ഞങ്ങളുടെ മുറിയിലേക്ക് വന്നില്ല.
പിണങ്ങി എഴുന്നേറ്റു പോയതല്ലേ. ഞാൻ വിളിക്കാനും പോയില്ല.
അതിന് എന്റെ ഈഗോ സമ്മതിച്ചില്ല.
വിളിക്കാതെ വരാൻ അവളുടെ ഈഗോയും സമ്മതിച്ചിട്ടുണ്ടാവില്ല.
അതങ്ങനെ നീണ്ടുപോയി.
ചുരുക്കത്തിൽ ഞങ്ങളുടെ കിടപ്പറദാമ്പത്യം മുപ്പത്തിരണ്ടു വർഷങ്ങൾക്കു മുമ്പ് അവസാനിച്ചു.
രാജീവൻ, നിനക്ക് വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ. പക്ഷേ സത്യം അതാണ്‌.
ഞാനോ അവളോ ആരോടും ഒന്നും പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിൽ എന്നേ ഇത് പരിഹരിക്കപ്പെട്ടേനെ.
മറ്റുള്ളവരുടെ എത്രയോ പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിച്ചു.
പക്ഷേ... ഞങ്ങൾ...
ഈഗോ ഒന്നിനും സമ്മതിച്ചില്ല..
ഞങ്ങൾ നന്നായി അഭിനയിച്ചു.
മറ്റുള്ളവർ കാണുംപോലെ കളിയും ചിരിയും യാത്രകളൊക്കെയുള്ള സുന്ദരമായ ജീവിതം മുന്നോട്ടുപോയി. പക്ഷേ ഞങ്ങളുടെ ഉറക്കം ഒരു വീട്ടിൽ രണ്ടു മുറികളിൽ ആയിരുന്നു എന്നുമാത്രം.
മകളുടെ വിവാഹം കഴിഞ്ഞപ്പോൾ അവൾ തിരികെ ഞങ്ങളുടെ മുറിയിൽ വന്നു. രണ്ടു കട്ടിലുകളിലായി ഉറക്കം.
അപ്പോഴേക്കും അകൽച്ചയോടൊപ്പം വിരക്തിയും ഞങ്ങളിൽ ഉടലെടുത്തിരുന്നു.
ഏതാനും മാസങ്ങൾക്കു മുൻപ് ശക്തമായ വയറുവേദനയെ തുടർന്നാണ് അവൾ ആശുപത്രിയിൽ അഡ്മിറ്റായത്. വിദഗ്ദ്ധ ചികിത്സയ്ക്കൊടുവിൽ ഗർഭാശയകാൻസർ തിരിച്ചറിഞ്ഞു. അപ്പോഴേക്കും വൈകിയിരുന്നു. സ്റ്റേജുകൾ പലത് കഴിഞ്ഞത്രേ. ഇനി ഒന്നും ചെയ്യാനില്ല എന്ന ഡോക്ടറുടെ മറുപടിയിൽ ഞങ്ങൾ രണ്ടാളും തകർന്നു.
എങ്കിലും കുറച്ചുദിവസം കൂടി അവിടെ കിടന്നു. പിന്നവളെ വീട്ടിലേക്കു കൊണ്ടുപോന്നു. എന്റെ കട്ടിലിൽ അവളെ കിടത്തി. മുപ്പത്തിരണ്ടു വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഒരുമിച്ചു കിടന്നു. അവളെന്നെ ഇറുകെ പുണർന്നു. അവളുടെ കണ്ണുനീർ എന്റെ മാറിനെ പൊള്ളിച്ചു; ഏങ്ങലടി മനസ്സിനെയും.
ഞാനും നിശബ്ദമായി കരഞ്ഞു. അവളുടെ മുടിയിൽ തലോടി അങ്ങനെ കിടന്നു.
എപ്പോഴാണ് ഉറങ്ങിയത്. അറിയില്ല.
പക്ഷേ -
രാവിലെ അവളുണർന്നില്ല.
പട്ടാളക്കാരനായ മരുമകനും മകളും കുട്ടികളും നാളെ രാവിലെ എത്തും. അതുവരെ അവളുടെ ശരീരം മോർച്ചറിയിൽ. വീട്ടിൽ ബന്ധുക്കൾ പലരും ഉണ്ട്.
ഈ രാത്രി എനിക്ക് ഉറങ്ങാൻ ആവുന്നില്ലെഡാ.
അവളില്ലാതെ എനിക്കിനി ഇവിടെ... ഈ ഭൂമിയിൽ ജീവിക്കാനാവില്ല. വല്ലാത്ത കുറ്റബോധം. അനാവശ്യമായ വാശിയും ഈഗോയും മൂലം എത്ര സുന്ദരമായ രാത്രികളാണ് ഞങ്ങൾ നശിപ്പിച്ചത്. ഇതുപോലെ ഉള്ളവർ ആരെങ്കിലും നമുക്ക് ചുറ്റും ഉണ്ടാകുമോ?
ഉണ്ടെങ്കിൽ.... അവർ തിരുത്തപ്പെടണം. അനാവശ്യ വാശികളും ഈഗോയും ചേർന്ന് നശിപ്പിക്കാനുള്ളതല്ല സുന്ദരമായ ദാമ്പത്യം എന്നവർ തിരിച്ചറിയണം. നീ ഞങ്ങളുടെ കഥ എഴുതണം; ആവശ്യമായ മാറ്റങ്ങളോടെ..
നീ കുറച്ചൊക്കെ എഴുതുന്ന കൂട്ടത്തിലല്ലേ. അതുകൊണ്ടാണ് നിനക്ക് ഞാനീ കത്തെഴുതുന്നത്. നാളെ അവളുടെ ശവമടക്ക് കഴിയുമ്പോൾ ഏതെങ്കിലും കുട്ടിയുടെ കൈവശം ഈ കത്ത് പോസ്റ്റ്‌ ചെയ്യും. അതിനുശേഷം കൃഷിയിടത്തിലേക്ക്. അവിടെ പൊട്ടകിണറ്റിൽ ഒരു മൂർഖൻപാമ്പ് മുട്ടകൾക്ക് അടയിരുപ്പമുണ്ട്‌. അതിന്റെ കടി ഞാൻ ചോദിച്ചുവാങ്ങും. എനിക്കുള്ള ശിക്ഷ.
ഈ കത്ത് നിനക്കു നിനക്കു കിട്ടാൻ മൂന്നുനാലു ദിവസം പിടിക്കും. കാരണം ഇപ്പോൾ പോസ്റ്റൽ സമരമാണ്.
എന്റെ മരണം ആത്‍മഹത്യ ആണെന്ന് ആരും അറിയണ്ട. ഭാര്യയുടെ മരണദിവസം തന്നെ മരണപ്പെട്ട സ്നേഹനിധിയായ ഭർത്താവായി ഞാൻ അറിയപ്പെടട്ടെ...
എന്റെ ഈ മരണക്കുറിപ്പ് ശെരിയായ അർത്ഥത്തിൽ തന്നെ നീ എടുക്കും എന്ന എന്നവിശ്വാസത്തോടെ
സ്നേഹപൂർവ്വം :
ശിവപ്രസാദ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo