നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒറ്റമരം




***********-
അച്ഛന്റെ കട്ടിലിന്റെ തലയ്ക്കൽ എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല . തഴമ്പ് പിടിച്ചു, പാറ പോലെ ഉറച്ചിരുന്ന ആ കൈകളിൽ ഇപ്പോൾ ഞെരമ്പുകൾ ഓരോന്നായി എണ്ണി എടുക്കാം. പണ്ടെന്നോ ഉസ്കൂളിൽ പഠിക്കുന്ന കാലത്തു മലമ്പുഴയ്ക്കു വിനോദ യാത്രക്ക് പോയപ്പോൾ കണ്ട പേരറിയാത്ത ഏതോ മരത്തിന്റെ വേരുകൾ പോലെ .ഇനിയും വയ്യ കണ്ടിരിക്കാൻ .മെല്ലെ പുറത്തേക്കു നടന്നു. കവിളിൽ ഒഴുകിയിറങ്ങിയ കണ്ണുനീർ ഒപ്പാൻ കൈ ഉയർത്തി ..കണ്ണീർ ചാലുകൾ മാത്രം , നീർത്തുള്ളികൾ ഉഷ്ണം ഊറ്റി കുടിച്ചിരുന്നു ......
പുറത്തേക്കു നടന്നപ്പോൾ അവിടവിടെ ആരെല്ലാമോ , തന്നെ നോക്കുന്നുണ്ടെന്നു ഉണ്ണിക്കു തോന്നി . ചിലരൊക്കെ അടക്കി പിടിച്ചു പറയുന്നത് തന്നെ പറ്റിയാണ് . അച്ഛനെയും അമ്മയെയും കണ്ണീർ കുടിപ്പിക്കാൻ ഉണ്ടായ സന്താനം.. ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ നാട് വിട്ടവൻ. നാടിനും വീടിനും കൊള്ളാത്തവൻ. നര വീണ തലമുടിയിൽ വെള്ളി വെയിൽ വീണു തിളങ്ങി..
ഒട്ടു മാവിന്റെ ചുവട്ടിൽ കുറച്ചു നേരം ഇരിയ്ക്കണം. അതവിടെ ഉണ്ടാകുമോ? ഏട്ടൻ പുതിയ വീട് വെയ്ക്കാൻ വേണ്ടി വെട്ടി വിറ്റ മരങ്ങളുടെ കൂട്ടത്തിൽ അതും പടിയിറങ്ങി പോയി കാണുമോ ... ആരെയും ശ്രദ്ധിക്കാതെ താടിയിൽ മെല്ലെ തടവി , വീടിനു പിന്നാമ്പുറത്തെ തൊടിയിലേക്കിറങ്ങി ..
ചൂട് നന്നായി കനക്കുന്നു. തണലിനു പോലും പൊള്ളുന്ന ചൂട്. നാട്ടിൽ തുള്ളി വെള്ളം ഇല്ലത്രെ . നഗര വത്കരണം എന്റെ കൊച്ചു ഗ്രാമത്തെയും വിഴുങ്ങുന്നു . ഇവിടത്തെ സഖാക്കന്മാരൊക്കെ എവിടെയാണാവോ ..പണ്ട് , സ്‌കൂൾ വിട്ടു വരുമ്പോൾ കവലയ്ക്കു ചുവന്ന കൊടിയ്ക്കു താഴെ കറുത്ത ഫ്രെയിം ഉള്ള കണ്ണട ധരിച്ചു സഖാവ് ഗോപിയേട്ടന്റെ വാക്കുകൾ ഇന്നും ചെവിയിൽ മുഴുങ്ങുന്നുണ്ട് ..
" നമ്മൾ വികസന വിരോധികളല്ല.. എന്നാൽ നാട് മുടിക്കുന്ന ഭൂമിയെയും പ്രകൃതിയെയും അതിന്റെ സന്തുലിനാവസ്ഥയിൽ തുടരാൻ സമ്മതിക്കാത്ത ഒരു വികസനവും നമുക്ക് വേണ്ട ...മരങ്ങൾ മുറിയ്ക്കരുത് ..പാടങ്ങൾ നികത്തരുത് ..മലകൾ നിരത്തരുത്..പാറമടകളും ക്വോറികളും നമുക്ക് വേണ്ടേ വേണ്ടേ ... പുഴകളിൽ നിന്നും മണൽ വാരുന്നത് തടയണം ..നിങ്ങൾക്ക് വേണ്ടി ..നമുക്ക് വേണ്ടി ..നമ്മുടെ നാളത്തെ തലമുറകൾക്കു വേണ്ടി .."
ഗോപിയേട്ടന്റെ ജീവിതം തന്നെ ഒരു സമരമായിരുന്നു. ഇന്നും തെളിയാതെ അവശേഷിക്കുന്ന കൊലപാതകങ്ങളിൽ ഒന്നായി ഗോപിയേട്ടന്റെ ജീവിതവും.ഇരുളിന്റെ മറവിൽ കുറേ ആളുകൾ ചേർന്ന്.. ഒന്നിനും തെളിവില്ലത്രേ.
തൊടിയിലേക്കു ഇറങ്ങിയപ്പോൾ , ഏതോ പൊതു ശ്‌മശാനം പോലെയാണ് തോന്നിയത്. ആകെ കാട് പിടിച്ചു. ആരും ഇങ്ങോട്ടൊന്നും വരാറ് പോലും ഇല്ലെന്നു തോന്നുന്നു . അല്ലേലും ഡോക്ടർ കുടുംബത്തിന് എന്തിനാണ് പാടവും പറമ്പും .പച്ച പിടിച്ചു കിടന്ന നീളൻ പാടം ജീവിതത്തിന്റ ആകെയുള്ള നല്ല ഓർമ്മകളാണ്.
ഒരുപാട് ഓർമ്മകൾ ഉണ്ട് ചുറ്റിനും. അച്ഛന്റെ കൈവിരൽ പിടിച്ചു അമ്മയുടെ സാരീ തുമ്പിൽ തൂങ്ങീ ഒരുപാട് ഓടി നടന്ന പറമ്പാണ് . അന്നും ഏട്ടൻ കളിക്കാൻ ഒന്നും വരില്ല. ഏതു നേരവും പഠിത്തം തന്നെ. അമ്മുവും , അനന്തുവും , ഞാനും പിന്നെ , ശാന്തനും .. എന്തെല്ലാം കളികൾ ആയിരുന്നു . ഇപ്പോഴത്തെ കുട്ടികൾ ഒരു പക്ഷെ മൂക്കത്തു വിരല് വെച്ച് പോകും . എല്ലാത്തിനും സാക്ഷി ആ ഒട്ടു മാവാണ് ..അന്ന് പങ്കു വെച്ച ചുവന്ന മാമ്പഴത്തിന്റെ അത്ര മധുരം ഇതുവരെ നാവിന്‍ തുമ്പ് രുചിച്ചിട്ടില്ല ..എത്ര വര്‍ഷങ്ങളാണ് ഈ മാവിന്‍ ചുവടു , തനിക്കൊപ്പം പങ്കു വെച്ചത്.. ഞങ്ങളുടെ കുട്ടികളികൾക്കു കൂട്ട് നിന്നതും മുതിർന്നപ്പോൾ കണ്ണിലെ പ്രണയ മുദ്രകൾക്കു മറ പിടിച്ചതും ആദ്യമായി അമ്മുവിനെ ചേർത്ത് പിടിച്ചു ചുംബിച്ചതും ആ ഓട്ടു മാവിന്റെ ചുവട്ടിൽ വെച്ചാണ്. അന്ന് അവളുടെ കൈയ്യിൽ നിന്നും പൊട്ടിയടർന്നു വീണ കരിവളകൾ കുറെ നാൾ തലയിണയുടെ അടിയിൽ ഒളിപ്പിച്ചു വെച്ചിരുന്നു . ഇന്നും ആ ഓർമ്മകൾക്ക് നനഞ്ഞ മധുരമുണ്ട്.
പഠിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടും പത്താം തരം വരെ പോയി ...കൂടെ ഉണ്ടായിരുന്നവർ ഒക്കെ പുസ്തകങ്ങൾ പഠിച്ചപ്പോൾ ഞാൻ പഠിച്ചത് എന്റെ നാടിനെയും മണ്ണിനെയും ആയിരുന്നു . പുസ്തകങ്ങൾ ഉറക്കം കളഞ്ഞ രാത്രിയിൽ ഒരുപാട് നാൾ ഈ ഓട്ടുമാവിന്റെ ചുവട്ടിൽ അഭയം പ്രാപിച്ചിട്ടുണ്ട് ..തള്ളി കളഞ്ഞ അമ്മയേക്കാള്‍ സ്നേഹത്തോടെ വാത്സല്യത്തോടെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട് ഈ ഒട്ടുമാവ് അപ്പോഴൊക്കെ ..
എല്ലാവരും വളർന്നു ഞാൻ മാത്രം വളഞ്ഞു ന്നു അച്ഛൻ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട് . എല്ലാവരും തള്ളി പറഞ്ഞപ്പോഴും ചേർത്ത് നിർത്താൻ എന്നും ഇവള്‍ ഉണ്ടായിരുന്നു അങ്ങേ മറവിൽ അമ്മുവും ..പഠിപ്പില്ലാത്തതും ജോലിയില്ലാത്തതും ഒരു കുറവായി ആദ്യം തോന്നിയത് ആ കാരണം പറഞ്ഞു അമ്മുവിൻറെ അച്ഛൻ അവളെ എനിക്ക് തരില്ല എന്ന് പറഞ്ഞു ആട്ടി ഇറക്കി വിട്ടപ്പോളാണ് .. അമ്മു. അവളെ എന്നന്നേക്കുമായി നഷ്ടപ്പെടും എന്ന് ഒരിക്കലും നിരീച്ചില്ല ആദ്യമായി ഓട്ടു മാവിൻ ചുവട്ടിലിന്റെ കണ്ണുനീർ വീണത് അന്നാണ് അവളുടെ കല്യാണത്തിനന്നു ............
അച്ഛൻ ഒരിയ്ക്കലും വേദനിപ്പിച്ചിട്ടില്ല ..വഴക്കു പറഞ്ഞിട്ടില്ല . തല്ലിയിട്ടില്ല . പക്ഷെ , ഞാൻ എന്നും ആ നെഞ്ചിലെ വേദന ആയിരുന്നു . ഏട്ടന്റെ മാർക്കുകൾ ചേർത്ത് നിർത്തി അമ്മ കളിയാക്കുമ്പോൾ അച്ഛൻ മൗനം പാലിച്ചിരുന്നു.. എന്നെങ്കിലും നന്നാകും എന്ന് കരുതിയിട്ടാകും.. അച്ഛന് പണിയാൻ വയ്യാതെയായി. ഏട്ടനെ ഡോകട്ർ ആക്കാൻ പറമ്പിൽ ഏറിയ പങ്കും വിറ്റു. ഏട്ടൻ കുടുംബം നോക്കാൻ തുടങ്ങിയപ്പോളാണ് ഞാൻ വീട്ടിൽ അന്യൻ ആകാൻ തുടങ്ങിയത്.. ഏട്ടന് ഞാൻ എന്ത് ചെയ്താലും കുറ്റമായിരുന്നു.
ഭാഗ്യം... എന്റെ ഒട്ടുമാവ് അവിടെ ഉണ്ട്... അവൾക്കും വയസ്സായിരിക്കുന്നു.. അച്ഛനെ പോലെ തന്നെ അവളും ഒരു അവസാന യാത്ര പറച്ചിലിന് കാത്തിരുന്ന പോലെ ... പച്ചിലകൾ നന്നേ കുറവ്‌.ശിഖിരങ്ങൾ പലതും ഉണങ്ങിയിരിക്കുന്നു.. അല്ലേലും മഴയും വെള്ളവും ഇല്ലാത്ത നാട്ടിൽ ഇവൾ മാത്രമെന്തിന്...
കൈകൾ തൊട്ടപ്പോൾ, അവളൊന്നു വിറച്ച പോലെ.. കരയാൻ തോന്നുന്നുണ്ട്.. എന്റെ ഇന്നലെകൾ ആണല്ലോ ഈ ഓട്ടുമാവ്.
"ഉണ്ണിയേട്ടാ.... "
പിന്നിലൊരു ഇലയനക്കം.. നോക്കാതെ തന്നെയറിയാം.. ആ വിളിയിൽ നിന്നും.. വർഷം എത്ര കഴിഞ്ഞാലും..
സുഖമല്ലേ അമ്മൂ.....
തിരിഞ്ഞു നോക്കാതെയാണ് ചോദിച്ചത്..
"മ്മ്മ്......"
മൗനം.
"അമ്മായി എന്നും പറയുമായിരുന്നു.. ഒരുപാട് കാണാൻ കൊതിച്ചിരുന്നു. ഏട്ടനോട് മാപ്പു പറയണം ന്നൊക്കെ... ആരും ഇല്ലായിരുന്നു നോക്കാൻ.. അവസാനം ഒരീസം ആരോടും ഒന്നും പറയാതെ...."
നെഞ്ചിൽ വല്ലാത്ത ഒരു കനം പോലെ തോന്നുന്നുണ്ട്
"പുതിയ വീട് വെച്ചു മാറിയെ പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല, ഉണ്ണിയേട്ടന്റെ ഏട്ടൻ.."
"അമ്മായി, പോയെ പിന്നെ ആരോടും മിണ്ടീട്ടില്ല, അമ്മാവൻ, ഒരേ വാശി... ഒന്നും കഴിയ്ക്കില്ല...
ഉണ്ണിയേട്ടൻ.. ഇവിടെ ഉണ്ടായിരുന്നെങ്കിൽ........"
ഒന്നും പറയാൻ തോന്നിയില്ല..ഉണ്ണി മൌനത്തില്‍ ഉത്തരങ്ങള്‍ തേടി കൊണ്ടേ ഇരുന്നു ..ഒന്ന് മാത്രം നെഞ്ചില്‍ കൊളുത്തി വലിച്ചു ..
ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ...
. എല്ലാം ഊഹിക്കാന്‍ കഴിഞ്ഞിരുന്നു . അച്ഛന്റെ കിടപ്പു കണ്ടപ്പോഴേ എല്ലാം പൂർണമായി. പേരിനു മാത്രം ഒരു ഉടുമുണ്ട്.അതും.. മുഷിഞ്ഞതു....മുറി നിറയെ, മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം.. വെള്ളം കണ്ടിട്ട് കാലം കുറേയായ ശരീരം... പറ്റിയാൽ ദിവസം മൂന്നുനേരം കുളിക്കുന്ന മനുഷ്യനായിരുന്നു....
"നിന്റെ ആളിപ്പോൾ എവിടെയാ.... ??
ഒരു തേങ്ങലിന്റെ മുറുക്കം...
"ഇപ്പോള്‍ അങ്ങനെ ഒരാൾ ഇല്ലാ..നിക്ക് . കുട്യോൾ ഉണ്ടാവില്ലാന്നു പറഞ്ഞു ഇവിടെ കൊണ്ടാക്കി... "
നെഞ്ചിലാരോ കൊളുത്തി വലിക്കും പോലെ...
ആരൊക്കയോ നടന്നു വരുന്ന കാലടി ശബ്ദം..
ഓട്ടുമാവോടു ചേർത്തു വെച്ച കൈകളിൽ, വിറയ്ക്കുന്ന വിരലുകൾ ചേരുന്ന പോലെ.. നനഞ്ഞ ചുണ്ടുകൾ കൈകളിൽ ചുംബിക്കവേ ഞാൻ കൈ വലിച്ചു......
കാലടി ശബ്ദം അടുത്തെത്തി.. നാലഞ്ചു ആളുകൾ ഉണ്ട്.. മുന്നിൽ ഏട്ടനാണ്.. ഏട്ടൻ നന്നായി തടിച്ചിട്ടുണ്ട്..
രണ്ടു പേരുടെ കൈയ്യിൽ മഴു.. ഒരാളുടെ കൈയ്യിൽ വടം....
" നീ ശവദാഹം കഴിഞ്ഞല്ലേ പോകൂ... "
ഞാൻ മുന്നോട്ടു നടന്നു, എന്റെ മറവിൽ നടന്ന അമ്മൂന്റെ മേൽ ഏട്ടന്റെ കണ്ണുകൾ...
"ഇപ്പോഴും ഇവനാ ന്റെ കൂട്ട്... "
അമ്മൂന്റെ കല്യാണ തലേന്ന്, അവളോട് യാത്ര ചോദിക്കാനാ, അവിടെ ചെന്നത്.. ഇരുട്ടത്ത് അമ്മൂന്റെ നിലവിളി.. ഓടി പോകുന്നൊരു നിഴൽ.. എല്ലാവരുടെയും മുന്നിൽ തലതാഴ്ത്തി നിന്നപ്പോഴും കൈയ്യിൽ ആരും കാണാതെ മറച്ചു പിടിച്ചിരുന്നു ആ വാച്ച്.. ഏട്ടന് ഡോക്ടർ പട്ടം കിട്ടിയപ്പോൾ അഛൻ സമ്മാനിച്ച വാച്ച്.. എല്ലാം ഏറ്റെടുത്തു ഓടി പോയത്, എല്ലാവർക്കും വേണ്ടി ആയിരുന്നു..
ഒട്ടുമാവിൻറെ, അളവ് പിടിക്കുകയാണ്.. പിന്തിരിഞ്ഞു നടക്കുമ്പോൾ കേട്ടു .. എന്റെ ആത്മാവിൽ മഴു വീഴുന്ന സ്വരം...
ഇറങ്ങണം, ഓട്ടു മാവോടൊപ്പം അഛന്റെ ആത്മാവും വിടപറയും മുന്നേ ഇറങ്ങണം...
ഒരിക്കൽ കൂടി അഛന്റെ അടുത്ത്..
അഛൻ ഉറങ്ങിയിരുന്നു...
ഇനി ഒരിക്കലും ഉണരാത്ത ഉറക്കം....
തുണി സഞ്ചിയുമായി പുറത്തേക്കു ഇറങ്ങുമ്പോൾ, ഉമ്മറപ്പടിയിൽ അടക്കി പിടിച്ച വിതുമ്പലുകളുമായി, നിറം മങ്ങിയ ഒരു കോട്ടൻ സാരിയിൽ, എന്നോ കൈമോശം വന്നൊരു സ്വപ്നം..
വെയിൽ ചാഞ്ഞാൽ കുന്നിനപ്പുറം ഇരുള് വീഴും, നിറയെ ഇഴജീവികൾ ഉള്ള വഴിയാണ്...
ധൃതി പിടിച്ചു നടക്കുമ്പോളും, പിന്നിലൊരു ട്രങ്കു പെട്ടിയുടെ കിലുക്കം കൂടി ഉണ്ടെന്നു ഉറപ്പു വരുത്തി...
പിന്നിലൊരു വലിയ ശബ്ദം,ഒറ്റമരം വീഴുകയാണ് , ബന്ധങ്ങളുടെ അവസാന വേരും അറ്റു വീഴുന്നു . എന്റെ ആത്മാവ് മുറിഞ്ഞു ചോര ഒഴുകുന്നതും, അവസാന ശ്വാസത്തിനായി പിടയുന്നതും ഞാൻ അറിഞ്ഞു....
ഒരു വലിയ നിലവിളി........
പിന്നിൽ നിന്നാരോ വിളിക്കുന്നുണ്ട്....
" കുഞ്ഞേ..... പോകല്ലേ... അവിടെ.. കുഞ്ഞിന്റെ ഏട്ടൻ.... "
ഒട്ടു മാവ് പോയപ്പോൾ ഒരാളെയും കൂടിയങ്ങു കൂട്ടി.. അച്ഛനും ഒരു കൂട്ട്..
"വേഗം നടക്കൂ....."
ഉണ്ണിയുടെ നടപ്പിന് വേഗത കൂടി...
ചുവന്നു തുടുത്ത സൂര്യന് കീഴെ രണ്ടു നിഴലുകൾ കുന്നിറങ്ങുമ്പോൾ...
തെക്കേ തൊടിയിൽ രണ്ടു ചിതകൾ ഒരുങ്ങുന്നുണ്ടായിരുന്നു........ !!
..........
..
(അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം
29-04-2017

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot