നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാട്ടർ ബോട്ടിൽ

Image may contain: 1 person

**********************
സ്കൂൾ ബസ് ഇപ്പോൾ വരും.
എവിടെ ആ നാശം.
അതിൽ വെള്ളം നിറച്ചത് ഓർമ്മയുണ്ട്.
പക്ഷെ മായാജാലംപോലെ ഇപ്പോൾ അത് കാണാനില്ല.
മോൾ എൽ കെ ജി ആയതുകൊണ്ട് വെള്ളം കൊടുത്തുവിടാതിരിക്കാനും പറ്റില്ല.
ആ സ്ക്കൂളിൽ വെള്ളമൊന്നും ഷെയർ ചെയ്യാറില്ല.
അത് തിരക്കിയ നേരത്തിനു പുതിയൊരെണ്ണം വാങ്ങിക്കൊണ്ടു വന്നിരുന്നേൽ അവൾക്കിന്നു സ്കൂൾ ബസ്സിൽത്തന്നെ പോകാമായിരുന്നു.
എനിക്കും കൃത്യസമയത്തു ഓഫീസിൽ എത്താമായിരുന്നു.
ശരിക്കും പറഞ്ഞാൽ ബോട്ടിലിനോട് വാശി കാണിച്ചാണ് സമയം മുഴുവൻ പോയത്.
അതു തേടിപിടിച്ചിട്ടേ മറ്റെന്തും ചെയ്യൂ എന്നുള്ള വാശി.
ഇന്ന് കൃത്യ സമയത്തു എത്തുമെന്ന് ഓഫീസിൽ വീമ്പടിച്ചിട്ടു വന്നതാണ്.
അപ്പോഴേ ആ സിനി പറഞ്ഞിരുന്നു.ഇതെത്ര കേട്ടതാണെന്നു.
നിഷ കൃത്യ ടൈം ഓഫീസിൽ എത്തുന്ന അന്നായിരിക്കാം ലോകാവസാനമെന്നു.
എന്നിട്ടു ഒരു പരിഹാസ ചിരിയും.
അയൽക്കാരി ആണ് സിനി.പക്ഷെ അവളുമായി ഒരിക്കലും ചേരില്ല.അവളുടെ പൊങ്ങച്ച വർത്തമാനം കേൾക്കുമ്പോഴേ കലി വരും.
അവൾക്കു വീട്ടിൽ ഒരു ജോലിയുമില്ല.
പാവം അമ്മായിയമ്മ ആണ് ചോറ് പാത്രത്തിലാക്കി അവളുടെ ബാഗിൽവച്ചു കൊടുക്കുന്നത് തന്നെ.
ഭർത്താവ് ഗൾഫിൽ കിടന്നു കഷ്ടപ്പെട്ട് അയക്കുന്ന പണമെല്ലാം ആഡംബരം കാണിച്ചു പാഴാക്കുകയാണ്.
പരദൂഷണം പറയാനും ഭക്ഷണം കഴിക്കാനുമാണ് സിനി വായ തുറക്കുന്നതെന്നു ഓഫീസിൽ പാട്ടാണ്.
ഈ ഓഫീസിൽ എനിക്ക് ഇഷ്ടമല്ലാത്തത് ആ ഒരു സാധനത്തിനെ മാത്രമേയുള്ളു.
ഇന്നലെ അവളുടെ ഭർത്താവു പറഞ്ഞൂത്രേ.''മോളെ സിനി നീ ഒരുപാടു മോശമായല്ലോ.നല്ല രീതിയിൽ ഫുഡ് കഴിക്കണം.
എന്നെ കാണാഞ്ഞിട്ടുള്ള സങ്കടം ആണെങ്കിൽ ഞാൻ ഉടൻ അങ്ങ് വരാമെന്നു.''
ചുമ്മാ,അതും പൊങ്ങച്ചം.അയാൾ അങ്ങനെയൊന്നും പറഞ്ഞിട്ടുണ്ടാവില്ല.
എല്ലാം ഞാൻ കേൾക്കാനാണ്.എന്റെ വീട്ടിൽ എന്നും അടിയും വഴക്കും തെറിയഭിഷേകവുമൊക്കെ ആണെന്നു അവൾക്കറിയാം.എന്റെ ഭർത്താവിന്റെ സംശയ രോഗവും അവൾക്കറിയാം.
അവളുടെ ഭർത്താവു അവളെ രാജകുമാരിയെപോലെയാണ് വാഴിക്കുന്നതെന്നു അറിയിക്കാനാണ് ഈ പറച്ചിലൊക്കെ.
ഇവിടെ വന്നിട്ട് ഒരു മിനിറ്റു സൈലന്റ് ആയി ഇരുന്നാൽ അവളുടെ ചോദ്യമായി.
എന്താ നിഷേ ഒരു മിണ്ടാട്ടമില്ലലോ.ഇന്നലെ മനസ്സ് നിറച്ചും കിട്ടിയോ ചേട്ടൻറ്റെ വക ഇടി.
കവിളൊക്കെ വീർത്തു നല്ല സുന്ദരിയായല്ലോ.ഒരിക്കൽ അതിനു നല്ല മറുപടി കൊടുത്തു.
ഇല്ല പകുതിയേ ഇന്നലെ തന്നുള്ളൂ സിനി.
എല്ലാംകൂടി വാങ്ങാൻ ടൈം തീരെ ഇല്ലായിരുന്നു.രാവിലെ ബാക്കി വാങ്ങാനും പറ്റിയില്ല.
എന്താ ബാക്കി പകുതിയിരിക്കുന്നത് സിനിക്ക് വേണോ.എൻറ്റെ കെട്ടിയോനെ അങ്ങോട്ട് പറഞ്ഞു വിടാം.ബാക്കി പകുതിയും കൊണ്ട്.
ഇത്രയും കേട്ടപ്പോൾ സിനിയുടെ നാവടഞ്ഞു.തൽക്കാലത്തേക്ക്.
അല്ല പിന്നെ.ശവം.
ആകെ മനസ്സും ശരീരവും വേദനിച്ചിരിക്കുമ്പോഴാണ് അവളുടെ വക കുത്തൽ.
സിനിയുടെ ഭർത്താവിന്റെ വളരെ നല്ല സ്വഭാവമാണ്.
ഇത്രയും നല്ല മനുഷ്യന് ഇതുപോലെ പരദൂഷണക്കാരിയായ മറ്റുള്ളവരുടെ ദയനീയാവസ്ഥ കണ്ടു സന്തോഷിക്കുന്ന ഒരുത്തിയെത്തന്നെ
കിട്ടിയല്ലോ.
ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഭർത്താവു നല്ല സ്വഭാവക്കാർ ആയാൽ അതിന്റെ പേരിൽ ചില ഭാര്യമാർക്ക് ഭയങ്കര അഹങ്കാരമാണ്.
ഇവർക്ക് ഭർത്താവിന്റെ പീഡനങ്ങൾ സഹിച്ചു ജീവിക്കുന്നവരെ
കാണുമ്പോൾ ഒരുതരം പുച്ഛവും.
ഭർത്താവിന്റെ പീഡനം പിന്നേം സഹിക്കാം.പക്ഷെ ഇതുപോലെ മനസ്സുകുത്തിനോവിക്കുന്നവരുടെ
വർത്തമാനങ്ങൾ ആണ് വേദനിപ്പിക്കുന്നത്.
ഓരോന്ന് ഓർക്കുമ്പോൾ സഹിക്കാൻ പറ്റില്ല.
ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ സമാധാനമായി ആഹാരം കഴിക്കാൻപോലും സമ്മതിക്കില്ല ആ മനുഷ്യൻ .
ചേട്ടനു ലോട്ടറി എടുക്കാനും ചീട്ടു കളിയോടുമാണ് കമ്പം.അതു കഴിഞ്ഞു ബാക്കി കൊണ്ടുവരുന്നത് ഒരു പരാതിയും പരിഭവവും ഇല്ലാതെ വാങ്ങി ഒരു കുടുംബത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തു ഈ വഴക്കിനും ബഹളത്തിനും ഇടയിൽ ഒരുവിധം നന്നായി കൊണ്ടുപോകുന്നുണ്ട്.
പക്ഷെ അതൊന്നും കാണാതെ എന്റെ നിസ്സാരമായ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാനേ ആ മനുഷ്യന് നേരമുള്ളൂ.
നല്ലൊരു ഡ്രസ്സ് ഇട്ടാലോ നന്നായി ഒന്നൊരുങ്ങി ഇറങ്ങിയാലോ ചോദ്യമായി.
'' ഇന്ന് ഏതവന്റെ കൂടെയാടി കിടക്കാൻ പോകുന്നതെന്ന്.''
അത് കേൾക്കുമ്പോൾ എനിക്കും ദേഷ്യം വരും.പിന്നെ വാക്കുതർക്കത്തിൽ തുടങ്ങുന്നത് അയാളുടെ കൈയ്യൂക്ക് എന്റെ ശരീരത്തിൽ ശക്തിയായി പതിക്കുന്നത് വരെയെത്തും.
വഴക്കിട്ടു മതിയാകുമ്പോൾ ചേട്ടൻ ആഹാരംകഴിച്ചു സുഖമായി പോയികിടന്നുറങ്ങും.
എന്നെ എത്ര അടിച്ചാലും ഇടിച്ചാലും ആ മനുഷ്യനോട് എനിക്ക് ഒരു വെറുപ്പും തോന്നാറില്ല.
എല്ലാവർക്കും മദ്യപിക്കാത്ത പുകവലിക്കാത്ത നല്ലൊരു മനുഷ്യനാണ് ചേട്ടൻ.
പക്ഷെ ഈ നശിച്ച സംശയരോഗം ഈ വീട് നരകമാക്കുന്നത് എനിക്കും അയൽക്കാർക്കും മാത്രമേ അറിയൂ.
ഓരോന്നോർത്തു കിടന്നാൽ ഉറക്കം വരില്ല.നേരം വെളുക്കാറാകുമ്പോൾ എപ്പോഴോ ആണ് ഉറക്കം വരിക.
ഉണരുമ്പോഴേക്കും ലേറ്റ് ആകും.പിന്നെ അതിന്റെ പേരിൽ ആണ് വഴക്ക്.
മിക്കപ്പോഴും ഓഫീസിലും ലേറ്റ് ആയാണ് എത്തുന്നതും.
ഞാൻ ലേറ്റ് ആയി വരുന്നതിനു സിനിക്കെന്നും കളിയാക്കൽ ആണ്.
അതുകൊണ്ട് വാശിയായിരുന്നു ഇന്ന് ഒരഞ്ചു മിനിറ്റെങ്കിലും നേരത്തെ എത്തണമെന്ന്.
അതിനുവേണ്ടി ജോലികളെല്ലാം വളരെ നേരത്തെ തീർത്തതുമാണ്.
അപ്പോഴാണ് വെള്ളം നിറച്ചുവച്ച ബോട്ടിലിന്റെ മാജിക്.
ഇതിപ്പോൾ എന്നും എത്തുന്ന സമയത്തുപോലും ഓഫീസിൽ എത്താൻ പറ്റില്ലലോ.
ലേറ്റ് ആകുമെന്ന് ഓഫീസിൽ വിളിച്ചു പറഞ്ഞു.പെട്ടെന്ന് തന്നെ റെഡിയായി മോളെയുംകൊണ്ടിറങ്ങി.
പോകുംവഴി ഒരു ബോട്ടിൽ വാങ്ങി ഫ്രണ്ടിൻറ്റെ വീട്ടിൽ നിന്നും വെള്ളവും നിറച്ചു ഓട്ടോയിൽ മോളെയും സ്ക്കൂളിൽ ആക്കി
ബസ് സ്റ്റോപ്പിൽ എത്തി അര മണിക്കൂർ നിന്നെങ്കിലും ബസ് കിട്ടിയില്ല.
ആ ടൈമിലെ ബസ് ഇന്നിലെന്ന്.
ഇനിയും അര മണിക്കൂർ കഴിഞ്ഞേയുള്ളു ബസ്.
അവിടുന്ന് ഒരു ഓട്ടോയിൽ ഓഫീസിൽ എത്തുമ്പോൾ ഓട്ടോ ചാർജ് ഇനത്തിൽ ഇരുനൂറു രൂപ പോയിരുന്നു.
എന്നെ കണ്ടപാടെ തുടങ്ങി സിനിയുടെ ആക്കിച്ചിരി.
പിന്നൊരു ഡയലോഗും.
ഇന്ന് നേരത്തെ വരുമെന്ന് പറഞ്ഞപ്പോൾ ഇത്രയും നേരത്തെ എത്തുമെന്ന് കരുതിയില്ല കേട്ടോ.
എന്തിനാ നിഷേ ഇത്ര നേരത്തെ എത്തിയത്.
അത് കേൾക്കേണ്ട താമസം അവിടുത്തെ എല്ലാ സാറന്മാരും ചാർലി ചാപ്ലിൻ സിനിമ കണ്ടതുപോലെ ആർത്തട്ടഹസിച്ചോരു ചിരിയും.
അല്ലെങ്കിലും എനിക്ക് ഒരു വീഴ്ച്ച വന്നാൽ എല്ലാരും അത് ആഘോഷമാക്കുമെന്നറിയാം.
കാരണം ഉരുളക്കുപ്പേരിപോലെ എന്തിനും മറുപടി കൊടുത്തു എല്ലാരുടെയും വായടപ്പിക്കുന്ന എന്റെ വായടപ്പിക്കാൻ ഒരവസരം കിട്ടിയപ്പോൾ അവരതാഘോഷിച്ചു.
എങ്കിലും വിട്ടുകൊടുത്തില്ല .എന്റെ വാച്ചിൽ 9 .55 ആയേയുള്ളു.അഞ്ചു മിനിറ്റു ഞാൻ നേരത്തെ ആണല്ലോ സിനി.സിനിയുടെ വാച്ചെന്താ പൊട്ടയാണോ എന്നും പറഞ്ഞു സീറ്റിൽ പോയിരുന്നു.
വാക്കിന് വിലയിലെങ്കിലും ഈ നാക്കില്ലായിരുന്നേൽ നിഷ എങ്ങനെ ജീവിക്കുമായിരുന്നു.അത് സേതു സാറിന്റെ കമന്റ്‌ ആയിരുന്നു.
നിങ്ങളെപോലുള്ള ഗൾഫുകാർക്കിടയിൽ ഈ പാവം നിഷയും ജീവിച്ചു പൊയ്ക്കോട്ടേ സർ.
പറഞ്ഞത് സാറിനോടെങ്കിലും അത് സിനിക്കുള്ളതായിരുന്നു.
ഞാൻ നല്ല ഫോമിൽ ആണെന്ന് തോന്നിയിട്ടാകാം.സിനി പിന്നെ ഒന്നും മിണ്ടിയില്ല.
അവരോടൊക്കെ മറുപടി പറഞ്ഞെങ്കിലും മനസ്സ് മുഴുവൻ ആ വാട്ടർ ബോട്ടിലിൽ ആയിരുന്നു.
കാര്യം ഒരു വാട്ടർ ബോട്ടിൽ ആണെങ്കിലും എത്രനേരം നോക്കിയിട്ടും അത് കിട്ടാത്തതുകൊണ്ട് മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത.
അന്ന് ജോലിയിൽ നന്നായി ശ്രദ്ധിക്കാൻ പറ്റിയില്ല.
ശ്രദ്ധയില്ലാതെ ജോലി ചെയ്തു ചെയ്തതെല്ലാം തെറ്റായി പോയി.
അതിനു സാറിൽ നിന്നും നന്നായി വഴക്കും കിട്ടി.
പിന്നെ ഒരു മണിക്കൂർ കൂടുതൽ ഇരിക്കേണ്ടി വന്നു എല്ലാം ശരിയാക്കാൻ.അതുകഴിഞ്ഞു ഇറങ്ങുമ്പോൾ നല്ല മഴയും.
ഇന്നലെ ഉണങ്ങാൻ നിവർത്തിവച്ച കുട വാട്ടർ ബോട്ടിൽ കാണാത്ത ബഹളത്തിനിടക്കു ബാഗിൽ എടുത്തു വയ്ക്കാനും മറന്നു.
ബസ് സ്റ്റോപ്പ് വരെയും ബസ്സിറങ്ങി വീട്ടിൽ എത്താനും വീണ്ടും ഓട്ടോ അഭയം.
ട്യൂഷൻ വീട്ടിൽ നിന്നും മോളെയും വിളിച്ചു ഓട്ടോ കയറാത്ത ഇടവഴിയിലൂടെ അന്തസായി ആ മഴയും നനഞ്ഞു വീട്ടിൽ എത്തി.
നനഞ്ഞതൊക്കെയും മാറ്റി മോൾക്ക് ആഹാരവും കൊടുത്തു വീണ്ടും വാട്ടർ ബോട്ടിൽ അന്വഷണത്തിലേക്കു തിരിഞ്ഞു.
രാവിലെ നോക്കിയിടത്തു തന്നെ വീണ്ടും പലയാവർത്തി നോക്കി.
രാവിലെ വെള്ളം ഒഴിച്ചത് ഓർമ്മയുണ്ട്.പിന്നെയതു എവിടെ?
ആ നാശം ഈ വീട് മുഴുവൻ തിരഞ്ഞിട്ടും കാണുന്നില്ല.
നോക്കി നോക്കി വട്ടായപ്പോൾ,പോട്ടെ പണ്ടാരം എന്നും പറഞ്ഞു വീട്ടുജോലിയിലേക്കു തിരിഞ്ഞു.
എങ്കിലും മനസ്സ് വാട്ടർബോട്ടിൽ വിടാൻ ഒരുക്കമല്ലായിരുന്നു.
കറി വയ്ക്കാനായി ഫ്രീസർ തുറന്നു മീൻ എടുത്തു പുറത്തു വച്ചു.
ഫ്രിഡ്ജ് അടച്ചു കഴിഞ്ഞപ്പോഴാണ് ഒന്നുകൂടി ഫ്രീസർ തുറക്കണമെന്ന് തോന്നിയത്.
ആഹാ
ദേ ഇരിക്കുന്നു ഒരു കളിയാക്കിചിരിയുമായി ഫ്രീസറിനുള്ളിൽ ആ വാട്ടർ ബോട്ടിൽ.
അതു കണ്ടയുടൻ രാവിലെ മുതലുള്ള സമയനഷ്ടം ധനനഷ്ടം അലച്ചിൽ എല്ലാം മനസ്സിലേക്ക് ഓടിയെത്തി.കൂടെ അടക്കാനാവാത്ത കലിയും.
തണുത്തുറഞ്ഞാണ് അതിരുന്നതെങ്കിലും രണ്ടു കൈകൊണ്ടും വലിച്ചെടുത്തു ഒരൊറ്റ ഏറുവച്ചു കൊടുത്തു. എന്നിട്ടും സമാധാനം കിട്ടിയില്ല.വെട്ടുകത്തിയെടുത്തു കുറെ വെട്ടുകൊടുത്തു.ബോട്ടിൽ നന്നായി പൊട്ടി.
എന്നിട്ടും കലിമാറാതെ കാലുകൊണ്ട് ഒരൊറ്റ തോഴി മുറ്റത്തേക്ക്.
ഇത്രയൊക്കെ ചെയ്തപ്പോൾ ഇത്തിരി ദേഷ്യം മാറി .ആ സമാധാനത്തിൽ കുറച്ചു നേരം കസേരയിൽ കണ്ണുമടച്ചങ്ങിരുന്നു.
പാവം ആ വാട്ടർ ബോട്ടിൽ അപ്പോൾ മുറ്റത്തു കിടന്നു ചിന്തിക്കുന്നുണ്ടാകണം.ഞാൻ എന്തു തെറ്റ് ചെയ്തിട്ടാണ് എന്നോട് ഇത്ര ക്രൂരത കാട്ടിയതെന്നു.
റജി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot