നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ : പെണ്ണുടല്‍രചന: അജ്മല്‍ സികെ
നിസ്സഹായാവസ്ഥയില്‍ അവളുടെ കണ്ണുകള്‍ പിറകില്‍ നില്‍ക്കുന്ന അവനിലേക്ക് ഇടക്കിടെ നീളുന്നുണ്ടായിരുന്നു. പക്ഷെ അവളുടെ നോട്ടം തികച്ചും അവഗണിച്ച് ബസ്സിന്റെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് അവന്റെ കൈകള്‍ അവളുടെ ശരീരത്തില്‍ ചിത്ര പണികള്‍ നടത്തുകയായിരുന്നു. അവളുടെ മൗനത്തില്‍ കുതിര്‍ന്ന പ്രതിരോധം അവന്‍ ഗൗനിച്ചതേയില്ല. ഒടുവില്‍ ഇറങ്ങേണ്ട സ്‌റ്റോപ്പെത്തിയപ്പോള്‍ ബസ്സിലെ തിരക്കിലൂടെ മനസ്സില്ലാ മനസ്സോടെ അവന്‍ പുറത്തേക്ക് ഊളിയിട്ടു. പുറത്ത് അല്‍പ്പം ഇരുട്ട് പരന്നിരിക്കുന്നു. ഇപ്പോള്‍ അങ്ങനെയാണ് വളരെ നേരത്തെ തന്നെ അന്തരീക്ഷത്തില്‍ ഇരുട്ട് സ്ഥാനം പിടിക്കും. സൂര്യന് അസ്തമിച്ച് പോകാന്‍ എന്തോ ധൃതിയുള്ളത് പോലെ. ബസ്സിലെ അരണ്ട വെളിച്ചത്തിലേക്ക് അവന്‍ എത്തി നോക്കി. അവള്‍ തല കുനിച്ച് നില്‍ക്കുന്നുണ്ട്. അവന്‍ പോലുമറിയാതെ ഒരു വികൃതമായ ചിരി അവന്റെ ചുണ്ടില്‍ വക്രിച്ചു മാഞ്ഞു പോയി. ബസ്സ് കണ്ണില്‍ നിന്ന് മറയും വരെ അവന്‍ അവിടെ തന്നെ നിന്നു. പിന്നെ പതിയെ വീട്ടിലേക്കുള്ള വഴിയില്‍ നടത്തമാരംഭിച്ചു.
പാട വരമ്പത്തെ കലുങ്കില്‍ അവന്റെ ഉറ്റമിത്രങ്ങള്‍ രമേഷും സുധീഷും ഇരിക്കുന്നത് ദൂരെ നിന്നേ കണ്ടു. അടുത്തെത്താറായപ്പോഴാണ് അവരെന്തോ മൊബൈലില്‍ കണ്ടു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായത്. രണ്ടു പേരുടേയും മുഖഭാവങ്ങളില്‍ നിന്ന് അവന് കാര്യം ഏകദേശം പിടികിട്ടി ' ഇത് മറ്റേത് തന്നെ' അല്ലെങ്കില്‍ പിന്നെ അവന്‍ അവിടെ എത്തി മിനിട്ടുകള്‍ കഴിഞ്ഞിട്ടും അവന്റെ സാന്നിദ്ധ്യം അവരറിയാതിരിക്കുമോ... അവരെ ഒന്നു പേടിപ്പിക്കാം അവന്‍ മനസ്സില്‍ കരുതി. ശബ്ദത്തില്‍ ഒന്നു ഘനം വരുത്തി അവന്‍ സുമേഷിന്റെ പുറത്ത് തട്ടി ചോദിച്ചു.
' എന്താടാ ഇവിടെ പണി?
പെട്ടെന്നുള്ള അവന്റെ എന്റട്രി അവരെയാകെ ഒന്നു വിറപ്പിച്ചു. മറച്ചു പിടിക്കാനുള്ള വിഫലമായ ശ്രമത്തിനൊടുവില്‍ സുധീഷിന്റെ കൈകളില്‍ നിന്ന് മൊബൈല്‍ താഴേക്ക് പതിച്ചു... അവനെ കണ്ടതും അവരുടെ വെപ്രാളം മാറികിട്ടി.
' എന്റെ പൊന്നു ശാക്കിറേ... നീയായിരുന്നോ... വല്ലാത്ത ഒരു പറ്റിക്കലായി പോയീട്ടോ... ഞങ്ങള്‍ കരുതി കാര്‍ന്നോര്‍മാര്‍ വല്ലോം ആയിരിക്കുമെന്ന് ആകെ പേടിച്ചു'
നിലത്ത് വീണ മുബൈല്‍ എടുത്ത് ഷര്‍ട്ടിന്റെ തുമ്പ് കൊണ്ട് തുടച്ചു വൃത്തിയാക്കുന്ന രമേഷിന്റെ മുഖത്ത് നോക്കി ശാക്കിര്‍ പറഞ്ഞു.
'നാലാളു പോക്കു വരവുള്ള സ്ഥലത്ത് വെച്ചാണോ ചെങ്ങായ്മാരെ ഇതുപോലെയുള്ള കള്ളപ്പണികള്‍ ചെയ്യുന്നത്. ആരെങ്കിലും പെട്ടെന്നു വന്നാല്‍ എന്തു ചെയ്യും.'
' വാട്‌സപ്പില്‍ ഇപ്പോള്‍ കിട്ടിയതാ ഒരു പുതിയ സാധനം.. അത് കണ്ട് മതിമറന്ന് നിന്നു പോയതാണ് സഹോ... ഒന്നു ക്ഷമി... നീയും വാ നമുക്കൊരുമിച്ച് കാണാം..'
' ഞാനില്ല പൊന്നു രമേഷേ... വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കാനായിട്ട്, നീയൊരു കാര്യം ചെയ്യ് എനിക്ക് ആ ക്ലിപ്പൊന്ന് വാട്‌സപ്പ് ചെയ്തിട്ടേര് ഞാന്‍ വീട്ടില്‍ പോയി ആരുടേം ശല്ല്യമില്ലാതെ സ്വസ്ഥമായിട്ട് കണ്ടോളാം'
' എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ... '
അവരോട് യാത്ര പറഞ്ഞ് അവന്‍ വീട്ടിലേക്ക് നടന്നു. വീടിന്റെ ഉമ്മറത്ത് തന്നെ അനിയത്തി തന്റെ വരവും നോക്കി കണ്ണു നട്ടിരിക്കുന്നത് അവന്‍ കണ്ടു. അവള്‍ക്ക് ജോമട്രി ബോക്‌സ് വരുന്ന വഴിക്ക് വാങ്ങികൊടുക്കാംന്ന് പറഞ്ഞിട്ടാണ് ഇന്ന് രാവിലെ ഇറങ്ങിയത്. പക്ഷെ തിരക്കിനിടയില്‍ അശേഷം മറന്നു പോയി.. ഇനിയിപ്പോള്‍ അവള്‍ ചെവിക്ക് സൈ്വര്യം തരില്ല.
' എവിടെ എന്റെ ജോമട്രി ബോക്‌സ്.? ഇന്നും മറന്നല്ലേ.. എനിക്കറിയാം ഇക്കാക്കക്ക് ഇപ്പോള്‍ ഒട്ടും സ്‌നേഹമില്ല എന്നോട്..'
അവള്‍ പരാതിയുടെ കെട്ടയിച്ചു. കേട്ടു നില്‍ക്കാനാവാതെ അവന്‍ അവന്റെ മുറിയില്‍ കയറി കതകടച്ചു. ബാത്രൂമിലെ ചൂടുവെള്ളത്തില്‍ നല്ലൊരു കുളിയും പാസാക്കി. കൈലിയുടുത്ത് റൂമിന് വെളിയിലിറങ്ങിയപ്പോള്‍ ഉമ്മ ചോറും വിളമ്പി വെച്ച് കാത്തിരിപ്പുണ്ട്..
' വേഗം വന്ന ഭക്ഷണം കഴിക്ക് ശാക്കിറേ... ഇയ്യും കൂടെ കഴിച്ചിട്ട് വേണം എനിക്കൊന്ന് കിടക്കാന്‍ ...നല്ല അയലക്കറിയുണ്ട് മാന്തള് പൊരിച്ചതുമുണ്ട് .... ഇയ്യ് വേഗം കയിക്കാന്‍ നോക്ക്...'
ചോറിലേക്ക് കൈ കുത്തിയതേയുള്ളു ഉമ്മയും തുടങ്ങി പരാതിയുടെ കെട്ടയിക്കാന്‍....
' അവളിന്നൊരു വക കഴിച്ചിട്ടില്ല... നീ ജോമട്രി ബോക്‌സ് വാങ്ങി കൊടുക്കാന്ന് പറഞ്ഞ് പറ്റിച്ചെന്നു പറഞ്ഞ് കട്ടിലില്‍ പോയി കരഞ്ഞ് കിടന്നുറങ്ങി... ഇങ്ങനെ മറവി വന്നാലിപ്പോള്‍ എന്താ ചെയ്യാ എന്റെ ശാക്കിറേ...'
കൂടുതല്‍ പരാതികളിലേക്ക് ഉമ്മ കടക്കും മുമ്പ്... ഭക്ഷണം കഴിച്ചെന്നു വരുത്തി വീണ്ടും റൂമിലേക്ക് മടങ്ങി. മൊബൈലില്‍ സുമേഷിന്റെ വാടാസപ്പ് മെസേജ് വന്ന് കിടപ്പുണ്ട്. അവന്‍ വാക്കു പാലിച്ചു. എന്തായാലും ആകാംക്ഷയോടെ മെസേജ് തുറന്ന് നോക്കി രണ്ട് വീഡിയോസ് ആണ്.. കണ്ടപ്പോഴേ മനസ്സിലായി സംഗതി മറ്റേതാണ്. വിഡിയോ പ്ലേ ചെയ്തപ്പോള്‍ ആദ്യം തെളിഞ്ഞ് വന്നത് ഒരു ബാത്‌റൂമിന്റെ സീനറി ആണ്. അല്‍പ്പം കഴിഞ്ഞപ്പോള്‍ 17 വയസ്സ് തോന്നിക്കുന്ന ഒരു പെങ്കൊച്ച് ബാത്ത്‌റൂമിലേക്ക് കയറി വന്നു. ഓരോരോ വസ്ത്രങ്ങളായി അയിച്ചു മാറ്റുന്നതും പൂര്‍ണ്ണനഗ്നയായി കുളിക്കുന്നുതും ഉയര്‍ന്ന ഹൃദയമിടിപ്പോടെ അവന്‍ കണ്ടു. അവളറിയാതെ ആരോ രഹസ്യ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയതാണ് ആ ദൃശ്യങ്ങള്‍. രണ്ടാമത്തെ വീഡിയോയും അവളുടേത് തന്നെയായിരുന്നു. അതും ബാത്ത്‌റൂം വീഡിയോ തന്നെ. പക്ഷെ മറ്റേതോ ദിവസം പകര്‍ത്തിയതാവും. ഇത് രണ്ടും കണ്ടതോട് കൂടി അവന്റെ സിരകള്‍ ചൂടു പിടിച്ചു.. യൂറ്റിയൂബിലേക്കും ചില അശ്ലീല സൈറ്റുകളിലേക്കും പെണ്ണുടല്‍ തേടിയൊരു പ്രയാണമായിരുന്നു പാതിരാത്രി ആകുവോളം. എപ്പോഴോ കണ്ണുകള്‍ ഉറക്കത്തെ ആശ്ലേഷിച്ചു.
ആരോ തട്ടി വിളിച്ചത് പോലെ തോന്നിയപ്പോഴാണ് അവന്‍ ഉറക്കം വിട്ടെഴുന്നേറ്റത്. ഉറക്കം വിട്ടുമാറാത്ത കണ്ണുകളോടെ അവന്‍ ചുറ്റിലും നോക്കി. താനിതെവിടെയാണ്. തന്റെ റൂമും കട്ടിലും കിടക്കയുമൊക്കെ എവിടെ പോയി.. അവനൊന്നും മനസ്സിലായില്ല. ആരാണ് തന്നെ ഈ പടു കൂറ്റന്‍ ആല്‍മര ചോട്ടില്‍ കൊണ്ടു കിടത്തിയത്. ഉമ്മുമ്മ പറഞ്ഞ കഥകളിലെ ജിന്നുകള്‍ താമസിക്കുന്ന ആല്‍മരം പോലെ തോന്നി അവന് ആ ആല്‍മരം.. ഭയം കാല്‍വിരലില്‍ നിന്ന് ഉച്ചിയോളം പടര്‍ന്നു കയറുന്നുണ്ടായിരുന്നു. രാത്രിയാണെങ്കിലും നിലാവ് അവിടെയൊന്നാകെ അരണ്ട പ്രകാശം പരത്തിയിരുന്നു. ആരോ തന്നെ തട്ടിവിളിക്കുന്നത് പോലെ തോന്നിയിരുന്നു. പക്ഷെ ആരെയും കാണുന്നില്ല.. അവന്‍ ചുറ്റിലും പരതി... പെട്ടെന്നാണ് ആല്‍മരത്തിന്റെ മറവില്‍ നിന്നൊരു പെണ്‍കുട്ടി അവന്റെ മുമ്പിലേക്ക് വന്ന് നിന്നത് . പെട്ടെന്ന് അവളെ കണ്ടപ്പോള്‍ അവനാകെ ഒന്നന്താളിച്ചു പോയി. തികഞ്ഞ ശോക ഭാവത്തോടെ അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ആ പെണ്‍കുട്ടിയെ മുമ്പെവിടെയോ കണ്ടതായ് അവന് തോന്നി.
ഞാന്‍ ആരാണെന്ന് മനസ്സിലായില്ലേ ശാകിറിന്?
അവളുടെ ചോദ്യം കേട്ട് അവന്‍ അമ്പരന്ന് നിന്നു. ഇത്രയേറെ മുഖപരിചയമുള്ള ഈ പെണ്‍കുട്ടി ആരാവും അവന്‍ തലപുകഞ്ഞാലോചിച്ചു. പക്ഷെ അധികം വൈകാതെ തന്നെ അവള്‍ അവന് മറുപടി കൊടുത്തു.
' ഞാന്‍ ജാസ്മിന്‍. ശാകിറിന് എന്നെ നേരിട്ട് പരിചയം കാണില്ല. പക്ഷെ ഇന്ന് രാത്രി ശാകിര്‍ കണ്ടാസ്വദിച്ച ബാത്ത് റൂം വീഡിയോസിലെ ആ പെണ്‍കുട്ടി ഞാനായിരുന്നു'
' നീയോ.. നീയെന്താ ഈ പാതിരാക്ക് ഇവിടെ.. അതും ഒറ്റക്ക് ?
അവന്‍ അറിയാതെ ചോദിച്ചു പോയി.
'ശാകിറേ ഒരാഴ്ചയായി ഞാന്‍ മരണപ്പെട്ടിട്ട്.... മരിച്ചതല്ല.. ജീവിച്ച് കൊതി തീരും മുമ്പ് ഞാന്‍ ആത്മഹത്യ പോംവഴി ആയി തിരഞ്ഞെടുക്കുകയായിരുന്നു'
അവളൊന്നു പറഞ്ഞു നിര്‍ത്തി. ഭയത്തിന്റെ കനലുകള്‍ അവന്റെ ഹൃദയത്തില്‍ കത്തിപടരുന്നുണ്ടായിരുന്നു. അവള്‍ തുടര്‍ന്നു.
' സ്‌കൂള്‍ ടൂറിനിടക്ക് ആരോ രഹസ്യമായി പകര്‍ത്തിയ എന്റെ പെണ്ണുടല്‍ അത് ലോകം മുഴുവന്‍ കണ്ടപ്പോള്‍ എന്റെ കുഞ്ഞു മനസ്സില്‍ മറ്റൊരു പോംവഴിയും തോന്നിയില്ല'
അവളുടെ വാക്കുകള്‍ അവന്റെ മനസ്സില്‍ തീകോരിയിടുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അവളുടെ ശബ്ദവും ഭാവവും മാറിയത്... അവളുടെ കണ്ണുകള്‍ ചുവന്നു തുടുത്തു.. ഭദ്രകാളിയെ പോലെ അവള്‍ ഉറഞ്ഞു തുള്ളി.
' നിങ്ങള്‍ക്ക് പെണ്ണുടലല്ലെ കാണേണ്ട്ത് മതിവരുവോളം കാണൂ..'
ഇതും പറഞ്ഞ് അവളവളുടെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചു മാറ്റാന്‍ തുടങ്ങി.. പൂര്‍ണ്ണ വിവസ്ത്രയായി അവളവന്റെ മുമ്പില്‍ നിന്നു... അവളുടെ ഉടലില്‍ പുഴുക്കള്‍ അരിച്ചിറങ്ങുന്നത് അവന്‍ അറപ്പോടെയും ഭയത്തോടെയും കണ്ടു. രണ്ടും കല്‍പ്പിച്ച് അവന്‍ അവളുടെ മുമ്പില്‍ നിന്ന് ലക്ഷ്യമില്ലാതെ വിദൂരതയിലേക്ക് ഓടിയകന്നു..
എത്ര ദൂരം ഒടിയെന്നറിയില്ല ദൂരെയൊരു വെളിച്ചം കണ്ടപ്പോള്‍ ആശ്വാസത്തോടെ അവനൊന്ന് നിന്നു. ആ വെളിച്ചം ലക്ഷ്യമാക്കി കിതപ്പോടെ അവന്‍ വേഗത്തില്‍ നടന്നു. നിലാവ് പൂര്‍ണ്ണമായും മറഞ്ഞിരിക്കുന്നു. കനത്ത കൂരിരുളിനെ കീറിമുറിച്ച് കാടും ചെടിയും വകഞ്ഞ് മാറ്റി ആവന്‍ ആ വെളിച്ചത്തിന്റെ ഉറവിടം കണ്ടെത്തി. അതൊരു ഹോമകുണ്ടമായിരുന്നു. ഇപ്പോള്‍ അണഞ്ഞ് പോകുമെന്ന രീതിയില്‍ അത് എരിഞ്ഞ് കത്തി കൊണ്ടിരുന്നു. ഇനിയെന്ത് എന്ന ഭാവത്തില്‍ അവനാ അഗ്നിക്കരികില്‍ തളര്‍ന്നിരുന്നു. ഇതുവരെ നടന്നതൊക്കെ അവിശ്വസനീയമായി തോന്നി അവന്. പെട്ടെന്നാരുടേയോ കാലൊച്ച കേട്ട് അവന്‍ ഞെട്ടിയെഴുന്നേറ്റ് ചുറ്റിലും നോക്കി. രണ്ട് രൂപങ്ങള്‍ വിദൂരതയില്‍ നിന്ന് നടന്നടുക്കുന്നു... അടുത്തെത്തിയതും അവന്‍ അഗ്നിയുടെ വെളിച്ചത്തില്‍ വ്യക്തമായി തന്നെ രണ്ടു പേരെയും കണ്ടു, ഉമ്മയും പുന്നാര അനിയത്തിയും അതും പൂര്‍ണ്ണ നഗ്നരായി...
'ഉമ്മാ... നിങ്ങളെന്താ ഇവിടെ അതും ഈ കോലത്തില്‍... '
അവന്‍ കരഞ്ഞു കൊണ്ടു ചോദിക്കാനൊരുങ്ങി. പക്ഷെ ശബ്ദം ഒരണു വിട പുറത്ത് വന്നില്ല..
' മോനേ.. ശാകിറേ.. നിനക്ക് വേണ്ടത് നഗ്നമായ പെണ്ണുടലല്ലേ... നീയത് തേടിയല്ലേ നടന്നത്... ഇതാ ഇവിടം രണ്ടുടലുകളുണ്ട്... മതിവരുവോളം നീ ഭോഗിക്കൂ..'
ഉമ്മയുടെ ശബ്ദം അവന്‍ വിദൂരതയിലെന്നോണം കേട്ടു.
' ഇക്ക, ഇന്നലെ ഇക്ക കണ്ടാസ്വദിച്ച പെണ്ണുടലിന് എന്റെ പ്രായമേ ഉണ്ടായിരുന്നുള്ളു.. എന്നെയും ഭോഗിച്ചാസ്വദിക്കൂ.. മതി വരുവോളം..'
അനിയത്തിയുടെ വാക്കുകള്‍ ചെവിയില്‍ ഈയം കോരി ഒഴിക്കും പോലെ അവന് തോന്നി. ഹോമകുണ്ടത്തിലെ അഗ്നി ഇപ്പോള്‍ ആളിക്കത്താന്‍ തുടങ്ങിയിരിക്കുന്നു... സഹിക്കാനാവാത്ത ചൂട് അവിടെ നിറഞ്ഞു. അപ്പോഴേക്ക് മറ്റൊരു പെണ്‍കുട്ടി കൂടി അവിടേക്ക് കടന്നു വന്നു. വൈകുന്നേരം ബസ്സില്‍ തന്റെ കൈകള്‍ വൃകൃതി കാണിച്ച പെണ്‍കുട്ടി. അവളും പൂര്‍ണ്ണ നഗ്നയായിരുന്നു..
' ഞാനും നഗ്നയാണ്.. എന്റെ ഉടലും നീയിനി ബസ്സിന്റെ തിരക്കില്‍ തേടേണ്ട... ഞാനിവിടെയുണ്ട്.. മതിവരുവോളം ഭോഗിച്ചോളൂ...'
അവളവനോട് ആക്രോഷിച്ചു. ഓടി മാറാനും മുഖം തിരിക്കാനും ശ്രമിച്ചെങ്കിലും അണുവിട അനങ്ങാന്‍ സാധിക്കാത്ത വിധം ശില പോലെ നിശ്ചലനായിരുന്നു അവന്‍.
പിന്നെയും പല ഉടലുകള്‍ അവിടെക്ക് കടന്നു വന്നു. അവന്‍ കണ്ണ് കൊണ്ട് ഭോഗിച്ചവര്‍ കൈകള്‍ കൊണ്ടും മനസ്സ് കൊണ്ടും ഭോഗിച്ചവര്‍ അങ്ങനെ പല പെണ്ണുടലുകള്‍. എല്ലാവരും ഞങ്ങളെ ഭോഗിക്കുവെന്നാക്രോശിച്ച് ഉന്മാദികളായ് അവന് ചുറ്റും നൃത്തം ചവട്ടി. ഒടുവില്‍ ഓരോരുത്തരായ് ഹോമകുണ്ടത്തില്‍ നിന്ന് പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ ചാടി വെന്തെരിഞ്ഞു.. അവസാനം ഉമ്മയും അിനയത്തിയും അവനും മാത്രം ബാക്കിയായ്....
' മോനേ... ഈ കാണുന്ന അഗ്നി വെറും അഗ്നിയല്ല.. നിന്റെ അനിയന്ത്രിത കാമത്തിന്റെ അഗ്നിസ്ഫുരണങ്ങളാണ് ഇവിടെ കാട്ടു തീ പോലെ പടര്‍ന്നു പിടിച്ചത്... അതില്‍ ഈയാം പാറ്റകളെ പോലെ എരിഞ്ഞൊടുങ്ങിയ കുറേ പെണ്ണുടലുകളെ നീ കാണുന്നില്ലേ.. ഞങ്ങളും പോവുകയാണ്... പോകാന്‍ സമയമായി'
വാക്കുകള്‍ അവസാനിപ്പിച്ച് ഉമ്മ അനിയത്തിയുടെ കൈകള്‍ പിടിച്ച് ആ അഗ്നിയിലേക്ക് ഇഴുകി ചേര്‍ന്നു.. അവര്‍ രണ്ടു പേരേയും അഗ്നിനാമ്പുകള്‍ കാര്‍ന്നു തിന്നുന്നത് കാണാനാകാതെ അവന്‍ കണ്ണുകള്‍ ഇറുകിയടച്ചു.
ശക്തമായി തലയ്ക്ക് എന്തോ അടിച്ചപ്പോയാണ് പിന്നീട് അവന്‍ കണ്ണുകള്‍ തുറന്നത്. കണ്ണുകള്‍ക്ക് മുമ്പില്‍ അരണ്ട വെളിച്ചത്തില്‍ ഫാന്‍ കറങ്ങുന്നത് അവ്യകത്മായി അവന്‍ കണ്ടു... അങ്കലാപ്പോടെ അവന്‍ ചാടിയെഴുന്നേറ്റു. എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. അഗ്നിയും കാടും ഉമ്മയും അനിയത്തിയും എല്ലാം.. ഇത്രയും നേരം താനൊരു ദുസ്വപ്‌നത്തിന്റെ പിടിയിലായിരുന്നുവെന്നത് അവന് അവിശ്വസനീയമായി തോന്നി. സ്വപ്‌നത്തിന്റെ തീവൃതയില്‍ തന്റെ തല കട്ടിലിന്റെ കോണില്‍ ഇടിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ പുറത്തു വരാനാവാതെ താനാ സ്വപ്‌നത്തില്‍ എക്കാലവും കുടുങ്ങി നിന്നേനെ.. ശരീരമാസകലും വിയര്‍ത്ത് കുളിച്ചിരിക്കുന്നു. കാലുകളില്‍ ഇപ്പോയും വിറയല്‍ ബാക്കി നില്‍ക്കുന്നു... അവന്‍ മുബൈലെടുത്ത് സമയം നോക്കി സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു. പുലര്‍കാലെ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിക്കുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത് അവന്റെ സിരികളില്‍ വീണ്ടും ഭയപ്പാടുകള്‍ തങ്ങി നിന്നു.
പെട്ടെന്ന് ഭ്രാന്തമായ വേഗത്തോടെ അവന്‍ അവന്റെ വസ്ത്രങ്ങളോരോന്നായ് ഊരിമാറ്റി സ്വയം നഗ്നനായി.. പിന്നെ ഉറച്ച കാലടികളോടെ വീടിന് വെളിയിലേക്കിറങ്ങി നടന്നു.. ആരുടേയോ വിളിയൊച്ച കേട്ടത് പോലെ അനന്ത ശൂന്യതയില്‍ അവന്‍ അലിഞ്ഞു ചേര്‍ന്നു.
By: ajmal ck

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot