നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രവാഹം

Image may contain: 1 person

"കല്യാണത്തിന് സമ്മതിച്ചില്ലേൽ ഞാൻ ഇറങ്ങിപ്പോകും".. ആ വാക്കുകൾക്കു കട്ടിയുണ്ടായിരുന്നു.. അച്ഛന്റെയും, അമ്മയുടെയും മനസിനെ തകർത്തുകളയാനും മാത്രമുള്ളൊരു ഊർജത്തിന്റെ പ്രവാഹം കൂടിയായിരുന്നു അത്..
"ലച്ചൂ.. ആരോടാ നീ സംസാരിക്കുന്നത് എന്നു ബോധ്യമുണ്ടോ".. ? അമ്മ ശകാരിച്ചുകൊണ്ട് അവളെ അടക്കി നിർത്താൻ ശ്രമിച്ചു. അച്ഛന്റെ മുഖത്ത് ശാന്തത തളംകെട്ടിനിന്നിരുന്നു. അയാൾ കണ്ണടയൂരി പതുപതുത്ത മഞ്ഞത്തുണികൊണ്ട് രണ്ട് ചില്ലുകളും തുടച്ചുകൊണ്ട് തിരികെവെച്ചു..
"സാവിത്രീ, നീ മിണ്ടാതിരിക്ക്.. മോളേ അച്ഛൻ കല്യാണം നടത്തിതരില്ല എന്നു പറഞ്ഞില്ലല്ലോ, പയ്യനെക്കുറിച്ച് അന്വേഷിക്കണം എന്നല്ലേ പറഞ്ഞത്. ആരും പറയുന്നതല്ലേ ഞങ്ങളും പറഞ്ഞുള്ളൂ.. ഭക്ഷണം കഴിച്ചെങ്കിൽ മോള് പോയികിടന്നോളു.. രാവിലെ പോകേണ്ടതല്ലേ.. ചെന്ന് കിടക്ക്‌.. ചെല്ല് മോളേ.. മോളുടെ അച്ഛനല്ലേ പറയുന്നത് ".. ?
വളർച്ചയുടെ പടവുകൾ അവൾ കയറുന്ന കാലത്ത്, സാവിത്രി ചോറുമായി മകളുടെ പിറകെ നടക്കുമ്പോഴും അയാൾ അങ്ങനെ പറയുമായിരുന്നു.. "കഴിക്ക് മോളേ, അച്ഛനല്ലേ പറയുന്നത് ".. വാശി മാറി ഓടിവന്നു കെട്ടിപ്പിടിച്ചു ചോറും കറിയും പുരണ്ട ചുണ്ടുമായി അച്ഛന്റെ കവിളിൽ ഉമ്മപടർത്തിവെയ്ക്കും.. അത് കാലങ്ങൾക്ക് മുമ്പായിരുന്നു.. അവൾ അന്ന് കുഞ്ഞായിരുന്നു.. ഇന്ന് വലിയ പെണ്ണാണ്‌.. സ്വന്തമായി തീരുമാനമെടുക്കാൻ നിയമാനുവാദമുള്ള പെണ്ണ്..
നിയമങ്ങൾക് കണ്ണുകളില്ല.. നിയമങ്ങൾക്ക് അച്ഛന്റെയും അമ്മയുടെയും ആദികളെക്കുറിച്ചു അറിയേണ്ട കാര്യമില്ല.. പേരറിയാത്ത പൂക്കളുടെ പടമുള്ള കിടക്കവിരിയുടെ മുകളിൽ അവർ കിടന്നപ്പോൾ സാവിത്രി അയാളുടെ നരച്ച മുടികളിൽ വിരലുകളോടിച്ചുകൊണ്ട് ചോദിച്ചു, "മോളുടെ അച്ഛന് ദേഷ്യമുണ്ടോ അവളോട്‌ ".. ?
മോളുടെ അച്ഛൻ.. രാജശേഖരൻ എന്ന പേര്ചുരുക്കി സാവിത്രി 'രാജേട്ടൻ' എന്ന് വിളിച്ചിരുന്നത് ലക്ഷ്മി ജനിക്കുന്നതിനു മുമ്പായിരുന്നു.. മകളെ എല്ലായ്പ്പോഴും ഇടയിൽ നിർത്താൻവേണ്ടിയാണു 'മോളുടെ അച്ഛൻ' എന്ന് വിളിക്കുന്നതെന്ന് അവൾ പഴയൊരു രാത്രിയിൽ അയാളോട് പറഞ്ഞുചിരിച്ചു..
"എന്തിനാ സാവിത്രി എനിക്കവളോട് ദേഷ്യം.. ? അവൾ നമ്മുടെ മോളല്ലേ.. കല്യാണം നമുക്ക് നടത്തണം.. നാളെ അവൾ ഇഷ്ടപെട്ട പയ്യന്റെകൂടെ ഇറങ്ങിപ്പോയാൽ നാട്ടുകാര് മുഴുവൻ അവളെ തന്നിഷ്ടക്കാരി എന്നുവിളിക്കും.. എനിക്ക് അവളെ അങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല.. അവൻ ആരായിരുന്നാലും നമുക്ക് കല്യാണം നടത്തികൊടുക്കാം.. ഇല്ലെങ്കിൽ മോള് നമ്മളെ തോല്പിക്കും.. നമുക്ക് ആരും ഇല്ലാതെയാവില്ലെടോ.. ? എന്റെ കാലം കഴിഞ്ഞാൽ താൻ തനിച്ചായിപോവില്ലേ. ? അല്ലെങ്കിലും അവളുടെയേതിഷ്ടത്തിനാ നമ്മൾ എതിര് നിന്നിട്ടുള്ളത് ".. ? അയാളുടെ ശബ്ദത്തിന്റെ ഇടർച്ച അവരുടെ കൈവിരലിലേക്ക് പടർന്നു. ഒരുപാട് സങ്കടപെട്ടുകൊണ്ട് അയാൾ എഴുന്നേറ്റ് അലമാരയിൽ നിന്നും പഴയൊരു ഡയറി തപ്പിയെടുത്തുകൊണ്ട് തുറന്ന ഡയറി ഭാര്യയുടെ നേരെ നീട്ടി...
"1994 ഡിസംബർ 24. ജീവിതത്തിലെ സന്തോഷമുള്ള ദിവസം. അനുജന്റെ വിവാഹമായിരുന്നു അന്ന്, അതിലുപരി മോൾക്ക്‌ നാല് വയസായി. ഒരുപാട് വാക്കുകൾ ചേർത്തു അവൾ നന്നായി സംസാരിക്കും.. അനുജന്റെ കല്യാണം കഴിഞ്ഞു പിരിയുമ്പോൾ പെൺകുട്ടിയുടെ അച്ഛനും അമ്മയും കരഞ്ഞുകൊണ്ടായിരുന്നു അവരുടെ മകളെ യാത്രയാക്കിയത്. ഒരു നൂറു സംശയങ്ങൾക്കിടയിൽ അവർ എന്തിനാണ് കരയുന്നതെന്നു ലക്ഷ്മിമോൾ ചോദിച്ചു.. കല്യാണം കഴിഞ്ഞു ഒരുദിവസം മോളും ഇതുപോലെ പോകുമെന്നും അന്ന് മോളുടെ അച്ഛനും അമ്മയും ഇതുപോലെ കരയുമെന്നു ബന്ധുക്കളിലാരോ പറഞ്ഞപ്പോൾ, അവൾ എന്നെ മുറുക്കെ കെട്ടിപ്പിടിച്ചുകരഞ്ഞു.. അച്ഛന്റെയടുത്തുനിന്നും എങ്ങോട്ടും പോകേണ്ട എന്നുംപറഞ്ഞുകൊണ്ട് ഉറക്കെ നിലവിളിച്ചുകൊണ്ട് തോളിൽ കിടന്നുറങ്ങി. രാത്രി ഉറക്കത്തിനിടയിലും ഞെട്ടിയുണർന്നു അച്ഛന്റെയടുത്തുനിന്നും എനിക്ക് പോകേണ്ട എന്നും പറഞ്ഞുകരഞ്ഞു. . വളരെ പാടുപെട്ടാണ് സാവിത്രി അന്ന് അവളെ ഉറക്കിയത്...
ഡയറി മടക്കിയപ്പോഴേക്കും ആ മുറിയുടെ അരണ്ട വെളിച്ചത്തിൽ ഒരു കരച്ചിൽ അലഞ്ഞു നടന്നു. . ഇതൊന്നുമറിയാതെ മകൾ അടുത്ത മുറിയിൽ കിടക്കുന്നുണ്ടായിരുന്നു...
"ദേവ"

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot