നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരണമെന്ന സത്യം

By: RejiBijuAntony

&&&&&&&&&&&&&&&
പണ്ടേ എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയായിരുന്നു.
ഓർമ്മവച്ചകാലം മുതൽ അമ്മൂമ്മയേയോ അമ്മയെയോ അച്ഛനെയോ കെട്ടിപിടിച്ചേ ഞാൻ ഉറങ്ങിയിരുന്നുള്ളു
ആരെങ്കിലും ചേർന്ന് കിടന്നിലേൽ എനിക്ക് ഉറക്കമേ വരില്ല.
വളർന്നെങ്കിലും ആരും അടുത്തില്ലാത്ത അപൂർവ്വം രാത്രികളിൽ ഭയത്താൽ മുഖം വരെ പുതച്ചുമൂടി കണ്ണുകൾ ഇറുകെ അടച്ചു വെളുക്കുംവരെ ഉണർന്നുതന്നെ കിടന്നു.
വിവാഹം കഴിഞ്ഞ ശേഷം സജിയേട്ടനായി എല്ലാം.
മോനെ പ്രസവിക്കുംവരെ സജിയേട്ടന് എന്നെകൊണ്ട് ശല്യം തന്നെ ആയിരുന്നു.
എന്റെ ഈ പേടി അറിയുന്നത് കൊണ്ട് ഒരു രാത്രി പോലും ഏട്ടനും എന്നെ ഒറ്റക്കാക്കിയിരുന്നില്ല.
എന്നും സജിയേട്ടനോട് പറ്റിച്ചേർന്നു ഏട്ടന്റെ ശരീരത്തിലെ ഇളം ചൂടേറ്റുള്ള ഉറക്കം.
പ്രസവത്തിന്റെ കുറച്ചു നാളുകളിൽ അല്ലാതെ മുടക്കമില്ലാതെയുള്ള ശീലം.
ഇപ്പോൾ മോനുള്ളതുകൊണ്ട്അവനും എന്നും എന്റെ ചൂടുപറ്റിയെ ഉറങ്ങിയിരുന്നുള്ളു.
എന്നിട്ടും ആദ്യമായി,ആദ്യമായിട്ട്.........
ഇന്നലെ രാത്രി പ്രിയപെട്ടവരാരും ഒപ്പമില്ലാതെ തനിച്ചായിപ്പോയി.
മടുപ്പിക്കുന്ന ഏകാന്തതയിൽ.
അസഹനീയമായ തണുപ്പിൽ മരവിച്ചു.
ആരും കെട്ടിപിടിക്കാനില്ലാതെ,ആരും ചേർന്ന് കിടന്നു ചൂട് തരാൻ ഇല്ലാതെ.
അജ്ഞാതമായ കുറെയേറെ ശവശരീരങ്ങൾക്കൊപ്പം ഒരു രാത്രി ഞാനും....
ഇന്നലെ എന്റെ പ്രാണൻ പോയശേഷം എന്നെ ഈ മോർച്ചറിയിൽ കൊണ്ടു കിടത്തുമ്പോൾ എനിക്ക് ഇവിടം വേണ്ടെന്നു, തനിച്ചു കിടക്കാൻ വയ്യെന്ന് ആരെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് ഒരുപാടു ആഗ്രഹിച്ചു
പക്ഷെ എല്ലാരും എന്നെ തനിച്ചാക്കി പുറത്തു പോവുകയാണ് ഉണ്ടായത്.
സജിയേട്ടാ ഏട്ടൻ പോലും മനസ്സിലാക്കിയില്ലല്ലോ.
പ്രിയപ്പെട്ടവർ ആരുമില്ലാതെ തനിച്ചു എനിക്ക് ഭയമാണെന്നു എന്റെ ഏട്ടൻപോലും അറിയാൻ ശ്രമിച്ചില്ലല്ലോ.
ഇന്ന് മോന്റെ പിറന്നാൾ ആയിരുന്നു.ഏറെ വർഷത്തെ നേർച്ചക്കും കാത്തിരിപ്പിനും ശേഷമുണ്ടായ ഞങ്ങളുടെ പൊന്നുമോൻ.
അവന്റെ മൂന്നാം പിറന്നാൾ.
അതു കഴിഞ്ഞ പിറന്നാളിനേക്കാൾ ആഘോഷമാക്കണമെന്നു എനിക്കും സജിയേട്ടനും നിർബന്ധം ആയിരുന്നു
ഇന്നലെ മുഴുവൻ അതിന്റെ തിരക്കായിരുന്നു
വീട് അലങ്കാരമൊക്കെ സജിയേട്ടൻ ഏറ്റെടുത്തു.
മോനും എനിക്കും പുതിയ ഡ്രെസ്സും കേക്കും മറ്റു അത്യാവശ്യം പർച്ചെസിങ് ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് നാളെ മുല്ലപ്പൂ
വയ്ക്കണമെന്ന ആഗ്രഹം ഞാൻ പറഞ്ഞത്.
പറഞ്ഞപാടെ സജിയേട്ടൻ ഓടി പൂക്കടയിലേക്കു.
ഒരുപാടുണ്ടായിരുന്നു മുല്ലപ്പൂ.
രാവിലെ അമ്പലത്തിൽ പോകുമ്പോഴും കുറച്ചു കേക്ക് മുറിക്കുമ്പോഴും വയ്ക്കാം.
സജിയേട്ടന്റെ സ്നേഹം അനുഭവിക്കുമ്പോൾ മോന്റെ കൊഞ്ചലിലും കുസൃതിയിലും ലയിക്കുമ്പോൾ ജീവിതത്തോട് അടങ്ങാത്ത കൊതിയാണ്.
ഏട്ടനൊപ്പം നൂറു വയസ്സുവരെ ജീവിക്കണം.എന്നിട്ടു ഏട്ടനെ കെട്ടിപിടിച്ചു കിടന്നു മരിക്കണം.
അപ്പോൾ ഏട്ടൻ പറയും.എനിക്കാദ്യം മരിക്കണം.കാരണം നീയില്ലാതെയുള്ള ജീവിതം എനിക്ക് പറ്റില്ല മോളെന്നു.
അത്ര സ്നേഹമായിരുന്നു അത്രയ്ക്ക് ഇഷ്ടമായിരുന്നു അത്രയും പ്രണയമായിരുന്നു ഏട്ടനെന്നോടു .
എന്റെയും ഏട്ടന്റെയും അടുത്ത സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയുമൊക്കെ ക്ഷണിച്ചിട്ടുണ്ട്
നാളെ ബന്ധുക്കളെയും കൂട്ടുകാരെയുമൊക്കെ ഒരുമിച്ചു കാണാമല്ലോ.
അതിന്റെ ഒരു ത്രില്ലിൽ ആയിരുന്നു ഞാൻ.
പിറന്നാൾ ആഘോഷം സ്വപ്നം കണ്ടു പെട്ടെന്നുതന്നെ നാളെ ആകാൻ കാത്തിരുന്നു.
ഒരു ഒൻപതു മണി ആയിക്കാണും.
ഏട്ടന് ചോറ് വിളമ്പിക്കൊണ്ടിരുന്നപ്പോൾ ആണ് ഞാൻ കുഴഞ്ഞു വീണത്.
പെട്ടെന്ന് തന്നെ ഏട്ടനെന്നെ ഹോസ്‌പിറ്റലിൽ എത്തിച്ചുവെങ്കിലും അവിടെ എത്തും മുൻപ്തന്നെ ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ടിരുന്നു.
അറ്റാക്ക് ആയിരുന്നുവത്രെ.
ആരോ എന്റെ ശരീരത്തിലേക്ക് വെള്ള പുതപ്പിച്ചു.
അവിടം മുതൽ ഞാൻ വെറും ശവം ആയി.
എന്റെ വേർപാട് സജിയേട്ടനെ തളർത്തിയിരിക്കുന്നു.
സജിയേട്ടന്റെ കൂട്ടുകാരും അടുത്ത ബന്ധുക്കളും എത്തിയിരുന്നു.
അവരൊക്കെകൂടി എന്റെ അന്ത്യ കർമ്മങ്ങൾ നാളത്തേക്ക് തീരുമാനിച്ചു
ഇത്രനാളും വേർപിരിയാതുള്ള യാത്രയായിരുന്നതുകൊണ്ടും ഇപ്പോൾ എന്നെന്നേക്കുമായുള്ള വേർപെടൽ ആണല്ലോ എന്നതുകൊണ്ടും ആകാം
മൃതം ആയെങ്കിലും ആ ദേഹത്തിനൊപ്പം മാത്രമേ നിലകൊള്ളാൻ കഴിയുന്നുള്ളു.
ഈ ദേഹത്തെ പെട്ടെന്ന് തന്നെ വീട്ടിലേക്കു കൊണ്ടുപോയിരുന്നെങ്കിൽ മോനെ കാണാമായിരുന്നു.
മോൻ ഇപ്പോൾ ആരുടെ കയ്യിൽ ആയിരിക്കും.എന്തെങ്കിലും കഴിച്ചു കാണുമോ.അവൻ ഉറങ്ങിക്കാണുമോ.
മോനെ കാണാൻ തിടുക്കപ്പെട്ടിരുന്ന എന്നെ എന്റെ ബന്ധുക്കൾ ഒരു രാത്രി മോർച്ചറിയിൽ ആക്കാനായിരുന്നു തീരുമാനിച്ചത്.
ജീവിച്ചിരുന്നപ്പോൾ മോർച്ചറി എന്ന വാക്കിനെ ഭയന്നിരുന്ന ,മൃതദേഹങ്ങളെ കാണാൻ ഭയന്നിരുന്ന ഞാൻ എത്രപെട്ടന്നാണ്‌ മോർച്ചറിയിൽ പലതരത്തിൽ മരിച്ച ശവങ്ങൾക്കൊപ്പം എത്തിപ്പെട്ടത്.
ഇത്രയൊക്കെയുള്ളൂ ജീവന്റെ,
സ്വപ്നങ്ങളുടേയുമൊക്കെ ആയുസ്.
ഒട്ടും പ്രതീക്ഷിക്കാതെ നിന്നനിൽപ്പിൽ എന്നന്നേക്കുമായി അവസാനിക്കുന്ന സ്വപ്നങ്ങളും സൗഭാഗ്യവും ജീവിതവും.
ഓമനിച്ചു സൂക്ഷിച്ച കുറെ സ്വപ്നങ്ങളും ഉത്തരവാദിത്തങ്ങളും പ്രിയമുള്ളവരുംഒരു നിമിഷംകൊണ്ട് എനിക്ക് ഒന്നുമല്ലാതായില്ലേ.
രാവിലെ തന്നെ മോർച്ചറിയിൽനിന്നും എന്നെ വീട്ടിലേക്കു കൊണ്ടുപോയി.
ഹാളിൽ ആണ് കിടത്തിയത്. ജന്മദിനം ആഘോഷിക്കാനുള്ള അലങ്കാരങ്ങൾ അവിടെ അതുപോലെതന്നെയുണ്ടായിരുന്നു.
ഇന്നലെയും വിളിച്ചു വിശേഷങ്ങൾ പറഞ്ഞിരുന്ന മോളുടെ പെട്ടെന്നുള്ള വേർപാട് താങ്ങാൻ കഴിയാതെ അമ്മ തളർന്നിരുന്നു.എന്റെ മൃതദേഹം കണ്ടു അമ്മയും അനിയത്തിയും ബന്ധുക്കളും അലമുറയിട്ടു കരയുന്നു.
ഞാൻ സജിയേട്ടനെ തിരഞ്ഞു.
സജിയേട്ടൻ എന്റെ വേർപാടിനെ ഉൾക്കൊണ്ടിരിക്കുന്നു.
എന്നെ അവസാനമായി യാത്രയാക്കാനുള്ള ഒരുക്കങ്ങളിൽ ആണ് സജിയേട്ടൻ.
ഏട്ടനെ കണ്ടിട്ട് നേരെ എന്റെ ബെഡ്‌റൂമിലേക്കാണ് പോയത്.
ഇന്നലെ മോന് വാങ്ങിയ കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും,ഏട്ടന്റെ ഷർട്ടും മുണ്ടും,എന്റെ മുല്ലമൊട്ടുമാല,അമ്പലത്തിൽ പോകാൻ വാങ്ങിയ സെറ്റ് സാരി,ചുരിദാർ ഒക്കെ ടേബിളിന്റെ പുറത്തു തന്നെ ഇരിപ്പുണ്ട്.
എല്ലാം എന്റെ ഇഷ്ടത്തിന് വാങ്ങിയവ.
ബെഡിൽ ഇന്നലെ എന്റെ ഇഷ്ടത്തിന് വാങ്ങിയ ഷീറ്റ് ആയിരുന്നു വിരിച്ചിരുന്നത്. അതിൽ മോൻ ഇരുന്നു കളിക്കുന്നു
അല്ലെങ്കിൽ തന്നെ ഈ മുറിയിൽ എന്റെ ഇഷ്ടങ്ങൾക്കായിരുന്നു കൂടുതൽ പ്രാധാന്യം.
കൊതിതീരാത്ത സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും നിമിഷങ്ങൾ മാത്രം നൽകിയിരുന്ന മുറി.
ഈ മുറിയിലെ ഓരോ നിമിഷങ്ങളും എത്ര പ്രിയപ്പെട്ടതായിരുന്നു.ഒന്നും അനുഭവിച്ചു കൊതി തീർന്നിരുന്നില്ല.
പക്ഷെ ഇനിയതൊക്കെ..................
എന്റേതെന്ന് മാത്രം കരുതിയ ഈ റൂമിനു കാലക്രമത്തിൽ വേറെ അവകാശികൾ വന്നേക്കാം.
മോന്റെ അടുത്ത് ചെന്നപ്പോൾ അവനെ എടുക്കാനായി കൈ നീട്ടുന്നു.
എടുക്കാഞ്ഞിട്ടാവാം അവൻ വിങ്ങിവിതുമ്പുന്നു.
വാരിയെടുത്തു നെഞ്ചോടു ചേർത്ത് തുരുതുരെ ഉമ്മവെക്കാൻ വെമ്പുന്നുണ്ടായിരുന്നു.പക്ഷെ................
ഇനിയൊരിക്കലും....................
ആ ഒരോർമ്മയിൽ ആകെ തളർന്നു പോയി.
പിന്നെ അവിടെ നിൽക്കാൻ കഴിഞ്ഞില്ല.
മോന്റെ ശിരസ്സിൽ തലോടി പുറത്തേക്കിറങ്ങി
പുറത്തു അന്ത്യകർമ്മങ്ങൾ തുടങ്ങി.
മോനെയുമെടുത്തു സജിയേട്ടൻ എന്റെ മൃതദേഹത്തിന് തീ കൊളുത്തി.
ചിത കത്തി തുടങ്ങിയപ്പോൾ മോൻ നിർത്താതെ കരഞ്ഞു തുടങ്ങി.
അമ്മ എന്ന സ്നേഹത്തെ എന്നെന്നേക്കുമായി നഷ്ടമായി എന്ന് അവന്റെ കുഞ്ഞു മനസ്സും മനസ്സിലാക്കിയിരിക്കാം .
ഇന്നലെവരെ അണിഞ്ഞൊരുങ്ങി നടന്ന എന്റെ ശരീരം അഗ്നിയിൽ ലയിച്ചു തുടങ്ങി.
എന്റെ ദേഹം കത്തിയമർന്നു തീരുമ്പോൾ ,കുറെ ദിവസങ്ങൾ കഴിയുമ്പോൾ സജിയേട്ടന്റെപോലും സങ്കടങ്ങൾ മാറും.എന്റെ സ്ഥാനത്തു മറ്റാരെങ്കിലും വരും.
എല്ലാവരും അവരുടേതായ ജീവിതത്തിലേക്ക് തിരികെ പോകും
ഏതാനും വർഷത്തേക്ക് പ്രിയപ്പെട്ടവർ ചരമവാർഷികത്തിന് മാത്രം ഓർക്കുന്ന ആളാകും ഞാൻ.
സജിയേട്ടന്റെയും ബന്ധുക്കളുടെയും മനസ്സിൽ കുറച്ചുനാളേക്കും മോന്റെ മനസ്സിൽ ,ഇനിയൊരിക്കലും തിരികെ കിട്ടാത്ത സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അമൂല്യ നഷ്ടമായി ഞാൻ ഉണ്ടാകാം.
കാലങ്ങൾ കഴിയുമ്പോൾ ഞാൻ എന്ന ഓർമ്മപോലും ഇല്ലാത്ത തലമുറയിൽ,എന്നെ അവസാനമായി ഏറ്റുവാങ്ങിയ മൺതരികളിൽപോലും എന്റെ ശേഷിപ്പ് മാഞ്ഞിട്ടുണ്ടാകും.
റജി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot