നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രാവിലെ



രാവിലെ നേരിയ തണുപ്പിൽ പുതപ്പിനകത്തു ഊഞ്ഞാലാടുന്നത് സ്വപ്നം കണ്ടുകിടന്ന ഞാൻ ഒരു അലർച്ച കേട്ടാണ് ചാടിയെഴുന്നേറ്റതു... ജനലിൽ കൂടി താഴേക്കു നോക്കിയപ്പോൾ അവിടെ വിമല അവളുടെ വീട്ടിനു മുന്നിൽ ഒരു കയറുമായി നിന്ന് വെല്ലുവിളിക്കുകയാണ്.... അതും സ്വന്തം കെട്ടിയോനെ....
ചാടിയെഴുന്നേറ്റ് താഴേക്കു പാഞ്ഞു... ഉറക്കം കാരണം കുറച്ചു ഭാഗം ഇപ്പൊ തന്നെ കണ്ടില്ല... ഇനിയും താമസിച്ചാൽ ബാക്കി കാണാൻ പറ്റില്ല... രണ്ടു സെക്കന്റിനുള്ളിൽ വിമലേടെ വീട്ടിനു മുന്നിലെത്തി...
അവിടെഎത്തിയപ്പോ താടിക്കു കൈകൊടുത്തു മദർ ഇൻ ലോയും ഉണ്ട് കാഴ്ച കാണാൻ.... എന്നെ കണ്ടു അമ്മ ഒന്ന് ഞെട്ടി... "ഇത്ര നേരെത്തെ ഇവളെഴുന്നേറ്റോ"...,എന്ന് ചിന്തിച്ചു...
"ചീമാരെ നിങ്ങളാ ണേൽ സഹിക്കുവോ"... വിമല എണ്ണിപ്പറക്കുവാണ്.....
വിമലയുടെ കെട്ടിയോൻ അമ്പു എന്ന അംബുജാക്ഷൻ ആരോ സ്റ്റാച്യു പറഞ്ഞപോലെ നിപ്പുണ്ട്... ഒന്നും അറിയാതെ വിമലയുടെ രണ്ടുവിര പോലുള്ള കുഞ്ഞുങ്ങൾ എന്റെ കയ്യിലേക്ക് നോക്കുന്നു....
"എന്താ സംഭവം... എന്തുപറ്റി... നീ എന്തിനാ കിണറ്റിലെ കയറും പിടിച്ചു നിൽക്കുന്നെ"...എന്റെ ചോദ്യം കേട്ട് വിമല അമ്പുവിന്റെ ഇടതു വശത്തേക്ക് നോക്കി... അപ്പഴാണ് കണ്ടത്.... ഒരു സുന്ദരി കോത....
"ഇതാരപ്പാ " എന്റെ ചോദ്യം കുറച്ചു ഉയർന്നുപൊങ്ങി...
"പറ മനുഷ്യാ... നിങ്ങള് തന്നെ പറ... കൊച്ചീമാര് കേക്കട്ടെ "....വിമല നൈറ്റിതുമ്പു കൊണ്ട് കണ്ണുതുടച്ചു പറഞ്ഞു.... അത് കേട്ടു അമ്പു നിലത്തു കളം വരച്ചതല്ലാതെ ഒന്നും മിണ്ടിയില്ല...
"ആരാ വിമലേ ഇത്..." എന്റെ ക്ഷമ നശിച്ചുതുടങ്ങിയിരുന്നു... "ഇതാ കൊച്ചീമാരെ.. ആ അവള് എലിസബത്..."...വിമല കാഞ്ഞിരക്കുരു കടിക്കുംപോലെ പറഞ്ഞു.... എന്റെ മുഖം എന്തുകൊണ്ടന്നറിയില്ല ഒന്നുവിടർന്നു.... വിമലയുടെ വാക്കുകളുലൂടെ മാത്രേ ഞാൻ ഈ കുസുമത്തിനെ കണ്ടിട്ടുള്ളൂ... ഈ സുന്ദര കുസുമം അമ്പുവിന്റെ രണ്ടാം കുടിയാണ്....
അമ്പുവിന് മിൽമാവണ്ടി ഓടിക്കലാണ്.... ചെറുതോണി പാലത്തിൽ സൈഡ് കൊടുത്തപ്പോൾ മൊട്ടിട്ട പ്രണയം....
വീട് വെള്ളം കേറിയപ്പോൾ ദുരിതാശ്വാസ ക്യാംപിനു വിമലയുടെ വീട്ടിലേക്കു കൊണ്ടുവന്നതാണ്...
"രണ്ടോസത്തെ കാര്യല്ലേ വിമലാസെ നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ...വീട് വെള്ളം കേറീട്ടല്ലേ " എന്റെ വാക്കുകൾ കേട്ട് രണ്ടു ഞെട്ടലുണ്ടായി... ഒന്ന് വിമലയുടെയും പിന്നെ മറ്റൊന്ന് എന്റെ മദർ ഇൻ ലോയുടെയും...
"കൊച്ചീമാരണേൽ സമ്മതിക്കുമോ".., വിമല എന്നോട് മറുചോദ്യം ചോദിച്ചു... "ഇങ്ങനെ ഒരു സാധനം" എന്ന മട്ടിൽ അമ്മായിയമ്മയും എന്റെ മുഖത്തേക്ക്... ഞാൻ മറുപടി പറയാതെ തിരിഞ്ഞു വീട്ടിലേക്കു നോക്കി... അവിടെ ടെറസ്സിൽ എന്റെ മറുപടി എന്താണെന്ന ആകാംഷയിൽ രണ്ടു കണ്ണുകൾ... എന്റെ നോട്ടം അവിടെ എത്തിയതും ആ കണ്ണുകൾ അകത്തേക്ക്....
" എനിക്കരുല്ലല്ലോ ഇതിനു സമാധാനം കാണാൻ... എന്റെ ഈ പിട്ട പിള്ളേരേം കൊണ്ട് ഞാൻ ചാവും... ഞാൻ ആരോടാ എന്റെ വിഷമം പറയുന്നേ എന്റെ ദൈവമേ"
വിമല നിലത്തിരുന്നു കരഞ്ഞു....
ഇന്നാള് ഞാൻ സ്കൂട്ടറിൽ വരുമ്പോൾ പാടവരമ്പത്തു എൽ ഐ സി പിരിവ് നടത്തുന്ന രാജൻ ചേട്ടനോട് വിമല വിഷമം പറയുന്നത് ഞാൻ എന്റെ ഈ കണ്ണുകൊണ്ടു കണ്ടിട്ടുണ്ട്... എന്നിട്ടാണ് ഈ ഡയലോഗ്... " ഇവിടെ ഒരു മെബൈറുണ്ട് ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല... ഇനി ഓട്ടും ചോദിച്ചു വരട്ടെ "ഈ കാര്യത്തിൽ മെമ്പർ എങ്ങെനെ വന്നെന്നു എനിക്ക് മനസ്സിലായില്ല...
പെട്ടെന്ന് ഒരു സ്വരം "എന്നെ ചൊല്ലി ആരും ചാവേം മെമ്പറെ വിളിക്കം വേണ്ട... അംബുജാക്ഷൻ ചേട്ടൻ നിർബന്ധിച്ചോണ്ടു വന്നതാ. .. ഞാൻ അങ്കണവാടിൽ താമസിച്ചോളാം "എലിസബത്താണ്... ഞാൻ വിടർന്ന കണ്ണോടെ അവളെ നോക്കി.... വിമലയെ പോലല്ല... വെളുത്ത സുന്ദരി... അമ്പുവിനേക്കാൾ ഉയരം... പശുകുട്ടിയുടെ കണ്ണുകൾ പോലെ നിഷ്കളങ്കത തോന്നുന്ന കണ്ണുകൾ...
"ഞാൻ കൊണ്ടുവിടാം കൊച്ചേ "... ആദ്യമായി അമ്പുവിന്റെ ഒച്ച പുറത്തുവന്നു.... "അയ്യോ എന്തോ സ്നേഹം " വിമല ആഞ്ഞു ഒരു ആട്ട്....
എലിസബത് ഒന്നും മറുത്തു പറഞ്ഞില്ല... കയ്യിലിരുന്ന ഒരു പ്ലാസ്റ്റിക് കൂട്ടിൽ നിന്നും ഒരു വലിയ പൊതി വിമലയുടെ കുഞ്ഞുങ്ങൾക്ക് കൊടുത്തു.. പിന്നെ മില്മവണ്ടിയിൽ കേറി.....
വിമലയുടെ പിള്ളേർ പൊതി കിട്ടേണ്ട താമസം അത് അഴിച്ചു തീറ്റ തുടങ്ങി... നല്ല സുഗന്ധമുള്ള അവലോസുണ്ട... ഞാനും ഒരെണ്ണം എടുത്തു... നല്ല ഏലക്കായും ശർക്കരയും ചേർന്നത്....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot