വാട്ട്സപ്പുകൾക്ക് പറയാനുള്ളത് I Suresh Menon


 "ഹായ് സ്മിത "
വണ്ടി പാർക്ക് ചെയ്ത് ഹൈപ്പർ മാർക്കറ്റിന്റെ അകത്തേക്ക് കയറുന്ന സ്മിതയെ നോക്കി രവിചന്ദ്രൻ വിളിച്ചു ... സ്മിത തിരിഞ്ഞു നോക്കി ... ഒരു നിമിഷം വിശ്വസിക്കാൻ കഴിഞ്ഞില്ല ...
"ഹായ് രവി ... വാട്ട് എ സർപ്രൈസ്... ന്താ ഇവിടെ ... "
"എനിക്കിങ്ങോട്ട് ട്രാൻസ്ഫറായി "
" ഹോ അത് ശരി... വരുണിനും ഇങ്ങോട്ട് ട്രാൻസ്ഫറായി ... "
കുറച്ചുനേരം ഇരുവരും മുഖത്തേക്ക് നോക്കി ....ഒന്നും മിണ്ടിയില്ല ....പിന്നെ പതിയെ ഇരുവരും തലതാഴ്ത്തി ...
ഹൈപ്പർ മാർക്കറ്റിന്റെ വിശാലമായ ഗ്രൗണ്ട് ഫ്ലോറിലൂടെ ഇരുവരും പ്രത്യേകിച്ചൊന്നും പറയാതെ മുന്നോട്ട് നടന്നു...
"സമിത നിനക്ക് ചോക്ക്ലേറ്റ് ഐസ് ക്രീം ഇഷ്ടമായിരുന്നില്ലെ ... വാ "
സമീപത്ത് കണ്ട ഐസ് ക്രീം കൗണ്ടറിലേക്ക് അവർ നീങ്ങി ... ചായം തേച്ച ചാരു ബഞ്ചിൽ മുഖത്തോട് മുഖം നോക്കി അവർ ഇരുന്നു ....
"ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാമൊ "
സ്മിതയുടെ ചോദ്യത്തിന് രവി പുരികമുയർത്തി ....
" ഇന്ന് ആഗസ്റ്റ് പതിനാറ് .... ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ പിറ്റെന്നാൾ നമുക്കും കിട്ടി സ്വാതന്ത്ര്യം .... ഓർമ്മയില്ലെ ...."
" ഓർക്കുന്നു സ്മിത .... കോടതിയുടെ അനുവാദത്തോടെ നമ്മൾ ഡൈവോഴ്സ് നേടിയ ദിവസം ....അല്ലെ "
" ഉം "
ചോക്ലേറ്റ് ഐസ് ക്രിം അവരുടെ ഇടക്ക് കയറി
" രവിയുടെ വൈഫിന്റെ പേര് "
" സമുദ്ര "
"ഹൊ എ റെയർ നെയിം "
"എത്ര കുട്ടികളാ "
" ഒരാൺകുട്ടി .... സരോജ് ... ഇപ്പൊ മൂന്ന് വയസ്സായി "
" സ്മിതയെക്കുറിെച്ചൊന്നും പറഞ്ഞില്ല "
"ഹസ്ബന്റ് വരുൺ ... ഇവിടെ മറൈൻ എൻ ജീനിയറാ.... മക്കളൊന്നും ആയില്ല "
" ആളെങ്ങിനെ ...."
"ഹോ ഒന്നും പറയണ്ട പക്കവർക്കോഹിളിക്ക് ... ഇപ്പൊ പുള്ളിക്കാരൻ മറൈൻ എൻജിനീയറിങ്ങ് മായി ബന്ധപെട്ട് ഒരു ബിസിനസ്സ് സംരംഭത്തിലാണ് ....."
"എങ്ങിനെ സമയം കളയുന്നു ...... "
"ഫ്ലാറ്റിൽ ഒറ്റക്കിരുന്ന് എനിക്ക് മതിയായി രവി .... ജോലി ബിസിനസ്സ് എന്നൊക്കെ പറഞ്ഞ് വരുൺ ഫ്ലാറ്റിലെത്താൻ വളരെ വൈകും ... ... റൊമാൻസൊക്കെ എന്നോ നഷ്ടം വന്നു ..."
"ഞാനൊരു കാര്യം പറയട്ടെ രവി ...."
"ഉം പറ ....."
" ചിലപ്പൊ തോന്നും നമ്മുടെ ഡൈവോഴ്സ് വേണ്ടിയിരുന്നില്ല എന്ന് ....വെറുതെ ഒരു വാട്സപ്പ് ചാറ്റിന്റെ പുറത്ത് ........"
" ലീവ് ഇറ്റ് ... അതെല്ലാം അടഞ്ഞ അദ്ധ്യായങ്ങളായില്ലെ ....."
"രവി നിന്റെ ഫോൺ നമ്പർ താ ...."
സ്മിത അത് ഫീഡ് ചെയ്തു ...
" ഇത് തന്നെയാണൊ വാട്സപ്പും "
" യെ സ്.... ഞാൻ രാത്രി ടെക്സ്റ്റ് ചെയ്യാം ....
"ഒ ക "
"ടാ മെസ്സേജ് അയക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടൊ "
" ഏയ് നീ ധൈര്യമായി അയച്ചൊ "
അവർ യാത്ര പറഞ്ഞ് പിരിഞ്ഞു ....
രാത്രി ഭക്ഷണം കഴിഞ്ഞ് വരാന്തയിൽ തണുത്ത കാറ്റും കൊണ്ടിരിക്കുമ്പോഴാണ് രവിയുടെ ഫോണിൽ വാട്സപ്പ് മെസ്സേജിന്റെ വരവറിയിച്ചു കൊണ്ട് ബീപ്പ് സൗണ്ട് വന്നു
"ഹായ് രവി .... ഭക്ഷണം കഴിഞ്ഞൊ ...."
"ഉം "
"എന്തായിരുന്നു സ്പെഷ്യൽ ......."
"ഇന്ന് ചപ്പാത്തിയും ചിക്കൺ മസാല യും "
"വൈഫ് എങ്ങിനെ ... നല്ല കുക്കാണൊ "
"യെസ് എക്സലന്റ് "
" എന്നെ പോലെയല്ല അല്ലെ" ... കൂടെ പൊട്ടിച്ചിരിക്കുന്ന ഇമോജികളും ...
രവി മറുപടി ഒന്നും അയച്ചില്ല
" സമുദ്ര എവിടെ ... അടുത്തുണ്ടൊ ......."
" ഇല്ല ഞാൻ ബാൽക്കണിയിൽ ഇരിക്കുന്നു :അവൾ ബെഡ് റൂമിൽ മോനെ യുറക്കുന്നു ... "
" രവി : ഐ ഫീൽ സൊ റിലാക്സ്ഡ് ... എന്താണെന്ന് അറിയില്ല .... ടാ .."
"ഉം . "
"നിനക്കെന്നോട് പ്രത്യേകിച്ച് ഒന്നും പറയാനില്ലെ ...."
" കുറെ പറയാനുള്ളപ്പോൾ ഒന്നും പറയാൻ പറ്റില്ല
എന്ന് കേട്ടിട്ടില്ലെ ... ഞാൻ ആ അവസ്ഥയിലാണിപ്പോൾ "
" സത്യത്തിൽ ഐ ആം ബ്ലെസ് ഡ് രവി ...നിന്നെ ഇവിടെ കണ്ടുമുട്ടിയതിൽ .....ഒന്ന് സംസാരിക്കാൻ മനസ്സ് തുറന്ന് കാര്യങ്ങൾ പങ്കു വെക്കാൻ ഒരാളെയെങ്കിലും കിട്ടിയല്ലൊ... "
രണ്ടു പേരും ഓൺലൈൻ ആയിരുന്നെങ്കിലും കുറച്ചു നേരം മെസ്സെജുകൾ ഒന്നും പരസ്പരം അയക്കാതെ ഇരുവരും മൊബൈലിൽ നോക്കിയിരുന്നു ....
"രവി നാളെ വൈകിട്ട് നീ ഫ്രീയാണൊ ... "
" ഉം .. ന്തെ ...."
എനിക്കാലില്ലിപുട്ട് ഫുട്ട് വെയേർസിൽ ഒന്ന് പോണം ..ഒരു ചെറിയ പർച്ചേസ് ....."
" വരുൺ ....?
"വരുൺ ബാഗ്ലൂരിലേക്ക് പോയി ... എന്റെ കയ്യിൽ രണ്ടുമൂന്ന് atm കാർഡുകൾ :: തന്നു ...അത് പോരെ ..... "
സ്മിത കുറെ സ്മൈലികളും കൂട്ടിനയച്ചു ...
പർച്ചേസും കഴിഞ്ഞ് കടൽക്കരയിൽ കാറിൽ വന്നിറങ്ങിയപ്പോൾ സ്മിത വല്ലാത്ത സന്തോഷത്തിലായിരുന്നു ..... കടൽക്കരയിൽ കപ്പലണ്ടിയും കൊറിച്ച് അവളങ്ങനെ തിരകളെയും നോക്കിയിരുന്നു ....
"കടലിനെ ഒരു പാടിഷ്ടായൊ ......." തിരകളെ നോക്കിയിരിക്കുന്ന രവിയുടെ കവിളിൽ കൈവിരലുകൾ മെല്ലെ കുത്തി സ്മിത ചോദിച്ചു ..
" ... എത്രായിരം കിലോമീറ്റർ സഞ്ചരിച്ചാണ് ഈ തിരകൾ ഇവിടെ എത്തുന്നതല്ലെ ... ഓരോ മണൽ തരികളെയും പുൽകി പിൻവാങ്ങുമ്പോഴെക്കും ദാ വരുന്നു പുതിയ തിരകൾ ... അവയെയും ഈ മൺതരികൾ കെട്ടിപിടിച്ചുമ്മവെക്കുന്നു .... സ്നേഹിക്കാനും
ഉമ്മ
വെക്കാനും കെട്ടിപിടിക്കാനും എത്രയോ തിരകൾ എന്ത് രസാലെ "
സ്മിത രവിയുടെ കൈവിരലുകൾ തന്റെ കൈവിരലുകളുമായി കോർത്ത് പിടിച്ചു ....
" നീ എന്താ ഒന്നും മിണ്ടാത്തെ ... "
" ഏയ് ഒന്നുമില്ല .... ഞാനും ഓർക്കുകയായിരുന്നു ... " രവി തുടർന്നു.ഈ തിരകൾക്കും ഈ മണൽത്തരികൾക്കും എന്തെങ്കിലും ഒരു എഴുതിവെച്ച നിയമങ്ങളുണ്ടൊ ... ഒന്നുമില്ല ... അവരുടെ ഇഷ്ടം പോലെ അവരുടെ പ്രണയം പതഞ്ഞ് പതഞ്ഞ് പൊങ്ങിക്കൊണ്ടെയിരിക്കുന്നു ......"
"മരിക്കാത്ത എത്രയോ പ്രണയങ്ങൾ ഉണ്ട് ...അല്ലെ ഈ ഭൂമിയിൽ ... ഇല്ലെ"
"ഉം " രവി യൊന്ന് മൂളി ...
"
"എന്തിനൊക്കെയൊ വേണ്ടി ആർക്കൊക്കെയോ വേണ്ടി അടിച്ചമർത്തപെട്ട ഇഷ്ടങ്ങൾ ... പ്രണയങ്ങൾ .... ഞാൻ നിന്റെ യും നീ എന്റെതുമായി ജീവിച്ചിരുന്ന കാലത്ത് സത്യത്തിൽ അടിച്ചമർത്തപെട്ടത് നമ്മുടെ പ്രണയമല്ലെ .... നമ്മൾ അതെക്കുറിച്ച് ആ കാലത്ത് മറന്നു പോയി "
"അടിച്ചമർത്തപെടുന്ന പ്രണയങ്ങൾ പിന്നീട് ഒരു വലിയ ദുരന്തമായി മാറിയേക്കാം രവി ........ അല്ലെ :
രവിയുടെ ചുമലിൽ തല വെച്ച് അസ്തമയ സൂര്യ
നെ നോക്കി സ്മിതയിരുന്നു
" നിനക്കിപ്പൊൾ ഇങ്ങനെയിരിക്കുന്നതിൽ എന്തെങ്കിലും കുറ്റബോധം തോന്നുന്നൊ രവി ....."
ഇല്ലെന്നർത്ഥത്തിൽ രവി തലയാട്ടി ...
" എനിക്കും ....അല്ലെങ്കിതന്നെ എന്തിനാ കുറ്റബോധം ... ... നമ്മൾ എന്ത് കുറ്റം ചെയ്തു ...
... ആരും കുറ്റം ചെയ്യാൻ വേണ്ടി ഒന്നും ചെയ്യുന്നില്ല ...അങ്ങിനെ ആയി പോകുന്നു ... അവരറിയാതെ ......"
.....................
പതിവ് പോലെ അന്നും ഭക്ഷണം കഴിഞ്ഞ് ബാൽക്കണിയിലിരുന്ന് മാനത്തെ പൂർണ്ണ ചന്ദ്രനെയും നോക്കി രവിയിരുന്നു ...സമുദ്ര കുട്ടിയെ ഉറക്കാനായി ബെഡ് റൂമിലും ...പെട്ടെന്നാണ് സമുദ്രയുടെ മൊബൈൽ ഫോൺ ശബ്ദിച്ചത്
"ഏട്ടാ ഒന്നു നോക്കിയെ... അമ്മയാണെങ്കി ഞാൻ അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞേക്ക് ....."
തൊട്ടടുത്ത മുറിയിൽ വച്ചിരുന്ന സമുദ്രയുടെ മൊബൈൽ രവി കയ്യിലെടുത്തു ... അമ്മയാണ് ... വെറുതെ വിളിച്ചതാണ് ... വിശേഷങ്ങൾ പങ്കു വെച്ച് രവി ഫോൺ താഴെ വച്ചു ...പെട്ടെന്നാണ് വാട സപ്പ് ബീപ്പ് സൗണ്ട് വന്നത് ...രവി നോക്കി .... ഒരു വിജയ് മോഹന്റെ മെസ്സേജ് ...
"ഹായ് സമുദ്ര ... കുട്ടിയെ ഉറക്കി കഴിഞ്ഞില്ലെ"
കുറച്ചുനേരം വിജയ് മോഹൻ ഓൺലൈൻ ആയിരുന്നു .പിന്നെ പതിയെ ഓഫ് ലൈനായി ...
ഒരു കൗതുകത്തിനായി രവി സമുദ്രയുടെ വാട്സപ്പിലൂടെ ഒന്ന് വിരലോടിച്ചു ...
" ഗുഡ് മോണിങ്ങ് സമുദ്ര " .
"ഹായ് വിജയ് : ഇന്ന് നേരത്തെയാണല്ലൊ :
"ഒരു ചെറിയ ടെംപറേച്ചർ... അത് കൊണ്ട് ഇന്ന് ഒഴിവു ദിനമാക്കി ...."
" ഒരു ചുക്കു കാപ്പിയിട്ട് കുടിക്ക് "
: എനിക്കറിഞ്ഞൂടാ ...നീയിട്ടു താ സമുദ്ര ........."
"ശരി ... ഏറ്റു ചുക്കു കാപ്പിറഡി.വായ പൊളിച്ചെ ഒഴിച്ചു തരാം "
"ആ "
" വിജയ് ..ഞാൻ കുറച്ചു കഴിഞ്ഞ് വരാം ലേശം പണിയുണ്ട് "
" ടാ എത്ര ദിവസമായി നീ യൊരു സെൽ ഫിതന്നിട്ട് ....... "
" അച്ചോടാ ... ഇന്ന് തരാം ട്ടാ ... കുളിയെല്ലാം കഴിയട്ടെ "
" നിന്റെ കയ്യിൽ ഒരു മഞ്ഞ ചുരിദാർ ഇല്ലെ.. അതിട്ട് അയക്ക് "
"യാ ഷുവർ "
ബൈ
ബൈ
ഒരു നേർത്ത പുഞ്ചിരിയോടെ രവി ഫോൺ താഴെ വച്ചു ... പതിയെ കണ്ണുകളടച്ച് കസേരയിൽ ചാരിയിരുന്നു ...
"മരിക്കാത്ത പ്രണയങ്ങൾ ഈ ഭൂമിയിൽ എത്രയോ ഉണ്ട് ചിലത് നാം അറിയുന്നു ...ചിലത് അറിയുന്നില്ല ..... സ്മിതയുടെ വാക്കുകൾ രവിയുടെ ചെവിയിൽ മുഴങ്ങി
" അടിച്ചമർത്തപെടുന്ന പ്രണയങ്ങൾ പിന്നീട് ഒരു വലിയ ദുരന്തമായി മാറിയേക്കാം അല്ലെ ....."
ചിന്തകൾ രവിയുടെ നെഞ്ചിടിപ്പ് കൂട്ടിയപ്പോൾ അയാൾ തന്റെ കൈവിരലുകൾ മുടിയിഴകളിലൂടെ ഓടിച്ചു കൊണ്ടേയിരുന്നു ....
നിയമങ്ങളില്ലാത്ത ലോകത്ത് പ്രണയം ആവോളം ആസ്വദിക്കുന്ന .... അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്യാത്ത തിരയെയും തീരങ്ങളെയും ഓർത്ത് ....
(അവസാനിച്ചു)

കടൽക്കാറ്റ് I Lekha Madhavan

 

കാറ്റ് ചില്ല് ജനാലയിൽ തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. സാമാന്യം ശക്തിയായി തന്നെ മുട്ടുന്നു. കിടക്കയിൽ കിടന്നു തന്നെ അവൾ പുറത്തേക്കു നോക്കി. മരങ്ങൾ ശക്തമായി ഉലയുന്നുണ്ട്. വിചാരിച്ചതിലും മുമ്പ് തന്നെ കാറ്റും മഴയും എത്തിയോ?
കാലത്ത് പത്തു മണിയോടെ കൊടുങ്കാറ്റ് ദ്വീപൽ എത്തും എന്നായിരുന്നു മുന്നറിയിപ്പ്.
അകലെ കറുത്തു കിടക്കുന്ന കടലിലെ തിരമാലകൾ പാറക്കെട്ടുകളിൽ ആഞ്ഞടിക്കുന്നു. ഇരുട്ടിന്റെ കറുത്ത വിരികൾക്കു താഴെ പുതച്ചുറങ്ങുന്ന ദ്വീപ് കണ്ടു കൊണ്ടാണ് ഉറങ്ങാൻ കിടന്നത്.
അവൾ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി. കാറ്റ് ചുഴറ്റി എറിയുന്നതിന് മുമ്പ് ഷട്ടറുകൾ വലിച്ചിട്ടു മുറിയിലേക്ക് ഓടിക്കയറി. നിമിഷങ്ങൾ കൊണ്ട് അകത്തു ഇരച്ചു കയറിയ കാറ്റ് കിട്ടിയതൊക്കെ തട്ടിയിട്ടു. മുഖത്ത് വീശിയടിച്ച മഴത്തുള്ളികൾ, ഉറക്കത്തിന്റെ ആലസ്യം കഴുകി എറിഞ്ഞു.
നാട്ട് വെളിച്ചം നഷ്ടപ്പെട്ട മുറിയിൽ കാറ്റിനോടൊപ്പം ഇരുട്ടും അരിച്ചു കയറി. എമർജൻസി വിളക്കിന്റെ മഞ്ഞ വെളിച്ചം ഇരുട്ടിനെ ആട്ടിയകറ്റുന്നത് നോക്കി അവൾ കിടക്കയിൽ ചരിഞ്ഞു കിടന്നു.
കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് വരുന്നതിന് മുന്നേ കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ വേണ്ടി പ്രധാന ദ്വീപിലേക്ക് പോയതാണ് റോബിൻ.
കാറ്റ് എത്തുന്നതിന് മുമ്പ് തിരിച്ചെത്തും എന്നായിരുന്നു കരുതിയിരുന്നത് . ജസ്ല കിടക്കയുടെ അരികിൽ ഉള്ള ക്ലോക്കിൽ എത്തി നോക്കി.
സമയം രണ്ടു മണി.
അവളുടെ മനസ്സ് റോബിനെ കുറിച്ച് ഉള്ള ചിന്തകളിൽ മുഴുകി.
മിനിയാന്ന് വൈകിട്ട് ഇറങ്ങുമ്പോൾ റോബിൻ അവളെ ചേർത്ത് പിടിച്ചു. ഒരു ദിവസം പോലും അവളെ പിരിഞ്ഞു ഇരിക്കാൻ വിഷമമാണ് റോബിന്.
"ചരക്കുകൾ എടുത്തു നാളെ കാലത്ത് ഉള്ള ബോട്ടിൽ മടങ്ങാം."
റോബിനും ജസ്ലക്കും ഒരു ചെറിയ ഗ്രോസറി സ്റ്റോർ ഉണ്ട്. ദ്വീപിലെ മെഡിക്കൽ സ്കൂളിൽ വരുന്ന കുട്ടികൾക്ക് അത്യാവശ്യം നിലവാരമുള്ള സാധനങ്ങൾ എത്തിക്കാൻ തുടങ്ങിയത് വളരെ നന്നായി തന്നെ നടക്കുന്നുണ്ട്.
മഴക്കാലത്തെ കൊടുങ്കാറ്റ് ദ്വീപിനെ പലപ്പോഴും ഒറ്റപ്പെടുത്തും. അത് കൊണ്ട് ആ സമയങ്ങളിൽ അല്പം അധികം സാധനങ്ങളും മറ്റും വാങ്ങി സൂക്ഷിക്കുന്നത് പതിവാണ്.
ഒരു പ്രധാന ടൂറിസ്റ്റ് ലൊക്കേഷൻ ഒന്നും അല്ലെങ്കിലും സ്കൂബ ഡൈവിങിന് പ്രധാന ദ്വീപിൽ നിന്ന് വരുന്ന ടൂറിസ്റ്റ്കൾക്കും മക്കളെ കാണാൻ എത്തുന്ന മാതാപിതാക്കൾക്കുമായി അവരുടെ വീട് എട്ട് മുറികൾ ഉള്ള ഒരു ഹോട്ടൽ ആക്കിയതും റോബിന്റെ ഐഡിയ ആയിരുന്നു.
നീല നിറത്തിലുള്ള കരീബിയൻ കടലിലിന്റെ ഭാവമാറ്റങ്ങൾ നോക്കി എല്ലാം മറന്ന് ഇരിക്കാൻ പാകത്തിൽ നീണ്ട വരാന്തകളുള്ള ഹോട്ടലിന് ജസ്ലയുടെ പേരാണ്.
അതിഥികൾ വരുമ്പോൾ അവർക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നതും ഹൗസ് കീപ്പിങ്ങും ജസ്ലയും അവൾക്ക് സഹായത്തിന് ആയി വരുന്ന രണ്ടു സ്ത്രീകളും കൂടി ആണ്.
ഹോട്ടലിൽ നിന്നും വലിയ ലാഭം ഇല്ലെങ്കിലും, ജസ്ലാസ് പാലസ് അവരുടെ സ്നേഹത്തിന്റെ പ്രതീകമായിരുന്നു. അവിടെ എത്തുന്ന അതിഥികളിലൂടെ അവൾ കാണാത്ത ലോകത്തിന്റെ കഥകൾ കേട്ടു. എന്നെങ്കിലും റോബിനോടൊപ്പം ആ രാജ്യങ്ങൾ കാണാൻ അവൾ ആഗ്രഹിച്ചു.
റോബിൻ അവളുടെ ജീവിതത്തിൽ വന്നു അഞ്ച് വർഷമായി. ഫ്ലോറിഡയിലെ ഒരു റിസോർട്ടിലെ ഗസ്റ്റ് സർവീസിൽ ജോലി ചെയ്യുകയായിരുന്നു അവൾ. ബ്രൗൺ സ്കർട്ടും വെളുത്ത ബ്ലൗസിനും മുകളിൽ മഞ്ഞ നിറത്തിലുള്ള ഏപ്രൺ കെട്ടി ചുറുചുറുക്കോടെ ഓടി നടക്കുന്ന അവളെ കാണാതിരിക്കാൻ റോബിന് കഴിഞ്ഞില്ല. പിന്നീട് കാരണം ഉണ്ടാക്കി അവളോട് സംസാരിക്കാൻ ചെന്നപ്പോൾ അവൾ ഒഴിഞ്ഞു മാറി.
ഹോട്ടലിൽ ജോലി ചെയ്യുന്ന സുന്ദരികളായ പെൺകുട്ടികൾക്ക് അറിയാം കുറച്ചു ദിവസങ്ങളിലെ സന്തോഷം തേടി വരുന്ന അതിഥികളുടെ മനസ്സ്.
പക്ഷേ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി വെളുത്ത നിറമുള്ള, സ്വർണ്ണമുടി ചുരുളുകൾ നെറ്റിയിലിലേക്ക് വീണ് കിടക്കുന്ന ബ്രിട്ടീഷുകാരന് മറ്റെന്തോ പ്രത്യേകതകൾ ഉണ്ടെന്ന് അവളുടെ ഹൃദയം പറഞ്ഞു.
കരീബിയൻ ദ്വീപുകളിൽ ഇൻവെസ്റ്റ്മെന്റ് ചെയ്യാനുള്ള പ്ലാനുകളുമായി വന്നതാണ് റോബിൻ. നഗരത്തിലെ തിരക്കിൽ നിന്നും ഒഴിഞ്ഞു, ഒതുങ്ങിയ ഒരു ജീവിതം. അദ്ധ്വാനിക്കാൻ ഒരു മടിയും ഇല്ലാത്ത ആൾ. അവളിൽ നിന്നും അയാൾക്ക് അറിയേണ്ടത് ദ്വീപുകളെ കുറിച്ചായിരുന്നു.
ഒരു കോഫി കുടിക്കാൻ ഉള്ള ക്ഷണം അവൾ സ്വീകരിച്ചത് ഹോട്ടൽ മാനേജ്മെന്റിന്റെ ആവശ്യ പ്രകാരം ആയിരുന്നു. ദ്വീപുകളെ കുറിച്ച് അവൾക്കുള്ള അറിവ്, ആദ്യത്തെ മീറ്റിങ്ങിൽ തന്നെ റോബിൻ അറിഞ്ഞു.
മാസങ്ങൾക്ക് ശേഷം വില്പനയ്ക്ക് ഇട്ടിരുന്ന ഗ്രോസറി സ്റ്റോറിന്റെ പരസ്യം കണ്ട് ഈ ദ്വീപിലേക്ക് വരാൻ തീരുമാനിച്ചതും അവർ ഒരുമിച്ച് ആണ്.
ദ്വീപിലേക്ക് പുറപ്പെടുന്നതിനു തലേന്ന്, ഒരു നിലാവുള്ള രാത്രിയിൽ, കടലിനെ സാക്ഷിയാക്കി അയാൾ അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചു.
റോബിൻ മിക്കവാറും എല്ലാ ആഴ്ചയും പാലും പച്ചക്കറികളും മറ്റും എടുക്കാൻ പ്രധാന ദ്വീപിലെക്ക് പോകാറുള്ളതാണ്.
പരിചയമില്ലാത്തവർക്ക് രണ്ടു മണിക്കൂർ ദീർഘമുള്ള ബോട്ട് യാത്ര ചെയ്യാൻ കൂടുതൽ വിഷമം ആണ്. കരീബിയൻ കടലിൽ അലഞ്ഞു നടക്കുന്ന കാറ്റ് ഉലയുന്ന ഓളങ്ങൾ കൊണ്ട് ബോട്ടിനെ എടുത്തെറിയും. അടിവയറ്റിൽ നിന്നും ഉരുണ്ടു കയറുന്ന തികട്ടൽ യാത്രക്കാരുടെ നില തെറ്റിക്കും.
ദ്വീപിലേക്ക് ആദ്യമായി വരുന്ന ആളുകൾക്ക് നേരെ ഛർദ്ദിക്കാൻ പ്ലാസ്റ്റിക് ബാഗുകൾ നീട്ടുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന ചിരിയും വേണ്ട എന്ന തലയാട്ടലും വെറും പത്ത് മിനിറ്റ് കൊണ്ട് തന്നെ വറ്റി വരണ്ടു ഇല്ലാതാകും. പിന്നെ ഒരിക്കലും അവർ ബോട്ടിൽ കയറില്ല.
ദിവസം ആറ് തവണ സർവീസ് നടത്തുന്ന 12 സീറ്റുകൾ ഉള്ള ചെറിയ സിങ്കിൾ എൻജിൻ പ്ലെയിൻ ആണ് ബോട്ടിൽ അല്ലാതെ ദ്വീപിലെത്താനുള്ള മറ്റൊരു വഴി. ഒരു സ്കൂൾ ഗ്രൗണ്ടിന്റെ വലിപ്പം മാത്രം ഉള്ള റൺവേയിൽ ഇറങ്ങുന്ന പ്ലെയിനിന്റെ ചിറകുകൾ ഉയർന്ന പാറക്കെട്ടുകളിൽ ഉരസിയോ എന്ന് തോന്നും. വെറും പത്തു മിനിറ്റ് മാത്രമുള്ള യാത്ര. കടലിന്റെ തൊട്ട് മുകളിലൂടെ പറക്കുമ്പോൾ ആ നീലിമയെ വാരി പുണരാൻ തോന്നും.
റോബിനെ കാലത്ത് ഉള്ള ബോട്ടിൽ കാണാഞ്ഞപ്പോൾ ഉച്ചയ്ക്ക് ശേഷം ഉള്ള ബോട്ടിൽ വരുമെന്ന് കരുതി. ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നപ്പോൾ ആണ്
പോർട്ട് ഓഫീസിൽ വിളിച്ചത്. ഉച്ചയ്ക്ക് ഉള്ള സർവീസ് ടൊർനാഡോ വാണിങ്ങ് കാരണം കാൻസൽ ആയിരിക്കുന്നു. കാറ്റും കോളും വരുമ്പോൾ ദിവസങ്ങളോളം ബോട്ട് സർവീസും എയർ സർവീസും നിർത്തി വെക്കാറുണ്ട്.
അല്പം കഴിഞ്ഞപ്പോൾ ചുഴലിക്കാറ്റിന്റെ വരവ് വിളിച്ചോതി ജീപ്പ് കല്ലുകൾ വിരിച്ച വഴിയിലൂടെ കടന്നു പോയി. റേഡിയോ അനൗൺസ്മെന്റ് കേൾക്കാതെ പോയവർ വീടുകളിലേക്ക് മടങ്ങി. വാതിലുകളും ജനലുകളും ഷട്ടറിട്ട് അടയ്ക്കുന്ന ശബ്ദം അങ്ങിങ്ങായി കേട്ട് തുടങ്ങി.
കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് ഉള്ളപ്പോൾ വലിയ മരപ്പാളികൾ ചേർത്ത് വെച്ച് ചില്ല് ജനാലകൾ അടക്കണം. ചുഴലികാറ്റിന് കരീബിയൻ കടലിൽ എത്തുമ്പോൾ താണ്ഡവമാണ്. വെള്ളത്തിൽ തട്ടി ചുഴലിയായി, കിട്ടിയതൊക്കെ വലിച്ചെറിയുന്ന മരണം നൃത്തം. ചില്ലുകൾ പൊടിച്ചെറിയാൻ നിമിഷങ്ങൾ മാത്രം മതി.
എല്ലാവരും തിരക്കു പിടിച്ച് മഴവെള്ളം പിടിച്ചു വെക്കാൻ ഉള്ള ടാങ്കുകൾ തുറന്നു വെച്ചു. വരാനിരിക്കുന്ന വേനലിൽ ആകെ ആശ്രയം മഴക്കാലത്ത് ശേഖരിച്ചു വയ്ക്കുന്ന മഴവെള്ളമാണ്.
"തനിച്ച് ഷട്ടർ ഇടേണ്ട, ഞാൻ വരാം"
റോബിൻ എത്തിയില്ലെന്ന് അറിഞ്ഞു ഡെവിൻ അവളോട് പറഞ്ഞു. ഹോട്ടലിൽ സഹായിക്കുന്ന സ്റ്റെല്ലയുടെ മകനാണ് ഡെവിൻ. കടയിൽ റോബിനെ സഹായിക്കുന്നത് ഡെവിൻ ആണ്.
കാറ്റ് എത്തും മുമ്പ് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ആയി കടയിൽ തിരക്കു കൂടിയിരുന്നു. ഒരുവിധം എല്ലാവരും പോകുന്നത് വരെ ജെസ്ലക്ക് കടയിൽ ഡെവിനെ സഹായിക്കേണ്ടി വന്നു.
ഹോട്ടലിൽ സീസൺ അല്ലാത്തതിനാൽ ഒന്ന് രണ്ട് അതിഥികൾ മാത്രം. അവർക്ക് വേണ്ട കാര്യങ്ങൾ നോക്കാൻ മേരിയും സ്റ്റെല്ലയും മതി.
കടയടച്ച് ഷട്ടറുകൾ ഇട്ടു. കടയുടെ മേലെയുള്ള വാടക മുറികളിൽ ഷട്ടറുകൾ ഇടാൻ അവിടത്തെ വാടകക്കാരും സഹായിച്ചു.
ഇനി ബാക്കി ഹോട്ടൽ ആണ്. അത്യാവശ്യം വേണ്ട പാൽപ്പൊടിയും ബ്രെഡും മറ്റും എടുത്തു അവൾ ഡെവിനോടൊപ്പം ജസ്ലാസ് പാലസിലേക്ക് എത്തിയപ്പോൾ മേരി അവിടെ ഷട്ടറുകൾ ഇട്ട് കഴിഞ്ഞിരുന്നു.
അതിഥികൾക്ക് ഡിന്നർ നൽകുന്നതിനോടൊപ്പം കാറ്റത്ത് പുറത്ത് ഇറങ്ങരുത് എന്നും മറ്റും സേഫ്റ്റി നിർദ്ദേശങ്ങളും നൽകി ജസ്ല ഹോട്ടൽ കിച്ചണിലേക്ക് നടന്നു. അവിടെ സ്റ്റെല്ലയും ഡെവിനും മേരിയുടെ ഭർത്താവ് മാർക്കോസിനോടൊപ്പം കിച്ചൺ ടേബിളിൽ ഇരിപ്പുണ്ട്. മേരി ഭക്ഷണം എടുത്തു വെയ്ക്കുന്ന തിരക്കിലാണ്.
അവൾ അവരോടൊപ്പം ഇരുന്നു.
"ഈ വരുന്ന ചുഴലിക്കാറ്റ് വലിയതാകും എന്നാണ് പറയുന്നത്"
മാർക്കോസിന്റെ വാക്കുകളിൽ ആശങ്ക നിറഞ്ഞു നിന്നു.
മഴക്കാലത്തെ ചുഴലിക്കാറ്റുകൾ കരീബിയൻ ദ്വീപുകളുടെ ശാപമാണ്. പ്രത്യേകിച്ചും ടൂറിസ്റ്റ് കേന്ദ്രമായ പരന്ന ദ്വീപുകളിൽ കടൽ അടിച്ചു കയറി ഉണ്ടാകുന്ന നാശനഷ്ടങ്ങൾ.
അവരുടെ ദ്വീപ് സമുദ്ര നിരപ്പിൽ നിന്നും ഉയരെ ആണ്. അത് കൊണ്ട് കടലിലിരച്ചു കയറി നാശം ഉണ്ടാകില്ല.
റോബിൻ പതിവായി താമസിക്കുന്ന ഹോട്ടൽ പോർട്ടിന് അടുത്താണ്. മഴ കനത്താൽ, ഹോട്ടലിൽ കടൽ വെള്ളം കയറും എന്ന് ഉറപ്പാണ്.
മേരി റൈസും ജർക്ചിക്കനും കുഴിയുള്ള കിണ്ണത്തിൽ വിളമ്പി.
"റോബിൻ എത്തിയില്ലല്ലോ, ഇന്ന് നമുക്ക് ഇവിടെത്തന്നെ കൂടാം." അവൾ തലയാട്ടി സമ്മതം അറിയിച്ചു. റോബിൻ ഉണ്ടെങ്കിലും കൊടുങ്കാറ്റ് വരുമ്പോൾ അവർ ഒരുമിച്ച് അവിടെ കൂടും.
മിക്കവാറും കാറ്റ് ഉള്ളപ്പോൾ മരങ്ങൾ വീണ് ഉള്ള അപകടം ഒഴിവാക്കാൻ ഇലക്ട്രിസിറ്റി ഓഫ് ആക്കും.കാറ്റ് അടങ്ങുന്നത് വരെ റാന്തൽ വെളിച്ചത്തിൽ വെറുതെ സൊറയടിച്ച് ഇരിക്കാനെ കഴിയൂ. കാറ്റൊഴിയുമ്പോൾ പൊട്ടിവീണ മരങ്ങളും മറ്റും വൃത്തിയാക്കുന്നത് അവർ ഒരുമിച്ച് ആകും.
ഭക്ഷണം കഴിച്ചു മേരി അടുക്കള ഒതുക്കിയിടുമ്പോൾ ജസ്ല അവളുടെ കിടപ്പ് മുറിയിലേക്ക് നടന്നു.
ഒരു നക്ഷത്രം പോലും ഇല്ലാത്ത ആകാശത്തിലേക്ക് നോക്കി കിടന്നു അവൾ ഉറങ്ങിപ്പോയി. കുറച്ചു നേരം മുമ്പ്, കാറ്റ് തട്ടിയുണർത്തും വരെ...
കാറ്റിന്റെ താണ്ഡവം ഉള്ളിൽ നിറച്ച ഭയം അവളുടെ ശ്വാസഗതി യോടൊപ്പം മുറിയിൽ നിറഞ്ഞു.
ഉറക്കം നഷ്ടപ്പെടുന്ന രാത്രികളിൽ കൂട്ടു കിടക്കാൻ വരാറുള്ള സുഖമുള്ള ഓർമ്മകളിൽ ചാരി മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
പെട്ടെന്ന് ഉയർന്ന നിലവിളി ശബ്ദത്തിൽ അവൾ ഞെട്ടി. അതിനൊപ്പം വാതിലിൽ ആരോ മുട്ടുന്നു. എന്തെങ്കിലും ആവശ്യം ഇല്ലാതെ ഈ സമയത്ത് ആരും വിളിക്കില്ല. അടുത്ത കസേരയിൽ കിടന്ന ജീൻസും ടീഷർട്ടും വലിച്ചു കയറ്റി അവൾ വാതിൽ തുറന്നു.
ഡെവിൻ ആണ്..
ഹോട്ടലിൽ വന്ന അതിഥികളിൽ ഒരാൾ വരാന്തയിൽ നിന്ന് താഴേക്ക് വീണിരിക്കുന്നു. കാറ്റിന്റെ ശക്തി അറിയാതെ വരാന്തയിൽ ചെന്നപ്പോൾ കാറ്റ് അടിച്ചു വീഴ്ത്തിയതാണ്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ, ഒരു സാധാരണ കാറ്റ് മാത്രം എന്ന് കരുതി, ബാൽക്കണിയിൽ ചെന്നു എത്തി നോക്കി കാണും... കാഴ്ച കാണാൻ ഇറങ്ങിയത് ഉണ്ടാക്കിയ അപകടം..
നിലവിളി കേട്ട് ഓടിയെത്തിയ ഡെവിൻ ആണ് ആദ്യം കണ്ടത്.
ഭർത്താവിനെ രക്ഷിക്കാൻ കൂടെ ഇറങ്ങാൻ തുടങ്ങിയ ഭാര്യയെ മുറിയിലാക്കി,അടുത്ത് മേരിയെ ഇരുത്തിയിട്ടാണ് അവൻ ജസ്ലയുടെ അടുത്ത് എത്തിയത്.
"ഈ സമയത്ത് പുറത്ത് ഇറങ്ങുന്നത് അപകടമാണ്" മാർക്കോസ് അത് പറയുമ്പോൾ ആ ഭാര്യയുടെ കണ്ണുകളിലെ ഭയം അവളുടേത് കൂടി ആയിരുന്നു.
"പ്ലീസ് ഹെൽപ്പ്.."
"നമുക്ക് ശ്രമിക്കാം ഡെവിൻ, ഒരുപക്ഷേ രക്ഷിക്കാൻ കഴിഞ്ഞാലോ" അത് പറയുമ്പോൾ അവളുടെ ഹൃദയം റോബിന് വേണ്ടി പ്രാർത്ഥിച്ചു.
മാർക്കോസും ഡെവിനും പുറത്തേക്ക് ഉള്ള വാതിലിൽ കയർ കെട്ടി. ഒരു പക്ഷെ കാറ്റിന്റെ തള്ളൽ പുറത്തേക്ക് ആണെങ്കിൽ പിന്നെ അടയ്ക്കാൻ പറ്റി എന്ന് വരില്ല. ഡെവിൻ മുട്ടിൽ ഇഴഞ്ഞാണ് വീണ ആളുടെ അടുത്ത് ചെന്നത്. ചെറിയ ഞരക്കം ഉണ്ട്.
ലഗേജ് കാർട്ടിൽ കയറു കെട്ടി നിർത്തി മാർക്കോസും ഡെവിനും വീണ ആളെ അതിലേക്ക് ഒരുവിധം വലിച്ച് കയറ്റി. സ്റ്റെല്ലയു ജസ്ലയും കാർട്ട് ഉള്ളിലേക്ക് വലിച്ചു. വാതിൽ അടയ്ക്കുന്നതിന് മുമ്പ് മിന്നലിന്റെ വെളിച്ചത്തിൽ അവളത് കണ്ടു.
ഒരു ചുഴലിക്കാറ്റ് ജസ്ല പാലസിൽ നിന്ന് കുറച്ചു മാറി, പ്രധാന ദ്വീപിന്റെ ദിശയിലേക്ക് അതിവേഗത്തിൽ നീങ്ങുന്നു.
ഒരല്പം പിഴച്ചിരുന്നെങ്കിൽ… അവൾ അതിവേഗത്തിൽ ഷട്ടർ വലിച്ചിട്ടു.
ഭാഗ്യത്തിന് കുറച്ചു മുറിവുകളും ചതവുകളും അല്ലാതെ വലിയ ആപത്തൊന്നും ഇല്ല. അയാളെ മുറിയിൽ ആക്കിയ ശേഷം പ്രഥമ ശുശ്രൂഷ നൽകി ഇറങ്ങുമ്പോൾ ഭാര്യ അവളുടെ കൈകൾ ചേർത്ത് പിടിച്ചു നന്ദിയോടെ ചിരിച്ചു.
ആവി പറക്കുന്ന ചായയുമായി അടുക്കളയിലെ ടേബിളിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
കോരിച്ചൊരിയുന്ന മഴയും ഇരച്ചു കയറുന്ന കടൽ വെള്ളവും... പ്രധാന ദ്വീപ് ഇപ്പോൾ മുങ്ങിയിട്ടുണ്ടാകുമോ?
കടൽ വെള്ളം കരയിൽ താണ്ഡവം നടത്തി മടങ്ങുമ്പോൾ കൂടെ കൂട്ടിയവരുടെ കൂട്ടത്തിൽ റോബിനും ഉണ്ടായിരുന്നു. അവളറിഞ്ഞില്ല, ഹോട്ടൽ ലോബിയിൽ കിടന്ന ലഗ്ഗേജ് കാർട്ടിൽ കുരുങ്ങി പോയത് കൊണ്ട് തിരകൾക്ക് അയാളെ ഉപേക്ഷിച്ചു പോകേണ്ടി വന്ന കാര്യം...
ലേഖ മാധവൻ

വർഗീസേട്ടൻ I Lipi Jestin


 അയാൾ അന്ധനും ബധിരനും മൂകനുമാണ്...
നമ്മളോ!!??
ഞാനൊരിക്കൽ ഒരഗതി മന്ദിരത്തിൽ വച്ചൊരു മനുഷ്യനെ പരിചയപ്പെടുകയുണ്ടായി.
പേര് അറിയില്ല.അവിടെയുള്ളവരാൽ അയാൾ വർഗീസേട്ടൻ എന്നു വിളിക്കപെടുന്നു
ഏകദേശം ഒരു 55 വയസ്സായിക്കാണും.
ഒരു പത്തു വർഷം മുൻപാണ് അയാൾ അവിടെ എത്തപ്പെട്ടത്.റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് കണ്ടിട്ട് ആരോ അയാളെ അവിടെ എത്തിച്ചതാണ്.
അയാൾ അന്ധനും ബധിരനും മൂകനുമായിരുന്നു.
കുറെ നാൾ കഴിഞ്ഞപ്പോൾ അവരെ ശുശ്രൂഷിക്കുന്ന വൈദികൻ അയാളുടെ ആരോഗ്യ സ്ഥിതിക്ക് എന്തെങ്കിലും മാറ്റം വരുത്താൻ ആഗ്രഹിക്കുകയും അയാളെ വിദ്ഗ്ധരായ ഡോക്ടർമാരെകൊണ്ട് പരിശോധിപ്പിക്കുകയും ചെയ്തു.
ഒട്ടേറെ പരിശോധനകൾക്ക് ശേഷം അയാളുടെ രോഗത്തെക്കുറിച്ച് അവർ തിരിച്ചറിഞ്ഞ സത്യം അവരെ അന്ധാളിപ്പിച്ചു.
അയാൾ അന്ധനോ ബധിരനോ മൂകനോ അല്ല!!...മറിച്ച്‌ എല്ലാ അവയവങ്ങളുടെയും പ്രവർത്തനം സാധാരണ മനുഷ്യരുടേതിന് തുല്ല്യമായ ഒരു പൂർണ്ണ ആരോഗ്യവാൻ !.
അപ്പോൾ പിന്നെ എന്തായിരിക്കും അയാളുടെ പ്രശ്നം!! ഒരു മാനസിക വിദഗ്ധനെ കാണിച്ചപ്പോളാണ് അയാളുടെ ശെരിക്കുമുള്ള രോഗാവസ്ഥ അവർക്ക് പിടികിട്ടിയത്.
അത് മറ്റൊന്നുമല്ല. അയാൾ അയാളുടെ ജീവിതത്തിന്റെ ഏതോ വഴിത്താരയിൽ വെച്ച് അജ്ഞാതമായ ഏതോ കാരണത്താൽ അയാളുടെ ചുറ്റുപാടുകളോട് കാണിച്ച അപകടകരമായ നിസ്സംഗതാ മനോഭാവം !!... അതാണ് അയാളുടെ രോഗാവസ്ഥക്ക് കാരണം.
തന്റെ ചുറ്റിലും ഉള്ളത് തനിക്ക് കാണണ്ട, കേൾക്കണ്ട,ആരോടും തന്നെ മിണ്ടണ്ട എന്ന ഒരു തരം കടുത്ത നിസ്സംഗതാ മനോഭാവം! കുറെ വർഷങ്ങൾ അയാൾ അങ്ങനെ ജീവിച്ചു കഴിഞ്ഞപ്പോൾ അയാളുടെ മനസ്സ് പോലെ തന്നെ അയാളുടെ ശരീരവും ആ രോഗവസ്ഥയുമായി ഇണങ്ങി ചേരുകയായിരുന്നത്രെ!.
തന്റെ പഴയ ജീവിതത്തിലേക്ക് ഒരിക്കൽ പോലും തിരിഞ്ഞു നോക്കാൻ തോന്നാത്തയത്ര, പുതിയ സാഹചര്യങ്ങളോട് ഒരിക്കൽ പോലും പ്രതികരിക്കാൻ തോന്നാത്തയത്ര എന്തായിരിക്കും അയാളുടെ ജീവിതത്തിൽ പണ്ട് സംഭവിച്ചിട്ടുണ്ടായിരിക്കുക!
അത്രയേറെ വെറുക്കാൻ മാത്രം അയാളുടെ ചുറ്റുപാടുകൾ അയാളുടെ മുൻപിലേക്ക് എന്തായിരിക്കും വെച്ചു നീട്ടിയിട്ടുണ്ടാവുക!
അയാളെ കണ്ട അന്നുമുതൽ ഞാൻ ആലോചിക്കുന്നതാണ്.
ഇന്ന് മുതൽ നിങ്ങളും അതൊന്ന് ആലോചിക്കൂ.
അതോടൊപ്പം നമ്മൾ നെഞ്ചോടു ചേർത്ത് കൊണ്ടു നടക്കുന്ന നമ്മുടെ ചില നിസ്സംഗതാ മനോഭാവങ്ങളെയും!

Lipi JEstin

ജീവിതം എന്ത് രസാണെന്നോ! I Ammu Santhosh


 ഞാൻ അവളെ കാണാൻ ആദ്യമായി അവളുടെ വീട്ടിൽ ചെല്ലുമ്പോൾ ആ വീട് നിറച്ചും ആൾക്കാറുണ്ടായിരുന്നു. ആൾക്കാരെ മുട്ടി നടക്കാൻ വയ്യാത്ത അവസ്ഥ. സ്ക്രീനിംഗ് ടെസ്റ്റ്‌ പോലെ ആയിരുന്നു എന്റെ പെണ്ണ് കാണൽ. അമ്മാവൻമാർ , അച്ഛൻ ചിറ്റപ്പൻമാർ , കുറെ അപ്പൂപ്പന്മാർ,കുറെ അമ്മൂമ്മമാർ ( സെഞ്ച്വറി അടിച്ചവർ തന്നെ വരും ഒരു പത്തെണ്ണം.).
ഞാനും എന്റെ അമ്മാവനും കൂടിയാണ് ആദ്യം പോയത്.അമ്മാവൻ ഇതൊക്കെ എന്തോന്നെടെ എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്. ഞാനാകെ കിളി പോയ മട്ടിലായി. ഒരു പെണ്ണുണ്ട്. സുന്ദരിയാണ്. വിദ്യാഭ്യാസം ഉണ്ട്. കൃഷിക്കാരൻ ചെക്കനെ മതി എന്ന ഒറ്റ ഡിമാൻടെയുള്ളു എന്ന് കേട്ട് ചാടി പുറപ്പെട്ടതാണ്. ഈ കാലത്ത് ആർക്കും വേണ്ടാത്ത ഒരെ ഒരു വിഭാഗം ആണ് ഞങ്ങൾ കൃഷിക്കാർ. ഇതിന് മുന്നേ പത്തു പതിനഞ്ചു പെണ്ണുങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. കൃഷി ആണെന്ന് കേൾക്കുമ്പോൾ തന്നെ അടുപ്പത്തിരിക്കുന്ന അവിയൽ കരിഞ്ഞ മണം മൂക്കിലടിക്കുമ്പോൾ ഉള്ള ഭാവമാണ്. ചിലതുങ്ങളുടെ മുഖം കണ്ടാൽ ഇപ്പോൾ ഒന്നും രണ്ടും സാധിക്കാൻ പോകുന്ന പോലെയും. ഒടുവിൽ ഞാൻ ഈ പരിപാടി നിർത്തി. അപ്പോഴാണ് ഈ ആലോചന. കേട്ടതും അമ്മ ഉന്തിത്തള്ളി വിട്ടു.ഞാനും ചാടിയിറങ്ങി.
പല മുറികളിലായിട്ടായിരുന്നു സ്ക്രീനിംഗ് ടെസ്റ്റ്‌, ഇന്റർവ്യൂ
ആദ്യത്തെ മുറിയിൽ അപ്പൂപ്പന്മാർ മാത്രമേയുള്ളു എന്നെ ഇന്റർവ്യൂ ചെയ്യാൻ.അപ്പൂപ്പന്മാർ എന്നെ നോക്കുന്നത് കണ്ടാൽ ഞാൻ തുണി ഉടുത്തിട്ടില്ലെ എന്നെനിക്ക് സംശയം തോന്നിപ്പോയി.കശ്മലന്മാർ. .എന്റെ അച്ഛന്റെയും അപ്പൂപ്പന്റെയും അപ്പൂപ്പന്റെ അപ്പൂപ്പന്റെയും ചരിത്രം പറയിച്ചതിന് ശേഷം എനിക്ക് പൈൻ ആപ്പിൾ, മുന്തിരി, ഓറഞ്ച് മുതലായ ജ്യൂസുകളും. പല വിധത്തിലുള്ള പലഹാരങ്ങളും തന്നു. എന്നെ അറക്കാൻ കൊടുക്കാൻ വന്നതാണോ എന്ന് ഞാൻ രഹസ്യമായി അമ്മാവന്റെ ചെവിയിൽ ചോദിച്ചു. ഇതൊക്കെ തന്നിട്ട് എന്താ ഇവരുടെ പ്ലാൻ ആവോ?
ആ സെഷൻ കഴിഞ്ഞു അടുത്ത മുറി.
അച്ഛൻ,അമ്മാവൻമാർ, ചിറ്റപ്പൻമാർ.. ഒരു പട
എന്നെ വിയർക്കുന്നത് കണ്ട് അവർ ഫാനിന്റെ സ്പീഡ് നല്ലോണം കൂട്ടി. ഞാൻ ചിരിക്കാൻ ശ്രമിച്ചത് വലിയ ഒരു ഗോഷ്ടിയായിപ്പോയി എന്ന് അവരുടെ മുഖം കണ്ടപ്പോൾ മനസിലായി.
അവരെന്നോട് എന്തൊക്കെയോ ചോദിച്ചു. ഒരു മുഴക്കം പോലെ തോന്നിച്ചത് കൊണ്ട് ഞാൻ ദയനീയമായി അമ്മാവനെ നോക്കി
"റിപ്ലൈ കൊടുക്ക് എനിക്കൊന്നും കേൾക്കാൻ പറ്റുന്നില്ല "
ഞാൻ പിറുപിറുത്തു
"നിന്റെ കേൾവി പോയ?"
അമ്മാവൻ
"മിണ്ടാതെ അതിന് റിപ്ലൈ കൊടുക്ക് "എനിക്ക് പിന്നേം ദാഹിച്ചു തുടങ്ങി
ദേ വരുന്നു
ചായ,ഹോർലിക്സ്,പാൽ,ബ്രൂ കോഫീ..
ഇവരിനി കാറ്ററിംഗ് സർവീസ് വല്ലോം നടത്തുന്നവരാകുമോ?
"ഏതാ ഇഷ്ടം?"
"ബ്രൂപ്പി "
ഞാൻ വിക്കി
"ങേ?അതേതു ഡ്രിങ്ക്?"
"ബ്രൂഫി "
അവർ പരസ്പരം നോക്കുന്നു
എന്റെ നാക്കുളുക്കിയതാണ് എന്ന് ആരെങ്കിലും ഇവരോട് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ
..
ഒടുവിൽ ഞാൻ തൊട്ട് കാണിച്ചു
"ഓ ബ്രൂ കോഫി. എടുത്തോളൂ "
ഞാൻ ഒറ്റവലിക്കു കുടിച്ചു തീർത്തു. അണ്ണാക്കും നാക്കും പൊള്ളി ഒന്നായത് ഞാൻ മൈൻഡ് ചെയ്തില്ല. അജ്ജാതി പരവേശം.
"പേര്..എന്താ?"ആരോ ചോദിച്ചു
ഞാൻ അമ്മാവനെ നോക്കി
"എന്റെ പേര് പറ
മനുഷ്യാ "ഞാൻ അങ്ങേരോട് പറഞ്ഞു.
", നീ പറ "അമ്മാവൻഎന്റെ കാലിൽ ഒറ്റ ചവിട്ട്
"ഞാൻ മറന്നു
പോയെന്ന് "ഞാൻ വിങ്ങിപ്പൊട്ടി
"പേര് സൂര്യ.."അമ്മാവൻ ചിരിച്ചു അല്ല കരഞ്ഞു കൊണ്ട് ചിരിച്ചു
എന്റെ പേര് കിട്ടി സൂര്യ എന്നാണ് എന്റെ പേര്.സമാധാനം ആയി. ഞാൻ ശ്വാസം വിട്ടു
അടുത്ത മുറിയിലേക്ക് പോകാൻ അനുവാദം കിട്ടി
ലേഡീസ് കമ്പാർട്മെന്റിൽ കയറിയ പോലെ
മുഴുവൻ പെണ്ണുങ്ങൾ. അമ്മാവന്റെ മുഖത്ത് അമ്പലപ്പുഴ പാൽപായസം കുടിച്ച ഫീൽ.
"ഇത് മതി ഉറപ്പിക്കാം. ഫിക്സഡ്" എന്നൊക്കെ പിറുപിറുക്കുന്നു.
ഇത് വരെ വാ പോകാം എന്ന് പറഞ്ഞോണ്ടിരുന്ന മനുഷ്യനാ. എന്റെ അമ്മാവൻ ആയത് കൊണ്ട് പൊക്കിപ്പറയുവല്ല നല്ല ഒന്നാം നമ്പർ ഗിരിരാജൻ കൊഴിയാ കക്ഷി.. ഞാൻ അങ്ങേരെ കൈ കൊണ്ട് അമർത്തി പിടിച്ചു.വിട്ടാൽ പറക്കും.എന്റെ മാനം കപ്പൽ കേറും.
"എന്തൊക്ക കൃഷി ഉണ്ട്?'ഏതോ ഒരു അമ്മായി ചോദിച്ചു
ഇക്കുറി എനിക്ക് നല്ല ബോധവും ഓർമയും ഒക്കെ വന്നു പക്ഷെ പറയാൻ ഇങ്ങേര് സമ്മതിച്ചിട്ട് വേണമല്ലോ..
അവിടെ നാരങ്ങ വെള്ളം കട്ലറ്റ് പഫ്‌സ് ഉണ്ണിയപ്പം..
എനിക്ക് ബാത്‌റൂമിൽ പോകാൻ ആഗ്രഹം തോന്നി തുടങ്ങി.. ഇനി ഒരു തുള്ളി കുടിച്ചാൽ കുഴപ്പം ആകും.. ഈശ്വര എവിടെ അവൾ?
അവളെ മാത്രം കണ്ടില്ല
ഒടുവിൽ അവസാനത്തെ മുറി എത്തി
അവൾ..
കടും ചുവപ്പ് പട്ടുസാരി... മുല്ലപ്പൂ..
ഈശ്വര തല കറങ്ങുന്ന പോലെ..
എന്തൊരു ഭംഗി..
പെട്ടെന്ന് എനിക്ക് ഒരു സംശയം വന്നു
ഇത്രേം സാമ്പത്തിക സ്ഥിതി ഉള്ള, സൗന്ദര്യം ഉള്ള, വിദ്യാഭ്യാസം ഉള്ള ഒരു പെണ്ണിന് കൃഷിക്കാരനെ മതിഎന്ന് പറയാൻ എന്താ കാരണം.. സാധാരണ അനുഭവം തിരിച്ചാ..
ഞാൻ ചോദിക്കും മുന്നേ അവൾ എന്നോട് ഒരു ചോദ്യം
"കുഞ്ഞുങ്ങളെ ഇഷ്ടമാണോ?"
ങേ ഇവളിനി ഒന്ന് പ്രസവിച്ചതാകുമോ? അമ്പടി.വെറുതെ അല്ല...എന്നെ മതി എന്ന് പറഞ്ഞത്.
ഈ മുറിയിൽ ഞാൻ മാത്രം ഉള്ളു.അമ്മാവൻ അപ്പുറത്തെ ലേഡീസ് കമ്പാർട്മെന്റിലാണ്..
"കുഞ്ഞുങ്ങൾ നല്ലതല്ലേ?"
ഞാൻ വിക്കി
"അതേയ് എനിക്ക് കുറെ കുഞ്ഞുങ്ങൾ വേണം.. ഈ വീട്ടിൽ വന്നപ്പോൾ ശ്രദ്ധിച്ചില്ലേ കുറെ ആൾക്കാർ.. അത് പോലെ കല്യാണം കഴിഞ്ഞു നമ്മുടെ വീട്ടിലും നിറയെ ആൾക്കാർ വേണം.."
ഞാൻ അന്തം വിട്ടു
ഇവൾക്ക് ഇച്ചിരി ലൂസ് ആണോ
"എനിക്ക് ഭ്രാന്ത് ഉണ്ടോന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നേ? ഇല്ലാട്ടോ.. സാധാരണ ഇപ്പൊ ആൾക്കാർ ഒന്ന് അല്ലെങ്കിൽ രണ്ടു കുട്ടികൾ.. എനിക്ക് കുറെ കുട്ടികൾ വേണം.ആദ്യമേ അത് പറഞ്ഞാൽ പ്രോബ്ലം ഇല്ലല്ലോ..കല്യാണം കഴിഞ്ഞു ഒന്ന് മതി രണ്ടു മതി എന്നൊക്കെ പറഞ്ഞാൽ ഞാൻ ഡിവോഴ്സ് ചെയ്യും ആദ്യമേ പറഞ്ഞേക്കാം "
എന്റെ കിളി വീണ്ടും പറന്ന് തുടങ്ങി
"എനിക്ക് നിങ്ങളെ അറിയാം. പലതവണ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് ഇഷ്ടമായത് കൊണ്ടാണ് ഇവിടെ നിന്ന് അങ്ങോട്ട് ആലോചിച്ചു വന്നത്.
എന്നെ ഇഷ്ടമായെങ്കിൽ പറഞ്ഞോ... അല്ലെങ്കിലും പറഞ്ഞോ. പക്ഷെ കുട്ടികൾ.. അതിലൊരു വിട്ടു വീഴ്ച ഇല്ല "
ചറ പറാ ന്നു മഴ പെയ്യും പോലെയാണ് സംസാരം... ഫുൾ സ്റ്റോപ്പില്ല
അങ്ങനെ കേട്ട് നിൽക്കെ ഞാൻ അവളെ പ്രേമിച്ചു പോയി. സത്യം. എന്താ രസം ന്നറിയുമോ കേട്ട് നിൽക്കാൻ?
കണ്ട് നിൽക്കാൻ.?ഇപ്പോൾ തന്നെ കൂട്ടി കെട്ട് നടത്താൻ തോന്നിപ്പോയി
എന്തായാലും ഞങ്ങളുട കല്യാണം കഴിഞ്ഞു..
കുറെ വർഷങ്ങൾ കഴിഞ്ഞിട്ടും അവൾക്ക് മടുക്കാത്ത ഒന്ന് പ്രസവം..
എനിക്ക് മടുക്കാത്തത് അവളെയും
എന്നാലും ഇടയ്ക്ക് ഞാൻ അവളോട്‌ ചോദിക്കും
"എന്നാലും നീ എന്നെ തിരഞ്ഞെടുത്തത് എന്താ?"
അവൾ കള്ളച്ചിരി ചിരിക്കും
"പറ "
"ഇതാവുമ്പോൾ എന്നെ വിട്ടു പോവില്ലല്ലോ.. എന്നോടൊപ്പം തന്നെ ഉണ്ടാവില്ലേ? എപ്പോഴും..?ജോലിക്ക് പോകുന്നവരാണെങ്കിൽ രാവിലെ പോകും,വൈകുന്നേരം വരും..
ഇത് എനിക്ക് എപ്പോ വേണെങ്കിൽ കാണാം, മിണ്ടാം.. പിന്നെ... നമ്മുടെ കുഞ്ഞുങ്ങൾ ക്കൊപ്പം എപ്പോഴും ഉണ്ടാവും.
നല്ലതല്ലേ?"
"വലിയ സാമ്പത്തിക ലാഭം ഇല്ലല്ലോ..? നിശ്ചിത ശമ്പളം ഒന്നും കിട്ടില്ല "ഞാൻ ചിരിക്കും
"മണ്ണ് ചതിക്കില്ല. നമുക്ക് നെല്ല് ഉണ്ട്..
അപ്പൊ അരി വാങ്ങണ്ട. പച്ചക്കറി ഉണ്ട്. അതും വാങ്ങേണ്ട. തേങ്ങും പ്ലാവും മാവും എല്ലാം ഉണ്ട്..പിന്നെ എന്താ വേണ്ടേ..? എനിക്ക് വലിയ സ്വപ്‌നങ്ങൾ ഒന്നും ഇല്ലല്ലോ "
അവൾ പറയുമ്പോൾ എല്ലാം ശരിയായി തോന്നും.. അല്ല അവൾ പറയുന്നതാണ് ശരി.ഞങ്ങളുട കുഞ്ഞുങ്ങൾ പാടത്തും പറമ്പിലും മണ്ണിലും ചെളിയിലും തിമിർത്ത് കളിച്ചു വളരുന്നുണ്ട്.അവൾ എപ്പോഴും സന്തോഷവതിയാണ്.. നുറു വിശേഷങ്ങൾ പറഞ്ഞു എന്റെ അടുത്ത് എപ്പോഴും കാണും.
ഞാൻ ചിലപ്പോൾ അവളെ നോക്കിയിരിക്കാറുണ്ട് . ഓരോ പ്രസവത്തിനു ശേഷവും അവൾ സുന്ദരിയായിക്കൊണ്ടേയിരുന്നു..കൂടുതൽ സ്നേഹമുള്ളവളായി.
ഞങ്ങളുടെ കുഞ്ഞുങ്ങൾ വീട് മുഴുവൻ ഓടിക്കളിച്ചു കൊണ്ടേയിരുന്നു..
ജീവിതം എന്ത് രസാല്ലേ?

Ammu Santhu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo