Slider

അപ്പൂപ്പൻതാടികൾ' i Prathap Chandra Dev

0

 എൻഫീൽഡ്, ബസ്സിനെ ഓവർടേക്ക് ചെയ്യുകയായിരുന്നു... അപ്പോൾ എതിർവശത്തു നിന്ന് പാഞ്ഞു വന്ന ടിപ്പറിൻ്റെ വേഗത കണ്ട് വിരണ്ടു പോയ, എൻഫീൽഡ് ഓടിച്ചിരുന്ന ആ യുവാവ് തൻ്റെ ബൈക്ക് വലത്തോട്ട് ഒഴിച്ചു... അതേസമയം ആ ഭാഗത്തെ ഇടറോഡിലൂടെ വന്നു കയറിയ ഹോണ്ട ആക്ടീവയുമായി എൻഫീൽഡ് കൂട്ടിയിടിച്ചു.. എൻഫീൽഡിലെ യുവാവും ആക്ടീവ ഓടിച്ചിരുന്ന യുവതിയും റോഡിലേയ്ക്ക് മറിഞ്ഞു വീണു.. പാഞ്ഞു വന്ന ടിപ്പറിന്റെ ഡ്രൈവർ ബ്രേക്കു ചവിട്ടാൻ ആകുന്നത്ര ശ്രമിച്ചു.... ആ കാഴ്ചയ്ക്ക് ദൃക്സാക്ഷിയായവർ നിലവിളിച്ചു പോയി... ഓടിക്കൂടുന്ന ജനം.. മറ്റു വണ്ടികൾ നിറുത്തിയും ആളുകൾ അങ്ങോട്ടേയ്ക്ക് ഓടി അടുക്കുന്നു....
** ** ** **. ** ** ** ** ** ** ** ** ** **
ചാടിയെണീറ്റ ആ പെൺകുട്ടി, തറയിൽ നിന്നെണീറ്റ് വിരണ്ടുനില്ക്കുന്ന ആ യുവാവിൻ്റെ അടുത്തേയ്ക്ക് പാഞ്ഞെത്തി.. അവനെ പിടിച്ചു തള്ളിക്കൊണ്ട്,
"എടോ താനെന്തിനാടോ എൻ്റെ വണ്ടിയിൽ വന്നിടിച്ചത് ?! "
"ങേ! കുട്ടിയല്ലേ എൻ്റെ ബൈക്കിൽ വന്നിടിച്ചത്...!"
"അല്ല.. നിങ്ങളാണ് എൻ്റെ സ്കൂട്ടറിൽ വന്നിടിച്ചത്...."
"ആ ടിപ്പർ പെട്ടെന്ന് പാഞ്ഞു വന്നപ്പോൾ ഞാൻ ഈ വശത്തേയ്ക്ക് കയറിപ്പോയത് ശരി തന്നെ... പക്ഷെ വേറൊരു റോഡിൽ നിന്ന് വന്ന താൻ, മെയിൻ റോഡിലേയ്ക്ക് കയറുമ്പോൾ വളരെ ശ്രദ്ധിച്ചല്ലേ കയറേണ്ടത്..?!"
തലയിൽ കൈവച്ചു കൊണ്ട് അവൾ..
''ഓ! എൻ്റെ സ്കൂട്ടർ തവിടുപൊടിയായെന്നു തോന്നുന്നു..!"
"ജീവനെക്കാൾ പ്രധാനമാണോ സ്കൂട്ടർ..! അങ്ങോട്ടുനോക്ക് നമ്മൾ അവിടെ മരിച്ചു കിടക്കുകയാ.... "
ഞെട്ടലോടെ അങ്ങോട്ടു നോക്കിയ അവൾ, ആൾക്കൂട്ടത്തിനിടയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്നെയും അതിനടുത്തായി അനക്കമറ്റ് കിടക്കുന്ന അവൻ്റെ ശരീരവും കണ്ടു....
''അയ്യോ..! ദൈവമേ... പിന്നെ.. നമ്മൾ ഇവിടെ എങ്ങനെ...!?"
"അതാലോചിച്ച് ഉത്തരം കിട്ടാതെ നില്ക്കുകയാണ് ഞാനും... ഒരു പക്ഷെ ഇത് നമ്മുടെ ആത്മാവുകളായിരിക്കും... മറ്റുള്ളവർക്ക് നമ്മളെ കാണാനും പറ്റില്ലായിരിക്കും ... "
റോഡരികിലെ അരമതിലിൽ ചാരി നിന്നുകൊണ്ട് സുന്ദരിയായ ആ പെൺകുട്ടി വിതുമ്പി വിതുമ്പിക്കരഞ്ഞു...
" അയ്യോ എൻ്റെ ദൈവമേ! ഞാൻ പോയാൽ എൻ്റെ വീട്ടിലുള്ളവർ എന്തു ചെയ്യും....!? ഓർക്കാൻ കൂടി വയ്യല്ലോ.... എത്ര കാലം ശ്രമിച്ചിട്ടാ അവസാനം ഒരു ഗവർൺമെൻ്റ് ജോലി കിട്ടിയത്.... ഒരു വിധം പച്ച പിടിച്ചു വന്നതാ... ഈ സ്കൂട്ടർ തന്നെ ലോണിലെടുത്തിട്ട് രണ്ടു മാസമേ ആയിട്ടുള്ളു.... "
" കുട്ടിയുടെ വീട്ടിൽ ആരൊക്കെയുണ്ട് ?"
"അച്ഛൻ, അമ്മ, ഒരു സഹോദരൻ.. അവന് ബുദ്ധി വളർച്ചയില്ല.. എൻ്റെ അച്ഛൻ ലോറി ഡ്രൈവറായിരുന്നു.. നാലു വർഷത്തിനു മുൻപ് പാറമടയിൽ വച്ചുള്ള ഒരപകടത്തിൽ, ഒരു വശം തളർന്ന് കിടപ്പിലാണ്... എല്ലാ പ്രതീക്ഷയും എന്നിലായിരുന്നു.. പാവം എൻ്റെ അമ്മ ഇനി ഒറ്റയ്ക്ക് എന്തു ചെയ്യും...!"
" കരയാതെ കുട്ടീ... കരഞ്ഞിട്ട് ഇനി യാതൊരു പ്രയോജനവുമില്ലല്ലോ..... "
അവൾ ദേഷ്യവും ദയനീയതയും കലർന്ന ഒരു നോട്ടം അവന്റെ നേർക്ക് പായിച്ചു..
ഒരു പോലീസ് ജീപ്പം ആംബുലൻസും പാഞ്ഞു വന്നു... അവൻ പറഞ്ഞു..
"ഇതാ നമ്മുടെ ബോഡി കൊണ്ടുപോകാൻ ആംബുലൻസ് എത്തി.. അങ്ങോട്ട് പോകുന്നോ ?"
"എനിക്ക് വയ്യ കാണാൻ... ഞാൻ വരുന്നില്ല.. "
"എനിക്കും കാണാൻ താല്പര്യമില്ല."
"എനിക്ക് എൻ്റെ വീട്ടിൽ പോകണം... ഈ സംഭവം അറിഞ്ഞാൽ എൻ്റെ അമ്മയും അച്ഛനും തകർന്നു പോകും.."
"ഞാനും വരാം "
"വേണ്ട.. എനിക്ക് നിങ്ങളെ കാണണ്ട.. എല്ലാത്തിനും കാരണക്കാരൻ നിങ്ങളാ.. വളവിൽ വെപ്രാളം കാണിച്ച് ഓവർടേക്ക് ചെയ്ത് എന്നെക്കൂടി കുരുതി കൊടുത്തില്ലേ....?! എൻ്റെ കൺവെട്ടത്ത് നിന്ന് പൊയ്ക്കോ.... "
"ഐ ആം വെരി വെരി സോറി കുട്ടീ.. എനിക്ക് അത്രയ്ക്ക് അത്യാവശ്യം ഉണ്ടായിരുന്നതു കൊണ്ടാ..."
"എന്നിട്ടിപ്പോ അത്യാവശ്യമെല്ലാം നടന്നല്ലോ.. അല്ലെങ്കിൽ പോയി നടത്തിക്കോ..."
" കുട്ടിയും ഒന്നു സൂക്ഷിച്ചിരുന്നെങ്കിൽ ഇങ്ങനെ.. "
"നിങ്ങൾ കൂടുതൽ സംസാരിക്കണ്ട.. ഞാൻ പോകുന്നു.. "
കുറച്ചു ദൂരം നടന്നപ്പോൾ തൻ്റെ പിറകിൽ ആരോ ഉണ്ടെന്ന് കണ്ട് അവൾ തിരിഞ്ഞു നോക്കി.. ഒരു രണ്ടടിയോളം പൊക്കത്തിൽ വായുവിൽ ഒഴുകി വരുന്നതു പോലെ അവൻ...! അതിശയത്തോടെ അവളവനെ നോക്കി..
"ങേ ഇതെങ്ങനെ....!?"
"ആത്മാവിന് ഇങ്ങനെ സഞ്ചരിക്കാം എന്ന് കേട്ടിട്ടുണ്ട്.. ഒന്നു ട്രൈ ചെയ്തപ്പോൾ പറ്റി.. വരുന്നെങ്കിൽ വാ.. ഞാൻ സഹായിക്കാം.. എൻ്റെ കൈയ്യിലേയ്ക്ക് പിടിച്ചോളൂ "
അവൻ നീട്ടിയ കൈയ്യിൽ ശങ്കയോടെ അവൾ പിടിച്ചു.. ഞൊടിയിടയിൽ അവളും രണ്ടടിയോളം വായുവിൽ പൊങ്ങി, അവൻ്റെ കൂടെ അവളും ഒഴുകിത്തുടങ്ങി.. അതിശയത്തോടെ അവൾ പറഞ്ഞു
"ഞാനിങ്ങനെ പോകുന്നത് സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.. "
"ഇങ്ങനെ എൻ്റെ കൈയ്യിൽ പിടിച്ചുകൊണ്ടോ?"
"അല്ല ഒറ്റയ്ക്ക്... "
അവൻ അവളുടെ കൈയ്യിലെ പിടിത്തം മെല്ലെ അയച്ചു..
"പേടിക്കണ്ട.. വീഴത്തില്ല.. ഞാൻ കൈവിടുകയാണേ.. "
അവൻ കൈവിട്ടപ്പോൾ ഒന്നു വിരണ്ടെങ്കിലും പെട്ടെന്ന് അവൾ ബാലൻസ് ചെയ്ത് അവനു സമാന്തരമായി ചലിക്കാൻ തുടങ്ങി..
"തൻ്റെ വീട് ഇവിടെ അടുത്താണോ..?"
"ആ ആറിൻ്റെ അക്കരയാ.. പക്ഷേ പാലം ചുറ്റി പോകുകയാണെങ്കിൽ രണ്ടു കിലോമീറ്ററോളം ദൂരമുണ്ട്.. "
"എന്തിനാ പാലം ചുറ്റുന്നത് ? ആറ്റിനു കുറുകേ പോ.. "
" ആറ്റിനു കുറുകേ..!"
"എടോ താൻ ഇപ്പോൾ വായുവിലല്ലേ.. ആ ആറിനെ ക്രോസ് ചെയ്യാൻ എന്താണ് പ്രയാസം? വാ ഞാനും വരാം.. "
അവനവളുടെ കൈയ്യും പിടിച്ചു കൊണ്ട് ആറിനു നേരെ ഒഴുകി..
"തൻ്റെ പേരെന്താ.. ?"
"ശകുന്തള.. ശകു എന്ന് എളുപ്പത്തിൽ വിളിക്കും.."
"അയ്യേ കിളവികളുടെ പേരല്ലേ.. ആരാ ഈ പേര് ഇട്ടു തന്നത്..?"
"എൻ്റെ അച്ഛമ്മയുടെ പേരാ.. ഞാൻ ജനിക്കുന്നതിനു മുൻപ് അവർ മരിച്ചു പോയി.. അവരുടെ ഓർമ്മയ്ക്കായിട്ടാണ് അച്ഛൻ എനിക്കാ പേരിട്ടത്.. നിങ്ങൾക്ക് ആ പേരിഷ്ടപ്പെട്ടില്ലെങ്കിൽ വിളിക്കണ്ട..."
"പിണങ്ങാതെ ശകൂ..."
"എന്താണ് നിങ്ങളുടെ പേര് ?"
"ബൈജു കൃഷ്ണ.. "
"ഹ.. ഹ.. ഞങ്ങളിവിടെ അപ്പൂപ്പൻമാരെയാ ബൈജൂ എന്ന് വിളിക്കുന്നത്... "
"ഓ എന്നാൽ താൻ ആ പേര് വിളിക്കണ്ട.. ചേട്ടാ എന്നു വിളിച്ചാൽ മതി.. "
"ചേട്ടനോ... കാലാ എന്നു വിളിക്കാനാ എനിക്ക് തോന്നുന്നത്.."
"ശരി തൻ്റെ ഇഷ്ടം പോലെ വിളിച്ചോ.. ആറു കടന്നല്ലോ.. ഞാൻ കൂടെ വരുന്നത് തനിക്ക് ഇഷ്ടമില്ലാത്ത സ്ഥിതിയ്ക്ക് ഞാൻ പോകട്ടേ...?"
"പിണങ്ങിപ്പോകണ്ട.. വരുന്നെങ്കിൽ വന്നോ എൻ്റെ സങ്കടങ്ങളിലേയ്ക്ക്... "
ഹോളോബ്രിക്സ് കെട്ടി, പൂശാത്ത, ഷീറ്റിട്ട ആ വീടിനു മുൻപിൽ അവൾ നിന്നു.. റോഡിൽ കിടക്കുന്ന ഓട്ടോയിലേയ്ക്ക് അവളുടെ കുഞ്ഞമ്മയ്ക്കും അവരുടെ മകനുമൊപ്പം അലമുറയിട്ടു കരഞ്ഞുകൊണ്ട് ഓട്ടോയിൽ കയറി പാഞ്ഞു പോകുന്ന അമ്മയെക്കണ്ട്, "അമ്മേ..." എന്ന് വിളിച്ചു കൊണ്ട് അവൾ പിറകേ പാഞ്ഞെങ്കിലും അവളെ ആരും കണ്ടില്ല.. അവളെ പിടിച്ചു നിറുത്തിക്കൊണ്ട് അവൻ പറഞ്ഞു
"തനിക്ക് അമ്മയോടൊപ്പം ഹോസ്പിറ്റലിൽ പോകണോ?"
"വേണ്ട... എനിക്ക് പോകണ്ട.. ഞാൻ എൻ്റെ അച്ഛനെ കാണട്ടെ "
അവൾ അകത്തേയ്ക്കു കയറി.. നിറകണ്ണുകളുമായി മുകളിലേക്ക് നോക്കിക്കൊണ്ട് കട്ടിലിൽ കിടക്കുന്ന അച്ഛനെ കണ്ട് അവൾ " അച്ഛാ..." എന്നു വിളിച്ചു കരഞ്ഞെങ്കിലും അയാൾ ഒന്നും കേട്ടില്ല.. അവൾ തൻ്റെ അനിയനെ തിരഞ്ഞു.. അവിടെ അടുക്കളയുടെ പുറത്തേയ്ക്ക് തുറന്നു കിടക്കുന്ന വാതിലിൽ ഒന്നും അറിയാതെ വെളിയിലേക്ക് നോക്കിയിരിക്കുകയാണവൻ.. പൊട്ടിക്കരഞ്ഞുകൊണ്ട് തൻ്റെ കട്ടിലിൽ കമഴ്ന്ന് കിടന്ന് അവൾ വിങ്ങി വിങ്ങിക്കരഞ്ഞു.. ആരോ തൻ്റെ തലമുടിയിൽ തലോടുന്നതിറഞ്ഞ അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി.. അരികിൽ അവൻ..
" ഞാൻ പോകട്ടെ... എൻ്റെ വീട്ടിലേയ്ക്ക് പോകണം"
"ഞാനും വരാം.. ഇവിടെയിരുന്നാൽ ഞാൻ തകർന്നു പോകും.."
തൻ്റെ വീട്ടിലെ തുറന്നു കിടന്ന ഗേറ്റും വാതിലും കടന്ന് ഉള്ളിലെത്തിയ അവന് ആരെയും അവിടെ കാണാൻ പറ്റിയില്ല. പകച്ചു നിന്ന അവനോടായി അവൾ പറഞ്ഞു
"ഇവിടെയുള്ളവരെല്ലാം ഹോസ്പിറ്റലിൽ പോയി കാണും.. ആരൊക്കെയാ ചേട്ടനുള്ളത്? "
"എൻ്റെ അമ്മയും രണ്ടനുജത്തിമാരും... എനിക്കവരെ കാണണം... ഞാൻ ഹോസ്പിറ്റലിലേയ്ക്ക് പോകുകയാ..."
ഹോസ്പിറ്റലിലെ ഐസിയുവിനു മുൻപിലിട്ടിരിക്കുന്ന ചെയറുകളിൽ തൻ്റെ അനിയത്തിമാരെയും കെട്ടിപ്പിടിച്ചു കൊണ്ട് വിങ്ങിപ്പൊട്ടി ഇരിക്കുന്ന അമ്മയെ അവൻ കണ്ടു.. അപ്പുറത്തായി തൻ്റെ കുഞ്ഞമ്മയെ കെട്ടിപ്പിടിച്ച് അലമുറയിട്ട് കരയുന്ന അമ്മയെ അവളും കണ്ടു.. കുറേ നേരം തൻ്റെ അമ്മയേയും അനുജത്തിമാരെയും നോക്കി നിന്നിട്ട്, അവൻ ആശുപത്രിയ്ക്ക് വെളിയിലിറങ്ങി, പടർന്ന് പന്തലിച്ചു കിടക്കുന്ന അശോകതെറ്റിയുടെ ചുവട്ടിൽ അവൻ സങ്കടത്തോടെ നിന്നു.
"ചേട്ടൻ്റെ അച്ഛൻ ? "
"ഓ താനും ഇങ്ങു വന്നോ... എനിക്കധികനേരം അവിടെ നില്ക്കാൻ കഴിഞ്ഞില്ല.. നമ്മൾ മരിച്ച കാര്യം അറിയാതെ ജീവനുണ്ടെന്ന് പ്രതീക്ഷിച്ച് ഐസിയു വിനു മുൻപിലിരിക്കുന്നവരെ കണ്ടു കൊണ്ടിരിക്കാൻ എനിക്കാവില്ല... ങാ എന്താ താൻ ചോദിച്ചത്..? അച്ഛനോ? അച്ഛൻ നേരത്തേ മരിച്ചു പോയി.. ഗൾഫിലായിരുന്നു.. ഒരിക്കൽ അച്ഛന്റെ മൃതദ്ദേഹമാണ് ഇവിടെ എത്തിയത്. ശേഷം അമ്മയുടെയും അനിയത്തിമാരുടെയും പ്രതീക്ഷ ഞാൻ മാത്രമായിരുന്നു.. ഞാൻ ഒരു ലീഡിംഗ് കമ്പനിയുടെ മെഡിക്കൽ റെപ്പാണ്.. രണ്ടനുജത്തിമാരുടെയും പേരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ഇരുപത് ലക്ഷം രൂപയുടെ ചിട്ടി കെട്ടിയിരുന്നത് അടഞ്ഞു തീരാറായി.. ഒരു സസ്പൻസായി വെച്ചിരുന്നതുകൊണ്ട് ഇതുവരെയും അവരെ അറിയിച്ചിട്ടില്ല.. അതെങ്കിലും ഒന്നറിയിക്കാൻ പറ്റിയിരുന്നെങ്കിൽ... ഒത്തിരി പേരിൽ നിന്ന് കാശ് കിട്ടാനുണ്ട്.. അതൊന്നും ഇവർക്ക് അറിയില്ല.. ആരെങ്കിലും ആ കാശുകൾ ഇവർക്ക് കൊടുക്കോ...! ഞാൻ ഒരിക്കലും കരുതിയില്ലല്ലോ ഇത്ര പെട്ടെന്ന് പോകുമെന്ന്.. അല്ലെങ്കിൽ... "
വിഷമത്തോടെ തലയ്ക്ക് കൈ കൊടുത്തു നിന്ന അവൻ്റെ കൈയ്യിൽ അവൾ മൃദുവായി പിടിച്ചു
" ഇനി ഇതൊക്കെ ഓർത്ത് വിഷമിച്ചിട്ടെന്തു കാര്യം.. "
" അതേ.. ഒരു കാര്യവുമില്ല.. ഇനി കുറച്ചു സമയം കൂടെയേ നമുക്ക് ഈ ഭൂമിയിലുള്ളു. നമ്മുടെ ബോഡി ദഹിപ്പിക്കുന്നതു വരെ... അതു കഴിഞ്ഞ് ഈ രൂപമെല്ലാം നഷ്ടപ്പെട്ട് വെറും അപ്പൂപ്പൻതാടികൾ പോലെ പരസ്പരം തിരിച്ചറിയാൻ പറ്റാതെ നമ്മൾ മറ്റൊരു ലോകത്തേയ്ക്ക് പോകും.. "
"അയ്യോ അപ്പോൾ നമ്മൾ രണ്ടു പേരും പിരിയുമോ...! നിങ്ങളുടെ സാമീപ്യമാണ് തല്ക്കാലം എൻ്റെ ദു:ഖങ്ങൾക്ക് ആശ്വാസമേകുന്നത്..."
"ശകൂ... എൻ്റെ കാര്യവും അതേ... എന്തേ നമ്മൾ ജീവിച്ചിരുന്നപ്പോൾ കണ്ടുമുട്ടിയില്ല...! എന്തായാലും വാ.. നമുക്ക് അങ്ങ് ദൂരെ..ആ കാണുന്ന മനോഹരമായ കുന്നിൻ ചെരിവിലേക്ക് പോകാം.. അവിടെ നിറയെ തെറ്റിക്കായ്കൾ പഴുത്തു കിടപ്പുണ്ടാകും.. കഴിക്കാൻ പറ്റിയില്ലെങ്കിലും അതിൻ്റെ ഭംഗിയും ആസ്വാദിച്ചു കൊണ്ട് നമുക്ക് അവിടെ ഒഴുകി നടക്കാം... പറ്റുമെങ്കിൽ ആ പാറക്കൂട്ടത്തിൽ എവിടെയെങ്കിലും നമുക്ക് ദൈവത്തിൻ്റെ കണ്ണുവെട്ടിച്ച് ഒളിച്ചിരിക്കാം.. "
അവർ ആ കുന്നിൻ ചെരിവിലൂടെ ഒഴുകി നടന്നു
" ഇത്രയും ഭംഗിയുണ്ടായിരുന്നോ ഈ കുന്നിന്...! എനിക്ക് സ്വർഗ്ഗത്തിലും പോകണ്ട ഒരിടത്തും പോകണ്ട.. ചേട്ടൻ്റെ കൈയ്യും പിടിച്ച് ഇങ്ങനെ ഒഴുകി നടന്നാൽ മതി.. ദൈവമേ അതെങ്കിലും സാധിച്ചു തരണേ....."
അവർ കുന്നിൻ്റെ വേറൊരു ഭാഗത്തെത്തിയപ്പോൾ അവിടെ ധാരാളം അപ്പൂപ്പൻതാടികൾ പറന്നു പൊങ്ങിപ്പോകുന്നു.. അവർ അതിൻ്റെ അടുത്തേക്ക് ഒഴുകി എത്തി.. കൊച്ചു കുട്ടികളെപ്പോലെ ആ അപ്പൂപ്പൻതാടികളെ അവർ പിടിക്കാൻ ശ്രമിച്ചു.. പിടികൊടുക്കാതെ അവ തെന്നിപ്പൊയ്ക്കോണ്ടിരുന്നു..
പെട്ടെന്ന് അവളുടെ കണ്ണിൽ നിന്ന് അവൻ. അപ്രത്യക്ഷനായി.. അവൾ നിലവിളിച്ചു കൊണ്ട് ആ അപ്പൂപ്പൻതാടികൾക്കിടയിൽ അവനെ തിരഞ്ഞു.. അവനും അക്കൂട്ടത്തിൽ ഒരു അപ്പൂപ്പൻതാടിയായി മാറിയതായി അവൾ വിശ്വസിച്ചു.. ആ അപ്പൂപ്പൻതാടി കണ്ടു പിടിക്കാൻ അവൾ വൃഥാ ശ്രമിച്ചു കൊണ്ടേയിരുന്നു.. പെട്ടെന്ന് അവളുടെ ബോധവും മറഞ്ഞു..
** ** ** ** ** ** ** ** ** ** ** ** ** **
"ഓ അതിശയം.. പെൺകുട്ടിടെയും പൾസ് കിട്ടിത്തുടങ്ങി... "
ഡോക്ടർമാരിലാരോ പറയുന്നതു കേട്ട് കണ്ണു മിഴിച്ചു കിടക്കുകയായിരുന്ന അവൻ തല മെല്ലെ തിരിച്ച് അവളുടെ ബെഡ്ഡിലേക്ക് പ്രതീക്ഷയോടെ നോക്കി.. അവളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ ഭഗീരഥ പ്രയത്നം നടത്തുന്ന ഡോക്ടർമാർ...
അവളുടെ കണ്ണുകൾ ഒന്നു ചിമ്മി.. മെല്ലെ മെല്ലെ കണ്ണുകൾ തുറന്ന് ആയാസപ്പെട്ട് ചുറ്റും നോക്കി.. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഇടയിലൂടെ അടുത്ത ബഡ്ഡിൽ തന്നെത്തന്നെ കണ്ണു മിഴിച്ചു നോക്കിക്കൊണ്ടു കിടക്കുന്ന അവനെ അവൾ കണ്ടു.. ഓക്സിജൻ മാസ്കുകൾക്ക് മുകളിൽ അവരുടെ കണ്ണുകൾ കൂട്ടിമുട്ടി.. ആനന്ദബാഷ്പത്തോടെ ആ കണ്ണുകൾ പരസ്പരം സന്ദേശങ്ങൾ കൈമാറി.. ഏതോ ഒരു ഡോക്ടർ പറയുന്നത് അവർ കേട്ടു
"ങേ! ഐസിയുവിനകത്ത് ഈ അപ്പൂപ്പൻതാടികൾ എങ്ങനെ വന്നു...!"
- ശുഭം -
... Prathap Chandra Dev
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo