കാറ്റ് ചില്ല് ജനാലയിൽ തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. സാമാന്യം ശക്തിയായി തന്നെ മുട്ടുന്നു. കിടക്കയിൽ കിടന്നു തന്നെ അവൾ പുറത്തേക്കു നോക്കി. മരങ്ങൾ ശക്തമായി ഉലയുന്നുണ്ട്. വിചാരിച്ചതിലും മുമ്പ് തന്നെ കാറ്റും മഴയും എത്തിയോ?
കാലത്ത് പത്തു മണിയോടെ കൊടുങ്കാറ്റ് ദ്വീപൽ എത്തും എന്നായിരുന്നു മുന്നറിയിപ്പ്.
അകലെ കറുത്തു കിടക്കുന്ന കടലിലെ തിരമാലകൾ പാറക്കെട്ടുകളിൽ ആഞ്ഞടിക്കുന്നു. ഇരുട്ടിന്റെ കറുത്ത വിരികൾക്കു താഴെ പുതച്ചുറങ്ങുന്ന ദ്വീപ് കണ്ടു കൊണ്ടാണ് ഉറങ്ങാൻ കിടന്നത്.
അവൾ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി. കാറ്റ് ചുഴറ്റി എറിയുന്നതിന് മുമ്പ് ഷട്ടറുകൾ വലിച്ചിട്ടു മുറിയിലേക്ക് ഓടിക്കയറി. നിമിഷങ്ങൾ കൊണ്ട് അകത്തു ഇരച്ചു കയറിയ കാറ്റ് കിട്ടിയതൊക്കെ തട്ടിയിട്ടു. മുഖത്ത് വീശിയടിച്ച മഴത്തുള്ളികൾ, ഉറക്കത്തിന്റെ ആലസ്യം കഴുകി എറിഞ്ഞു.
നാട്ട് വെളിച്ചം നഷ്ടപ്പെട്ട മുറിയിൽ കാറ്റിനോടൊപ്പം ഇരുട്ടും അരിച്ചു കയറി. എമർജൻസി വിളക്കിന്റെ മഞ്ഞ വെളിച്ചം ഇരുട്ടിനെ ആട്ടിയകറ്റുന്നത് നോക്കി അവൾ കിടക്കയിൽ ചരിഞ്ഞു കിടന്നു.
കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് വരുന്നതിന് മുന്നേ കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ വേണ്ടി പ്രധാന ദ്വീപിലേക്ക് പോയതാണ് റോബിൻ.
കാറ്റ് എത്തുന്നതിന് മുമ്പ് തിരിച്ചെത്തും എന്നായിരുന്നു കരുതിയിരുന്നത് . ജസ്ല കിടക്കയുടെ അരികിൽ ഉള്ള ക്ലോക്കിൽ എത്തി നോക്കി.
സമയം രണ്ടു മണി.
അവളുടെ മനസ്സ് റോബിനെ കുറിച്ച് ഉള്ള ചിന്തകളിൽ മുഴുകി.
മിനിയാന്ന് വൈകിട്ട് ഇറങ്ങുമ്പോൾ റോബിൻ അവളെ ചേർത്ത് പിടിച്ചു. ഒരു ദിവസം പോലും അവളെ പിരിഞ്ഞു ഇരിക്കാൻ വിഷമമാണ് റോബിന്.
"ചരക്കുകൾ എടുത്തു നാളെ കാലത്ത് ഉള്ള ബോട്ടിൽ മടങ്ങാം."
റോബിനും ജസ്ലക്കും ഒരു ചെറിയ ഗ്രോസറി സ്റ്റോർ ഉണ്ട്. ദ്വീപിലെ മെഡിക്കൽ സ്കൂളിൽ വരുന്ന കുട്ടികൾക്ക് അത്യാവശ്യം നിലവാരമുള്ള സാധനങ്ങൾ എത്തിക്കാൻ തുടങ്ങിയത് വളരെ നന്നായി തന്നെ നടക്കുന്നുണ്ട്.
മഴക്കാലത്തെ കൊടുങ്കാറ്റ് ദ്വീപിനെ പലപ്പോഴും ഒറ്റപ്പെടുത്തും. അത് കൊണ്ട് ആ സമയങ്ങളിൽ അല്പം അധികം സാധനങ്ങളും മറ്റും വാങ്ങി സൂക്ഷിക്കുന്നത് പതിവാണ്.
ഒരു പ്രധാന ടൂറിസ്റ്റ് ലൊക്കേഷൻ ഒന്നും അല്ലെങ്കിലും സ്കൂബ ഡൈവിങിന് പ്രധാന ദ്വീപിൽ നിന്ന് വരുന്ന ടൂറിസ്റ്റ്കൾക്കും മക്കളെ കാണാൻ എത്തുന്ന മാതാപിതാക്കൾക്കുമായി അവരുടെ വീട് എട്ട് മുറികൾ ഉള്ള ഒരു ഹോട്ടൽ ആക്കിയതും റോബിന്റെ ഐഡിയ ആയിരുന്നു.
നീല നിറത്തിലുള്ള കരീബിയൻ കടലിലിന്റെ ഭാവമാറ്റങ്ങൾ നോക്കി എല്ലാം മറന്ന് ഇരിക്കാൻ പാകത്തിൽ നീണ്ട വരാന്തകളുള്ള ഹോട്ടലിന് ജസ്ലയുടെ പേരാണ്.
അതിഥികൾ വരുമ്പോൾ അവർക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നതും ഹൗസ് കീപ്പിങ്ങും ജസ്ലയും അവൾക്ക് സഹായത്തിന് ആയി വരുന്ന രണ്ടു സ്ത്രീകളും കൂടി ആണ്.
ഹോട്ടലിൽ നിന്നും വലിയ ലാഭം ഇല്ലെങ്കിലും, ജസ്ലാസ് പാലസ് അവരുടെ സ്നേഹത്തിന്റെ പ്രതീകമായിരുന്നു. അവിടെ എത്തുന്ന അതിഥികളിലൂടെ അവൾ കാണാത്ത ലോകത്തിന്റെ കഥകൾ കേട്ടു. എന്നെങ്കിലും റോബിനോടൊപ്പം ആ രാജ്യങ്ങൾ കാണാൻ അവൾ ആഗ്രഹിച്ചു.
റോബിൻ അവളുടെ ജീവിതത്തിൽ വന്നു അഞ്ച് വർഷമായി. ഫ്ലോറിഡയിലെ ഒരു റിസോർട്ടിലെ ഗസ്റ്റ് സർവീസിൽ ജോലി ചെയ്യുകയായിരുന്നു അവൾ. ബ്രൗൺ സ്കർട്ടും വെളുത്ത ബ്ലൗസിനും മുകളിൽ മഞ്ഞ നിറത്തിലുള്ള ഏപ്രൺ കെട്ടി ചുറുചുറുക്കോടെ ഓടി നടക്കുന്ന അവളെ കാണാതിരിക്കാൻ റോബിന് കഴിഞ്ഞില്ല. പിന്നീട് കാരണം ഉണ്ടാക്കി അവളോട് സംസാരിക്കാൻ ചെന്നപ്പോൾ അവൾ ഒഴിഞ്ഞു മാറി.
ഹോട്ടലിൽ ജോലി ചെയ്യുന്ന സുന്ദരികളായ പെൺകുട്ടികൾക്ക് അറിയാം കുറച്ചു ദിവസങ്ങളിലെ സന്തോഷം തേടി വരുന്ന അതിഥികളുടെ മനസ്സ്.
പക്ഷേ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി വെളുത്ത നിറമുള്ള, സ്വർണ്ണമുടി ചുരുളുകൾ നെറ്റിയിലിലേക്ക് വീണ് കിടക്കുന്ന ബ്രിട്ടീഷുകാരന് മറ്റെന്തോ പ്രത്യേകതകൾ ഉണ്ടെന്ന് അവളുടെ ഹൃദയം പറഞ്ഞു.
കരീബിയൻ ദ്വീപുകളിൽ ഇൻവെസ്റ്റ്മെന്റ് ചെയ്യാനുള്ള പ്ലാനുകളുമായി വന്നതാണ് റോബിൻ. നഗരത്തിലെ തിരക്കിൽ നിന്നും ഒഴിഞ്ഞു, ഒതുങ്ങിയ ഒരു ജീവിതം. അദ്ധ്വാനിക്കാൻ ഒരു മടിയും ഇല്ലാത്ത ആൾ. അവളിൽ നിന്നും അയാൾക്ക് അറിയേണ്ടത് ദ്വീപുകളെ കുറിച്ചായിരുന്നു.
ഒരു കോഫി കുടിക്കാൻ ഉള്ള ക്ഷണം അവൾ സ്വീകരിച്ചത് ഹോട്ടൽ മാനേജ്മെന്റിന്റെ ആവശ്യ പ്രകാരം ആയിരുന്നു. ദ്വീപുകളെ കുറിച്ച് അവൾക്കുള്ള അറിവ്, ആദ്യത്തെ മീറ്റിങ്ങിൽ തന്നെ റോബിൻ അറിഞ്ഞു.
മാസങ്ങൾക്ക് ശേഷം വില്പനയ്ക്ക് ഇട്ടിരുന്ന ഗ്രോസറി സ്റ്റോറിന്റെ പരസ്യം കണ്ട് ഈ ദ്വീപിലേക്ക് വരാൻ തീരുമാനിച്ചതും അവർ ഒരുമിച്ച് ആണ്.
ദ്വീപിലേക്ക് പുറപ്പെടുന്നതിനു തലേന്ന്, ഒരു നിലാവുള്ള രാത്രിയിൽ, കടലിനെ സാക്ഷിയാക്കി അയാൾ അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചു.
റോബിൻ മിക്കവാറും എല്ലാ ആഴ്ചയും പാലും പച്ചക്കറികളും മറ്റും എടുക്കാൻ പ്രധാന ദ്വീപിലെക്ക് പോകാറുള്ളതാണ്.
പരിചയമില്ലാത്തവർക്ക് രണ്ടു മണിക്കൂർ ദീർഘമുള്ള ബോട്ട് യാത്ര ചെയ്യാൻ കൂടുതൽ വിഷമം ആണ്. കരീബിയൻ കടലിൽ അലഞ്ഞു നടക്കുന്ന കാറ്റ് ഉലയുന്ന ഓളങ്ങൾ കൊണ്ട് ബോട്ടിനെ എടുത്തെറിയും. അടിവയറ്റിൽ നിന്നും ഉരുണ്ടു കയറുന്ന തികട്ടൽ യാത്രക്കാരുടെ നില തെറ്റിക്കും.
ദ്വീപിലേക്ക് ആദ്യമായി വരുന്ന ആളുകൾക്ക് നേരെ ഛർദ്ദിക്കാൻ പ്ലാസ്റ്റിക് ബാഗുകൾ നീട്ടുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന ചിരിയും വേണ്ട എന്ന തലയാട്ടലും വെറും പത്ത് മിനിറ്റ് കൊണ്ട് തന്നെ വറ്റി വരണ്ടു ഇല്ലാതാകും. പിന്നെ ഒരിക്കലും അവർ ബോട്ടിൽ കയറില്ല.
ദിവസം ആറ് തവണ സർവീസ് നടത്തുന്ന 12 സീറ്റുകൾ ഉള്ള ചെറിയ സിങ്കിൾ എൻജിൻ പ്ലെയിൻ ആണ് ബോട്ടിൽ അല്ലാതെ ദ്വീപിലെത്താനുള്ള മറ്റൊരു വഴി. ഒരു സ്കൂൾ ഗ്രൗണ്ടിന്റെ വലിപ്പം മാത്രം ഉള്ള റൺവേയിൽ ഇറങ്ങുന്ന പ്ലെയിനിന്റെ ചിറകുകൾ ഉയർന്ന പാറക്കെട്ടുകളിൽ ഉരസിയോ എന്ന് തോന്നും. വെറും പത്തു മിനിറ്റ് മാത്രമുള്ള യാത്ര. കടലിന്റെ തൊട്ട് മുകളിലൂടെ പറക്കുമ്പോൾ ആ നീലിമയെ വാരി പുണരാൻ തോന്നും.
റോബിനെ കാലത്ത് ഉള്ള ബോട്ടിൽ കാണാഞ്ഞപ്പോൾ ഉച്ചയ്ക്ക് ശേഷം ഉള്ള ബോട്ടിൽ വരുമെന്ന് കരുതി. ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നപ്പോൾ ആണ്
പോർട്ട് ഓഫീസിൽ വിളിച്ചത്. ഉച്ചയ്ക്ക് ഉള്ള സർവീസ് ടൊർനാഡോ വാണിങ്ങ് കാരണം കാൻസൽ ആയിരിക്കുന്നു. കാറ്റും കോളും വരുമ്പോൾ ദിവസങ്ങളോളം ബോട്ട് സർവീസും എയർ സർവീസും നിർത്തി വെക്കാറുണ്ട്.
അല്പം കഴിഞ്ഞപ്പോൾ ചുഴലിക്കാറ്റിന്റെ വരവ് വിളിച്ചോതി ജീപ്പ് കല്ലുകൾ വിരിച്ച വഴിയിലൂടെ കടന്നു പോയി. റേഡിയോ അനൗൺസ്മെന്റ് കേൾക്കാതെ പോയവർ വീടുകളിലേക്ക് മടങ്ങി. വാതിലുകളും ജനലുകളും ഷട്ടറിട്ട് അടയ്ക്കുന്ന ശബ്ദം അങ്ങിങ്ങായി കേട്ട് തുടങ്ങി.
കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് ഉള്ളപ്പോൾ വലിയ മരപ്പാളികൾ ചേർത്ത് വെച്ച് ചില്ല് ജനാലകൾ അടക്കണം. ചുഴലികാറ്റിന് കരീബിയൻ കടലിൽ എത്തുമ്പോൾ താണ്ഡവമാണ്. വെള്ളത്തിൽ തട്ടി ചുഴലിയായി, കിട്ടിയതൊക്കെ വലിച്ചെറിയുന്ന മരണം നൃത്തം. ചില്ലുകൾ പൊടിച്ചെറിയാൻ നിമിഷങ്ങൾ മാത്രം മതി.
എല്ലാവരും തിരക്കു പിടിച്ച് മഴവെള്ളം പിടിച്ചു വെക്കാൻ ഉള്ള ടാങ്കുകൾ തുറന്നു വെച്ചു. വരാനിരിക്കുന്ന വേനലിൽ ആകെ ആശ്രയം മഴക്കാലത്ത് ശേഖരിച്ചു വയ്ക്കുന്ന മഴവെള്ളമാണ്.
"തനിച്ച് ഷട്ടർ ഇടേണ്ട, ഞാൻ വരാം"
റോബിൻ എത്തിയില്ലെന്ന് അറിഞ്ഞു ഡെവിൻ അവളോട് പറഞ്ഞു. ഹോട്ടലിൽ സഹായിക്കുന്ന സ്റ്റെല്ലയുടെ മകനാണ് ഡെവിൻ. കടയിൽ റോബിനെ സഹായിക്കുന്നത് ഡെവിൻ ആണ്.
കാറ്റ് എത്തും മുമ്പ് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ആയി കടയിൽ തിരക്കു കൂടിയിരുന്നു. ഒരുവിധം എല്ലാവരും പോകുന്നത് വരെ ജെസ്ലക്ക് കടയിൽ ഡെവിനെ സഹായിക്കേണ്ടി വന്നു.
ഹോട്ടലിൽ സീസൺ അല്ലാത്തതിനാൽ ഒന്ന് രണ്ട് അതിഥികൾ മാത്രം. അവർക്ക് വേണ്ട കാര്യങ്ങൾ നോക്കാൻ മേരിയും സ്റ്റെല്ലയും മതി.
കടയടച്ച് ഷട്ടറുകൾ ഇട്ടു. കടയുടെ മേലെയുള്ള വാടക മുറികളിൽ ഷട്ടറുകൾ ഇടാൻ അവിടത്തെ വാടകക്കാരും സഹായിച്ചു.
ഇനി ബാക്കി ഹോട്ടൽ ആണ്. അത്യാവശ്യം വേണ്ട പാൽപ്പൊടിയും ബ്രെഡും മറ്റും എടുത്തു അവൾ ഡെവിനോടൊപ്പം ജസ്ലാസ് പാലസിലേക്ക് എത്തിയപ്പോൾ മേരി അവിടെ ഷട്ടറുകൾ ഇട്ട് കഴിഞ്ഞിരുന്നു.
അതിഥികൾക്ക് ഡിന്നർ നൽകുന്നതിനോടൊപ്പം കാറ്റത്ത് പുറത്ത് ഇറങ്ങരുത് എന്നും മറ്റും സേഫ്റ്റി നിർദ്ദേശങ്ങളും നൽകി ജസ്ല ഹോട്ടൽ കിച്ചണിലേക്ക് നടന്നു. അവിടെ സ്റ്റെല്ലയും ഡെവിനും മേരിയുടെ ഭർത്താവ് മാർക്കോസിനോടൊപ്പം കിച്ചൺ ടേബിളിൽ ഇരിപ്പുണ്ട്. മേരി ഭക്ഷണം എടുത്തു വെയ്ക്കുന്ന തിരക്കിലാണ്.
അവൾ അവരോടൊപ്പം ഇരുന്നു.
"ഈ വരുന്ന ചുഴലിക്കാറ്റ് വലിയതാകും എന്നാണ് പറയുന്നത്"
മാർക്കോസിന്റെ വാക്കുകളിൽ ആശങ്ക നിറഞ്ഞു നിന്നു.
മഴക്കാലത്തെ ചുഴലിക്കാറ്റുകൾ കരീബിയൻ ദ്വീപുകളുടെ ശാപമാണ്. പ്രത്യേകിച്ചും ടൂറിസ്റ്റ് കേന്ദ്രമായ പരന്ന ദ്വീപുകളിൽ കടൽ അടിച്ചു കയറി ഉണ്ടാകുന്ന നാശനഷ്ടങ്ങൾ.
അവരുടെ ദ്വീപ് സമുദ്ര നിരപ്പിൽ നിന്നും ഉയരെ ആണ്. അത് കൊണ്ട് കടലിലിരച്ചു കയറി നാശം ഉണ്ടാകില്ല.
റോബിൻ പതിവായി താമസിക്കുന്ന ഹോട്ടൽ പോർട്ടിന് അടുത്താണ്. മഴ കനത്താൽ, ഹോട്ടലിൽ കടൽ വെള്ളം കയറും എന്ന് ഉറപ്പാണ്.
മേരി റൈസും ജർക്ചിക്കനും കുഴിയുള്ള കിണ്ണത്തിൽ വിളമ്പി.
"റോബിൻ എത്തിയില്ലല്ലോ, ഇന്ന് നമുക്ക് ഇവിടെത്തന്നെ കൂടാം." അവൾ തലയാട്ടി സമ്മതം അറിയിച്ചു. റോബിൻ ഉണ്ടെങ്കിലും കൊടുങ്കാറ്റ് വരുമ്പോൾ അവർ ഒരുമിച്ച് അവിടെ കൂടും.
മിക്കവാറും കാറ്റ് ഉള്ളപ്പോൾ മരങ്ങൾ വീണ് ഉള്ള അപകടം ഒഴിവാക്കാൻ ഇലക്ട്രിസിറ്റി ഓഫ് ആക്കും.കാറ്റ് അടങ്ങുന്നത് വരെ റാന്തൽ വെളിച്ചത്തിൽ വെറുതെ സൊറയടിച്ച് ഇരിക്കാനെ കഴിയൂ. കാറ്റൊഴിയുമ്പോൾ പൊട്ടിവീണ മരങ്ങളും മറ്റും വൃത്തിയാക്കുന്നത് അവർ ഒരുമിച്ച് ആകും.
ഭക്ഷണം കഴിച്ചു മേരി അടുക്കള ഒതുക്കിയിടുമ്പോൾ ജസ്ല അവളുടെ കിടപ്പ് മുറിയിലേക്ക് നടന്നു.
ഒരു നക്ഷത്രം പോലും ഇല്ലാത്ത ആകാശത്തിലേക്ക് നോക്കി കിടന്നു അവൾ ഉറങ്ങിപ്പോയി. കുറച്ചു നേരം മുമ്പ്, കാറ്റ് തട്ടിയുണർത്തും വരെ...
കാറ്റിന്റെ താണ്ഡവം ഉള്ളിൽ നിറച്ച ഭയം അവളുടെ ശ്വാസഗതി യോടൊപ്പം മുറിയിൽ നിറഞ്ഞു.
ഉറക്കം നഷ്ടപ്പെടുന്ന രാത്രികളിൽ കൂട്ടു കിടക്കാൻ വരാറുള്ള സുഖമുള്ള ഓർമ്മകളിൽ ചാരി മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
പെട്ടെന്ന് ഉയർന്ന നിലവിളി ശബ്ദത്തിൽ അവൾ ഞെട്ടി. അതിനൊപ്പം വാതിലിൽ ആരോ മുട്ടുന്നു. എന്തെങ്കിലും ആവശ്യം ഇല്ലാതെ ഈ സമയത്ത് ആരും വിളിക്കില്ല. അടുത്ത കസേരയിൽ കിടന്ന ജീൻസും ടീഷർട്ടും വലിച്ചു കയറ്റി അവൾ വാതിൽ തുറന്നു.
ഡെവിൻ ആണ്..
ഹോട്ടലിൽ വന്ന അതിഥികളിൽ ഒരാൾ വരാന്തയിൽ നിന്ന് താഴേക്ക് വീണിരിക്കുന്നു. കാറ്റിന്റെ ശക്തി അറിയാതെ വരാന്തയിൽ ചെന്നപ്പോൾ കാറ്റ് അടിച്ചു വീഴ്ത്തിയതാണ്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ, ഒരു സാധാരണ കാറ്റ് മാത്രം എന്ന് കരുതി, ബാൽക്കണിയിൽ ചെന്നു എത്തി നോക്കി കാണും... കാഴ്ച കാണാൻ ഇറങ്ങിയത് ഉണ്ടാക്കിയ അപകടം..
നിലവിളി കേട്ട് ഓടിയെത്തിയ ഡെവിൻ ആണ് ആദ്യം കണ്ടത്.
ഭർത്താവിനെ രക്ഷിക്കാൻ കൂടെ ഇറങ്ങാൻ തുടങ്ങിയ ഭാര്യയെ മുറിയിലാക്കി,അടുത്ത് മേരിയെ ഇരുത്തിയിട്ടാണ് അവൻ ജസ്ലയുടെ അടുത്ത് എത്തിയത്.
"ഈ സമയത്ത് പുറത്ത് ഇറങ്ങുന്നത് അപകടമാണ്" മാർക്കോസ് അത് പറയുമ്പോൾ ആ ഭാര്യയുടെ കണ്ണുകളിലെ ഭയം അവളുടേത് കൂടി ആയിരുന്നു.
"പ്ലീസ് ഹെൽപ്പ്.."
"നമുക്ക് ശ്രമിക്കാം ഡെവിൻ, ഒരുപക്ഷേ രക്ഷിക്കാൻ കഴിഞ്ഞാലോ" അത് പറയുമ്പോൾ അവളുടെ ഹൃദയം റോബിന് വേണ്ടി പ്രാർത്ഥിച്ചു.
മാർക്കോസും ഡെവിനും പുറത്തേക്ക് ഉള്ള വാതിലിൽ കയർ കെട്ടി. ഒരു പക്ഷെ കാറ്റിന്റെ തള്ളൽ പുറത്തേക്ക് ആണെങ്കിൽ പിന്നെ അടയ്ക്കാൻ പറ്റി എന്ന് വരില്ല. ഡെവിൻ മുട്ടിൽ ഇഴഞ്ഞാണ് വീണ ആളുടെ അടുത്ത് ചെന്നത്. ചെറിയ ഞരക്കം ഉണ്ട്.
ലഗേജ് കാർട്ടിൽ കയറു കെട്ടി നിർത്തി മാർക്കോസും ഡെവിനും വീണ ആളെ അതിലേക്ക് ഒരുവിധം വലിച്ച് കയറ്റി. സ്റ്റെല്ലയു ജസ്ലയും കാർട്ട് ഉള്ളിലേക്ക് വലിച്ചു. വാതിൽ അടയ്ക്കുന്നതിന് മുമ്പ് മിന്നലിന്റെ വെളിച്ചത്തിൽ അവളത് കണ്ടു.
ഒരു ചുഴലിക്കാറ്റ് ജസ്ല പാലസിൽ നിന്ന് കുറച്ചു മാറി, പ്രധാന ദ്വീപിന്റെ ദിശയിലേക്ക് അതിവേഗത്തിൽ നീങ്ങുന്നു.
ഒരല്പം പിഴച്ചിരുന്നെങ്കിൽ… അവൾ അതിവേഗത്തിൽ ഷട്ടർ വലിച്ചിട്ടു.
ഭാഗ്യത്തിന് കുറച്ചു മുറിവുകളും ചതവുകളും അല്ലാതെ വലിയ ആപത്തൊന്നും ഇല്ല. അയാളെ മുറിയിൽ ആക്കിയ ശേഷം പ്രഥമ ശുശ്രൂഷ നൽകി ഇറങ്ങുമ്പോൾ ഭാര്യ അവളുടെ കൈകൾ ചേർത്ത് പിടിച്ചു നന്ദിയോടെ ചിരിച്ചു.
ആവി പറക്കുന്ന ചായയുമായി അടുക്കളയിലെ ടേബിളിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
കോരിച്ചൊരിയുന്ന മഴയും ഇരച്ചു കയറുന്ന കടൽ വെള്ളവും... പ്രധാന ദ്വീപ് ഇപ്പോൾ മുങ്ങിയിട്ടുണ്ടാകുമോ?
കടൽ വെള്ളം കരയിൽ താണ്ഡവം നടത്തി മടങ്ങുമ്പോൾ കൂടെ കൂട്ടിയവരുടെ കൂട്ടത്തിൽ റോബിനും ഉണ്ടായിരുന്നു. അവളറിഞ്ഞില്ല, ഹോട്ടൽ ലോബിയിൽ കിടന്ന ലഗ്ഗേജ് കാർട്ടിൽ കുരുങ്ങി പോയത് കൊണ്ട് തിരകൾക്ക് അയാളെ ഉപേക്ഷിച്ചു പോകേണ്ടി വന്ന കാര്യം...
ലേഖ മാധവൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക