ഉച്ചയ്ക്ക് ശേഷമുള്ള പീരീഡിൽ മിക്കവാറും കുട്ടികൾ പാതി ഉറക്കത്തിലായിരിക്കും.സാർ നാഡിവ്യൂഹത്തെ പറ്റിയൊക്ക ഘോരഘോരം പഠിപ്പിക്കുന്നുണ്ട്.
അങ്ങനെ മൂന്നാം ബെഞ്ചിൽ ഒന്നാമതായി ഇരിക്കുന്ന അനിത പഠിപ്പിസ്റ്റ് ആയതിനാൽ ശ്രദ്ധിച്ചിരിക്കുന്നു .
രണ്ടാമതായി ഇരിക്കുന്ന ഞാൻ സാറിനെ നോക്കി ഇരിക്കുന്നതായി സാറിനു തോന്നിക്കാണും. സത്യത്തിൽ ഞാൻ നോക്കുന്നത് ജനലിൽ കൂടി കൊന്നവേലിക്ക് അപ്പുറത്തുള്ള മണ്ണ് റോഡിലൂടെ പോകുന്ന ആൾക്കാരെയായിരുന്നു.
തൊട്ടടുത്തിരിക്കുന്ന രജനി ബുക്കിൽ ചുമ്മാ എന്തൊക്കെയോ കുത്തി വരയ്ക്കും സാറിനെ നോക്കും പിന്നേം വരയ്ക്കും സാറിനെ നോക്കും. രജനിയുടെ അടുത്തിരിക്കുന്നത് സുമ യാണ്. സുമ പതുക്കെ ഡെസ്കിൽ തല വെച്ച് പാതി ഉറക്കത്തിലാണ്
സാർ വട്ടമിട്ടു നോക്കിയപ്പോ സുമ ഉറങ്ങുന്നത് കണ്ടു. കൈയിലിരുന്ന ചോക്ക് കൊണ്ട് ഒറ്റ ഏറ്. ഉന്നം തെറ്റാതെ സുമയുടെ ഷോൾഡറിൽ ചോക്ക് പതിച്ചു.
പാവം സുമ ഞെട്ടി എണീറ്റു ചുറ്റും നോക്കി.
അപ്പോൾ സാർ ഗൗരവത്തിൽ ചോദിച്ചു. സുഷുമ്‌ന നാഡിയുടെ ധർമ്മം എന്താണ്. ..?? സുമ പറയൂ..?
സുമ കാറ്റഴിച്ച ബലൂൺ പോലെ നിൽക്കുമ്പോ, രജനി ഒരു ഉത്തരം എഴുതിയ പേപ്പർ അവളുടെ പുസ്തകത്തിന്റേ മുകളിലേയ്ക്ക് സാറ് കാണാതെ വെച്ചു കൊടുത്തു.
രജനി കൊടുത്ത ഉത്തരം വായിച്ചു സുമ സാറിനെ നോക്കി പതിയെ ഒരു വിജയ ചിരി ചിരിച്ചു.
ങും.. പറയൂ.. !
രജനി കൊടുത്ത ഉത്തരം അവൾ ഉച്ചത്തിൽ പറഞ്ഞു.
"" യ കാരം ഇരട്ടിപ്പിക്കും ""
ങേ...???? സാറ് അന്തം വിട്ടു.
കുട്ടികൾ ഉച്ചത്തിൽ ചിരിച്ചു. സുമ രജനിയെ ദയനീയമായി നോക്കി. രജനി ഈ നാട്ടുകാരി അല്ല എന്നമട്ടിൽ കുത്തിവരയ്ക്കൽ തുടർന്നോണ്ടിരുന്നു.
ഞാൻ അവളുടെ തുടയിൽ നല്ലോണം ഒന്ന് നുള്ളി. അവളപ്പോൾ എന്റെ കാലിൽ ചവിട്ടി.
എന്താ സംഭവിച്ചതെന്നുവച്ചാൽ തൊട്ട് മുൻപുള്ള പീരീഡ് മലയാളം വ്യാകരണം ആണ് പഠിപ്പിച്ചത്. അപ്പോ പഠിച്ച "യ കാരം "
ആണ് സുമയെ പറ്റിക്കാൻ വേണ്ടി രജനി എഴുതി കൊടുത്തത്.
പക്ഷേ ഉറക്കത്തിൽ നിന്നും എണീറ്റ സുമ ഒന്നും ആലോചിക്കാതെ പറഞ്ഞു പോയതാണ്.
എന്തായാലും കുട്ടികളുടെ ചിരിയിൽ സാറും പങ്കു ചേർന്നു. അബദ്ധം മനസ്സിലാക്കിയ സുമ സാറിനോട് ക്ഷമ പറഞ്ഞു. മാത്രമല്ല പിന്നീടൊരിക്കലും അവൾ ക്ലാസ്സിൽ ഉറങ്ങിയിട്ടില്ല. രജനിയെ അവൾ കൊന്നില്ലന്നേ ഉള്ളൂ...ഹഹഹ.
അങ്ങനെ സുമയ്ക്ക് സ്കൂളിൽ ഒരു പേരുകിട്ടി. "യകാരം സുമ !!!""

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക