രാത്രി ഏറെ വൈകിയിട്ടും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അല്ലെങ്കിലും ശരിക്ക് ഉറങ്ങിയിട്ട് ദിവസങ്ങളായിരുന്നു. ഏകാന്തത പുതച്ചും അനാഥത്വം പുണർന്നുമുള്ള ഉറക്കമില്ലാത്ത രാത്രികളെ അവൾ ഭയന്നു തുടങ്ങിയിരുന്നു. തലവേദന തലയോട് പിളർക്കുന്നു. എപ്പോഴും തലവേദനയാണിപ്പോൾ.ഒരു പെയിൻ കില്ലർ കഴിച്ചു കിടക്കാമെന്നു കരുതി. അമിതമായി ചിന്തിക്കുന്നത് കൊണ്ടാണ് ഇത് വിട്ടുപോവാത്തതെന്നാണ് ഡോക്ടർ കൂടിയായ ഒരു സുഹൃത്ത് പറഞ്ഞത്. മനസ്സിന് വല്ലാത്ത ഭാരം തോന്നി. ദഹിപ്പിക്കുന്ന ചിന്തകളാണ്... എല്ലാം അയാളെ ക്കുറിച്ചുള്ളതായിരുന്നു.
അവൾ ഫോൺ എടുത്ത് വാട്സാപ്പിൽ അയാൾക്ക് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു
"എനിക്ക് സംസാരിക്കാനുണ്ട് മാഷേ "
പത്തുപതിനഞ്ച് മിനിറ്റിനു ശേഷം അയാളുടെ മറുപടി വന്നു
"പറയൂ "
"നേരിൽ പറയാം. എനിക്കൊന്ന് കാണണമല്ലോ, പറ്റുമോ? "
"കാണാം"
"നാളെ..? "
"ആവാം "
"ശരി, നാളെ ഈവെനിംഗ് ബീച്ചിൽ കാണാം "
നാളെ എന്താണ് അയാളോട് പറയേണ്ടതെന്ന് അവൾ ആലോചിച്ചു. അവൾക്കു ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു. അവർ തമ്മിൽ ഇടയ്ക്കിടെ ഉണ്ടായി വരുന്ന പിണക്കങ്ങളെ പറ്റി, അത് ദിവസങ്ങൾ നീണ്ടു പോകുന്നതിനെ പറ്റി, അയാളുടെ കോപത്തെയും അവളോടുള്ള അവഗണനകളെയും പറ്റി, അവർ ഒന്നിച്ചുപങ്കിട്ട സ്വപ്നങ്ങളെയും അയാളെക്കുറിച്ച് അവൾക്കുള്ള ആഗ്രഹങ്ങളെയും പറ്റി......
അടുത്ത നിമിഷത്തിൽ അവളോർത്തു അല്ലെങ്കിൽ എന്തിനിതൊക്കെ ഇനിയും പറയുന്നു.. എത്രയോ വട്ടം പറഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടോ?
എന്തിൽ നിന്നൊക്കെയോ രക്ഷപ്പെടാനെന്ന പോലെ കുറെ തിരക്കുകൾ മനപ്പൂർവം സൃഷ്ടിച്ചത് അയാൾ അതിൽ മുങ്ങാംകുഴിയിട്ടിരുന്നു. അതിനെക്കുറിച്ചു ചോദിക്കുമ്പോഴെല്ലാം അയാൾ ദേഷ്യപ്പെട്ടു. അയാളുടെ ദേഷ്യത്തിന്റ കാരണം പലപ്പോഴും അവൾക്കു മനസിലായില്ല.
എപ്പോഴാണ് ഇത്തരം അസ്വാരസ്യങ്ങൾ തങ്ങൾക്കിടയിലേക്ക് കയറിവന്നത്? എവിടെയായിരുന്നു തുടക്കം? എന്താണ് ഇതിന്റെ ഒടുക്കം? ചിന്തകൾ കൊണ്ട് അവൾ എരിഞ്ഞു..
മനുഷ്യരൊക്കെ ഇങ്ങനെയാണോ? കുറേ കഴിയുമ്പോൾ ബന്ധങ്ങളിൽ മരവിപ്പ് പടർന്നുകയറുമോ? പരസ്പരം മടുത്ത് പോകുമോ? ഒരിക്കൽ ഒരുപാട് സ്‌നേഹിച്ചിരുന്നു എന്ന കുറ്റത്തിന് വെറുത്തു തുടങ്ങുമോ?
ഒരുപാട് സംസാരിച്ചിരുന്ന അവർക്കിടയിലേക്ക് എപ്പോഴെന്നറിയാതെ ഒരു മൗനം പിറന്നു വീണു. എങ്ങനെയോ അത് വളർന്നു. അതിനെക്കുറിച്ച് അയാളോട് പറഞ്ഞപ്പോൾ "വാക്കുകളുടെ ഉച്ചസ്ഥായിയാണ് മൗനം"എന്ന മറുപടിയാണ് ഉണ്ടായത്. അവൾക്ക് ആ മറുപടിയിൽ അതൃപ്തി തോന്നി.
"എന്നോട് സംസാരിക്കാതെ ഇരിക്കരുത്. എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായി എന്ന് തോന്നിയാൽ വഴക്കു പറഞ്ഞോളൂ. പക്ഷേ മിണ്ടാതിരിക്കരുത്. അതെനിക്ക് സഹിക്കില്ല "
അയാളുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു അവൾ പറഞ്ഞു
"മൗനങ്ങളുടെ താഴ്വരകളിലേക്ക് തള്ളിവിടാതെ മന്ത്രസ്ഥായിയിൽ കുറച്ചു വാക്കുകളെങ്കിലും എന്നോട് പറയൂ.."
അയാൾ അപ്പോൾ അവളെ ചേർത്തു പിടിച്ചു ചിരിച്ചു.അവളുടെ ചുണ്ടുകളിൽ ദീഘമായി ചുംബിച്ചു. അവളുടെ മാറിൽ മുഖം ചേർത്തു കിടന്ന് ഉറങ്ങി. അയാളുടെ മുഖം അപ്പോൾ ഒരു കുഞ്ഞിന്റേതു പോലെ അവൾക്ക് തോന്നി. ഒരു സ്ത്രീക്ക് എപ്പോഴും അവളുടെ ആദ്യത്തെ കുഞ്ഞായി തോന്നുക സ്നേഹിച്ച പുരുഷനെ ആയിരിക്കും. അവൾ ആദ്യം ഊട്ടിയതും ഉറക്കിയതും നെഞ്ചോട് ചേർത്തതും
ഉമ്മ
വച്ചതും അയാളെയാണ്. അയാൾക്ക് വേണ്ടിയാണ് അവൾ ആദ്യം വേദനിച്ചത്.പക്ഷേ അയാൾക്കതറിയില്ല. അയാൾ പുരുഷനാണല്ലോ. പുരുഷൻ മാത്രം. അവർക്കിടയിൽ വാക്കുകൾ നന്നേ ചുരുങ്ങി വന്നു. അവൾക്ക് കോപവും നിരാശയും തോന്നി. അവൾ കരഞ്ഞു, കലഹിച്ചു. അവളുടെ കലഹത്തിൽ അയാൾ ക്ഷോഭിച്ചു. അങ്ങനെയൊരു ദിവസം ഒരു യാത്രയ്ക്കിടയിൽ അവൾ ചോദിച്ചു
"നമ്മുക്കിടയിൽ മാനസികമായ ഒരു അകലം ഉണ്ടാവുന്നത് നിങ്ങൾ അറിയുന്നുണ്ടോ മാഷേ "
"ഉണ്ട് " അയാൾ കാറിന്റെ വേഗം കുറച്ചുകൊണ്ട് അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. അത് കേട്ടതും അവൾക്കു നെഞ്ചിലൊരു നീറ്റൽ തോന്നി
"പക്ഷേ അത് നിന്റെ കുറ്റമല്ല ഇന്ദൂ. എന്റെ തെറ്റാണ്.. ചിലപ്പോഴൊക്കെ എന്റെ പെരുമാറ്റം മോശമാണ്, എനിക്കറിയാം. നീ ആഗ്രഹിക്കുന്നത് പോലെയൊന്നും നിന്റെയടുത്ത് പെരുമാറാൻ എനിക്ക് സാധിക്കുന്നില്ല. എന്റെ ഓരോ പ്രശ്നങ്ങൾ.. ടെൻഷൻസ് ഒരുപാടുണ്ട്.. ചില നേരത്തെ എന്നെ എനിക്കുതന്നെ ഇഷ്ടമല്ല. നീ അതൊക്കെ കുറെ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്, എനിക്കറിയാം.. "
അത് പറയുമ്പോൾ അയാളുടെ സ്വരത്തിന് പഴയ ഗാംഭീര്യം ഉണ്ടായിരുന്നില്ലെന്ന് അവൾ ശ്രദ്ധിച്ചു.
"എന്താ നിങ്ങൾക്ക് ഇത്രയധികം ടെൻഷൻ? എന്താണെങ്കിലും എന്നോട് പറഞ്ഞൂടെ? "
അയാൾ മിണ്ടിയില്ല
"എന്നോട് മിണ്ടാതിരിക്കുന്നതോ എന്നെ ഒഴിവാക്കുന്നതോ നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണോ?
" അങ്ങനെ ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ"
" പിന്നെ ഇതുകൊണ്ട് എന്ത് ആത്മ സുഖമാണ് മാഷേ നിങ്ങൾക്ക് കിട്ടുന്നത് " അവൾക്കു ദേഷ്യവും സങ്കടവും വന്നു.
"നീ വെറുതെ ഓരോന്ന് ആലോചിച്ച് കൂട്ടുകയാണ് ഇന്ദൂ.. മനപ്പൂർവ്വം നിന്നെ ഒഴിവാക്കണമെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. ചിലപ്പോൾ ഒന്നും സംസാരിക്കാൻ തോന്നുന്നില്ല. നിന്നോടെന്നല്ല, ആരോടും...
"നിങ്ങൾക്കെന്തു പറ്റി മാഷേ " അവൾ വേദനയോടെ ചോദിച്ചു
"എന്തോ ഞാനിങ്ങനെയൊക്കെ ആയിപോയി.." അയാളുടെ സ്വരത്തിലും മുഖത്തും ദുഃഖം കലർന്നിരുന്നു.
ഓർക്കുന്തോറും അവളുടെ കണ്ണ് നിറഞ്ഞു വന്നു. അവൾക്ക് അയാളോട് ചിലപ്പോഴൊക്കെ കടുത്ത ദേഷ്യം തോന്നാറുണ്ട് . അയാളുടെ മൗനം അവൾക്കത്രക്ക് അസഹനീയമായിരുന്നു. ഒരു വാത്മീകത്തിലെന്ന പോലെ ദിവസങ്ങളോളം അയാൾ മിണ്ടാതിരുന്നു. അവളെ അന്വേഷിക്കാതെയും. പക്ഷെ അയാളെ വെറുക്കാൻ അവൾക്കൊരിക്കലും കഴിഞ്ഞില്ല, സ്നേഹിക്കാതിരിക്കാനും...
സ്നേഹം ഒരു വിചിത്ര വസ്തുവായി അവൾക്ക് തോന്നി. മനസ്സ് നഷ്ടപ്പെടുത്താതെ ലോകത്തിലാരും സ്നേഹിച്ചിരിക്കുകയില്ല. തന്റെ മനസ്സ് അയാളിൽ നഷ്ടപെട്ടിരിക്കുന്നു. അയാളാകട്ടെ അതിനൊരു വിലയും കൽപ്പിക്കുന്നെല്ലെന്നും അവൾ കരുതി. ആ സങ്കടം മനസ്സിലൊരു കല്ലായി കിടന്നു..
രണ്ടാഴ്ചമുമ്പ് ഒരുദിവസം അയാൾ ഒന്നും പറയാതെ അവളുടെ വീട്ടിലേക്ക് കയറി വന്നു. വിശക്കുന്നുണ്ടെന്നു പറഞ്ഞു.
അവൾ വിളമ്പി കൊടുത്ത ഭക്ഷണം സ്വാദോടെ കഴിച്ചു. അവളുടെ മുഖത്ത് നിഴലിച്ചിരുന്നു വിഷാദം എന്തുകൊണ്ടാണെന്ന് അന്വേഷിച്ചു. അവൾ ക്ഷീണിച്ചു പോയെന്ന് പരിതപിച്ചു. അവളുടെ ഭംഗിയുള്ള മുടി ശ്രദ്ധയില്ലാതെ ഇട്ടിരിക്കുന്നതിൽ അവളെ സ്നേഹപൂർവ്വം ശകാരിച്ചു. അവളിലേക്ക് ചേർന്നിരിക്കുമ്പോൾ, അവളുടെ കൺതടങ്ങളിൽ പടർന്നിരിക്കുന്ന കറുപ്പ് ആവശ്യമില്ലാതെ ചിന്തിച്ചു കൂട്ടുന്നതിന്റെ അടയാളങ്ങളാണെന്നു സഹതപിച്ചു.. അവളെ കെട്ടിപിടിച്ചു. കവിളിൽ
ഉമ്മ
വച്ചു. അവൾ കണ്ണടച്ച് നിന്നു. ആ നില്പിൽ അയാളുടെ കൈകൾ മുറുകിവരുന്നത് അവളറിഞ്ഞു. അവൾ അവനെ തള്ളി മാറ്റി അയാളുടെ ശ്വാസഗതിയിൽ അയാളുടെ ആസക്തി വ്യക്തമായിരുന്നു. കൂടുതൽ ശക്തിയോടെ അവളെ അയാളിലേക്ക് വലിച്ചടുപ്പിച്ചു." എനിക്ക് ശരീരം മാത്രമല്ല മാഷേ ഒരു മനസ്സു കൂടിയുണ്ട്. "
"അതിൽ ഞാൻ ഇല്ലേ?
അയാളുടെ പെട്ടെന്ന് അവളുടെ പിടി വിട്ടു.
"ഇല്ലേ..? ങേ..?പറയൂ..
അയാൾ അവളുടെ മുഖം തന്റെ നേരെ പിടിച്ചു കൊണ്ടു ചോദിച്ചു. അയാളുടെ കോപം കണ്ണുകളിൽ ചുവപ്പായി പടർന്നു.
"ഇല്ലെന്നാണോ തോന്നിയിരിക്കുന്നത് "
"ഉണ്ടെങ്കിൽ പിന്നെ നീ എന്തിനാ ഇപ്പോൾ എന്നെ നിഷേധിക്കുന്നത്.? നീ എന്റെയല്ലേ"
അവൾ പെട്ടെന്ന് ചിരിച്ചു പോയി
"ആണോ..? നിങ്ങൾക്ക് ശാരീരികമായ ആവശ്യങ്ങൾ ഉണ്ടാവുമ്പോഴാണോ ഞാൻ നിങ്ങളുടേതാണെന്നു തോന്നുന്നത്."
അവളുടെ പരിഹാസം അയാളെ കൂടുതൽ ചൊടിപ്പിച്ചു..
"അത് ശരി.. ഇത്രയും കാലം കൊണ്ട് നീ എന്നെ ഇങ്ങനെയാണ് മനസിലാക്കി വച്ചിരിക്കുന്നതല്ലേ? "
അയാളുടെ മുഖത്തപ്പോൾ
അവളൊരു മഹാപാതകം പറഞ്ഞത് പോലുള്ള ഭാവമായിരുന്നു. 'നിഷേധം' സ്ത്രീകൾക്ക് നിഷിദ്ധമാണെന്നു അവൾക്കറിഞ്ഞില്ലല്ലോ.
"നിങ്ങളെ മനസ്സിലാക്കുന്നതിൽ എനിക്ക് എവിടെയൊക്കെയോ തെറ്റി പോയി മാഷേ.. "
അവൾ ആത്മവേദനയോടെ ചിരിച്ചു.. കണ്ണുനീരൊഴുകി..
"നിങ്ങൾക്ക് ഒരു സ്ത്രീയെ സ്നേഹിക്കാൻ അറിയില്ല. സ്ത്രീ ഒരു ശരീരം മാത്രമല്ല "
അയാൾ ഒന്നും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങി പോയി..
പിന്നീട് അയാൾ അവളോട് സംസാരിച്ചതേയില്ല. അവൾക്ക് തളർച്ച തോന്നി. ലോകം പെട്ടന്ന് ശൂന്യമായതുപോലെ....
അവൾക്കു അയാളെ കാണണമെന്ന് തോന്നി. സ്നേഹം ഇരുതല മൂർച്ചയുള്ള വാളാണ്.അങ്ങോട്ടുമിങ്ങോട്ടും മുറിയും. അങ്ങനെ ഹൃദയരക്തം വാർത്ത മരിച്ചുപോയവരും മരിച്ചതുപോലെ ജീവിക്കുന്നവരും എത്രയുണ്ട്. സ്നേഹിക്കുവാനുള്ള മനുഷ്യന്റെ സഹജമായ വാസനയാണ് അവനെ ഏറ്റവുമധികം സന്തോഷിക്കുന്നതും ഏറ്റവുമധികം ദുഃഖിപ്പിക്കുന്നതും.
അവളുടെ തലയിണ കണ്ണീരിനാൽ കുതിർന്നു
നാളെ...
കടൽ തീരത്തിലൂടെ നടക്കുന്നതിനിടയിൽ അയാൾ ചോദിച്ചു" എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്..?" "ഒന്നുമില്ലേ? "
അവൾ അയാളെ ശ്രദ്ധിച്ചു. പിണക്കത്തിന്റെയോ പരിഭവത്തിന്റെയോ ലാഞ്ചന പോലും അയാളിൽ കണ്ടില്ല. അന്ന് അങ്ങനെ ഒരു സംസാരം നടന്നതായി പോലും അയാൾ ഭാവിച്ചില്ല. നിലത്തിഴഞ്ഞ സാരിതലപ്പെടുത്തു അവളുടെ
കയ്യിൽ കൊടുത്തുകൊണ്ടയാൾ പറഞ്ഞു, "മണ്ണാക്കണ്ട, ചേർത്തു പിടിക്കൂ "
"ഞാൻ ഒരുപാട് വട്ടം വിളിച്ചിട്ടും എന്താ എടുക്കാതിരുന്നത് "അവൾ പെട്ടെന്ന് ചോദിച്ചു
"ഒന്നുമില്ല..നിന്റെ സങ്കടമൊക്കെ മാറട്ടേന്നു വച്ചു " അയാൾ പുരികമുയർത്തിക്കൊണ്ട്ചോദിച്ചു
"മാറിയോ " അവളൊന്നും മിണ്ടാതെ അയാളെ നോക്കി നിന്നു. ഇയാൾക്കെങ്ങനെയാണ് ഇങ്ങനെ പെരുമാറാൻ കഴിയുന്നതെന്നോർത്തു..
"ചിലപ്പോഴൊന്നും നിങ്ങളെയെനിക്ക് മനസിലാവുന്നേയില്ല മാഷേ " അവളുടെ കണ്ണ് നിറഞ്ഞു..
"ആർക്കും ആരെയും അങ്ങനെ മുഴുവനായും മനസിലാക്കാൻ പറ്റില്ല ഇന്ദൂ..അങ്ങനെ ആയിരുന്നെങ്കിൽ ഈ ലോകം ഇങ്ങനെ ആയിരിക്കുമോ? "
അയാൾ അവളുടെ കണ്ണീർ തുടച്ചു
" നീ കരയരുത്.ഒരുപാട് ചിന്തിച്ചു വിഷമിക്കരുത്. ഞാൻ ഒരുപാട് നിസ്സഹായതകൾ ഉള്ള സാധാരണ മനുഷ്യനാണ്. എനിക്ക് ഇങ്ങനെയൊക്കെക്കെയേ പറ്റൂ " അയാൾ വേദനയോടെ ചിരിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു..
"സ്നേഹത്തിനു അങ്ങനെ നിയമങ്ങളൊന്നുമില്ല ഇന്ദൂ.. നിന്റെ ചിന്തകൾ ചിലപ്പോൾ എന്നെ നേരില്ലാത്തവനായി കാണുമായിരിക്കും. ജീവിതം എപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന പോലെയൊന്നും അല്ല. സ്നേഹിച്ചവരെല്ലാം ഒരുമിച്ചു ജീവിക്കുന്നവരാണോ?. ഒന്നും നമ്മുടെ കയ്യിൽ അല്ലെടോ."
അയാൾ രണ്ടടി നടന്നു.അസ്തമയം നോക്കി നിന്നു. പിന്നെ തിരിഞ്ഞു നിന്നവളോട് പറഞ്ഞു "നീയെഴുതുന്ന കഥയായിരുന്നു ജീവിതമെങ്കിൽ നമുക്കിവിടെ ഒരു ഹാപ്പി എൻഡിങ് കൊടുക്കമായിരുന്നല്ലെ?
അവൾ അയാളുടെ വിരലുകളിൽ പിടിച്ചു. "ഞാൻ നിങ്ങളെ സമ്മർദ്ദങ്ങളിൽ പെടുത്തണമെന്നു ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.. "
"എനിക്കറിയാം."
അവളെ ചേർത്തി നിർത്തിക്കൊണ്ടയാൾ പറഞ്ഞു.
"കൂടെ കൂട്ടാൻ ഇപ്പോൾ വയ്യ. പക്ഷെ നീ ആഗ്രഹിക്കും വരെയും കൂടെ ഞാൻ ഉണ്ടാവും. എനിക്കിപ്പോൾ അത്രേ പറയാൻ പറ്റൂ."
"മതി ".അവൾ അയാളിലേക്ക് ചേർന്ന് നിന്നു..മുമ്പൊരിക്കൽ അവർ സ്നേഹിച്ചു തുടങ്ങിയ കാലത്ത് അയാൾ പറഞ്ഞതവളോർത്തു.രണ്ട് പേർക്കിടയിൽ ഉണ്ടാകുന്ന സ്നേഹം ഒരിക്കലും ഇല്ലാതാവുകയില്ല.. അകലനാകാത്ത അടുപ്പമായോ അടുക്കാനാകാത്ത അകലമായോ സ്നേഹം അവരെ ചൂഴ്ന്നു നിൽക്കും...
സൗമ്യ....
പകർത്തിയെഴുതുക, പലവട്ടം.
ReplyDelete