"ബേഗം പൻവേൽസാഹിബ.. ഓഹ് അല്ലല്ലോ. ബേഗം പൻവേൽലക്ഷ്മി സാഹിബാ ഹ്ഹാ.. ഹ.. ഹ്ഹാ...."
ഫ്രെയിംചെയ്ത ചിത്രത്തിലേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോളാണ് സ്റ്റുഡിയോറൂമിനെ പ്രകമ്പനംകൊള്ളിച്ച ബിജോയ്സിന്റെ അട്ടഹാസം മുഴങ്ങിയത്.
പൻവേൽലക്ഷ്മിയും അന്നിതുപോലെയാണ് ഈ ചിത്രംകണ്ട് അട്ടഹസിച്ചത്. അന്നെന്നുപറഞ്ഞാൽ ഞാനീ പോർട്രെയ്റ്റ് വരച്ചു പൂർത്തിയാക്കിയ അന്ന്. ഏകദേശം പന്ത്രണ്ടു വർഷങ്ങൾക്ക് മുമ്പ്.
"പാരെടാ, ഇബ്നു ബഹാദൂർ... പൻവേൽലക്ഷ്മി, 'ബേഗം പൻവേൽ സാഹിബാ'
ആയിട്ടേൻ എപ്പടി? ജോറായിറ്ക്കില്ലേ? "
മുഗൾ ചക്രവർത്തിനിയുടെ വേഷവിധാനത്തോടെ, കറുത്തുതടിച്ചോരു തമിഴത്തി പ്രൗഢഗംഭീരഭാവത്തിൽ സിംഹാസനത്തിലിരിക്കുന്ന ചിത്രം!
സ്വന്തം ഛായാചിത്രത്തിലേക്ക് നോക്കിക്കൊണ്ടവൾ കുലുങ്ങിച്ചിരിച്ചപ്പോൾ മുൻനിരപ്പല്ലുകൾക്കിടയിലെ കറുത്ത വിടവും പച്ചക്കൽമൂക്കുത്തിയും തെളിഞ്ഞു കണ്ടു.
എന്റെ വരയ്ക്കുള്ളതല്ല ആ സർക്കാസച്ചിരി എന്നെനിക്കറിയാമായിരുന്നു. കാരണം അതൊരു കാരിക്കേച്ചർ അല്ലായിരുന്നല്ലോ.
ഒരു തമിഴ്പെണ്ണ് 'സുൽത്താന'യായതിലെ സർക്കാസം. ഇതുവരെ ആരും വരച്ചു കണ്ടിട്ടില്ലാത്ത രൂപത്തിൽ സ്വന്തം രൂപരേഖ കണ്ടതിലെ അപഹാസ്യതയായിരുന്നു ആ ചിരിയിൽ.
ഈ ചിത്രം വരയ്ക്കുന്നതിന് ഒരാഴ്ച മുമ്പ്, ഇതേ പൻവേൽലക്ഷ്മിയാണ് തോളത്തു തട്ടി,
"ഇബ്നു ബഹാദൂർ നീ പെരിയ ആർട്ടിസ്റ്റായിട്ടേൻ " എന്ന സർട്ടിഫിക്കറ്റ് തന്നത്. അപ്പൊ ആ ചിത്രം എങ്ങനെ ജോറല്ലാതെയാവും.
പൻവേൽ ലക്ഷ്മിയ്ക്ക് മുന്നേ 'ഇബ്നു ബഹാദൂർ' എന്ന മുഴുവൻ പേരോടെ എന്നെ വിളിച്ചിട്ടുള്ളത് പ്രീഡിഗ്രിക്ക്ലാസ്സിലെ സൂവോളജിവിഭാഗംഹെഡ് മാത്യുസർ ആയിരുന്നു.
"Ibnu Bahadoor you are a brilliant student, and you have a bright future also"
എന്ന സാറിന്റെ വാക്കുകളിലെ 'future'ൽ മിസ്റ്റർ ബഹാദൂർ കണ്ടത് 'ഡോക്ടർ ഇബ്നു ബഹാദൂർ' എന്ന സ്വപ്നം ആയിരുന്നെങ്കിൽ, സൂവോളജിടെക്സ്റ്റ്ബുക്കിലെ അനാട്ടമി ചിത്രങ്ങളിലായിരുന്നു മകന്റെ സ്വപ്നങ്ങളുടക്കിയിരുന്നത്.
ജീവജാലങ്ങളുടെ അനാട്ടമിയിൽനിന്ന് മനുഷ്യശരീരത്തിന്റെ വളവുകളും ചുഴികളും ചാർക്കോൾകൊണ്ട്, അനായാസേന ഒപ്പിയെടുക്കാൻ കൈവഴങ്ങുന്ന 'ആർട്ടിസ്റ്റ് ഇബ്നു ബഹാദൂർ'.
ഒരു ആർട്ടിസ്റ്റിലേക്ക് ഞാൻ എത്തിച്ചേർന്നുവെങ്കിൽ അതിൽ പൻവേൽലക്ഷ്മിക്ക് വലിയ പങ്കുണ്ട്. ഏറ്റവും കൂടുതൽ വരച്ചുപഠിച്ചിട്ടുള്ള ശരീരവടിവുകളും അവരുടേത് തന്നെ.
'ന്യൂഡ് ആർട്ട്' മോഡലായ, പൻവേൽ എന്ന് ഞാൻ വിളിക്കുന്ന, 'പൻവേൽ ലക്ഷ്മി'! കെ.ജെ ആർട്ട് സ്കൂളിന്റെ സ്വന്തം 'പൻവേൽ'! അങ്ങനെ അറിയപ്പെടാനായിരുന്നു അവർക്കും ഇഷ്ടം.
"പൻവേൽലക്ഷ്മി!! പേര് കേട്ടപ്പോ ഞാൻ കരുതി വല്ല ചെറുപ്പക്കാരിയുമാ യിരിക്കുമെന്ന്; നല്ല സ്ട്രക്ച്ചറൊത്ത ഒരെണ്ണം. ഇതിപ്പോ പത്തുമുപ്പത്തഞ്ചു വയസ്സ് കാണുമല്ലോ. ആകെക്കൂടെ ഇടിഞ്ഞു തൂങ്ങി... ഇതൊക്കെയായിരുന്നോ നിങ്ങളുടെ മോഡൽസ്.. ഹ ഹ... അടിപൊളി." ബിജോയ്സ് ഇപ്പോളും ചിത്രത്തിനുള്ളിൽ തന്നെയാണ്. അവന്റെ സർക്കാസം ഇതുവരെ അവസാനിച്ചില്ല.
"നീ നിന്റെ ഗ്രാഫിക് ഡിസൈനിങ് അതിൽ നടത്തണ്ട. ഞാൻ പറഞ്ഞ കാര്യം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തുതാ."
"ഹ..നീയൊന്നടങ്ങെടാ. ഞാനൊരു തമാശ പറഞ്ഞതല്ലേ. അവൻ അന്വേഷിച്ചിട്ട് വിളിക്കാമെന്നല്ലേ പറഞ്ഞത്. വെയിറ്റ് ചെയ്യ്.”
പരിഹാസം എനിക്ക് പിടിക്കുന്നില്ലെന്ന് മനസ്സിലായത് കൊണ്ടാവും പിന്നീടവൻ ഗൗരവത്തിലായത്. വാക്കുകളിൽ നീരസം ഏറിപ്പോയെന്ന് തോന്നി. അല്ലെങ്കിലും ആളെ കണ്ടുപിടിച്ചുതരിക എന്നതല്ലല്ലോ ഒരു ഗ്രാഫിക് ഡിസൈനറുടെ ജോലി.
പൻവേൽലക്ഷ്മിയെ തേടിയിറങ്ങി ഒടുക്കം എത്തിച്ചേർന്നതാണ് പഴയ നാട്ടുകാരനായ കൂട്ടുകാരന്റെയടുത്ത്. പൻവേൽ കോടമ്പാക്കത്താണ് താമസമെന്നറിഞ്ഞപ്പോൾ ആദ്യമോർമ്മ വന്ന കോടമ്പാക്കംകണക്ഷൻ ബിജോയ്സ് മാത്രമാണ്. ആകെ അറിയാവുന്ന ഒരു ക്ലൂ പൻവേലിന്റെ മകൻ രത്നവേൽ എന്ന സ്കൂൾവാധ്യാരെ മാത്രം. ആ ക്ലൂവിൽ പിടിച്ചാണ് ഇവന്റെയടുക്കലെത്തിയത്. അവന്റെ പരിചയംവച്ച് പൻവേലിനെ കണ്ടെത്താനാവുമെന്ന ചെറിയൊരു പ്രതീക്ഷ.
കറുത്തുരുണ്ട രൂപത്തിൽ സങ്കല്പിച്ചെടുത്ത രത്നവേലിന് പൻവേലിന്റെ സാദൃശ്യം തന്നെയായിരുന്നു.
"പൻവേൽ, രത്നവേൽ, മുത്തുവേൽ, കതിർവേൽ അമ്മയ്ക്കും മക്കൾക്കും ഒക്കെ വേൽ എന്ന വാൽ ഉണ്ടല്ലോ എന്താ അതിന്റെ ഗുട്ടൻസ്?”
എപ്പോളുമുള്ള പൊട്ടിച്ചിരിയായിരുന്നു പൻവേലിന്റെ ആദ്യമറുപടി.
"ഒഹ്ഹോ ഇബ്നു ബഹാദൂർ...തെരിയില്ലേ? . പൻവേൽ വന്ത് മുംബൈയിലെ ഒരു സിറ്റി. അങ്കെതാ ഇപ്പോ എങ്കളോടെ വീട്. ഊര് കോടമ്പാക്കം. പതിനേള് വർഷമാച്ച് മുംബൈ വന്തിട്ടു."
തമിൾ മലയാളം നിറഞ്ഞ പൻവേലിന്റെ ശൈലി കേൾക്കാൻ നല്ല രസമാണ്. ഒട്ടുമിക്കഭാഷകളും തന്നെ പൻവേലിനറിയാം. ആർട്ട് സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും പഠിച്ചെടുത്തത്. ഏത് ഭാഷ സംസാരിച്ചാലും ഒരു തമിൾച്ചുവ ഉണ്ടാവുമെന്ന് മാത്രം.
"ഒരു മലയാളത്താൻ സർ ഇരുന്താര്. ജേക്കബ് സർ അവരാക്കും എനക്ക് മലയാളം പഠിപ്പിച്ചത്. അവർ താൻ എനക്ക് പൻവേൽ ലക്ഷ്മി എന്ന പേര് പോട്ടത്. ഇങ്കെ വെളിയിൽ നാൻ സ്വീപ്പർ ലക്ഷ്മി, ഉള്ളെ കെ.ജെ ആർട്സ്കൂൾ മോഡൽ പൻവേൽലക്ഷ്മി. "
തുടക്കമിട്ടാൽ അവസാനിക്കാത്ത സംസാരങ്ങളും, ഒടുവിൽ ശരീരമാകെ ഇളക്കിയൊരു ചിരിയും പൻവേലിന്റെ പ്രത്യേകതയാണ്. ചിരിയൊഴിഞ്ഞൊരു മുഖത്തോടെ പൻവേലിനെ കാണുന്നത് പോസിംഗ് സെക്ഷനിൽ മാത്രമാണ്. മണിക്കൂറുകൾ നീണ്ട നിശ്ച്ചലാവസ്ഥ!
'ജീവസ്സുറ്റ മനുഷ്യരൂപത്തെ കൃത്യതയോടെ കടലാസിൽ പകർത്താനായാൽ നിങ്ങൾക്ക് പ്രഗൽഭനായ കലാകാരനാകാം'. പക്ഷേ വർഷങ്ങളെടുത്ത് ആർജ്ജിച്ചെടുക്കേണ്ട സിദ്ധിയാണത്' എന്ന ഡ്രോയിങ്ങ് മാഷിന്റെ വാക്കുകളെ പിൻപറ്റിയാണ് ലൈഫ് ഡ്രോയിങ്ങ് എന്ന സ്വപ്നവുമായി മുംബൈക്ക് വണ്ടി കയറിയത്.
നഗ്നരായ ലൈവ് മോഡൽസിലെ പെണ്ണുടലുകളുടെ മാദകഭംഗി ആസ്വദിക്കുക എന്ന കൗമാരകുസൃതിയോടെ കയറിയ ആദ്യത്തെ ലൈഫ് ഡ്രോയിങ്ങ് ക്ലാസ്സ്.
ക്യാൻവാസിനുമുന്നിൽ ഇരുന്നപ്പോൾ പ്രതീക്ഷകളെ ആകെ മാറ്റിമറിച്ചുകൊണ്ടാണ് നഗ്നയായ സ്ത്രീരൂപം മുന്നിലെ കസേരയിൽ തന്റെ നിശ്ച്ചല ദേഹവുമായി പ്രത്യക്ഷപ്പെട്ടത്.
പൊക്കംകുറഞ്ഞ കറുകറുത്തൊരു സ്ത്രീരൂപം. എണ്ണതേച്ചു മിനുക്കി ഒതുക്കിയ മുടിയും, തവിട്ടുനിറമുള്ള കണ്ണുകളും, വലിയ പച്ചക്കൽമൂക്കുത്തിയും, കഴുത്തിന് വലതുവശത്തായി ഓം എന്ന് പച്ച കുത്തിയിരിക്കുന്നതും കണ്ടപ്പോൾ തമിഴ് സിനിമകളിലെ അമ്മവേഷങ്ങൾ പെട്ടെന്ന് കണ്മുന്നിലൂടെ മിന്നിമാഞ്ഞു. സാമാന്യം വണ്ണമുള്ള കറുത്ത ശരീരത്തിൽ താഴേക്ക് തൂങ്ങിക്കിടക്കുന്ന മാറിടങ്ങൾ. അരക്കെട്ടിലൊതുങ്ങി നിൽക്കാതെ നേർത്തപാടുകളോടെ ഇടിഞ്ഞുതൂങ്ങിയ വയർ. കുറുകിയ വണ്ണമുള്ള ശരീരത്തെ താങ്ങുവാൻ പ്രാപ്തമായ വലിയ തുടയിടുക്കുകൾ.
"ഇതാണോ ലൈവ് മോഡൽസ്. അയ്യേ "എന്ന് മനസ്സാൽ പറഞ്ഞത് ചിരിയിലൂടെ പ്രതിധ്വനിച്ച് ചെന്നെത്തിയത് ആർട്ട്ട്ടീച്ചറുടെ കാതുകളിൽ. രോഷാകുലയായ മാഡം സിന്ധ്യമിശ്ര രാഷ്ട്രഭാഷയിൽ ശിക്ഷവിധിച്ചു.
“തനിക്കു മാത്രമെന്താ ഇത്ര ചിരി? മോഡൽസിനെ ബഹുമാനിക്കാൻ അറിയാത്തവൻ ലൈഫ് ഡ്രോയിങ്ങ് പഠിക്കാൻ അർഹനല്ല. എന്റെ ക്ലാസ്സിൽ നിന്ന് പുറത്തുപോവുക. ഞാൻ പറഞ്ഞിട്ട് ഇനി കയറിയാൽമതി”
അതായിരുന്നു ആ ശിക്ഷാവിധിയുടെ ചുരുക്കം.
ഇളിഭ്യനായി ക്ലാസ്സിന് വെളിയിലിറങ്ങുമ്പോൾ എന്നെ നോക്കുന്ന തവിട്ടുകണ്ണുകളിൽ കോപത്തിനുപകരം കണ്ടത് ദയനീയ ഭാവമായിരുന്നു. ഒരു പത്തൊമ്പതുകാരന്റെ പക്വതയില്ലായ്മയായിക്കണ്ട് എനിക്ക് മാപ്പ് കൊടുക്കാൻ മാഡം സിന്ധ്യയോട് ശുപാർശചെയ്ത ആ തവിട്ടുകണ്ണുകൾക്കുടമയായ പൻവേലായിരുന്നു പിന്നീടങ്ങോട്ട് എന്റെ ചിത്രകലാധ്യാപിക.
കാഴ്ചക്കാരന്റെ സന്തോഷത്തിനായി വരയ്ക്കുന്ന കലാസൃഷ്ടികളിലെ നഗ്നതയും കലാകാരൻ വരയിലൂടെ കഥപറയുന്ന നഗ്നസൃഷ്ടികളും രണ്ടാണെന്നുള്ള തിരിച്ചറിവ് ഓരോ ക്ലാസ്സുകളിലൂടെയും പൻവേൽ മനസ്സിലാക്കിത്തരുകയായിരുന്നു.
ഒരു ക്ലാസ്സിന് മുന്നിൽ വിവസ്ത്രയായി മണിക്കൂറുകളോളം നിൽക്കുമ്പോൾ അവർ ധ്യാനത്തിലിരിക്കുന്ന മൂർത്തികൾ പോലെയാണ്. ദൈവാംശം തങ്ങിനിൽക്കുന്ന ആ നിശ്ചലദൃശ്യം മനസ്സിന്റെ കാൻവാസിൽ വരകൾകൊണ്ട് വളവുകൾകോറിയിട്ടു തുടങ്ങും.
വെളുത്ത ക്യാൻവാസിൽ പെൻസിൽ കൊണ്ട് രൂപങ്ങൾ തെളിയുമ്പോൾ മേലാസകലം ഷാൾകൊണ്ട്മൂടി, ഓരോ ക്യാൻവാസും പരിശോധിച്ച് തെറ്റുകുറ്റങ്ങൾ പറഞ്ഞു തിരുത്തുന്ന വരയറിയാത്ത മോഡൽ അതിശയമായി മാറി.
"എന്നോട ബാഡി എനക്കല്ലെ നന്നായി തെരിയുന്നത്? " എന്നു ചോദിച്ചു പൊട്ടിച്ചിരിക്കുമപ്പോൾ. ആ തിരുത്തലുകളിലാണ് പലപ്പോഴും പൻവേൽ എന്ന ലക്ഷ്മിയെ കൂടുതൽ അടുത്തറിഞ്ഞത്. അവരിലെ ഭാര്യയെ, അമ്മയെ ഒക്കെയും മനസ്സുകൊണ്ട് ആദരിച്ചത്. സ്ത്രീത്വത്തെ, സ്ത്രീകളെ ബഹുമാനിക്കാൻ പഠിച്ച നാളുകൾ!
"എന്നോട പുരുസന് തെരിയില്ലെ നാനൊരു മോഡൽ എന്ന്. അറിഞ്ചാ കൊന്നേ പോട്ടിടുവേ. അവര്ക്ക് നാൻ ഇന്ത കോളേജ് സ്വീപ്പർ. ടാക്സിഡ്രൈവർ ആനാലും പെരിയ കുടികാരൻ. ഒഴുങ്കാ വേലക്ക് പോകമാട്ടേ. പസങ്കളെ വളർത്തവേണ്ടാമാ. എനക്ക് പഠിപ്പ് കെടയാത് വേറെന്ന വേല കിട്ടും. ഇന്ത വേലയെല്ലാം വെളിയെ എല്ലോർക്കും വെഭിചാരത്ത്ക്ക് സമം താനെ "
വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന പൻവേൽ! ഒരിക്കൽ ജീവിതപ്രാരാബ്ധങ്ങൾ പറയുന്നതിനിടയിലാണ്
പൻവേൽ തന്റെയൊരു മോഹത്തെക്കുറിച്ച് പറഞ്ഞത്. ഉടയാടകളില്ലാത്ത അനേകം ഛായാചിത്രങ്ങളിലൊന്നുപോലും തനിക്ക് കൈവശം വയ്ക്കാനാവില്ലയെന്നും ഒരു റാണിയുടെ ഭാവത്തിൽ സർവ്വാഭരണവിഭൂഷിതയായ ഒരു ചിത്രം വേണമെന്നും അത് ഫ്രെയിം ചെയ്തു വീടിന്റെ ചുമരിൽ തൂക്കിയിടണം എന്നുമുള്ള ഒരു ചെറിയമോഹം.
തന്റെ ശരീരത്തെ ആടയാഭരണങ്ങളാൽ സമ്പന്നമായി കാണാനുള്ള ഒരു മോഡലിന്റെ മോഹത്തെ സാക്ഷാത്കരിച്ചു കൊടുക്കുക എന്ന ഉദ്യമത്തിന് മുതിരുമ്പോൾ ആദ്യമായി ഞാനെന്നെ ഒരു ചിത്രകാരനായി അംഗീകരിക്കുകയായിരുന്നു. കുറവേതുമില്ലാതെ പൻവേൽ അതിനെ വിലയിരുത്തിയതും അവസാനമായി പൻവേൽ ക്യാൻവാസിനു മുന്നിലിരുന്നതും അന്നായിരുന്നു. ചുമരിൽതൂക്കാൻ പാകത്തിൽ ഫ്രെയിം ചെയ്യാനായി ആ ചിത്രം എന്റെ കൈകളിലേൽപ്പിച്ച് പൻവേൽ യാത്ര പറയുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല അത് കെ. ജെ. ആർട്ടിലെ പൻവേലിന്റെ അവസാന പെയിന്റിങ് ആയിരിക്കുമെന്ന്.
ഏതോ അജ്ഞാതവാസത്തിലെന്നപ്പോലെ അദൃശ്യയായ പൻവേൽ. മതിയായ മേൽവിലാസമില്ലാതെ എവിടെയും എത്താത്ത അന്വേഷണങ്ങൾ അവസാനിപ്പിക്കുമ്പോൾ ക്യാൻവാസ് ഒഴിഞ്ഞ ആർട്ട് സ്കൂൾ മറ്റൊരു ലൈവ് മോഡലിനായുള്ള പരസ്യം പ്രസിദ്ധീകരിച്ചു തുടങ്ങിയിരിന്നു.
ഉടമയേറ്റുവാങ്ങാനെത്താത്ത ആഛായാചിത്രത്തിലിരുന്ന് ബേഗം പൻവേൽസാഹിബ തന്റെ തവിട്ടുനിറമുള്ള കണ്ണുകളാൽ നിസ്സഹായനോട്ടമെറിയുന്നു.
ഒരുപക്ഷേ ആ ചിത്രമായിരിക്കും ഞാൻ വരച്ചതിൽ ഏറ്റവും മികച്ചത്. അതിനുശേഷം എത്രയോ ചിത്രങ്ങൾ വരച്ചു. പൻവേലിന്റെ വിശകലനം നേരിടാത്ത ആ ചിത്രങ്ങളിലെല്ലാം തൃപ്തിവരാത്ത എന്തോ ഒന്ന് അവശേഷിച്ചിരിക്കും.
"മുരുഗൻ കോവിൽ പക്കമാ. ഓക്കെ ലൊക്കേഷൻ വാട്സാപ്പ് പണ്ണിട്. സറി. താങ്ക്യൂ ".
ഫോൺകോളിന് മറുപടി നൽകിയ ബിജോയ്സിന്റെ പ്രസന്നത നിറഞ്ഞ മുഖം പ്രതീക്ഷനൽകി.
"ആ സ്കൂൾമാഷ് രത്നവേലിന്റെ അഡ്രസ്സു കിട്ടിയിട്ടുണ്ട്. പക്ഷേ എന്റെ സംശയം അതല്ല. വർഷങ്ങൾക്കുശേഷം തന്റെ പഴയ മോഡലിനെത്തേടി ഈ ചിത്രകാരൻ വന്നതിന്റെ ഉദ്ദേശം എന്താണെന്ന? "
ബിജോയ്സിന്റെ ചോദ്യത്തിന് മറുപടി പറയാനില്ലാതെ രത്നവേലിന്റെ മേൽവിലാസവുമായി സ്റ്റുഡിയോയിൽ നിന്നിറങ്ങുമ്പോൾ ദേഹം പൊള്ളിച്ചുകൊണ്ട് പുകമണം നിറച്ചൊരു കാറ്റ് എന്റെ ചുറ്റിലും പരക്കുന്നതുപോലെയായിരുന്നു.
വെയിൽച്ചൂടേറ്റ് വേവുന്ന ചെങ്കൽപ്പാതയുടെ അകലത്തായി പച്ചപ്പ് പുതച്ചുറങ്ങുന്ന നെൽവയൽ; നല്ലൊരു ചിത്രകാരന്റെ കരവിരുത് പോലെ പച്ചയും ഓറഞ്ചുനിറവും ചേർന്ന ഷെയ്ഡിൽ നിറഞ്ഞുനിൽക്കുന്നു. ആ വയലുകളെത്തും മുന്നേതന്നെ കണ്ടു എണ്ണംതെറ്റാതെ നാലാമത്തെ പച്ച നിറമുള്ള ഗേറ്റ്.
"ഇന്തവഴി നേരെ പോനാ ഒരു മുറുഹൻ കോവിലിറ്ക്ക്. അന്ത കോവിലോടെ റൈറ്റാ പോനാ വലതുപക്കം നാലാവത് ഒറു പച്ചൈ കളർ ഗേറ്റ്. അദ് താ നീങ്ക കേട്ട ലക്ഷ്മിയമ്മാവോട വീട്. അത് പൻവേൽലക്ഷ്മിയാ അല്ലയാ ഒന്നും തെരിയാത്. അവർ വന്ത് കൊഞ്ചം നാൾ ബോംമ്പയിലിരുന്താര്. അങ്കയേ കേട്ട്പ്പാര്".
വഴിയിൽക്കണ്ട അണ്ണാച്ചി പറഞ്ഞതനുസരിച്ച് ഇതുതന്നെയാവണം വീട്. മുരുകന്റെ അമ്പലം കഴിഞ്ഞുള്ള നാലാമത്തെവീട്. ഓടുമേഞ്ഞ വീടിന്റെ വരാന്തയിലും മുറ്റത്തുമായി കളിച്ചുകൊണ്ടിരിക്കുന്ന പല പ്രായത്തിലുള്ള കുട്ടികൾ. അപരിചിതനായ ഒരാളെ കണ്ടതുകൊണ്ടാവണം കറുത്തുമെലിഞ്ഞൊരു മീശക്കാരൻ അകത്തുനിന്ന് വരാന്തയിലേക്കിറങ്ങി വന്നത്.
"ഒഹ് ഹോ.... അമ്മാ..എന്നമ്മാ കൊഞ്ചംകൂടെ വെക്കമേ ഇല്ലാമൽ... അദ് ദാ പസങ്കയെല്ലാം പാത്തിട്ടിറ്ക്കേ ല്ലെ.. ഉള്ളെയേറി പൊഹാമേ ഇങ്കയേ... ഹ.... ഡേയ് ഉള്ളെ പോടാ.. "
മീശക്കാരന്റെ വാക്കുകൾ ശ്രദ്ധിച്ചപ്പോളാണ് കുട്ടികൾക്കിടയിലും മുറ്റത്ത് പുറംതിരിഞ്ഞിരുന്നു മൂത്രമൊഴിക്കുന്ന ഒരു സ്ത്രീയെ കണ്ടത്. അയാളുടെ ശകാരത്തിൽ കുട്ടികൾ നാലുപാടും ചിതറിയോടിയെങ്കിലും നരയേറിത്തുടങ്ങിയ, മുടി പറ്റെവെട്ടിയ ആ സ്ത്രീക്ക് ഒരു കുലുക്കവും ഉണ്ടായില്ല. ഉടുത്തിരുന്ന സാരി ആവശ്യത്തിലധികം ഉയർത്തിവച്ച് ചെയ്തുകൊണ്ടിരുന്ന ഉദ്യമം അവസാനിപ്പിച്ച ശേഷം മാത്രമേ അവർ അവിടെനിന്ന് എഴുന്നേറ്റുള്ളു.
ഒരുവശം ചെരിഞ്ഞുള്ള അവരുടെ നോട്ടത്തിൽ അമ്പരന്നു പോയത് കറുത്തുമെലിഞ്ഞ ശരീരത്തിൽ പാണ്ടുപിടിച്ചതും ചുക്കിച്ചുളിഞ്ഞതുമായ വെളുത്തുചുവന്ന മുഖം കണ്ടിട്ടായിരുന്നു. എന്നെ വകവയ്ക്കാതെ നേരെ വരാന്തയിലേക്ക് നടന്നുകയറിയ ആ സ്ത്രീരൂപം അവിടെയുള്ള ബെഞ്ചിൽ പോയിരിപ്പായി.
"യാര്? എന്ന വേണം? "
മീശക്കാരന്റെ ചോദ്യം സൗമ്യമായിട്ടായിരുന്നു.
"ഞാൻ.... ഇബ്നു ബഹാദൂർ, ഇത് രത്നവേലിന്റെ വീടല്ലേ? "
ബഞ്ചിലുരുന്ന് എന്നിലേക്ക് നീളുന്ന നോട്ടത്തെ തിരിച്ചൊരു പാളിനോട്ടത്തിലൂടെ നേരിട്ടെങ്കിലും ആ കണ്ണുകളിൽ കണ്ട ഭാവത്തെ എനിക്ക് വായിച്ചെടുക്കാനായില്ല.
"ആമ നാൻ താൻ രത്നവേൽ, എന്നാ? "
"ഞാൻ മുംബൈയിൽ നിന്ന് വരുവാ. പൻവേൽലക്ഷ്മിയെ പാക്കണം ". വാക്കുകൾക്ക് വേണ്ടി ഞാൻ പരതുമ്പോൾ, സൗമ്യഭാവം മാറി ഗൗരവം നിറയുന്ന
അയാളുടെ മുഖഭാവം തെല്ലു ഭയപ്പെടുത്താതെ ഇരുന്നില്ല.
"ഇങ്ക പൻവേൽ ഒന്നും കെടയാത്. എങ്കളുക്ക് എന്ത പൻവേൽ ലക്ഷ്മിയേം തെരിയാത്. നീങ്ക പോങ്ക ".
അയാളുടെ മുഖവും വാക്കുകളും മുറുകിക്കൊണ്ടിരുന്നു. അകത്തുനിന്നും രണ്ടുമൂന്നു കറുത്തുരുണ്ട പുരുഷന്മാരും, സ്ത്രീകളും അതുകേട്ട് ഇറങ്ങിവന്നു. പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇനിയെന്ത് ചെയ്യണം എന്ന ശങ്കയോടെ കുറച്ചുനേരംകൂടി അങ്ങനെനിന്നു. പിന്നേ ധൈര്യം സംഭരിച്ച് കൈയ്യിൽ കരുതിയിരുന്ന 'ബേഗം പൻവേൽസാഹിബ' യുടെ ഛായാചിത്രമെടുത്ത്, നിർവ്വികാരതയോടെ എല്ലാം കേട്ടുകൊണ്ട് ബെഞ്ചിലിരിക്കുന്ന മെലിഞ്ഞരൂപത്തിന്റെ കാൽക്കൽ കൊണ്ടുവച്ചു. ആരും നോക്കാൻ മടിക്കുന്ന വികൃതമായ മുഖത്ത് ദൃശ്യമായത് ബേഗം പൻവേൽ സാഹിബയുടെ ചിത്രത്തിലേതുപോലെയുള്ള ഗാംഭീര്യമായിരുന്നു.
"ഏയ്... എന്ന... യാര് നീ, എന്നാ അത് ? "
വരാന്തയിൽനിന്ന് പുറത്തേക്കിറങ്ങിവന്ന കറുത്തുരുണ്ട രൂപങ്ങളെ ബെഞ്ചിലിരുന്ന് ബേഗം പൻവേൽ കൈയുയർത്തിത്തടഞ്ഞു. ചിലനേരം വാക്കുകൾക്ക് കനംവയ്ക്കുമ്പോൾ മൗനം അതിന്റെ എല്ലാഭാവങ്ങളും പുറത്തെടുക്കും.
ഒരുനോട്ടം ആ തവിട്ടുനിറമുള്ള കണ്ണുകളിലർപ്പിച്ചു തിരിഞ്ഞുനടന്നു.
അവരുടെയെല്ലാം രൂക്ഷനോട്ടത്തെ അവഗണിച്ചുകൊണ്ട് ആ ഗേറ്റ് കടക്കുമ്പോൾ കുറച്ചുനാളുകൾക്ക് മുൻപ് മാഡം സിന്ധ്യമിശ്രയിൽ നിന്നറിഞ്ഞ വിവരങ്ങൾക്കൊപ്പം പാതിവെന്ത ശരീരത്തോടെ പൻവേലും ഉള്ളുപൊള്ളിച്ചുകൊണ്ടിരുന്നു.
'ഇബ്നു.. പൻവേൽലക്ഷ്മിയെക്കുറിച്ച് വിവരം കിട്ടി. അവരുടെ ജോലിയെക്കുറിച്ച് ഭർത്താവ് എങ്ങനെയോ അറിഞ്ഞു. കുടിച്ചുവന്നു ബഹളമുണ്ടാക്കി ദേഷ്യത്താൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. കുറച്ചുനാൾ ഹോസ്പിറ്റലിലായിരുന്നു. പിന്നീട് നാടായ കോടമ്പാക്കത്തേക്കുപോയി '
നീണ്ട നാളത്തെ അന്വേഷണങ്ങൾ അവസാനിക്കുമ്പോളും അസ്തിത്വം നഷ്ടമായ ആ തവിട്ടുകണ്ണുകൾ എന്നെ വിട്ടകന്നിരുന്നില്ല. വീണ്ടുമൊരു വരവിനായി വഴി തെളിച്ചുകൊണ്ട് മനസ്സിന്റെ ക്യാൻവാസിൽ അന്നേരം മറ്റൊരു ചിത്രം ഉടലെടുത്തു കഴിഞ്ഞിരുന്നു. പൊള്ളിയടർന്ന മുഖവുമായി, ചുമരിൽതൂക്കിയിട്ടിരിക്കുന്ന ബേഗം പൻവേൽസാഹിബയുടെ ചിത്രത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ട്, സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണ് എന്ന് സമൂഹത്തോട് വിളിച്ചുപറയുന്ന
ലൈവ് മോഡൽ പൻവേൽ!!!
(അവസാനിച്ചു)
Binitha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക