എനിക്ക് മാത്രമല്ല വീട്ടിലെ എല്ലാവർക്കും ആട്ടിറച്ചി വലിയ ഇഷ്ടമാണ്. ഫുഡ് വ്ലോഗ് നോക്കിയല്ല ഞങ്ങൾ ആട്ടിറച്ചി വെക്കാറ്.
വീട്ടിലെ ഏല്ലാവരും ചേർന്ന് ഒരു വെപ്പാണ്.
ഉമ്മയും വല്ലിമ്മയും ഒക്കെ ആടു വെച്ചിരുന്ന ചേൽക്ക്.
ഒന്നരക്കിലോ മട്ടൻ വാങ്ങി കഴുകി വെള്ളം വാരാൻ വച്ചപ്പോഴാണ് ഒരു ചങ്ങാതിയുടെ വിളി. ഒന്ന് പുറത്ത് പോയാലോ?പാലക്കാടൻ ചൂടിൽ പോയി തണുത്ത പുഴവെള്ളത്തിൽ കുളിക്കാം...
പുതിയ നല്ല റോഡിലൂടെ പൂതി തീരുവോളം വണ്ടിയോടിക്കാം...
കുറച്ച് ദിവസങ്ങളായി പുറത്ത് പോയിട്ട്.
ചങ്ങാതിമാരോടൊത്തള്ള യാത്രക്ക്
ഇളയ ആട് വരട്ടിയ രുചിയാണ്.
നേരിയ വിശപ്പ് തുടങ്ങിയപ്പോഴാണ് അവൻ ഫുഡ് വ്ലോഗിൽ കണ്ട
"യാക്കര മീൻകട"യെക്കുറിച്ച് പറഞ്ഞത്.
മീൻ പൊരിച്ചതും നാടൻ ചോറും വെളുത്ത ആവോലിയും കരിമീനും എരിവുള്ള മീൻകറിയും ചേർത്ത്...
കഴിക്കാനിരുന്നപ്പോൾ നേരെ മുന്നിൽ ഒരു മോളും അച്ഛനും. പത്തിൽ എത്തിയിട്ടുണ്ടാവില്ല അവൾ.
സ്കൂൾ യൂണിഫോം പോലുള്ള ഒരു ഉടുപ്പാണ്. അച്ഛൻ തലമുടി എണ്ണതേച്ച് മിനുക്കി ഒരു സൈഡിലേക്ക്
നല്ലപോലെ ചീകിവെച്ചിട്ടുണ്ട്.
അത്ര പ്രായമൊന്നുമില്ല, ചെറിയൊരു അച്ഛൻ.
അയാളുടെ മൂത്തമോളാവും. അവരും ഫുഡ് വ്ലോഗ് കണ്ട് വന്നതാവും.
കരിമീനാണ് അവർ എടുത്തിട്ടുള്ളത്. കരിമീൻ തന്നെയാണ് നല്ല രുചിയുള്ളതും,
അയാൾ ഭക്ഷണം കഴിക്കുകയല്ല, മോള് കഴിക്കുന്നത് കണ്ടിരിക്കുകയാണ്. അത്ര സ്നേഹത്തോടെ
പതുക്കെയാണ് അവൾ കഴിക്കുന്നത്.
അത്ര വാത്സല്യത്തോടെ,
കൊതിയോടെയാണ് അയാളതു കണ്ടിരിക്കുന്നതും.
മീൻ കറിക്ക് നല്ല എരിവുള്ളതു കൊണ്ടാവാം എന്റെ കണ്ണുകളിൽ കണ്ണുനീർ പൊടിയുന്നുണ്ട്...
കുന്തിപ്പുഴയുടെ തണുത്ത നീരൊഴുക്കിൽ മണിക്കൂറുകൾ നീന്തി നല്ല വിശപ്പുമായാണ്
അടുക്കളയിലെത്തിയത്.
ആട്ടിറച്ചി വയ്ക്കുന്ന പാത്രങ്ങളൊക്കെ കഴുകി വച്ചിട്ടുണ്ട്,
അടച്ചുവച്ച പാത്രങ്ങൾ ഓരോന്ന് തുറന്ന് നോക്കിയപ്പോൾ നല്ലപാതിയാണ് പറഞ്ഞത്.
"മട്ടൻ വെച്ചിട്ടില്ല വാപ്പയുണ്ടാകുമ്പൊൾ വയ്ക്കാമെന്ന് പറഞ്ഞ് മക്കളത് ഫ്രിഡ്ജിലേക്ക് മാറ്റി"
കണ്ണുകളിൽ നേരിയ ന്നനവ് പടരാൻ എരിവുള്ള കറികൾ തന്നെ
വേണമെന്നില്ല....
ഹക്കീം വെങ്ങൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക