"സൈറയുടെ കവിതകൾക്ക് എന്ത് ജീവനാണ് ഋതു.. മനസ്സിനെ വല്ലാതെ ഉലച്ചു കളയുന്ന വരികൾ. ജിബ്രാന്റെ കവിതകൾ പോലെ.."
ദില്ലിയിൽ ശൈത്യം തുടങ്ങിയതേയുള്ളു. ഓഫീസിലെ ചില്ലിട്ട ജനലിൽക്കൂടി മൂടൽമഞ്ഞിലൊളിച്ചിരിക്കുന്ന നഗരത്തിന്റെ കാഴ്ച എന്നെ അസ്വസ്ഥനാക്കി തുടങ്ങിയിരിക്കുന്നു.
ഭൂമിയിലെ എല്ലാ കാമുകിമാരായ പെണ്ണുങ്ങൾക്കും തോന്നാവുന്ന അസൂയ കണ്ണുകളിൽ നിറച്ചു ഋതു എന്നെ നോക്കി
"അഭിക്ക് ഈയിടെയായി സൈറയെ പറ്റി മാത്രമേ പറയാനുള്ളു.. ആ ആർട്ടിക്കിൾ എഴുതിത്തീർന്നില്ലേ..? "
"തീർന്നു. അടുത്താഴ്ച മുതൽ വീക്കിലിയിൽ വന്നു തുടങ്ങും."
ഞാൻ സൈറയെ കുറിച്ചോർത്തു.
ഈയിടെയായി എന്റെ മനസ്സിങ്ങിനെയാണ്. ഋതുവിൽ നിന്നും സൈറയിലേക്കും സൈറയിൽ നിന്നു ഋതുവിലേക്കും മാറി മാറി സഞ്ചരിക്കുന്നു. ഋതുവിന്റെ മനോഹരമായ കണ്ണുകളും, മൃദുവായ ചുണ്ടും, മിനുസമുള്ള കവിളും കാണുമ്പോൾ എനിക്ക് സൈറയുടെ ഷാൾ കൊണ്ട് ഇടതു ഭാഗം മറച്ച മുഖമാണ് ഓർമ്മ വരിക.
ആസിഡ് അറ്റാക്കിനു ഇരയായ സ്ത്രീകളെ കുറിച്ചുള്ള പരമ്പരയിൽ എട്ടു പേരിൽ ഞാൻ അവസാനം ഇന്റർവ്യൂ ചെയ്തത് സൈറയെയാണ്.
ഒരു പാവപ്പെട്ട പാർസി കുടുംബത്തിലെ അംഗമാണ് സൈറ. ജ്വലിക്കുന്ന സൗന്ദര്യവുമായി മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചു വന്നിരുന്ന അവളുടെ സ്വപ്‌നങ്ങൾ പിച്ചിച്ചീന്തിയെറിഞ്ഞത് അവളുടെ കാമുകനായിരുന്ന ഫർഹാൻ ആദിൽ എന്ന ഉത്തരേന്ത്യൻ ചെറുപ്പക്കാരനായിരുന്നു.
അതും പട്ടാപകൽ കരോൾബാഗിലെ തിരക്കുള്ള തെരുവിൽ വെച്ച്.
ഇന്റർവ്യൂ ചെയ്ത മറ്റ് ഏഴുപേരും ആക്രമികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് തറപ്പിച്ചു പറഞ്ഞു. ചിലർ രോഷത്തോടെ അലറി വിളിച്ചു.. ചിലർ ഉറക്കെ കരഞ്ഞു, പൊട്ടിത്തെറിച്ചു. ദീപിക എന്ന പെൺകുട്ടി ആക്രോശിച്ചത് അസിഡ് ഒഴിച്ച് പ്രതിയുടെ ദേഹം മുഴുവൻ പൊള്ളിച്ച് ശിക്ഷ നടപ്പിലാക്കണമെന്നാണ്.
പക്ഷെ സൈറ..
"ഫർഹാന്റെ പ്രണയം എന്നെ ശരിക്കും ലഹരി പിടിപ്പിച്ചിരുന്നു. പ്രണയം സ്വാർത്ഥത കൂടിയല്ലേ അഭി. എന്നെയാരെങ്കിലും ആരാധനയോടെ നോക്കുന്നത് പോലും ഫർഹാൻ വെറുത്തിരുന്നു. ഫർഹാൻ എന്നോട് കാണിച്ചിരുന്ന പൊസ്സസ്സീവ്നെസ്സ്... ഞാനത് തികച്ചും ആസ്വദിച്ചിരുന്നു."
"സ്നേഹിക്കപ്പെടാൻ അതും തീവ്രമായി പ്രണയിക്കപ്പെടുവാൻ ഒരോ സ്ത്രീയും ആഗ്രഹിക്കുന്നുണ്ട് ഇല്ലേ അഭി. അത് അമിതമായ വികാരപ്രകടനമായാൽപ്പോലും.."
സൈറയുടെ വാക്കുകൾ എനിക്കുൾക്കൊള്ളാൻ കഴിഞ്ഞില്ല .
"അത്രയേറെ സ്നേഹിക്കുന്നൊരാളെ വേദനിപ്പിക്കാൻ കഴിയുന്നത് എന്ത് വികാരമാണ് സൈറ. അതിനെ ഭ്രാന്തെന്നല്ലേ വിളിക്കേണ്ടത്..?"
സൈറ ഒരു നിമിഷം മൗനത്തിലാണ്ടു.
"ആസിഡ് വീണു പൊള്ളുന്നതിന്റെ വേദന എത്രയാണെന്നറിയോ അഭിക്ക്..?"
"തുന്നിച്ചേർത്തു വെച്ച സ്വപ്നങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് പൊട്ടിപ്പോവുന്ന അവസ്ഥ അനുഭവിച്ചിട്ടുണ്ടോ… ആരാധനയോടെ നോക്കിയ കണ്ണുകളിൽ ഭയം നിറയുന്നത് കാണുമ്പോഴുള്ള വേദന അറിഞ്ഞിട്ടുണ്ടോ "
എനിക്ക് ശ്വാസം നിലച്ചത് പോലെ തോന്നി.
അസ്വസ്ഥയോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
"ആളുകളുടെ മുഖത്തെ ഭയവും അറപ്പും കാണുമ്പോൾ അസിഡ് വീണു പൊള്ളിയതിനേക്കാൾ ആയിരമിരട്ടി പൊള്ളുന്നുണ്ട് എനിക്കിപ്പോൾ. എന്നിട്ടും എനിക്ക് ഫർഹാനെ വെറുക്കാൻ കഴിയുന്നില്ല."
"കാരണം അത് പോലെ എന്നെ പ്രണയിക്കാൻ ഇനിയാരും എന്റെ ജീവിതത്തിലേക്ക് കടന്ന് വരില്ല. ശരിയല്ലേ അഭി.."
ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു. പലപ്പോഴും ഞാനവളുടെ അടുത്തേക്ക് പോയത് ഒരു പത്രപ്രവർത്തകന്റെ പരിവേഷത്തോടെയാണല്ലോ.
ആർട്ടിക്കിളിന് വേണ്ടി സൈറയുടെ ഒരു പഴയ ഫോട്ടോ ചോദിച്ചപ്പോൾ എവിടെ നിന്നോ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ തപ്പിയെടുത്തു സൈറ എന്റെ നേർക്ക് നീട്ടി.
" ഇതേ ഉള്ളൂ. മൊബൈൽ ഗാലറിയിൽ നിന്നും എല്ലാം ഞാൻ ഡിലീറ്റ് ചെയ്തു."
"എനിക്കെന്നെ നഷ്ടമാവുന്നത് ഈ ഓർമ്മപ്പെടുത്തലുകളിലാണ് അഭി".സൈറ വിഷാദത്തോടെ ചിരിച്ചു.
"നോക്കൂ. എന്റെ ഈ വലതു വശം എന്റെ ഇന്നലെകളാണ്" സൈറ അവളുടെ വലതു കവിളിൽ തൊട്ടു കൊണ്ട് പറഞ്ഞു.
സൈറ എഴുതിക്കൊണ്ടിരുന്ന ഡയറിയെടുത്തു ഞാൻ വെറുതെ പേജുകൾ മറിച്ചു.
"ഇവിടെ തനിച്ചിരിക്കുമ്പോൾ എനിക്ക് നിന്നെക്കുറിച്ച് എഴുതണമെന്നുണ്ടായിരുന്നു
പക്ഷെ അരികത്തോളം വന്നു അകന്ന് പോകുന്ന കാലൊച്ചകൾ എന്നെ പിന്തിരിപ്പിക്കുന്നു
ഇപ്പോൾ രാത്രിയും നിന്നെപ്പോലെ മൗനമാണ്
അവളും എന്നെ ഭയപ്പെട്ടു തുടങ്ങിയോ..
നിനക്കറിയാമോ.. നമ്മുക്കായി മാത്രം വിടർന്നിരുന്ന വാകപ്പൂക്കൾ അവയും കൊഴിഞ്ഞു തുടങ്ങി.. "
"നീയെന്തിനാണ് സൈറ എപ്പോഴുമിങ്ങിനെ നെഗറ്റീവ് ആയി ചിന്തിക്കുന്നത്..? "
ലളിത ബെൻ ബൻസി, പ്രമോദിനി, ലക്ഷ്മി അഗർവാൾ, കവിത ബാരുണി... ഞാൻ പേരുകൾ നിരത്തി. ആസിഡ് അക്രമത്തിനു ഇരയായ ശേഷം വിവാഹം കഴിച്ചവർ. അവരുടെ ജീവിതത്തിലേക്ക് കടന്ന് വന്നവരെ കുറിച്ച് ഞാൻ സൈറയോട് പറഞ്ഞു. പത്രത്തിൽ വന്ന വാർത്തകൾ അവളെ കാണിച്ചു.
"അത് പ്രണയമാണെന്ന് അഭിക്ക് ഉറപ്പ് പറയാൻ കഴിയുമോ. പ്രണയത്തിന് സ്വാർത്ഥതയും, ഭ്രാന്തും, പൊസ്സസ്സീവ്നെസ്സുമൊക്കെ ആവാം.. പക്ഷേ
സഹതാപം ഒട്ടും യോജിക്കുന്നില്ല."
"ഞാനൊന്ന് ചോദിക്കട്ടെ അഭി.." ഒന്ന് നിർത്തി സൈറ ചോദിച്ചു
"അഭിയുടെ ജീവിതത്തിൽ ഒരുപക്ഷെ ഋതു ഇല്ലായിരുന്നെങ്കിൽ അഭി എന്നെ പ്രണിയിക്കുമായിരുന്നോ..?"
ഞാൻ ഞെട്ടലോടെ സൈറയുടെ മുഖത്തേക്ക് നോക്കി. തലയിൽ നിന്നും ഷാൾ എടുത്തു മാറ്റി സൈറ എന്നെതന്നെ നോക്കിയിരിക്കുകയാണ്.
അവളുടെ വെന്ത് കരിവാളിച്ച് ഒട്ടിയ കവിളും പാതിയടഞ്ഞ ഇടത്തെ കണ്ണും പൊള്ളലേറ്റ് വികൃതമായ ചെവിയും ഞാനാദ്യമായി കണ്ടു. എനിക്ക് ശരീരം തളരുന്നത് പോലെ തോന്നി. പെട്ടന്ന് ഞാൻ കണ്ണുകൾ പിൻവലിച്ചു.
സൈറ ചിരിച്ചു. അതിന് ചിരിയെന്ന് പറയാൻ കഴിയുമോ.. അറിയില്ല. പാതി ചുണ്ടിൽ വിരിഞ്ഞ ഒരു പ്രത്യേക ഭാവം.
"പുരുഷനാസ്വദിക്കാൻ നനവാർന്ന മിനുസമുള്ള ചുണ്ടുകളും വിടർന്ന കണ്ണുകളും തുടുത്ത കവിൾത്തടവുമൊക്കെ വേണമല്ലേ അഭി "
ഇപ്പോൾ പൊള്ളുന്നത് എനിക്കാണ്. വാക്കുകൾ ശ്വാസംമുട്ടി ഉള്ളിൽ ഞെരിഞ്ഞമർന്നു. ഷാൾ പഴയത് പോലെയാക്കി സൈറ പതിയെ പറഞ്ഞു.
"അഭി പൊയ്ക്കോളൂ.. വിഷമിക്കണ്ട. എന്നെ സമാധാനിപ്പിക്കാൻ വേണ്ടി മാത്രം ദയവായി ഒന്നും പറയരുത്. ഞാൻ പറഞ്ഞില്ലേ, പ്രണയം ഒരിക്കലും സഹതാപം അർഹിക്കുന്നില്ല "
ഒരു നിമിഷം സൈറ എന്തോ ഓർത്തിരുന്നു
"എനിക്കൊരു കാമുകനെ വേണം അഭി. എന്നെ ഭ്രാന്തമായി പ്രണയിക്കുന്ന, എന്റെ ഇടത്തെ കവിളിൽ മുഖം ചേർത്ത്, ആ കണ്ണിൽ ചുംബിച്ചു, ആ ചെവിയിൽ പ്രണയം മന്ത്രിക്കുന്ന ഒരു കാമുകനെ."
അവളുടെ കണ്ണ് നിറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.
ഞാനാലോചിക്കുകയായിരുന്നു
പ്രണയത്തിനെത്ര മുഖങ്ങളാണ്. വികാരങ്ങളാണ്. ഞാൻ ലൈലയെയും മജ്നുവിനെയും കുറിച്ചോർത്തു, സലീമിനെയും അനാർക്കലിയെയും കുറിച്ചോർത്തു, ബഷീറിന്റെ സുഹറയേയും മജീദിനെയും കുറിച്ചോർത്തു. സൈറയെയും ഫർഹാനെയും കുറിച്ചോർത്തു.. പിന്നെ ഋതുവിനെ കുറിച്ചോർത്തു. യാതൊരു യുക്തി ബോധവുമില്ലാതെ പെരുമാറാൻ പ്രേരിപ്പിക്കുന്ന, മനുഷ്യനെ അത്രമേൽ ശക്തിയോടെ കീഴ്പ്പെടുത്തുന്ന ഒരു വികാരത്തിന് സത്യത്തിൽ എന്ത് നിർവചനമാണ് കൊടുക്കേണ്ടത്..!!
പ്രണയം ദിവ്യമാണെന്നും, ഉപാധികളില്ലാത്തതാണെന്നും അത് മനസ്സുകളുടെ ഒത്തുചേരൽ മാത്രമാണെന്നും അതിന് ശരീര സൗന്ദര്യവുമായി യാതൊരു
ബന്ധവുമില്ലെന്നും എനിക്ക് വാദിച്ചു ജയിക്കണമെന്നുണ്ടായിരുന്നു.
എന്നിട്ടും സൈറയുടെ ചോദ്യത്തിന് മുൻപിൽ പരാജയപ്പെട്ടതോർത്തപ്പോൾ എനിക്ക് ലജ്ജ തോന്നി.
ഋതുവെന്ന പ്രണയ പേമാരിയിൽ നനഞ്ഞു കുതിരുമ്പോഴും ഞാൻ സൈറയുടെ അക്ഷരങ്ങളുടെ പുറകെ പോയതെന്തിനാണ്.
ദില്ലിയിലെ ആ തണുത്തുറഞ്ഞ സായാഹ്നത്തിൽ ഋതുവിന്റെ മാറിലെ നേർത്തചൂടിലേക്ക് ധൃതിയിൽ ഡ്രൈവ്
ചെയ്യുമ്പോൾ വെറുതെയെങ്കിലും ഞാനാശിച്ചു.
ആരെങ്കിലും ഒരാൾ... സൈറ ആഗ്രഹിക്കുന്നത് പോലെ ആരെങ്കിലും.. അവളുടെ ഇടതു കവിളിലേക്ക് മുഖം ചേർത്തു വെച്ച്… അടഞ്ഞ കണ്ണിൽ ചുംബിച്ച്… ചെവിയിൽ പ്രണയം മന്ത്രിച്ച്.
അവർക്ക് വേണ്ടി മാത്രം പ്രണയത്തിന്റെ വാക പൂക്കുന്നതപ്പോഴാണല്ലോ…
അത് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ചയാവുന്നതും..
ശ്രീകല മേനോൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക