നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഋതുഭേദങ്ങൾ I Mahalekshmi Manoj

 
"മക്കളേ, നാളെ അമ്മ നിങ്ങൾക്ക് ചിക്കൻ മേടിച്ച് വെച്ച് തരാം".
ഒരു ശനിയാഴ്ച വൈകുന്നേരം അമ്മയുടെ പ്രഖ്യാപനം കേട്ട അമ്മുവും പൊന്നുവും സന്തോഷം കൊണ്ട് തുള്ളിച്ചാടി.
"ങേ, ചിക്കനോ, സത്യമാണോ അമ്മ?, എത്ര ദിവസമായി അല്ലെ പൊന്നു നമ്മൾ ചിക്കൻ കഴിച്ചിട്ട്?, നാളെ നമുക്ക് കഴിക്കാം." അമ്മു പറഞ്ഞത് കേട്ട് പൊന്നുവും സന്തോഷത്താൽ ചിരിച്ചു. മിക്ക ദിവസവും ചെറിയമ്മയുടെ വീട്ടിൽ നിന്നും ചിക്കൻ കറിയുടെ മണം വരുമ്പോൾ കൊതി സഹിക്കാൻ പറ്റില്ല, അമ്മു ഓർത്തു. രണ്ടു പേരും പിറ്റേന്ന് ചിക്കൻ കറി കഴിക്കുന്ന സ്വപ്നവും കണ്ട് അന്ന് ഉറങ്ങി.
രാവിലെ അമ്മ അച്ഛനോട് പറഞ്ഞു, "ഒരു കിലോ ചിക്കൻ മേടിച്ചിട്ട് വരണം, പിള്ളേര് കുറെ നാളായി ആഗ്രഹം പറയുന്നു".
"എൻ്റെ കൈയിൽ പൈസയൊന്നുമില്ല ചിക്കനൊന്നും മേടിക്കാൻ".
"അതിനു നിങ്ങളോടാര് പൈസ ചോദിച്ചു, അല്ലെങ്കിലും നിങ്ങളെന്നാ പൈസ മുടക്കി ഈ വീട്ടിൽ ഒരു കാര്യം ചെയ്തിട്ടുള്ളത്?.. ദാ പൈസ, പറ്റുമെങ്കിൽ മേടിച്ചിട്ടു വാ, അല്ലെങ്കിൽ ഞാൻ വേറെ വഴി നോക്കിക്കോളാം".
ആ പൈസയും എടുത്ത് ഷർട്ടും ചെരുപ്പും ഇട്ട് അച്ഛൻ പുറത്തേക്ക് പോയി.
അച്ഛൻ പോയ നേരം തൊട്ട് ചിക്കനും കൊണ്ട് തിരിച്ച് വരുന്നതും കാത്ത് അമ്മുവും പൊന്നുവും നടപ്പടിയിൽ തന്നെ ഇരുന്നു, അച്ഛൻ തിരിച്ചെത്തി അമ്മുവിനെ ഏൽപ്പിച്ച കവർ അവൾ ഓടിപ്പോയി അമ്മയുടെ കൈയിൽ കൊടുത്തു.
"'എപ്പോ ആകും അമ്മാ കറി?"
"ഉടനെ ആക്കിത്തരാം മക്കളേ, നിങ്ങള് പോയി പഠിക്ക്, അല്ലാ, അച്ഛൻ ബാക്കി പൈസ തന്നില്ലേ?".
"ഇല്ല, അച്ഛൻ അപ്പൊത്തന്നെ പോവുകയും ചെയ്തു."
"ദൈവമേ, ആ ബാക്കി പൈസയും പോയി, എന്ത് സാധനം മേടിക്കാൻ ഏല്പിച്ചാലും ഇത് തന്നെ അവസ്ഥ, ബാക്കി കിട്ടില്ല, എന്റെ വിധി", ഇതും പറഞ്ഞ് കവർ തുറന്നു നോക്കിയ അമ്മയ്ക്ക്‌ നിരാശയായി, "അയ്യോ, ഇതൊരു കിലോ ഇല്ലല്ലോ, അവിടെയും ഇസ്ക്കി ആ മനുഷ്യൻ, ഇങ്ങനെ ഒരു ജന്മം!, ഉള്ളതിനെ പിള്ളേർക്ക്‌ കൊടുക്കാം".
കറിയുടെ മണം മൂക്കിൽ അടിച്ചിട്ട് പഠിക്കാൻ കഴിയാതെ അമ്മുവും പൊന്നുവും ഒറ്റ ചാട്ടത്തിനു അടുക്കളയിലെത്തി, "'വിശക്കുന്നമ്മാ ഞങ്ങൾക്ക്, നമുക്കു ചോറും ചിക്കനും കഴിക്കാം?"
"ശരി കഴിക്കാം, അമ്മ ചോറ് എടുക്കട്ടേ, മക്കള് കൈ കഴുകി വാ", എന്ന് പറഞ്ഞതും അച്ഛന്റെ ശബ്ദം കേട്ടു.
"രമേ, ചോറ് വിളമ്പിക്കോ, ഇന്ന് മധുവും ഉണ്ട് ചോറുണ്ണാൻ", നിലത്തുറയ്ക്കാത്ത കാലുകളുമായി അച്ഛൻ ഒരാളെയും കൂട്ടി അകത്തേക്കു വന്നു.
അമ്മുവും പൊന്നുവും സങ്കടത്തോടെ അമ്മയെ നോക്കി, "മക്കള് വിഷമിക്കണ്ട, നിങ്ങൾക്കുള്ളത് മാറ്റി വെച്ചിട്ടേ കൊടുക്കൂ, നിങ്ങളകത്ത് പൊയ്ക്കൊ, ഞാൻ വിളിക്കാം".
വന്ന ആൾ പുറത്തെ പൈപ്പിൽ കൈ കഴുകാൻ പോയ തക്കത്തിന് അമ്മ അച്ഛനോട് പറഞ്ഞു, "നിങ്ങൾക്ക് നാണമാവില്ലേ?, ഒരു കിലോ വാങ്ങാൻ പൈസ തന്നിട്ട് മുക്കാൽ കിലോ പോലും വാങ്ങിച്ചുമില്ല ബാക്കി പൈസക്ക്‌ കുടിച്ച്‌ കൂട്ടുകാരനെയും കൂട്ടി വന്നിരിക്കുന്നു ചിക്കൻ കൂട്ടി ചോറ് കഴിക്കാൻ, എൻ്റെ പിള്ളേര് എന്ത് ആഗ്രഹിച്ചാണ് ചോറ് കഴിക്കാൻ വന്നതെന്നറിയാമോ, നിങ്ങൾ ഒരിക്കലും ഗുണം പിടിക്കില്ല നോക്കിക്കോ."
"പിന്നേ, നീ പ്രാകിയാൽ ഞാൻ അങ്ങ് ഭൂമി പിളർന്ന് താഴോട്ട് പോകും, എൻ്റെ വീടാണ് ഇത്, ഇവിടെ എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ ചെയ്യും, നീ ആരാടി ചോദിക്കാൻ?, പിള്ളേർക്ക്‌ വേണ്ടീട്ടു അവള് ചിക്കൻ മേടിച്ചത്രേ, ചുമ്മാ പുലമ്പാതെ ചോറ് വിളമ്പടി."
ചിക്കൻ കറിയുടെ പാത്രം അതോടെ മുന്നിൽ വെച്ച്‌, തീൻമേശ എന്ന് പറയാൻ കഴിയാത്ത ഒരു ചെറിയ മേശയിലും ബെഞ്ചിലും ഇരുന്ന്, അച്ഛനും വന്ന ആളും കഴിക്കാൻ തുടങ്ങി, ചിക്കൻ തീരുന്നതിനനുസരിച്ച് അമ്മയുടെ കണ്ണും നിറയാൻ തുടങ്ങി, അവസാനം ഒരു മാംസമില്ലാത്ത എല്ലിൻ കഷ്ണം മാത്രം ബാക്കിയായി.
"ചേച്ചിയെ, ചിക്കൻ കറി സൂപ്പർ ആയിരുന്ന് കേട്ട, ഞാനും വീട്ടിൽ ചിക്കൻ മേടിച്ചു കൊടുത്തിരുന്നു, അപ്പോഴാണ് സുരേന്ദ്രൻ ചേട്ടൻ ഇവിടെ ഇന്ന് ചിക്കനുണ്ട്‌, നീ ചോറ് കഴിച്ചിട്ട് പോയാൽ മതി എന്ന് നിർബന്ധിച്ചത്, ആ സാരമില്ല ഞാൻ വീട്ടിൽ നിന്ന് രാത്രി കഴിച്ചോളാം, ചേച്ചിയും പിള്ളേരും കഴിക്ക്, എന്നാ ഞാൻ പോണു". അച്ഛൻ അപ്പോഴേ കട്ടിലിൽ വീണു, താമസിയാതെ കൂർക്കം വലിയും കേട്ട് തുടങ്ങി.
"എൻ്റെ മക്കളോട് ഞാൻ എന്ത് പറയും?, പറഞ്ഞ് മോഹിപ്പിച്ചും പോയല്ലോ ഈശ്വരാ", അമ്മയ്ക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
വന്ന ആൾ പോയതറിഞ്ഞ അമ്മുവും പൊന്നുവും കഴിക്കാനായി ഓടി വന്നപ്പോൾ കണ്ടത് കാലിയായ കറിപാത്രത്തിനടുത്ത് ഇരുന്ന് തേങ്ങുന്ന അമ്മയെയാണ്. അമ്മ അവരെ ചേർത്ത് പിടിച്ച് പറഞ്ഞു, "മക്കള് സങ്കടപ്പെടണ്ട, നാളെ വൈകുന്നേരം ഞാൻ ജോലി കഴിഞ്ഞു വരുമ്പോ ജംഗ്ഷനിലെ കടയിൽ നിന്ന് നിങ്ങൾക്ക് ചിക്കൻകറി മേടിച്ചു തരാം."
സങ്കടത്തോടെയാണെങ്കിലും നാളെ കഴിക്കാമെന്ന ആശ്വാസത്തിൽ അടുപ്പത്തിട്ട അരി വേകുന്നതും, ചമ്മന്തിക്ക് അമ്മ തേങ്ങ തിരുമ്മുന്നതും നോക്കി, അത് കൂട്ടി ചോറ് കഴിക്കാൻ കാത്ത് അമ്മുവും പൊന്നുവും അടുക്കളയിലെ സിമന്റ്‌ തേക്കാത്ത തറയിൽ ഇരുന്നു.
സന്ധ്യക്ക് അപ്പുറത്തെ ചെറിയമ്മയുടെ വീട്ടിൽ കളിയ്ക്കാൻ പോയ അമ്മുവും പൊന്നുവും വിഷമിച്ചാണ് തിരികെ വന്നത്.
"എന്ത് പറ്റി മക്കളേ?"അമ്മ ചോദിച്ചു.
"അവിടെ ചിക്കു ചേട്ടൻ ഫ്രൈഡ് റൈസും ചിക്കൻ ഫ്രൈയും കഴിക്കുന്ന കണ്ടു, ഞങ്ങൾ ചോദിച്ചൊന്നുമില്ല, പക്ഷെ ചെറിയമ്മ ചേട്ടനോട് പറയുന്ന കേട്ടു അവർക്ക് കൊടുക്കുവൊന്നും വേണ്ട, നീ കഴിച്ചോ, ഉച്ചക്ക്‌ അവിടുന്ന് ചിക്കൻ കറിയുടെ മണം വന്നതാ, മൂക്കു മുട്ടെ കഴിച്ചിട്ട് ഇവിടെ ആർക്കും തന്നില്ലല്ലോ എന്ന്, അവിടെ ചെറിയമ്മ മിക്ക ദിവസവും ചിക്കൻ മേടിക്കുന്നതാ എന്നിട്ട് നമുക്ക് തരാറില്ലല്ലോ, പക്ഷെ ഇന്ന് നമ്മൾ കഴിക്കാത്തത് കഴിച്ചൂന്നും അവർക്ക് കൊടുത്തില്ലെന്നുമാണ് പറഞ്ഞെ."
"സാരമില്ല, നിങ്ങളതൊന്നും ഓർത്തു പ്രയാസപ്പെടേണ്ട, മക്കള് പഠിച്ച് വലുതായാൽ പിന്നേ നിങ്ങൾക്കിഷ്ടമുള്ളപ്പോൾ എന്ത് വേണമെങ്കിലും കഴിക്കാമല്ലോ, നാളെയാവട്ടെ ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാക്കാം."
"എനിക്കൊരു ചിക്കൻ ഫ്രൈ കൂടി, പ്ളീസ് അമ്മാ", ഒരു വിരൽ കാണിച്ച് കൊഞ്ചി പൊന്നു, .."ശരി, സമ്മതിച്ചു, രണ്ട് പേർക്കും ഓരോ ഫ്രൈ കൂടി", അമ്മ മക്കളേ ചേർത്ത് പിടിച്ച്‌ അവർ കാണാതെ സ്വന്തം കണ്ണുകൾ തുടച്ചു.
******************************************************************************************
"എൻ്റെ അമ്മു, എനിക്കീ ചിക്കനൊന്നും ഫോർക്കും സ്പൂണും കൊണ്ട് കഴിക്കാനൊന്നും പറ്റില്ല."
"അമ്മാ, ദുബൈയിലെ വലിയ റെസ്റ്റോറന്റ് അല്ലെ എന്ന് വിചാരിച്ച്‌ ഫോർക്കും സ്പൂണും വെച്ച്‌ കഴിച്ചില്ലെങ്കിൽ അവർ ഇറക്കി വിടുവൊന്നുമില്ല, അമ്മ ധൈര്യമായിട്ടു കൈ വെച്ച്‌ കഴിച്ചോ, അല്ലെ വിനുവേട്ടാ?"
"പിന്നല്ലേ?, അല്ലെങ്കിലും ഈ കിടുപിടികളൊന്നും എനിക്കും പറ്റില്ല, അമ്മ വാ നമ്മുക്ക് കൈ വെച്ച് കഴിക്കാം", വിനു മറുപടി പറഞ്ഞു.
"അമ്മുമ്മ, ആദ്യം ഫോർക് എടുക്കണം, എന്നിട്ടു ചിക്കനിൽ ഇങ്ങനെ കുത്തണം, എന്നിട്ടു വായിൽ വെക്കണം, ഇത്രേ ഉള്ളു", അമ്മുവിന്റെയും വിനുവിന്റെയും എട്ടു വയസ്സുകാരി മകൾ കിങ്ങിണി ആണ് അമ്മുമ്മയെ പരിശീലിപ്പിച്ചത്. ഇതെല്ലാം കണ്ടും കേട്ടും അമ്മ ചിരിച്ചു കൊണ്ടിരുന്നു.
"അമ്മു, പൊന്നുവിന്റെ മെസ്സേജ് വന്നോന്നു നോക്കിയേ മക്കളേ, അവളെത്ര മണിക്കാ ആ ...എന്താണ് ആ വിമാനത്താവളത്തിന്റെ പേര്?പീതുവോ?..അവിടെ ഇറങ്ങുന്നതെന്ന് പറഞ്ഞെ?, അവിടുത്തെ തണുപ്പൊക്കെ അവൾക്ക്‌ പറ്റുമോ എന്തോ".
"അയ്യോ എന്റമ്മുമ്മ പീതു ഒന്നുമല്ല, ഹീത്രൂ..ഹീത്രൂ എയർപോർട്ടിലാണ് പൊന്നു കുഞ്ഞ കൊച്ചച്ഛനുമായി ഇറങ്ങുന്നത്, അമ്മുമ്മക്ക്‌ ഞാൻ എത്ര പ്രാവശ്യം പറഞ്ഞു തന്നതാ എന്നിട്ടും മറന്നു, ഒന്നുടെ പറഞ്ഞെ ഹീത്രൂ.."
"ഹീത്രൂ എങ്കിൽ ഹീത്രൂ, അമ്മുമ്മയുടെ കിങ്ങിണിക്കുട്ടി പഠിച്ചാൽ മതി എല്ലാം, അമ്മുമ്മ അതെല്ലാം കണ്ട് സന്തോഷിക്കാം", അവരുടെ രണ്ട് പേരുടെയും കൊഞ്ചലുകൾ തുടർന്നു കൊണ്ടേ ഇരുന്നു.
കളിയാക്കലും, ചിരിയും, സന്തോഷവും, തമാശ പറച്ചിലും ആ വലിയ തീന്മേഷക്ക് ചുറ്റും അലയടിച്ച് കൊണ്ടിരുന്നു.
*****
കാലവും ഋതുക്കളും മാറുന്നതിന് അനുസരിച്ച് മനുഷ്യന്റെ സാഹചര്യവും മാറും, ഇപ്പൊ നിങ്ങൾ എന്ത് വിഷമവും പ്രയാസവും അനുഭവിച്ചാലും അതെല്ലാം നല്ലൊരു ഭാവിക്ക്‌ വേണ്ടിയുള്ള മുതൽക്കൂട്ടാണ് എന്ന് മാത്രം ഓർത്താൽ മതി.
✍️✍️മഹാലക്ഷ്‌മി മനോജ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot