Showing posts with label Anu George Anchani. Show all posts
Showing posts with label Anu George Anchani. Show all posts

കഥ അല്ലാ ജീവിതം ആണ്


"എൽസാ...
നീ ഒന്ന് കൂടി ആലോചിച്ചു നോക്കു നമ്മുക്ക് വേണോ ഇതു. വല്ലോരും അറിഞ്ഞാൽ എന്തു വിചാരിക്കും. വല്ലാത്തൊരു നാണക്കേട്‌ ആവും. മോളികുട്ടി ചേച്ചിയും അമ്മച്ചിയുമൊക്കെ ഇതു അറിഞ്ഞപ്പോളേ , കലി തുള്ളി നില്ക്കുവാ"
മുറ്റത്തെ അരകല്ലേൽ കപ്പയ്ക്ക് അരപ്പ് ചതച്ചോണ്ട് നിന്ന എൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചപോലെയാണ് ബേബിച്ചായന്റെ വാക്കുകൾ വന്നു പതിച്ചത്.
അന്ധാളിപ്പ് മാറാത്ത എൻ്റെ മുഖത്ത് നോക്കി വീണ്ടും അച്ചായൻ അനുനയത്തിൽ പറഞ്ഞു തുടങ്ങി.
"ഇതിപ്പോ ആണായിട്ടും പെണ്ണായിട്ടും കർത്താവു നമ്മുക്ക് രണ്ടെണ്ണത്തിനെ തന്നിട്ടില്ലായോ... മോനുട്ടനാണേൽ രണ്ട് വയസു പോലും തികഞ്ഞിട്ടില്ല.
ഇനിയിപ്പോ ഒന്നും ആലോചിക്കാനില്ല നമ്മുക്കിത് വേണ്ട,
നീ നാളെ തന്നെ ആ കുര്യൻ ഡോക്ടറുടെ ആശുപത്രിയിൽ പോകാൻ ഒരുങ്ങിക്കോ".
ശരിയാണ്, മോനുട്ടന് രണ്ട് വയസു തികഞ്ഞിട്ടില്ല, മൂത്തവൾക്ക് പത്തു വയസും കർത്താവിനോടുള്ള എൻ്റെ മുട്ടിപ്പായ പ്രാർത്ഥനയുടെ ഫലമാണ് ഞങ്ങളുടെ മോനുട്ടൻ.
കാരണം,
മകനൊരു ആൺതരിയെ കൊടുക്കാൻ പറ്റാത്ത ഞാൻ എന്നും ബേബിച്ചായന്റെ അമ്മച്ചിയുടെ കണ്ണിൽ രണ്ടാംതരക്കാരിയായിരുന്നു.
അവസരം കിട്ടുമ്പോഴെല്ലാം മൂന്നു ആൺമക്കളെ പെറ്റു പെറ്റു കൂട്ടിയ സ്വന്തം മകളെയും എന്നെയും താരതമ്യം ചെയ്തെ അമ്മച്ചി സംസാരിച്ചിട്ടുള്ളു.
കഴിഞ്ഞ ഒരാഴ്ചയായി തുടങ്ങിയ ക്ഷീണവും വയ്യാഴികയുമാണ് അടുത്തുള്ള ഹെൽത്ത്‌ സെന്റർ വരെ പോകാൻ പ്രേരിപ്പിച്ചത്. പിള്ളേരുടെ പുറകെയുള്ള ഓട്ടവും പള്ളി പെരുന്നാളിന് വീട് പാർക്കാൻ വന്നവരുടെ തിരക്കും എല്ലാമായപ്പോൾ വല്ലാത്തൊരു അലച്ചിലായി.
പക്ഷെ,
ഡോക്ടർ പറഞ്ഞത് കേട്ടു ഞെട്ടിയത് ഞാനും ബേബിച്ചായനും ഒന്നിച്ചാണ്.
വയറ്റിലൊരു ജീവന്റെ തുടിപ്പ് തുടങ്ങിയിട്ട് മാസം മൂന്നായത്രേ. അമ്മേടേം കൂടപ്പിറപ്പിന്റെയും മുഖത്ത് എങ്ങിനെ നോക്കും എന്നതായിരുന്നു ബേബിയാച്ചന്റെ ചിന്ത എങ്കിൽ ഞാൻ ആലോചിച്ചു കൂട്ടിയത് വേറെയൊന്നായിരുന്നു മോനുട്ടന്റെ മുലകുടി മാറിയിട്ടില്ല, നല്ല പോലെ അവന് പാല് കിട്ടുന്നുമുണ്ട് അതുകൊണ്ടൊക്കെത്തന്നെയാണ് അച്ചായന്റെ പരാക്രമത്തിനു മനസ്സില്ലാ മനസ്സോടെ നിന്നു കൊടുത്തത്.
വിശേഷം അറിഞ്ഞ പാടേ മൂന്ന് മക്കളെയും കൂട്ടി വീട്ടിൽ വന്നിട്ടുണ്ട് മോളിച്ചേച്ചി.
ഞാൻ കാണാതെ കുശുകുശുപ്പും അടക്കി പിടിച്ച സംസാരവും എല്ലാം ഊണു മുറിയിലും തിണ്ണയിലുമൊക്കെയായി നടക്കുന്നത്, കാര്യം എന്താണെന്നു അറിയില്ല എങ്കിലും അന്നമോൾ കൃത്യമായി എന്നെ അറിയിക്കുന്നുണ്ട്.
ചർച്ചകൾ ഏതാണ്ട് അവസാനിച്ച മട്ടാണ്.
അതിന്റെ അന്തിമ ഫലമാണ്. ബേബിച്ചായന്റെ ഈ അനുനയ ശ്രമം..
പിറ്റേന്ന്, എൻ്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും കാണാത്ത കൊണ്ടാവാം ആരും പിന്നെ എന്നോട് ഒന്നും പറയാൻ വന്നില്ല .
പക്ഷെ മോളിച്ചേച്ചി മാത്രം ഒരാഴ്ച ആയിട്ടും കാര്യത്തിന് തീരുമാനം ആക്കാതെ പോകില്ല എന്നു ഉറച്ചു തന്നെയാണ്.
അടുക്കളയിൽ മത്തി വറുക്കുന്നതിന്റെയും പോത്തു ഉലർത്തുന്നതിന്റെയുമൊക്കെ മണം മൂക്കിലോട്ട് അടിച്ചു കയറുമ്പോൾ അടിവയറ്റിലൊരു പിടച്ചിലാണ്.
പിന്നെ വാളം പുളിപിഴിഞ്ഞൊഴിച്ചതുപോലെ വായിലൊരു പുളിപ്പ് രസവും. ഗര്ഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ വീട്ടിൽ എല്ലാവരും ഒരു അകലം സൂക്ഷിക്കുന്നുണ്ട് എന്നു എനിക്കറിയാം, ബേബിച്ചായൻ പോലും നേരെ ചൊവ്വേ മുഖം തരാറില്ല.
രാവിലെ തുടങ്ങിയ നിൽപ്പാണ് ഇളക്കിയും മറിച്ചും, പാത്രം കഴുകിയും ഊറുവേദനയെടുത്തപ്പോളാണ് ഒന്ന് കട്ടിൽ വന്നോന്നു ചാഞ്ഞത്, മയങ്ങിപോയോ എന്നു പോലും ഓർമ്മയില്ല,
മോനുകുട്ടന്റെ അലറി കരച്ചിൽ കേട്ടിട്ടാണ് ഞെട്ടിയുണർന്നത്. ഓടിച്ചെന്നപ്പോൾ കണ്ടത് മലത്തിലും മൂത്രത്തിലും കുളിച്ചു തറയിലിരുന്നു തല തിരുമ്മിക്കൊണ്ട്, സോഫയിലിരുന്നു ടിവി കാണുന്ന മോളിച്ചേച്ചിയെ നോക്കികൊണ്ട്‌ വിങ്ങിപൊട്ടുന്ന മോനുട്ടനെയാണ്,
ഓടിച്ചെന്നു എടുത്തപ്പോൾ, എന്നെ കണ്ട മോളിച്ചേച്ചിയുടെ മുഖത്ത് നിന്നും ചോര തൊട്ടെടുക്കാമായിരുന്നു.
കുഞ്ഞിനെ പാലു കൊടുത്തുറക്കുന്നതിന്റെ ഇടയിലാണ്, അന്നമോൾ വന്നു പറഞ്ഞത് അഴുക്കു പറ്റിയ കയ്യുമായി മോളിച്ചേച്ചിയെ പിടിച്ച കുഞ്ഞിനെ ചേച്ചി തള്ളി മാറ്റിയപ്പോൾ സോഫയുടെ കാലിനിട്ടു കുഞ്ഞിന്റെ തല ഇടിച്ചതാണത്രേ... !
രാത്രി ഒരുപോള കണ്ണടയ്ക്കാതെ, ഇടവിടാതെ കരയുന്ന മോനുട്ടനെ ചേർത്തു പിടിച്ചു തലോടിയും ഓമനിച്ചും ഉറക്കാൻ ശ്രമിക്കവെ, മനസ്സിലൊരു ദൃഢമായ തീരുമാനം ഞാനും എടുക്കുകയായിരുന്നു.
രാവിലെ കടയിലേക്ക് പോകും മുന്നേ, കുര്യൻ ഡോക്ടറെ ഒന്ന് പോയി കണ്ടാലോ.. ? എന്നു ചോദിച്ചപ്പോൾ ബേബിച്ചായന്റെ മുഖത്തെ ആശ്വാസം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. കുളിച്ചു അടുക്കളയിൽ എത്തിയപ്പോൾ അമ്മച്ചിയും നാത്തൂനും പണികൾ പാതിയും ഒതുക്കിയിരുന്നു. എന്നിട്ട് നിറഞ്ഞ ചിരിയോടെ ഒരു ഉപദേശവും " നീപോയി പോകാൻ ഒരുങ്ങിക്കോളൂ ഇവിടെയിപ്പോൾ ഞങ്ങൾക്ക് തീർക്കാവുന്ന പണിയല്ലയോ ഉള്ളു. "
കേട്ടപ്പോൾ മനസ്സിൽ തോന്നിയ വികാരം എന്താണെന്നറിയില്ല. ഒന്ന് മനസ്സിലായി ഒരു ജീവൻ കുരുതി കൊടുക്കുന്നതിന്റെ ഔദാര്യമാണ്..
സ്കാനിംഗ് റിപ്പോർട്ടും വാങ്ങി ഊഴം കാത്തു ഡോക്ടറുടെ മുറിയ്ക്കു മുൻപിൽ ഇരിയ്ക്കുമ്പോൾ കണ്ണിലും മനസ്സിലും മോനുട്ടനും അന്നമോളുമായിരുന്നു.
സ്വന്തം കൂടെപ്പിറപ്പിനെ ഇല്ലാണ്ടാക്കാൻ വേണ്ടിയാണ് വന്നിരിയ്ക്കുന്നത് എന്നറിയാതെ ചുവരിൽ പതിപ്പിച്ചിരിയ്ക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രം കാണിച്ചു മോനുട്ടനോട് എന്തൊക്കെയോ പറഞ്ഞു ചിരിയ്ക്കുന്ന അന്നമോളെ കണ്ടപ്പോൾ മനസ്സ് നൊന്തു.
ബേബിച്ചായനെ നോക്കുമ്പോൾ ആ നോട്ടത്തിൽ കുറ്റപ്പെടുത്തൽ ഉണ്ടാവാതെയിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എൻ്റെ നിസ്സഹായാവസ്ഥ മനസിലാക്കാൻ അച്ചായന് കഴിയുന്നില്ലല്ലോ.. എന്നോർത്തൊരു കരച്ചിൽ നേർത്ത ഉപ്പുരസത്തിന്റെ അകമ്പടിയോടെ തൊണ്ടക്കുഴിയിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.
ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ എൻ്റെ അവസ്ഥ വീണ്ടും പരിതാപകരം ആവുകയായിരുന്നു. ഉള്ളിലെ ജീവന് മാസത്തിൽ കൂടുതൽ വളർച്ച ഉണ്ടത്രേ.. അതുകൊണ്ടൊരു അബോർഷൻ സാധ്യമല്ല. ഇനി അഥവാ ശ്രമിച്ചാൽ തന്നെ അതു രണ്ട് ജീവനും ഒരുപോലെ അപകടം ആണെന്ന്.
ബേബിച്ചായന്റെ മുഖത്തെ ഭാവം എന്താണെന്നു എനിക്ക് മനസ്സിലായതേയില്ല. ആ വലിയ ലോകത്ത് ഞാൻ തീർത്തും ഒറ്റപെട്ടതു പോലെയായി, ഒരു അമ്മത്തോളിൽ തലചായ്ക്കാൻ അന്നേരം എത്രത്തോളം കൊതിച്ചുവെന്നു പറഞ്ഞറിയിക്കാൻ വയ്യ.
തിരിച്ചു പോരാൻ ടാക്സി വിളിയ്ക്കണ്ട ബസിൽ പോകാം എന്നു പറഞ്ഞപ്പോൾ മറുത്തൊരു വാക്ക് പറയാതെ മക്കളെയും എടുത്തു ബസ്റ്റാൻഡിലേയ്ക്ക് നടന്ന ബേബിച്ചായൻ എനിക്ക് തീർത്തും അപരിചിതൻ ആവുകയായിരുന്നു.
മുൻനിരയിൽ സീറ്റ്‌ ഒരുപാട് ഉണ്ടായിരുന്നിട്ടും, ആരോടോ ഉള്ള വാശിപോലെ കെ. എസ്. ആർ. ടി. സി. ബസിന്റെ പിൻ സീറ്റിൽ ഇരിക്കുമ്പോളും എൻ്റെ മനസ്സ് നിർവികാരം ആരുന്നു. ആടിയും ഉലഞ്ഞും ഗട്ടറുകളിൽ ചാടിയുമുള്ള ആ യാത്ര മക്കൾ രണ്ടു പേരും നന്നായി ആസ്വദിക്കുമ്പോളും എൻ്റെ ഉള്ളിൽ ശ്വാസം കിട്ടാതെ പിടയുന്നൊരു ജീവൻ ഉണ്ടെന്ന് ഞാൻ ഓർത്തതേയില്ല...
വീണ്ടും വീട്ടിലെ സ്ഥിതി പഴയതു പോലെയായി, ഇടയ്ക്കിടെ മോളിച്ചേച്ചിയുടെ വിരുന്നു പാർക്കൽ എന്നെ ബുദ്ധിമുട്ടിയ്ക്കാൻ വേണ്ടി മാത്രമായി..
ചാച്ചനും അമ്മയും മരിച്ച ശേഷം ബാധ്യത തീർത്തത് പോലെ കെട്ടിച്ചു വിട്ട ആങ്ങളമാരുടെയും
നാത്തൂൻ മാരുടെയും മുഖം ഓർക്കുമ്പോൾ കഷ്ടപാടൊരുപാട് ഉണ്ടെങ്കിലും ബേബിച്ചായന്റെ വീട് എനിക്ക് സ്വർഗം ആരുന്നു.
മോനുട്ടനെ പ്രസവിച്ചു ആശുപത്രിയിൽ കിടന്നപ്പോൾ തന്നെ മൂത്ത നാത്തൂൻ വന്നു പറഞ്ഞത് തറവാട്ടിലെ ജലക്ഷാമത്തെ കുറിച്ചു ആരുന്നു. വീട്ടിലേയ്ക്ക് വരണ്ട എന്നു പറയാതെ പറഞ്ഞ പോലെ, അല്ലെങ്കിൽ ഏതു കൊടിയ വേനലിലും രണ്ടു റിംഗ് നിറഞ്ഞു വെള്ളം കിടക്കുന്ന ഞങ്ങളുടെ വീട്ടിലെ കിണറിനെ കുറിച്ച് എന്നോട് തന്നെ വന്നു പറയേണ്ട ആവിശ്യം ഉണ്ടോ.. ?
ഓരോ അവഗണകൾ ഏറ്റുവാങ്ങുമ്പോളും ഹൃദയത്തിന്റെ ഒരു കോണിൽ ഒരു കുഞ്ഞ് ജീവനോടുള്ള കയ്പ് ഏറുകയായിരുന്നു.
മാസം അഞ്ചു കഴിഞ്ഞു ആദ്യ വെള്ളിയാഴ്ചയിലെ നൊവേനയും കുർബാനയും കഴിഞ്ഞു ഗീവർഗീസ് പുണ്യാളന്റെ കുരിശും തൊട്ടിയിൽ മെഴുകുതിരി കത്തിച്ചോണ്ട് നിന്നപ്പോഴാണ് ഞാനാകാഴ്ച്ച കണ്ടത്. ഒരു മൂന്നു വയസുകാരി കുഞ്ഞിനേയും കൊണ്ടു പൊരിവെയിലത്തിരുന്നു ഭിക്ഷ യാചിക്കുന്നൊരു സ്ത്രീയെ.
നട്ടുച്ചയിലെ വെയിൽ അതിന്റെ സകല ശക്തിയോടും വീറോടും കൂടെയാകുഞ്ഞിന്റെ ദേഹത്ത് പതിയ്ക്കുന്നുണ്ട്. വരണ്ടുണങ്ങിയ ആ കുഞ്ഞിളം ചുണ്ടുകൾ ഒരിത്തിരി വെള്ളത്തിനായി കൊതിയ്ക്കുണ്ട് എന്നു എനിയ്ക്കു തോന്നി.
ആ കാഴ്ച്ച എന്നെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത് നല്ല തണ്ടും തടിയുമുള്ള ആ സ്ത്രീയ്ക്ക് വല്ല പണിക്കും പോയി ആ കുഞ്ഞിനെ നേരാവണ്ണം നോക്കിക്കൂടെ എന്ന ചിന്ത മനസ്സിൽ തികട്ടി വന്നപ്പോളാണ്, ചാട്ടുളി പോലെ ആ പഴയ ബസ് യാത്ര എൻ്റെ ഓർമയിൽ ഓടിയെത്തിയത്..
ഭിക്ഷ യാചിച്ചെങ്കിലും തന്റെ മകളെ പോറ്റുന്ന ആ അമ്മയുടെ മുന്നിൽ മുൻപിൽ ഞാൻ ഒരു പുഴുവിനേക്കാൾ ചെറുതായത് പോലെ.
ദൈവസന്നിധിയിൽ ഒരുപാട് കണക്കുകൾ എനിയ്ക്ക് ബോധിപ്പിക്കാൻ ഉണ്ടകുമെന്നു ആ കുരിശടിയിൽ ഉരുകി തീരുന്ന മെഴുകുതിരികളത്രയും എന്നോട് വിളിച്ചു പറയുന്നത് പോലെ.
അന്ന് മുതൽ പിന്നെയങ്ങോട്ട് രണ്ടു ജീവനുകളുടെ അതിജീവനത്തിന്റെ കഥ തുടങ്ങുകയായിരുന്നു. മൂത്തവരുടെ എച്ചില് കൊടുത്തെങ്കിലും ഞാൻ എൻ്റെ പിറക്കാൻ പോകുന്ന കുഞ്ഞിനെ നോക്കുമെന്നു മനസ്സിൽ ഉറപ്പിച്ചപ്പോൾ സന്തോഷം കൊണ്ടാവണം എൻ്റെ ഉള്ളിലെ ജീവൻ അടിവയറ്റിലൊന്നു അള്ളി പിടിച്ചത്.
വീട്ടിലെ കഷ്ടപ്പാടുകൾക്ക് എൻ്റെ തീരുമാനത്തിന് ഒരു കുലുക്കവും വരുത്തിയില്ല. ഓരോ അവഗണയിലും ഞാൻ എൻ്റെ കുഞ്ഞിനോട് അടുക്കുകയായിരുന്നു . വർത്തമാനം പറഞ്ഞും വയറിൽ തലോടിയും അവളെ കൊഞ്ചിച്ചും പിന്നീടുള്ള നാലുമാസക്കാലത്തെ ജീവിതം ഞാൻ ആഘോഷമാക്കി. എന്റെ ഒറ്റപ്പെടലും വിഷമങ്ങളും എല്ലാം അടിവയറ്റിൽ കൈ വച്ചു പറയുമ്പോൾ ആ കുഞ്ഞു ജീവൻ കയ്യ് കാലുകൾ ഇളക്കി ആശ്വസിപ്പിക്കുമായിരുന്നു.
ഒരു കുഴപ്പവും കൂടാതെ കൃത്യ സമയത്തു തന്നെ ഭൂമിയിലെത്തിയ എൻ്റെ കുഞ്ഞ് മാലാഖയ്ക്ക് മുലപ്പാലിനേക്കാൾ പ്രിയം അവളുടെ അപ്പന്റെ നെഞ്ചിലെ ചൂടിനോടായിരുന്നു. അമ്മയെന്ന് വിളിയ്ക്കുന്നതിനു മുന്നേ അപ്പാ എന്നവൾ ഉച്ചരിച്ചപ്പോൾ ജയിച്ചത് ഞാൻ ആയിരുന്നു.
ഇരുപത്തിയൊന്ന് വർഷങ്ങൾക്കിപ്പുറം...,
ഞാൻ ഒരു കുഞ്ഞ് സ്വരത്തിനു കാതോർക്കുകയാണ്.
തന്റെ ജീവിത വിജയങ്ങൾക്ക് ഒക്കേത്തിനും കാരണം തന്റെ അപ്പയുടെ കരുതലും കഷ്ടപ്പാടും മാത്രമാണെന്നു ലോകത്തോട് വിളിച്ചു പറയുന്ന, ഈ വർഷം അണ്ണാ യൂണിവേഴ്സിറ്റി യിൽ നിന്നും ബിയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ
"തെരേസ മേരി ബേബിയുടെ"
ഉറച്ച വാക്കുൾക്ക് ..
അതേ....
എൻ്റെ കുഞ്ഞ് മാലാഖയുടെ... അഭിമാനം നിറഞ്ഞ ശബ്ദത്തിനായ്
ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന നിമിഷത്തെ വികാരം എന്തെന്ന് എനിക്ക് അറിയില്ല.. പക്ഷെ ഒന്നറിയാം ഞാൻ ഇപ്പോൾ ലോകത്തിന്റെ നെറുകയിലാണ്‌. ഒരു കുഞ്ഞ് ജീവൻ കാരണം ഞാൻ ഒറ്റപ്പെട്ടുപോയ അതേ ലോകത്തിന്റെ നെറുകയിൽ.....
അനു ജോർജ് അഞ്ചാനീ..
nb:കഥ അല്ലാ ജീവിതം ആണ്.
ഒത്തിരി വേദനിച്ച ഒരമ്മയ്ക്കും മകൾക്കും വേണ്ടി സ്നേഹസമർപ്പണം

ആളുമ്മ ഡോളുമാ

Image may contain: 1 person, selfie and closeup

കൈയിലും കഴുത്തിലും ചരടിൽ കോർത്തിട്ടിരിക്കുന്ന മുത്തുകൾ കണ്ടിട്ടാവണം അവളെന്റെ അരികിലേയ്ക്കുവന്നത് . കൈയിൽ മുത്തുമാലകളുടെ ഒരു വലിയ ശേഖരവും താങ്ങി പിടിച്ചു കൊണ്ട്.
ചെവിയിൽ, " ആളുമ്മ ഡോളുമാ " തകർക്കുന്നതുകൊണ്ട് ആദ്യമവളെന്റെ ശ്രദ്ധയിൽ പെട്ടതേയില്ല.
 കാലിലൊന്നു തൊട്ട്, മുത്തുമാലകൾ ഒന്നു കുലുക്കി കാണിച്ചപ്പോളാണ് ശരിക്കും അവളെന്റെ കണ്ണിലുടക്കിയത്.
നന്നേ മെലിഞ്ഞു വെളുത്ത ഒരു പെൺകുട്ടി ഏറിയാൽ ഒരു പതിനഞ്ചു വയസ്സ് തോന്നിക്കും. ഒരുപാട് നീളം ഇല്ലാത്ത ചുരുണ്ട മുടി ഭംഗിയായി പിന്നി ഇട്ടിരിക്കുന്നു. അതിനു അലങ്കാരമെന്നവണ്ണം ഒരു മുഴം മുല്ലപ്പൂവ് ചുറ്റിവച്ചിട്ടും ഉണ്ട്. പഴകി നരച്ചതെങ്കിലും വൃത്തിയുള്ള ഒരു വയലറ്റ് നിറമുള്ള ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നെ,
കുറച്ചു നേരം മാലകളിൽ തൊട്ടും തലോടിയും ഞാൻ ഇരുന്നു.. മുത്തുമാലകളോട് പണ്ടേ എനിക്ക്‌ വല്യ ഭ്രമം ഇല്ല. അനിയത്തികുട്ടിയ്ക്കും അങ്ങനെ തന്നെ. അതു കൊണ്ട് മേടിച്ചു വെറുതെ പൈസ കളയാമെന്നു മാത്രം. വേണ്ട എന്ന് നിഷേധാർത്ഥത്തിൽ തലയാട്ടികൊണ്ട് സീറ്റിൽ നിന്നും ഞാൻ എഴുന്നേറ്റു.
ട്രെയിൻ ഇപ്പോൾ സേലം സ്റ്റേഷനിൽ ആണ്. അവിടെയിറങ്ങി ചെറിയൊരു പാക്കറ്റ് ലേയ്സും ഒരു ബോട്ടിൽ തണുത്ത വെള്ളവും വാങ്ങി തിരിച്ചു കംപാർട്മെന്റിൽ കയറുമ്പോഴും എൻറെ സീറ്റിനോട് ചേർന്നു അവൾ നില്പുണ്ടായിരുന്നു. .
നിറമുള്ള ഒരുപാട് മുത്തുകൾ കൊണ്ട് കോർത്തെടുത്ത മാലകളുടെ ഭംഗിയില്ല, അവളുടെ ജീവിതത്തിനു എന്ന് ആ ദൈന്യത മുഖം എന്നോട് പറയുന്നത് പോലെ എനിക്ക്‌ തോന്നി.
കളിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തിൽ ഒരു നേരത്തെ അന്നത്തിനായി കഷ്ടപെടുന്നതിന്റെ, കടലിരമ്പുന്ന സങ്കടം ആ കണ്ണുകളിൽ ഞാൻ കണ്ടു.
അച്ഛാച്ഛയുടെ കൈയിൽ നിന്നും പോക്കറ്റ് മണിയും വാങ്ങി ആർത്തുല്ലസിച്ചു, അല്ലലേതും അറിയാതെ പാറിനടന്ന എൻറെ കൗമാരക്കാലമാണ് മനസ്സിലേയ്ക്ക് ഓടിയെത്തിയത്..
ഒടുവിൽ, അവൾ പറഞ്ഞ വിലയ്ക്ക്, എനിക്ക് ഇഷ്ടപ്പെട്ട രണ്ടു മുത്തുമാലകൾ തിരഞ്ഞെടുത്തിട്ടു. അവ രണ്ടും ആ കൈകളിൽ തന്നെ വച്ചു കൊടുത്തപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി...എൻറെ മനസ്സ് നിറച്ചു,
അടുത്ത സ്റ്റേഷനിൽ യാത്ര പറഞ്ഞു അവൾ ഇറങ്ങുമ്പോൾ ഒപ്പം എൻറെ പ്രാർത്ഥനയും ഉണ്ടായിരുന്നു അവൾക്കു കൂട്ടായി...
അനുഅഞ്ചാനീ

ന്യൂ ജനറേഷൻ പെൺകുട്ടി...


ന്യൂ ജനറേഷൻ പെൺകുട്ടി...
"ആലുമ്മ ഡോളുമ്മ"...... തേനംമാക്കലേക്കു" കാലെടുത്തു വച്ചപ്പോളേ എതിരേറ്റത് "തലയുടെ" ഒരു കിടുക്കൻ പാട്ടു... അല്ലേലും ഞങ്ങൾ ഈരാറ്റുപേട്ടക്കാർ പണ്ടേ ഇത്തിരി അടിച്ചുപൊളി പാർട്ടീസ് ആണെന്നേ... ! .. അതൊണ്ടുതന്നെ ആ റൂട്ടിൽ ഓടുന്ന എല്ലാ ബസുകളും നല്ല ചുള്ളന്മാരും ചുള്ളത്തിമാരുമാണ് കേട്ടോ... ! സ്കൂൾ ടൈം ആണെങ്കിൽ പിന്നെ പ്രത്യേകിച്ചു പറയുവേം വേണ്ട.. , എന്തായാലും എൻറെ ഈ യാത്ര ഒരു ഉച്ചതിരിഞ്ഞ നേരത്താ. കാഞ്ഞിരപ്പള്ളി വരെ ഒന്നുപോവണം.....,
എൻറെ സ്റ്റോപ്പ് ആയ തണ്ണിനാലിൽ നിന്നു ബസ് മുൻപോട്ടു എടുത്തപ്പോൾ തന്നെ ബസിൽ ആകമാനം ഒന്നു കണ്ണോടിച്ചു...
ഹ്മ്മ്.... ഒരു രക്ഷയും ഇല്ലാ.. ! ഒറ്റ സീറ്റുപോലും കാലിയില്ല...ആകെ ഉള്ളത് പെട്ടിപ്പുറം മാത്രമാണ്... പഠിപ്പും കഴിഞ്ഞു. ജോലിം കിട്ടിയപ്പോളേ വല്യ കുട്ടിയായി എന്ന ഒരു ചെറിയ അഹങ്കാരം ഉള്ളതുകൊണ്ട് അവിടെ പോയി ഇരിക്കാനും വയ്യ.... സ്കൂളിൽ പോകുന്ന സമയതാണേല് അവിടെ ഇരിക്കാനാരുന്നു മത്സരം. "കിളിച്ചേട്ടൻ " വന്നു എണീപ്പിച്ചും വിടില്ല.. ഏറ്റവും മുൻപിൽ ഇരുന്നു കാഴ്ചകൾ ഒക്കെ കാണുകയും ചെയ്യാം...
ആ...... അതൊക്കെ അന്ത കാലം ഇനിയിപ്പോ ദുരഭിമാനവും തലേൽ വച്ചു " പൊക്കമില്ലായ്മയാണ് എൻറെ പൊക്കം" എന്നു ഓതിത്തന്ന വല്യ മനുഷ്യനെ ഓർത്തു കമ്പിയിൽ ഏന്തി പിടിച്ചു നില്കുകതന്നെ..വഴി ...
ഓരോവളവ് തിരിയുമ്പോളും ഗതാഗത വകുപ്പിലെ നല്ലവരായ ചേട്ടന്മാർക്കു വേണ്ടി പ്രാർത്ഥിച്ചു " ഈശ്വരാ ഭഗവാനെ നല്ലപോലെ അവരെ ഒന്നു ഗൗനിച്ചേക്കണേ"...... ! അങ്ങനേം ഇങ്ങനേം ആടിയുലഞ്ഞു.. പള്ളിവാതിക്കൽ എത്തി.. എൻറെ ഇടവകപ്പള്ളി ആന്നെ.. എത്തിവലിഞ്ഞു പള്ളിലേക്കു നോക്കി ഒന്നു നെറ്റിയിൽ കുരിശു വരച്ചു.. അതെന്റെ അമ്മച്ചി പഠിപ്പിച്ച ശീലാട്ടോ..
പിന്നെ ഒരുകാര്യം കൂടി ഉണ്ടേ ഞങ്ങള് ചെമ്മലമാറ്റംകാർക്കു കാവലിന് ഒന്നും രണ്ടും അല്ലാ.. പുണ്യാളന്മാർ പന്ത്രണ്ടാ... കർത്താവീശോ മിശിഹായുടെ പ്രിയ ശിഷ്യന്മാർ... ഭാരതത്തിൽ തന്നെ അത്യപൂർവമാണ് പന്ത്രണ്ടു ശ്ളീഹന്മാരുടെ നാമദേയത്തിലുള്ള.., പാലാരൂപതയുടെ കീഴിലുള്ള ഞങ്ങളുടെ പള്ളി അതില് ഞങ്ങൾക്കു ഇച്ചിരി തലക്കനം ഉണ്ടെന്നും കൂട്ടിക്കോ.. !
പള്ളിക്കു എതിർവശത്താണ് എൻറെ വിദ്യാലയം.. സ്നേഹവും സൗഹൃദവും കൈകോർത്ത എൻറെ " Lfhs " .. നീണ്ട പതിനൊന്നു വർഷകാലം ഞാനും എൻറെ കൂട്ടുകാരും ഓടിക്കളിച്ച നടുമുറ്റം.... നെറ്റിചുളിക്കല്ലേ ഞാൻ നഴ്സറി തൊട്ടുള്ള കാലമാ പറഞ്ഞത്.. ഞങ്ങൾക്ക് ഹയർ സെക്കന്ററി ഇല്ലാരുന്നേ..
എന്തായാലും പുണ്യാളന്മാര് കനിഞ്ഞു. ഇരിക്കാൻ സീറ്റ് കിട്ടി. .... അവിടെ ഇറങ്ങാൻ ആളുകൾ ഉണ്ടാരുന്നു ഒപ്പം കേറാനും അതോണ്ട് നമ്മുടെ പെട്ടിപ്പുറം ഇപ്പോളും കാലിയാണ്... വാരിയാനിക്കാട്‌ സ്റ്റോപ്പിൽ എത്തിയപ്പോൾ ഒരു പെൺകുട്ടി കയറി ഇതിനു മുൻപെങ്ങും ഞാൻ അവളെ കണ്ടിട്ടേയില്ല... ആളു നല്ല ഉഷാറാണ്ട്ടോ കയറിയപാടെ പെട്ടിപ്പുറം സ്വന്തമാക്കി... പിന്നെ അവളായി ഞങ്ങൾ യാത്രക്കാരുടെ ശ്രദ്ധാ കേന്ദ്രം... ലോകത്തുള്ള സകലമാന നിറങ്ങളും അവളുടെ ഉടുപ്പിലുണ്ട്... ക്രിസ്റ്മസ്സ് ട്രീ ഉണ്ടാക്കാൻ ഇതുപോലത്തെ രണ്ടെണ്ണം മതി അത്രക്കും കളർഫുൾ.... അതാണെങ്കിലോ... ? പിഞ്ഞി കീറിയപോലെ കാറ്റത്തു പറന്നു കളിക്കുന്നു മോശം പറയരുതല്ലോ ഞാൻ ഇട്ടിരിക്കണത് നല്ല ഇസ്തിരി ഇട്ടു മിനുക്കിയ കോട്ടൺ ചുരിദാർ ആണേ... !.
ആ കൊച്ചാണെങ്കിൽ ഒരു മനുഷ്യകുഞ്ഞിനെ പോലും ശ്രദ്ധിക്കുന്നില്ല കയ്യിലും കഴുത്തിലും പല നിറത്തിലുള്ള ചരടും കോർത്തിട്ടിരിക്കുന്നു മുടിയാണേൽ എണ്ണ കണ്ടിട്ട് തന്നെ കാലങ്ങളായി ഇത്രയും ആയപ്പോളേ കാര്യം പിടികിട്ടി
, "ന്യൂ ജനറേഷനാ.... ന്യൂ ജനറേഷൻ'...... .
ഉറപ്പിക്കാനായി ഒന്നുകൂടി സൂക്ഷിച്ചു നോക്കി..., ശരിയാ ഇതു അത് തന്നെ കാരണം കൈലുണ്ടേ പട്ടിക കഷ്ണം പോലെ പരന്ന ഒരു മൊബൈൽ.. മറ്റേ കൈയിൽ പാതികടിച്ച ഒരു ഡയറി മിൽക്ക് സിൽക്കും..... ആളു വല്യ തിരക്കിലാ ആരോടോ ചാറ്റിങ്‌ൽ ആണെന്ന് തോന്നണു... അവളയ്ക്കുന്ന സ്മൈലീസ് ഏതാണെന്നു ആ മുഖത്തൂന്നു തിരിച്ചറിയാം.. എന്തൊക്കെയായാലും വളവും ചരിവും ഒക്കെ ഉണ്ടായിരുന്ന ആ യാത്രയിൽ ഒരു അഭ്യാസിയെപോലെ അവൾ പിടിച്ചിരിക്കുന്നത് ഒന്നു കാണേണ്ട കാഴ്ച തന്നെ ആരുന്നു..
അങ്ങനെ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിനു മുൻപിൽ നിന്നും ആളു കയറി കൂട്ടത്തിൽ ഒരു നാല് വയസുകാരനും അവന്റെ അമ്മയും, ആ കുഞ്ഞിനെ കാണുമ്പോൾ തന്നെ അറിയാം അവനു കണ്ണുകാണില്ല കൂടാതെ ബുദ്ധിപരമായ വൈകല്യവും ഉണ്ടു.. ആരും അവർക്കു എണീറ്റ് കൊടുക്കണില്ല.. ഞാൻ എണീക്കാനോ വേണ്ടയോ എന്നു മൂന്നാമത് ഒന്നുകൂടി ചിന്തിച്ചപ്പോളേക്കും നമ്മുടെ " നിറക്കൂട്ട് " അവന്റെ നേരെ കൈ നീട്ടിയിരുന്നു....
അവൻ അവളെ ചേർത്തു പിടിച്ചു ... ബാഗിൽ നിന്നും ഒരു ചോക്ലേറ്റ് എടുത്തു പൊളിച്ചു അവന്റെ കൈയിൽ വച്ചു കൊടുത്തു.. ഇതിനിടക്ക്‌ അവൾ മൊബൈൽ മാറ്റിവച്ചിരുന്നു.. അവനെ ചുറ്റിപിടിച്ച അവളുടെ കൈകളിലേക്ക് അവന്റെ കടവായില്നിന്നും തുപ്പൽ ഒലിക്കുന്നുണ്ടായിരുന്നു.. ഒട്ടും മടിക്കാതെ അവളതു സ്വന്തം തൂവാല കൊണ്ട് തുടച്ചെടുത്തു അവന്റെ ചുണ്ടും...
അവർമാത്രമേ ഉള്ളു ബസിൽ എന്നു തോന്നും..,അത് അവരുടെ ലോകമാരുന്നു... അവളുടകിലുക്കാംപെട്ടി വാർത്തനങ്ങൾ അവന്റെ മുഖത്തു ചിരി പടർത്തുന്നുണ്ട്..
ഈ കാഴ്ച എന്നിൽ മാത്രമല്ല കുഞ്ഞിന്റെ അമ്മയിലും ആശ്ചര്യം ഉളവാക്കുന്നുണ്ട് ഒപ്പം മനസ്സിലെവിടെയോ ഒരു കുളിർമയും...
ആനക്കല് പള്ളിയുടെ മുൻപിൽ ബസ് നിർത്തി... കുഞ്ഞിനെ അവന്റെ അമ്മയെ ഏല്പിച്ചിട്ടു അവളവിടെ ഇറങ്ങി പോയി... പള്ളി മുറ്റത്തേക്കു കയറിയ അവളെ ഒന്നുകൂടി ഞാൻ എത്തി നോക്കി എന്നിട്ടു കുരിശടിലേക്കു തിരിഞ്ഞു പ്രാർത്ഥിച്ചു...
" എൻറെ അന്തോണീസു പുണ്യാളാ എന്നേം ഇതുപോലൊരു ന്യൂ ജനറേഷൻ ആക്കണേ... കൂട്ടത്തിൽ പുറം മോടിക്കണ്ടു ആൾക്കാരെ വിലയിരുത്തുന്ന എൻറെ ഈ കൊനഷ്ട് സ്വഭാവോം മാറ്റിത്തരണേ""........
....... അനു അഞ്ചാനി..

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo