Slider

ആളുമ്മ ഡോളുമാ

0
Image may contain: 1 person, selfie and closeup

കൈയിലും കഴുത്തിലും ചരടിൽ കോർത്തിട്ടിരിക്കുന്ന മുത്തുകൾ കണ്ടിട്ടാവണം അവളെന്റെ അരികിലേയ്ക്കുവന്നത് . കൈയിൽ മുത്തുമാലകളുടെ ഒരു വലിയ ശേഖരവും താങ്ങി പിടിച്ചു കൊണ്ട്.
ചെവിയിൽ, " ആളുമ്മ ഡോളുമാ " തകർക്കുന്നതുകൊണ്ട് ആദ്യമവളെന്റെ ശ്രദ്ധയിൽ പെട്ടതേയില്ല.
 കാലിലൊന്നു തൊട്ട്, മുത്തുമാലകൾ ഒന്നു കുലുക്കി കാണിച്ചപ്പോളാണ് ശരിക്കും അവളെന്റെ കണ്ണിലുടക്കിയത്.
നന്നേ മെലിഞ്ഞു വെളുത്ത ഒരു പെൺകുട്ടി ഏറിയാൽ ഒരു പതിനഞ്ചു വയസ്സ് തോന്നിക്കും. ഒരുപാട് നീളം ഇല്ലാത്ത ചുരുണ്ട മുടി ഭംഗിയായി പിന്നി ഇട്ടിരിക്കുന്നു. അതിനു അലങ്കാരമെന്നവണ്ണം ഒരു മുഴം മുല്ലപ്പൂവ് ചുറ്റിവച്ചിട്ടും ഉണ്ട്. പഴകി നരച്ചതെങ്കിലും വൃത്തിയുള്ള ഒരു വയലറ്റ് നിറമുള്ള ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നെ,
കുറച്ചു നേരം മാലകളിൽ തൊട്ടും തലോടിയും ഞാൻ ഇരുന്നു.. മുത്തുമാലകളോട് പണ്ടേ എനിക്ക്‌ വല്യ ഭ്രമം ഇല്ല. അനിയത്തികുട്ടിയ്ക്കും അങ്ങനെ തന്നെ. അതു കൊണ്ട് മേടിച്ചു വെറുതെ പൈസ കളയാമെന്നു മാത്രം. വേണ്ട എന്ന് നിഷേധാർത്ഥത്തിൽ തലയാട്ടികൊണ്ട് സീറ്റിൽ നിന്നും ഞാൻ എഴുന്നേറ്റു.
ട്രെയിൻ ഇപ്പോൾ സേലം സ്റ്റേഷനിൽ ആണ്. അവിടെയിറങ്ങി ചെറിയൊരു പാക്കറ്റ് ലേയ്സും ഒരു ബോട്ടിൽ തണുത്ത വെള്ളവും വാങ്ങി തിരിച്ചു കംപാർട്മെന്റിൽ കയറുമ്പോഴും എൻറെ സീറ്റിനോട് ചേർന്നു അവൾ നില്പുണ്ടായിരുന്നു. .
നിറമുള്ള ഒരുപാട് മുത്തുകൾ കൊണ്ട് കോർത്തെടുത്ത മാലകളുടെ ഭംഗിയില്ല, അവളുടെ ജീവിതത്തിനു എന്ന് ആ ദൈന്യത മുഖം എന്നോട് പറയുന്നത് പോലെ എനിക്ക്‌ തോന്നി.
കളിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തിൽ ഒരു നേരത്തെ അന്നത്തിനായി കഷ്ടപെടുന്നതിന്റെ, കടലിരമ്പുന്ന സങ്കടം ആ കണ്ണുകളിൽ ഞാൻ കണ്ടു.
അച്ഛാച്ഛയുടെ കൈയിൽ നിന്നും പോക്കറ്റ് മണിയും വാങ്ങി ആർത്തുല്ലസിച്ചു, അല്ലലേതും അറിയാതെ പാറിനടന്ന എൻറെ കൗമാരക്കാലമാണ് മനസ്സിലേയ്ക്ക് ഓടിയെത്തിയത്..
ഒടുവിൽ, അവൾ പറഞ്ഞ വിലയ്ക്ക്, എനിക്ക് ഇഷ്ടപ്പെട്ട രണ്ടു മുത്തുമാലകൾ തിരഞ്ഞെടുത്തിട്ടു. അവ രണ്ടും ആ കൈകളിൽ തന്നെ വച്ചു കൊടുത്തപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി...എൻറെ മനസ്സ് നിറച്ചു,
അടുത്ത സ്റ്റേഷനിൽ യാത്ര പറഞ്ഞു അവൾ ഇറങ്ങുമ്പോൾ ഒപ്പം എൻറെ പ്രാർത്ഥനയും ഉണ്ടായിരുന്നു അവൾക്കു കൂട്ടായി...
അനുഅഞ്ചാനീ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo